“ആർക്കു വേണം നിന്നെ പോലെ ബോധവും വിവരവും ഇല്ലാത്ത ഒരു പെണ്ണിനെ.. പോ പോയി നിന്റെ റേഞ്ചിന് പറ്റിയ ആരെയെങ്കിലും നോക്ക്.

തമാശയുടെ മുറിവ്
(രചന: Nisha L)

“ആർക്കു വേണം നിന്നെ പോലെ ബോധവും വിവരവും ഇല്ലാത്ത ഒരു പെണ്ണിനെ.. പോ പോയി നിന്റെ റേഞ്ചിന് പറ്റിയ ആരെയെങ്കിലും നോക്ക്.

എനിക്ക് നല്ല സുന്ദരി പെൺകുട്ടികളെ ഇഷ്ടം പോലെ കിട്ടും. എപ്പോ നോക്കിയാലും ഉണ്ണിയേട്ടാ ഉണ്ണിയേട്ടാന്ന് വിളിച്ചു പുറകെ നടന്നോളും ശല്യം.. ”

ഉണ്ണി പറയുന്നത് കേൾക്കെ അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. അവൾ ദയനീയമായി അവനെ നോക്കി പറഞ്ഞു.

“എനിക്ക് ഉണ്ണിയേട്ടനെ അത്രക്ക് ഇഷ്ടമയിട്ടല്ലേ ഞാൻ ഇങ്ങനെ പിറകെ നടക്കുന്നത്. അത് ഉണ്ണിയേട്ടന് ഇത്ര ബുദ്ധിമുട്ടാണെന്നു ഞാൻ അറിഞ്ഞില്ല. ശരിയാണ് എനിക്ക് ബുദ്ധി കുറവാണ്… ഉണ്ണിയേട്ടന്റെ അത്ര നിറവുമില്ല..

പക്ഷേ ഈ നെഞ്ചു നിറയെ ഉണ്ണിയേട്ടൻ മാത്രമാണ്.. ഓർമ വെച്ച നാൾ മുതൽ ഉണ്ണിയേട്ടനെ മാത്രം മനസിൽ കൊണ്ടു നടന്ന പൊട്ടിയാണ് ഞാൻ. ഇനി വരില്ല.. ബുദ്ധിമുട്ടിക്കാൻ.. ”

അവൾ പോകുന്നത് നോക്കി നിൽക്കെ
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു ചേർന്നു..

“മ്മ്മ്.. പോയിട്ട് പത്തു മിനിറ്റിനുള്ളിൽ തിരിച്ചു വരും. എനിക്ക് അറിയില്ലേ അവളെ.. ഇതൊക്കെ എത്ര കണ്ടതാ.. ”

പക്ഷേ… അവൾ പിന്നെ അവനെ ശ്രദ്ധിച്ചതേയില്ല..

മറ്റുള്ളവരോടൊക്കെ അവൾ നന്നായി ചിരിച്ചു സന്തോഷത്തോടെ സംസാരിക്കുന്നു. ഞാൻ എന്നൊരു വ്യക്തി ഇവിടെ ഉള്ളതായിട്ടു പോലും അവൾ ഭാവിക്കുന്നില്ല.

ഇതെന്താ ഈ പെണ്ണിങ്ങനെ.. എന്തൊക്കെ വഴക്കിട്ടാലും ഇത്തിരി കഴിയുമ്പോൾ ഓടി വന്നു പിണക്കം തീർക്കുന്ന പെണ്ണായിരുന്നു.. ഇപ്പോൾ എന്താ…

പറഞ്ഞത് കൂടിപ്പോയോ..?? ഇത് തന്നെ ഇടയ്ക്കിടെ പറഞ്ഞു അവളെ ശുണ്ഠി പിടിപ്പിക്കാറുള്ളതാണ്…

പക്ഷേ അപ്പോഴൊന്നും ഇല്ലാത്ത മസിലു പിടിത്തം ആണല്ലോ ഇപ്പോൾ.. ദൈവമേ പണിയാകുമോ…

വേവലാതിയോടെ ഉണ്ണി ചിന്തിച്ചു.

