(രചന: മിഴി മോഹന)
ശ്യാമേ നിനക്ക് ഒരു ഫോൺ ഉണ്ട് താഴെ കൗണ്ടറിലേക്ക് ചെല്ലാൻ പറഞ്ഞു..പത്തു മിനിറ്റ് കഴിഞ്ഞു വിളിക്കും എന്ന് പറഞ്ഞു…””” സുഗന്ധി വന്നു പറയുമ്പോൾ കസ്റ്റമറിനു മുൻപിൽ കാണിച്ച ശേഷം മടക്കി ഒതുക്കിയ സാരി നെഞ്ചിലേക്ക് ചേർത്തു…
ഫോണോ എനിക്കോ അതും കടയിലേക്ക് ആര് വിളിക്കാൻ ആണ്..” ഭയത്തോടെ സ്റ്റെപ്പ് ഇറങ്ങുമ്പോൾ സുഗന്ധിയുടെ മുഖത്തേക്ക് നോക്കി..
നിന്റെ കെട്ടിയോൻ ആയിരിക്കും പുതിയ ഫോൺ വാങ്ങിച്ചു കൊടുത്തത് അല്ലെ നീ അപ്പോൾ പിന്നെ ഇടയ്ക്ക് ഇടയ്ക്ക് നിന്നെ ഒന്ന് വിളിക്കണ്ടേ…
ഒന്ന് പോയെ സുഗന്ധി മാസം കിട്ടുന്ന പതിനായിരത്തിൽ മൂവായിരത്തിഅഞ്ഞൂറ് രൂപ ഫോണിന്റെ അടവിന് അങ്ങ് മാറുന്നുണ്ട്…””” പഴയ ഫോൺ പൊട്ടി പോയപ്പോൾ തുടങ്ങിയ ബഹളം ആണ് വീട്ടിൽ… ഇപ്പോൾ പുതിയ ഫോൺ വന്നതോടെ ഒരു പണിക്കും പോകില്ല..”
എല്ലാം കൂടെ എന്റെ തലയിൽ ആയ ലക്ഷണം ആണ്..”എനിക്ക് ഓർത്തിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല… “” കൗണ്ടറിൽ ചാരി നിൽകുമ്പോൾ ആവലാതികൾ എന്നെ മൂടി കഴിഞ്ഞിരുന്നു…
ശ്യാമേ ഇതിനു ഞാൻ നിന്നെ മാത്രമേ കുറ്റം പറയൂ..” ഉണ്ണിയുടെ സ്വഭാവം ആദ്യം മനസിലാക്കിയപ്പോൾ തന്നെ നീ ആ ബന്ധം വേണ്ടെന്ന് വെക്കേണ്ടത് ആയിരുന്നു…. ഇന്ന് നേരെ ആകും നാളെ നേരെ ആകും എന്ന് കരുതി നീ തന്നെ അല്ലെ ഈ ബന്ധം മുൻപോട്ട് കൊണ്ട് പോയത് ഒരു കൊച്ചും ആയി..
വർഷം എത്ര ആയി നിന്റെ ചിലവിൽ നിന്റെ കാശ് എടുത്ത് ദൂർത് അടിച്ച് ജീവിക്കുന്നു അവൻ… “” സ്വന്തം തള്ളയ്ക്ക് ഒരു കുപ്പി കുഴമ്പ് വാങ്ങാൻ പോലും ഉള്ള കാശ് അവൻ കൊടുക്കാറുണ്ടോ…. “” സുഗന്ധി അമർഷത്തോടെ പറയുമ്പോൾ കൗണ്ടറിൽ ഫോൺ റിങ് ചെയ്ത് കഴിഞ്ഞിരുന്നു…
ഇത് തനിക്ക് ഉള്ള ഫോൺ ആണ്.. “” മുൻപിൽ തെളിഞ്ഞു വരുന്ന നമ്പറിലേക് നോക്കി കൗണ്ടറിൽ ഇരിക്കുന്ന സ്റ്റാഫ് റെസിവർ കൈലേക് തരുമ്പോൾ കൈ ഒന്ന് വിറച്ചു…
ഹ… ഹലോ… “”” അത്രമാത്രം പറഞ്ഞത് മാത്രം ആണ് ഓർമ്മയിൽ ഉള്ളത്.. പിന്നെ ഒഴുകി വരുന്ന കണ്ണുനീർ ആയിരുന്നു മറുപടി നൽകിയത്…
എന്താ ശ്യാമേ ആരാ വിളിച്ചത്…. “” സുഗന്ധി തട്ടി വിളിക്കുമ്പോൾ മറുപടി ഒന്നും പറയാതെ ഫോൺ താഴെ വച്ചു…
പ്രൈവറ്റ് ഫിനാൻസിൽ നിന്ന വിളിച്ചത്.. കഴിഞ്ഞ മാസത്തെ ഫോണിന്റെ അടവ് മുടങ്ങിന്ന് .. “” പറയുമ്പോൾ ഇടറുന്ന തൊണ്ട ഒന്ന് പിടിച്ചു കെട്ടി…
നീ അതിനു കാശ് കൊടുത്തത് അല്ലെ ഉണ്ണിക്ക്..” കഴിഞ്ഞ മാസം തികയാതെ വന്നപ്പോൾ ആയിരം രൂപ ഞാൻ അല്ലെ തന്നത്.. “” സുഗന്ധി സംശയത്തോടെ നോക്കി…
അതൊക്കെ ഞാൻ കൃത്യമായി ഉണ്ണിയേട്ടന്റെ അക്കൗണ്ടിൽ ഇട്ട് കൊടുത്തതാ.. പിന്നെ എന്താ സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല… “” ഇപ്പോൾ മൂവായിരം രൂപയോളം പെന്റിങ് ഉണ്ടെന്ന് വൈകുന്നേരം അവർ കടയിലെക്ക് വരും എന്നാ പറയുന്നത്..””ഞാൻ ആകെ ഭയത്തോടെ സാരി തുമ്പിൽ കോർത്ത് വലിക്കുമ്പോൾ സുഗന്ധി ഫോൺ കൈയിൽ എടുത്തു..
നീ ആദ്യം ഉണ്ണിയെ വിളിച്ചു നോക്ക് കാശ് എന്ത് ചെയ്തു എന്ന് ചോദിക്ക്…… “” അല്ലെങ്കിൽ ബാങ്കുകാർക്ക് അബദ്ധം പറ്റിയത് ആണെങ്കിലോ…സുഗന്ധി അങ്ങനെ പറഞ്ഞപ്പോൾ എന്തോ ഒരു പ്രതീക്ഷ മനസിൽ തട്ടി…. ”
ഈശ്വര അങ്ങനെ തന്നെ ആയിരിക്കണേ…” വിറയലോടെ കൗണ്ടറിലെ ഫോണിലേക്കു നോക്കുമ്പോൾ ആ പയ്യൻ റെസിവർ എടുത്തു കൈയിൽ തന്നു…. മനസ് ഒരു പിടപ്പോടെ ആണ് ഉണ്ണിയേട്ടന്റെ ശബ്ദത്തിനു വേണ്ടി കാതോർത്തത്…
ഹ്ഹ്ഹ്.. “” മറുപുറത്ത് ആ ശബ്ദം കേട്ടതും എന്നിലെ ശ്വാസം ഉയർന്നു പൊങ്ങി..
ഉണ്ണിയേട്ടാ ഈ മാസത്തെ ഫോണിന്റെ അടവ് അടഞ്ഞില്ലായിരുന്നോ.. “”” ബാങ്കിൽ നിന്നും ഇങ്ങോട്ട് കോളു വന്നു..മറുപടിയ്ക്ക് ആയി കാതോർക്കുമ്പോൾ ഒരു ഞെട്ടൽ ആയിരുന്നു എനിക്ക്..
