“അവളുടെ ധിക്കാരം കണ്ടോ, പിഴച്ചവൾ.. അവള് ആരെയോ കയറ്റി അകത്തു വച്ചിട്ടാ.. ശീലാവതി ചമയുന്നത്..” ത്ഫൂ.. അയാൾ തറയിലേക്ക് തുപ്പി..

വെറുതെ ഒരു ഭാര്യ
(രചന: നിത്യാ മോഹൻ)

“പെട്ടെന്നുള്ള വാതിലിലെ മുട്ട് കേട്ട്, അവൾ ചാടി എഴുന്നേറ്റു ”

കണ്ണ് തിരുമ്മിയെഴുന്നേറ്റ്, അഴിഞ്ഞു കിടന്ന മുടി വാരിചുറ്റി,

വീണ്ടും വീണ്ടും ശക്തിയായി വാതിലിൽ മുട്ടുന്നു..

“ഇന്നിപ്പോ ഏത് കൊലത്തിലാണോ അങ്ങേരു വന്നേക്കുന്നത് ”

അവൾ പിറുപിറുത്തു..മനസ്സിൽ പേടി തിങ്ങി നിറഞ്ഞു.. ശരീര വേദനയേക്കാൾ മനസ്സിനേക്കുന്ന മുറിവാണ് വലുതെന്ന് അവൾ ചിന്തിച്ചു…കുഞ്ഞിനെ ഒന്ന് കൂടി നേരെ കിടത്തി, മുറിയുടെ പുറത്തിറങ്ങി, നേരെ ഇടനാഴിയിലൂടെ നടന്ന് വീടിന്റെ മുൻപിലുള്ള വാതിൽ തുറന്നു.

“എവിടെയായിരുന്നെടീ”,അയാൾ അലറി..

വീടിന് ബെല്ലുണ്ടെങ്കിലും.. കുടിച്ച് സമനില തെറ്റി വരുമ്പോൾ അയാൾ ദേഷ്യം വാതലിനോടാണ് ആദ്യം തീർക്കുന്നത്.

“അകത്തേക്ക് കയറുന്നുണ്ടോ?”

അതാണോടീ ഞാൻ ചോദിച്ചതിന്റെ ഉത്തരം, അയാൾ മുണ്ട് ഒന്നുകൂടി കയറ്റി കുത്തി, ആടിയാടി നിന്നു..

ദേഷ്യവും സങ്കടവും കൊണ്ട്, പറയാൻ വന്നത് മുഴുമിപ്പിക്കാതെ അവൾ അകത്തേക്ക് കയറിപ്പോയി.

“അവളുടെ ധിക്കാരം കണ്ടോ, പിഴച്ചവൾ.. അവള് ആരെയോ കയറ്റി അകത്തു വച്ചിട്ടാ.. ശീലാവതി ചമയുന്നത്..”

ത്ഫൂ.. അയാൾ തറയിലേക്ക് തുപ്പി..

കടയിൽ നിന്നും വാങ്ങിക്കൊണ്ട് വന്ന സാധനങ്ങൾ മേശയിലേക്ക്, അയാൾ വലിച്ചെറിഞ്ഞു..

കവർ പൊട്ടി സവാളയും മറ്റ് പലചരക്കു സാധനങ്ങളും താഴേക്കു വീണു…

അവൾ അടുക്കളയിലെ വെറും തറയിൽ കുത്തിയിരുന്നു കരഞ്ഞു.. എന്നും ഇത് തന്നെ തന്റെ വിധിയെന്നു അവൾ ചിന്തിച്ചു..

അയാളുടെ കാലടികൾ അടുത്തടുത്തു വരുന്നത് അവളറിഞ്ഞു, നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു.

അങ്ങോട്ട്‌ ആടിയാടി വന്ന അയാൾ, അവളുടെ പുറം നോക്കി ഒരു ചവിട്ടു കൊടുത്തു..

വേദന കൊണ്ട് പുളഞ്ഞ്, അവൾ അലറിക്കരഞ്ഞു..

അവളെ മുടിക്കുത്തിനു പിടിച്ച് അയാൾ വലിച്ചിഴച്ചു കൊണ്ടുപോയി മുറിയിലേക്ക് കയറ്റി.. കട്ടിലിലേക്ക് തള്ളിയിട്ടു, അവളുടെ ശരീരത്തിലേക്കു അയാൾ വീണു.. കള്ളിന്റെ നാറ്റമടിച്ചു അവൾ മുഖം തിരിച്ചു.

എന്നുമുള്ള പരാക്രമങ്ങൾ അവളിൽ മടുപ്പും അറപ്പും പടർത്തിയിരുന്നു.. അവളുടെ ഇരു കവിളുകളും കൈകൊണ്ടു അയാൾ കുത്തിപ്പിടിച്ചു, ഓടി രക്ഷപെടാൻ സാധിക്കാത്തത് കൊണ്ട് അവൾ അവിടെ എല്ലാം സഹിച്ചു ചലനമറ്റ് നിർവികാരയായി കിടന്നു..

” ശവം, എന്തിനു കൊള്ളാടീ നിന്നെ”

ഇതും പറഞ്ഞ്, പരാക്രമങ്ങൾ കഴിഞ്ഞ് അയാൾ അപ്പുറത്തേക്ക് മറിഞ്ഞു..എന്തൊക്കെയോ പുലമ്പിക്കൊണ്ട് ഉറക്കത്തിലേക്കു വീണു..

അടുത്ത മുറിയിൽ കിടക്കുന്ന കുഞ്ഞ് കരയുന്നത് അപ്പോഴാണ് അവൾ കേട്ടത്.

അയാളുടെ നഖം ശരീരത്തിലേൽപ്പിച്ച നീറുന്ന മുറിവിന്റെ വേദനയാൽ..ഉറഞ്ഞു കൂടുന്ന മിഴിനീർ കവിളിലൂടൊഴുകി, ഇട്ടിരുന്ന വസ്ത്രം ശരിയാക്കി, ചുണ്ടിൽ കിനിയുന്ന രക്തം തുടച്ച്, ഭിത്തിയിൽ പിടിച്ച് അവൾ കുഞ്ഞിന്റെ അടുത്തേക്ക് ചെന്ന്, കുഞ്ഞിനെ എടുത്തു.. തോളിലേക്ക് കിടത്തി പുറത്തു തട്ടിയുറക്കി..

എന്തായിരുന്നു ശ്യാമേ ഇന്നലെയിവിടെ? , അവന്റെ അസഭ്യം അങ്ങ് വരെ കേൾക്കാമായിരുന്നു.. വെള്ളം കോരൻ വന്ന സരളേച്ചിയുടെ ചോദ്യത്തിന്, ഒരു പുഞ്ചിരിയിൽ അവൾ എല്ലാം ഒതുക്കി..

അവൻ പോയോ?

ഉവ്വ് ചേച്ചി, രാവിലെ പോയിട്ടുണ്ട്..ഇന്നിപ്പോ നേരത്തെ എത്താമെന്നു പറഞ്ഞിട്ടുണ്ട്.. നാളെയെന്റെ ആങ്ങളയുടെ കല്യാണമാ.. ഇന്ന് അങ്ങോട്ട്‌ പോണം.

“അയ്യോ, സ്വന്തം കൂടപ്പിറപ്പിന്റെ കല്യാണമായിട്ട്, ഇന്നാണോ ശ്യാമേ പോകുന്നത്?”

നിറയുന്ന മിഴികൾ, അവരിൽ നിന്നും ഒളിപ്പിച്ച്‌.. അവൾ ബാക്കി മുറ്റം കൂടി തൂത്തുകൊണ്ടിരുന്നു.

കുഞ്ഞിനെ കുളിപ്പിച്ച്, പാല് കൊടുത്ത് ഉറക്കി, വീട്ടിലെ എല്ലാ ജോലിയും അവൾ ഒതുക്കികൊണ്ടിരുന്നു… കുറച്ച് ദിവസമായി നടുവ് പൊട്ടുന്ന വേദന.. അതൊന്നും കാര്യമാക്കാതെ, നടുവിൽ കൈ കൊണ്ട് പതിയെ തിരുമ്മി വീണ്ടും അവൾ ജോലി തുടർന്നു..

തറയിൽ ഒരല്പം ചെളിയോ പൊടിയോ കിടന്നാൽ അതിന് കൂടി അയാളുടെ കയ്യിൽ നിന്നും അവൾ അടി വാങ്ങേണ്ടി വരും.. അതുകൊണ്ട് ഓരോന്നും വളരെ ശ്രദ്ധിച്ച് ചെയ്തുകൊണ്ടിരുന്നു..

പണിയെല്ലാം കഴിഞ്ഞ്, കുളിച്ച് വൃത്തിയായി.. കുഞ്ഞിന് ഭക്ഷണം കൊടുത്ത്.. അവള് കഴിച്ചു എന്ന് വരുത്തി, വാ പൊളിക്കുമ്പോൾ വേദനയാണ്.. അയാൾ ഇന്നലെ കവിളിൽ കുത്തിപ്പിടിച്ചതിന്റെ ഫലം..

ഒരിക്കലും വറ്റാത്ത കണ്ണുകൾ തുടച്ച്, അവൾ അവിടെ നിന്നും എഴുന്നേറ്റു.. നല്ല ഡ്രസ്സ്‌ അലമാരയിൽ നിന്നുമെടുത്ത് ഇട്ടു.. ബാഗിനുള്ളിൽ കുഞ്ഞിന് വേണ്ട ഒന്ന് രണ്ട് ഉടുപ്പും സാധനങ്ങളും കരുതി.

സമയം പൊയ്ക്കൊണ്ടിരുന്നു, 4 മണിക്ക് വരാമെന്ന് പറഞ്ഞ അയാളെ 5 മണിയായിട്ടും കണ്ടില്ല..ഒരു ഫോൺ പോലും അയാൾ മേടിച്ച് കൊടുത്തിരുന്നില്ല..

കഴിക്കേണ്ടതും ധരിക്കേണ്ടതുമായ എല്ലാം അയാൾ കൊടുത്തിരുന്നു.. ഭാര്യ എന്ന ഒരു പേര് മാത്രം… അയാൾ പറയുന്നത് അനുസരിക്കുന്ന ഒരു യന്ത്രം, അതായിരുന്നു അയാൾക്ക്‌ അവൾ..

പട്ടിണി നിറഞ്ഞ വീട്ടിൽ വളർന്നവൾ, തങ്ങളെക്കാൾ സമ്പത്തികമായി ഉയർന്ന നല്ലൊരു വീട്ടിൽ നിന്നും ആലോചന വന്നപ്പോൾ അവളുടെ അമ്മ മറ്റൊന്നും ചിന്തിച്ചില്ല അച്ഛനില്ലാതെയാണ് ആ അമ്മ മൂന്ന് കുഞ്ഞുങ്ങളെ പോറ്റിയിരുന്നത്, മൂത്ത മകളെങ്കിലും പട്ടിണി കൂടാതെ കഴിയുമെന്ന് ആ അമ്മ കനവ് കണ്ടു..

അയാൾ സ്ത്രീധനമോ, മറ്റുള്ള ഒന്നുമോ ചോദിച്ചില്ല.. അവളെ അയാൾക്ക്‌ ഇഷ്ട്പ്പെട്ടിരുന്നു..അങ്ങനെയാണ് അവളെ കാണാൻ വന്നപ്പോൾ അയാൾ പറഞ്ഞിരുന്നത് അതുകൊണ്ട് തന്നെ അധികം ബന്ധുക്കൾ പോലുമില്ലാതിരുന്ന അവർക്ക് വേറെ ആരോടും ആലോചിക്കുവാനില്ലായിരുന്നു.

വിവാഹം കഴിഞ്ഞ് കുറച്ച് ദിവസം തറവാട്ടിൽ താമസിച്ച അയാൾ, താമസിയാതെ തന്നെ സ്വന്തമായി പണിത വീട്ടിലേക്കു മാറി.. അയാളുടെ മുരടൻ സ്വഭാവം അറിയുന്നത് കൊണ്ട് സഹോദരങ്ങളോ ബന്ധുക്കളോ അയാളോട് സംസാരിക്കുക പോലും പതിവില്ലായിരുന്നു..

