ആ ചുംബനത്തിൽ നിന്നും കാട്ടു തീ പോലെ പടർന്ന വികാരത്തിൽ അവന്റെ കൈ അവളെ ഉടയാടകളിൽ നിന്നും മോചിപ്പിച്ചു.

സമയം
(രചന: Navas Amandoor)

പ്രസവം വരെ അവളുടെ ഗർഭം ആരും കാണാതെ മറച്ചുപിടിക്കാൻ അവൾക്ക് എങ്ങനെ കഴിഞ്ഞുവെന്നൊരു ചോദ്യമാണ് ഈ സമയവും അവളുടെ പപ്പയുടെ മനസ്സിലുള്ളത്.

മാസമുറ തെറ്റുമ്പോൾ മുതൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ആഗ്രഹങ്ങളും അസ്വസ്ഥതകളും ഉണ്ടാകും. ക്ഷീണവും പ്രയാസങ്ങളും ഉണ്ടാകും.

പിന്നെ ആരിൽ നിന്നും മറച്ചുപിടിക്കാൻ കഴിയാത്ത വിധം അവളുടെ വയറിന്റെ വലുപ്പം കൂടും. കല്യാണം കഴിക്കാത്ത അവൾ എങ്ങനെ ആരുടേയും കണ്ണിൽ പെടാതെ ഈ അവസ്ഥയെ തരണം ചെയ്തു…?

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ…
ഉത്തരം അറിയുന്ന റീമയിപ്പോൾ നൊന്തുപ്രസവിച്ച പൈതലിനെ കൊന്ന കുറ്റത്തിന് തടവറയിലും.

അനിലും റീമയും പ്രണയത്തിലായിട്ട് വർഷങ്ങളായി. ജോലിയൊക്കെ സെറ്റായതിന് ശേഷം എല്ലാവരോടും സമ്മതം വാങ്ങി പുതിയൊരു ജീവിതം തുടങ്ങാൻ കാത്തിരുന്നു.

അതിനിടയിൽ സംഭവിച്ചുപോയ പിഴയാണോ…?

അന്ന് ആരും അറിയാതെ അവളെ കാണാൻ വീട്ടിൽ എത്തിയപ്പോൾ അവളാണ് അവനെ കെട്ടിപിടിച്ചു ചുംബിച്ചത്.

ആ ചുംബനത്തിൽ നിന്നും കാട്ടു തീ പോലെ പടർന്ന വികാരത്തിൽ അവന്റെ കൈ അവളെ ഉടയാടകളിൽ നിന്നും മോചിപ്പിച്ചു.

ആദ്യമായി ഒരാണിന്റെ കരസ്പർശനമേറ്റ അവളുടെ ശരീരം തളർച്ചയോടെ അവന് വേണ്ടി ഒരുങ്ങി.

തെറ്റാണെന്ന് തോന്നിയില്ല. അതുകൊണ്ട് തന്നെ കുറ്റബോധവും ഇല്ല. പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ പേടിച്ചു.

വീട്ടുകാരും നാട്ടുകാരും ചോദിക്കുന്ന ചോദ്യങ്ങളെ നേരിടാനുള്ള മനശ്ശക്തിയില്ലാത്തതിനാൽ എല്ലാം അവർ രണ്ടുപേരും ഒളിച്ചുവച്ചു.

അവിടെ നിന്ന് പിന്നെയുള്ള ഓരോ നിമിഷവും അനിലിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് അവൾ മുന്നോട്ട് പോയി.

“ഇനിയിപ്പോ ആരും അറിയാതെ മുന്നോട്ട് പോകാ.. ആരെങ്കിലും അറിഞ്ഞാൽ നാണക്കേടാണ്.. മൊത്തം പ്രശ്നം ആവും.”

“ഡോ… ഇത് തലവേദനയോ പനിയോ അല്ല.. ആരും അറിയാതെ കൊണ്ട് നടക്കാൻ.”

“നീ അഡ്ജസ്റ്റ് ചെയ്യു.. മോളെ.. പ്ലീസ്.”

എങ്ങനെയൊക്കെയൊ അവൾ പപ്പയുടെയും മമ്മിയുടെയും കണ്ണ് വെട്ടിച്ച് ഏഴുമാസം കഴിഞ്ഞപ്പോൾ ജോലി മാറ്റമെന്ന് പറഞ്ഞു വേറെ ഒരിടത്തേക്ക് മാറി താമസിച്ചു.

