അവന്റൊപ്പം ചെല്ലണം. ഏതോ ഒരു ഫ്രണ്ടിന്റെ വീട്ടിൽ.. അവിടെ ഒരാഴ്ചത്തേക്ക് ആളില്ലത്രേ… ചെന്നില്ലേൽ എന്റെ ഈ ഫോട്ടോ സോഷ്യൽ മീഡിയാസിൽ ഇടുമെന്ന് “

(രചന: പ്രജിത്ത്‌ സുരേന്ദ്രബാബു)

“എനിക്ക് വയ്യ ജീനാ… ചത്ത് കളഞ്ഞാലോ ന്ന് ആലോചിക്കുവാ ഞാൻ.”

ഏറെ അസ്വസ്ഥയായിരുന്നു ശിവാനി.

” ഇപ്പോൾ ഇനി പറഞ്ഞിട്ട് എന്ത് കാര്യം. ആദ്യം മുതലേ ഞാൻ നിന്നോട് പറഞ്ഞതല്ലെ അവൻ ആളത്ര വെടിപ്പല്ല എന്ന്. അന്നേരം നീ അത് മൈൻഡ് ആക്കീല.. ഇപ്പോൾ കുരുക്കിൽ പെട്ടപ്പോ ബോധോദയം വന്നു അല്ലേ.. ”

കുറ്റപ്പെടുത്തൽ നിറഞ്ഞ ജീനയുടെ ആ വാക്കുകൾക്ക് മുന്നിൽ തലകുമ്പിട്ട് മൗനമായി ശിവാനി. അത് കണ്ട് ജീനയും അസ്വസ്ഥയായി.

“അവനിപ്പോ എന്താ പറയുന്നെ… എന്താ അവന്റെ ആവശ്യം.. കാശാണോ.. ”

ആ ചോദ്യം കേട്ട് ദയനീയമായി അവളെ ഒന്ന് നോക്കി ശിവാനി. അത് കണ്ടിട്ട് ജീനയ്ക്ക് വീണ്ടും കലി കയറി.

” ഊമയെ പോലിരിക്കാതെ പറയ് കോപ്പേ… എന്താ അവന്റെ ആവശ്യം. ”

“അ… അത്.. കാശല്ല ആവശ്യം. അവന്റൊപ്പം ചെല്ലണം. ഏതോ ഒരു ഫ്രണ്ടിന്റെ വീട്ടിൽ.. അവിടെ ഒരാഴ്ചത്തേക്ക് ആളില്ലത്രേ… ചെന്നില്ലേൽ എന്റെ ഈ ഫോട്ടോ സോഷ്യൽ മീഡിയാസിൽ ഇടുമെന്ന് ”

പറഞ്ഞവസാനിപ്പിക്കുമ്പോൾ ശിവാനിയുടെ മിഴികളിൽ നനവ് പടർന്നിരുന്നു.

” ഓ അപ്പോ സെ ക്സ് ആണ് ആവശ്യം…. എവിടേ.. ആ ഫോട്ടോ നോക്കട്ടെ…. ”

അവളെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് ഫോൺ കയ്യിലേക്ക് വാങ്ങി ജീന. നഗ്നയായ ശിവാനിയുടെ ആ ഫോട്ടോ അല്പസമയം സംശയത്തോടെ നോക്കി നിന്നു അവൾ.

” എടിയേ… ഇത് മോ ർഫിഗ് തന്നെയാണോ.. അതോ… കൂട്ടുകാരന്റെ വീട്ടിൽ മുന്നേ എപ്പോഴേലും അവന്റൊപ്പം പോയിട്ടുണ്ടോ നീ… കണ്ടിട്ട് ഒർജിനൽ പോലുണ്ട്.”

ആ കമന്റ് കേട്ട് ദയനീയമായി വീണ്ടും ജീനയെ നോക്കി ശിവാനി.