ഉണ്ണിയുടെ അച്ഛന്റെ ഉറ്റ സുഹൃത്തിന്റെ മകളാണ് അമ്മു. രണ്ടു പേരുടേയും വിവാഹം ഇരുവീട്ടുകാരും മുൻപേ തീരുമാനിച്ചതുമാണ്..

അതുകൊണ്ട് തന്നെ ആ സ്വാതന്ത്ര്യം അവർക്ക് കൊടുത്തിട്ടുമുണ്ട്. ഉണ്ണിക്ക് പ്രൈവറ്റ് ജോലിയാണ്. അമ്മു ഡിഗ്രി അവസാനവർഷം പഠിക്കുന്നു.

അവളുടെ കോഴ്സ് കഴിഞ്ഞിട്ട് കല്യാണം നടത്താം എന്ന തീരുമാനത്തിലാണ് വീട്ടുകാർ.

മൂന്നു ദിവസം ആയിട്ടും അമ്മു ഉണ്ണിയോട് മിണ്ടിയില്ല.. അവന്റെ മനസ് പുകയാൻ തുടങ്ങി.

അവളുടെ വിളി കേൾക്കാതെ,,, അവളുടെ ചിരിയില്ലാതെ അവന് ആകെ ഒറ്റപ്പെട്ടു പോയത് പോലെ തോന്നി. ചുമ്മാ അവളെ വട്ടു പിടിപ്പിക്കാൻ എന്തെങ്കിലും പറയുമെങ്കിലും അവന്റെ മനസ്സിൽ അവൾ മാത്രമാണ്…

ഇനി മിണ്ടാതിരുന്നാൽ ശരിയാവില്ല. ഇന്നു തന്നെ പിണക്കം തീർക്കണം…

“അമ്മു.. നീയെന്താ എന്നോട് മിണ്ടാതെ… എന്നെ മൈൻഡ് ചെയ്യാതെ നടക്കുന്നത്.. എന്ത് വഴക്കിട്ടാലും ഓടി വന്നു മിണ്ടുന്ന നീ എന്നോട് മിണ്ടിയിട്ട് ഇന്ന് മൂന്നു ദിവസം ആയി.. അറിയാമോ..”

“ആ അതു തന്നെയാ ഉണ്ണിയേട്ടാ പ്രശ്നം.. എപ്പോഴും ഞാൻ താണു തരുന്നതാണ് പ്രശ്നമായത്..

ഉണ്ണിയേട്ടൻ പല പ്രാവശ്യം എന്നോട് പറഞ്ഞിരിക്കുന്നു ഞാൻ ഉണ്ണിയേട്ടന് യോജിച്ചവൾ അല്ലെന്നു… ആദ്യമൊക്കെ തമാശയായി കണ്ടു. പക്ഷേ ഇപ്പോൾ എനിക്ക് മനസിലായി അത് സീരിയസ് ആയി പറഞ്ഞതാണെന്ന്..

ഉണ്ണിയേട്ടന്റെ സ്റ്റാറ്റസിന് പറ്റിയ ഒരാളെ ഉണ്ണിയേട്ടൻ തിരഞ്ഞെടുത്തോളൂ.. എനിക്ക് പറ്റിയ,, എന്റെ കുറവുകൾ അറിഞ്ഞു വരുന്ന ആരെയെങ്കിലും ഞാൻ നോക്കിക്കൊള്ളാം.

ഇഷ്ടമില്ലാത്തിടത്തു കടിച്ചു തൂങ്ങുന്നത് ശരിയല്ല എന്നാണ് ഞാൻ പഠിച്ചിരിക്കുന്നത്.. അതുകൊണ്ട് എന്റെ ശല്യം ഇനി ഉണ്ണിയേട്ടനുണ്ടാകില്ല…”

“അമ്മു… സോറി… ഞാൻ.. ഞാൻ അങ്ങനെ ഒന്നും വിചാരിച്ചു പറഞ്ഞതല്ല.. ഒരു തമാശക്ക്… നിന്നെ ശുണ്ഠി പിടിപ്പിക്കാൻ ചുമ്മാ പറഞ്ഞതാ.

