ടീച്ചറിന്റെ അച്ഛൻ തളർന്നു വീഴുമ്പോൾ മറ്റ് വഴി ഇല്ലാതെ എല്ലാവരുടെയും നിർബന്ധത്തിന് ഹരി സാറിന് ഗൗരി ടീച്ചറിന്റെ കഴുത്തിൽ താലി കെട്ടേണ്ടി വന്നു… അല്ലങ്കിലും മോന്റെ അമ്മ മരിച്ചിട്ട്

(രചന: മിഴി മോഹന)

ചന്തു അവർ എത്തി…. “”””

അപ്പച്ചിയുടെ വാക്കുകൾ കേൾക്കുമ്പോൾ ടേബിളിൽ നിന്നും തല ഉയർത്തി നോക്കി…

മോൻ കരയുവാണോ.. “” തലയിൽ മെല്ലെ തലോടി കൊണ്ട് ചോദിക്കുമ്പോൾ പതുക്കെ ഇല്ല എന്ന് തല അനക്കി അവൻ…

അപ്പച്ചി അങ്ങോട്ട് ചെല്ലട്ടെ… “”” ചടങ്ങുകൾ പൂർത്തിയാക്കേണ്ടത് എന്റെ കടമ അല്ലെ.. പെങ്ങൾ ആയി പോയില്ലേ… “”
അപ്പച്ചി പുറത്തേക്ക് പോകുമ്പോൾ പതിയെ ജനലോരം ചെന്നവൻ എത്തി നോക്കുമ്പോൾ ആ എട്ടാം ക്ലാസുകാരന്റെ നെഞ്ചിൽ ഒരു വലിയ സങ്കടം കടൽ ഇരമ്പി പെയ്തു അതിനൊപ്പം ചൊല്ലി കേള്കുന്ന വാക്കുകൾ ഒരു നിമിഷം അവനെ ക്ലാസ്സ്‌ മുറിയിലേക് കൂട്ടി കൊണ്ട് പോയി…

“””””ശ്ലഥകാകളിവൃത്തത്തിൽ വൃത്തത്തില്‍ രണ്ടാം പദത്തില്‍ അന്ദ്യമായ്
രണ്ടക്ഷരം കുരന്ജീടില്‍ അത് മഞ്ജരി ആയിടും … “””

ടീച്ചറെ കല്യാണത്തിനു ഞങ്ങളെ ആരെയും വിളിക്കുന്നില്ലേ.. “” മഞ്ചരിയുടെ വൃത്തം പഠിപ്പിച്ചു പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങിയ ടീച്ചറിനോട് കളിയായി ആ കുട്ടികൾ ഒന്നടങ്കം ചോദിക്കുമ്പോൾ ചിരിയോടെ തിരിഞ്ഞു നിന്നു അവർ…

പിന്നെ എല്ലാവരും വരണം.. “” പക്ഷെ അന്ന് സ്കൂൾ ഇല്ലേ.. ഹെഡ്മാസ്റ്റർ അവധി തരില്ലല്ലോ ആർക്കും… “” പ്രായത്തോളം പക്വത എത്തിയ അവർ തിരിഞ്ഞു നിന്നു ചിരിയോടെ പറയുമ്പോൾ ആ കുറുമ്പൻ എഴുനേറ്റ് നിന്നു…

ആരു വന്നില്ലങ്കിലും എന്റെ അച്ഛൻ വരും ടീച്ചറെ..”അവൻ പറഞ്ഞതും ഉറക്കെ ചിരിച്ചവർ…

ഹഹ.. ഹ്ഹ.. “” ആയിക്കോട്ടെ…അവർ പോകുമ്പോൾ ആവേശത്തോടെ അവൻ കൂട്ടുകാർക്ക് നേരെ തിരിഞ്ഞു..

ടീച്ചറിന്റെ അച്ഛനും എന്റെ അച്ഛനും ഒരു ഓഫീസിലാ ജോലി ചെയ്യുന്നത്… അച്ഛൻ എപ്പോഴും അപ്പച്ചിയോട് പറയുന്നത് കേൾക്കാം അങ്കിളിന്റെ വിഷമം… ചൊവ്വ ദോഷം ഉള്ളത് കൊണ്ടാ ടീച്ചർ കല്യാണം കഴിക്കാൻ താമസിച്ചത് എന്ന്….

ഹ്ഹഹ്ഹ… “””” പുറത്ത് കുരവ ഇടുന്ന ശബ്ദം കേട്ടതും ഒരു ഞെട്ടലോടെ ഓർമ്മയിൽ നിന്നും പുറത്ത് വന്നവൻ…

ഇന്ന് ടീച്ചറിന്റെ കല്യാണം കൂടാൻ പോയ അച്ഛൻ ആ ടീച്ചറിനെ താലി കെട്ടി കൊണ്ട് വന്നിരിക്കുന്നു… “””

ഉച്ചക്ക് ഹെഡ്മാസ്റ്ററും ക്ലാസ് ടീച്ചറും കൂടി വീട്ടിൽ കൊണ്ട് വന്ന് വിടുമ്പോൾ ആകെ ഒരു അമ്പരപ്പ് ആയിരുന്നു… എന്റെ അച്ഛന് എന്തെങ്കിലും സംഭവിച്ചു കാണുമോ എന്നുള്ള പേടി…സംശയത്തിനു ആക്കം കൂട്ടാൻ എന്നോണം വീട്ടിൽ കൂടി നിൽകുന്ന ബന്ധുക്കൾ… “” അവരെയെല്ലാം വകഞ്ഞ് ഹെഡ്മാസ്റ്ററിന്റെ നിർദ്ദേശ പ്രകാരം ക്ലാസ് ടീച്ചർ എന്നെ മുറിയിലേക് കൊണ്ട് പോകുമ്പോൾ അപ്പച്ചിയുടെ മുഖത്തേക്ക് ആണ് നോക്കിയത്…

ആ മുഖത്ത് സന്തോഷം ആണോ സങ്കടം ആണോ ഒന്നും വേർതിരിച്ചറിയാൻ കഴിഞ്ഞില്ല…

“””ഒരു പ്രത്യേക സാഹചര്യത്തിൽ ചന്തുവിന്റെ അച്ഛന് ഗൗരി ടീച്ചറിനെ വിവാഹം കഴിക്കേണ്ടി വന്നു… “””ക്ലാസ് ടീച്ചറിൽ നിന്നും വാക്കുകൾ പുറത്തേക്ക് വന്നതും അവന്റ കണ്ണുകൾ ചുവരിൽ തൂക്കിയ അമ്മയുടെ ചിത്രത്തിലേക്ക് നീണ്ടു….

മുഹൂർത്തം ആയപ്പോൾ ചെറുക്കൻ വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറി..” ടീച്ചറിന്റെ അച്ഛൻ തളർന്നു വീഴുമ്പോൾ മറ്റ് വഴി ഇല്ലാതെ എല്ലാവരുടെയും നിർബന്ധത്തിന് ഹരി സാറിന് ഗൗരി ടീച്ചറിന്റെ കഴുത്തിൽ താലി കെട്ടേണ്ടി വന്നു…

അല്ലങ്കിലും മോന്റെ അമ്മ മരിച്ചിട്ട് വർഷം എട്ട് ആയില്ലേ..എത്ര നാൾ ആണ് അച്ഛൻ ഇങ്ങനെ ഒറ്റയ്ക്ക്‌ ജീവിക്കുന്നത്… ഒരു നാലഞ്ച് വർഷം കഴിഞ്ഞാൽ മോൻ ദൂരെ എവിടെ എങ്കിലും പഠിക്കാൻ പോകും പിന്നെ ഈ വലിയ വീട്ടിൽ അച്ഛന് ആരുണ്ട്… അല്ലങ്കിലും ഇതൊക്കെ നേരത്തെ ചെയ്യേണ്ടത് ആയിരുന്നു…”” ഇനി മോനെ അച്ഛന് ഒപ്പം ഒരു അമ്മയുടെ സ്നേഹം തരാൻ ഗൗരി ടീച്ചറും കാണും… “”

എല്ലാം പറഞ്ഞു മനസിലാക്കി ടീച്ചരും സാറും പോകുമ്പോൾ മുറിയിൽ കയറി ഇരുന്നത് ആണ് ആ പയ്യൻ…..

ചന്തു അവൻ എവിടെ..””” തങ്ങൾക്ക്‌ നേരെ നീട്ടിയ പാലിൽ നിന്നും കണ്ണ് എടുത്തയാൾ ചോദിക്കുമ്പോൾ കൂടി നിൽക്കിന്നവരിൽ തല മൂത്ത കാരണവർ അകത്തേക്ക് നോക്കി…

ആ ചെറുക്കൻ അവിടെ എവിടെയോ ഉണ്ട്‌… നീ ആദ്യം ആ പാല് കുടിക്ക് ഹരിയെ..'” ജീവിതത്തിലെ പുതിയ തുടക്കം ആണ്… “”

എന്റെ മോൻ ഇല്ലാതെ ഒരു തുടക്കവും ഒടുക്കവും എനിക്ക് വേണ്ട.. “‘ മറ്റൊരാളുടെ കണ്ണുനീർ തുടയ്ക്കാൻ വേണ്ടി എന്റെ മോന്റെ കണ്ണുനീർ വീഴ്ത്താൻ ഞാൻ ഒരുക്കം അല്ല..” ദേഷ്യം പിടിച്ചയാൾ അകത്തേക്ക് പോകുമ്പോൾ നിസ്സഹായതയോടെ ചുറ്റും കൂടി നിന്നവരെ നോക്കി ഗൗരി..””

ഹരി ഒരു പാവം ആണ് മോളെ.. “” നീ ഇത് ഒന്നും കണ്ട് വിഷമിക്കണ്ട…. “”നീ പോയി ഈ തുണിയൊക്കെ ഒന്ന് മാറ്റി വായോ..” എല്ലാം പെട്ടന്ന് ആയത് കൊണ്ട് അളവ് ഒന്നും അറിയില്ല… ഒന്ന് രണ്ട് തവണ കവലയിൽ വെച്ചു കണ്ട ഒരു ഓർമ്മയിൽ ഓടി പോയി അപ്പുറത്തെ ജൗളി കടയിൽ നിന്നും ഒന്ന് രണ്ട് തുണി വാങ്ങിയിട്ടുണ്ട്…””

ഹരിയുടെ പെങ്ങൾ അവളെ മുറിക്കുള്ളിലേക് കടത്തി വിട്ടു കൊണ്ട് മുകളിലേക്കു നോക്കി ഒന്ന് നെടുവീർപ്പ് ഇട്ടു…

രേവതി മരിച്ചതിൽ പിന്നെ ചന്തുവിന് വേണ്ടി മാത്രമാ ഹരി ജീവിച്ചത്..””” പ്രമോഷൻ വിത്ത്‌ ട്രാൻസ്ഫർ വന്നപ്പോൾ പ്രമോഷൻ വേണ്ടന്ന് വെച്ച് ഇവിടെ തന്നെ നിന്നത് അവന്റ പഠിത്തം ഓർത്ത് മാത്രം ആണ്.. “” ഒരു അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതം ആണ്…അച്ഛനും മോനും മാത്രം അല്ലെ ഉള്ളു…

ദേ നോകിയെ മിനിഞ്ഞാന്നത്തേ ചോറ് ആണ് ഫ്രിഡ്ജിൽ…. “” കറിയൊക്കെ രണ്ടാഴ്ച പഴക്കം കാണും… ചൂടാക്കി ചൂടാക്കി കഴിക്കും.. എനിക്ക് എന്നും ഓടി വരാൻ പറ്റുവോ എങ്കിലും മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഓടി വരും അന്ന് മോര് കാച്ചിയതും രസവും ഒക്കെ ഉണ്ടാക്കി വച്ചിട്ട പോകുന്നത്…”” അപ്പച്ചി ഫ്രിഡ്ജ് അടച്ചു കൊണ്ട് അവളെ നോക്കി…

ഇനി മോള് വേണം അവരുടെ ജീവിതതിൽ ഒരു അടുക്കും ചിട്ടയും കൊണ്ട് വരാൻ…. “” ഇനി എന്റെ പിള്ളേർക്ക് വയർ കേടാകാതെ ഭക്ഷണം കഴിക്കാമല്ലോ.. “” അവർ പറയുമ്പോൾ ഗൗരിയുടെ കണ്ണുകൾ ചുറ്റും ഒന്ന് പാഞ്ഞു…

അധികം ഉപയോഗിചിട്ടില്ലാത്ത അത്ര പഴക്കവും ഇല്ലാത്ത ഒരു ചെറിയ മോഡേൺ കിച്ചൻ…. “”

ഇന്നത്തേക്ക് ഉള്ളത് ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട് കേട്ടോ.. “” ഇത് അറിഞ്ഞു വന്നപ്പോഴെ അത് ആണ് ചെയ്തത് പുതുപെണ്ണ് വന്ന് കേറുമ്പോൾ നാല് ദിവസം പഴക്കം ഉള്ള ചോറ് എടുത്തു ചൂടാക്കി തരാൻ പറ്റുവോ.. “” ഹഹ… നാളത്തേക്കുള്ള അരിമാവും അരച്ച് വച്ചിട്ടുണ്ട്… “”

നാളികേരം പുറത്തെ തൊഴുത്തിൽ ഉണ്ട്‌.. “” പിന്നെ വേണ്ടതൊക്കെ ഈ അലമാരകളിൽ ഉണ്ട്‌… രണ്ട് ദിവസം കൊണ്ട് എല്ലാം പഠിച്ചോളും..” പറഞ്ഞ് കൊണ്ട് അവർ പുറത്തേക്ക് കണ്ണ് നീട്ടി..

അച്ഛനും മോനും വന്നില്ലല്ലോ കഴിക്കാൻ ഞാൻ വിളിച്ചു കൊണ്ട് വരാം അപ്പോഴേക്കും മോള് ഇതൊക്കെ ആ മേശപുറത്തേക്ക് എടുത്തു വയ്ക്ക്‌.. “”അവർ പോകുമ്പോൾ പറഞ്ഞതൊക്കെ അനുസരിച്ചവൾ…

അച്ഛനും മക‌നും പരസ്പരം ഒന്നും മിണ്ടാതെ ഇരുന്നു കഴിക്കുമ്പോൾ ആ അപ്പച്ചിയുടെ നിർബന്ധ പ്രകാരം ഒരു ഓരം അവളും ചേർന്നു….. തനിക്ക് മുൻപിൽ അടഞ്ഞ അച്ഛന്റെയും മകന്റെയും മുറിയുടെ വാതിലിൽ നോക്കിയവൾ മറ്റൊരു മുറി സ്വന്തം ആക്കിയിരുന്നു..

അച്ഛനോട് ദേഷ്യം ഉണ്ടോ മോന്.. “” പതിവ് പോലെ കട്ടിലിൽ അവന് ഒപ്പം തന്നെ അവനെ നെഞ്ചോട് ചേർത്തയാൾ ചോദിക്കുമ്പോൾ അവന്റ കണ്ണുനീർ ആ നെഞ്ചിനെ പൊള്ളിച്ചു…

പറ്റിപോയി അച്ഛന് മോനോട് അനുവാദം ചോദിക്കാനോ എന്റെ രേവതിയോട് അനുവാദം ചോദിക്കാനോ അച്ഛന് കഴിഞ്ഞില്ല… കണ്ണ് അടച്ചു തുറക്കും മുൻപേ അച്ഛന്റ്റെ ജീവിതം അച്ഛന്റ് കൈയിൽ പിടിയിൽ നിന്ന് വിട്ടു പോയിരുന്നു…..

ഹ്ഹ.. “” ഒരിക്കലും മോന്റെ ഇഷ്ടം കൂടാതെ അച്ഛൻ ഒരു ജീവിതം ആരംഭിക്കില്ല… മോന് ഇഷ്ടം അല്ലങ്കിൽ ടീച്ചറെ നാളെ തന്നെ നമുക്ക് കൊണ്ട് വിടാം..

മ്മ്ഹ്ഹ്.. “” വേണ്ടച്ഛ..” പാവമാ ഗൗരി ടീച്ചർ’..

ആ നിമിഷം പിടപോടെ ചാടി എഴുന്നേറ്റവൻ അയാളുടെ മുഖത്തെക്ക്‌ നോക്കി മിഴികൾ തുടച്ചവൻ….

അച്ഛൻ എനിക്ക് ബ്രെഡ്‌ റോസ്‌റ് തന്നു വിടുന്ന ദിവസം ടീച്ചർ ഒന്നും കഴിക്കാറില്ല.. ടീച്ചറിന്റെ ചോറ് എനിക്ക് തരും എന്നിട്ട് എന്നെ വഴക്ക് പറയും ബ്രഡ് കൊണ്ട് വരുന്നതിന്… വയർ ചീത്ത ആകും എന്ന് പറയും… എന്റെ അമ്മേ പോലെ വഴക്ക് പറയുന്നത് ടീച്ചർ മാത്രമേ ഉള്ളു….. “””ടീച്ചർ ഇവിടെ നിന്നോട്ടെ നമുക്ക് ചോറും കറിയും വെച്ച് തരാൻ ആള് ആവും…

ആ പതിമൂന്നു വായസുകാരൻ നിഷ്കളങ്കമായി പറഞ്ഞ് കൊണ്ട് ഉറക്കത്തിലേക്ക് പോകുമ്പോൾ അയാളും അറിയാതെ ചിരിച്ചു പോയി…ആ നിമിഷം അവളെ കുറിച്ച് ഓർത്തതും പതുക്കെ പുറത്തേക്ക് ചെന്നായാൾ….

ഗൗരി കിടന്നു….”” അതിനു ക്ഷീണം ഉണ്ട്… നാളെ വെളുപ്പിന് ഞാൻ അങ്ങ് പോകും ഇനി അച്ഛന്റെയും മോന്റെയും ആ കാര്യം ആ കൊച്ച് നോക്കികോളും.. പിന്നെ അതിന്റെ മനസ് വിഷമിപ്പിച്ചു എന്ന് അറിഞ്ഞാൽ ഞാൻ ഇങ് ഓടി വരും പറഞ്ഞേക്കാം.. “‘മുടി വാരി പൊത്തി അപ്പച്ചി ഉറങ്ങാൻ പോകുമ്പോൾ അയാളുടെ കണ്ണുകൾ അപ്പുറത്തെ മുറിയിലേക് നീണ്ടു…..

താലി കെട്ടിയവന് ഒപ്പം പ്രതീക്ഷയോടെ ജീവിതം തുടങ്ങിയവൾ… ഒരു വാക്ക് കൊണ്ട് പോലും അവൾക് പ്രതീക്ഷ നൽകാൻ കഴിയാത്തവൻ ഞനും…”” അയാളുടെ കണ്ണുകൾ രണ്ട് മുറിയിലെക്കും മാറി മാറി നീണ്ടു…

താഴെ നിന്നും കേൾക്കുന്ന കളി ചിരി കാതിൽ പതിഞ്ഞപോൾ ആണ് അയാൾ കണ്ണ് തുറന്നത്… അടുത്ത് ചന്തു ഇല്ല…. പതുക്കെ താഴേക്ക് വരുമ്പോൾ കണ്ടു ഗൗരി ചുട്ട് കൊടുക്കുന്ന ചൂട് ദോശ ആർത്തിയോടെ കഴിക്കുന്നവനെ…

അച്ഛന് ദോശ ഒന്നും ചുടാൻ അറിയില്ല ടീച്ചറെ.. “” എന്നും ബ്രെഡ്‌ കഴിച്ചു മടുത്തു..
ഇനി എന്നും ദോശ ചുട്ട് തര്വോ…. “” ചട്ണിയിൽ കൈ മുക്കി നാവിൽ വെച്ചവൻ ചോദിക്കുമ്പോൾ ആ മുടിയിൽ തലോടി അവൾ..

പിന്നെ എന്താ തരമല്ലോ.. “”

അപ്പോൾ ഇനി എന്നും നമുക്ക് ഒരു ടിഫിൻ ആണോ ടീച്ചറെ.. “” വീണ്ടും അവന്റ ചോദ്യം ഉയരുമ്പോൾ നേരിയ തോതിൽ ചുമച്ചു കൊണ്ട് അവിടേക്ക് വന്നു ഹരി…

ആ നിമിഷം ഒരു ഗ്ലാസിലേക് ചായ പകർന്നവൾ അവന് നേരെ നീട്ടുമ്പോൾ ചന്തു കുലുങ്ങി ചിരിച്ചു…

അച്ഛൻ ഉണ്ടാക്കും പോലെ അല്ല നല്ല മധുരം ഉണ്ട്‌… “”

പോടാ അവിടുന്ന്.. “” ചെറിയ തോതിൽ ശാസിച്ചു കൊണ്ട് അയാൾ ചായ വാങ്ങുമ്പോൾ ഗൗരിയും അറിയാതെ ചിരിച്ചു പോയി……

ആ അച്ഛന്റെയും മകന്റെയും കളി ചിരികൾക്ക് ഇടയിൽ ഒരു ഭാഗമായി തീർന്നു കഴിഞ്ഞിരുന്നു അവളും……..രാവിലെ രണ്ട് പേർക്കും ടിഫിൻ കെട്ടി കൊടുക്കാനും വൈകുന്നേരം അവനെ പഠിപ്പിക്കാനും തൊടിയിൽ അവന് ഒപ്പം നടക്കാനും ഗൗരി ടീച്ചർ ആയിരുന്നു അവനു കൂട്ട്…

“”അയ്യേ അമ്മേ കേറി ആരെങ്കിലും ടീച്ചർ എന്ന് വിളിക്കുവോ..”ഏതോ ഒരു ദിവസം കുട്ടികളിൽ നിന്നും ഉയർന്നു വന്ന ചോദ്യം അവനെ ഒന്ന് ഉലച്ചു….

അമ്മ..” തെറ്റ് ആണോ അങ്ങനെ വിളിക്കുന്നത്..” അവനിലും സംശയങ്ങൾ നിറഞ്ഞൊരു ദിവസം തൊടിയിൽ വെച്ച് അവളുടെ കൈ പിടിച്ചു നിർത്തി അവൻ…

ടീച്ചറെ ഞാൻ… ഞാൻ അമ്മേന്ന് വിളിച്ചോട്ടെ…”’ പേടിച്ച് ആണ് അവൻ ചോദിച്ചത്..” ആ നിമിഷം ഒരു പൊട്ടി കരച്ചിലോടെ അവനെ നെഞ്ചിലെക്ക്‌ ചേർക്കുന്ന ഗൗരി ടീച്ചർ പ്രസവിക്കാതെ തന്നെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി കഴിഞ്ഞിരുന്നു…..

അച്ഛൻ എന്തിനാ എന്നും എന്റെ കൂടെ കിടക്കുന്നത് എനിക്ക് ഒത്തിരി പഠിക്കാൻ ഉണ്ട്‌… അപ്പുറത്ത് അമ്മയുടെ മുറിയിൽ പോയി കിടന്നോ..” അന്ന് ഒരു രാത്രിയിൽ അച്ഛനെ വലിച്ച് അമ്മയ്ക്ക് ഒപ്പം വിട്ടവൻ കതക് അടയ്ക്കുമ്പോൾ അച്ഛനും പുതു ജീവിതം തുടങ്ങാൻ പറയാതെ പറഞ്ഞ് കഴിഞ്ഞിരുന്നവൻ….

ആഹാ..”” ചന്തു രണ്ട് ലഡ്ഡു തന്നെ വേണം ഞങ്ങൾക്ക്‌…..ഒൻപതാം ക്ലാസ്കാരന്റെ കൈയിൽ ഇരുന്ന ബോക്സ്ൽ നിന്നും ടീച്ചർമാർ രണ്ട് ലഡ്ഡു വീതം എടുക്കുമ്പോൾ അവന്റ ചുണ്ടിൽ നേരിയ ചിരി വിടർന്നു കണ്ണുകളിൽ ആവേശം നിറഞ്ഞു…

തനിക്ക് ആയി അച്ഛനും അമ്മയും തന്ന ഓണ സമ്മാനം രണ്ട് കുഞ്ഞി പെങ്ങൾമാർക്ക് അടുത്തേക്ക് ഓടി എത്താനുള്ള ആവേശം…..

രണ്ട് പഞ്ഞി കെട്ടുകൾക്ക്‌ നടുവിൽ കിടക്കുന്നവന്റെ മുടിയിഴകളെ പതുക്കെ തലോടി ഗൗരി എന്ന അവന്റെ ടീച്ചർ അല്ല അമ്മ വീണ്ടും ചൊല്ലി കൊടുത്തവന് പാഠങ്ങൾ….

“””””ശ്ലഥകാകളിവൃത്തത്തിൽ വൃത്തത്തില്‍ രണ്ടാം പദത്തില്‍ അന്ദ്യമായ്
രണ്ടക്ഷരം കുരന്ജീടില്‍ അത് മഞ്ജരി ആയിടും … “””

Leave a Reply

Your email address will not be published. Required fields are marked *