ഇപ്പോൾ എനിക്കു എന്റെ ഭർത്താവ്, മോൾ അതിനപ്പുറത്തേക്ക് ഒരു ചിന്ത വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അവരെ അത്ര സ്നേഹിക്കുന്നു.

നഷ്ടപ്പെട്ട മൂക്കുത്തി
(രചന: Medhini Krishnan)

ഇന്നലെ എന്റെ മൂക്കുത്തി കളഞ്ഞു പോയി. ചുവന്ന കല്ല് വച്ച മൂക്കുത്തി.. എല്ലായിടത്തും തിരഞ്ഞു. ഇനി തിരയാൻ ഒരിടവും ബാക്കിയില്ല. സങ്കടമോ ദേഷ്യമോ…? ഞാൻ കുറേ കരഞ്ഞു. എന്റെ ഒഴിഞ്ഞ മൂക്ക്.

അതെന്നിൽ വല്ലാത്തൊരു മുറിവുണ്ടാക്കി. ഒരു നഷ്ടപ്രണയത്തിന്റെ മുറിവ്. അതിൽ എപ്പോഴും ചോ ര യുടെ നനവുണ്ടെന്നു തോന്നി.

ഈ അടുത്ത കാലത്താണ് മൂക്ക് കുത്തിയത്. കഴിഞ്ഞ ലീവിന് നാട്ടിൽ പോയ സമയത്ത്. മോൾക്ക് കമ്മൽ എടുക്കാൻ ജ്വല്ലറിയിൽ പോയപ്പോഴാണ് നിരഞ്ജനെ വീണ്ടും കാണുന്നത്.

ആ നിമിഷത്തിലാണ് എനിക്കു മനസ്സിലായത്‌. ഞാൻ അമ്മ, ഭാര്യ എന്ന പദങ്ങൾക്കെല്ലാം ഉപരി ഒരു സാധരണ പെണ്ണാണ് എന്ന്..

കാലത്തിനെയും, പ്രായത്തിനെയും, യാഥാർഥ്യങ്ങളെയും മറയ്ക്കാനുള്ള കഴിവ് പ്രണയമെന്ന വികാരത്തിനുണ്ടെന്നു ഞാൻ അതിശയത്തോടെ ഓർത്തു പോയി.

ഒരു നിമിഷം കൊണ്ട് മനസ്സു കാണിച്ചു തന്നത് പ്രണയത്തിന്റെ മനോഹരമായ ഓർമ്മകൾ.

അടർന്നു വീണ പൂക്കൾക്കിടയിലൂടെ നടന്നു നീങ്ങുന്ന കാൽപ്പാദങ്ങൾ. അതു ഞാനും, നിരഞ്ജനുമല്ലേ… കൈകൾ നെഞ്ചോട്‌ ചേർത്തു കണ്ണു നിറഞ്ഞു പറഞ്ഞിട്ടില്ലേ ഒരിക്കലും പിരിയരുതേ എന്ന്…

പതിനെട്ടു വയസ്സിന്റെ പക്വത ഇല്ലാത്ത പ്രണയമായിരുന്നോ അത്? പരസ്പരം കാണാതിരുന്നാൽ പിടയുന്ന മനസ്സുകൾ… കാണാതിരുന്നു. എത്രയോ വർഷങ്ങൾ… ഒന്നും സംഭിവിച്ചില്ല.

പ്രണയം എന്ന സ്വപ്നത്തിൽ നിന്നും വിവാഹം എന്ന യാഥാർഥ്യത്തിന്റെ ആഴം കണ്ടു പകച്ചു നിന്നു പോയി.

പിന്നെ പിരിയാം എന്ന വേദനയോടെയുള്ള തീരുമാനം. കാത്തിരിക്കണമെന്ന് അവൻ പറഞ്ഞില്ല.

