സാരി ഒരു ഭീകര ജീവിയാണ്
(രചന: Mejo Mathew Thom)
പ്രണയ വിവാഹമായിരുന്നിട്ടും പറഞ്ഞു കേട്ടുള്ള അറിവുകളെയും മാനിസിൽ കരുതിവച്ചിരുന്ന തീരുമാനങ്ങളെയും നോക്കു കുത്തികളാക്കി
നാണവും വിറയലും അരങ്ങുവാണ ആദ്യ രാത്രിയുടെ അനുഭൂതിയുടെ ആലസ്യത്തിൽ നിന്നു രാവിലെ തന്നെ ആദ്യത്തെ കുർബാനയ്ക്കുതന്നെ പള്ളിപോകണം എന്നും പറഞ്ഞു വിളിചെഴുനെല്പിച്ചു എന്റെ നായിക…
കുളിച്ചീറനായ് കൈയിലൊരുകപ്പ് കാപ്പിയുമായി പ്രണയാദ്രമായ് വിളിച്ചുണർത്തുന്ന നായികയായ് എഴുത്തുകളിൽ വർണ്ണിച്ചു കണ്ടിട്ടുള്ള ആദ്യപകലിന്റെ യാതൊരു വർണ്ണങ്ങളുമില്ലാതെ
ഞാൻ എഴുനേറ്റു ബാത്‌റൂമിൽ പോയി കുളിച്ചു ഫ്രഷായി വരുമ്പോഴുണ്ട് പാവാടയും ബ്ലൗസുമിട്ടു സാരിയും കൈയില്പിടിച്ചു ഉടുക്കാൻ തുടങ്ങി നിൽക്കുന്നു…
പ്രതീക്ഷകൾ മങ്ങിയ അദ്യ പകലിന്റെ മോഹങ്ങൾക്ക് എന്റെയുള്ളിൽ വീണ്ടും ചിറകുമുളച്ചു…
എനിക്കു പുറം തിരിഞ്ഞു നിന്നതിനാൽ
അവളുടെ പുറകിലൂടെച്ചെന്നു കെട്ടിപിടിച്ചു അവളുടെ കാതിൽ പതിയെ മൊഴിഞ്ഞു…
“നമുക്കിന്നു വൈകിട്ടത്തെ കുർബാനയ്ക്കുപോയാൽ പോരെ… ?
“പൊയ്‌ക്കോണമിവിടുന്നു… നിന്ന് കൊഞ്ചാതെ മര്യാദയ്ക്കു ഈ സാരിയുടുക്കനൊന്നു സഹായിക്കു മനുഷ്യാ… ”
കൈമുട്ടുകൊണ്ടു വയറിനിട്ടൊരു കുത്തും തന്നുകൊണ്ട്.. എന്റെ മോഹങ്ങളേ വേരോടെ പിഴുതെറിഞ്ഞവൾ പറഞ്ഞു…
ഇന്നലെവരെ ചേട്ടായി ഇച്ചായന്നൊക്കെ വിളിച്ചവളാ ഒറ്റരാത്രികൊണ്ട് ‘മനുഷ്യാ’ ന്നു മാറിയത്.. താലിയുടെയൊരു പവർ…
“നിയാ ചുരിദാറുങ്ങാനും എടുത്തിടടി… ” എന്നു പറഞ്ഞെതെയൊള്ളു കനപ്പിച്ചൊരു നോട്ടവും മറുപടിയും…
“കെട്ടിപിടിച്ചു കിടക്കൽ മാത്രമല്ല കെട്യോന്റെ പണി ഇതൊക്കെയതിൽ പെടുന്നതാ..”
പിന്നെയൊന്നുംപറയന്നിന്നില്ല.. സാരിയിടുത്തിട്ടു ശരിയാകാത്തതിന്റെ ദേഷ്യവു സങ്കടവും ഒരുമിച്ചു പ്രകടിപ്പിച്ച അവളെ സഹായിയ്ക്കാൻ തുടങ്ങി…
അപ്പഴാണ് പുറത്തുനിന്നും അമ്മയുടെ ചോദ്യം
“നിങ്ങള് പള്ളിൽ വരുന്നുണ്ടോ… കുർബാനയ്ക്കു സമയമാകാനായി… ”
“നിങ്ങള് പൊയ്‌ക്കോ… ഞങൾ രണ്ടാമത്തെ കുർബാനയ്ക്കു വരാം… ”
കൈയിലുന്ന അവളുടെ സാരിയുടെ ഒരറ്റം പിടിച്ചു കൊണ്ടു വിളിച്ചു പറഞ്ഞു
“എന്തൊരു ഒരുക്കമാടാ ഇതുവരെ കഴിഞ്ഞില്ലേ…?” ഇത്തവണ അപ്പന്റെ വകയായിരുന്നു ചോദ്യം..കൂടെയൊരു ചിരിയും…
“അപ്പനാത്രേ അപ്പൻ…”
എന്നു മനസിൽ പറഞ്ഞു വീണ്ടും നമ്മുടെ സാരിചുറ്റൽ ജോലി തുടങ്ങി.. ഒന്നും രണ്ടും മൂന്നും ചുറ്റു ചുറ്റിട്ടും വീണ്ടു കിടക്കുവാ ബാക്കി…
ഇതൊക്കെയെവിടെ കൊണ്ടു പോയി ചുറ്റിത്തീർക്കുമെന്ന ഭാവത്തിൽ അവളെന്നെയൊന്നു നോക്കി.. ഞാനെന്തു ചെയ്യനാടി എന്ന ഭാവത്തിൽ ഞാനും അവളെയൊന്നു നോക്കി…
അവളുടെ കൈയിലും എന്റെകയ്യിലും പാതിനിലത്തുമൊക്കെയായി കിടക്കുന്ന സാരിയെ നോക്കി അതുകണ്ടു പിടിച്ചവനെ മനസിൽ രണ്ട് തെറിയും വിളിച്ചു ഞാനവളോട് പറഞ്ഞു…
“നീ ഇവിടെ നിൽക്കു…ഇപ്പോൾ ശരിയാക്കിത്തരാം” എന്നും പറഞ്ഞു സാരിയും അവിടെയിട്ടെഴുന്നേറ്റു വാതിൽ തുറന്നു തലമാത്രം പുറത്തിട്ടു വിളിച്ചു…
“അമ്മേ…അമ്മേ…ഒന്നിങ്ങോട്ടുവന്നെ…”
“എന്താടാ കിടന്നു നിലവിളിക്കുന്നെ…” എന്നും പറഞ്ഞു വന്ന അമ്മയെ കയ്യില്പിടിച്ചു വലിൽച്ചു മുറിയിലേയ്ക്കു കയറ്റി വാതിലടച്ചു കൊണ്ടു പറഞ്ഞു…
“അമ്മായിവളെ ഈ സാരിയൊന്നുടുപ്പിച്ചേ…”
“ഇതിനാണോടാ കിടന്നു വിളിച്ചു കാറിയതു.. നേരത്തെ എന്നോട് പറഞ്ഞൂടാരുന്നോ മോൾക്ക്…” എന്നും പറഞ്ഞു അമ്മ അവളെ സാരിയുടുപ്പിച്ചു തുടങ്ങി….
ദാമ്പത്യ ജീവിതത്തിലെ ഒരു പ്രശ്‍നം പരിഹരിച്ച സന്തോഷത്തിൽ ഞാൻ ഡ്രസ്സ് മാറാൻ തുടങ്ങി…. ഇനിയുമെന്തൊക്കെ വരാൻ കിടക്കുന്നു എന്നു മനസിൽ പറഞ്ഞു….