ഇത്രയും നാൾ നീ സഹിച്ചില്ലേ ക്ഷമിച്ചില്ലേ. ഇനി വേണ്ട..അയാൾ നിന്റെ കെട്ടിയോൻ നേരെയാകുമെന്ന് എനിക്ക് തോന്നുന്നില്ല.ജെസി നീ എന്റെ കൂടെ

ക്ലൈമാക്സ്.
രചന: Navas Amandoor

ഭാര്യയുടെ മൊബൈൽ ഡിസ്പ്ലേയിൽ ഇങ്ങനെ ഒരു മെസേജ് കണ്ടാൽ ഏതൊരു ഭർത്താവും പകച്ചു പോകും.

“നാളെ രാവിലെ നമ്മുക്ക് പോകാം.. ഞാൻ വണ്ടിയുമായി വരാം. എല്ലാം ഞാൻ ഒരുക്കിയിട്ടുണ്ട്.”

ചായ കുടിക്കുന്ന സമയത്ത് മേശയിൽ മനാഫിന്റെ അരികിൽ ഉണ്ടായിരുന്ന ജെസിയുടെ വാട്ട്സ്പ്പിൽ വന്ന മെസ്സേജ് ഡിസ്പ്ലേയിൽ കണ്ടത്.അങ്ങനെ ഒരു മെസ്സേജ് കണ്ടപ്പോൾ ഉള്ളിൽ നിന്നൊരു കിളി പറന്ന് പോയി. മൊബൈൽ കൈയിലെടുത്തു. വാട്സ്ആപ്പ് ഓപ്പൺ ചെയ്തു.

“ഇത്രയും നാൾ നീ സഹിച്ചില്ലേ ക്ഷമിച്ചില്ലേ. ഇനി വേണ്ട..അയാൾ നിന്റെ കെട്ടിയോൻ നേരെയാകുമെന്ന് എനിക്ക് തോന്നുന്നില്ല.ജെസി നീ എന്റെ കൂടെ പോര്.. പൊന്ന് പോലെ ഞാൻ നോക്കും…”

“അപ്പൊ മക്കളോ…?”

“മക്കൾ നിന്റെ മാത്രമല്ല ല്ലോ.. അയാൾ നോക്കിക്കോളും.”

“ഉം.. ഞാൻ വരാം. മതിയായി ഇവിടം…. ഇനിയും ഇവിടെ തുടർന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും.”

“എന്നാ ബാക്കി കാര്യങ്ങൾ ഞാൻ റെഡിയാക്കിയിട്ട് പറയാം.”

ജെസിയുടെ മൊബൈൽ വെറുതെ പോലും എടുത്തു നോക്കാറില്ല.അത്രക്ക് അവളെ വിശ്വസമാണ് അയാൾക്ക്.ഇപ്പോൾ അങ്ങനെ ഒരു മെസ്സേജ് കണ്ടത് കൊണ്ട് മാത്രം മൊബൈൽ എടുത്തത് . ബാക്കി ചാറ്റ് വായിച്ച അയാളുടെ കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നി.

അടുക്കളയിൽ നിന്നും അവൾ വരുന്നില്ലെന്ന് ഉറപ്പാക്കി അവൾ ചാറ്റ് ചെയ്ത നമ്പർ മൊബൈലിൽ സേവ് ആക്കി. അവളുടെ മൊബൈൽ മേശയിൽ തന്നെ വെച്ച് അയാൾ പുറത്തറങ്ങി.

നേരെ പോയത് മനസ്സിന് വിഷമം തോന്നുന്നുമ്പോൾ ചെന്നിരിക്കാറുള്ള പാടത്തിന്റെ അരികിൽ ഉള്ള കലുങ്കിൽ.

“ജെസി അങ്ങനെ പോയാൽ വീടിൻ്റെ വെളിച്ചം തന്നെ ഇല്ലാതെയാകും. നശിച്ചു പോകും എല്ലാം.”

“മനാഫ് നീ എന്താടാ പിറുപിറുക്കുന്നത്..?”

“ഒന്നുല്ലടാ…”

കലുങ്കിൽ മനാഫിന്റെ അരികിൽ അവന്റെ കൂട്ടുകാരൻ സജി ഒപ്പമിരുന്നു.

ശരീരത്തിനെയും മനസ്സിനെയും തണുപ്പിക്കുന്ന കുളിർക്കാറ്റ് ഉണ്ടങ്കിലും മനാഫിന്റെ നെറ്റിത്തടത്തിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞിട്ടുണ്ട്.കണ്ണുകൾ കലങ്ങി ചുമന്നിട്ടുണ്ട്.

“എന്താടാ… നിന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ..?”

“ഞാൻ നിന്നോട് എന്താ പറയ്യാ.. അവള് ആരുടെയോ ഒപ്പം പോകുമെന്ന്..എന്റെ മക്കളെയും വീടും വേണ്ടെന്ന് വെച്ച്..”

“അവൾ പൊക്കോട്ടെ… അപ്പോൾ നിനക്കും സുഖമായല്ലോ.. നിന്റെ ആ കാമുകിയുമായി സന്തോഷത്തോടെ ജീവിക്കാലോ…?”

അങ്ങനെയൊരു മറുപടി മനാഫ് പ്രതീക്ഷിച്ചില്ല. അതിന് അവൻ മറുപടിയും പറഞ്ഞില്ല.

ഓഫീസിൽ കൂടെ വർക്ക്‌ ചെയ്യുന്ന പെണ്ണിനോട് തോന്നിയ കൌതുകം പ്രണയമായി വളർന്നു. പലവട്ടം അവളുടെ ഭർത്താവ് ഇല്ലാത്ത നേരം നോക്കി വീട്ടിൽ പോയി.ആരും അറിയില്ലെന്ന് കരുതി. പക്ഷെ എല്ലാം എല്ലാവരും അറിഞ്ഞു തുടങ്ങിയപ്പോൾ വൈകിപോയി.

തെറ്റ് മറ്റൊരാൾ അറിയുന്ന വരെ തെറ്റായി തോന്നില്ല.ഭാര്യയുടെ കണ്ണീര് കണ്ടപ്പോൾ വീട്ടിലെ സന്തോഷം ഇല്ലാതായപ്പോൾ മനാഫ് പറഞ്ഞതാണ് അവളോട്.

“സാഹചര്യങ്ങൾ നമ്മളെ ഇങ്ങനെയാക്കി.. നിനക്കും എനിക്കും കുടുംബം ഉണ്ട്. അത് ഇല്ലാതാക്കി നമ്മുക്ക് ഇങ്ങനെ മുന്നോട്ട് പോകണ്ട.. അത് എല്ലാവർക്കും സങ്കടം മാത്രം നെൽകു..”

“നീ എന്റെ ഒപ്പം ഇല്ലാതാകുമ്പോൾ ഞാൻ മരിക്കും.. എനിക്ക് നിന്നെ വേണം.”

അവളുടെ മരണമെന്ന ഭീഷണിയിൽ
ജെസി പിണങ്ങി മിണ്ടാതെ കണ്ണീരുമായി നടന്നിട്ടും അരികിൽ കിടക്കാതെയായിട്ടും .അവളുടെ സങ്കടങ്ങളെ കാണാത്തത് പോലെ നടേക്കേണ്ടി വന്നു.അപ്പോഴും അവന്റെ നെഞ്ചിൽ അവളോട് ഇഷ്ടമുണ്ടായിരുന്നു..ഉള്ളിന്റെ ഉള്ളിൽ അവന്റെ ഹൂറി ജെസി തന്നെയായിരുന്നു.

എന്നിട്ടും അവളുടെ വാക്കും നോക്കും അവഗണിച്ചു മുന്നോട്ട് പോയി.മനസ്സ് നിറയെ കുറ്റബോധം ഉള്ളത് കൊണ്ട് ജെസിയുടെ മുഖത്തെക്ക് നോക്കാൻ കഴിയാത്ത നേരെ നിന്ന് അവളോട് മിണ്ടാൻ പോലും കഴിയാത്ത എത്രയൊ ദിവസങ്ങൾ.

ഒരിക്കൽ വാപ്പയുടെ മുൻപിൽ വെച്ച് അവളുടെ തലയിൽ കൈ വെച്ച് സത്യം ചെയ്താണ് ഇനി തെറ്റ് ചെയ്യില്ലന്ന്. എന്നിട്ടും ആ വഴിയേ തന്നെ സഞ്ചരിച്ചു.

“ഇത്രയൊക്കെ നീ ചെയ്തത് അവളോട് ഇഷ്ടം ഉണ്ടായിട്ടാണോ..?”

” അവൾ എന്റെ മക്കളുടെ ഉമ്മയാണ്. എന്റെ വാപ്പയെ ഉമ്മയെ പരിചരിക്കുന്ന ഭാര്യയാണ്.ഞാൻ മഹർ കൊടുത്ത പെണ്ണാണ്.അവളോട് എനിക്ക് ഇഷ്ടമില്ലാതിരിക്കോ..? ”

“കോപ്പാണ്.. വേറെ ഒരുത്തിയുടെ കൂടെ കറങ്ങി നടന്നിട്ട്… ഇപ്പോ പറയുന്നത് കേട്ടില്ലേ.”

“ഡാ.. പലവട്ടം ശ്രമിച്ചതാണ്.. മാറാൻ. പക്ഷെ കഴിയുന്നില്ല. തോറ്റു പോകുന്നു.”പക്ഷെ അവൾ ഞാൻ കൂടെയില്ലങ്കിൽ മരിക്കുമെന്ന് പറഞ്ഞപ്പോൾ.. തെറ്റാണെന്ന് അറിഞ്ഞിട്ടും പിന്നെയും പിന്നെയും.. പെട്ട് പോയി…. സാഹചര്യങ്ങളിൽ വീണുപോയി.എന്റെ ജെസിയുടെ കണ്ണീർ കണ്ടില്ലെന്ന് നടിച്ചു.””

“മനാഫെ ഒരു മെസ്സേജ് കണ്ടപ്പോൾ നീ ഇത്ര ടെൻഷൻ ആയെങ്കിൽ ഇത്രയും നാൾ നിന്റെ ഭാര്യ എത്രയോ സങ്കടം പേറിയാണ് നിന്റെ വീട്ടിൽ അന്തിയുറങ്ങുന്നതെന്ന് ചിന്തിക്ക്.”

സജി പോയതിനു ശേഷം മനാഫിന്റെ മനസ്സിൽ ജെസിയുടെ ചിന്തകൾ നിറഞ്ഞു.

“അവളെ വിടാൻ പറ്റില്ല. എന്റെ വീടിനും മക്കൾക്കും എനിക്കും അവൾ വേണം.”

വഴി വിട്ട ബന്ധത്തിനെ പലവട്ടം തിരുത്താൻ ശ്രമിച്ചു. ഈ പോക്ക് കൊണ്ട് കണ്ണീര് കൊണ്ട് മക്കളുടെ ഭാവി.. കുടുംബത്തിന്റെ നാശം എല്ലാം അവൾ പറഞ്ഞു മനസ്സിലാക്കിയിട്ടും തല കുനിച്ചു നടന്നു.

പ്രാർത്ഥനയും കണ്ണീരുമായി മറ്റൊരു പെണ്ണിന്റെ വിയർപ്പിൽ കുതിർന്ന അവളുടെ ഭർത്താവിനെ ചുംബിച്ചു ഉണർത്തിയതും എല്ലാം അയാൾക്ക് മനസ്സിലാക്കി കൊടുക്കാനായിരുന്നു.

അവസാനം തോറ്റു പോയപ്പോൾ മക്കൾക്ക് വേണ്ടി എല്ലാം ഉള്ളിൽ ഒതുക്കി അവൾ അവളുടെ വഴിയേ നടന്നു. കിടപ്പറയിൽ പോലും അയാളിൽ നിന്നും അകലം പാലിച്ചു..

അയാളുടെ ചിന്തയിൽ അവൾ മിഴി തുറന്നു. അവൾ അവളുടെ ഇഷ്ടത്തിന് പോയാൽ കൈവിട്ടു പോകുന്ന കുടുംബത്തെ ഓർത്തപ്പോൾ അയാൾ വീട്ടിലേക്ക് നടന്നു.

നടക്കുന്നതിനടയിൽ മൊബൈൽ എടുത്തു സിനിക്ക് മെസ്സേജ് ചെയ്തു.

“സിനി.. സോറി. തെറ്റിനെ തെറ്റ് കൊണ്ടല്ല ശെരികൊണ്ട് ജയ്ക്കണം. ഞാൻ എന്നെ ന്യായീകരിക്കുകയല്ല.. ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്.. എനിക്ക് എന്റെ കുടുംബത്തെ എന്റെ മക്കളേ ഉമ്മയെ.. നഷ്ടപ്പെടുത്താൻ പറ്റില്ല. അതുകൊണ്ട് ഇനി എന്നെ വിളിക്കരുത്.. ഏതൊരു പാപിക്കും പാപമോചനത്തിന് അർഹത ഉണ്ടല്ലോ..”

കുറച്ചു നേരത്തന് ശേഷം വീട്ടിൽ തിരിച്ചത്തിയ മനാഫ്
വാപ്പയെയും ഉമ്മയെയും ജെ സി യെയും ഹാളിലേക്ക് വിളിച്ചു.

“കൂടുതൽ എതിർപ്പുകൾ വന്നപ്പോൾ ചിലപ്പോൾ മനസ്സ് വാശി പിടിച്ചതായിരിക്കും. അല്ലങ്കിൽ ഞാൻ ഇല്ലെങ്കിൽ അവൾ മരിച്ചു കളയുമെന്ന് ഭീഷണി പെടുത്തിയത് കൊണ്ടും ആവാം.. ഞാൻ ഇങ്ങനെയൊക്കെ ആയിപോയത്. എന്തായാലും എനിയങ്ങോട്ട് ഞാൻ തെറ്റ് ചെയ്യില്ല.. എന്റെ മക്കളാണെ സത്യം.”

കസേരയിൽ ഇരിക്കുന്ന വാപ്പ അവനെ നോക്കി.അവന്റെ വാക്കുകളിലെ ആത്മാർത്ഥത ഉമ്മക്കും മനസിലായി.

മനാഫിന്റെ കണ്ണുകൾ നിറയുന്നുണ്ട്. ശബ്ദം ഇടറുന്നുണ്ട്. ശരീരം വിയർത്തിട്ടുണ്ട്.

“എനിക്കിനി നിങ്ങളെ വിശ്വസമില്ല.ഞാൻ മണ്ടിയൊന്നുമല്ല.”

ജെസി പറഞ്ഞു തീരും മുൻപേ മനാഫ് അവളുടെ കാൽകീഴിൽ വീണു.

കണ്ണീരോടെ കരച്ചിലോടെ അയാൾ തറയിലിരുന്നു.’

“ഇക്കാ എന്തായീ കാണിക്കുന്നത്.. ന്റെ കാല് പിടിക്കുന്നോ..?”

സ്വയം നിയന്തിക്കാൻ കഴിയാതെ കൊച്ചു കുട്ടിയെ പോലെ പൊട്ടി കരഞ്ഞു.

അവന്റെ മുഖം രണ്ട് കൈകളിലാക്കി അവൾ അവന്റെ കണ്ണുകൾ തുടച്ചു അവന്റെ മുഖം നെഞ്ചോട് ചേർത്ത് വെച്ചു.

“ഇങ്ങനെ കരയല്ലേ.. ഇക്കാ.”

“നീ പോവല്ലേ ജെസി .. എനിക്കും മക്കൾക്കും നീ വേണം. ഞാൻ ഇനി ഒരു . തെറ്റും ചെയ്യില്ല…പടച്ചോനാണേ എന്റെ മക്കളാണെ സത്യം.”

വിതുമ്പുന്ന ചുണ്ടുകൾക്കിടയിൽ നിന്നും മറുപടിയായി ഒരു മൂളൽ മാത്രം.

അന്ന് രാത്രി അവളുടെ അരികിൽ കിടക്കുമ്പോൾ ജെസി ചോദിച്ചു.

“ഇക്ക എന്താണ് ആ മെസ്സേജ് അയച്ചത് ആരാണെന്ന് ചോദിക്കാത്തത്..?”

“ഞാൻ അല്ലെ.. അതിന്റെ കാരണം അതുകൊണ്ട്.”

“എല്ലാം പ്രതീക്ഷയും നശിച്ചപ്പോൾ നിങ്ങളെ ഇനി എനിക്ക് കിട്ടില്ലെന്ന്‌ തോന്നിയപ്പോൾ ന്റെ ഇക്കാനെ തിരിച്ചു കിട്ടാൻ ഞാൻ കണ്ടത്തിയ അവസാന ശ്രമം.. അലമാരയിൽ ഉണ്ട്‌ എന്റെ കാമുകൻ.”

വിശ്വാസം വരാതെ അവൻ അവളെ നോക്കി.

“രാവിലെ ചായ കുടിച്ചപ്പോൾ എന്റെ മൊബൈൽ അവിടെ കൊണ്ട് വെച്ചതും അങ്ങനെ ഒരു മെസ്സേജ് അപ്പോൾ തന്നെ അടുക്കളയിൽ നിന്ന് കൊണ്ട് അയച്ചതും ഇക്കാ ആ ചാറ്റ് കാണാൻ വേണ്ടിയാണ്. ”

ഒന്നും പറയാതെ അല്ലങ്കിൽ ഒന്നും പറയാൻ കിട്ടാതെ ജെസിയെ അവൻ പെട്ടന്ന് കെട്ടിപിടിച്ചു തുരുതുരാ ചുംബിച്ചു.

“ആ മെസ്സേജ് വായിച്ചപ്പോൾ ഞാനങ്ങ് ഇല്ലാണ്ടായി പോയി.”

“ഇക്കാ ഞാനോരു കാര്യം ചോദിക്കട്ടെ..”

“ചോദിക്ക്..”

“ഇക്ക ആ പെണ്ണിനെ വേണ്ടെന്ന് വെച്ചാൽ അവള് മരിക്കും എന്നല്ലേ പറഞ്ഞത്.. ഇങ്ങനെ മാറിയാൽ അവൾ ശരിക്കും മരിക്കോ..?”

“അറിയില്ല.. അവൾ മരിച്ചാലും ജീവിച്ചാലും എനിക്ക് ഒന്നുല്ല.. എനിക്ക് ന്റെ കുടുംബം തിരിച്ചു വേണം..”

“ഈ ഐഡിയ നിനക്ക് എവിടെ ന്ന് കിട്ടി.. മോളേ..”

“ഭർത്താവ് എങ്ങനെ പോയാലും.. ഭാര്യ അങ്ങനെ പോയാൽ ആണുങ്ങളുടെ ഉള്ളം പിടക്കും.. എന്ന് കേട്ടിട്ടുണ്ട്.. ഭാര്യ സഹിക്കുന്നപോലെ ഭർത്താവിന് പറ്റില്ല..”

നഷ്ടപ്പെടലുകളുടെയും വിശ്വാസ വഞ്ചനയുടെ നോവും നീറ്റലും അനുഭവിച്ചു തന്നെ അറിയണം. അങ്ങനെ അറിഞ്ഞാലേ മാറി ചിന്തിക്കാനും തെറ്റിലേക്ക് പോകാതിരിക്കാനും കഴിയു.

തെറ്റുകൾ ആവർത്തിക്കാതിരുന്നാൽ കുറ്റബോധത്തിന്റെ നെറുകയിൽ ഒരു നിലാവ് ഉദിക്കും.ആ നിലാവ് ജീവിതം സ്വർഗമാക്കും.

✍️ നവാസ് ആമണ്ടൂർ.

Leave a Reply

Your email address will not be published. Required fields are marked *