കാത്തിരിക്കാമെന്നു ഞാനും പറഞ്ഞില്ല. വീട്ടിൽ എന്റെ വിവാഹത്തിന്റെ തീയ്യതി ഏകദേശം നിശ്ചയിച്ചിരുന്നു. പോരാടാനുള്ള ശക്തി ഇല്ലെന്നു മനസ്സിലായപ്പോൾ പിന്മാറി. വേദനയോടെ പിരിഞ്ഞു.

പിന്നെ ദാ ഇപ്പോഴാണ് കാണുന്നത്. നിരഞ്ജന് നല്ല മാറ്റം. തടി വച്ചിരിക്കുന്നു. കണ്ണടയും, നല്ല ഭംഗിയുള്ള താടിയും. പഴയ ആ പയ്യനിൽ നിന്നു ഒരുപാട് മാറ്റം..

പരസ്പരം വാക്കുകൾ കിട്ടാതെ വിഷമിച്ചു. കണ്ണുകളിൽ അറിയാതെ നനവ് പടരുന്നു. ഹൃദയത്തിന്റ താളത്തിനു വരെ മാറ്റം.

“സുഖമല്ലേ ഭദ്രക്ക് “? നിരഞ്ജൻ ചോദിച്ചു. ഞാൻ തലയാട്ടി. എനിക്കു തിരിച്ചു ചോദിക്കാൻ തോന്നിയില്ല.

എന്തിന്? ഒരു തലയാട്ടൽ, അല്ലെങ്കിൽ സുഖം എന്ന ഒരു വാക്ക്. കേൾക്കണ്ട. അയാൾ ഒരു ചുവന്ന മൂക്കുത്തി കൈയിൽ പിടിച്ചിരുന്നു.

“ഇത് നന്നായിരിക്കുന്നോ? “നാളെ ദിവ്യയുടെ പിറന്നാളാണ് .എന്റെ ഭാര്യയുടെ പേര് ദിവ്യാന്നാണ്.. അവൾക്കൊരു മൂക്കുത്തി വാങ്ങാൻ വന്നതാണ് .”

നിരഞ്ജൻ പറഞ്ഞപ്പോൾ എന്റെ ഉള്ളു പിടഞ്ഞു. കണ്ണാടിയിലെ എന്റെ പ്രതിരൂപത്തിലേക്ക് നോക്കി. മനസ്സു ഒരു പഴയ കാഴ്ച കാണിച്ചു തന്നു. പതിനെട്ടു വയസ്സുള്ള ഭദ്ര.

അവൾക്കരികിൽ നിരഞ്ജൻ. “നമ്മുടെ കല്യാണം കഴിഞ്ഞാൽ ഞാൻ നിനക്കു ആദ്യം സമ്മാനിക്കുക ഒരു മൂക്കുത്തി ആയിരിക്കും.

ചുവന്ന കല്ല് വച്ച മൂക്കുത്തി. നിന്റെ ഈ ഭംഗിയുള്ള മൂക്കിൽ അതിങ്ങനെ ചേർന്നു കിടക്കുന്നതു എനിക്കു കാണണം . അവന്റെ ചൂണ്ടുവിരൽ എന്റെ മൂക്കിൽ അമർന്നു.”

ഞാൻ അറിയാതെ എന്റെ കൈവിരൽ മൂക്കിൽ തൊട്ടു. ആരോ വിളിച്ചത് പോലെ തോന്നി. സെയിൽസ്മാൻ ബില്ലുമായി നിൽക്കുന്നു.

ഞാനിത് എവിടെയാണ്. വാകപ്പൂക്കൾ കൊഴിഞ്ഞു വീണ ആ ഇടവഴിയിൽ ഞാനും നിരഞ്ജനും..

ചുറ്റും ആളുകൾ ഉണ്ട്‌. നിരഞ്ജൻ എവിടെ? എന്നോട് എന്തൊക്കെയോ പറഞ്ഞിരുന്നോ? എനിക്കു എത്രയും പെട്ടെന്ന് അവിടുന്ന് പോകണമെന്ന് തോന്നി.

