“പക്ഷേ നീ മാറിപ്പോയി.പണ്ടത്തെ ആ ചെറുപ്പക്കാരനിൽ നിന്ന്, വലിയൊരു മാറ്റം..! ഞാനറിയുന്ന നീ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ..”

(രചന: നിമിഷ)

” വീണ്ടും ഒരിക്കൽ കൂടി തന്നെ കണ്ടുമുട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല..” മുന്നിലിരുന്ന് പുഞ്ചിരിയോടെ പറയുന്ന അവനെ അതേ ചിരിയോടെ തന്നെ അവളും നോക്കി.

” നമ്മൾ പ്രതീക്ഷിക്കാത്ത പലതും ജീവിതത്തിൽ നടക്കുമ്പോഴാണല്ലോ ജീവിതത്തിന് ഒരു ത്രില്ല് ഉള്ളത്.. ”

അവൾ പറഞ്ഞപ്പോൾ അവൻ ചിരിച്ചു.

” നിന്റെ പണ്ടത്തെ ആ സ്വഭാവത്തിന് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. ”

അവളെ ആകമാനം നോക്കിക്കൊണ്ട് അവൻ പറഞ്ഞു.

“പക്ഷേ നീ മാറിപ്പോയി.പണ്ടത്തെ ആ ചെറുപ്പക്കാരനിൽ നിന്ന്, വലിയൊരു മാറ്റം..! ഞാനറിയുന്ന നീ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ..”

അവൾ പറഞ്ഞപ്പോൾ അവന്റെ പുഞ്ചിരി മങ്ങി.

” അതിന് നീ ഇന്നെന്റെ സ്വന്തം അല്ലല്ലോ.. ”

അവന്റെ വേദന മുഴുവൻ ആ ഒരു വാചകത്തിൽ തങ്ങി നിന്നിരുന്നു.ആ ഒരു വാചകം കേട്ടപ്പോൾ അത്രയും സമയം പുഞ്ചിരിച്ചു നിന്നിരുന്ന അവളുടെ മുഖവും മങ്ങി.

” എല്ലാം നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ നടക്കില്ലല്ലോ.. ”

ആ വാചകം അവൾ വീണ്ടും ആവർത്തിച്ചു.

” ഇത് ദൈവം നമുക്ക് വിധിക്കാത്തതു കൊണ്ടല്ലല്ലോ.. ”

മറ്റെങ്ങോ നോക്കിക്കൊണ്ട് അവൻ അത് പറയുമ്പോൾ അത് ശരിയാണെന്ന് അവൾക്കും തോന്നുന്നുണ്ടായിരുന്നു.

അവൻ അനിരുദ്ധൻ. ജാനകിയുടെ കോളേജ് മേറ്റ് ആണ്. അങ്ങനെ പറയുന്നതിനേക്കാൾ എളുപ്പം അവളുടെ ഹൃദയം കവർന്നവനാണ് എന്ന് പറയുന്നതാണ്.

അതെ ജാനകിയുടെ പ്രണയമായിരുന്നു അനിരുദ്ധൻ..! അനിരുദ്ധന്റെ ജീവനായിരുന്നു ജാനകി..!

അവരുടേതു പോലെ അത്രയും മനോഹരമായ ഒരു പ്രണയം ആ ക്യാമ്പസിൽ മറ്റാർക്കും ഉണ്ടായിരുന്നില്ല. പരസ്പരം കണ്ണുകൊണ്ടും മൗനം കൊണ്ടും കഥ പറഞ്ഞവരായിരുന്നു ജാനകിയും അനിരുദ്ധനും.

നന്നായി നൃത്തം ചെയ്യുമായിരുന്ന ജാനകിക്ക് നന്നായി പാട്ടു പാടുന്ന അനിരുദ്ധനോട് ആ കോളേജിൽ ആദ്യം എത്തിയ നാളുകളിൽ ആരാധനയായിരുന്നു. ആ ആരാധന പതിയെ പതിയെ സൗഹൃദത്തിലേക്ക് പിന്നീട് പ്രണയത്തിലേക്കും വഴി മാറി ചലിച്ചു.

ആ ക്യാമ്പസിൽ അവരെ അറിയുന്ന എല്ലാവർക്കും അറിയുന്ന ഒന്നായിരുന്നു അവരുടെ പ്രണയം.

പക്ഷേ അവർ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് അവരുടെ ജീവിതത്തിൽ ഉണ്ടായിരുന്നു.

പരസ്പരം പ്രണയിക്കുമ്പോൾ അവർ ചിന്തിക്കാതെ പോയ ഒരു കാര്യം..!

അവർ ഇരുവരും വ്യത്യസ്ത ജാതിയിലുള്ളവരായിരുന്നു. സാമ്പത്തികം കൊണ്ടോ കുടുംബ മഹിമ കൊണ്ടോ യാതൊരു വ്യത്യാസവുമില്ല എങ്കിലും, ഈയൊരു വ്യത്യാസം വളരെ വലിയൊരു വ്യത്യാസമായി തന്നെ അവരുടെ കുടുംബങ്ങൾ ഉയർത്തിപ്പിടിച്ചു.

ഒരു കാരണവശാലും അവരുടെ വിവാഹം നടത്തി കൊടുക്കാൻ കഴിയില്ല എന്ന് രണ്ടു വീട്ടുകാരും ശാഠ്യം പിടിച്ചു.അവരോട് പോരടിച്ചു നിൽക്കാൻ ജാനകിയും അനിരുദ്ധനും ഒരുപാട് ശ്രമിച്ചു.

വീട്ടുകാരുമായി അവർ ഒരുപാട് പട പൊരുതിയതിന്റെ ഫലമായി അവരുടെ വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാർ തീരുമാനിച്ചു.

പക്ഷേ അനിരുദ്ധന്റെ വീട്ടുകാർക്ക് ഒരേ നിർബന്ധമായിരുന്നു അവരുടെ ജാതകം നോക്കണമെന്ന്.

എത്രയൊക്കെ ആണെങ്കിലും വിവാഹത്തിന് അവർ പച്ചക്കൊടി കാണിച്ചതോടെ കാര്യങ്ങളൊക്കെ അവരുടെ ഇഷ്ടത്തിനും താല്പര്യത്തിനും വിട്ടുകൊടുക്കാൻ ജാനകിക്കും അനിരുദ്ധനും മടിയൊന്നും ഉണ്ടായിരുന്നില്ല.

അതുകൊണ്ടു തന്നെ അവരുടെ ആ ആവശ്യവും അംഗീകരിക്കപ്പെട്ടു.

അനിരുദ്ധന്റെ അമ്മയും സഹോദരിയും കൂടിയാണ് അവരുടെ ജാതകങ്ങൾ തമ്മിൽ ചേർച്ച ഉണ്ടോ എന്ന് നോക്കാനായി ജ്യോത്സനെ കാണാനായി പോയത്.

വളരെയധികം ആവേശത്തോടെയാണ് അവരുടെ മടങ്ങി വരവിന് വേണ്ടി അനിരുദ്ധൻ കാത്തിരുന്നത്. പക്ഷേ തിരികെയെത്തിയ അവരുടെ മുഖം മങ്ങിയിരുന്നു.

മാത്രമല്ല അനിരുദ്ധനു മുഖം കൊടുക്കാതെ അവർ അകത്തേക്ക് കയറി പോയപ്പോൾ തന്നെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അവനു തോന്നിയിരുന്നു.

അവന്റെ സംശയങ്ങളെ ശരി വെക്കുന്ന തരത്തിലുള്ളതായിരുന്നു പിന്നീടുള്ള കാര്യങ്ങൾ.

ജ്യോത്സനെ കണ്ട് മടങ്ങി വന്ന അമ്മ ഒരു കാരണവശാലും അനിരുദ്ധനും ജാനകിയും തമ്മിലുള്ള വിവാഹം നടത്താൻ സമ്മതിക്കില്ല എന്ന് വാശി പിടിച്ചു.

കാരണം അന്വേഷിച്ച അവനോട് അവർ ജോത്സ്യൻ പറഞ്ഞ കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞു.

“നിന്റെയും അവളുടെയും ജാതകങ്ങൾ തമ്മിൽ പൊരുത്തമില്ല. നിങ്ങളുടെ വിവാഹം നടന്നാൽ നിങ്ങളിൽ ഒരാളുടെ മരണം സുനിശ്ചിതമാണ്.

അഥവാ നിങ്ങൾക്ക് രണ്ടുപേർക്കും അപകടം ഒന്നുമുണ്ടായില്ലെങ്കിലും നിന്റെ അമ്മയ്ക്ക്, അതായത് ഈ എനിക്ക് ഈ വിവാഹം കൊണ്ട് ദോഷമായിരിക്കും.”

അമ്മ അത് പറയുമ്പോൾ എന്തു പറയണമെന്ന് അറിയാതെ അനിരുദ്ധൻ ഒരു നിമിഷം പകച്ചു പോയി.പക്ഷേ പിന്നീട് അവൻ ലാഘവത്തോടെ ചിരിച്ചു.

“ഇതിലൊന്നും ഒരു കാര്യവുമില്ല.ഈ നാളും പൊരുത്തവും ഒക്കെ നോക്കിയിട്ട് നടത്തുന്ന എത്രയോ കല്യാണങ്ങൾ പകുതി വഴിയിൽ നിന്നു പോകുന്നു.

എത്രയോ പേർക്ക് കാരണങ്ങളില്ലാതെ ഡിവോഴ്സ് നേടി വേറെ വഴിക്ക് പോകുന്നു. വിവാഹത്തിന് നാളും പൊരുത്തവും ഒന്നും നോക്കാതെ വിവാഹം കഴിക്കുന്ന എത്രയോ ആളുകൾ ഉണ്ട്.

അവരും സുഖമായി ജീവിക്കുന്നില്ലേ..? ഇതൊക്കെ ഓരോ അന്ധവിശ്വാസങ്ങളാണ്.

ഇവിടെ പിന്നെ അമ്മയ്ക്കും അച്ഛനും ഒക്കെ നിർബന്ധമുള്ളതു കൊണ്ടാണ് ഇങ്ങനെ ജാതകം നോക്കാൻ ഞാൻ സമ്മതിച്ചത് തന്നെ.അല്ലാതെ ഇതിലൊന്നും എനിക്ക് ഒരു വിശ്വാസവുമില്ല.”

അനിരുദ്ധന്റെ മറുപടി കേട്ട് അമ്മ ദേഷ്യപ്പെട്ടു.

“ജ്യോത്സ്യൻ പറയുന്നതൊന്നും നീ വിശ്വസിക്കില്ല എന്നല്ലേ നീ പറയുന്നത്..? ശരി വിശ്വസിക്കേണ്ട. നീ അവളെ തന്നെ കെട്ടിക്കോ. എന്തൊക്കെ വന്നാലും നിനക്ക് അവളെ തന്നെ വേണമെന്നല്ലേ നിന്റെ വാശി..? ചിലപ്പോൾ നിനക്കുള്ള കൊലക്കയറും കൊണ്ടായിരിക്കും അവൾ ഈ വീട്ടിലേക്ക് കയറി വരുന്നത്.”

” അങ്ങനെയായാലും എനിക്കൊരു പ്രശ്നവുമില്ല. ഈ വിവാഹം നടക്കുന്നതിന്റെ പേരിൽ എനിക്കോ അവൾക്കോ എന്തു സംഭവിച്ചാലും ഞങ്ങൾ അതങ്ങ് സഹിക്കും. ”

അവൻ വാശിയോടെ പറഞ്ഞപ്പോൾ അമ്മയുടെ മുഖം ഇരുണ്ടു.

” അപ്പോൾ പിന്നെ ഞാൻ മരിച്ചു പോകട്ടെ എന്നാണോ..? നിനക്കോ അവൾക്കോ എന്തു സംഭവിച്ചാലും സംഭവിച്ചില്ലെങ്കിലും എനിക്കും നിങ്ങളുടെ വിവാഹം കൊണ്ട് ദോഷം തന്നെയാണ്. ”

അമ്മയുടെ ആ ചോദ്യത്തിൽ അവന് മറുപടി ഇല്ലാതായി.

എങ്കിലും ജാനകിയെ മാത്രമേ വിവാഹം കഴിക്കൂ എന്നുള്ള അവന്റെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ അവൻ തയ്യാറായിരുന്നില്ല. അമ്മയും സഹോദരിയും ഒക്കെ ആവുന്നതും ശ്രമിച്ചെങ്കിലും അവന്റെ തീരുമാനത്തിൽ നിന്ന് അവൻ പിന്നോട്ട് പോയില്ല.

അവസാനത്തെ ശ്രമം എന്നുള്ള നിലയ്ക്കാണ് അവർ രണ്ടുപേരും കൂടി ജാനകിയെ ചെന്ന് കാണുന്നത്. ജ്യോത്സ്യൻ പറഞ്ഞ കാര്യങ്ങളൊക്കെയും അവർ ധരിപ്പിച്ചപ്പോൾ അവളും ആദ്യം അനിരുദ്ധന്റെ അതേ മറുപടി തന്നെയാണ് പറഞ്ഞത്.

പക്ഷേ തങ്ങളുടെ വിവാഹം കൊണ്ട് അനിരുദ്ധന്റെ അമ്മയ്ക്ക് എന്തെങ്കിലും ദോഷം ഉണ്ടാകുമെന്ന് ചിന്തിച്ചപ്പോൾ ജാനകി വിവാഹം വേണമെന്ന് വാശി പിടിക്കാൻ കഴിയില്ലായിരുന്നു.

ഒടുവിൽ ഹൃദയം നുറുങ്ങുന്ന വേദനയോടെ ആ പ്രണയം പകുതി വഴിയിൽ ഉപേക്ഷിക്കാൻ അവർ രണ്ടുപേരും നിർബന്ധിതരായി.

പരസ്പരം കാണാനും സംസാരിക്കാനുള്ള അവസരങ്ങൾ ഒക്കെയും അവർ ഒഴിവാക്കിയെങ്കിലും, നഷ്ടപ്പെട്ടു പോയ പ്രണയം അവർക്ക് എന്നും വേദന തന്നെയായിരുന്നു.

അറിഞ്ഞോ അറിയാതെയോ ഇടയ്ക്കെങ്കിലും അവർ പരസ്പരം കാണുമായിരുന്നു. ആ സമയത്തൊക്കെയും പഴയ ഓർമ്മകൾ അവരെ വേദനിപ്പിക്കാൻ തുടങ്ങിയിരുന്നു.

അതിന് ഒരു പരിഹാരം എന്ന നിലയ്ക്കാണ് ജാനകി ആ വീടും നാടും ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് കുടിയേറി പാർത്തത്.

അപ്പോഴേക്കും അനിരുദ്ധന് വേണ്ടി അവന്റെ അമ്മ മറ്റൊരു പെൺകുട്ടിയെ കണ്ടെത്താൻ ശ്രമം തുടങ്ങിയിരുന്നു. ഒരു വിവാഹം ഏകദേശം ഉറപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയതും ആയിരുന്നു.

പക്ഷേ ജാനകി അല്ലാതെ തന്റെ ജീവിതത്തിൽ മറ്റൊരു പെൺകുട്ടി ഉണ്ടാകില്ല എന്ന് അനിരുദ്ധൻ ശപഥം ചെയ്തു.

ജാനകിയുടെ അവസ്ഥയും അതു തന്നെയായിരുന്നു.അനിയുടെ സ്ഥാനത്ത് മറ്റാരെയും കാണാൻ അവൾക്ക് കഴിയില്ലായിരുന്നു.

വർഷങ്ങൾ കടന്നു പോയിട്ടും അവരുടെ തീരുമാനത്തിൽ മാറ്റം ഒന്നുമില്ല എന്നറിഞ്ഞപ്പോൾ, ഒരിക്കൽ ഹൃദയവേദനയോടെയാണ് അനിയുടെ അമ്മ അവനോട് ഒരു സത്യം തുറന്നു പറയുന്നത്.

ജാനകിയുമായുള്ള വിവാഹത്തിന് താല്പര്യം ഇല്ലാതിരുന്ന അമ്മ, ജ്യോത്സനെ കൂട്ടുപിടിച്ച് നടത്തിയ ഒരു നാടകം മാത്രമായിരുന്നു അവരുടെ ജാതകങ്ങൾ തമ്മിലുള്ള ചേർച്ചയില്ലായ്മ..!

അത് കേട്ട് അനിരുദ്ധൻ തകർന്നു പോയി. പിന്നീട് ഒരു നിമിഷം പോലും ആ വീട്ടിൽ നിൽക്കാൻ അവനു കഴിയില്ലായിരുന്നു.

ആ വീട് വിട്ട് മറ്റൊരു നഗരത്തിലേക്ക് ചേക്കേറുമ്പോൾ അവനു അറിയില്ലായിരുന്നു അവിടെ ഉണ്ടാകുമെന്ന്.

എപ്പോഴോ ഒരിക്കൽ നാട്ടിലെ ആരുടെയോ നാവിൽ നിന്ന് ജാനകിയും സത്യമറിഞ്ഞിരുന്നു. അതിനുശേഷം ഇപ്പോഴാണ് പരസ്പരം ഒരു കൂടിക്കാഴ്ച..!

“ഞാനൊരു കാര്യം ചോദിക്കട്ടെ..?”

മുഖവുരയോടെ അനിരുദ്ധൻ സംസാരിക്കാൻ തുടങ്ങി.

” എനിക്കറിയാം നീ എന്താണ് ചോദിക്കാൻ തുടങ്ങുന്നത് എന്ന്. എന്റെ മനസ്സിൽ എന്നും നിനക്ക് മാത്രമായിരുന്നു സ്ഥാനം. അത് ഇനിയും അങ്ങനെ തന്നെയായിരിക്കും. നീ എന്നോടൊപ്പം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിന്റെ ഓർമ്മകൾ ആയിരിക്കും എനിക്ക് കൂട്ടിനു ഉണ്ടാവുക. ”

ജാനകി പറഞ്ഞപ്പോൾ അനിയുടെ കണ്ണുകൾ വിടർന്നു.

” ഇനിയുള്ള ജീവിതം നാളിനും നക്ഷത്രത്തിനും വിട്ടുകൊടുക്കാതെ, നമുക്ക് നമ്മുടെ രീതിയിൽ ജീവിച്ചു കൂടെ..? നമ്മളെ പിരിച്ചവർക്ക് ഒരു മറുപടിയായി നമ്മുടെ ജീവിതം മാറണം. ”

അനി അത് പറഞ്ഞപ്പോൾ കണ്ണിൽ ഒരു നീർത്തിളക്കത്തോടെ പുഞ്ചിരിക്കുകയായിരുന്നു ജാനകി.

ആളും ആരവവുമില്ലാതെ ജാനകിയുടെ കഴുത്തിൽ അനിരുദ്ധന്റെ പേര് കൊത്തിയ താലി ചേർക്കപ്പെടുമ്പോൾ, തങ്ങളെ ചേർത്തു വച്ച ദൈവങ്ങളോട് നന്ദി പറയുകയായിരുന്നു ഇരുവരും.

Leave a Reply

Your email address will not be published. Required fields are marked *