കൊ ലപാതകത്തിന് മുൻപുള്ള മാനസാന്തരം
(രചന: Mejo Mathew Thom)
“അനന്ദേട്ടാ…. നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റി….. ഞാൻ പ്രെഗ്നന്റ് ആണ്…….”
ലാപ്ടോപ്പിൽ എന്തോ നോക്കി കൊണ്ടിരുന്ന അവനോട് പറയുമ്പോൾ നന്ദനയുടെ സ്വരം പതറിയിരുന്നു..
ഒപ്പം കൈയിലിരുന്ന പ്രഗ്‌നൻസി ടെസ്റ്റർ ചെറുതായി വിറച്ചിരുന്നു….
“എന്താ…എന്താ നീ പറഞ്ഞെ….?”
കേട്ടതിന്റെ ഞെട്ടലിൽ ഒന്നും മനസിലാകാതെ ലാപ്ടോപ് കട്ടിലിലേക്കിട്ടു ചാടിയെഴുനേറ്റു കൊണ്ടു അവൻ ചോദിച്ചു..
പക്ഷെ മറുപടിയൊന്നും പറയാതെ കയ്യിലിരുന്ന പ്രഗ്‌നൻസി ടെസ്റ്റർ അവൾ അവന്റെ നേർക്ക് നീട്ടിയ ശേഷം ചിന്തകളാൽ കലുഷിതമായ ശിരസ്സിനു കൈത്താങ്ങു കൊടുത്തു കൊണ്ട് കട്ടിലിലേയ്ക്കിരുന്നു…
“നന്ദനാ…ഇതെങ്ങനെ സംഭവിച്ചു നമ്മൾ എല്ലാ മുൻകരുതലുകളും എടുത്തതല്ലേ… നമുക്ക് ഒന്ന് ഹോസ്പിറ്റലിൽ പോയി ടെസ്റ്റ് ചെയ്തു നോക്കിയാലോ…?”
കയ്യിലുരുന്ന പ്രെഗനൻസി ടെസ്റ്ററിന്റെ ചുവന്ന വരകളിലേക്കു നോക്കിയുള്ള അവന്റെ ചോദ്യത്തിൽ നിസ്സഹായതയും നിരാശയും നിറഞ്ഞിരുന്നു…
“അതിന്റെ ആവശ്യം ഇല്ല…രണ്ടുദിവസം മുൻപേ എനിക്ക് സംശയം ഉണ്ടായിരുന്നു പിരീഡ്‌സ് ആകത്തതുകൊണ്ട്…രാവിലെ ടെസ്റ്റ് ചെയ്തപ്പോൾ കൺഫോം ആയി…”
ഉറച്ച സ്വരത്തിലാണ് അവൾ പറഞ്ഞത്… അതുകേട്ട് അവന്റെ മുഖത്തു നിരാശയോടൊപ്പം ദേഷ്യവും നിഴലിച്ചു…
“ഛെ…കല്യാണം കഴിഞ്ഞു ആറുമാസം കഴിഞ്ഞല്ലേയുള്ളു…ഒന്ന് ആഘോഷിച്ചു തുടങ്ങിയല്ലേയുള്ളു…അപ്പോഴേയ്ക്കും…ഇനി എത്രനാള് കഴിയണം….”
അവന്റെ സ്വരത്തിലുമുണ്ടായിരുന്നു ആ ദേഷ്യം
“അനന്ദേട്ടാ…പ്ലീസ്…ഒന്ന് നിറുത്താമോ…”
അവൻ പറഞ്ഞുതീർക്കും മുൻപ് അസ്വസ്ഥതയോടെ ഇടയ്ക്കുകയറി പറഞ്ഞു….
“നന്ദൂ…”
അവൻ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അവൾ കട്ടിലിൽ നിന്നെഴുനേറ്റുകൊണ്ട് പറഞ്ഞു തുടങ്ങിയിരുന്നു
“നിങ്ങൾക്ക് ..എപ്പോഴും ആഘോഷവും സുഖവുമൊക്കെ മതി..അതിന് ഇതുവരെ ഒരു മുടക്കവും വരുത്തിയിട്ടില്ലലോ…നി ആഗ്രഹിക്കും പോലെയൊക്കെ ഞാൻ നിനക്ക് തന്നിട്ടില്ലേ…
എന്നിട്ടും ചിലദിവസങ്ങളിൽ ഞാൻ വേണ്ടാന്ന് പറഞ്ഞപ്പോൾ…നീ മുൻകരുതലുകൾ സ്വീകരിച്ചു നിന്റെ ആഗ്രഹം നടത്തി…
അതിന്റെ ഫലമായിത്… വാ… ഇപ്പോഴും നമുക്കാഘോഷിയ്ക്കാം..നിന്റെ ആഗ്രഹങ്ങൾക്ക് മുടക്കം വരുത്തണ്ട ഞാൻ കിടന്ന് തരാം…”
പറഞ്ഞു നിറുത്തുമ്പോഴേയ്ക്കും അവളുടെ തുടക്കത്തിലുണ്ടായിരുന്ന പതിഞ്ഞ സ്വരം ഒരു ഭ്രാന്തിയുടെ അലർച്ചപോലെ മാറിയിരുന്നു…
“നന്ദനാ…നിനക്കെന്താ ഭ്രാന്തുപിടിച്ചോ…?”
അവളുടെ ഭാവമാറ്റം കണ്ട് അവൻ അവളുടെ അടുത്തു ചെന്നു ഇരു ചുമലിലും പിടിച്ചു കൊണ്ടാണ് ചോദിച്ചത്… അപ്പോഴും അവൾ കിതയ്ക്കുന്നുണ്ടായിരുന്നു
“അതെ എനിക്ക് ഭ്രാന്തു പിടിക്കും… എത്ര കഷ്ട്ടപെട്ടിട്ടാണെന്നറിയുമോ എന്റെ പ്രൊഫഷനിൽ ഞാൻ ഇവിടംവരെ എത്തിയത്…
അടുത്ത കമ്പനിമീറ്റിങ്ങ് കഴിഞ്ഞാൽ ഞാനാണ് കേരളാസെക്ടർ മാനേജർ…
ഇത്രയും നല്ല അവസരം ഗർഭം… പ്രസവം എന്നൊക്കെപറഞ്ഞു നശിപ്പിക്കാൻ എനിക്കുവയ്യ… എന്റെ ഭാഗത്തൊരു താഴ്ചയുണ്ടാകാൻ കാത്തുനിൽക്കുവാ കമ്പനിയിലെ ചിലർ…എന്നെ ചവുട്ടിത്താഴ്ത്താൻ..”
പറഞ്ഞു നിറുത്തിയപ്പോഴേയ്ക്കും ഒരു കിതപ്പോടെ അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു…
അൽപ്പനേരം അവർക്കിടയിൽ മൗനം കളിയാടി.. ഇടയ്ക്കുയരുന്ന അവളുടെ തേങ്ങലുകൾ മാത്രം…
“നമുക്ക് ഈ കുഞ്ഞുവേണ്ട….”
അവർക്കിടയിലെ മൗനം അവസാനിപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു…അതുകേട്ട് ഒരു ഞെട്ടലോടെ അവൾ അവന്റെ മാറിൽനിന്നടർന്നു മാറി…..
പക്ഷെ അവൾ മറുത്തൊന്നും പറഞ്ഞില്ല കരണം അവളുടെ മനസിലും അങ്ങനൊരു ആഗ്രഹം ഉണ്ടായിരുന്നു…
“പക്ഷെ വീട്ടുകാരോമറ്റോ അറിഞ്ഞാൽ…..”
ഒട്ടും കുറ്റബോധമില്ലാതെയാണ് അവൾ ചോദിച്ചത്…
“ആരും അറിയില്ല…ബാംഗ്ലൂർ എന്റെ ഒരു ഫ്രെണ്ട് ഉണ്ട് കൂടെ പഠിച്ചതാ അവന്റെ പരിചയത്തിൽ അവിടെ ഏതെങ്കിലും ഡോക്ടറെ കണ്ട് നമുക്കിത് അബോർട്ടുചെയ്യാം…
കുറച്ചുദിവസത്തെ ഒരു ടൂർ പോകുവാണെന്ന് പറഞ്ഞാമതി എല്ലാരോടും ”
അവൻ അവളെ തന്നിലേക്ക് ചേർത്തു നിറുത്തി പറയുമ്പോൾ അവന്റെ കണ്ണുകൾ ആരാച്ചാരുടെയെന്നപോൽ ചുവന്നിരുന്നു….
ഒട്ടും സുഖകരമല്ലാത്ത ചിന്തകളാൽ അവരുടെ അന്നത്തെപകൽ എരിഞ്ഞുതീർന്നു…..
അൽപം വൈകിയാണെങ്കിലും നിദ്രാദേവത അവരെ കടാക്ഷിച്ചു…. അവളുടെ മനസിലെ ചിന്തകൾ ഉറക്കത്തിലെ അബോധാവസ്ഥയിൽ അവളിൽ ഒരു സ്വപ്നത്തിനു രൂപം കൊടുത്തു
ഏതോ ഒരു മുറിയുടെ നടുവിലായി ഒരു കട്ടിലിൽ അവൾ വെള്ളത്തുണി പുതച്ചു കിടക്കുന്നു… മുറിയിൽ മറ്റാരുമില്ല… പെട്ടന്നാണ് മുറിയുടെ ഒരു കോണിൽനിന്നും
“അമ്മേ….അമ്മേ”
എന്നൊരു വിളി….അവൾ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി…
തൂവെള്ള വസ്ത്രം ധരിച്ച ഒരു കുഞ്ഞു മാലാഖ പുഞ്ചിരിതൂകി അവളുടെ അടുത്തേയ്ക്കു വരുന്നു…. മാലാഖ വന്ന് കട്ടിലിൽ അവൾക്കഭിമുഖമായി ഇരുന്നു…
പെട്ടന്ന് മാലാഖയുടെ മുഖത്തെ പുഞ്ചിരിമാഞ്ഞ് കണ്ണുകൾ നിറഞ്ഞൊഴുകാൻതുടങ്ങി… വിതുമ്പി കൊണ്ടു മാലാഖ പറഞ്ഞു തുടങ്ങി…
“എനിക്ക് സ്വപ്നത്തിൽ മാത്രമേ അമ്മേന്നു വിളിയ്ക്കാൻ പറ്റൂ കരണം ഭൂമിയിൽ പിറക്കാനുള്ള അവകാശം നിങ്ങൾ നിഷേധിച്ച അമ്മയുടെ ഉള്ളിലെ കുഞ്ഞാണ് ഞാൻ…
എനിക്കീ ഭൂമിയിൽ ആകെ അടുപ്പമുള്ള അമ്മപോലും എനിക്കുവേണ്ടി സംസാരിക്കാതെ എന്നെ കൊല്ലാനായി സമ്മതിയ്ക്കുന്നു… അതുകൊണ്ടാ ഞാൻ സ്വപ്നത്തിൽ വന്നത്…ഇനി ഒരിക്കലും വരൂല….ഞാൻ പോട്ടേ…”
എന്നും പറഞ്ഞ് മാലാഖ കട്ടിലിൽനിന്നെഴുനേറ്റു പോകാനൊരുങ്ങി… പെട്ടന്ന് തിരിഞ്ഞ് അവളുടെ മുഖത്തേയ്ക്കു നോക്കികൊണ്ട്
“അമ്മേ…..അമ്മയ്ക്ക് ഇനിയും വേറെ കുഞ്ഞുങ്ങൾ ഉണ്ടാകുമായിരിക്കും പക്ഷെ എനിക്ക് അമ്മയുടെ കുഞ്ഞായി ഭൂമിയിലേയ്ക്കുവരാൻ ഇനിയൊരു അവസരം കിട്ടില്ല….
എനിക്കുവേണ്ടി ദൈവത്തോട് സംസാരിക്കാനും ആരുമില്ല……”
എന്നുപറഞ്ഞു മാലാഖ എങ്ങോട്ടോ മറഞ്ഞു…പെട്ടന്ന് അവളുടെ മാറിടം ചുരന്നു…പക്ഷെ മുലപ്പാലിന് പകരം ചോരയാണ് ചുരന്നത്……
പെട്ടന്ന് അവൾ ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റു…പുതപ്പ് വലിച്ചു മാറ്റി മാറിൽ പരതി നോക്കി….ചുരിദാറിന്റെ ടോപ്പിൽ നനവ് പടർന്നിട്ടുണ്ടോ….
തന്റെ കൈകളിൽ ചോ രയുടെ മണമുണ്ടോ…… കണ്ടത് സ്വപ്നമോ യാഥാർത്യമോ എന്നറിയാതെയുള്ള അവസ്ഥയിൽ കണ്ടകാര്യത്തെ കുറിച്ചാലോചിച്ചു കട്ടിലിൽ തന്നെ ഇരുന്നു കുറേനേരം ….
അതുകഴിഞ്ഞു എന്തോ തീരുമാനിച്ചുറപ്പിച്ച് ഉറങ്ങിക്കിടന്ന ഭർത്താവിനെ വിളിച്ചെഴുനേൽപ്പിച്ചു പറഞ്ഞു……
“ഞാൻ ഒരു ലോങ്ങ് ലീവിന് അപേക്ഷിയ്ക്കാൻ പോകുവാ….എനിക്ക് എന്റെ ഉള്ളിൽ വളരുന്ന കുഞ്ഞാണ് വലുത് മറ്റെന്തിനേക്കാളും…അനന്തേട്ടൻ എന്നോട് ക്ഷമിക്കണം……”
ഇതുകേട്ട് ഒന്നും മനസിലാകാതെ ഉറക്കപിച്ചോടെ അയാൾ അവളെ തുറിച്ചു നോക്കി കൊണ്ടിരുന്നു..
അവൾ അയാളുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത ശേഷം ശാന്തമായ മനസോടെ എഴുനേറ്റു വാഷ്‌റൂമിലേക്ക് പോയി……