“”” ഞാൻ തന്നെയാ അവരോട് നിന്നെ വിളിക്കാൻ പറഞ്ഞത്… കഴിഞ്ഞ മാസം എനിക്ക് ഒരു അത്യാവശ്യത്തിനു ആ പൈസ എടുത്തു മറിക്കേണ്ടി വന്നു…. നീ അടുത്ത മാസത്തെ ശമ്പളത്തിൽ നിന്നും വാങ്ങി കൊടുത്തേക്ക്……”””
നിമിഷനേരം കൊണ്ട് ആ ഫോൺ കട്ട് ആകുമ്പോൾ കണ്ണ് നിറഞ്ഞു വന്നു… “”
ഉണ്ണി എന്ത് മല മറിച്ചിട്ടാ ശ്യാമേ കാശ് എടുത്തു തിരിച്ചു മറിച്ചത്..”” അവന്റെ അച്ഛൻ ഇപ്പോഴും പാടത്തു പണി എടുക്കുന്നത് കൊണ്ട് അല്ലെ അടുപ്പ് പുകയുന്നത്…. നിന്നെ പണിക്ക് വിട്ടിട്ട് ആ കാശിന് അവൻ അടിച്ചു പൊളിച്ചു നടക്കുന്നു…
മ്മ്ഹ്ഹ്.. “‘ കണ്ടില്ലേ ക്ലാവ് തെളിഞ്ഞു തുടങ്ങി നിന്റെ മാലയുടെ..”” വരവ് ആണെങ്കിലും ഒരു പുതിയ ഒരെണ്ണം വാങ്ങി തരാൻ അവന് തോന്നുന്നുണ്ടോ.. എല്ലാത്തിനും വളം വെച്ച് കൊടുക്കുന്നത് നീ തന്നെ… “” സുഗന്ധി ചായ ഗ്ലാസ് കഴുകി വെച്ചു കൗൺഡേറിലേക് പോകുമ്പോൾ ഭിത്തിയിലേക്ക് ചാരി ഇരുന്നു ഞാൻ…
ശരിയാണ് സുഗന്ധി പറഞ്ഞത് എല്ലാത്തിനും വളം വെച്ചു കൊടുത്തത് ഞാൻ തന്നെയാണ്…..
അതിനർത്ഥം സ്നേഹം കൊണ്ട് ആയിരുന്നില്ല ഭയം കൊണ്ട് ആയിരുന്നു….. “”
ഡിഗ്രി പൂർത്തിയാക്കും മുൻപേ ജാതകദോഷത്തിന്റെ പേര് പറഞ്ഞ് മുത്തശ്ശി വീട്ടിൽ ബഹളം തുടങ്ങിയപ്പോൾ ആണ് അച്ഛൻ ആലോചന തുടങ്ങിയത്…. “”
ഡിഗ്രി പൂർത്തിയാക്കണം നിയമം പഠിക്കണം എന്നുള്ള എന്റെ ആഗ്രഹങ്ങളെ ആദ്യം തല്ലി തകർത്തത് അച്ഛനും മുത്തശ്ശിയും തന്നെ ആയിരുന്നു……..