ബില്ല് അടച്ചു കമ്മൽ വാങ്ങി പുറത്തു കടന്നു. ഞാൻ നോക്കുമ്പോൾ നിരഞ്ജൻ എന്റെ തൊട്ട് അടുത്ത്.. “എത്ര വർഷം കൂടിയാ നമ്മൾ കാണുന്നെ.

എന്നിട്ട് ഭദ്ര എന്നോട് ഒന്നും പറയാതെ പോവാണോ? എനിക്കു സുഖമാണോ എന്നു കൂടി ചോദിച്ചില്ല. “നിരഞ്ജൻ പറഞ്ഞപ്പോൾ എനിക്കു വല്ലാത്ത പരിഭ്രമം ആണ് തോന്നിയത്.

എത്രയും പെട്ടെന്ന് അവിടുന്ന് രക്ഷപ്പെടാൻ തോന്നി. അയാളുടെ കണ്ണുകളിലെ ദയനീയത. എന്നിൽ നിന്നും എന്തോ തേടുന്ന പോലെ.

“എനിക്കറിയില്ല നിരഞ്ജൻ. സന്തോഷമാണോ സങ്കടമാണോ ഒന്നും അറിയുന്നില്ല. ഒന്നും പറയാൻ തോന്നുന്നില്ല. എനിക്കു വേഗം പോണം. “ഞാൻ പറഞ്ഞു.

“പൊയ്ക്കോളൂ. ഒരു പത്തു മിനിറ്റ് എനിക്കു വേണ്ടി.. ”

എനിക്കു പറ്റില്ലെന്ന് പറയാൻ തോന്നിയില്ല. ഞാൻ അയാളുടെ കൂടെ നടന്നു. ആളൊഴിഞ്ഞ വഴിത്താരയിലൂടെ..

“മോൾക്ക് ഞാൻ നിന്റെ പേരാണ് ഇട്ടിരിക്കുന്നേ.. ഭദ്ര..”

ഞാൻ നടുക്കത്തോടെ അയാളെ നോക്കി. ആ കണ്ണുകളിൽ ഇപ്പോഴും ഒരു നഷ്ട പ്രണയത്തിന്റെ ആർദ്രത തളം കെട്ടി നിൽക്കുന്നു.

“അതു വേണ്ടായിരുന്നു. എപ്പോഴും എന്റെ ഓർമ്മ വരില്ലേ. ” ഭദ്ര പറഞ്ഞു. അയാൾ മറുപടി പറഞ്ഞില്ല. ഞാനറിയുന്നു അയാൾ എന്നെ വല്ലാതെ സ്നേഹിച്ചിരുന്നുവെന്ന്.

ഞാനോ.. ഞാൻ ഓർക്കാറുണ്ടോ. വല്ലപ്പോഴും. അതു പിന്നെ മറക്കാൻ മനസ്സിനെ പഠിപ്പിച്ചു കൊണ്ടിരിക്കും. പാതി വഴി പിന്നിട്ട പ്രണയത്തിന്റെ നൊമ്പരം.

ഇവിടെ ഞാൻ പക്വത ഇല്ലാത്ത പതിനെട്ടുകാരിയാവുന്നുണ്ടോ? ഈ വഴികൾ പരിചിതമാണ്. ഒരുമിച്ചു നടന്ന വഴികളിൽ നിറയെ പൂക്കൾ ഉതിർന്നിരുന്നു. കാറ്റിന് മഞ്ഞിന്റെ തണുപ്പാണെന്ന് തോന്നും.

കണ്ണാടിയിൽ നോക്കിയാൽ കണ്ണിൽ എഴുതിയ കണ്മഷിക്കു കറുപ്പു കുറവാണെന്നു തോന്നും. നെറ്റിയിൽ തൊടുന്ന പൊട്ടിനു ചന്തം പോര.. അങ്ങനെ എന്തൊക്കെയോ..

“ഭദ്രേ നീ എവിടെയാണ് പോയി നില്കുന്നത് “മനസ്സു ചോദിക്കുന്നു.
എനിക്കു പോണം. എന്റെ കണ്ണുകൾ നിറഞ്ഞു. നിരഞ്ജൻ കയ്യിലിരുന്ന കവർ എന്റെ നേരെ നീട്ടി.

“ഇത് വാങ്ങണം. വേണ്ടാന്ന് പറയരുത്.”

അയാളുടെ സ്വരത്തിലെ ഇടർച്ച എന്നെ വേദനിപ്പിച്ചു. എനിക്കു വാങ്ങാതിരിക്കാൻ തോന്നിയില്ല. ഞാൻ അതു വാങ്ങി. മെല്ലെ പറഞ്ഞു.

“നിരഞ്ജൻ… എനിക്കു പഴയ ഭദ്രയാവാൻ കഴിയില്ല. അതു വേറെ ആരോ ആയിരുന്നു. ഇപ്പോൾ വെറുതെ പോലും ഇയാളോട് ഒന്നും ചോദിക്കാൻ പറ്റുന്നില്ല.

ഒരു പക്ഷേ അത്രക്ക് ഇഷ്ടപ്പെട്ടത് കൊണ്ടായിരിക്കും. ഇപ്പോൾ എനിക്കു എന്റെ ഭർത്താവ്, മോൾ അതിനപ്പുറത്തേക്ക് ഒരു ചിന്ത വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ഞാൻ അവരെ അത്ര സ്നേഹിക്കുന്നു. അവർ തിരിച്ചും..” നിരഞ്ജൻ തലയാട്ടി കൊണ്ടു പറഞ്ഞു. “ശരിയാണ്. എനിക്കും അങ്ങനെ തന്നെ. നീ ഇത് വാങ്ങിയല്ലോ.. എനിക്കു അതു മതി.

പിന്നെ ഞാൻ നിന്റെ ഫോൺ നമ്പർ ചോദിക്കുന്നില്ല. നമ്മുടെ സ്വസ്ഥമായ കുടുംബജീവിതത്തിലേക്ക് അങ്ങനെ ഒരു തുടക്കം വേണ്ട. ഇതു പോലെ ഒരു കണ്ടുമുട്ടൽ..

അപ്പോൾ ഒഴിഞ്ഞു മാറരുത്.. പിന്നെ ആ പഴയ പ്രണയത്തിന്റെ സുഖമുള്ള ഓർമ്മകളെ മായ്ചു കളയാൻ ഞാൻ എന്റെ മനസ്സിനെ പഠിപ്പിക്കാറില്ല.

ആ ഓർമ്മകൾ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. നിന്നെ ഓർക്കരുതെന്നു എന്നോട് വെറുതെ പോലും പറയരുത്..

“നമുക്ക് മടങ്ങാം..” നിരഞ്ജൻ പറഞ്ഞു. ഇടറിയ കാലടികളോടെ അയാൾ നടന്നകലുന്നത് ഞാൻ വേദനയോടെ നോക്കിനിന്നു. ഇനി എന്നു കാണും..

പരസ്പരം ചോദിച്ചില്ല. ഞങ്ങൾ വീണ്ടും പിരിഞ്ഞു. അന്ന് പിരിഞ്ഞു പോയപ്പോൾ മുറിയടച്ചിരുന്നു ഒരുപാട് കരഞ്ഞിരുന്നു. ഇന്നു എനിക്കു അങ്ങനെ കരയാൻ പറ്റോ?

എന്നാലും വല്ലാത്തൊരു നൊമ്പരമുണ്ട് ഉള്ളിൽ. അറിയാതെ ഞാൻ ആ കവർ നെഞ്ചോട്‌ ചേർത്തു പിടിച്ചിരുന്നു. ..

