” അമ്മയെ വേണ്ട, സ്വാതന്ത്യം തരാതെ വളർത്തി, എപ്പോഴും പിടിച്ചു വെയ്ക്കാൻ കൊച്ചു കുഞ്ഞല്ല, വിവാഹം കഴിഞ്ഞു എനിക്ക് . അവനോടൊപ്പം ജീവിക്കണം”…….

തിരിച്ചറിവ്
(രചന: Nisha Suresh Kurup)

കോടതി മുറ്റത്തെ ബഞ്ചിൽ പരിസരം മറന്ന് കരയുന്ന എൻ്റെ ചുമലിലേക്ക് പതിഞ്ഞ മകൻ്റെ കരങ്ങൾക്ക് കരുതലിൻ്റെ നനുത്ത സ്പർശം ആയിരുന്നു …ആദ്യം കാണുന്ന ഭാവത്തോടെ ഞാൻ അവനെ നോക്കി..കണ്ണുകളിൽ നീർത്തിളക്കം….

വെളുത്ത് തുടുത്ത മുഖം.മീശയൊക്കെ വന്നു വല്ല്യ ആണായിരിക്കുന്നു. സത്യത്തിൽ ഞാൻ അവനെ ആദ്യം കാണുകയല്ല.. കൂടെ ഉണ്ടായിട്ടും കാണാൻ ശ്രമിച്ചില്ല അതല്ലേ സത്യം.എല്ലാം എനിക്ക് മകൾ ആയിരുന്നു….

ആക്സിഡന്റിൽ ഭർത്താവ് മരിക്കുമ്പോൾ മകൻ ജനിച്ചു 10 ദിവസം . മകൾക്ക് 2 വയസ്. തണുത്ത് മരവിച്ച ഭർത്താവിനെ കെട്ടിപിടിച്ച് കരയുമ്പോൾ മുതിർന്നവർ പിറുപിറുക്കുന്ന കേട്ടു മകന്റെ ജാതക ദോഷം …

അത്രമേൽ സ്നേഹ സമ്പന്നമായിരുന്നു ജീവിതം … ഒരിക്കലും പിരിയിലെന്ന് ഒരായിരം വട്ടം പരസ്പരം പറഞ്ഞവർ …

വിധിയെന്ന് സമാധാനിക്കാൻ ശ്രമിച്ചപ്പോഴും കാതിൽ അലയടിച്ചു കൊണ്ടിരുന്നു മകന്റെ ജാതക ദോഷം … ഉള്ളിന്റെ ഉള്ളിൽ അതൊരു അകൽച്ചയായി രൂപപ്പെട്ടു. മുലപ്പാലിനായി കരയുന്ന കുഞ്ഞിനെ താലോലിക്കാൻ മറന്ന് ഊട്ടി…

ഭർത്താവിന്റെ ഗവൺമെന്റ് ഉദ്യോഗം തനിക്ക് കിട്ടി.. എന്തിനും ഏതിനും ഓടി വരാൻ രണ്ട് വീട്ടുകാരും മത്സരിച്ചു. മരിച്ച മനസുമായി ജീവിതം മുന്നോട്ടു തുഴഞ്ഞു . പ്രതീക്ഷകൾ മുഴുവൻ മകളിൽ അർപ്പിച്ചു ….

തന്റെ ജീവനും ശ്വാസവുമായി മകൾ വളർന്നു … സുന്ദരിയായ മകൾ. പഠനത്തിലും , കലാ രംഗത്തും ഒരു പോലെ മിടുക്കി… അവളിൽ അവൾ കൊണ്ടു വരുന്ന നേട്ടങ്ങളിൽ മതി മറന്നപ്പോൾ മകൻ കൊണ്ടു വരുന്ന അഭിമാനങ്ങൾ കാണാൻ ശ്രമിച്ചില്ല.

മകൾക്കായി അവളുടെ ഇഷ്ട വിഭവങ്ങൾ ഒരുക്കുന്നതിനിടയിൽ മകന് ഇഷ്ടങ്ങൾ ഉണ്ടോന്ന് തിരക്കിയില്ല …, മകൾക്ക് അവള് തിരഞ്ഞെടുക്കന്ന തുണിത്തരങ്ങൾ വാങ്ങിക്കൂട്ടുമ്പോൾ മകന് ഞാൻ തിരഞ്ഞെടുത്തു അവന്റെ ഇഷ്ടം നോക്കാതെ .

ആദ്യം ആദ്യം മകൻ എന്നെ കെട്ടിപിടിച്ചുറങ്ങാൻ വരുമ്പോൾ തിരിച്ച് ഒരു തലോടൽ പോലും കൊടുക്കാതെ തിരിഞ്ഞ് മകളെ ആട്ടി ഉറക്കി. : . പതിയെ അവൻ എന്റെ അമ്മയോട് കൂടുതൽ അടുപ്പം കാണിച്ചു. വീട്ടുകാർ സഹപ്രവർത്തകർ എല്ലാവരും എന്നെ കുറ്റപ്പെടുത്തി.

സത്യത്തിൽ എനിക്ക് അവനോട് വെറുപ്പല്ലായിരുന്നു … എവിടെയോ കടന്നു കൂടിയ അകൽച്ച …അത് പിന്നെ മകളോട് ഉള്ള ഇഷ്ട കൂടുതൽ ആയി മാറി .

ഒരിക്കൽ മകൻ ക്വിസ് മത്സരത്തിൽ ഒന്നാമനായ പുരസ്കാരവുമായി ഓടി വന്ന് കെ ട്ടിപ്പിടിച്ചപ്പോൾ ഇതൊക്കെ എല്ലാവർക്കും കിട്ടുന്ന അല്ലേന്ന് പറഞ്ഞു അടർത്തി മാറ്റി … കുനിഞ്ഞ ശിരസുമായി മകൻ നടന്നു നീങ്ങി .. മകളുടെ ലോകത്തിൽ മാത്രമായി ഞാൻ ജീവിച്ചു. പരാതികളില്ലാതെ മകനും ……

എന്റെ ബന്ധു പറഞ്ഞറിഞ്ഞു മകളെ ഒരു പയ്യനോടൊപ്പം കണ്ടെന്ന് അത് അവളുടെ സുഹൃത്തായിരിക്കുമെന്ന് പറഞ്ഞ് അവരുടെ വായടപ്പിച്ചു.

മെഡിസിൻ വിദ്യാർത്ഥിനി, ജോലി കിട്ടിയിട്ട് മതി വിവാഹം എന്നു പറഞ്ഞവൾ, പക്വതയുള്ള മകൾ …. അവൾ തന്നോട് ഒന്നും ഒളിക്കില്ല .അത്രയേറെ വിശ്വാസമായിരുന്നു ….

ഒടുവിൽ ഞാൻ തന്നെ തെളിവോടെ കണ്ടു പിടിച്ചപ്പോൾ അവൾ പൊട്ടിത്തെറിച്ചു. 24 വർഷം തന്റെ ചിറകിനടിയിൽ ഒതുങ്ങിയ മകൾ …. പെട്ടന്നുള്ള അവളുടെ ഭാവമാറ്റം സങ്കടവും ദേഷ്യവുമായി എന്നിലും അണപൊട്ടി…..:

ഒരു തരത്തിലും അംഗീകരിക്കാൻ പറ്റാത്ത ബന്ധം, സമുദായം വേറെ ,കാലത്തിന്റേതായ ദുശ്ശീലങ്ങളും പയ്യനുണ്ട് . മകൾ ഇത്ര വിഡ്ഢിയോന്ന് ചിന്തിച്ചു. അവളെ ഒരു പരീക്ഷണത്തിനും വിട്ട് കൊടുക്കാൻ വയ്യ … പിന്തിരിപ്പിക്കാൻ ശ്രമിക്കും തോറും അവളിൽ ശത്രുത വളർന്ന് വന്നു.

പഴയ കാലത്തെ മുറുകെ പിടിച്ച് ജീവിക്കുന്ന അമ്മക്ക് ഇന്നത്തെ കാലത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും അവളുടെ ജീവിതം അവൾ തീരുമാനിക്കുമെന്നും വാദിച്ചു. : എന്റെ കണ്ണീരിനോ വാശിക്കോ വില തരാതെ അവൾ അവനോടൊപ്പം ഇറങ്ങി പോയി …

പ്രണയം ഒരിക്കലും തെറ്റാണെന്ന ചിന്താഗതിക്കാരിയല്ല ഞാൻ . അവൾ എന്റെ മാത്രമെന്ന സ്വാർത്ഥത, അവളുടെ പഠിത്തം, ഭാവി , സമൂഹ ത്തിൽ ഞാൻ നേരിടേണ്ടി വരുന്ന ചോദ്യങ്ങൾ …..

അവളില്ലാതെ ഒരു നിമിഷം പറ്റാത്ത ഞാൻ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു . അടുപ്പം ഉള്ളവർ പോലും കുറ്റം പറഞ്ഞു വളർത്തുദോഷം .

ഒടുവിൽ കേസ് കോടതി വരെ എത്തി..എല്ലാത്തിനും സാക്ഷിയായി, കൂട്ടായി മകൻ നിന്നു . കോടതി വളപ്പിൽ വെച്ച് മകളെ കണ്ടപ്പോൾ വെറുതെ പ്രതീക്ഷിച്ചു അവൾ അരികിലേക്ക് ഓടി വരുമെന്ന് …

വിജയിയുടെ ഭാവത്തിൽ എന്നെ നോക്കി അവൾ അകത്തേക്ക് പോയി എന്റെ മനസിന്റെ പിടച്ചിൽ മനസിലാക്കിയെന്ന പോലെ മകൻ കൈയിൽ മുറുകെ പിടിച്ചു അപ്പോഴും എന്റെ ശ്രദ്ധ മകളിൽ മാത്രമായി ഒതുങ്ങി …..

നീതി പീഠത്തിനു മുന്നിൽ അവൾ അലറി ” അമ്മയെ വേണ്ട, സ്വാതന്ത്യം തരാതെ വളർത്തി, എപ്പോഴും പിടിച്ചു വെയ്ക്കാൻ കൊച്ചു കുഞ്ഞല്ല, വിവാഹം കഴിഞ്ഞു എനിക്ക് . അവനോടൊപ്പം ജീവിക്കണം”…….

പ്രായപൂർത്തിയായ മകളുടെ ഭാഗം കോടതി ശരിവെച്ചു. …. ഒന്ന് തിരിഞ്ഞ് പോലും നോക്കാൻ കൂട്ടാക്കാതെ അവന്റെ കൈയ്യ് പിടിച്ചവൾ നടന്നു. കണ്ണിൽ നിന്നു മായും വരെ നോക്കി നിന്നു . ഒന്നു തിരിഞ്ഞ് പോലും നോക്കിയില്ല തന്റെ പ്രാണൻ …….

മകന്റെ നെഞ്ചിലെ ചൂടിൽ തലചായ്ച്ച് എത്ര നേരം ഇരുന്നെന്നറിയില്ല. ആശ്വസിപ്പിക്കാൻ എന്ന പോലെ അവൻ ചെറുതായി തലോടുന്നുണ്ട്.

പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു അമ്മക്ക് മകൾ മാത്രമല്ല ഞാനുമുണ്ട് എന്നും കാവലായി ….. പതിയെ മകന്റെ കൈപിടിച്ച് എഴുന്നേറ്റു ..അവനിലേക്ക് എന്നെ ചേർത്ത് പിടിച്ചവൻ നടന്നു…….

മകൻ എന്റെ മകൻ 22 വർഷങ്ങൾ അറിയാതെ പോയ മകൻ ….. മനസറിഞ്ഞ് ഊട്ടാൻ മറന്ന ഉറക്കാൻ മറന്ന ചേർത്തു നിർത്താൻ മറന്ന തന്റെ പൊന്നു മകൻ …..എവിടെ നിന്നോ ഇളം തെന്നൽ തഴുകി കടന്നുപോയി ……

Leave a Reply

Your email address will not be published. Required fields are marked *