” ദൈവദോഷം പറയല്ലേ ജീനാ… അത്രക്ക് മോശം പെണ്ണൊന്നുമല്ല ഞാൻ. ഒരുപാട് നിർബന്ധിച്ചപ്പോ ഈ വാലന്റയിൻസ് ഡേ യിൽ ഒരു കിസ്സ്… അതിനപ്പുറം ഒന്നിനും നിന്നു കൊടുത്തിട്ടില്ല ഞാൻ ഇതുവരെ…. അത്രയ്ക്ക് അങ്ങ് മോശക്കാരിയാക്കല്ലേ നീ എന്നെ …”

നീരസത്തോടെയാണ് പറഞ്ഞതെങ്കിലും ആ വാക്കുകളിൽ നിറഞ്ഞ വേദന ജീന തിരിച്ചറിഞ്ഞു.

” ഏയ് പോട്ടെടോ. ചുമ്മാ പറഞ്ഞതല്ലെ.. താൻ അത് സീരിയസ് ആക്കല്ലേ.. പക്ഷെ ഈ പ്രശ്നം ഇച്ചിരി സീരിയസ് ആണ്… അറിഞ്ഞിടത്തോളം അവൻ ഒരു ഫ്രോഡ് ആണ്. ഈ ഫോട്ടോയെങ്ങാൻ പുറത്ത് പോയാൽ പിന്നെ ആകെ നാണക്കേട് ആകും..

അവന്റെ സ്വഭാവം വച്ചിട്ട് ചിലപ്പോ നീ ചെല്ലാണ്ടിരുന്നാൽ അവൻ ഇത് പുറത്ത് വിട്ടേക്കും. നമുക്ക് നിന്റെ അച്ഛനോട് തന്നെ കാര്യം പറഞ്ഞാലോ… ചിലപ്പോൾ ഒന്ന് രണ്ട് അടി കിട്ടിയേക്കാം പക്ഷെ സംഗതി സേഫ് ആകും.. അച്ഛൻ അത് വേണ്ട പോലെ കൈകാര്യം ചെയ്യും.”

ജീനയുടെ വാക്കുകൾ ശിവാനിക്ക് നടുക്കമായി

” ഏയ്.. വേണ്ട.. അച്ഛൻ ഇതറിഞ്ഞാൽ കൊല്ലും എന്നെ… നിനക്കറിയാലോ അച്ഛന്റെ സ്വഭാവം… കലിപ്പ് കേറിയാൽ ആകെ പ്രശ്നം ആണ്. അമ്മ മരിച്ചേ പിന്നെ ഒരു കുറവും അറിയിക്കാതെ പൊന്ന് പോലാ അച്ഛൻ എന്നെ നോക്കുന്നെ.. അപ്പോ ഞാൻ ഇങ്ങനൊരു തെറ്റ് ചെയ്‌ത്‌ ന്ന് അറിഞ്ഞാൽ അച്ഛൻ ഒരിക്കലും ക്ഷമിക്കില്ല… തല്ലിക്കൊ ല്ലും എന്നെ ”

ആ മറുപടി പറയുമ്പോൾ അവളുടെ മിഴികളിൽ നിഴലിച്ചിരുന്ന ഭയത്തിൽ നിന്നും അച്ഛനെ ശിവാനി എത്രത്തോളം ഭയക്കുന്നു എന്ന് മനസ്സിലാക്കി ജീന.

” ഓക്കേ ഓക്കേ.. അച്ഛനോട് പറയുന്നില്ല.. പിന്നെ എന്താ ഇതിനൊരു പോംവഴി. ഒന്നുകിൽ പോലീസിൽ അറിയിച്ചു അവനെ ഒതുക്കണം അല്ലേൽ പിന്നെ അവൻ പറഞ്ഞ പോലെ നീ അവന്റൊപ്പം പോണം.. ഇത് രണ്ടും അല്ലാതെ വേറൊരു വഴി ഇല്ല ശിവാനി.. ”

ആ വാക്കുകൾ ശിവാനിയെ കൂടുതൽ ആശയകുഴപ്പത്തിലാക്കി. അപ്പോഴേക്കും അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നു മൊബൈൽ ഡിസ്പ്ലേയിൽ അരുൺ എന്ന് കാൺകെ അവളുടെ മുഖം ഭയത്താൽ വിളറി വെളുത്തു.കൈകൾ വിറപൂണ്ടു. ശിവാനിയുടെ ആ ഭാവ മാറ്റത്തിൽ നിന്നും ആരാണ് വിളിക്കുന്നത് എന്ന് ജീനയും മനസ്സിലാക്കി.

” നീ ഇങ്ങനെ പേടിക്കാതെ കോൾ അറ്റന്റ് ചെയ്ത് ലൗഡ് സ്പീക്കറിൽ ഇട്ടേ. എന്താ അവൻ പറയണത് എന്ന് കേൾക്കാലോ.. ”

അത്രയും പറഞ്ഞ് കൊണ്ട് ശിവാനിയുടെ ഫോൺ ബലമായി വാങ്ങി കോൾ അറ്റന്റ് ചെയ്ത് ലൗഡ് സ്പീക്കർ ഇട്ട് തിരികെ അവളുടെ കയ്യിലേക്ക് തന്നെ കൊടുത്തു ജീന.

” ഹലോ ശിവാനി.. നീ എന്താ എന്റെ ഫോൺ എടുക്കാത്തെ… ദേ വെറുതെ ഉഡായിപ്പ് കാണിക്കല്ലേ.. പോലീസിനെയെങ്ങാൻ അറിയിച്ചു സീൻ ആക്കാൻ നോക്കിയാൽ ഈ ഫോട്ടോ ഞാൻ അങ്ങ് അപ്ലോഡ് ചെയ്യും പറഞ്ഞേക്കാം. പിന്നെ അറിയാലോ എന്താ സംഭവിക്കുന്നത് ന്ന്. ”

കോൾ അറ്റന്റ് ചെയ്ത പാടെ അരുണിന്റെ ഭാഗത്തു നിന്നും ആദ്യം കേട്ടത് ഈ ഭീക്ഷണിയാണ്.

” അയ്യോ.. അങ്ങിനെ ചെയ്യല്ലേ.. പ്ലീസ് എന്നെ നീ ഒന്ന് വെറുതെ വിട്…. നിനക്ക്‌ ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ ഞാൻ. എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ.. പ്ലീസ് ”

ഫോണിലൂടെ കെഞ്ചുകയായിരുന്നു ശിവാനി.

” ഞാൻ നിനക്ക് ഒരു ദ്രോഹവും ചെയ്യില്ല ശിവാനി.. ആരും ഒന്നും അറിയേം ഇല്ല. നാളെ രാവിലേ കോളേജിൽ ന്ന് നമ്മൾ നൈസിനു അങ്ങ് മുങ്ങുന്നു.കാര്യം കഴിഞ്ഞു വൈകിട്ട് നേരെ തിരിച്ചു കോളേജിൽ വരുന്നു അത്രേ ഉള്ളു.. സേഫ്റ്റിക്ക് ഉള്ളതൊക്കെ എന്റെ കയ്യിൽ സ്റ്റോക്ക് ഉണ്ട്. സോ ആ ഒരു പേടിയും വേണ്ട.. കാര്യങ്ങൾ ഞാൻ പറഞ്ഞത് പോലെ നടന്നാൽ അപ്പോ തന്നെ ഈ ഫോട്ടോയും ഞാൻ ഡിലീറ്റ് ആക്കി കളയും ”

അരുണിന്റെ മറുപടി കേട്ട് ശിവാനിയുടെ മിഴികളിൽ ഭയത്താൽ നീരുറവകൾ തെളിയവേ ഒപ്പം കേട്ടു നിന്ന ജീനയുടെ മിഴികളിൽ അഗ്നിയെരിഞ്ഞു.

” അപ്പോ ശെരി.. ഞാൻ വയ്ക്കുവാണെ… നാളെ കോളേജിൽ കാണാം.. പിന്നെ… പറഞ്ഞത് അനുസരിച്ചില്ലേൽ നാളെ ഉച്ച മുതൽ നിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആകും.. അത് മറക്കേണ്ട ”

ഭീഷണിയിൽ പറഞ്ഞവസാനിച്ചു അരുൺ കോൾ കട്ട് ആക്കുമ്പോൾ മറുപടി ഇല്ലാതെ ഭയത്താൽ നടുങ്ങി നിന്നുപോയി ശിവാനി.

” ഇവനെ വെറുതെ വിടാൻ പറ്റില്ല ശിവാ.. പണി കൊടുത്തേ പറ്റു.. ഒരു പെണ്ണിന്റെ നിസഹായത നല്ലോണം മുതലാക്കുവാ നാറി… ”

ദേഷ്യത്താൽ പല്ലുകൾ ഞെരിച്ചു ജീന. ആ സമയം പൊട്ടിക്കരഞ്ഞു പോയി ശിവാനി. അവളെ ആശ്വസിപ്പിച്ചു കൊണ്ട് നിൽക്കുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിൽ പ്ലാൻ ചെയ്യുകയായിരുന്നു ജീന. ഒടുവിൽ ഒരു പോംവഴി കണ്ടെത്തി അവൾ.

” ശിവാ.. നീ ടെൻഷൻ ആകേണ്ട നേരെ വീട്ടിലേക്ക് പൊയ്ക്കോ.. നാളെ ഒന്നും സംഭവിക്കില്ല. ഈ പ്രശ്നം ഞാൻ സോൾവ് ആക്കി തരാം ”

ആ വാക്കുകൾ കേട്ട് അവിശ്വസനീയമായി അവളെ ഒന്ന് നോക്കി ശിവാനി.

” അതേ ടോ.. അവനിത്രേം അഹങ്കാരം കാണിക്കുന്ന സ്ഥിതിക്ക് ഇതൊക്കെ സോൾവ് ചെയ്യാനുള്ള ആളൊക്കെ നമ്മടെ കസ്റ്റഡിയിൽ ഉണ്ട്. നാളെ മുതൽ അവൻ നിന്നെ ശല്യം ചെയ്യില്ല. അതിനുള്ള വഴി ഞാൻ ഉണ്ടാക്കാം.. നീ നേരെ വീട്ടിലേക്ക് വിട്ടോ.. ”

ജീനയുടെ വാക്കുകൾ കേട്ട് വീണ്ടും സംശയമായി ശിവാനിക്ക്

” ഏത് ആള് ജീനാ. എന്താ നീ ഉദ്ദേശിക്കുന്നേ. ഒന്ന് തെളിച്ചു പറയ്.. അവനെ അപായപ്പെടുത്താൻ പോകുവാണോ ”

“അതൊക്കെ നാളെ പറയാം.. നീ ടെൻഷൻ ആകാതെ വീട്ടിലേക്ക് പൊയ്ക്കോ.. ഈ കാര്യം ഞാൻ ഏറ്റു എന്ന് പറഞ്ഞില്ലേ.. അതിനെ പറ്റി ഇനി ആലോചിക്കയേ വേണ്ട ”

ജീനയുടെ ആത്മവിശ്വാസം കാൺകെ പിന്നെ ഒന്നും ചോദിച്ചില്ല ശിവാനി. ഉള്ളിൽ അനേകം സംശയങ്ങൾ ബാക്കി നിർത്തി അവൾ പതിയെ വീട്ടിലേക്ക് പോയി.

ബിസിനസ് ആവശ്യത്തിന് സിറ്റിയിലേക്ക് പോയ അച്ഛൻ ബാലചന്ദ്രൻ തിരികെയെത്താൻ വൈകും എന്ന് ഫോൺ ചെയ്ത് പറഞ്ഞത് ചെറിയൊരു ആശ്വാസമായി ശിവാനിക്ക് കാരണം അത്രയും സമയം കൊണ്ട് ഉള്ളിലെ പേടിയെ മറികടന്നു അച്ഛന്റെ മുന്നിൽ ഒന്നും സംഭവിക്കാത്തത് പോലെ പെരുമാറുവാൻ തയ്യാറെടുത്തു അവൾ.

പക്ഷെ അന്നത്തെ രാത്രി അവൾ ഉറങ്ങിയില്ല. ഓരോ നിമിഷവും അരുണിന്റെ മെസേജോ കോളോ ഫോണിലേക്ക് വരുമോ എന്ന ഭയത്തിൽ ഉറക്കം പോലും മറന്നിരുന്നു പോയി.

” എന്താ മോളെ മുഖത്തു ഒരു ക്ഷീണം ഇന്നലെ ഉറങ്ങീലെ നീ അതോ എന്തേലും വയ്യായ്ക ഉണ്ടോ നിനക്ക്. ”

രാവിലെ ബാലചന്ദ്രൻ ചോദിക്കുമ്പോൾ വളരെ പണിപ്പെട്ടു പുഞ്ചിരിച്ചു ശിവാനി.

” ഒന്നൂല്ലച്ഛാ… ചെറിയൊരു തലവേദന. അതാകും. ”

പിന്നെ കഴിവതും അച്ഛന്റെ മുന്നിൽ പോകാതെ ശ്രദ്ധിച്ചു അവൾ.

മനസ്സില്ലാ മനസ്സോടെയാണ് ശിവാനി കോളേജിലേക്ക് പോകുവാൻ റെഡിയായത്. അതിനിടയിൽ പലവട്ടം ജീനയെ വിളിച്ചെങ്കിലും അവളും കോൾ അറ്റന്റ് ചെയ്‌തില്ല.

അതോടെ അവളുടെ നെഞ്ചിടിപ്പേറി. ഒടുവിൽ രണ്ടും കല്പിച്ചവൾ കോളേജിലെത്തി. സമയം പത്തു മണിയായിരുന്നു. ഉള്ളിലേ ഭയത്തെ പുറത്ത് കാട്ടാതെ അറച്ചറച്ചു ശിവാനി പതിയെ നടന്നു.എന്നാൽ ഒരു വലിയ നടുക്കമായി ഗേറ്റിനു മുന്നിൽ തന്നെ അരുൺ അവൾക്കായി കാത്തു നിന്നിരുന്നു. അവനെ കണ്ടതോടെ അടിമുടി വിറച്ചു ശിവാനി.

മാത്രമല്ല ധൈര്യം പകർന്നിരുന്ന ജീന ഒപ്പമില്ലാത്തതും അവളെ കുഴപ്പിച്ചു. എന്നാൽ പിന്നെ സംഭവിച്ചതെല്ലാം അവിശ്വസനീയമായിരുന്നു. ശിവാനിയെ കണ്ടമാത്രയിൽ അരുൺ അവൾക്കരികിലേക്ക് ഓടി അടുത്തു.

” എന്റെ പൊന്ന് ശിവാനി എനിക്കൊരു അബദ്ധം പറ്റി ഞാൻ ചെയ്‌തതു തെറ്റാണ്. അതെനിക്ക് ഇന്നലെ മനസ്സിലായി. ദയവു ചെയ്ത് ഇനി എന്നെ ഉപദ്രവിക്കരുത് എന്ന് പറയണം. പ്ലീസ് ”

തൊഴുകൈയ്യോടെ നിൽക്കുന്ന അരുണിന് മുന്നിൽ ഒന്നും മനസ്സിലാകാതെ മരവിച്ചു നിന്നു പോയി ശിവാനി.

” ഇനി ഒരു ശല്യത്തിനും ഞാൻ വരില്ല പ്ലീസ് ”

കെഞ്ചുകയായിരുന്നു അരുൺ. ഒറ്റ നോട്ടത്തിൽ അവനെ ആരോ കാര്യമായി മർദ്ദിച്ചിട്ടുണ്ട് എന്നത് വ്യക്തമായിരുന്നു.

‘ ജീന പണി പറ്റിച്ചുവോ.. അപ്പോ ഈ ഒരു സർപ്രൈസ് തരാൻ ആകും അവൾ മനഃപൂർവം ഫോൺ എടുക്കാതിരുന്നത്.’

അന്നേരം മുതൽ ശിവാനിയുടെ ഉള്ളിൽ അല്പം ധൈര്യം കിട്ടി തുടങ്ങിയിരുന്നു.

“ശിവാനി.. പ്ലീസ് ”

വീണ്ടും കെഞ്ചുകയായിരുന്നു അരുൺ

” എനിക്ക് നിന്നോട് ദേഷ്യം ഒന്നും ഇല്ല അരുൺ. പക്ഷെ ഇനിയും എന്നെ ഉപദ്രവിക്കാൻ വരരുത് നീ ”

ഇത്തവണ വാക്കുകളിൽ ഒരു താക്കീതും ഒളിപ്പിച്ചു അവൾ. അപ്പോഴേക്കും ജീന പതിയെ അവർക്കരികിലേക്ക് എത്തി. അവളെ കണ്ട മാത്രയിൽ സന്തോഷത്താൽ ശിവാനിയുടെ മിഴികൾ തുളുമ്പി.

” ജീനാ.. താങ്ക്സ് താങ്ക്സ് എ ലോട്ട് ”

ആ വാക്കുകൾ കേട്ട് ജീന പുഞ്ചിരിച്ചു.

“താങ്ക്സ് പറയേണ്ടത് എനിക്കല്ലടോ.. ഇവനെ അടിച്ചു ചുരുട്ടി ഈ പ്രശ്നം പുല്ല് പോലെ സോൾവാക്കി തന്ന വേറൊരാളുണ്ട് അയാളോട് ആണ്. ”

” അതാരാ.. ആരാണേലും പറയ് ഞാൻ പോയി നേരിട്ട് കാണാം ”

ആകാംഷയോടെ ശിവാനി ചോദിക്കുമ്പോൾ വീണ്ടും പുഞ്ചിരിച്ചു ജീന. അപ്പോഴേലും അവർക്കിടയിലേക്ക് വീണ്ടും അരുൺ എത്തി.

“ശിവാനി.. എന്റെ ഫോൺ ഇന്നലെ അച്ഛൻ പിടിച്ചു വാങ്ങി പോയി.. അതൊന്ന് തിരികെ വാങ്ങി തരോ.. ”

ഇത്തവണ ശെരിക്കും ശിവാനി നടുങ്ങിയിരുന്നു.

“അച്ഛനോ… എന്റെ അച്ഛനോ…. ”

” അതേടി നിന്റെ അച്ഛൻ തന്നെ.. ഇന്നലെ ഇവനെ പഞ്ഞിക്കിട്ടതും പ്രശ്നം സോൾവ് ആക്കിയതും നിന്റെ അച്ഛൻ ആണ്. ഈ വിഷയം അല്പം സീരിയയ് ആയത് കൊണ്ട് ഞാൻ നേരെ അങ്കിളിനെ വിളിച്ചു കാര്യം പറഞ്ഞ്.

മക്കൾ അപകടത്തിൽ ആയാൽ ഔ രക്ഷകർത്താവും പിന്നെ വാശി കാണിക്കില്ല. അങ്കിൾ നിന്നോട് ക്ഷെമിച്ചു ന്ന് മാത്രം അല്ല സിമ്പിൾ ആയി കാര്യം സോൾവ് ആക്കി. നേരെ വീട്ടിലേക്ക് വിട്ടോ എന്നിട്ട് അങ്കിളിനോട് നേരിട്ട്..താങ്ക്സ് പറഞ്ഞോ”

ഇത്തവണ സന്തോഷത്താൽ പൊട്ടിക്കരഞ്ഞു പോയി ശിവാനി. അച്ഛൻ എന്ന വാക്കിന്റെ മഹത്വം തിരിച്ചറിഞ്ഞു കൊണ്ടവൾ വേഗത്തിൽ വീട്ടിലേക്ക് പാഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *