ഒരിക്കൽ പോലും എന്നോട് ഒരു ഇഷ്ടം തോന്നിയിട്ടില്ലെന്നു പറഞ്ഞു എന്നെ പടിയിറക്കി എന്റെ കണ്മുന്പിലൂടെ മറ്റൊരുത്തിയെ കൈ പിടിച്ച് നടന്നു പോയ നിമിഷം മാത്രമാണ്

കി്സ്മത്ത്
രചന: Navas Amandoor

“ആറ് കൊല്ലം ഒരുമിച്ചു ജീവിച്ചിട്ടും രണ്ട് കുട്ടികൾ ഉണ്ടായിട്ടും ഒരിക്കൽ പോലും എന്നോട് ഒരു ഇഷ്ടം തോന്നിയിട്ടില്ലെന്നു പറഞ്ഞു എന്നെ പടിയിറക്കി എന്റെ കണ്മുന്പിലൂടെ മറ്റൊരുത്തിയെ കൈ പിടിച്ച് നടന്നു പോയ നിമിഷം മാത്രമാണ് മാഷേ എന്നിലെ പെണ്ണ് തോറ്റുപോയത്”

പൂച്ചക്കണ്ണുള്ള, നീളത്തിൽ കുറേ മുടിയുള്ള, വിവരവും വിദ്യാഭസ്യവുമുള്ള മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞു കൂടെ നടക്കുന്ന ഒരു പെണ്ണിനെയാണ് സമീർ സ്വപ്‍നം കണ്ടതും ആഗ്രഹിച്ചതും. പക്ഷെ കിട്ടിയതും കെട്ടിയതും മനസ്സിലെ സ്വപ്ങ്ങളിൽ നിന്നും മാറ്റമുള്ള ഷാഹിനയെ. ആദ്യ രാത്രിയിൽ അവൾ തിരിച്ചറിഞ്ഞു ഭർത്താവിന്റെ മനസ്സും സ്വപ്നങ്ങളും ഇല്ലാതിക്കിയവൾ ആണു താൻ എന്ന്‌.എങ്കിലും നല്ലൊരു ഭാര്യയാകാൻ ശ്രമിച്ചു. പരാജപ്പെടുന്ന നേരത്തെല്ലാം നിസ്കാര പായയിൽ കണ്ണീർ ഒഴുക്കി. ഒരിക്കലും ആരോടും പരാതി പറഞ്ഞില്ല. കണ്ണീർ ആരെയും കാണിച്ചില്ല. കണ്ണീർ കണ്ട പടച്ചവൻ സമീറിൽ മാറ്റം ഉണ്ടാക്കിയില്ല.

കുട്ടികൾ ആകുമ്പോൾ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു.സമീർ അവളെ ഉമ്മയുടെ ഇഷ്ടത്തിന് കെട്ടി കൂടെ താമസിപ്പിച്ചു. അതല്ലാതെ ഭർത്താവ് എന്നൊരു സ്ഥാനം കൊടുക്കാൻ അയാൾക്ക്‌ താല്പര്യമില്ല. ഒരിക്കൽ പോലും ഒരുമിച്ചു പുറത്തു പോയിട്ടില്ല. പാർക്കിലോ ബീച്ചിലോ കൈ പിടിച്ചു നടന്നിട്ടില്ല. ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചിട്ടില്ല. ഇഷ്ടം ഉള്ളതൊന്നും ചോദിച്ചില്ല, വാങ്ങിച്ചു തന്നിട്ടില്ല. ആണും പെണ്ണും ഒരുമുറിയിൽ ഒരു കട്ടിലിൽ കിടന്നു ഉറങ്ങിയ രാത്രികളിൽ ചടങ്ങു പോലെ നടക്കുന്ന ഇണ ചേരൽ.ചുണ്ടിൽ ഒന്ന് അമർത്തി ചുംബിച്ചിട്ടില്ല. ശരീരത്തിലേക്ക് മോഹത്തോടെ നോക്കിയിട്ടില്ല. ആ ആറ് കൊല്ലം…

അഴിക്കുന്തോറും കുരുക്ക് വീഴുന്ന ജീവത്തിൽ സമീർ അവന്റെ സ്വപനത്തിലെ ഇണയെ കണ്ടത്തി. ഇങ്ങിനെ ഒരു ദിവസം ഷാഹിന പ്രതീക്ഷിച്ചിരുന്നു. മക്കളെ തരില്ലെന്ന് സമീർ പറഞ്ഞപ്പോഴും കരഞ്ഞില്ല. മൗനത്തോടെ തല കുനിച്ചു നിന്നു. ഒരിക്കലും ഷാഹിന സമീറിന് ബുദ്ധിമുട്ട് ആവാതിരിക്കാൻ വേണ്ടി വന്ന് കയറിയ അന്ന് മുതൽ അനുസരിച്ചിട്ടേയുള്ളു.കുറ്റപ്പെടുത്തിയിട്ടില്ല. ഒരു നോട്ടം കൊണ്ട് പോലും……

ഒരിക്കൽ തന്റെ മനസ്സ് തിരിച്ചു അറിയുമെന്ന പ്രതീക്ഷയോടെ പ്രാർത്ഥനയോടെ ജീവിച്ച വീട്ടിൽ നിന്നും അവന് വേണ്ടി അവന്റെ നല്ല ജീവത്തിനു വേണ്ടി പടിയിറങ്ങി തിരിഞ്ഞു നോക്കാതെ നടന്നു. തിരിഞ്ഞു നോക്കിയാൽ പടച്ചോൻ മാത്രം കണ്ടിട്ടുള്ള കണ്ണീർ പലരും കാണും.

“മാഷേ… ഞങ്ങളെ അങ്ങനെ പുറത്തേക്ക് ഒന്നും വിടില്ലായിരുന്നു വാപ്പ. കല്യാണം ഉറപ്പിച്ച നാളുകളിൽ മനസ്സിൽ കുറേ ആഗ്രഹങ്ങളും സ്വപ്നങ്ങളും എനിക്കും ഉണ്ടായിരുന്നു. ഒരുമിച്ചു വണ്ടിയുടെ പിന്നിൽ ഇരുന്ന് പലയിടത്തും പോണം. ഹോട്ടലിന്നു ഭക്ഷണം കഴിക്കണം. ഐസ് ക്രീം നുണഞ്ഞു കടപ്പുറത്തെ പഞ്ചാര മണലിൽ അസ്തമയ സൂര്യന്റെ കാഴ്ച കണ്ടിരിക്കണം.. അങ്ങനെ ഒരുപാട്……
ഒന്നും നടന്നില്ല മാഷേ… വഴിയിലൂടെ തനിച്ചു നടക്കുമ്പോ വണ്ടിയുടെ പിറകിൽ ഇരുത്തി ഭാര്യന്മാരെ കൊണ്ടുപോകുന്നതും ഭാര്യ ഭർത്താവിനെ ഒരു കൈകൊണ്ട് വട്ടം കെട്ടിപ്പിടിച്ചിരിക്കുന്നതും കാണുമ്പോ സങ്കടം വരും… ഒരിക്കൽ പോലും സമീർ എന്നെ ഒന്ന് ഇരുത്തിയിട്ടില്ല മാഷേ…
സാരമില്ല…! അങ്ങനെ കൊണ്ട് നടക്കാനുള്ള ഭംങ്ങി എനിക്ക് ഇല്ലാഞ്ഞിട്ടല്ലെ…! വണ്ടിയുടെ പിന്നിൽ ഇരിക്കാൻ പറ്റിയില്ലെങ്കിലും ആ മനസ്സിന്റെ ഉള്ളിൽ ഒന്ന് കയറിപ്പറ്റാൻ എനിക്ക് മോഹം ഉണ്ടായിരുന്നു മാഷേ….. ”

പരാജയപ്പെട്ടു പടിയിറങ്ങുന്ന നേരത്തും മക്കളെ തിരിച്ചെടുക്കണം എന്നൊരു ചിന്ത മാത്രം. മക്കളെ നോക്കി വളർത്താനുള്ള വരുമാനം കണ്ടെത്തണം. അല്ലങ്കിൽ സമീറിന് നാളെ മക്കൾ ഭാരമാകും.

ദിവസങ്ങൾ കഴിഞ്ഞു പോയി. ഓർത്തുവെക്കാൻ മക്കളുടെ ചിരി അല്ലാതെ മറ്റൊന്നും അവളുടെ മനസ്സിൽ ഇല്ല. വാപ്പ കൊടുത്ത മുപ്പത് പവനും രണ്ട് ലക്ഷം രൂപയും തിരിച്ചു കിട്ടിയ ഷാഹിന തുടങ്ങിയ ചെറിയ തുണിക്കട ജീവിക്കാനുള്ള ഒരു വരുമാനം തന്ന് തുടങ്ങിയപ്പോൾ മക്കളെ തിരിച്ചു എടുക്കാൻ മനസ്സ് കൊതിച്ചു.

തല കുനിച്ചു ഇറങ്ങിപ്പോന്ന വീട്ടിലേക്കു തല ഉയർത്തി കയറി ചെന്നു.

“പക്ഷെ, മാഷേ അപ്പോഴേക്കും എന്റെ മക്കളെ ഓർഫനേജിൽ….. ഞാൻ നോക്കുമായിരുന്നില്ലേ എന്റെ മക്കളെ. ആരോരും ഇല്ലാത്തവരാക്കി എന്റെ മക്കളെ…. എനിക്ക് തന്നൂടായിരുന്നോ… പൊന്നുപോലെ ഞാൻ നോക്കില്ലേ എന്റെ പൈതങ്ങളെ ”

നല്ല കേൾവിക്കാരനായി അയാൾ ഷാഹിനയുടെ വാക്കുകൾ കേട്ടു.ഒരു തുള്ളി കണ്ണീർ പൊടിയാതെ അവളുടെ സങ്കടങ്ങളുടെ സമീറിനെ കുറ്റപ്പെടുത്താതെ പറയുന്ന വാക്കുകളിൽ അവളുടെ മനസ്സിൽ ഇപ്പോഴും അയാൾ ഉണ്ടന്ന് തോന്നി.

“ഷാഹിന നീ ഒരു പാവമായിപ്പോയി… അതല്ലാതെ ഒരു കുറ്റവും ഇപ്പൊ നിന്നിൽ എനിക്ക് കാണാൻ കഴിയുന്നില്ല. ”

ഷാഹിന അയാളെ നോക്കി ഒന്നു പുഞ്ചിരിച്ചു.

“ശരിയാണ് മാഷേ… അന്ന് ഞാൻ പാവമയിരുന്നത് കൊണ്ട് ഇന്ന് ഞാൻ ജീവിതം പഠിച്ചു. തനിച്ചു നടക്കാനും ജീവിക്കാനും എന്റെ മക്കളെ വളർത്താനും എനിക്ക് ഇന്ന് പറ്റുന്നു. പക്ഷെ, നിങ്ങള് അവളെ കൈ പിടിച്ചു കൊണ്ടുവന്നപ്പോ എതിർക്കാൻ ഉള്ള ധൈര്യം അന്ന് ഞാൻ കാണിച്ചിരുന്നെങ്കിൽ മാഷേ… എന്നു വിളിക്കേണ്ടി വരില്ലായിരുന്നു… ഇങ്ങിനെ മക്കളെ കാണാൻ മാഷ് വരേണ്ടി വരില്ലായിരുന്നു.. ”

ഇപ്പൊ കണ്ണ് നിറഞ്ഞത് സമീറിന്റെതായിരുന്നു. ഷാഹിന കാണാതിരിക്കാൻ മുഖം തിരിച്ചു കണ്ണ് തുടച്ചു. മുപ്പത് പവനും രണ്ട് ലക്ഷം രൂപയും തിരിച്ചു കൊടുത്ത് അവളെ ഒഴിവാക്കി പുതിയ ജീവിതം തുടങ്ങി. കൊണ്ടുവന്ന പെണ്ണിന് മക്കളെ ഭാരമായപ്പോ അവരെയും ഒഴിവാക്കി. ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഇവൾക്ക് എങ്ങിനെ ഇപ്പോഴും സമീറിനെ മനസ്സിന്നു പറിച്ചു എറിയാൻ കഴിയാത്തത്. ..?

ആറുകൊല്ലം കൂടെ കിടന്നിട്ടും താമസിച്ചിട്ടും തിരിച്ചറിയാതെ പോയ മനസ്സ് ഇപ്പോൾ അറിയുന്നുണ്ട് അയാൾ. മക്കളെ കണ്ട് തിരിഞ്ഞു നോക്കി നടന്ന് പോകുന്ന സമീർ കാണാതിരിക്കാൻ ഷാഹിന ഇപ്പോഴും കണ്ണീർ തടഞ്ഞു നിർത്തി. എന്നും അങ്ങിനെയാണ് അവളുടെ കണ്ണീർ പടച്ചവന്റെ മുൻപിൽ മാത്രം.

നവാസ് ആമണ്ടൂർ

Leave a Reply

Your email address will not be published. Required fields are marked *