മോളെയും കാമുകനെയും കൈയോടെ പിടികൂടിയ വിവരം ആളെ വിട്ട് അറിയിച്ചു,മോളെ കൂട്ടി കൊണ്ടുവാൻ വേണ്ടി വരുത്തിയതാണ് സൈറയുടെ

സൈറാ
(രചന: Navas Aamandoor)

“ഞാൻ നാട്ടിൽ എത്തും മുൻപേ അവൾക്കായി വാങ്ങിയതെല്ലാം കൂട്ടിയിട്ട് കത്തിക്കെണം. വീടിന്റെ നിറം മാറ്റി വേറെ പെയിന്റ് അടിക്കാൻ പറ ”

മാളിയെക്കൽ വീടിന്റെ മുൻപിൽ ബെഡ് റൂമിലെ കല്യാണത്തിന് വാങ്ങിയ അലമാരയും കട്ടിലും അവളുടെ തുണികളും പെട്രോൾ ഒഴിച്ച് തീ കൊടുത്തത് സൈറയുടെ വാപ്പ.

മോളെയും കാമുകനെയും കൈയോടെ പിടികൂടിയ വിവരം ആളെ വിട്ട് അറിയിച്ചു,മോളെ കൂട്ടി കൊണ്ടുവാൻ വേണ്ടി വരുത്തിയതാണ് സൈറയുടെ ഉപ്പയെ.

മോളെ കെട്ടിച്ചു കൊടുത്ത വീട് ആയതുകൊണ്ട് കയറി ചെന്നു. പുറത്ത് കാർ ഷെഡിലെ തൂണിൽ ചാരി കരയാതെ തല കുനിച്ചു നിൽക്കുന്ന സൈറാ.

“വാപ്പ ഇതൊക്ക ഷാഫിക്കാ എനിക്കായി മാത്രം വാങ്ങിയതാണ്‌. ഈ നിമിഷം മുതൽ ഞാൻ ഈ വീടിന്റെ പുറത്തും. എനിക്ക് കഴിയില്ല ഇതിൽ തീ ഇടാൻ.. എന്റെ ഉപ്പ തന്നെ ചെയ്യണം.”

സൈറയുടെ കൈ പിടിച്ചു തീപ്പെട്ടി ഉരച്ചു തീ കൊടുത്തു,ഉപ്പയും മോളും ആ വീടിന്റെ ഗൈറ്റ് കടന്ന് കൂടി നിന്ന നാട്ടുകാരുടെ ഇടയിലൂടെ തല കുനിച്ചു ഇറങ്ങി.

“ആറു മാസം ആയില്ല കല്യാണം കഴിഞ്ഞിട്ട്. കെട്ടിയോൻ ദുബായ്ക്ക് പോയിട്ട് ഒരു മാസവും..

എന്നിട്ട് അവൾ വേറെ ഒരുത്തനെ മുറിയിൽ വിളിച്ചു കയറ്റിയത്. കത്തിക്കെണ്ടത് ഇതൊന്നുമെല്ലാ… അവളെ യാ.. കാമം മൂത്ത് നടക്കുന്ന സൈറയെ…. ”

“കടത്തിൽ മുങ്ങിയ വീട്ടിൽ നിന്നും പൊന്നും പണവും കൊടുത്തു ആ ചെക്കൻ അവളെ കണ്ട് ഇഷ്ടമായിട്ടു കെട്ടി കൊണ്ട് വന്നതാ.. എവിടെ അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കൊ…. ?”

“പെണ്ണ് ചോദിച്ചു ചെന്നപ്പോൾ 10 ലക്ഷം കടത്തിൽ വീട് ജപ്തി. ആ പണം ബാങ്കിൽ അടച്ചു ആധാരം എടുത്തു കൊടുത്തു. രാജകുമാരിയെ പോലെ കെട്ടി കൊണ്ട് വന്നതിനു അവൾ കൊടുത്ത സമ്മാനം കൊള്ളാം… നാശം പിടിച്ചവൾ”

ആളി കത്തുന്ന തീയിനെക്കാൾ ചൂടുണ്ട് നാട്ടുകാരുടെ സംസാരത്തിന്. ഇന്നലെ രാത്രി ഒരു മണിക്ക് അവളുടെ ഒപ്പം പിടിച്ച അവളുടെ കാമുകനെ നാട്ടുകാർ കണ്ടതാണ്.

അവൾക്കും അവനും ഒന്നും പറയാൻ ഉണ്ടായില്ല. അവൾ കൊടുത്ത സ്വർണ്ണം അവനിൽ നിന്നും വാങ്ങി അവനെ പറഞ്ഞു വിട്ടു.

ആരോ വിളിച്ചു ഷാഫിയോട് കാര്യം പറഞ്ഞു. ആ സമയം അയാൾ ഒന്നും മിണ്ടിയില്ല. ഒരുപാട് ഇഷ്ടമായിരുന്നു സൈറയെ.അവൾ അറിയാതെ അവളെ പ്രണയിച്ചു.

പുതിയ വീട്ടിൽ അവളും കൂടെ ഉണ്ടാവാൻ ആഗ്രഹിച്ചു. കടങ്ങളും കഷ്ടപ്പാടും പറഞ്ഞപ്പോൾ അതൊക്കെ തീർത്തു കൊടുത്തു പുഞ്ചിരിയോടെ അവളെ കൈ പിടിച്ചു കൂടെ കൂട്ടി. എന്നിട്ട് ഇപ്പോൾ ഏതോ ഒരുത്തനെ വീട്ടിൽ വിളിച്ചു കയറ്റി…

ഷാഫി മൊബൈൽ എടുത്തു.

