ഇന്നലെ വരെ സ്വന്തമെന്ന് ഉറപ്പുള്ള ഭർത്താവിനെ മറ്റൊരാൾക്ക് കൂടി അവകാശം പകത്തു നൽകേണ്ടി വന്ന വിധിയോർത്ത് അവൾ വേദനിച്ചിട്ടുണ്ടാവും.

താരകപ്പെണ്ണ്
രചന: Navas Amandoor

നിക്കാഹ് കഴിഞ്ഞ് പുതുപെണ്ണിന്റെ കൈ പിടിച്ച് വീട്ടിൽ എത്തിയാൽ സ്വീകരിക്കാൻ പുറത്ത് ആരും ഉണ്ടാവില്ല. പക്ഷെ അകത്തെ കട്ടിലിൽ പുഞ്ചിരിയോടെ, സന്തോഷത്തോടെ ഞങ്ങളെ സ്വീകരിക്കാൻ അവളുണ്ട്.എന്റെ ആദ്യ ഭാര്യ സുലു.

കല്യാണം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞ് സുലുവിന്റെ വയറ്റിൽ കണ്ട മുഴയിൽ തുടങ്ങിയ ചികിത്സ അവളെ രോഗിയാക്കി. മുഴ നീക്കാൻ നടത്തിയ സർജറിയിൽ ഉണ്ടായ പാകപ്പിഴ അവളെ ഒന്നനങ്ങാൻ കഴിയാത്ത വിധത്തിൽ കിടപ്പിലാക്കി.

ഞാൻ ഒത്തിരി സ്നേഹിച്ചതല്ലേ അവളെ..

സ്കൂൾ വരാന്തയിലും ക്യാമ്പസിലും എന്റെ കൈ പിടിച്ചു കൂടെ നടന്ന എന്റെ പെണ്ണല്ലേ അവൾ..

എതിർപ്പുകളെ അവഗണിച്ചു കൂടെ കൂട്ടി എന്റെ പെണ്ണായി ഒരുമിച്ചു ജീവിച്ചതല്ലെ..

ആ അവളെ എങ്ങിനെ സംരക്ഷിച്ചാലാണ് മതിയാവുക.

കൊണ്ട് പോയി ഞാൻ അവളെ പല ഹോസ്പിറ്റലുകളിൽ.

വണ്ടിയിൽ ഇരിക്കുമ്പോൾ എന്റെ മടിയിൽ കൊച്ചു കുട്ടിയെ പോലെ അവള് കിടക്കും.

എത്രയൊക്കെ നിയന്ത്രിക്കാൻ നോക്കിയാലും എന്റെ കണ്ണിൽ നിന്നും ഉരുണ്ടു വീഴുന്ന കണ്ണീർ തുള്ളികൾക്ക് വല്ലാത്ത ചൂടെന്ന് അവൾ പറയും

“ഇക്കാ ഇക്കാ… ”

“എന്താ മോളെ… ”

“ഇക്കാക്ക് മടുത്തില്ലെ… ഇങ്ങനെ എത്ര കാലം എന്നേ പൊക്കി വലിച്ച്. ”

“നിനക്ക് പകരം ഞാനാണങ്കിൽ നീ എന്നെ മടുത്തു പോകോ സുലു ”

“എന്നാലും ഇക്കാ… ”

അവളുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണീർ ഞാൻ തുടച്ചു.

“ഇക്കാടെ സുലു എന്തിനാ കരയുന്നത്.. ഞാനില്ലേ എന്നും കൂടെ… ഞാൻ പോരെ കൂട്ടിന്..? ”

അവൾ എന്റെ കൈ മുറക്കെ പിടിച്ച്..

“മതി ഇക്കാ.. ന്റെ ഇക്ക മാത്രം മതിയെനിക്ക് ഇവിടെയും എവിടെയും. ”

പിന്നെ ഒന്നും മിണ്ടാതെ കിടന്ന അവളുടെ തലയിൽ തലോടി ഞാൻ അരികിൽ ഇരുന്നു.

അന്നാണ് ആദ്യമായ് അവൾ അത് പറഞ്ഞത്.

“ഇക്ക… ഒരു നിക്കാഹ് കൂടി കഴിക്കണം. എന്നോട് ഒത്തിരി ഇഷ്ടമില്ലേ എന്റെ ഇക്കാക്ക്.. ഉണ്ടെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കണം. ”

ഞാൻ അവളുടെ കൈ വിടുവിച്ചു കട്ടലിൽ നിന്നും എണീറ്റു പോന്നു.

“ഇക്കാ… ഇക്കാ.. പിണങ്ങല്ലേ ഇക്കാ.. അത് വേണം. ”

എതിർത്തു.. പറ്റില്ലെന്ന് പറഞ്ഞു. എന്റെ പെണ്ണ് സുലു മാത്രമാണ്.

വേറെയൊരു പെണ്ണിന് എന്റെ ഹൃദയത്തിലും ജീവിതത്തിലും സ്ഥാനമില്ല.

പക്ഷെ ഇന്ന് എന്റെ നിക്കാഹ് ആയിരുന്നു.

ഞാൻ അവളുടെ മുൻപിൽ തോറ്റു കൊടുത്തു.

“അവൾ പറയുന്ന പോലെ അവൾക്ക് തരാൻ കഴിയാത്തത് കിട്ടാൻ വേണ്ടിയല്ല.. അവൾ ഒറ്റക്ക് ആവാതിരിക്കാൻ.. ഞാൻ ഇല്ലാത്ത സമയത്ത് വെള്ളം കുടിക്കാൻ ദാഹിച്ചു ഞാൻ വരുന്നവരെ ദാഹത്തോടെ ഇനി കിടക്കാതിരിക്കാൻ..

എന്നെ നോക്കാൻ അല്ല.. അവളെ നോക്കാൻ അവൾക്ക് കൂട്ടായി നീ ഉണ്ടാവണം ”

“ഉണ്ടാവും… ഇക്ക…സുലുത്തായുടെ ഒപ്പം ഞാൻ ഉണ്ടാവും ”

ഞാനും പുതുപെണ്ണും കൂടി വീട്ടിലേക്ക് കയറി.

വല്ലാത്ത ഭാരം നെഞ്ചിൽ.

അകത്തേക്ക് കയറാൻ തോന്നുന്നില്ല.

ഇവളെയും കൊണ്ട് എന്റെ സുലുവിന്റെ മുൻപിൽ പോയി നിൽക്കാനുള്ള ഉറപ്പ് എനിക്ക് കിട്ടുന്നില്ല.

അവൾ നിർബന്ധിച്ചിട്ടാണങ്കിലും അവളുടെ ഉള്ളിലും കടലോളം സങ്കടം ഉണ്ടാകും.

പണ്ട് ഒരുമിച്ചു നടക്കുമ്പോൾ എതിരെ വന്ന പെണ്ണ് ഒന്ന് ചിരിച്ചതിന് മുഖം വാടിയ എന്റെ പെണ്ണിന് അവളുടെ ജീവനായ എന്നെ പങ്ക് വെക്കാൻ എങ്ങനെയാ കഴിയുക..?

ശരീരത്തിന് മാത്രമെയുള്ളൂ തളർച്ച.

മനസ്സിൽ ഇപ്പോഴും നുരഞ്ഞു പൊന്തുന്ന പ്രണയത്തിന്റെ തീക്ഷ്ണത എത്ര വട്ടം കണ്ടതാണ് അവളുടെ കണ്ണിൽ.

ഞാൻ മുറിയിലേക്ക് പതുക്കെ നടന്ന് ചെന്നു.

പാതി ചാരിയ അവളുടെ മുറിയുടെ.. ഞങ്ങളുടെ മണിയറയുടെ.. വാതിൽ തള്ളിത്തുറന്നു.

സുലു ഉറക്കമാണ്.

ഞാനും പുതുപെണ്ണും അവളുടെ കട്ടിലിന്റെ അരികിൽ ഇരുന്നു.

“ഇവളാണ് ന്റെ ജീവൻ… നീ ഉണ്ടാവണം കൂടെ എപ്പോഴും. അവൾ എനിക്ക് കൂട്ടായിട്ടാണ് രണ്ടാമത് ഒന്നൂടെ കെട്ടാൻ പറഞ്ഞത്.. പക്ഷേ ഞാൻ നിന്നെ കൊണ്ട് വന്നത് എന്നെക്കാൾ കൂടുതൽ അവൾക്ക് കൂട്ടാവാനാണ് ”

“ഞാനും ഒരു പെണ്ണല്ലേ ഇക്കാ.. ഇക്കാക്ക് ഈ ഇത്തയോടുള്ള സ്‌നേഹം അറിഞ്ഞുകൊണ്ടു തന്നെയാ ഈ കല്യാണത്തിന് സമ്മതിച്ചത്…
നിക്കാഹ് കഴിഞ്ഞ് കൂടെ ആരും വരേണ്ടെന്ന് എന്റെ വീട്ടുകാരോട് പറഞ്ഞതും ഞാൻ തന്നെയാണ്.”

ഞാൻ സുലുവിന്റെ കൈ എടുത്തു അവളുടെ കയ്യിൽ വെച്ച് കൊടുക്കാൻ വേണ്ടി സുലുവിന്റെ കയ്യിൽ പിടിച്ചു.

വല്ലാത്ത തണുപ്പ്… കൈകൾക്ക്.

അപ്പോഴാണ് ഞാൻ അത് കണ്ടത്.. അവളുടെ ചുണ്ടിന്റെ വശങ്ങളിലൂടെ ഒലിക്കുന്ന ചോര.

എന്റെ ശരീരത്തിൽ കൂടി മരവിപ്പ് പടർന്നു.

ഞങ്ങളെ സ്വീകരിക്കാൻ അവൾ ഇവിടെ ഉണ്ടെന്ന് വിശ്വസിച്ചു…

പക്ഷെ അവൾ എന്നെ പറ്റിച്ചു.. ഞങ്ങൾ വരുന്നതിനു മുൻപേ അവൾ പോയി.

“നീ പറഞ്ഞിട്ടല്ലെ മോളെ.. ഞാൻ.. എന്നിട്ട് ഒന്നും മിണ്ടാതെ ഒന്ന് കാണാതെ… എന്തിനാ ഇക്കാടെ പൊന്ന് പോയത്. ”

എന്തിനായിരുന്നു ഇങ്ങനെ..

ഒരുപക്ഷെ ഇന്നലെ വരെ സ്വന്തമെന്ന് ഉറപ്പുള്ള ഭർത്താവിനെ മറ്റൊരാൾക്ക് കൂടി അവകാശം പകത്തു നൽകേണ്ടി വന്ന വിധിയോർത്ത് അവൾ വേദനിച്ചിട്ടുണ്ടാവും.

ഇന്നലെകളിലെ പ്രണയത്തിന്റെയും ജീവതത്തിലെ സ്‌നേഹനിമിഷങ്ങളുടെയും ചിത്രങ്ങൾ മനസ്സിൽ മിന്നി മറഞ്ഞപ്പോൾ സങ്കടം കാർമേഘം പോലെ ഉരുണ്ടു കൂടിക്കാണും..

ആ സമയം അവൾ കരഞ്ഞിട്ടുണ്ടാവും..

ആ സമയം അവൾ തകർന്നിട്ടുണ്ടാവും..

ആ സമയം അവൾ ഒറ്റപ്പെട്ടിട്ടുണ്ടാവും..

ആ സമയം അവളുടെ നെഞ്ച് പൊട്ടിക്കാണും…

പടച്ചോനെ.. ആ സമയത്തെ അതിജീവിക്കാൻ കഴിയാതെയാകും എന്റെ പാവം പെണ്ണിന്റെ ജീവൻ പറന്നകന്നത്.

എന്റെ കരച്ചിൽ.. എന്റെ വേദന അത് ഞാൻ ഉള്ള കാലം വരേക്കും ഉണ്ടാകും.

വർഷങ്ങൾ പലത് കഴിഞ്ഞെങ്കിലും ഇപ്പോഴും അവൾ ഒരു നിഴൽ പോലെ കൂടെ ഉണ്ട്. എന്റെ മരണം കൊണ്ടല്ലാതെ സുലുവിൽ നിന്നും അവളുടെ ഓർമ്മകളിൽ നിന്നും എന്നെ അടർത്തിമാറ്റാൻ കഴിയില്ല.

ഇപ്പൊ എനിക്കൊരു മോളുണ്ട്..

അവൾ ഭിത്തിയിൽ തൂക്കിയ സുലുവിന്റെ ഫോട്ടോ ചൂണ്ടിക്കാണിച്ച് അതാരെന്ന് ചോദിക്കും.

ആ സമയം ഞാൻ ആ ഫോട്ടോ എടുത്ത് അവളുടെ കൈയിൽ കൊടുക്കും. എന്നിട്ടവളോട്‌ പറയും.

“അതും മോളുടെ ഉമ്മച്ചിയാണ്.. എന്റെ മോൾക്ക് രണ്ട് ഉമ്മച്ചി ഉണ്ട്. ”

മോള് ആ ഫോട്ടോയിൽ മുഖം അമർത്തി ചുംബിക്കുമ്പോൾ എന്റെ പിന്നിൽ നിന്ന് സുലു വിളിക്കുന്നത് പോലെ തോന്നും.

“ഇക്കാ… ഇക്കാ… ഞാൻ എവിടെയും പോയിട്ടില്ല.. ഇക്കാടെ നെഞ്ചിന്റെ ഉള്ളിൽ തന്നെ ഉണ്ട്.”

നവാസ് ആമണ്ടൂർ

Leave a Reply

Your email address will not be published. Required fields are marked *