നീ അത് സീരിയസ് ആക്കല്ലേ.. എനിക്ക് നീയില്ലാതെ പറ്റില്ല അമ്മു.. നിന്നോട് മിണ്ടാതെ നിന്നെ കാണാതെ എനിക്ക് പറ്റില്ല.

ഈ മൂന്നു ദിവസം മൂന്നു വർഷം പോലെയാണ് എനിക്ക് തോന്നിയത്. സോറി ഇനി നിന്നെ വിഷമിപ്പിക്കുന്നതൊന്നും ഞാൻ പറയില്ല.. എന്നോട് ക്ഷമിക്ക് അമ്മു.. പ്ലീസ്.. ”

അവൻ ഇടർച്ചയോടെ പറഞ്ഞു.

“ഹ്മ്മ്… തമാശ… കേൾക്കുന്നവർക്ക് കൂടി തമാശയായി തോന്നിയാലേ തമാശക്ക് പ്രസക്തിയുള്ളൂ… ഒരേ കാര്യം പലവട്ടം പറയുമ്പോൾ അത് തമാശ ആകുന്നത് എങ്ങനെ..??… അങ്ങനെ നിങ്ങൾക്ക് ഒരു തമാശയാക്കാൻ എന്നെ കിട്ടില്ല… ”

ഒന്ന് നിർത്തി അവൾ തുടർന്നു..

“ഉണ്ണിയേട്ടന് ഒരു കാര്യം അറിയുമോ.. കത്തിയേക്കാൾ മൂർച്ചയുള്ള ആയുധമാണ് വാക്കുകൾ എന്ന് കേട്ടിട്ടില്ലേ..

പറയുന്നവർ അത് പെട്ടെന്ന് മറക്കും.. പക്ഷേ കേൾക്കുന്നവർ അത് ഒരിക്കലും മറക്കില്ല.. വാക്കുകൾ കൊണ്ട് മനസ് മുറിവേറ്റാൽ അത് ഉണങ്ങാൻ ഒരുപാട് സമയം എടുക്കും.

വായിൽ വരുന്നതൊക്കെ വിളിച്ചു പറയും മുൻപ് അതൊന്ന് ഓർത്താൽ നന്ന്..

ഇനി വരുന്ന പെൺകുട്ടിയോടെങ്കിലും ഇങ്ങനെ പെരുമാറാതിരിക്കുക.. ഞാൻ പോകുന്നു..” ഒട്ടും ദയയില്ലാതെ അവൾ പറഞ്ഞു.

“അമ്മു… പോകല്ലേ ടി.. ഞാൻ നിന്റെ കാലു പിടിക്കാം.. ഇനി ഇങ്ങനെ ഒന്നും ഞാൻ പറയില്ല… ഒന്ന് ക്ഷമിക്കെടി… ”

പോകുന്ന പോക്കിൽ തിരിഞ്ഞു നോക്കാതെ അവൾ പറഞ്ഞു..

“ഉണ്ണിയേട്ടൻ നന്നായി എന്ന് എനിക്ക് തോന്നട്ടെ.. അന്ന് ആലോചിക്കാം ബാക്കിയൊക്കെ.. ”

എന്നെ കുറേ വിഷമിപ്പിച്ചതല്ലേ… ഉണ്ണിയേട്ടനും കുറച്ചു വിഷമിക്കട്ടെ.. മനസിൽ പറഞ്ഞു കൊണ്ട് അവൾ ഒന്ന് തിരിഞ്ഞു നോക്കി..

അവളെ തന്നെ നോക്കി നിന്ന അവന്റെ കണ്ണുകളിൽ നനവൂറി.

തെറ്റാണ്… പറഞ്ഞു പോയതൊക്കെയും തെറ്റാണ്… നിർദോഷമെന്നു ഞാൻ കരുതിയ ഒരു തമാശ അവളെ വല്ലാതെ മുറിവേൽപ്പിച്ചിരിക്കുന്നു..

പാവം രണ്ടു ദിവസമായി എന്റെ പിറകെ സംസാരിച്ചു നടക്കുന്നു.. ഇനി കൂടുതൽ ബലം പിടിക്കാതിരിക്കുന്നതാ നല്ലത്..

മനസ്സിലോർത്തു കൊണ്ട് അമ്മു ഉണ്ണിയോട് ചോദിച്ചു..

“ഉണ്ണിയേട്ടാ… ഇപ്പോൾ എന്ത് തോന്നുന്നു. എനിക്ക് ബുദ്ധിയും വിവരവും ഉണ്ടോ.. അതോ ഞാൻ വെറുമൊരു പൊട്ടി പെണ്ണാണോ.. “??

“എന്റെ പൊന്നമ്മു… നീ എന്നേക്കാൾ ബുദ്ധി കൂടിയ പെണ്ണാ.. സോറി… ഞാൻ ഇനി അങ്ങനെ ഒന്നും നിന്നോട് സംസാരിക്കില്ല.. നിന്റെ വികാരങ്ങൾ മാനിക്കാതെ സംസാരിച്ചതിന് മാപ്പ്…

എന്റെ വാക്കുകൾ നിന്നിലേൽപ്പിക്കുന്ന മുറിവുകൾ ശ്രദ്ധിക്കാതെ പോയതിനു മാപ്പ്.. ഇനി ഒരിക്കലും നിന്നെ മുറിവേൽപ്പിക്കുന്ന വാക്കുകൾ ഞാൻ പറയില്ല അമ്മു… സോറി… ”

“ആ അങ്ങനെ വഴിക്ക് വാ… എന്നാൽ ഇന്ന് മുതൽ കൂട്ട്… ഓക്കേ…??? ”

“ഓക്കേ..”

അവൻ ആശ്വാസത്തോടെ പറഞ്ഞു..

“ഹോ… എന്തൊരു ആശ്വാസം… ഇനി ഇങ്ങനെ മിണ്ടാതെ നടക്കല്ലേ അമ്മു.. നെഞ്ചിൽ ഒരു കല്ലെടുത്തു വച്ചത് പോലെയായിരുന്നു ഇത്രയും ദിവസം.. വീട്ടിൽ പറയണം എത്രയും പെട്ടെന്ന് കല്യാണം നടത്താൻ.. ഇല്ലെങ്കിൽ നീ എന്നെ കളഞ്ഞിട്ട് പോയാലോ.. ”

“അങ്ങനെ കളഞ്ഞിട്ടു പോകാൻ പറ്റുമോ ഉണ്ണിയേട്ടാ.. മനസറിഞ്ഞു സ്നേഹിക്കുന്നവർക്ക് അതിനാകുമോ..?? . ഒരുപാട് സ്നേഹിക്കുന്നവരിൽ നിന്ന് അവഗണനയുടെ വാക്കുകൾ വരുമ്പോൾ വല്ലാതെ മുറിവേൽക്കും..

രണ്ടു ദിവസം ഞാൻ മിണ്ടാതെ നടന്നപ്പോൾ ഉണ്ണിയേട്ടന് വേദന തോന്നിയില്ലേ… അപ്പോൾ ഉണ്ണിയേട്ടന്റെ വാക്കുകൾ എന്നെ എത്ര മുറിപ്പെടുത്തി എന്ന് ഊഹിച്ചു കൂടെ.. ”

“ശരിയാണ് അമ്മു… ഞാൻ…നിന്നോട് തെറ്റാണ് ചെയ്തത്.. സോറി മോളെ… സോറി… ”

അവളുടെ തലയിൽ തലോടി,, അവളെ ചേർത്ത് പിടിച്ചു അവൻ പറഞ്ഞു.

N b : മറ്റുള്ളവരെ മുറിവേൽപ്പിക്കുന്ന തമാശകൾ പറയാതിരിക്കുക.. മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *