അങ്ങനെ ഭർത്താവ് എന്നൊന്നും പറയാൻ പറ്റില്ല ,കൂടെ കിടക്കുന്നവൻ .അവളെ പിഴപ്പിച്ചു ഒരു കൊച്ചിനെ ഉണ്ടാക്കി കൊടുത്തവൻ. അവളും ചീത്തയാണ് ,അല്ലെങ്കിൽ

വർണ്ണ ബലൂണുകൾ
(രചന: Nisha Pillai)

മുംബൈ നഗരത്തിലെ തിരക്കിലൂടെ ഹോണ്ട സിറ്റി കാറിൽ യാത്ര ചെയ്യുമ്പോൾ ഹൻസിക ആകാശിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു.

ഒന്നര വർഷമായി ഇരു ശരീരവും ഒരു മനസ്സും ആയിരുന്ന അവർ എത്ര പെട്ടെന്നാണ് മനസ്സും കൊണ്ട് അകന്നത്.

കേണൽ അങ്കിളിന്റെ വിവാഹ വാർഷികത്തിൽ വച്ച് ആന്റിയാണ് ഹൻസികയ്ക്ക് ആകാശിനെ പരിചയപ്പെടുത്തി കൊടുത്തത്.കണ്ട മാത്രയിൽ തന്നെ ഇഷ്ടമായി .

സുന്ദരൻ, സുമുഖൻ,വിജയിച്ച യുവ സംരംഭകൻ .അച്ഛനും അമ്മയ്ക്കും ആളെ ഒറ്റ നോട്ടത്തിൽ ഇഷ്ടമായി.ഗുജറാത്തി വേരുകളുള്ള ബിസിനസ് കുടുംബം.പരിചയപെട്ടു ,പ്രണയിച്ചു വിവാഹം കഴിച്ചു.

പക്ഷെ ഈയിടെയായി തോന്നുന്ന ഒറ്റപ്പെടൽ,അതിന്റെ ശ്വാസം മുട്ടൽ ,ആരോടും പറഞ്ഞറിയിക്കാൻ വയ്യ.ബിസിനസിനെ അത്രമേൽ ഇഷ്ടപ്പെടുന്ന ആകാശ്, അതിൽ മാത്രം ശ്രദ്ധിക്കുന്നതാണെന്ന് കരുതി.

മുബൈയിലെ മികച്ച പത്തു യുവ വ്യവസായികളെ എടുത്താൽ അതിലൊന്ന് ആകാശാണ്.റാങ്കിങ്ങിൽ ഒന്ന് താഴെ പോയാൽ പിന്നെ ഉറക്കമില്ലാത്ത രാത്രികൾ ആകും ആകാശിന്.

വിജയത്തിനായി എത്ര വേണമെങ്കിലും പരിശ്രമിക്കും.ഇരുപത്തിനാലു മണിക്കൂറും മൊബൈലും ലാപ്ടോപ്പും കൂടെയുണ്ട്.ഉറക്കത്തിൽ പലപ്പോഴും ലാപ്ടോപ്പ് എടുത്തു മാറ്റി വയ്ക്കാറുള്ളത് അവളാണ്.

കുറച്ചു ദിവസമായി ചെറിയ തലചുറ്റൽ അനുഭവപെട്ടു.ഗൂഗിൾ ചെയ്തപ്പോഴാണ് പ്രെഗ്നൻസി കാരണം അങ്ങനെ സംഭവിച്ചേക്കാമെന്നു കണ്ടത് .

ആകാശിനോട് പറയാതെയാണ് ഒരു ടെസ്റ്റ് കിറ്റ് വാങ്ങി നോക്കിയത്.അതിൽ പ്രത്യക്ഷപ്പെട്ട രണ്ടു ചുവന്ന വരകൾ അവളെ സന്തോഷവതിയാക്കി.

എങ്ങനെ ആകാശിനെ അറിയിക്കും,അറിയുമ്പോൾ അവന്റെ പ്രതികരണം എങ്ങനെയാകും.അവൻ ശരിക്കും സർപ്രൈസ്ഡ് ആകുമോ.സിനിമയിലൊക്കെ കാണുന്ന പോലെ അവളെ എടുത്തു വട്ടം ചുറ്റുമോ.

അവളുടെ വയറിൽ മൃദുവായി ചുംബിക്കുമോ.കുട്ടി എങ്ങനെയാകും ആകാശിനെ പോലെ ചുവന്നു തുടുത്ത ഒരു ഗുജ്ജു ആകുമോ എന്നൊക്കെയുള്ള വിചാരങ്ങൾ അവളുടെ മനസിലൂടെ കടന്നു പോയി.

അപ്പോൾ തന്നെ ആകാശിന്‌ വാട്സാപ്പിൽ മെസ്സേജ് അയച്ചു.

“ഇനി മുതൽ നമ്മൾ രണ്ടുപേരല്ല,മൂന്നുപേരാണ് എന്റെ കൊച്ചിന്റെ അച്ഛാ.”

അവൾ പണ്ടും തമാശ കലർത്തിയാണ് അവന് മെസേജ് അയയ്ക്കാറുള്ളത്.ഇതും ഇങ്ങനെ തന്നെ.വൈകിട്ട് ആകാശ് വരാൻ താമസിച്ചപ്പോൾ അവൾ സന്തോഷിച്ചു.

ഇന്ന് തനിക്കെന്തെങ്കിലും സർപ്രൈസ് കാണും.കുളിച്ചൊരുങ്ങി ആകാശിനേറ്റവും ഇഷ്ടപെട്ട പിങ്ക് സൽവാർ ധരിച്ചു ,മുടിയൊക്കെ വിടർത്തിയിട്ടു,പിങ്ക് ലിപ്സ്റ്റിക് പുരട്ടി,അവനു ഏറ്റവും ഫേവറിറ്റ് ആയ മാച്ചാ ഐസ് ക്രീമും വാങ്ങി അവൾ കാത്തിരുന്നു.

ഇടക്കെപ്പോഴെ ഫോൺ എടുത്തു നോക്കിയപ്പോൾ അവൾക്കു സങ്കടം ആയി .അവൻ അവളുടെ മെസേജ് കണ്ടിട്ടില്ല.

എപ്പോഴും ഫോൺ ഉപയോഗിക്കുന്ന ആകാശ് സ്വന്തം ഭാര്യ രണ്ടു മണിക്കൂർ മുൻപ് അയച്ച മെസേജ് കണ്ടില്ലയെങ്കിൽ അതിനൊരു കാരണം ഉണ്ടാകുമെന്നു അവൾ കരുതി സമാധാനിച്ചു.തിരക്കുകൊണ്ടാകാം.

ലേറ്റ് ആയി വന്ന ആകാശ്, കുളിച്ചു വസ്ത്രം മാറി ഫോണിന്റെ മുന്നിൽ ഇരുന്നു.അവൾ കൊടുത്ത മാച്ചാ ഐസ് ക്രീം കഴിഞ്ഞു.അവളോട് ഒന്നും ചോദിച്ചില്ല.

അവളൊന്നും പറഞ്ഞതുമില്ല.അവൾക്കു വാശിയായി. കാണുമ്പോൾ കാണട്ടെ . അറിയുമ്പോൾ അറിയട്ടെ.

ദിവസം രണ്ട് കഴിഞ്ഞിട്ടും ആകാശ് ആ സന്ദേശം കണ്ടിട്ടില്ല.ഒരേ കട്ടിലിൽ ഒന്നും പരസ്പരം തുറന്നു പറയാതെ അവരുറങ്ങി.ഫ്ലാറ്റിലെ ലിഫ്റ്റിൽ വച്ച് അയൽവാസിയായ സൈറാ ബാനുവിനെ കണ്ടിരുന്നു.

അവരുടെ ഞായറാഴ്ചത്തെ ക്ലബ് പ്രോഗ്രാമിന് ചീഫ് ഗസ്റ്റ് ആകാശാണെന്നും ,രാവിലെ അവൾ മെസേജ് അയച്ചെന്നും അത് കണ്ടിട്ട് ആകാശ് റിപ്ലൈ ചെയ്തെന്നും എന്നാലും ഞായറാഴ്ച ഹൻസിക ഒരിക്കൽ കൂടി ഓർമ്മിപ്പിക്കണേയെന്ന് അവളുടെ ഒരു ഓർമ്മപ്പെടുത്തൽ.

എല്ലാവരുടേയും സന്ദേശം കാണുന്നു ,അവർക്കൊക്കെ മറുപടിയും അയയ്ക്കുന്നു.അയാളുടെ ഭാര്യയായ, പ്രണയഭാജനമായിരുന്ന തൻ്റെ സന്ദേശം കാണാൻ സമയമില്ല ആകാശിന്.

അങ്ങനെയാണ് അവൾ കാറെടുത്ത് ഇറങ്ങിയത്. അച്ഛനുമമ്മയോടും പോലും ഈ സന്തോഷ വർത്തമാനം പറയാൻ കഴിഞ്ഞില്ല.ഇതാദ്യം അറിയേണ്ടത് ആകാശാണ്.

പെട്രോൾ പമ്പ് തേടിയാണ് ബൈ റോഡിലേക്ക് തിരിച്ചത്.ട്രാഫിക് ബ്ലോക്കാണ്,കെ കെ യുടെ പാട്ട് കേട്ട് കണ്ണടച്ചിരുന്നപ്പോഴാണ് ഗ്ലാസിൽ ഒരു മുട്ട് കേട്ടത്.

ഒരു യാചക പെൺകുട്ടിയാണ്. ഒരു കൊച്ച് പെൺകുട്ടിയെ അവൾ ഒക്കത്ത് എടുത്തിരിക്കുന്നു.

പെൺകുട്ടിയേയും കുഞ്ഞിനേയും അവൾ മാറി മാറി നോക്കി.അവളുടെ ഇടത് കൈ കൊണ്ട് അടിവയറിൽ തൊട്ടു, തൻ്റെ കുഞ്ഞ്.അവളുടെ കയ്യിൽ ഏഴെട്ട് ഹൈഡ്രജൻ ബലൂണുകൾ ഉണ്ട്,വിൽക്കാനാകും.

“മാഡം ഒരെണ്ണം പത്ത് രൂപ.എട്ടെണ്ണമുണ്ട്.അൻപത് രൂപ തരൂ.കുഞ്ഞിന് മരുന്ന് വാങ്ങാനാണ്.”

“നിന്റെ കുഞ്ഞാണോ? ”

“അല്ല മാഡം ചേച്ചിയുടെ കുട്ടിയാണ്.വേഗം പൈസ തരൂ മാഡം.”

സിഗ്നലിൽ പച്ച ലൈറ്റ് കത്താറായി.അവൾ അക്ഷമയോടെ കാത്ത് നിന്നു.പഴ്സിൽ നിന്നും നൂറു രൂപ എടുത്തു നീട്ടി.

“എൺപത് രൂപ എടുത്തോളൂ.”

“ചില്ലറയില്ല മാഡം.”

“ബാക്കി നീ വച്ചോളൂ.”

അപ്പോഴേക്കും പച്ച ലൈറ്റ് കത്തി.അവൾ ബലൂൺ സീറ്റിൽ കെട്ടി വച്ചു.പെട്ടെന്ന് അവൾക്ക് മടങ്ങി വീട്ടിൽ പോകണമെന്ന് തോന്നി.

അവൾ കാർ യൂടേൺ എടുത്ത് വളച്ചു.വന്ന വഴികളിലൂടെ തിരിച്ചു സഞ്ചരിച്ചു.ഫ്ലാറ്റിലെ എലിവേറ്ററിന് സമീപം കളിച്ചുകൊണ്ട് നിന്ന കുട്ടികൾക്ക് അവൾ ഓരോ ബലൂൺ വീതം നൽകി.

എതിർവശത്തെ ഫ്ലാറ്റിലെ പഞ്ചാബി കുട്ടികൾക്കും ഓരോ ബലൂൺ സമ്മാനിച്ചു.അവശേഷിച്ച നാല് ബലൂണുകൾ അവൾ കട്ടിലിൽ കാലിൽ കെട്ടി വച്ചു.

വാതിലിൽ മുട്ട് കേട്ടപ്പോൾ ആകാശാണെന്ന് കരുതി.ഫ്ലാറ്റിലെ പെണ്ണുങ്ങൾ പലതരം മധുര പലഹാരങ്ങളുമായി, പഞ്ചാബി ദീദിയുടെ നേതൃത്വത്തിൽ ചുറ്റും കൂടി.

“ബദായ് ഹോ ഹൻസിക.”

കന്നഡക്കാരിയായ അയൽക്കാരി അവളുടെ വയറിൽ തൊട്ടു.

“എങ്ങനെ മനസ്സിലായി.”

“പെണ്ണുങ്ങൾക്ക് അങ്ങനൊരു കഴിവുണ്ടേ.ഞങ്ങൾ മണത്ത് കണ്ടു പിടിക്കും”

ആകാശ് വന്നപ്പോൾ സ്ത്രീകളും കുട്ടികളും പിരിഞ്ഞു പോയി.ആകാശിന് എന്നിട്ടും ഒന്നും മനസ്സിലായില്ല.അവൾക്കൊന്ന് പൊട്ടിക്കരയാൻ തോന്നി.

“എന്താ അവരൊക്കെ പതിവില്ലാതെ ഇവിടെ?.”

ആ ചോദ്യത്തിന് മറുപടി അർഹിക്കുന്നില്ലയെന്നവൾക്ക് തോന്നി.താൻ തോറ്റു,തൻ്റെ വാശി മറന്ന് തുറന്ന് പറയുക തന്നെ.ആകാശിൻ്റെ കയ്യിലേക്ക് രണ്ട് ചുവന്ന വരകൾ തെളിഞ്ഞ പ്രഗ്നൻസി ടൂൾ കിറ്റ് വച്ച് കൊടുത്തു . അവനത് തിരിച്ചും മറിച്ചും നോക്കി.

“എന്താണിത്?. പോസിറ്റീവ് ആണോ ,നമുക്കിപ്പോൾ കുഞ്ഞുങ്ങളൊന്നും വേണ്ട.എനിക്കിപ്പോൾ കുട്ടികളേ വേണ്ട ,ഞാൻ ഇപ്പോൾ എന്റെ ബിസിനസ് സാമ്രാജ്യം വലുതാക്കാനുള്ള ശ്രമത്തിലാണ് ,അതിനിടയിൽ കുട്ടികൾ ശരിയാകില്ല .രണ്ടു വർഷം കഴിയട്ടെ .

നമുക്കിത് കളഞ്ഞേക്കാം.നമ്മുടെ കുഞ്ഞ് ഈ ചെറിയ ലോകത്തല്ല ജനിയ്ക്കേണ്ടത് .അവനെ കാത്തിരിക്കുന്നത് വലിയൊരു സാമ്രാജ്യമാണ് . അവനൊരു ചക്രവർത്തിയായി ജനിയ്ക്കണം.”

“അത് അവളാണെങ്കിലോ?അവൾക്കു ഈ സ്നേഹ സാമ്രാജ്യമാണ് ഇഷ്ടമെങ്കിലോ ?”

“നീ വെറുതെ തർക്കിക്കണ്ട ,നാളെ എന്റെ സുഹൃത്ത് വന്ദനയുടെ ക്ലിനിക്കിൽ നമ്മൾ പോകുന്നു.ഇപ്പോൾ ഈസിയായി ചെയ്യാവുന്ന മെത്തേഡുകൾ ഉണ്ട് .”

തർക്കിച്ചിട്ടു കാര്യമില്ലെന്നറിയാം .സ്വന്തം അഭിപ്രായത്തിനു മാത്രം പ്രാധാന്യം കൊടുക്കുന്ന ആളാണ് .എന്റെ കുഞ്ഞിനെ ഞാൻ വളർത്തും ആരുടെയും സഹായമില്ലാതെ .

ഈയിടെയായി ഭക്ഷണ കാര്യങ്ങളിൽ വളരെയധികം അവൾ ശ്രദ്ധിക്കുന്നുണ്ട് . എണ്ണയും ഫാറ്റും ഒഴിവാക്കി പ്രോട്ടീനും പച്ചക്കറിയുമൊക്കെ കൂടുതൽ കഴിക്കുന്നു, ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടാൻ.ആ സ്ത്രീയോടാണ് ഭർത്താവ് കുഞ്ഞിനെ കളയാൻ ആവശ്യപ്പെടുന്നത് .

അമ്മയുടെ ശീലങ്ങളെ വരെ മാറ്റാൻ കഴിയുന്ന മിടുക്കത്തിയാണ് ഉള്ളിൽ .അവൾ വയറിൽ തടവി.കിടപ്പു മുറിയിൽ ചെന്നപ്പോൾ ആകാശ് ഉറക്കമായി .കുറെ നേരം അടുത്തിരുന്നെങ്കിലും ഉണർന്നില്ല .

താക്കോൽ ഹോൾഡറിൽ തൂക്കിയിട്ടിരുന്ന കാറിന്റെ താക്കോൽ ശബ്ദമുണ്ടാക്കാതെ എടുത്തു,വസ്ത്രം മാറി ജീൻസും കുർത്തയുമാക്കി ,പുറത്തു തണുപ്പായതു കൊണ്ട് ഒരു സ്വെറ്ററും എടുത്തു അവൾ കാർ പാർക്കിങ്ങിലെത്തി .

“എങ്ങോട്ട് ?” സ്വയം ചോദിച്ചു.

ഈ നേരം കെട്ട നേരത്ത് അച്ഛൻ്റെ വീട്ടിൽ കയറി ചെല്ലുന്നതെങ്ങിനെ ? ഇവിടെ നിന്നാൽ അബോർഷന് ആകാശ് നിർബന്ധിക്കും ,തനിക്കാണേൽ അവന്റെ മുഖത്ത് നോക്കി എതിർക്കാനുള്ള ധൈര്യം പോരാ ,അത്ര മാത്രം അവനെ സ്നേഹിച്ചിരുന്നു .

അവൾ കാർ സ്റ്റാർട്ടാക്കി . വൈകുന്നേരം പിന്നിട്ട വഴികളിലൂടെ ഒരു മടക്ക യാത്ര.ഇപ്പോൾ അവൾ റിലാക്സ് ചെയ്താണ് വണ്ടി ഓടിച്ചത് .തന്റെ വയറ്റിലെ കുഞ്ഞിന് വിഷമം ഉണ്ടാക്കാത്ത രീതിയിലാണ് അവളുടെ യാത്ര.

പാട്ട് കേട്ട് റിലാക്സ് ചെയ്തുള്ള രാത്രി യാത്ര രസകരമായിരുന്നു.പെട്ടെന്നായിരുന്നു വണ്ടി ഒന്ന് കുലുങ്ങി നിന്നത്, അവൾ വണ്ടി വശത്തേയ്ക്ക് ഒതുക്കി .

വിജനമായ സ്ഥലത്ത് വണ്ടികളിൽ അള്ളു വച്ച് ടയർ പഞ്ചറാക്കുമെന്നും അങ്ങനെ പുറത്തിറങ്ങുന്ന യാത്രക്കാരുടെ പണം തട്ടിയെടുക്കുമെന്നും കേട്ടിട്ടുണ്ട് .

അവൾ പേടിച്ചു വണ്ടിയിൽ തന്നെ ഇരുന്നു .അപകടം ഇല്ലെന്ന് തോന്നിയപ്പോൾ ഫോണും പഴ്സും മാറ്റിനടിയിൽ ഒളിപ്പിച്ചു വച്ചവൾ പുറത്തിറങ്ങി. കാർ ലോക്ക് ചെയ്തു .

അടുത്തെങ്ങാനും ആരെങ്കിലും ഉണ്ടോയെന്ന് നോക്കി .ആരെയും കണ്ടില്ല .അവൾ ദൂരെ നിന്നും വരുന്ന വണ്ടിക്കു കൈ കാണിക്കാനായി റോഡിലേയ്ക്ക് ഇറങ്ങി നിന്നു ,പെട്ടെന്നാണ് ആരോ പിറകിൽ നിന്നും വായിൽ പൊത്തിയത് .

അവൾ കുതറി മാറാൻ ശ്രമിച്ചു .മദ്യത്തിന്റെ രൂക്ഷ ഗന്ധത്തിൽ കലർന്ന വിയർപ്പിന്റെ മനം മടുപ്പിക്കുന്ന ഗന്ധം .

രണ്ടു ചെറുപ്പക്കാരാണ് മുൻപിലും പുറകിലും ,മോശം വസ്ത്രങ്ങൾ ധരിച്ച, പാൻ ചവച്ചു നിൽക്കുന്ന ഒരുവൻ അവളെ ബലമായി പിടിച്ചു .

മുന്നിൽ നിൽക്കുന്നവൻ അവളോട് പണം ചോദിച്ചു,അവൾ ഇല്ലെന്നു പറഞ്ഞു .പിറകിൽ നിന്നവൻ മുഖം അവളുടെ കഴുത്തിനോട് ചേർത്തു.അവൾക്കു ഓർക്കാനം വന്നു ,പ്രെഗ്നന്റ് ആയതിനു ശേഷം ആദ്യമായാണ് അവൾക്കു അങ്ങനെയൊരു മനം മടുപ്പ് തോന്നിയത് .

മുന്നിൽ നില്ക്കുന്നവന്റെ മുഖത്തേക്കാണ് അവൾ ഓർക്കാനിച്ചത്.അവൻ പുറകോട്ടു മാറി .ബലമായി പിടിച്ചു കൊണ്ട് നിന്നവൻ കൈ വിട്ടപ്പോൾ അവൾ ഇടതു വശത്തെ ഇരുട്ടിലേക്ക് ഓടി .

കൊയ്ത്തു കഴിഞ്ഞ വയലേലകൾ ആണ് ചുറ്റും .മദ്യപിച്ചിരുന്നെങ്കിലും പുറകെ ഓടുന്നവന്മാർക്ക് നല്ല വേഗതയുണ്ടായിരുന്നു .ഒരുത്തൻ അവളുടെ നീണ്ട മുടിയിഴകളിൽ പിടിച്ചു അവളെ പുറകോട്ടു വലിച്ചു .

മറ്റെയാൾ അവളെ കോരി എടുത്തു കൊയ്ത്തു കഴിഞ്ഞു കന്നുകാലികൾക്കായി മാറ്റിയിട്ടിരുന്ന വൈക്കോലിൻ്റെ കൂനയിലേയ്ക്ക് ഇട്ടു .പുറകെ നിന്ന് അവളുടെ കൈ ബലമായി പിടിച്ചു വച്ചു .

പുറകെ ഓടി വന്നവൻ അണച്ച് കൊണ്ട് അവളുടെ മുന്നിൽ നിന്നു .അശ്ലീലമായ ചിരിയോടെ അവൻ തന്റെ പാന്റ്സ് മുട്ട് വരെ താഴ്ത്തി വച്ചു .

ഇനി നടക്കാൻ പോകുന്നതെന്താണെന്നറിഞ്ഞ് അവൾ കുതറി മാറാൻ ശ്രമിച്ചു,കാല് കൊണ്ടവന്റെ മർമ്മ ഭാഗത്ത് തൊഴിക്കാൻ ശ്രമിച്ചു .അവൻ കൈ നീട്ടി അവളുടെ കവിളുകളിൽ മാറി മാറി അടിച്ചു ,അവളെ ഹിന്ദിയിൽ പുലഭ്യം പറഞ്ഞു കൊണ്ടേയിരുന്നു .

പുറകിൽ നിന്നവൻ കൂടുതൽ ബലമായി അവളെ താഴേക്ക് അമർത്തി .അവൾ പരാജയം സമ്മതിച്ചു കണ്ണുകൾ അടച്ചു .ഇനി ജീവിയ്ക്കണ്ട .

ആകാശ് ആണ് എന്റെ മരണത്തിനു ഉത്തരവാദി എന്ന് ഞാൻ എഴുതി വയ്ക്കും .എനിക്ക് എന്ത് സംഭവിച്ചെന്ന് ഈ ലോകം അറിയണം . മനസ്സിൽ പല പല വിചാരങ്ങൾ കടന്ന് പോയി.

പെട്ടെന്നായിരുന്നു ഒരു നിലവിളി ശബ്ദം . അവളുടെ കൈയ്യിൽ ബലമായി പിടിച്ചിരുന്നവൻ്റെ കൈ അയഞ്ഞു .അവൻ തല തകർന്നപ്പോലെ, തലയിൽ കൈ വച്ച് വലിയ വായിൽ കരഞ്ഞു .

പകച്ചു പോയ അവന്റെ നേതാവ് ,തന്റെ പാന്റ്സ് ഉയർത്തിയിടാൻ ശ്രമം നടത്തി .പെട്ടെന്നാരോ അവളെ വലിച്ചെഴുന്നേല്പിച്ചു കൊണ്ട് ഓടി .ബലമുള്ളതാണെങ്കിലും നേർത്ത വിരലുകൾ .

ഓടുന്ന സമയത്ത് അവളുടെ ദുപ്പട്ട തന്റെ കവിളിൽ ഉരയുന്നതു ഹൻസിക അറിഞ്ഞു .അതൊരു പെണ്ണാണ്!!! ഭാഗ്യം .ആരാണാവോ തന്നെ രക്ഷിക്കാൻ വന്ന ഈ മാലാഖ .പിറകെ ആരോ ഓടി വരുന്ന ശബ്ദം .

കൊയ്തു തീരാത്ത വയലുകളിലെ വരമ്പിലൂടെ അവരോടി .അയാൾ പിറകെയും .ഇരുട്ട് കൂടിയ ഭാഗത്തെത്തിയപ്പോൾ അവൾ ഹൻസികയെ പെട്ടെന്ന് പിടിച്ചു കിടത്തി .

അവർ രണ്ടു പേരും ഉരുണ്ടു കണ്ടത്തിലേയ്ക്ക് വീണു .പിറകെ ഓടി എത്തിയ ആൾ അവരെ കാണാഞ്ഞ്, പെട്ടെന്ന് കുഴങ്ങിയ പോലെ നിന്നു .അപ്പോഴും അവർ രണ്ടു പേരും നിരങ്ങി നീങ്ങി കൊണ്ടിരുന്നു .അയാളിൽ നിന്നും കുറെ ദൂരമായപ്പോൾ അവൾ ചോദിച്ചു .

“നിങ്ങളാരാണ് ?”

“മിണ്ടാതെയിരിക്കൂ ,അവൻ കൂടുതൽ ആളുകളെ കൂട്ടി കൊണ്ട് വരും .”

“എന്നെ രക്ഷിച്ചതിനു നന്ദിയുണ്ട് .”

അവൾ ഹൻസികയെയും കൊണ്ട് ഓടി ഒരു വലിയ മരത്തിന്റെ ചുവട്ടിൽ നിന്നവർ കിതച്ചു.

“ദീദി എന്നെ മനസിലായില്ലേ ”

അവൾ തന്റെ മൂടുപടം മാറ്റി .വൈകിട്ട് കുട്ടിയേയും കൊണ്ട് വന്ന് ബലൂൺ വിറ്റ പെൺകുട്ടി .അവളുടെ മനോഹരമായ ചിരി കണ്ടപ്പോൾ ഹൻസികയുടെ പേടി മാറി .

“അയാളെന്റെ ചേച്ചിയുടെ ഭർത്താവാണ് ,അങ്ങനെ ഭർത്താവ് എന്നൊന്നും പറയാൻ പറ്റില്ല ,കൂടെ കിടക്കുന്നവൻ .അവളെ പിഴപ്പിച്ചു ഒരു കൊച്ചിനെ ഉണ്ടാക്കി കൊടുത്തവൻ.

അവളും ചീത്തയാണ് ,അല്ലെങ്കിൽ അവനെ പോലൊരുത്തനെ വച്ചോണ്ടിരിക്കുമോ , ഞാനാണെങ്കിൽ കൊന്നു കളഞ്ഞേനെ .”

“അയാൾക്ക്‌ എന്താ പണി .”

നിലത്തിരുന്നു കൊണ്ട് ഹൻസിക ചോദിച്ചു .

“ഇതൊക്കെ തന്നെ ,അള്ളു വയ്ക്കുക ,ആളുകളെ കൊള്ള ചെയ്യുക .പെണ്ണുങ്ങളെ പീഡിപ്പിക്കുക .അവന് പറ്റിയൊരുത്തനും കൂടെ കൂടിയിട്ടുണ്ടിപ്പോൾ .

അവനെന്നെ…………… പലപ്രാവശ്യം ശ്രമിച്ചതാണ് .ഇന്നെന്റെ കയ്യിൽ കിട്ടി ,ഞാൻ തല തകർത്തിട്ടുണ്ട് .ഞാനാണെന്ന് ആരും അറിയരുതേ ,എന്നെ കൊന്നു കളയും.”

“നിന്റെ പേരെന്താ ”

“ചമേലി .”

“നീ എങ്ങനെ ആ സമയത്ത് അവിടെ ,എന്തായാലും എന്റെ ഭാഗ്യം ,നീ അവിടെ വന്നത് .”

“രാത്രി വെളിക്കിറങ്ങാൻ പോയതാ ,അപ്പോഴാ ദീദിയുടെ കരച്ചിൽ കേട്ടത് .ഇര ആരാണെന്നറിയില്ല എങ്കിലും വേട്ടക്കാരനെ എനിയ്ക്കറിയാമായിരുന്നു .ആ അലർച്ചകൾ അത് പല രാത്രികളിലും മുഴങ്ങി ഞാൻ കേട്ടിട്ടുണ്ട് .”

ആരോ വയൽ വരമ്പിലൂടെ ഓടി വരുന്നു .മൊബൈലിന്റെ വെട്ടം കണ്ടു ,അവർ മരത്തിന് പിന്നിൽ ഒളിച്ചു .

” അയാൾ അതാ വരുന്നു .”

“പേടിക്കണ്ട .ഇത് പിടിക്ക് ”

അവൾ താഴെ കിടന്ന ഒരു വലിയ വടിയെടുത്ത് ഹൻസികയ്ക്കു നീട്ടി.അവൾ വലിയൊരു കല്ല് രണ്ടു കൈകൊണ്ടും പിടിച്ചുയർത്തി .

“ഞാൻ കല്ലെടുത്ത് അയാളെ ആക്രമിക്കും ,കൊല്ലില്ല അവൻ ജീവിക്കണം .അഥവാ എനിക്ക് പിഴച്ചാൽ അടിച്ചു ശരിയാക്കി കൊള്ളണം .ശ് ശ് ഇനി മിണ്ടരുത് .”

അയാൾ അടുത്തെത്താറായി .അവർ രണ്ടുപേരും ഒളിച്ചു നിന്നു.അടുത്തെത്തിയപ്പോൾ അവന്റെ തല നോക്കി അവൾ കല്ലുയർത്തി,പക്ഷെ അബദ്ധ വശാൽ അതവന്റെ തോളിലാണ് ഇടിച്ചത് .

അവൻ തിരിയാൻ തുടങ്ങിയതും കയ്യിലിരുന്ന വടി കൊണ്ട് അവന്റെ തല അടിച്ചു തകർത്തത് ഹൻസികയാണ്.കമഴ്ന്നു വീണ അയാളെ രണ്ടു പേരും തല്ലി ചതച്ചു .ഒടുവിൽ ചമേലി ഹൻസികയെ വലിച്ചു കൊണ്ട് ഓടുകയായിരുന്നു .

“മതി ദീദി .എന്തൊരു തല്ലാണിത്.”

“ഞാനൊരമ്മയാകാൻ പോകുന്നു ,അതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ .എന്നെയവൻ …”

മറ്റൊരു വഴിയിലൂടെ അവർ റോഡിലെത്തി.ദൂരെ ഹൻസികയുടെ കാർ കാണാം അതിനടുത്തൊരു പോലീസ് വാഹനം കിടപ്പുണ്ട് .മറ്റൊരു കാറും അടുത്ത് കിടപ്പുണ്ട് ,അത് ആകാശിന്റെ കാറാണ് .അവളെ കാണാഞ്ഞു തിരക്കിയിറങ്ങിയതാകും .

“ദീദി പൊയ്ക്കോ ,ഞാനാണ് ദീദിയെ രക്ഷിച്ചതെന്നു ആരും അറിയണ്ട .അവന്മാർ അറിഞ്ഞാൽ വെറുതെ ഇരിക്കില്ല.”

അവൾ വയലിലേക്ക് ഓടി പോയി .തന്നെ കാത്ത് നിന്ന ആകാശിന്റെയും പോലീസുകാരുടെയും മുന്നിലേയ്ക്ക് ഹൻസിക നടന്നു ചെന്നു .

ഉണർന്നപ്പോൾ ഹൻസികയെ അടുത്ത് കാണാഞ്ഞത് കാരണം ആകാശ് ഗൂഗിളിൽ അവളുടെ ഡിവൈസ് സെർച്ച് ചെയ്തു .

ജിമെയിൽ കാണിച്ച ലൊക്കേഷൻ പോലീസിൽ അറിയിക്കുകയും അങ്ങനെ അവർ അവിടെ എത്തുകയും ചെയ്തു. ഹൻസിക വണ്ടിയിൽ അള്ളു വച്ച് ,തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച വരെ ഒറ്റയ്ക്ക് തല്ലി ചതച്ച കഥ പറഞ്ഞു.

പൊലീസിന് അത്ര വിശ്വാസമായില്ലെങ്കിലും അവളുടെ ദേഹത്തെ ചെളിയും പൊടിയും കണ്ടു അവളോട് പരാതി നൽകിയിട്ടു പോകാൻ നിർദേശിച്ചു .

ആകാശ് എത്ര നിർബന്ധിച്ചിട്ടും ഹൻസിക അയാളുടെ കാറിൽ കയറിയില്ല .

“ഹൻസിക സോറി ,അപ്പോഴത്തെ അവസ്ഥയിൽ ഞാൻ…… .നീ വാങ്ങി വച്ച വർണ്ണ ബലൂണുകൾ കണ്ടപ്പോൾ എനിക്ക് എന്റെ കുട്ടിക്കാലം ഓർമ്മ വന്നു.

എൻ്റെ അമ്മ അന്ന് എന്നെ വേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കിൽ ഞാനിന്ന് ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നോ? .നമ്മുടെ കുഞ്ഞിനെ സ്വീകരിക്കാൻ ഞാൻ മനസ്സ് കൊണ്ട് തയാറായി .നീ പോയാൽ എനിക്കാരുണ്ട് .നീയും നമ്മുടെ കുഞ്ഞും എൻ്റെ കൂടെ വേണം .”

പിന്നീട് പലപ്പോഴും കുഞ്ഞുമായി അവൾ ഹൈവേയിലൂടെ പോകുമ്പോൾ ചമേലിയെ കാണാറുണ്ട് .അപ്പോഴൊക്കെ അവൾ ചമേലിയുടെ കയ്യിൽ നിന്നും വില്പന സാധനങ്ങൾ വാങ്ങാറുണ്ട് .ആരുമറിയാതെ സ്വകാര്യമായി സംസാരിക്കാറുണ്ട് .

“ദീദി കേസ് പിൻവലിച്ചോ ”

“അതെ ശിക്ഷ നമ്മൾ അപ്പോൾ തന്നെ കൊടുത്തല്ലോ ,ബാക്കി പോലീസും .”

“എന്റെ ചെലവ് കൂടി ,അവൻ ചത്തിട്ടില്ല ,ഇപ്പോൾ അവനും കൂടി ചെലവിനുണ്ടാക്കണം .കാലിനു ചെറിയ മുടന്തൽ ഉണ്ട് .മറ്റവൻ കുറെ നാൾ ആശുപത്രിയിലായിരുന്നു .സ്ഥിരം പ്രശ്നക്കാർ ആയിരുന്നത് കൊണ്ട് ആരും തിരിഞ്ഞു നോക്കുന്നില്ല .”

അവൾ ഒരു കാർഡ് ചമേലിയ്ക്ക് കൊടുത്തു.

“എന്റെ നമ്പർ ഇതിൽ ഉണ്ട് ,എന്ത് ആവശ്യമുണ്ടെങ്കിലും നീയെന്നെ വിളിക്കണം .”

അവൾ വച്ച് നീട്ടിയ വർണ്ണബലൂണുകൾ അവൾ വാങ്ങി കാറിൽ വച്ചു.കാർ മുന്നോട്ടെടുത്തപ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന ചമേലിയെ അവൾ കണ്ണാടിയിലൂടെ കണ്ടു .

Leave a Reply

Your email address will not be published. Required fields are marked *