നീ കഴിവും തന്റെടവും ഉള്ള പെണ്ണ് അല്ലെ കെട്ടി കഴിഞ്ഞാലും പഠിക്കാം..” തത്കാലം കല്യാണം നടക്കണം പത്തൊൻപതിൽ നടന്നില്ല എങ്കിൽ മുപ്പത്തി ആറ് കഴിയണം.. ഈ തറവാട്ടിൽ അത്രയും പ്രായം വരെ ഒരു പെൺകുട്ടികളും നിന്നിട്ടില്ല.. “”
മുത്തശിക്ക് എതിർവാ ഇല്ലാത്തത് കൊണ്ട് ആദ്യം വന്ന ആലോചന തന്നെ അച്ഛൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു…
പേർഷ്യക്കാരൻ ആണ് ജാതകവും നല്ല ചേർച്ച ഉണ്ട്….”” ഭാഗ്യം ഉള്ള കുട്ടിയാ അവൾ… മുത്തശ്ശി വെറ്റില മുറുക്കിന്റെ ലഹരിയിൽ നാക്ക് നുണയുമ്പോൾ അകത്തെ മുറിയിൽ പുസ്തകകങ്ങൾ കൂടി കൊണ്ട് പോകാനുള്ള ബാഗിൽ വെച്ചു ഞാൻ…… ഇനി ഒരു സേം പരീക്ഷ കൂടി കഴിഞ്ഞാൽ മതി ഡിഗ്രി എന്ന സർട്ടിഫിക്കറ്റ് കിട്ടും…. Llb എന്ന സ്വപ്നവും നടത്തണം…. “”
ആഗ്രഹങ്ങളും പേറി ആദ്യ രാത്രിയിൽ മണിയറയിലേക് കടന്നു വന്ന എനിക്ക് ഒരു വാക്ക് പോലും സംസാരിക്കാനുള്ള സാവകാശം തന്നില്ല അയാൾ… അതിനു മുൻപേ അയാളുടെ ആഗ്രഹങ്ങളുടെ പൂർത്തീകരണം ആയിരുന്നു ആ മുറിയിൽ നടന്നത്….
എങ്കിലും മറ്റൊരു ദിവസം തുടർന്നു പഠിക്കണം എന്നാ ആഗ്രഹം പറഞ്ഞപ്പോൾ മുൻപിൽ ഇരുന്ന ഗ്ലാസ് തട്ടി തെറിപ്പിച്ചു ഉണ്ണിയേട്ടൻ….
കൊമ്പത്തെ ഉദ്യോഗക്കാരിയാക്കാൻ അല്ല നിന്നെ ഞാൻ കെട്ടി എടുത്തു കൊണ്ട് വന്നത്… എന്റെ വീട്ടിൽ എന്റെ കാര്യങ്ങൾ നോക്കാൻ ആണ്.. “” മേലാൽ പഠിക്കണം എന്ന് പറഞ്ഞു പോയേക്കരുത്..
താക്കീത് പോലെ പറയുമ്പോൾ എതിർത്തു ഞാനും…….
പക്ഷെ മുഖം അടച്ചുള്ള അടി ആയിരുന്നു മറുപടി.. “””
എന്റെ വാക്കിന് മീതെ നിന്റെ ശബ്ദം ഉയരാൻ പാടില്ല..'””
അന്ന് തന്നെ അച്ഛനെ വിളിച്ചു പറഞ്ഞു… അച്ഛൻ വരുമ്പോൾ നീര് വന്നു ചുവന്ന മുഖം കൊണ്ട് ആ നെഞ്ചിൽ ചായുമ്പോൾ നിർദാക്ഷിണ്യം അച്ഛൻ എന്നെ കൈ ഒഴിയുമ്പോൾ പ്ലസ് ടുവിന് പഠിക്കുന്ന അനുജൻ വെറും നോക്ക് കുത്തി ആയി… അല്ലങ്കിലും ആ പാവം എന്ത് ചയ്യാൻ ആണ്…
പണ്ടേ അഹങ്കാരിയാണ്… “” അവൾക് ഇഷ്ടം ഇല്ലാത്തത് കണ്ടാൽ അപ്പോൾ അവളുടെ സ്വഭാവം തല ഉയർത്തും…. തള്ള ഇല്ലാതെ വളർന്നതിന്റെ കുഴപ്പം ആണ്…. ഇനിയും അവൾ എന്തെങ്കിലും തറുതല പറഞ്ഞാൽ ഇത് പോലെ കൈ വീശി കൊടുത്തോ ഉണ്ണി.. “”
അച്ഛന്റ്റെ ആ വാക്ക് മതി ആയിരുന്നു പിന്നീട് അങ്ങോട്ട് അയാൾക് എന്നിൽ അധികാരം സ്ഥാപിക്കാനുള്ള ശക്തി……. ചെറിയ കാര്യങ്ങൾക്ക് പോലും പരിസരം മറന്ന് ചെവി പൊട്ടുന്ന ചീത്ത വിളിക്കുമ്പോൾ അയാളുടെ അച്ഛനും അമ്മയും പോലും അയാളെ വഴക്ക് പറഞ്ഞില്ല….
ഒന്ന് ഉറക്കെ സംസാരിച്ചാൽ… അയാൾക് മുൻപേ നടന്നാൽ… അയാൾ നിൽകുമ്പോൾ മറ്റുള്ളവരോട് സംസാരിച്ചാൽ എല്ലാം ഒരു കുറ്റം ആയി കണ്ട് തുടങ്ങി… അതിന് എതിരെ എന്തെങ്കിലും പറഞ്ഞാൽ തല്ലി ഒതുക്കാനും മറന്നില്ല…….
ആറു മാസം കഴിഞ്ഞിട്ടും തിരിച്ചു പോകാതെ അയാൾ എന്റെ കൈയിൽ കിടന്നത് ഓരോന്നും വലിച്ചു ഊരുംമ്പോൾ ആണ് ഞാൻ ആ സത്യം മനസിലാക്കിയത് പെണ്ണ് കെട്ടാൻ വേണ്ടി മറ്റുള്ളവരുടെ കണ്ണിൽ പൊടി ഇട്ടത് ആണ് അയാളുടെ ആറു മാസത്തെ ഗൾഫ് ജീവിതം…
എന്നാൽ നാട്ടിൽ എന്തെങ്കിലും പണിക്ക് പോകും എന്ന് കരുതിയ എനിക്ക് അയാൾ ഓരോ ദിവസവും നിരാശ ആണ് തന്നത്….. കള്ള് കുടിച്ചും കൂട്ടുകാരുടെ കൂടെ സിനിമയും കണ്ട് ഉല്ലസിച്ചു നടക്കുമ്പോൾ ഒരു കുഞ്ഞിനെ തരാൻ അയാൾ മറന്നില്ല…
അതും എല്ലാ ചിലവ് എന്റെ അച്ഛന്റ്റെ വകയിൽ നാട്ടു നടപ്പ് അത് ആണല്ലോ എന്നുള്ള പഴ മൊഴിയും അയാളുടെ അമ്മയിൽ നിന്നും ഉയർന്നു വന്നു….
കുഞ്ഞ് ഉണ്ടായാൽ അവന്റെ സ്വഭാവം മാറും… “” ആണുങ്ങൾ അങ്ങനെ ആണ്… നിന്റെ മുത്തശനും അങ്ങനെ ആയിരുന്നു…അവർക്ക് ഒരു അധികാര ഭാവം ആണ്.. “”” മുത്തശ്ശി വീണ്ടും തളർത്തി വിടുമ്പോൾ ഇനി മുൻപിൽ മറ്റൊരു മാർഗം ഇല്ലന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു……
ഇതിനിടയിൽ കൈയിൽ ഇരുന്ന സ്വർണ്ണം മുഴുവൻ വിറ്റ് തുലച്ചു കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും കാശ് വാങ്ങി വരാൻ ആയിരുന്നു അടുത്ത വഴക്ക് അതിന് അയാളുടെ അച്ഛനും അമ്മയും കൂടി പിന്തുണ പ്രഘ്യപിച്ചപ്പോൾ വീട് പണയപെടുത്തി അച്ഛനും അനിയനും കൂടി മൂന്നു ലക്ഷം രൂപ കൊണ്ട് വന്നു…
ഹ്ഹ..” അവർ വരുന്ന ദിവസം അഭിമാനിയ ആയ അയാൾ വീട്ടിൽ നിന്നും മുങ്ങി… നീ വാങ്ങി വെച്ചാൽ മതി എനിക്ക് അഭിമാനം ഉണ്ടന്നു പറഞ്ഞ് അയാൾ പോകുമ്പോൾ ആ മനുഷ്യനോടുള്ള ദേഷ്യം ഒന്ന് കൂടെ നുരാ പൊങ്ങി…..
ആ പണം തീരും വരെ മാത്രം ആയിരുന്നു അയാളുടെ സ്നേഹം…. ഏയ് സ്നേഹം എന്ന വാക്ക് അയാൾക് ചേരുന്നത് ആയിരുന്നില്ല ഒരിക്കലും…. സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ഒരു മനുഷ്യൻ…
വീണ്ടും പണം എന്നത് ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് തുടങ്ങിയ നിമിഷം അയാൾ ആഹ്വാനം ചെയ്തു…
നീ ഇങ്ങനെ നിന്നാൽ പറ്റില്ല ഏതെങ്കിലും തുണി കടയിൽ എങ്കിലും പോയ്കൊണം… തിന്ന് മുടിക്കാൻ ആയി ഒരു ജന്മം….
മറുത്ത് ഒന്നും പറഞ്ഞില്ല ഒരു ജോലി എനിക്ക് ആവശ്യം ആയത് കൊണ്ട് തന്നെ അടുത്ത വീട്ടിലെ സുഗാന്ധി ചേച്ചിയുടെ കൂടെ അവർ നിൽക്കുന്ന തുണി കടയിൽ കയറി…. കഴിഞ്ഞ മൂന്ന് വർഷം ആയി…. അയാളെ തീറ്റി പോറ്റുന്നു…
ഏയ് അങ്ങനെ പറഞ്ഞാൽ എന്റെ മനസാക്ഷി പോലും എന്നെ നോക്കി പല്ല് ഇളിക്കും… “” മാസം കിട്ടുന്ന ശമ്പളം അത് അയാളുടെ പോക്കെറ്റിൽ ആയിരിക്കണം എന്ന നിബന്ധനയോടെ ആണ് ജോലിക്ക് വിട്ടത്..
ഭാര്യയുടെ ശമ്പളം അത് ഭർത്താവിന് മാത്രം അവകാശപെട്ടത് ആണെന്നുള്ള അയാളുടെ കാഴ്ചപാടിൽ ഇന്നും മുടക്കം ഇല്ലാതെ അത് നടക്കുന്നു… ഞാൻ അദ്വാനിക്കുന്ന കാശിൽ നിന്നും ഒരു രൂപയ്ക്ക് പോലും അവകാശം ഇല്ലാത്ത വെറും അടിമാ…
മ്മ്ഹ്ഹ്.. “” സുഗന്ധി പറയും പോലെ വളം വെച്ചു കൊടുത്തത് അല്ല എതിർത്താൽ അടിക്കും… അടിയും വാങ്ങി ചെന്നാൽ ഒന്ന് താങ്ങാൻ പോലും ആരും ഇല്ല… പിന്നെയും അയാൾക് അടുത്തേക്ക് തന്നെ പോകണം……””
കണ്ണുനീർ തുടച്ചു കൊണ്ട് ഓർമ്മയിൽ നിന്നും പുറത്ത് വരുമ്പോൾ സുഗാന്ധി മുൻപിൽ ഉണ്ട്…
ആ ബാങ്ക്കാര് വന്നിട്ടുണ്ട്.. “”” നീ പോയി ചോദിച്ചു നോക്ക് അഡ്വാൻസ് കിട്ടുമോ എന്ന്… എനിക്ക് തോന്നുന്നില്ല കുറെ ആയില്ലേ നിന്നെ കൊണ്ട് വാങ്ങി അവൻ പുട്ട് അടിച്ചു നടക്കുന്നു…'” സുഗന്ധി കൌണ്ടറിലേക് പോകുമ്പോൾ മാനേജരുടെ മുറിയിലേക്ക് ആണ് ഞാൻ പോയത്…
കുറെ ആയില്ലേ ശ്യാമേ അഡ്വാൻസ് എന്ന് പറഞ്ഞു വാങ്ങുന്നു… പലതും ഞാൻ ശമ്പളത്തിൽ നിന്നും പിടിച്ചിട്ടില്ല ഇതൊക്കെ തന്റെ കഷ്ടപാട് കണ്ടിട്ട് ആണ് അല്ലാതെ ഉണ്ണിയോടുള്ള പരിചയം വെച്ച് അല്ല.. “” ചോദിച്ച കാശ് അയാൾ മുൻപിലേക് നീട്ടുമ്പോൾ ഇത്രയും നാൾ കൊണ്ട് കൈ മോശം വന്നു പോയ ആത്മാഭിമാനത്തിന്റെ ചൂര് എന്നിൽ തട്ടിയില്ല.. “” കിട്ടിയ പണം കൈ നീട്ടി വാങ്ങുമ്പോൾ ആണ് അയാളുടെ കൈ എന്റെ കൈയിൽ പിടിത്തം ഇട്ടത്…
ഹാ.. “” അങ്ങനെ അങ്ങ് എടുത്തോണ്ട് പോയാലോ…. ചുമ്മാ തരാൻ നീ എന്റെ പെണ്ണുംപിള്ള ഒന്നും അല്ലല്ലോ…… “”
കൈയിൽ നിന്നും വിട്.. “” അയാളുടെ മുഖത് നോക്കി ഞെട്ടലിൽ നിന്നും വിമുക്ത ആയതും ഞാൻ പറഞ്ഞ് കഴിഞ്ഞിരുന്നു…
മ്മ്ഹ്ഹ്.. “” ഇപ്പോൾ നീ പൊയ്ക്കോ ഇടയ്ക്ക് ഇടയ്ക്ക് വാങ്ങിയത് പലിശ തീർത്തു ഞാൻ എടുത്തോളാം.. “” അയാൾ ചുണ്ട് കോട്ടി പറയുമ്പോൾ ഇത്രയും നാളും പണയപെടുത്താത്ത എന്റെ സ്ത്രീത്വതിന് മുകളിൽ ഒരാൾ വില ഇട്ടത് അറിഞ്ഞു ഞാൻ…
ഉണ്ണിയേട്ടൻ ഇനി മേലാൽ ഇങ്ങനെ ചെയ്യരുത്… കടം മേടിച്ചും മറ്റുള്ളവരുടെ മുൻപിൽ നാണം കെട്ടും ഞാൻ മടുത്തു…പലരും എന്റെ മാനത്തിനു വില പറഞ്ഞ് തുടങ്ങി…. “” രാത്രിയിൽ അയാളുടെ മുഖത്ത് നോക്കി പറയുമ്പോൾ ഉള്ളിൽ നുരഞ്ഞു പൊങ്ങി വന്ന സങ്കട കടലിനെ സ്വയം നിയന്ത്രിച്ചു ഞാൻ…
നിനക്ക് മാനമോ.. “” കണ്ട തുണി കടയിൽ തുണി എടുത്തു കൊടുക്കാൻ നില്കുന്നവൾക്കും മാനം… “” നീ അതിനുള്ളിൽ അഴിഞ്ഞടുന്നത് ഞാൻ അറിയുന്നില്ലെന്ന് ആണോ നീ കരുതിയത്…. കണ്ടവന്റെ കൂടെ അഴിഞ്ഞാടി വന്നിട്ട് ന്യായം പറയുന്നോ…. “””
മുഖം അടച്ചൊരു അടി ആയിരുന്നു ആ നിമിഷം അയാൾക് ഞാൻ നൽകിയത്…. “”
എടി അ@@&… മോളെ നീ എന്നെ തല്ലാനും മാത്രം വളർന്നോ… അഴിഞ്ഞാടി കൊണ്ട് വന്ന കാശിന്റെ നെഗളിപ്പ് ആണോടി… “”” അയാൾ എന്റെ നേരെ കൈ ഉയർത്തിയതും ആ കൈ മറ്റൊരാളാൽ തടഞ്ഞു കഴിഞിരുന്നു….
ഇനി എന്റെ ചേച്ചിയുടെ ദേഹത്ത് തന്റെ കൈ പതിഞ്ഞാൽ വെട്ടി നുറുക്കും ഞാൻ ആ കൈ…. “” അച്ഛൻ നിസംഗത പാലിച്ച ഇടത്ത് കൂടെ പിറപ്പ് തല ഉയർത്തിയ നിമിഷം ആയിരുന്നു അത്…
കൊച്ചിനെ എടുക്ക് ചേച്ചി…നമുക്ക് പോകാം…”” നമ്മൾക്കു ഇനി കോടതിയിൽ കാണാം.. “” അയാളോട് പറഞ്ഞ് കൊണ്ട് കുഞ്ഞിനേയും കൊണ്ട് ഞാൻ ചെന്നത് ഒരു പോലീസ് ജീപ്പിലേക്ക് ആയിരുന്നു…
ചാർജ് എടുത്തു ഇവിടുത്തെ സ്റ്റേഷനിൽ si ആയിട്ട്..” അവന്റ ചിരിയിൽ ഇനി ഞാൻ നോക്കിക്കോള്ളം എന്നുള്ള വാക്ക് ഉണ്ടായിരുന്നു…
അച്ഛൻ..”ഞാൻ ആ കണ്ണിലേക്കു നോക്കി..
ഇത്രയും നാൾ അച്ഛന്റ്റെ മുഖത്ത് നോക്കി ചേച്ചിക്ക് വേണ്ടി വാദിക്കാൻ എന്റെ കൈൽ ഒന്നും ഇല്ലായിരുന്നു… ഇന്ന് അധികാരം ഉണ്ട്… ചേച്ചി വിളിച്ചു പറഞ്ഞപ്പോൾ തന്നെ തീരുമാനിച്ചത് ആണ് ഞാൻ ചാർജ് എടുക്കുന്ന ദിവസം തന്നെ ഈ നരക കുഴിയിൽ നിന്നും മോചിപ്പിക്കണം എന്ന്…
ഒരിക്കൽ മനസ്സിൽ കുഴിച്ചു മൂടിയ ആഗ്രഹങ്ങൾക്ക് ചിറകുകൾ നൽകണ്ടെ.. “” അവൻ ചോദിക്കുമ്പോൾ ആ കണ്ണിലേക്കു നോക്കി..
ഡിഗ്രി എക്സാം എഴുതാൻ ഉള്ളത് എല്ലാം ശരിയാക്കിയിട്ടുണ്ട്.. “”
മൂന്ന് വർഷങ്ങൾക്ക് ഇപ്പുറം കറുത്ത കോട്ടിൽ ആഗ്രഹങ്ങൾ എല്ലാം നേടി അഡ്വക്കേറ്റ് ശ്യാമ ലോ കോളേജിന്റെ പടി ഇറങ്ങുമ്പോൾ എന്നെ കാത്ത് അവൻ ഉണ്ടായിരുന്നു… എന്റെ മകൻ ഉണ്ടായിരുന്നു…..
കർമ്മം കൊണ്ട് മകൻ ആയവനും ജന്മം കൊണ്ട് മകൻ ആയവനും… “” മതി ഇനിയുള്ള ജീവിതത്തിൽ പറന്നുയാരാൻ അവർ മാത്രം മതി എനിക്ക്..തോറ്റു എന്ന് കരുതി തുടങ്ങിയ ഇടത്തു നിന്നും ഒരു ഉയർത്തെഴെന്നേൽപ്പ്…