“ഉപ്പാ നാളെ തന്നെ അവളെ വീട്ടിൽ നിന്നും പറഞ്ഞു വിടണം.എന്നിട്ട് ഞങ്ങളുടെ ബെഡ് റൂമിൽ ഉള്ള സകലതും അവളെ മുൻപിൽ വെച്ച് അവളെ കൊണ്ട് കത്തിക്കണം… അത്‌ കണ്ട് വേണം അവൾ പടിയിറങ്ങാൻ. ”

സൈറയും ഉപ്പയും അവരുടെ വീട്ടിൽ എത്തി.ഉപ്പയുടെ കണ്ണ് നിറഞ്ഞു.ദേഷ്യം കൊണ്ട് മുഖം വിറച്ചു. അതുവരെ അടക്കി നിർത്തിയതെല്ലാം കനത്ത പ്രഹരമായി അവളുടെ മുഖത്ത്‌ ഉപ്പയുടെ കൈ പതിഞ്ഞു.

“പോയി തൂങ്ങിചത്തൂടെ നിനക്ക്.. നാട്ടുകാർ പറഞ്ഞതൊക്കെ കേട്ടില്ലേ… ?”

ഉപ്പയുടെ മോളായി വളർന്ന സൈറാ. ഉപ്പയുടെ നെഞ്ചിലെ മുത്താണ് പോന്നു മോൾ. ഒരു വടി കൊണ്ടോ വാക്ക് കൊണ്ടോ അവളെ നോവിച്ചിട്ടില്ല ഇതുവരെ.

അവളിൽ നിന്നും ഇങ്ങനെ ഒരു തെറ്റ് പ്രതീക്ഷിച്ചിട്ടില്ല ആ ഉപ്പ. തകർന്നു പോയ അയാൾ തളർന്നു ഇരുന്നു.

സൈറ ഉപ്പയുടെ അരികിൽ വന്ന് നിന്ന് തോളിൽ കൈ വെച്ചു.

“എന്റെ ഈ ഉപ്പ വളർത്തിയാ സൈറ മോൾ പിഴച്ചു പോകുമെന്ന് ഉപ്പാ വിശ്വസിക്കുന്നുണ്ടോ… ?”

ഉപ്പ അവളുടെ മുഖത്ത്‌ നോക്കി. ഇത്രയും നേരം നിറയാതിരുന്ന സൈറയുടെ കണ്ണുകൾ നിറഞ്ഞു.

“എനിക്ക് വേറെ ആരോടും സത്യം ബോധപ്പിക്കാൻ ഇല്ല. ഉപ്പ അറിയണം. ഉപ്പ മാത്രം. ”

“മോളേ….. അപ്പൊ അവർ നിന്റെ ഒപ്പം കണ്ടെന്നു പറഞ്ഞവൻ.”

“അയാൾ എന്റെ ആരുമല്ല.അയാളെ ഞാൻ ഇന്നലെയാ ആദ്യമായി കാണുന്നത്. ദൂരെ എവിടെയോ ആണ് വീട്. ഷാഫിക്കാടെ വാപ്പയും ഉപ്പയും കാണാതിരിക്കാനാണ്‌ അയാൾ രാത്രി വന്നത്. ദുബായിൽ വെച്ച് എപ്പോഴാ ഷാഫിക്കാ ഫ്ലാറ്റിൽ ഒരു പെണ്ണിനെ…

അതിന്റെ വീഡിയോ അയാളുടെ കൈയിൽ ഉണ്ട്. അത്‌ പുറത്ത് വരാതിരിക്കാനാണ് സ്വർണ്ണം ഊരി കൊടുത്തത്. ഇപ്പൊ എന്റെ ജീവിതവും ”

“മോൾക്ക്‌ ഇതൊക്ക അവിടെ പറയായിരുന്നില്ലെ… ?”

“വേണ്ടാ ഉപ്പാ… ആരും ഒന്നും അറിയണ്ട. നമ്മുക്ക് ഒത്തിരി സഹായം ചെയ്തതല്ലേ ഷാഫിക്ക. അതിന്‌ പകരം ഉപ്പാടെ സൈറമോൾ ഇത്‌ ഏറ്റെടുക്കുന്നു.”

ഉപ്പ അവളെ കെട്ടിപ്പിടിച്ചു. വിരൽ പതിഞ്ഞ കവിളിൽ തലോടി.

“ഞാൻ അതൊക്കെ വിളിച്ചു പറഞ്ഞാൽ ആ ഉപ്പയും ഉമ്മയും സങ്കടപ്പെടും ,നാട്ടുകാരുടെ മുൻപിൽ എന്റെ ഇക്കാ മോശക്കാരനാവും.

ഇക്ക ചെയ്തത് തെറ്റാണെങ്കിലും ക്ഷമിക്കാൻ സൈറാക്ക്‌ കഴിയും.ഞാൻ അല്ലാതെ ആരാ എന്റെ ഇക്കാനോട് ക്ഷമിക്കുക?”

സത്യം വെളിച്ചമാണ്. ഒരിക്കൽ ഇരുളിൽ നിന്നും പുറത്തു വരികതന്നെ ചെയ്യും. അന്ന് സൈറയെ തിരിച്ചു വിളിക്കാൻ അവളുടെ ഷാഫിക്കാ വരുമെന്ന പ്രതീക്ഷയോടെയാണ് ഓരോ ദിവസവും അവൾ ജീവിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *