ആണത്തം
(രചന: Mejo Mathew Thom)
“എന്റെ അമ്മേ…..ഒരു ആണും പെണ്ണും ഒരുമിച്ച് ഒരു രാത്രി ഒരുമുറിയിൽ കിടന്നുറങ്ങിയാൽ എന്താ കുഴപ്പം…?”
അമ്മയുടെ ചോദ്യം ചെയ്യലിൽ ക്ഷമയുടെ നെല്ലിപ്പലക തകർന്നു അവൾ ചെറുതായി ശബ്ദമുയർത്തി ചോദിച്ചു കൊണ്ട് നിന്നു കിതച്ചു….
അമ്മയുടെ ഭാഗത്തു നിന്നും മറുപടിയൊന്നുമുണ്ടാകാതെ സോഫയിലിരുന്നു പത്രം വായിച്ചു കൊണ്ടിരുന്ന ഭർത്താവിനെ ഒന്ന് നോക്കി..
അൽപനേരം അവിടെ ഒരു മൗനം തളംകെട്ടിനിന്നു..
“ഒരു ആണും പെണ്ണും ഒരുമിച്ച് ഒരുമുറിയിൽ കിടന്നുറങ്ങിയാൽ കുഴപ്പമൊന്നുമില്ല പക്ഷെ ഉറങ്ങാതിരുന്നാലാണ് കുഴപ്പമുണ്ടാക്കാൻ സാധ്യത ”
അതുവരെ മൗനം പാലിച്ചിരുന്ന അപ്പൻ അമ്മയെയും മകളെയും നോക്കി കൊണ്ട് ചിരിച്ചു കൊണ്ട് പറഞ്ഞു
“മകൾക്ക്പറ്റിയ തന്ത… നിങ്ങളുടെ ഈ വർത്തമാനത്തിനു മകള് വല്ലവന്റെയുംകൂടെ പോയില്ലേലെ അത്ഭുതമുള്ളു ”
അമ്മയുടെ മനസിലെ ആധി അവരുടെ സംസാരത്തിൽ ദേഷ്യത്തിന്റെ രൂപത്തിൽ നിറഞ്ഞുനിന്നു
“അപ്പച്ചാ.. ഞാൻ ഇന്നലെ ഫോൺ വിളിച്ചു പറഞ്ഞതല്ലേ എല്ലാം..
പി സ് സി പരീക്ഷ കഴിഞ്ഞ് പുറത്തോട്ടിറങ്ങിയപ്പോഴാ ഇന്നലത്തെ മിന്നൽ പണിമുടക്കിന്റെ കാര്യമറിയുന്നേ… അപ്പഴാ ജോമോൻ ചേട്ടനെ കാണുന്നേ ”
“ഏത് ജോമോൻ?… നീ ഇന്നലെ ഫോണിൽ കൂടെ പറഞ്ഞപ്പോൾ എനിക്ക് ആളെ ശരിക്കും മനസിലായില്ല ”
അപ്പൻ ഇടയ്ക്കു കയറി ചോദിച്ചതു കൊണ്ടു അവള് പറഞ്ഞോണ്ടിരുന്നത് മുറിഞ്ഞുപോയി
“ശരിക്കും മനസിലാക്കിയിട്ടെന്തിനാ… മോൾക്ക് കല്യാണമാലോചിയ്ക്കാനാണോ ?”
അമ്മയുടെ ദേഷ്യം അടങ്ങിയില്ലാരുന്നു
“എന്റെ മറിയാമ്മേ നീ കുറച്ചു നേരത്തേയ്ക്കു ഒന്ന് മിണ്ടാതിരിക്കുമോ.. ഞാനൊന്നു ചോദിച്ചോട്ടെ ”
ഭാര്യയുടെ നേരെ കൈകൂപ്പി യാചന സ്വരത്തിലാണ് അയാൾ പറഞ്ഞത്
“ഇനി മോള്‌പറ..എന്നിട്ട്…”
“എന്നിട്ടെന്താ…അവിടുന്ന് പോലീസിന്റെ വണ്ടിയിൽ ടൌൺ വരെ എത്തി.. അവിടെ അടുത്തുള്ളവരെ പോലീസ് തന്നെ കൊണ്ടു പോയി വിട്ടു..
ടൗണിൽ പലയിടത്തും പ്രശ്നം നടന്നതു കൊണ്ടു ബസ്റ്റാന്റിലൊക്കെ ഇരിക്കുന്നത് സേഫ് അല്ലന്ന് പറഞ്ഞു
പോലീസ്
പിന്നെ ജോമോൻ ചേട്ടന്റെ ഫ്രണ്ട് വർക്ക് ചെയ്യുന്ന ഒരു ഹോട്ടൽ ഉണ്ടായിരുന്നു അവിടെ അതുകൊണ്ട് അതിൽ ഒരു റൂം കിട്ടി.. എ സി ഒക്കെ യുള്ളതുകൊണ്ടു സുഖമായുറങ്ങി ”
അപ്പനോട് പറഞ്ഞു നിറുത്തിയ ശേഷം അവളൊരു ദീർഘശ്വസമെടുത്തു
“അല്ലടി ഈ ജോമോനെന്നു പറയുമ്പോൾ അടിവാരത്തു അരിക്കച്ചവടം നടത്തുന്ന ജോണിയുടെ മോനാണോ..കുറച്ച് പൊതു പ്രവർത്തനമൊക്കെയുള്ള…”
എന്തോ ആലോചിച്ചുകൊണ്ടാണ് അപ്പൻ ചോദിച്ചത്
“അത് തന്നെ…”അവൾ ആശ്വസരൂപത്തിൽ പറഞ്ഞു
“എന്നാൽ മോളുപോയി ഒന്ന് ഫ്രഷ് ആയിവാ വല്ലതും കഴിയ്ക്കാം… യാത്ര കഴിഞ്ഞ് വന്നതല്ലേ ”
എന്ന് മോളോട് പറഞ്ഞ ശേഷം എന്തൊക്കെയോ ആലോചിച്ചു കൊണ്ട് അയാൾ കസേരയിലേക്ക് ചാരിയിരുന്നു.. അവൾ തന്റെ മുറിയിലേക്കും പോയി
“എന്താ മനുഷ്യാ..ഇത്ര ആലോചന..?”
അടുത്തേയ്ക്കു വന്നു കൊണ്ട് ഭാര്യയുടെ ചുഴിഞ്ഞുള്ള ചോദ്യത്തിന് അവരെ ഒന്ന് നോക്കിയ ശേഷം അയാൾ പറഞ്ഞുതുടങ്ങി
“ഇതുവരെ അവരു തമ്മിൽ ഒന്നുമില്ല പക്ഷെ ഇനിയങ്ങോട്ട് ഉണ്ടാകാൻ സാധ്യത കൂടുതലാ..കാരണം…നീ മോളുടെ സംസാരം ശ്രെദ്ധിച്ചോ..?
ഇന്നലെ ഒറ്റ ദിവസത്തെ പെരുമാറ്റം കൊണ്ടു അവനെ ക്കുറിച്ച് അവളുടെയുള്ളിൽ ഒരു മതിപ്പുളവായിട്ടുണ്ട് ”
“അതിന്..?” അവർ സംശയ രൂപത്തിൽ ചോദിച്ചു നിറുത്തി
“ഞാൻ നമ്മുടെ മോൾക്ക് വേണ്ടി അവനെ ഒന്ന് ആലോചിയ്ക്കാൻ പോകുവാ ”
അയാൾ സ്വരം കുറച്ച് ഭാര്യയോട് പറഞ്ഞു
“അവനെക്കുറിച്ച് എന്തറിഞ്ഞിട്ടാ എടുത്തു ചാടിയുള്ള നിങ്ങളുടെ ഈ കല്യാണാലോചന?”
വീണ്ടും മകളുടെ ഭാവിയെക്കുറിച്ചുള്ള ഒരു അമ്മയുടെ ആകുലത അവരുടെ ചോദ്യത്തിൽ നിറഞ്ഞു
“എടീ… സ്ത്രീത്വം ആസ്വദിയ്ക്കുന്നതല്ല ആണത്തം. … സ്ത്രീത്വം സംരക്ഷിക്കുന്നതാണ് യഥാർത്ഥ ആണത്തം…. അതാണ് ഞാൻ അവനിൽ കണ്ട ഗുണം…
ബാക്കി നമുക്ക് അന്വേഷിയ്ക്കാം…നീ പോയി കഴിയ്ക്കാനെടുത്തുവെയ്ക്കു പിന്നെ ഇതേക്കുറിച്ചു ഇപ്പോൾ അവളോടൊന്നും പറയണ്ട ”
ഭർത്താവിന്റെ നിർദ്ദേശം ശരിയാണെന്നഭാവത്തിൽ ഒന്ന് തലയാട്ടുക മാത്രം ചെയ്തു കൊണ്ട് അവർ അടുക്കളയിലേക്കു പോയി…
പക്ഷെ അപ്പന്റെയും അമ്മയുടെയും സംസാരം വാതിൽ പുറകിൽ നിന്നു കേട്ടുകൊണ്ടു ഒരു കന്യക ഹൃദയത്തിൽ പുതു മോഹങ്ങൾ മൊട്ടിട്ടു തുടങ്ങി….