പരിചരണങ്ങൾ ഇല്ലാതെ മരുന്നുകൾ ഇല്ലാതെ.. സ്‌നേഹത്തലോടലുകൾ ഇല്ലാതെ യൂട്യൂബിലെ വീഡിയോകളിൽ നിന്നും കിട്ടിയ അറിവ് വെച്ച് സഹായത്തിനായി ആരും കൂടെയില്ലാതെ ഒരു രാത്രി അവൾ പ്രസവിച്ചു.

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ഒരു കത്രിക കൊണ്ട് വേർപ്പെടുത്തി. ഭയമില്ലാതെ.. വേദനയിൽ തളരാതെ വെറുമൊരു സ്ത്രീയായി മാത്രം ചിന്തിച്ചു.

മനസിനെ കല്ലാക്കി അനിൽ പറഞ്ഞതുപോലെ ആ പൈതലിന്റെ ജീവൻ കളഞ്ഞ് ഒരു തുണിയിൽ പൊതിഞ്ഞു ബാഗിലാക്കി അവനു ഫോൺ ചെയ്തു.

“നീ വേഗം വാ.. വരുമ്പോൾ കുറച്ചു സാധനങ്ങൾ വാങ്ങിക്കൊണ്ടു വരണം.. ഞാൻ മെസ്സേജ് ചെയ്തിട്ടുണ്ട്.”

“എല്ലാം കഴിഞ്ഞോ…മോളെ.”

“ഉം.. പേക്ക് ചെയ്തു വെച്ചിട്ടുണ്ട്.”

ആ രാത്രിയിൽ ആരും ഒന്നും അറിയാതെ നടന്ന ജനനവും മരണവും രണ്ട് ദിവസം കഴിഞ്ഞപ്പോൾ എല്ലാവരും അറിഞ്ഞു.

പാടത്തെ ചെളിയിൽ നിന്നും കിട്ടിയ അഴുകിയ ഒരു കുഞ്ഞു ശരീരത്തിൽ നിന്നും തുടങ്ങിയ അന്വേഷണം റീമയിൽ അവസാനിച്ചു. എല്ലാ കുറ്റവും അവൾ സമ്മതിച്ചു.

നൊന്ത് പ്രസവിച്ച കുട്ടിയെ കൊന്ന ദുഷ്ടയായ അമ്മയെ കോടതി ശിക്ഷിച്ചു.

ഒരു കുഞ്ഞിന് വേണ്ടി ജീവിതം മുഴുവൻ കണ്ണീരോടെ കാത്തിരുന്നവരും അമ്മയുടെ പൊരുൾ അറിഞ്ഞവരും അവളെ ശപിച്ചു.

എല്ലാം കഴിഞ്ഞിട്ടും എല്ലാവരും എല്ലാം മറന്നിട്ടും എല്ലാ മാസവും അവളെ കാണാനും വിശേഷങ്ങൾ തിരക്കാനും ജയിലിൽ പോകുന്ന പപ്പയും മമ്മിയും..

അവർക്ക് അവളോട് ക്ഷമിക്കാൻ കഴിയുമായിരുന്നു.

അവൾക്ക് ഒരു തെറ്റ് പറ്റിയെങ്കിൽ കുറച്ചു കരഞ്ഞാലും ശകാരിച്ചാലും അവർ മകളുടെ ഒപ്പം നിൽക്കുമായിരുന്നെന്ന് തോന്നിത്തുടങ്ങിയപ്പോൾ അവളുടെ കാതിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ ഒഴുകിവന്നു.

മുഖത്തു പോലും നോക്കാതെ ബാത്‌റൂമിലെ ഒരു ബക്കറ്റ് വെള്ളത്തിൽ മുക്കിക്കൊന്ന കുഞ്ഞിനെ ഓർക്കുമ്പോൾ കണ്ണ് നിറയുന്നുണ്ട്…

നെഞ്ചു പിടഞ്ഞുപോകുന്നുണ്ട്‌…
കഴിഞ്ഞുപോയ സമയങ്ങൾ തിരിച്ചടുക്കാൻ കഴിയില്ലല്ലോ ആഗ്രഹിക്കുന്നുണ്ടെങ്കിലും..!

എല്ലാത്തിനും സാക്ഷിയായി സമയം മുന്നോട്ട് പോകുകയാണ്.തിരിച്ചിടക്കാൻ കഴിയാത്ത ഇന്നലെകൾ ചിലരുടെ ജീവിതം മാറ്റുമ്പോഴും… സമയം ആരെയും ഗൗനിക്കാതെ നഷ്ടങ്ങളും നേട്ടങ്ങളും സമ്മാനിച്ചു മുന്നോട്ട്.

Leave a Reply

Your email address will not be published. Required fields are marked *