ഭാര്യയെക്കൊണ്ട് പോലും അയാൾ വേറെ ആരോടും മിണ്ടിച്ചിരുന്നില്ല..എന്തിനേറെ പറയുന്നു പുറത്തു പോലും ഇറക്കാറില്ല.. ആ വീടും പരിസരവും മാത്രമായിരുന്നു അവളുടെ ലോകം.

“നീ കെട്ടിയൊരുങ്ങിയിരുന്നു സ്വപ്നം കാണുവാണോടീ ”

അയാളുടെ ശബ്ദം കേട്ട്, അവൾ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു..

അവൾ ക്ലോക്കിലേക്ക് നോക്കി, 6 മണി ആവുന്നു..അയാൾ ഇന്ന് ബോധത്തോടെയാണ് വന്നത്.

“എപ്പോഴാ നമ്മൾ ഇറങ്ങുന്നത്?”

എങ്ങോട്ട്?

എന്റെ വീട്ടിലേക്ക്, പതിഞ്ഞ സ്വരത്തിലായിരുന്നു അവളുടെ സംസാരം.. “രാവിലെ ഞാൻ പറഞ്ഞിരുന്നു..”

ഉം.. അയാൾ ഒന്ന് മൂളി

നിനക്ക് പോണോ?

ആം പോണം, എനിക്ക് ആകെ ഒരാങ്ങളയുള്ളൂ, എനിക്ക് പോണം.. അവൾ വീണ്ടും വീണ്ടും പറഞ്ഞു..

എങ്കിൽ പൊയ്ക്കോ, ചെല്ല്… പോടീ..!! അയാളുടെ ശബ്ദം മുറുകി..

അവൾ ഭിത്തിയിലേക്ക് ചാരി നിന്നു വിതുമ്പി..

“നീ എന്തിനാ മോങ്ങുന്നേ, ഒന്നും താരാതെ നിന്നെ അവര് എനിക്ക് വിറ്റതാ, അതുകൊണ്ട് ഞാൻ പറയുന്നത് കേട്ട് ഇവിടെ ജീവിച്ചാൽ നിനക്ക് കൊള്ളാം ”

അവൾ മുഖം പൊത്തി കരഞ്ഞുകൊണ്ട് താഴേക്കിരുന്നു..

“നീ എങ്ങോട്ടും പോണില്ല, ഞാൻ എനിക്ക് തോന്നിയത് പറയും.. അതുപോലെ തുള്ളാൻ നീ നിൽക്കണ്ട, കേട്ടോടീ..” അയാൾ പല്ല് കടിച്ച് അവളുടെ നേരെ അലറി..

വീണ്ടും അയാള് ചോദിച്ചു കൊണ്ടിരുന്നു…”നിനക്കു പോണോടീ, പോണോ? ”

മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് അരിശം കയറി, മുറിയിൽ കയറി വാതിൽ ശക്തിയായി അടച്ചു.

കണ്ണുനീർ തുടച്ച്, അവൾ താഴെ നിന്നും എഴുന്നേറ്റു, മുറിയിൽ കയറി.. ബാഗെടുത്തു ആവശ്യമുള്ള സാധങ്ങൾ കുറച്ച് കൂടി എടുത്തു വച്ചു.. ബാഗ് തോളിൽ തൂക്കി, ഉറങ്ങിക്കിടന്ന കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിച്ച്‌, വെളിയിലേക്കിറങ്ങി…

അയാൾ കിടന്നിരുന്ന റൂമിന്റെ വാതിലിൽ എത്തി, രണ്ടും കല്പ്പിച്ച്‌ അവൾ പുറത്തു നിന്നു വാതിൽ പൂട്ടി, തിരികെ നടന്നു…

അയാൾ വാതിൽ കൊട്ടുന്നതും, അലറുന്നതും അസഭ്യം പറയുന്നതും നേർത്ത് നേർത്ത് വന്നു..

കുഞ്ഞിനെ നെഞ്ചോടു ചേർത്ത്, ഇരുൾ വീണു തുടങ്ങുന്ന വഴിയിലൂടെ ശുദ്ധവായുവേറ്റ് അവൾ മുന്നോട്ടു നടന്നു !!

Leave a Reply

Your email address will not be published. Required fields are marked *