വീട്ടിലെത്തി കവർ തുറന്നു നോക്കി. അതിനുള്ളിൽ ഒരു മൂക്കുത്തി ആയിരുന്നു. ചുവന്ന കല്ല് പതിച്ച മൂക്കുത്തി..എന്റെ ഹൃദയം എന്തിനോ തേങ്ങുന്നു..

ഞാൻ കരയുകയാണോ, സന്തോഷം കൊണ്ട്.. നിരഞ്ജന്റെ അന്നത്തെ മോഹമായിരുന്നു തന്റെ മൂക്കിൽ അങ്ങനെയൊരു മൂക്കുത്തി. നിരഞ്ജന് മുക്കുത്തിയോടുള്ള ഭ്രമം. ഞാൻ എന്തു ചെയ്യണം.

എനിക്കു പരിഭ്രമം ഏറി. വേണമെങ്കിൽ അതു എവിടെയെങ്കിലും വലിച്ചെറിയാം.. ആർക്കെങ്കിലും കൊടുക്കാം. അല്ലെങ്കിൽ മൂക്ക് കുത്തി അതണിയണം.

ഒടുവിൽ ഒരു നിമിഷത്തിൽ ഞാൻ നഷ്ടപ്രണയത്തിന്റെ ആ മുദ്രയെ അണിയാൻ തീരുമാനിച്ചു.. വിനുവേട്ടനെ വിളിച്ചു. മൂക്ക് കുത്താൻ സമ്മതം ചോദിച്ചു.

എന്റെ ഭർത്താവിന്റെ സമ്മതം ഇല്ലാതെ ഞാൻ ഇന്നു വരെ ഒന്നും ചെയ്തിരുന്നില്ല. എന്റെ ഒരു സന്തോഷമായിരുന്നു അത്. എന്റെ ഇഷ്ടങ്ങൾക്കു എതിരു പറയാത്ത വിനുവേട്ടൻ അതിനും സമ്മതിച്ചു.

മൂക്ക് കുത്തി മുക്കുത്തിയിട്ടു. എന്റെ ഭംഗി കൂടിയെന്ന് എല്ലാവരും പറഞ്ഞു. കാണാൻ ആഗ്രഹിച്ച ആൾ മാത്രം കണ്ടില്ല. പക്ഷേ എന്തോ… എനിക്കറിയില്ല…

അന്ന് മുതൽ എനിക്കെന്തോ മാറ്റം വന്നു. പക്വത ഇല്ലാത്ത പതിനെട്ടുകാരി പെൺകുട്ടിയുടെ പ്രണയഭാവം. അഴിച്ചെറിഞ്ഞ മുഖംമൂടി വീണ്ടും എടുത്തു മുഖത്തോടു ചേർത്ത പോലെ.

നാട്ടിൽ നിന്നു തിരിച്ചു ബാംഗ്ലൂരിൽ എത്തിയിട്ടും ആ മുഖംമൂടി എന്നിൽ പറ്റിയിരുന്നു.. ഏതോ സ്വപ്നലോകത്തു നടക്കുന്ന പോലെ.. വാക്കുകളിൽ, പ്രവൃത്തികളിൽ അതനുഭവപ്പെട്ടു.

“നിനക്കെന്താ വല്ല ബാധ കൂടിയോ?” വിനുവേട്ടൻ തമാശക്ക് ചോദിച്ചതാണെങ്കിലും അതെന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. എനിക്കെന്തോ പറ്റിയിരിക്കുന്നു.

ഞാൻ കാരണമില്ലാതെ കരയുന്നു.. ചിരിക്കുന്നു.. വെറുതെ സ്വപ്‌നങ്ങൾ കാണുന്നു.. വെളുത്ത പവിഴമല്ലിപ്പൂക്കൾ നിലത്തു കുടഞ്ഞിട്ടു അതിന്മേൽ വെറുതെ നടന്നു.

കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ കണ്ണുകളിൽ സ്വപ്‌നങ്ങൾ നിറഞ്ഞു നിൽക്കുന്നത് പോലെ. ചുണ്ടുകളുടെ ചുവപ്പു ഏറിയിരിക്കുന്നു. ഇത് ആ ഭദ്രയല്ലേ.. നിരഞ്ജൻ പ്രണയിച്ചിരുന്ന ഭദ്ര..

മുറിയിൽ വാകപ്പൂക്കളുടെ ഗന്ധം. പഴകിയ ഒരു പുസ്തകതാളിൽ കുറിച്ച് വച്ചൊരു പേര്..ഞാൻ വീണ്ടും ചൂണ്ടു വിരൽ കൊണ്ടു അത് എഴുതാൻ ശ്രമിക്കുന്നു.

ഏതോ ഒരു സ്വപ്നം എന്നിലേക്ക്‌ വഴി തെറ്റി വരുന്നു. വിരിഞ്ഞു നിൽക്കുന്ന പനിനീർപ്പൂക്കളുടെ ചുവപ്പിൽ പതിവില്ലാതെ എന്തോ ഒന്ന് ഞാൻ കാണുകയാണ്..

എനിക്കു എന്നെ നഷ്ടപ്പെടുന്നു. അവിടെ നിരഞ്ജനരികിൽ ഞാൻ എന്നെ ഉപേക്ഷിച്ചു പോന്നുവോ.. നിരഞ്ജൻ… നിന്നെ ഞാൻ കാണാൻ പാടില്ലായിരുന്നു.. ഞാൻ വേദനിക്കുന്നു. കരയുന്നു.

എനിക്കു ബാധ കയറിയോ? ഒരു നഷ്ടപ്രണയത്തിന്റെ ഒഴിയാബാധ. ആ ബാധ ഒരു മൂക്കുത്തിയായി എന്റെ ഹൃദയത്തിലാണ് പറ്റിയിരിക്കുന്നത്.

ആ മൂക്കുത്തിയാണ് എനിക്കിന്നലെ നഷ്ടമായത്. എന്തു കൊണ്ടോ ആ നഷ്ടം എന്നെ വല്ലാതെ വേദനിപ്പിച്ചു. വിനുവേട്ടനും മോളും പരിചയമില്ലാത്ത ഒരു ഭദ്രയെ കണ്ടു പകച്ചു.

“ഒരു മൂക്കുത്തി പോയതിനു നീ എന്തിനിങ്ങനെ വിഷമിക്കുന്നു ഭദ്രേ..”
വിനുവേട്ടൻ ചോദിച്ചപ്പോൾ
എനിക്കു വല്ലാത്ത കുറ്റബോധം തോന്നി.

അന്ന് വൈകുന്നേരം വിനുവേട്ടൻ എനിക്കൊരു സമ്മാനമായിട്ടാണ് വന്നത്‌. ഒരു ചുവന്ന മൂക്കുത്തി.

എന്റെ കണ്ണുകൾ നിറഞ്ഞു. വിനുവേട്ടൻ
തന്നെ മൂക്കുത്തി എന്റെ മൂക്കിൽ ഇട്ടു തന്നു.

ഞാൻ കണ്ണാടി നോക്കി. ആ മൂക്കുത്തിയിൽ ഞാൻ എന്റെ താലിയുടെയും കുങ്കുമത്തിന്റെയും നിഴല്പാട് കണ്ടു. എന്റെ മുഖത്തിനു വല്ലാത്ത തിളക്കം.

എന്റെ കണ്ണുകളിൽ വിനുവേട്ടൻ തളം കെട്ടിനിന്നിരുന്നു. എന്റെ ബാധ… ഒരു നഷ്ടപ്രണയത്തിന്റെ മുദ്രയെ ഓർമ്മിപ്പിച്ചുകൊണ്ട് ഒരു മൂക്കുത്തി ഇരുളിൽ എവിടെയോ മറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *