ഇങ്ങനെയുള്ള ഈ യാത്രയിൽ ഡാനിയുടെ ലക്ഷ്യം തന്നെ എന്റെ ശരീരമാണെന്നു താൻ പറയാതെത്തന്നെ തന്റെ മുഖത്തുന്നു വായിച്ചെടുക്കാമല്ലോ.. പിന്നെയെന്തിനാ ഞാൻ ഡാനിയെ വിശ്വസിക്കണ്ടേ..?

(രചന: Mejo Mathew Thom)

“അനു…. നമുക്കൊരുമിച്ചൊരു ട്രിപ്പുപോയാലോ മൂന്നാറോ വായനാടോ മറ്റോ … ”

കലാലയ മുറ്റത്തിന്റെ കോണിലെ മാവിൻചുവട്ടിലിരുന്ന പ്രണയ നിമിഷങ്ങളിൽ അവൻ അവളോട് പറഞ്ഞു

“കഴിഞ്ഞ മാസമല്ലേ നമ്മളോരുമിച്ചു കോളേജ് ടൂർ ന് പോയത്… ?ഇനിയുമെന്തിനാ വേറൊരു ട്രിപ്പ്?” അവൾ ചെറിയ സംശയ ഭാവത്തിൽ അവനോടു ചോദിച്ചു

“അത് കോളേജ് ടൂർ… ഇത് നമ്മളു രണ്ടുപേർ മാത്രമായ് രണ്ടോ മൂന്നോ ദിവസത്തേയ്ക്ക്… ഹോസ്റ്റലിന്ന് വീട്ടിൽ പോകാനെന്നു പറഞ്ഞിറങ്ങിയാൽ മതി..

മൂന്നാറാണെങ്കിൽ എന്റെയൊരു കൂട്ടുകാരന്റെ റിസോർട്ടുണ്ട് നമുക്കവിടെ താമസിയ്ക്കാം ആരുമറിയുകയുമില്ല.. ”
അവളുടെ കൈവിരലുകൾ തഴുകികൊണ്ട് അവൻ പറഞ്ഞു.

“അങ്ങനെയുള്ള യാത്രകളൊക്കെ വിവാഹ ശേഷം പോകാനുള്ളതല്ലേ.. അതല്ലേ ശരി..നമ്മള് തമ്മിലിപ്പോൾ ഏഴെട്ടു മാസത്തിന്റെയടുപ്പമല്ലേയുള്ളു..”

അവന്റെ തലോടലിൽ നിന്നു കൈവിരലുകൾ പിൻവലിച്ചു കൊണ്ടവൾ പറഞ്ഞു…

“അതെന്താ..അനുവിനെന്നെ വിശ്വാസമില്ലേ..?”

ചോദ്യത്തോടൊപ്പം അവന്റെ മുഖവും അലപം മങ്ങി

“എന്തിലുള്ള വിശ്വാസമാ… ഇങ്ങനെയുള്ള ഈ യാത്രയിൽ ഡാനിയുടെ ലക്ഷ്യം തന്നെ എന്റെ ശരീരമാണെന്നു താൻ പറയാതെത്തന്നെ തന്റെ മുഖത്തുന്നു വായിച്ചെടുക്കാമല്ലോ..

പിന്നെയെന്തിനാ ഞാൻ ഡാനിയെ വിശ്വസിക്കണ്ടേ..? കാര്യം കഴിഞ്ഞശേഷം ഉപേക്ഷിക്കില്ലെന്നോ..?”

അവന്റെ കണ്ണുകളിൽത്തന്നെ സൂക്ഷിച്ചു നോക്കി കൊണ്ടു അവൾ പറഞ്ഞു നിറുത്തി

“താനെന്താ അനു ഇങ്ങനോക്കെപറയുന്നെ.. അങ്ങനെയാണോ താനെന്നെ കണ്ടിരിക്കുന്നെ… ഇതത്ര വലിയ തെറ്റാണോ..

എന്തായാലും വിവാഹിതരാകുവാനുള്ളതല്ലേ നമ്മൾ..?” അവൻ ന്യായികരണരീതിയിൽ പറഞ്ഞു

“ഡാനിയ്ക്കു ഇതൊരു തെറ്റായി തോന്നില്ലായിരിക്കാം കരണം ഡാനിക്ക് നഷ്ടപ്പെടാനൊന്നുമില്ലായിരിയ്ക്കം പക്ഷെ എനിക്കോ ഒരു പെണ്ണിന്റെ ഏറ്റവും വിലപെട്ടതാ നഷ്ടപെടുന്നേ…

അല്പനേരത്തെ സുഖത്തിനു വേണ്ടി അല്ലെങ്കിൽ ചില പാവങ്ങൾ പ്രണയിക്കുന്നവനോടുള്ള വിശ്വാസത്തിന്റെ പേരിൽ പല പെൺകുട്ടികളും ഇതിനൊക്കെ സമ്മതിയ്ക്കുന്നുണ്ടാകും… പക്ഷെ എന്നെയതിനുകിട്ടില്ല…

പിന്നെ ഭാവിയിലെ വിവാഹം അതൊക്കെ നമ്മുടെ തീരുമാനം മാത്രമല്ലലോ ഡാനി….

അതുകൊണ്ട് ഇങ്ങനെയൊരു മോഹം ഉള്ളിവച്ചിട്ടാണ് ഈ ബന്ധമെങ്കിൽ നമുക്കിതിവിടെ അവസാനിപ്പിയ്ക്കാം..”

അവൾ ബാഗെടുത്തു തോളത്തിട്ടു കൊണ്ടെഴുനേറ്റു കൊണ്ട് ഉറച്ച സ്വരത്തിൽ പറഞ്ഞു..എങ്കിലും അവളുടെ മിഴിക്കോണുകളിൽ അൽപം നനവ് പടർന്നു..

അവളുടെ മറുപടിയിൽ അവന്റെ മുഖത്തേയ്ക്കു നിരാശയിലുരുവായ ദേഷ്യം ഇരച്ചുകയറി അവന്റെ സ്വരത്തിലും അത് പ്രതിഫലിച്ചു..

“അതേടി അതിനുവേണ്ടിത്തന്നെയാ നിന്നോടടുത്തതും.. അല്ലാതെ എനിക്കുനിന്നോടു പരിശുദ്ധ പ്രണയമൊന്നുമല്ല…ഈ ഡാനി തരകൻ ഒരു പെണ്ണിനെ ആഗ്രഹിച്ചാൽ അവളെ അനുഭവിച്ച ചരിത്രമെയുള്ളു…

കാശുകൊണ്ട് നിന്നെ നേടാനാവില്ലയെന്നറിഞ്ഞതു കൊണ്ടു തന്നെയാ ഈ പ്രണയത്തിന്റെ കെണി വച്ചതു..അതിൽ നീ വീണു ” അവൻ പുച്ഛഭാവത്തിൽ പറഞ്ഞു നിറുത്തി

“കെണിയിൽ വീണു എന്നത് ശരി പക്ഷെ നിന്റെ മോഹം എന്നിൽ നടക്കില്ല…നിന്റെ ചരിത്രം ഒന്ന് വഴിമാറട്ടെ..” അവളും വിട്ടു കൊടുത്തില്ല

“നടക്കും മോളേ…നടത്താൻ ഈ ഡാനിയ്ക്കറിയാം..നീ ഇതൊക്കെയൊന്ന് കണ്ടുനോക്ക്…”

എന്നും പറഞ്ഞവൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് ഒരു ഫോൾഡർ ഓപ്പൺ ചെയ്തു കുറച്ചു ഫോട്ടോസ് അവളെ കാണിച്ചു… ടൂർ നിടയിൽ അവൾ വസ്ത്രം മാറുന്ന ഫോട്ടോയായിരുന്നു അതൊക്കെ…

“ഇപ്പോൾ മനസിലായില്ലേ നിനക്ക് ഡാനിയുടെ കൈയിൽ നിന്നു നിനക്ക് രക്ഷപെടാനാവില്ലന്നു..നിങ്ങളുടെ ഇടയിലുള്ള ഒരുത്തി എടുത്തുതന്ന ഫോട്ടോസ് ആണിത് ”

അവൻ അവളുടെ മുഖത്തുനോക്കി വിജയ ഭാവത്തിൽ പറഞ്ഞുകൊണ്ട് ഫോൺ പോക്കറ്റിലേക്കുതന്നെ തിരിച്ചിട്ടു…

കുറച്ചുനേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല… അവളുടെ മുഖത്തു ഏതൊക്കെയാ ദൃഢഭാവങ്ങൾ മിന്നിമാഞ്ഞു..

“ഇവിടെയും നിനക്കുതെറ്റി ഡാനി…നിന്റെ കയ്യിലുള്ള ഫോട്ടോക്കൊണ്ടു എന്നെ ഒന്നും ചെയ്യാൻ പറ്റില്ല…

ഒരു പെണ്ണ് കുളിക്കുന്നതോ തുണിമാറുന്നതോ മറഞ്ഞിരുന്നെടുത്ത ഒരുഫോട്ടോ കണ്ട് പെണ്ണിനെ വിലയിരുത്തുന്നവന്മാർ നിന്നെപ്പോലെ സ്വഭാവ വൈകൃതങ്ങളുള്ള ആൺ ശരീരം മാത്രവുള്ളവന്മാരാ…

അല്ലാത്ത പെൺമനസുമനസിലാക്കുന്ന ചങ്കുറപ്പുള്ള ആണായ്‌ പിറന്നവന്മാർ ഇഷ്ടം പോലുണ്ട് ഈ നാട്ടിൽ…

പിന്നെ ഇത് സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുമെന്നാണ് നിന്റെ ഭീഷണിയെങ്കിൽ അത് നീതന്നെ നിനക്ക് കുഴിതോണ്ടുന്ന പോലാകും…

കരണം നിയാണിത് ചെയ്തതെന്ന് എനിക്ക് നിഷ്പ്രയാസം തെളിയിക്കാനാകും..

പണവും സ്വാധീനവും കൊണ്ട് നിയമത്തിൽ നിന്ന് നീ രക്ഷപ്പെട്ടാലും നീ ഉപയോഗിച്ച മാധ്യമത്തിലൂടെത്തന്നെ നിന്നെ ഞാനും നാണം കെടുത്തും…. ”

“ഡീ…പുന്നാരമോളെ നിന്നെ ഞാൻ..”
അവൾ പറഞ്ഞു തീർക്കും മുമ്പ് അവൻ ദേഷ്യം കൊണ്ടലറി….പക്ഷെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവൾ തുടർന്നു

“ഓചവച്ചു ആളെകൂട്ടണ്ട അവരുടെ മുന്നിലും നീ നാണം കെടും ഇത് കോളേജാണ്….

ഇനി ബലം പ്രയോഗിച്ചു നിന്റെ മോഹം സാധിയ്ക്കാനാണ് ഉദ്ദേശിക്കുന്നെങ്കിൽ പിന്നെ എന്റെ ആത്മാവായിരിക്കും നിന്നോട് പ്രതികാരം ചെയ്യുന്നത്… ഓർത്തോ….”

ചൂണ്ടുവിരൽ അവന്റെ നിരക്കുനീട്ടി തീപാറുന്നമിഴികളാൽ അവനെ നോക്കിക്കൊണ്ടു പറഞ്ഞതീർത്ത ശേഷം അവൾ നടന്നു

“അനൂ…”

പിന്നിൽ നിന്നുള്ള അവന്റെവിളിയിൽ ഭയം പ്രതിഫലിച്ചു..അവന്റെ വിളികേട്ടു ഒന്ന് തിരിഞ്ഞു നിന്നു

“ഇനി നീയെന്നെ അങ്ങനെ വിളിക്കരുത്… അങ്ങനെ എന്നെ സ്നേഹിക്കുന്നവർ വിളിക്കുന്നതാ… നിനക്കു വേണമെങ്കിൽ അനുപമ… അനുപമ ചാക്കോച്ചി.. എന്നുവിളിക്കാം ”

എന്നും പറഞ്ഞു അവന്റെ മറുപടിയ്ക്കു കാത്തു നിൽക്കാതെ അവൾ തിരിച്ചു നടന്നു ഉയർത്തിപ്പിടിച്ച ശിരസുമായ്…….

Leave a Reply

Your email address will not be published. Required fields are marked *