(രചന: മിഴി മോഹന)
കൈ വെള്ളയിൽ തിളങ്ങുന്ന മഞ്ഞ ലോഹത്തിലെക്ക് നോക്കുമ്പോൾ അറിയാതെ നിറഞ്ഞു വന്ന മിഴികൾ പതുക്കെ ഉയർത്തി… “”
ഉള്ളിലെ സന്തോഷം കൊണ്ട് ആണോ അതോ പ്രാരാബ്ദം നിറഞ്ഞ ജീവിതത്തിൽ സ്വപ്നം പോലും കാണാൻ കഴിയാത്ത ഈ ലോഹം കൈ വെള്ളയിൽ വെച്ച് തന്നവനോട് തോന്നിയ നേരിയ പരിഭവം ആണോ വാക്കുകൾ ആയി പുറത്തേക്ക് വന്നത് എന്ന് അറിയില്ല…
എന്തിനാ ഉണ്ണി ഈ കാശ് ഇല്ലത്തെ സമയത്ത് ഇത് വാങ്ങിയത്…. അമ്മയ്ക്ക് ഇപ്പോൾ ഇത് ഒന്നും ഇടാൻ മോഹം ഇല്ല..””പറയുമ്പോഴും ഒരു പണമിട സ്വർണ്ണം എന്റെ വലത്തേ കൈയിൽ മുറുക്കി പിടിച്ചിരുന്നു..
ആദ്യത്തെ സാലറിയിൽ കിട്ടിയപ്പോൾ കൂട്ടി വെച്ച ബാക്കി കാശും കൊണ്ട് വാങ്ങിയതാ അമ്മേ..” ഓർമ്മ വെച്ച നാൾ മുതൽ ഈ കാതും കഴുത്തും കൈകളും ചെമ്പിച്ചു കിടക്കുന്നത് കണ്ട് അല്ലെ ഞാനും വളർന്നത്… എനിക്കും കാണില്ലേ ആഗ്രഹം എന്റെ അമ്മ ഒരു കുഞ്ഞ് സ്വർണ്ണ കമ്മൽ എങ്കിലും ഇട്ട് കാണാൻ….””
പക്ഷെ മോനെ…. “”
ഒരു പക്ഷെയും ഇല്ല അത് വാങ്ങി അങ്ങ് കാതിൽ ഇട് എന്റെ അമ്മിണി.. “” തൊഴിലുറപ്പിന് പോകാനായി വിളിക്കാൻ വന്ന രമ കൈയിൽ ഇരുന്ന തൂമ്പ ഇറയത്തു വച്ചു കൊണ്ട് അകത്തേക്ക് കയറി…
ഇങ്ങു തന്നേടി ഞാൻ ഒന്ന് നോക്കട്ടെ.. “‘ രണ്ട് കൈയും പുറകിൽ തൂത്തു കൊണ്ട് രണ്ട് മൊട്ടു കമ്മലുകൾ കൈയിൽ എടുത്തു നോക്കി രമ…
കൊള്ളാമല്ലോ..”” എത്ര നാൾ ആയുള്ള നിന്റെ ആശ ആയിരുന്നു ഒരു മൊട്ടു കമ്മൽ എങ്കിലും വാങ്ങണം എന്ന്.. ഇപ്പോ കൊച്ചൻ കൊണ്ട് തന്നപ്പോൾ പറയുന്നത് കേട്ടില്ലേ.. “”
ഇതിന്റെ കാശ് കൂടി കൊടുത്തിരുന്നെങ്കിൽ ആ പലിശക്കാരൻ അണ്ണാച്ചിയുടെ രണ്ട് മാസത്തെ അടവ് അങ്ങ് തീരില്ലേ എന്റെ രമേ .. “” ഞാൻ അത് വെച്ച് പറഞ്ഞതാ…. “”
പിന്നെ അണ്ണാച്ചി അയാൾ ഇന്ന് വരും നാളെ പോകും..” നീ ആ കാത് ഇങ്ങു തന്നെ ഈ ചെമ്പു ഊരി കളഞ്ഞിട്ട് ഇത് ഒന്ന് ഇട്ടേ.. “”ഭാസ്കരേട്ടൻ പോയതോടെ നിങ്ങടെ നല്ല കാലം തുടങ്ങി കാണും… ഉണ്ണിയും ഒന്ന് പച്ച പിടിച്ചു തുടങ്ങി അതിന്റെ ആദ്യ പടി ആണ് പെണ്ണെ ഇത്..”” കാതിലെ ചെമ്പ് ഊരി ചെറിയ വേദനയോടെ പൊടി സ്വർണ്ണം കയറുമ്പോൾ അതിനേക്കാൾ നെഞ്ചു കുത്തി പറിക്കുന്ന വേദന ആയിരുന്നു ആ വാക്കുകൾക്ക്…..
ഒരിക്കൽ പോലും ഓർക്കാൻ ആഗ്രഹിക്കാത്ത ഇരുളാർന്ന ജീവിതം..”” എന്റെ കണ്ണുകൾ ഉണ്ണിയിലേക് പോയി വലത്തെ നെറ്റി തടത്തിൽ ആഴ്ന്നു കിടക്കുന്ന മുറിവ്…… “” ഏഴാം വയസിൽ വിളക്കിന്റെ തലപ്പു കൊണ്ട് അയാൾ നൽകിയ സമ്മാനം സ്വന്തം അച്ഛൻ… “”
ഇപ്പോൾ നല്ല ചേല് ആയിട്ടുണ്ട്.. “” ഇന്ന് തൊഴിലുറപ്പിനു ചെല്ലുമ്പോൾ എല്ലാ കുശുമ്പികളുടെയും കണ്ണുകൾ എന്റെ അമ്മിണിയിൽ ആയിരിക്കും അല്ലെ ഉണ്ണി .. “” മുഖം പിടിച്ചു രമ ചോദിക്കുമ്പോൾ നിറഞ്ഞു വന്ന കണ്ണുകൾ ഉണ്ണിയിൽ നിന്ന് ഒന്ന് വെട്ടിച്ചു..
അമിത സന്തോഷം എന്നും സങ്കടം മാത്രം ആണ് തന്നിട്ടുള്ളത്.. അത് കൊണ്ട് ആയിരിക്കും ചിരിക്കാൻ പോലും എന്റെ ചുണ്ടുകൾ ഭയക്കുന്നത്..”
എന്നാൽ നമുക്ക് ഇറങ്ങാമെടി.. “” ഇന്ന് ads വരും… ഒൻപത് മണിക്ക് കണ്ടില്ലെങ്കിൽ ഇന്നത്തെ പകുതി കൂലി പോകും.. “” രമ പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങിയതും ഉണ്ണി അവളുടെ കൈയിൽ കടന്നു പിടിച്ചു…
രമയമ്മേ ഒരു സാരി ആണ്…. “” ഇപ്പോൾ എന്റെ കൈയിൽ ഇതിനുള്ള വകയെ ഉള്ളു..”’ ചെറിയ ഒരു പൊതി ആ കൈലേക്ക് ഏല്പിക്കുമ്പോൾ പൊട്ടി കരഞ്ഞവൾ അത് നെഞ്ചോട് ചേർക്കുമ്പോൾ എന്റെ കണ്ണും നിറഞ്ഞു….
വാടി അമ്മിണി.. “”” നമുക്ക് പോകാം ഇനിയും നിന്നാൽ ഞാൻ കരഞ്ഞു കൂവി സമയം കളയും.. ” ആ സാരി പൊതി അഴിച്ചു ഭംഗി നോക്കുന്നവളെ നോക്കി നിൽക്കുന്ന ഉണ്ണിയുടെ തോളിൽ പിടിച്ചു ഞാൻ..
മോനെ .. “”അമ്മ ചോറ് എടുത്തു വച്ചിട്ടുണ്ട്.. “” വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഇരുട്ട് ആകാൻ നിൽക്കണ്ട…. ഇറങ്ങുമ്പോൾ കതക് ചാരണെ.. “” ഉറക്കെ പറഞ്ഞ് കൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ സാരി കക്ഷത്തിൽ ഒതുക്കി തൂമ്പ കൈയിൽ എടുത്തു രമ..
നമ്മുടെയൊക്കെ വീട്ടിൽ നിന്നും എന്ത് എടുത്തു കൊണ്ട് പോകാനാ എന്റെ അമ്മിണി.. “” നമ്മുടെ വിലപിടിപ്പ് ഉള്ളത് നമ്മുടെ കൈയിൽ തന്നെ ഇല്ലേ.. “”
ഒന്ന് പോടീ പെണ്ണെ അല്ലങ്കിലും എന്റെ ഉണ്ണിഉള്ളത് നിനക്ക് കൂടി ഉള്ളത് അല്ലെ
അവൻ നിന്റെ അല്ലെ… … “” പെറ്റത് ഞാൻ ആണെങ്കിലും അവന്റെ ജീവൻ സംരക്ഷിച്ചത് നീ അല്ലെ.. “” പെറ്റ വയറിനെക്കാൾ സുരക്ഷിത്വം ഉണ്ടായിരുന്നു നിന്റെ സാരിതുമ്പിന്..””
പാടവരമ്പു പിന്നിട്ട് പോകുമ്പോൾ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ എന്നെ വീണ്ടും കുത്തി നോവിച്ചു തുടങ്ങിയിരുന്നു..
അക്കരെ കാവിൽ നിന്നും ഭാസ്കരേട്ടന്റെ കൈ പിടിച്ചു വരുമ്പോൾ നൂറ് ആയിരം സ്വപ്നങ്ങൾ ആയിരുന്നു മനസ്സിൽ നെയ്തു കൂട്ടിയത്….”” വീട്ടിലെ ദാരിദ്ര്യത്തിൽ നിന്നും മകൾക് എങ്കിലും ഒരു മോചനം ഉണ്ടാകട്ടെ എന്ന് കരുതി അച്ഛൻ കൈ പിടിച്ചു കൊടുത്തത് കള്ളിനും കഞ്ചാവിനും മാത്രം അടിമ ആയിരുന്ന ഒരു മനുഷ്യന്റെ കൈയിലേക്ക് ആയിരുന്നു എന്ന് അറിഞ്ഞത് ആദ്യ രാത്രിയിൽ ആണ്…
മുൻപിൽ ഉള്ളത് ജീവനുള്ളവൾ ആണെന്നുള്ള പരിഗണന പോലും തരാതെ വെറും മാംസ പിണ്ഡത്തോട് കാണിക്കുന്ന ആർത്തിയിൽ അയാൾ എന്നെ കൈ വരുതിയിൽ ആക്കുമ്പോൾ വേദനയ്ക്ക് അപ്പുറവും അച്ഛന്റെയും സഹോദരൻമാരുടെയും മുഖം ആയിരുന്നു മനസിൽ…
പിന്നീടുള്ള ദിവസങ്ങളിലും സ്ഥിതി മറിച്ച് ആയിരുന്നില്ല… അന്തി ആകുമ്പോൾ ദൂരെ നിന്നെ കയറി വരുന്ന മനുഷ്യനെ കാണുമ്പോൾ ഉള്ളിൽ ഒരു ആന്തൽ ആണ്…..
നാലു കാലും നിലത്തുറയ്ക്കാതെ കയറി വരുന്ന മനുഷ്യൻ എന്നെയോ അമ്മയെയോ പോലും ഒരു വറ്റു കഴിക്കാൻ സമ്മതിക്കില്ല…. ചോറും കലം അതെ പടി എടുത്തു പാടത്തേക്ക് എറിയുമ്പോൾ അമ്മയുടെ നെഞ്ച് ആണ് വിങ്ങുന്നത്… പാവം ഏതെങ്കിലും വീട്ടിൽ പോയി അരി പാറ്റി കൊടുത്തും ഉരൽ ഇടിച്ചും കൊടുത്തും കിട്ടുന്ന അരിമണികൾ ആണ് അത്…””
അതിനിടയിൽ വയറ്റിൽ കുരുത്ത കുഞ്ഞ് ഏഴാം മാസം ആരുടെയും അനുവാദം കൂടാതെ പുറത്തേക്ക് വരുമ്പോൾ അതിന് പഴി കേട്ട് തുടങ്ങി.. “” അയാളുടെ കുഞ്ഞ് അല്ല എന്നത് ആയിരുന്നു വാദം…..
എല്ലാം മതിയാക്കി അച്ഛന് ഒപ്പം അക്കരെ കാവിലെ വീട്ടിലേക്ക് പോകുമ്പോൾ കുഞ്ഞിനെ നെഞ്ചോട് അടക്കി പിടിച്ചിരുന്നു.. “” പക്ഷെ മൂന്നാം ദിവസം ആങ്ങളമാർക്ക് ഞാൻ ഒരു ബാദ്യത ആണെന്ന തിരിച്ചറിവിൽ ഇനി എന്ത് എന്നുള്ള ചോദ്യ ചിഹ്നം മുൻപിൽ നിൽകുമ്പോൾ ആണ് രമയും ശങ്കരേട്ടനും കൂടി വരുന്നത്….
അയൽക്കാർ എന്നതിന് ഉപരി ഭാസ്കരേട്ടന്റെ സുഹൃത്ത് ആണ് ശങ്കരേട്ടൻ……. “” അമ്മയ്ക്ക് സുഖം ഇല്ല എന്ന് പറയാൻ ആണ് അവർ വന്നത്… തിരിച്ചവരുടെ കൂടെ പോകാൻ ഒരുങ്ങുമ്പോൾ അച്ഛനും വിലക്കിയില്ല… മകളും കുഞ്ഞും ഇനി ഒരു ബാദ്യത ആവരുത് എന്ന് അച്ഛനും ആഗ്രഹിച്ചു കാണും….
തിരികെയുള്ള യാത്രയിൽ രമയുടെ കൈകളിൽ ഏല്പിച്ചത് ആണ് ഉണ്ണിയെ.. “” ഇന്നോളം ഞാൻ അവനെ പട്ടിണിക്ക് ഇട്ടിട്ടില്ല…. “” അമ്മയ്ക്ക് പകരം മറ്റു വീടുകളിലെ പണിക്ക് ഞാൻ പോയി തുടങ്ങിയപ്പോൾ രമയുടെ കൈകളിലെ ലാളനയാണ് അവൻ ഏറ്റു വാങ്ങിയത്….
പാതി വഴിയിൽ ശങ്കരേട്ടൻ യാത്ര പറയുമ്പോൾ മച്ചി പെണ്ണ് എന്നുള്ള വിളിക്കുന്നവരുടെ മുന്പിൽ ഉണ്ണിയെ ചൂണ്ടി അവൾ പറയും എന്റെ മോൻ ആണ് അതെന്നു…
എനിക്ക് ഒപ്പം പണിക്ക് വന്ന് തുടങ്ങുന്ന കാലങ്ങളിൽ എന്നേക്കാൾ ആദിയാണ് അവൾക്… വൈകുന്നേരം ഉണ്ണി സ്കൂൾ വിട്ട് വന്നു കഴിഞ്ഞു എന്തെങ്കിലും കഴിച്ചു കാണുവോ… “അവൻ കുളിച്ചു കാണുവോ…”” അവളുടെ ആ ആദി കാണുമ്പോൾ ചെറിയ കുശുമ്പ് ഉണ്ടാകും എങ്കിലും ആ കുശുമ്പ് എനിക്ക് ഒരു ഹരം ആയിരുന്നു…..
ഓരോ രാത്രിയിലും ഉണ്ണിയുടെ പിതൃത്വം ചൊല്ലി ഭാസ്കരേട്ടൻ എന്നെ ദ്രോഹിക്കുമ്പോൾ രമയുടെ അടുക്കള പുറത്ത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ അവൾ വാരി കൊടുക്കുന്ന ആഹാരത്തിന്റെ രുചി അറിഞ്ഞ് ആണ് അവൻ വളർന്നത്…..
ഒരിക്കൽ മാത്രം അയാൾക് നേരെ അവൾ വിളക് എടുക്കുമ്പോൾ ആ വിളക്കിൽ എന്റെ ഉണ്ണിയുടെ രക്ത കറ ഉണ്ടായിരുന്നു… ബോധം അറ്റ് കിടക്കുന്നവനെ നെഞ്ചിൽ ചേർത്തു ഞാൻ അലമുറ ഇടുമ്പോൾ ആ വിളക്കിന് അയാളുടെ തല അവളും തല്ലി പൊട്ടിച്ചു……
“” കേസും കൂട്ടവുമായി കുറച്ചു നാൾ മുൻപോട്ട് പോയെങ്കിലും അവൾക് ഒപ്പം ഞാനും ഉണ്ണിയും നിന്നപ്പോൾ അയാളുടെ വാശി ഏറി.. “” പല രീതിയിൽ ഉപദ്രവം നേരിടുമ്പോഴും ഒരു ചെറുത് നിൽപ്പ് തന്നെ ആയിരുന്നു….. കുടുംബശ്രീയിൽ നിന്നും പിടിക്കുന്ന ചിട്ടി കാശ് വരെ കൈ കരുത്തു കൊണ്ട് കൈക്കൽ ആക്കുമ്പോൾ നിസ്സഹായത ആയിരുന്നു മുൻപിൽ….
അപ്പോഴും ജീവിക്കാൻ പ്രേരിപ്പിച്ചത് ഉണ്ണി മാത്രം ആയിരുന്നു… ഗവണ്മെന്റ് സ്കൂളിൽ നിന്നും ഉന്നത വിജയതോടെ അവൻ പാസ്സ് ആകുമ്പോൾ പ്രതീക്ഷകൾ വീണ്ടും കൂട് കൂട്ടി… ”
കോളേജിൽ ചേർന്ന കാലം മുതൽ എനിക്ക് കൈ താങ്ങ് ആയി അവനും ഉണ്ടായിരുന്നു…. വെളുപിനെ പത്രം വിറ്റും… വൈകുന്നേരം കുഞ്ഞ് കുട്ടികൾക്ക് ട്യൂഷൻ എടുത്തും അവനും ജീവിത ചിലവുകൾ രണ്ട് അറ്റം കൂട്ടി മുട്ടിച്ചു തുടങ്ങിയിരുന്നു..””
അമിത മദ്യപാനം മൂലം അയാൾ മരണപെടുമ്പോൾ ഒരിറ്റ് കണ്ണുനീർ ഞങൾ രണ്ടു പേരിൽ നിന്നും വീണില്ല…”” പണത്തിന് കുറവ് ഉണ്ടെങ്കിലും.. രമ പറയും പോലെ സമാധാനം ഞങ്ങളെ തേടി വന്നു…. ഭയം മാറി ഉറങ്ങാൻ കഴിയുന്നുണ്ട് ഇന്ന്…….
അച്ഛൻ എന്ന വ്യക്തിയിൽ നിന്നും ഒരു സഹായം പറ്റാതെ ഇന്ന് എന്റെ മകൻ സ്വന്തം ആയി ഒരു ജോലി തേടി എടുത്തു…. സ്വന്തം കാശിനു വൈകുന്നേരങ്ങളിൽ psc പഠിക്കുന്നുണ്ട്….. നല്ല ജോലി കിട്ടും എന്നുള്ള പ്രതീക്ഷ അതാണ് ഈ ജീവിതം.. “”
ഓർമ്മക്ളിൽ നിന്നും പുറത്ത് വരുമ്പോൾ പണി സ്ഥലത്ത് എത്തി കഴിഞ്ഞിരുന്നു…
ഭാസ്കരൻ പോയപ്പോൾ തന്നെ അമ്മിണി കൊഴുത്തു..” ദേ ഇപ്പോ പൊന്നും പണ്ടവും വന്നു തുടങ്ങി.. “” ആ ഇനി ആരും പറിച്ചു കൊണ്ട് പോകും എന്ന് പേടിക്കണ്ടല്ലോ… “””ചുറ്റും കൂടി നിന്നവർ കളിയാക്കിയത് ആണെങ്കിലും മറുത്ത് ഒന്ന് പറയാൻ പോയില്ല…
അച്ഛനെ പോലെ മോനും കുടിയൻ ആയില്ലല്ലോ അത് തന്നെ നിന്റെ ഭാഗ്യം..”” എന്നാലും സൂക്ഷിക്കണം.. ഇപ്പോഴത്തെ പിള്ളേർ ആണ് വഴി തെറ്റി പോയാൽ തീർന്നു എന്റെ അമ്മിണിയെ.. “”താടിക്ക് കൈ കൊടുത്ത് കൊണ്ട് പെണ്ണുങ്ങൾ പറയുമ്പോൾ രമ കണ്ണുകൾ കൊണ്ട് രൂഷമായി മറുപടി കൊടുത്തു കഴിഞ്ഞിരുന്നു..
നീ ഇത് ഒന്നും കാര്യം ആക്കണ്ട അമ്മിണി.. ഇച്ചിരി പച്ച പിടിച്ചാൽ എല്ലാത്തിനും കുശുമ്പ് കേറും… ആയിരം കുടത്തിന്റെ വാ മൂടാൻ പറ്റും ഇവളുമാരുടെത് പറ്റുവോ.. നീ വാ..””” വീണ്ടും ധൈര്യം നൽകി കൂടെ അവൾ നിൽകുമ്പോൾ എനിക്ക് മറ്റൊന്നും വേണ്ടി ഇരുന്നില്ല…
എല്ലാം ഒരുക്കിയോടി അമ്മിണി.. “”” മൂക്ക് പിഴിഞ്ഞു കൊണ്ട് രമ ചോദിക്കുമ്പോൾ കണ്ണു നിറഞ്ഞു എന്റെ…
നീ എന്തിനാടി അമ്മിണി പെണ്ണേ കരയുന്നത്… ദൂരെ എങ്ങും അല്ലല്ലോ കേരളത്തിൽ തന്നെ അല്ലെ ഏറിയാൽ അഞ്ചോ ആറോ മണിക്കൂർ… നിന്നെ കാണണം എന്ന് തോന്നിയ ഞാൻ അങ്ങ് ഓടി വരും.. “” പിന്നെ വിഷമം എന്താണെന്ന് വച്ചാൽ നിന്നോട് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരുന്നില്ല എങ്കിൽ അന്ന് ഉറക്കം വരില്ല.. “”
രമേ.. “” എടി ഞാൻ പോകുന്നില്ലടി മോളെ എനിക്കും വയ്യടി നീ ഇല്ലാതെ…. “” ആ നെഞ്ചിലേക് ചായുമ്പോൾ അവളുടെ വാക്കുകൾ വഴി മാറി..
പോകുന്നില്ലന്നോ.. എന്ത് വർത്തമാനം ആണടി പറയുന്നത്… നമ്മുടെ ഉണ്ണീടെ കാര്യം അല്ലെ… നമ്മൾ ആഗ്രഹിച്ചത് പോലെ സബ് ഇൻസ്‌പെക്ടർ ആയി അവൻ… അങ്ങ് ദൂരെ ഒറ്റക്ക് ഒന്നും നിർത്തണ്ടാ… അവന്റ ഇഷ്ടങ്ങൾ വേറെ ആരെങ്കിലും ചെയ്തു കൊടുത്ത മതിയോ..” അല്ലെ പറയുന്നത് കേട്ടില്ലേ.. “”
ദേഷ്യം ഭാവിച്ചവർ താടിക്ക് കൈ കൊടുക്കുമ്പോൾ ചിരിയോടെ അകത്തു നിന്നും പുറത്തേക് വന്നു ഉണ്ണി..
അതിന് എന്റെ ഇഷ്ടങ്ങൾ അമ്മയ്ക്ക് അല്ലല്ലോ അറിയുന്നത് രമ അമ്മയ്ക്ക് അല്ലെ…. അപ്പോൾ കൂടെ വരേണ്ടത് രമ അമ്മ അല്ലെ..? “”
ചോദ്യത്തിന് ഒപ്പം ചിരിച്ചു കൊണ്ട് നൽകുന്നവൻ മാറി മാറി നോക്കി ഇരുവരും… “” അച്ഛനെ തോൽപിച്ച മകൻ…..
ചെല്ല് പോയി അത്യാവശ്യം വേണ്ടത് എടുത്തു കൊണ്ട് വാ..””” അവിടെ ചെന്നാലും മിണ്ടിയും പറഞ്ഞും ഇരിക്കാൻ ആള് വേണ്ടേ എന്റെ അമ്മയ്ക്ക്… പിന്നെ എനിക്ക് ഇഷ്ടപെട്ട കുടം പുളി ഇട്ട മീൻ കറി വച്ചു തരാനും… അറിയാതെ കണ്ണു നിറയുമ്പോൾ രണ്ട് ചീത്ത വിളിക്കാനും രമ അമ്മ അല്ലെ എനിക്ക് ഉള്ളത്… ” എന്റെ വീട്ടിൽ അല്ല എന്റെ ഹൃദയത്തിൽ എന്റെ അമ്മയ്ക്ക് ഒപ്പം ആണ് നിങ്ങൾക് സ്ഥാനം…'””അവൻ പറഞ്ഞ് തീരുമ്പോൾ ഞാൻ അവളുടെ കൈയിൽ പിടിച്ചു..
ഓടി പോയി തുണി മാറി വാടി.. “” മിണ്ടിയും പറയാനും എനിക്കും കൂടെ വേണ്ടേ നീ.. “”
ഉണ്ണിക്ക് ഒപ്പം യാത്ര തിരിക്കുമ്പോൾ അവൻ ആദ്യമായി മേടിച്ചു കൊടുത്ത സാരിയുടെ പുത്തൻ മണം പോലും മാറിയിരുന്നില്ല….. “” ഇനി പുതു ലോകത്തേക്ക് ആ അമ്മമാർക്ക് ഒപ്പം അവനും ജീവിത യാത്ര തുടങ്ങി…