ഇതൊരവസരം ആണ്….ഇവിടന്ന് മാറുക തന്നെ…. ഇനിയും ഇവിടെ നിന്നാൽ തന്റെ മനസും കൈവിട്ടു പോയേക്കാം… ഇന്നാണ് മനസിലായത്, ഞാൻ പോലുമറിയാതെ എന്റെ മനസിന്റെ

തനിയെ
(രചന: Nithya Prasanth)

“അമ്മാ… അമ്മയുടെ മോൻ ഒരു സാഡിസ്റ്റാ.. മറ്റുള്ളവരുടെ ദുഃഖം കണ്ടു സന്തോഷിക്കുന്ന ആൾ…”

പാചകത്തിൽ തിരക്കിലായിരുന്ന അരുന്ധതി ഒരുനിമിഷം നിശ്ചലമായി… പിന്നെ പതിയെ തിരിഞ്ഞു ഋതുവിനെ നോക്കി… സ്വതവേ കുസൃതിയും പുഞ്ചിരിയും തെളിഞ്ഞു കാണുന്ന മുഖത്തു ഒരു വിഷാധ ഭാവം…

“അമ്മയ്ക്ക് അറിയാം മോളെ… ഞാൻ കുറെ ആയി കാണുന്നു.. ഒരുപാട് പറഞ്ഞു നോക്കി… ഒന്നുകൂടി പറയാം…”

“എനിക്ക് അറിയാം അമ്മാ… ഞാൻ വിഷമം കൊണ്ട് പറഞ്ഞതാ… സാരമില്ല… ഇനി ഒരു ആറു മാസം… അത്രയല്ലേ ഉള്ളു…. ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം…….. ഉടനെ ഞാൻ തീസീസ് സബ്‌മിറ്റ് ചെയ്യാൻ പോവാ…”

പറയുമ്പോൾ ഋതുവിന്റ ശബ്ദം നേർത്തു പോയിരുന്നു……

അരുന്ധതി അവളെ കണിമയ്ക്കാതെ നോക്കി …..ഒരു ദീർഘനിശ്വാസത്തിനപ്പുറം മനസിലൊരു വിഷമം ബാധിക്കുനതറിഞ്ഞു അവർ…..

മൂന്നു വർഷങ്ങൾക്കു മുൻപ് എത്തിയതാണിവിടെ… വീട്ടിലെ പ്രാരാബ്ങ്ങൾക്കിടയിലും ഡോക്ടറേറ്റ് എന്ന സ്വപ്നം ഉപേക്ഷിക്കാൻ അച്ഛനും അമ്മയും സമ്മതിച്ചില്ല….

പ്രവേശന പരീക്ഷ എഴുതി പ്രസിദ്ധമായൊരു യൂണിവേഴ്സിറ്റി കോളേജിൽ അഡ്മിഷൻ കിട്ടി… സാമാന്യം ഭേദപ്പെട്ട സ്റ്റൈഫൻറ് കിട്ടുന്നത് കൊണ്ട് പഠനചിലവുകൾക്ക് ബുദ്ധിമുട്ടുണ്ടായില്ല.

ഹോസ്റ്റലിലെ ഗ്രൂപ്പിസവും ഹോംസിക്ക്നെസും ഒക്കെ കൊണ്ടു ബുദ്ധിമുട്ടിയപ്പോൾ തന്റെ അമ്മാവൻ അകന്ന ഒരു ബന്ധുവായ ഇവിടെത്തെ അങ്കിൾ മഹേന്ദ്രന്റെ വീട്ടിൽ താമസം സൗകര്യപ്പെടുത്തി…

ഒരു മകനേയുള്ളു…പുറത്തു പഠിക്കുകയാണ്… അങ്ങിനെ ഹോസ്റ്റലിൽ നിൽക്കാതെ പഠനം പൂർത്തിയാക്കാൻ സൗകര്യം കിട്ടി ….

സ്വന്തം വീടുപോലെ തന്നെ ആയിരുന്നു ഇവിടം…. വളരെ പെട്ടെന്ന് ഇവിടവുമായി ഇണങ്ങി ചേർന്നു…സ്നേഹം ഉള്ള ആന്റിയും അങ്കിളും…. എപ്പോഴോ ആന്റിയെന്ന വിളിമാറി അമ്മയായി….

ഒരു വർഷം ബാക്കി ഉള്ളപ്പോൾ ആണ് മകൻ പാർത്ഥി എത്തിയത്…. ഹോസ്റ്റലിലേക്ക് മാറാമെന്ന് താൻ പറഞ്ഞെങ്കിലും ഇവിടുത്തെ അമ്മ സമ്മതിച്ചില്ല… എന്നെ വിശ്വാസം ആയിരുന്നു…..ഒരു വിധത്തിൽ പറഞ്ഞാൽ സ്വന്തം മകനേക്കാളേറെ…

ആൾക്ക് വന്നയുടനെ നല്ല സാലറിയിൽ ജോലിയായി…താൻ ഇവിടെ താമസിക്കുന്നത് ആൾക്ക് ആദ്യമൊന്നും അത്ര ഇഷ്ടം ആയിരുന്നില്ല എന്ന് തോന്നി… സ്വന്തം വീട്ടിൽ അന്യരുടെ സാനിധ്യം എല്ലാർക്കും താല്പര്യം ഉണ്ടാകില്ലല്ലോ…തന്നെ ശ്രദ്ധിക്കാറെയില്ലായിരുന്നു…….

ഇങ്ങനെ ഒരാൾ ഇവിടെ ഉള്ളതായിപോലും കണക്കാക്കാറില്ല.. ഒരുവിധത്തിൽ പറഞ്ഞാൽ അതൊരു അനുഗ്രഹം തന്നെയായിരുന്നു….ഗേൾസ് സ്കൂളിലും കോളേജിലും ഒക്കെ പഠിച്ച തനിക്കു ആണുങ്ങളോട് സംസാരിക്കാൻ ഒരു മടിയും പേടിയും ഉണ്ടായിരുന്നു…

പരമാവധി ആളെ മുഷിപ്പിക്കാതിരിക്കാൻ ശ്രമിച്ചു… ആരുടെയും കാര്യങ്ങളിൽ ഇടപെടാതെയും ശല്യം ആകാതെയും ശ്രദ്ധിച്ചു… തന്റെ റൂമിൽ തന്നെ കൂടുതൽ സമയം ചിലവഴിച്ചു..

റിസർച്ച്ന്റെ ഭാഗമായുണ്ടായ ഒരു യാത്രയിൽ പരിചയം ഇല്ലാത്ത സ്ഥലത്തേക്ക് ഒറ്റയ്ക്ക് യാത്ര പോകേണ്ടി വന്നപ്പോൾ അമ്മയാണ് പാർത്ഥിയെ കൂടെ അയച്ചത്…. അങ്ങനെ ആണ് ആളെ കൂടുതൽ പരിചയപ്പെട്ടത്…

പുറമെ ഗൗരവം തോന്നുമെങ്കിലും ഉള്ളിൽ സ്നേഹം ഉള്ള ആളാണെന്ന് മനസിലായി… പിന്നീട് അങ്ങോട്ട് തന്നോട് ആദ്യത്തെ അപരിചിതത്വം ഇല്ലാതെ സംസാരിക്കാൻ തുടങ്ങി….

കാണുമ്പോൾ തനിക്കായി എപ്പോഴും ഒരു പുഞ്ചിരി കാത്തുവച്ചിരുന്നു… തന്നെ കാണുമ്പോൾ ആ മുഖം സന്തോഷത്താൽ വിടരുന്നതും കണ്ണുകളിലെ തിളക്കവും കാണാമായിരുന്നു…..

പക്ഷെ എന്തോ ഒന്ന് നെഞ്ചിൽ കൊളുത്തി വലിക്കുന്നപോലെ ഒരു ഫീൽ…ഇത്രയും കരുതലും സ്നേഹവും താൻ അർഹിക്കുന്നില്ല എന്ന് തോന്നി..

ആളുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുമോയെന്ന സംശയം ആയിതുടങ്ങി… രണ്ടു പേരുടെയും കുടുംബങ്ങളും ആയി ഒരുപാട് അന്തരം ഉണ്ട്….വീടുപോലെ താമസിച്ചു പഠിക്കാൻ അവസരം തന്നവരെ ചതിക്കാൻ മനസ് വന്നില്ല..

പതിയെ പാർത്ഥിയും ആയി അകലാൻ ശ്രമിച്ചു… മനഃപൂർവം അല്ല… നാം അറിയാതെ തന്നെ എടുക്കുന്ന മുൻകരുതൽ….കൂടിക്കാഴ്ചകൾ പരമാവധി ഒഴിവാക്കി…….

എന്നാൽ അകറ്റി നിർത്തുമ്പോളെല്ലാം അവനിലുണ്ടായ ഭാവമാറ്റങ്ങളിലൂടെ….മുഖത്തു പ്രകടമാകുന്ന നിരാശയിലൂടെ…. താൻ അറിയുക ആയിരുന്നു, അവന്റെ മനസ്സിൽ തനിക്കുള്ള സ്ഥാനം….എന്നാൽ ഒന്നും കണ്ടില്ലെന്ന് നടിച്ചു…

പക്ഷെ എത്രയൊക്കെ അകറ്റി നിർത്തിയാലും ആ നീലകണ്ണുകളിലെ പ്രണയം തന്നെ അവനിലേക്ക് തന്നെ ആകർഷിക്കുന്നപോലെ….

തന്റെ അകൽച്ചയിൽ പിന്നീടങ്ങോട് തന്നോട് ദേഷ്യം ആയി.. അല്ല ദേഷ്യം പോലെ നടിച്ചു…… തമാശ രീതിയിൽ പരിഹസിക്കുന്നത് പതിവാക്കി….

എല്ലാം സഹിച്ചു കുറച്ചു നാൾ.. കോഴ്സ് വർക്ക്‌ കഴിഞ്ഞാൽ നല്ലൊരു ജോലി… നല്ല വരുമാനം… അങ്ങനെ സെറ്റ്റിൽഡ് ആകാം എന്ന പ്രതീക്ഷയിൽ മറ്റൊന്നിനും പ്രാധാന്യം കൊടുത്തില്ല….

അങ്ങിനെയിരിക്കെ മുന്നറിയിപ്പൊന്നും ഇല്ലാതെയാണ് അവരെത്തിയത്…. അമ്മയുടെ ബന്ധുവായ മാധവൻ അങ്കിളും ഭാര്യ സീതയും മകൾ ലയയും…. ലയയും പാർഥിയും പഴയ കളിക്കൂട്ടുകാരാണ്…

സ്വീകരണ മുറിയിൽ എന്തൊക്കെയോ ചർച്ചകൾ നടക്കുന്നുണ്ട്….ലയയുടെ വിവാഹകാര്യം ആണെന്ന് തോന്നുന്നു…ആർക്കും ശല്യം ആകേണ്ടെന്ന് കരുതി മുറിയിൽ തന്നെ ഇരുന്നു…. തീസിസ് സബ്‌മിഷൻ നു വേണ്ടി എഴുതാൻ കുറെ ഉണ്ടായിരുന്നു…..

രാത്രി ആയപ്പോൾ താഴേക്ക് ചെന്നിട്ട് അവരെ രണ്ടുപേരെയും താഴെ കണ്ടില്ല… മുകളിലെ മുറികളിൽ ഇല്ല… പുറത്തെ ബാൽകണിയിലെക്കുള്ള ഡോർ തുറന്നു കിടക്കുന്നുണ്ട്…. രണ്ടു പേരും എന്തോ ചൂടുപിടിച്ച സംഭാഷണത്തിലാണ്….

പാർത്ഥി കൈ നെഞ്ചിൽ കെട്ടി ദൂരേക്ക് മിഴികൾ പായിച്ചു നിൽക്കുന്നുണ്ട്….. മുഖം ടെൻഷൻ കൊണ്ട് വലിഞ്ഞു മുറുകിയിട്ടുണ്ട്…. ലയ കൈവരിയുടെ അഴികളിൽ പിടിച്ചു ചാരി നിൽക്കുന്നു…. കരയുന്നുമുണ്ട്….

എന്തൊക്കെയോ അവൾ പറയുന്നുണ്ട്…. കുറച്ചു കഴിഞ്ഞപ്പോൾ പാർത്ഥി പതിയെ അവളുടെ അടുത്തേക്ക് ചെന്നു…. അവൾ അവന്റ നെഞ്ചിലേക്ക് വീണു കരയുന്നുണ്ട്… അവൻ ഒരു കൈകൊണ്ടു അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കുന്നു…..

ഋതുവിന് ശ്വാസം വിലങ്ങുന്നത് പോലെതോന്നി….. കണ്ടുനിൽക്കാനാകുന്നില്ല…. അറിയാതെ കണ്ണുകൾ നിറയുന്നു….മുറിയിലേക്ക് കയറി കതകടച്ചു….അപ്പോൾ ഇവരുടെ വിവാഹം തന്നെ ആയിരുന്നു നേരത്തെ ചർച്ച ആയിരുന്നത്…

തനിക്കു എന്താണ് സംഭവിക്കുന്നത്… ഞാൻ എന്തിനാണ് വിഷമിക്കുന്നത്… ബുദ്ധിയും ഹൃദയവും തമ്മിലുള്ള മത്സരം ആയിരുന്നു പിന്നെ… ബുദ്ധി ജയിച്ചു…. ചേരേണ്ടവരെ ചേരുള്ളൂ….

ഒരിക്കൽ തന്നോട് വച്ചു നീട്ടിയ സ്നേഹം നിരസിച്ചതാണ്… എന്നിട്ട് ഇപ്പോൾ വിഷമിക്കേണ്ട ആവശ്യം ഇല്ല…..ഇത്രയും സഹായങ്ങൾ ചെയ്തു തന്ന ഇവിടുത്തെ അമ്മയെയും അങ്കിളിനെയും ഒക്കെ ചതിക്കാൻ പറ്റില്ല….

അങ്ങനെ തീരുമാനിച്ചു എങ്കിലും അനുസരണ ഇല്ലാതെ നിറയുന്ന കണ്ണുകളെയും പിടയ്ക്കുന്ന ഹൃദയത്തെയും വരുതിയിലാക്കാൻ കഴിഞ്ഞില്ല….എന്തൊക്കെയോ നഷ്‌ടമാകുന്ന ഫീൽ…

ഭക്ഷണം കഴിക്കാൻ താഴേക്ക് കാണാതായപ്പോൾ അമ്മ വന്നു വിളിച്ചു…. വിശപ്പില്ല എന്ന് പറഞ്ഞു ഒഴിയാൻ നോക്കിയെങ്കിക്കും സമ്മതിച്ചില്ല….
കഴിക്കുമ്പോൾ ആരുടെയും മുഖത്തേക്ക് നോക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു…
തന്നിലേക്ക് പാളിവീഴുന്ന പാർത്ഥിയുടെ കണ്ണുകളെ കാണുന്നുണ്ടായിരുന്നു…..

ഇയാൾ ഇനി തന്നെ ശ്രദ്ധിക്കുന്നത് എന്തിനാണ്????

ഹോസ്റ്റലിലേക്ക് മാറുകയാണെന്ന് അമ്മയോട് പറഞ്ഞു….. ഇവരുടെ പ്രൈവസി കളയാതിരിക്കാൻ ആണെന്ന കാരണവും പറഞ്ഞു…..

അതു കേട്ട് അമ്മ പൊട്ടിച്ചിരിക്കുക ആയിരുന്നു… അന്തിച്ചു നിൽക്കുന്ന എന്നെ നോക്കി പറഞ്ഞു….

“അവൻ ഈ പ്രൊപോസൽ എടുത്തില്ലല്ലോ… പിന്നെ ആരുടെ പ്രൈവസിക്കു വേണ്ടി ആണ് മോൾ മാറുന്നത്……??”

അപ്പോൾ താൻ കണ്ടത്……….???

ബാൽക്കണിയിൽ കണ്ട കാര്യം അമ്മയോട് പറഞ്ഞു….ലയ അവനുമായുള്ള വിവാഹം ഒരുപാട് ആഗ്രഹിച്ചിരുന്നു…. അവൻ സമ്മതിക്കാതെ ഇരുന്നപ്പോൾ വിഷമം കൊണ്ട് കരഞ്ഞതാണ്..

“ഹോസ്റ്റലിൽ പോകേണ്ടവർ പോകട്ടെ അമ്മാ….”

പെട്ടെന്നാണ് അവൻ കടന്നു വന്നത്….

“ലയയെ ഇഷ്ടം അല്ലെങ്കിൽ പിന്നെ എങ്ങനെ ഉള്ളകുട്ടിയെ ആണ് പാർത്ഥി … നീ നോക്കുന്നത്…” അമ്മയാണത് ചോദിച്ചത്..

“ഋതു എങ്ങനെ ആണോ.. അതിന്റെ ഓപ്പോസിറ്റ് …. അപ്പോൾ എനിക്ക് കറക്റ്റ് മാച്ച് ആവും….”

സ്ലാബിലേക്ക് കൈകളൂന്നി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു….

“ഒന്ന് പോടാ അവിടുന്ന്.. കുറെ ആയി ഞാൻ കാണുന്നു… മോൾക്ക് ഡോക്ടറേറ് ഒക്കെ കിട്ടി ഞാൻ തന്നെ കണ്ടുപിടിക്കും നല്ലൊരു പയ്യനെ.. നീ നോക്കിക്കോ… ” അമ്മ ഋതുവിനെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു…

“അതിന് ഡോക്ടറേറ്റ് കിട്ടിയിട്ട് വേണ്ടേ…. അതു വെറുതെ എല്ലാർക്കും കൊടുക്കുന്നത് ഒന്നും അല്ല…”

“നീ പോകുന്നുണ്ടോ??”അമ്മയുടെ മുഖം ചുവന്നു.

“ഹോസ്റ്റലിലേക്ക് മാറുക ആണെങ്കിൽ നന്നായിരുന്നു.”

അവളോടായ് പറഞ്ഞുകൊണ്ട് അവൻ അവിടന്നും പോയി….. അരുന്ധതിയും ഋതുവും പരസ്പരം നോക്കി…..സാരമില്ലെന്ന് അമ്മ കണ്ണുചിമ്മി കാണിച്ചു.

ഇതൊരവസരം ആണ്….ഇവിടന്ന് മാറുക തന്നെ…. ഇനിയും ഇവിടെ നിന്നാൽ തന്റെ മനസും കൈവിട്ടു പോയേക്കാം… ഇന്നാണ് മനസിലായത്, ഞാൻ പോലുമറിയാതെ എന്റെ മനസിന്റെ ഒരു കോണിൽ പാർത്ഥി സ്ഥാനം പിടിച്ചിരിക്കുന്നു എന്നത്.. …..

പിറ്റേന്ന് തന്നെ കോളേജിനടുത്തുള്ള ലേഡീസ് ഹോസ്റ്റലിൽ അഡ്മിഷൻ എടുത്തു……

വിവരം അറിഞ്ഞു പാർത്ഥി വന്നിരുന്നു….. ആദ്യമായാണ് അവൻ തന്റെ റൂമിൽ കയറുന്നത്…

“ഞാൻ സീരിയസ് ആയി പറഞ്ഞത് അല്ല… തനിക്ക് അതു അറിയാം….എല്ലാം മനസിലായിട്ടും ഒന്നും അറിയാത്തതു പോലെ ഭാവിക്കുന്നത് കണ്ടപ്പോൾ ദേഷ്യം കൊണ്ട് പറഞ്ഞതാണ്….

മുഖത്തു നോക്കി കള്ളം പറഞ്ഞാലും തന്റെ കണ്ണുകൾ ചതിക്കില്ല… തന്റെ പ്രണയം മുഴുവൻ ആ കണ്ണുകളിൽ ഉണ്ട്…എന്നിട്ട് ഇപ്പോൾ പോകുന്നത് എന്നോടുള്ള വാശിക്കണോ….””

“എനിക്ക് ആരോടും വാശി ഇല്ല…. ഞാൻ പോകേണ്ട ആളാണ്… അതുകൊണ്ട് പോകുന്നു… ഇതു മുൻപേ ചെയ്യേണ്ടത് ആയിരുന്നു…. വൈകിപ്പോയി…”

ഒട്ടും പതർച്ച ഇല്ലായിരുന്നു അതു പറഞ്ഞപ്പോൾ.

“പോകാതിരുന്നുകൂടെ തനിക്ക്…?”

അപേക്ഷ ഉണ്ടായിരുന്നു ആ സ്വരത്തിൽ…ഇടർച്ച ഉണ്ടായിരുന്നു വാക്കുകളിൽ….കണ്ണുകളിൽ നനവ് പടരുന്നുവോ…

“ഇല്ല എനിക്ക് പോകണം….. കുറച്ചു നാളുകളായി ഒന്നിലും കോൺസെൻട്രേഷൻ കിട്ടുന്നില്ല…. ഏതായാലും ഇതിനു വേണ്ടി കുറെ സമയം ചിലവഴിച്ചു…. ഇനി കംപ്ലീറ്റ് ആക്കാതെ എനിക്ക് നാട്ടിലേക്ക് മടങ്ങാനാവില്ല…

എന്റെ പ്രായത്തിൽ ഉള്ളവർക്ക് ജോലിയൊക്കെ ആയി… ചിലരുടെ മാര്യേജ് കഴിഞ്ഞു… വീട്ടുകാർ പലരുടെയും ചോദ്യങ്ങൾ ഫേസ് ചെയ്താണ് കഴിയുന്നത്….കോഴ്സ് കംപ്ലീറ്റ് ചെയ്തിട്ട് വേണം ഏതെങ്കിലും ജോലിയിൽ കയറാൻ….വീട്ടിലെ അവസ്ഥ അതാണ്….”

പിന്നെ അവൻ ഒന്നും പറഞ്ഞില്ല….
ഹോസ്റ്റലിൽ പോകാൻ അങ്കിൾ ആണ് കൂടെ വന്നത്… യാത്ര പറയാൻ പോലും അവൻ മുറിയിൽ നിന്നും ഇറങ്ങി വന്നില്ല…. ഇറങ്ങാൻ നേരം ഒന്ന് കാണണം എന്ന് തന്റെ മനസ് ആഗ്രഹിച്ചുവോ….

ഹോസ്റ്റലിൽ ചെന്നിട്ടും ഒന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല….. മനസിനെ വരുതിയിലാക്കാൻ ഒരുപാട് ശ്രമിച്ചു… പാർത്ഥിയുടെ അമ്മ എന്നും വിളിക്കും… നാട്ടിൽ നിന്നും അമ്മയും അച്ഛനും വിളിക്കും…

ഒരുനോക്ക് കാണാൻ വേണ്ടി മാത്രം താൻ സഞ്ചരിക്കുന്ന വഴികളിലെവിടെയെങ്കിലും കാത്തുനിൽക്കുന്ന അവനെ മാത്രം അവൾ ഒരിക്കലും കണ്ടിരുന്നില്ല….പാർത്ഥിയുമായി ഒരു കൂടികഴ്ച…. അവന്റ ഒരു ഫോൺ കാൾ….ഋതുവിന്റെ മനസ് ഒരുപാട് ആഗ്രഹിച്ചിട്ട് പോലും അതുമാത്രം ഉണ്ടായില്ല…

പിന്നീടങ്ങോട്ട് തിരക്കിട്ട ജോലിയിലായിരുന്നു… തന്റെ ഗവേഷണത്തിലെ കണ്ടെത്തലുകളും നിഗമനങ്ങളും എല്ലാം ചേർത്തു തിസീസ് തയ്യാറാക്കി…ഇനി തന്റെ കണ്ടെത്തലുകൾ പ്രൂവ് ചെയ്യേണ്ട സമയമാണ്..

ദിവസങ്ങൾ പോകെ ആകെ ഒരു ഭയം തന്നെ പിടിമുറുക്കുന്നതറിഞ്ഞു …. എന്തോ ഒരു കോൺഫിഡന്റ് കുറയുന്ന പോലെ….

പാർത്ഥി ഒന്ന് കാണാൻ വന്നിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ചിന്തിച്ചുപോയി…. ആകെ ഒരു വീർപ്പുമുട്ടൽ…. അവന്റെ സ്നേഹം നിരസിച്ചു ജീവിക്കാൻ കഴിയില്ല എന്ന് തോന്നി…. അടുത്ത നിമിഷം വിഡ്ഢിത്തം എന്ന് സ്വയം തിരുത്തി….

എങ്കിലും അവനെക്കുറിച്ചുള്ള ചിന്തകളെ തന്റെ ഹൃദയത്തിൽ നിന്നും അത്ര പെട്ടെന്നൊന്നും മായ്ച്ചുകളയാൻ പറ്റില്ല എന്ന് അവൾക്കു മനസിലായി …..

ഡോക്ടറൽ കമ്മിറ്റി വർക്ക്‌ അംഗീകരിച്ചത് ആശ്വാസം ആയിരുന്നു…പിന്നീട് എഴുതി തയ്യാറാക്കിയ തീസിസ് സബ്‌മിറ്റ് ചെയ്തു. ഗെയ്ഡ് അതു പരിശോദിച്ചു യൂണിവേഴ്സിറ്റിയിലേക്ക് അയച്ചു കൊടുത്തു…

യൂണിവേഴ്സിറ്റി അതു രണ്ടു മൂന്നു എക്സ്പെർട്ടുകൾക്ക് അയച്ചു കൊടുക്കുകയും അവർ അതു പഠിച്ചു , അതിൽ രണ്ടു പേർ ഗവേഷണം നല്ലതാണ് എന്ന റിപ്പോർട്ട്‌ അയക്കുകയും ചെയ്തു ….

എന്നാൽ ഒരു എക്സ്പെർട്ട്, ഇനിയും ഒരു ആറു മാസത്തെ വർക്ക്‌ കൂടി വരുന്ന രീതിയിൽ തിരുത്തലുകൾ ആവശ്യപ്പെട്ടു തീസിസ് തിരിച്ചയക്കുക ആണ് ചെയ്തത്..അതു തന്റെ സ്വപ്നങ്ങൾക്കു മേലുള്ള വലിയൊരു തിരിച്ചടിയായി

കൂടെയുണ്ടായിരുന്ന ഒൻപതു പേരുടെയും തീസിസ് അംഗീകരിച്ചു റിപ്പോർട്ട്‌ വന്നു. അടുത്ത ഒരു സ്റ്റേജ് കൂടെ കഴിഞ്ഞാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽതന്നെ അവർക്ക് ഡോക്ടറേറ്റ് ലഭിക്കും…

തനിക്കു ഇനി ഒരു ആറുമാസം കൂടിയെ സമയം ഉള്ളു കാലാവധി കഴിയാൻ… അതിനുള്ളിൽ ഇനിയും പഠനങ്ങൾ നടത്തി എഴുതി അയക്കുക …. എക്സ്പെർട്സ് അതു അംഗീകരിക്കുക …. അത്ര എളുപ്പം അല്ല കാര്യങ്ങൾ………നെഞ്ചിൽ വല്ലാത്ത ഒരു ഭാരം കൂടുകൂട്ടുന്നത് പോലെ തോന്നി….

മറ്റൊരു ഇടിത്തീ പോലെ വന്നു പതിച്ചത് തന്റെ ഗൈഡ് കുറച്ചു നാളത്തേക്ക് ലീവിൽ പോകുകയാണ് എന്ന വാർത്ത ആണ്…

കുറഞ്ഞ സമയത്തിനുള്ളിൽ മറ്റൊരു ഗൈഡ്നെ കണ്ടെത്തുക എന്ന് പറഞ്ഞാൽ എളുപ്പം അല്ല… കൂടെയുള്ളവരിൽ ചിലരുടെ പരിഹാസവും സഹതാപവും സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു…

ഒരു ആശ്വാസത്തിന് വേണ്ടിയാണ് വീട്ടിലേക്ക് വിളിച്ചത്… എന്നും താങ്ങും തണലും ആയി നിന്നവർ പക്ഷെ ഇപ്പോൾ തന്നെ കൈയ്യൊഴിയുകയാണോ…. ഇനിയും സമയം കളയേണ്ട നാട്ടിലേക്ക് മടങ്ങുക … അന്ന് വന്ന വിവാഹലോചന തന്നെ നമുക്ക് നടത്താം ……..

ഡോക്ടറേറ്റ് ഇല്ലെങ്കിലും വേറെ ജോലി നോക്കാമല്ലോ… സമപ്രായക്കാർക്ക് മിക്കവർക്കും ജോലിയായി… വിവാഹവും കഴിഞ്ഞു… മോളുമാത്രം ഇപ്പോഴും എങ്ങുമെത്താതെ……
ആ അമ്മയുടെ വാക്കുകൾ തന്റെ സ്വപ്നങ്ങളെ തകർത്തുകൊണ്ട് കടന്നുപോയി….

അമ്മ പറഞ്ഞ വിവാഹ കാര്യം…….തന്റെ സങ്കല്പത്തോട് ഒരിക്കലും യോജിക്കാത്ത ആൾ………..

ഇത്രനാളും കോഴ്സ് കഴിഞ്ഞു ജോലിയായി തിരിച്ചു വരും എന്ന് പറഞ്ഞു നിർത്തിയിരുന്നു…. ഇനി അതും നടക്കില്ല…വീട്ടുകാരെ ആരൊക്കെയോ ചേർന്നു നന്നായി ബ്രെയിൻ വാഷ് ചെയ്തെടുത്തിട്ടുണ്ട്…

ഓരോന്ന് ആലോചിക്കുന്തോറും തല പെരുക്കുന്നത് പോലെ തോന്നി…. ഈ വലിയ ലോകത്തു തന്റെ മാത്രം സ്വപ്നങ്ങൾ ഒന്നും സാധ്യമാവാതെ… എന്നും കഷ്ടപ്പാടുകൾ മാത്രം..ഏതോ ഒരു മനുഷ്യന്റെ കൂടെ ഇനി ബാക്കി ജീവിതം….

അവസാന പ്രതീക്ഷ എന്ന നിലയിൽ പാർത്ഥിയെ വിളിച്ചു നോക്കി… ഫോൺ എടുക്കുന്നില്ല….കുറെ കാത്തിരുന്നിട്ടും തിരിച്ചു വിളിച്ചതുമില്ല….ഇത്രയും നാൾ തന്നെ ഒന്ന് കാണാൻ പോലും ശ്രമിച്ചില്ലല്ലോ…??

“ഋതു എന്ത് തീരുമാനിച്ചു…. ഇനി ഇവിടെ തുടരുന്നില്ലല്ലോ ?? ഋതുവിന്റ കൂടെ ഉള്ളവർ ഒക്കെ നാളെ വെക്കേറ്റ് ചെയ്യുകയാണ്….

രണ്ടു വർഷത്തെ കോഴ്സ് നു ചേരാൻ പോകുന്ന കുറച്ചു കുട്ടികൾ ഇവിടെ വേക്കൻസി ഉണ്ടോന്ന് ചോദിച്ചിട്ടുണ്ട്…….. അവരെ അക്വ്‌മോഡേറ്റ് ചെയ്യാൻ സാധിക്കുക ആയിരുന്നെങ്കിൽ നന്നായിരുന്നു.”

മേട്രന്റെ ചോദ്യത്തിന് മറുപടി ഒന്നും പറയാനില്ലാതെ നിർജീവമായി ഒന്ന് നോക്കുക മാത്രം ചെയ്തു…….

” I quit…….”

വീണ്ടും ആ വാക്കുകളിലേക്ക് വിശ്വസിക്കാനാവാതെ അവൻ നോക്കിനിന്നു…… ശരീരമാകെ ഒരു വിറയൽ ബാധിക്കുന്ന പോലെ….കണ്ണുകളിൽ ഇരുട്ടു കയറുന്നു… ശരീരത്തിന് ഭാരം നഷ്‌ടപ്പെട്ട അവസ്ഥ … ഒരു താങ്ങിനായ് അവൻ കൈയുയർത്തി…പിന്നെ ബോധം മറഞ്ഞു വീഴുകയായിരുന്നു…

“ഞങ്ങൾക്ക് ഫോണിൽ മെസ്സേജ് വരുന്നതിന് രണ്ടു മണിക്കൂർ മുൻപ് ഇവിടന്നു ഋതു ഇറങ്ങിയിരുന്നു … മെസ്സേജ് വന്നതിന് ശേഷം ഫോൺ സ്വിച്ഡ് ഓഫ്‌ ആയിരുന്നു…”

ഹോസ്റ്റൽ വാർഡൻ പോലീസ് ന് മൊഴി നൽകി…
വിട വാങ്ങുകയാണ് എന്ന മെസ്സേജ് രണ്ടു സുഹൃത്തുക്കൾക്ക് അയച്ചു ഋതു പോയിട്ട് ഇപ്പോൾ ആറുമണിക്കൂർ കഴിഞ്ഞിരിക്കുന്നു …

വിവരം അറിഞ്ഞതുമുതൽ പാർത്ഥി ഓരോസ്ഥലങ്ങളിലായി അനോക്ഷണത്തിലാണ് …. പോകാനിടയുള്ള ഇടങ്ങളിൽ ഒക്കെ വിളിച്ചു ചോദിച്ചു….

അന്ന് രാത്രിയായിട്ടും ഒരു വിവരവും ഇല്ലായിരുന്നു….. പാതിരാത്രിയിൽ ആകെ തകർന്നവനെ പോലെ വീട്ടിൽ വന്നുകയറിയ അവനോട് ഒരു ആശ്വാസ വാക്ക് പറയാൻ പോലും ആ അച്ഛനും അമ്മയും അശക്തർ ആയിരുന്നു….

ഉണ്ണാതെ ഉറങ്ങാതെ തന്റെ മകനെ കണ്ടപ്പോളാണ്, അവൾ അവനു ആരായിരുന്നു എന്ന് അവർക്ക് മനസിലായത്….

മണിക്കൂറുകൾക്ക് മുൻപ് നടന്ന റോഡ് ആക്‌സിഡന്റ്ലെ പെൺകുട്ടിയുടെ ശരീരം ഹോസ്പിറ്റലിൽ സൂക്ഷിച്ചിട്ടുണ്ടെന്നും കൊടുത്ത വിവരങ്ങളുമായി ഏകദേശം സാമ്യം ഉണ്ടെന്നും പറഞ്ഞു പോലിസ് സ്റ്റേഷനിൽ നിന്നും കോളുവന്നപ്പോൾ അവൻ അമ്മയെ കെട്ടിപ്പിടിച്ചു അലറികരയുകയായിരുന്നു …..

വിറയ്ക്കുന്ന കാലടികളോടെ അവിടെ എത്തി അതു തങ്ങളുടെ ഋതു അല്ലെന്ന് തിരിച്ചറിഞ്ഞത് മഹേന്ദ്രൻ ആയിരുന്നു….

ഋതുവിന്റ തീരോധാനവും മകന്റെ അവസ്ഥയും അവരെ വല്ലാത്തൊരു പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചു…

ഇന്നേക്ക് ദിവസം മൂന്നു ആയി… ഏകദേശം എൺപത് കിലോമീറ്റർ മാറിയുള്ള ഒരു ആശ്രമത്തിൽ ഋതു ഉണ്ടെന്ന് വിവരം ലഭിച്ചു…

മുന്നോട്ടു ജീവിക്കാനുള്ള ആഗ്രഹ മെല്ലാം നഷ്ടപ്പെട്ട… പ്രതീക്ഷകൾ അസ്തമിച്ച ആ നിമിഷം….മുന്നോട്ടുള്ള വഴികൾ ശ്യൂന്യ മായി തോന്നിയ സമയം….ഹോസ്റ്റൽ വീട്ടിറങ്ങിയ താൻ കുറെ ദൂരം ബസിൽ സഞ്ചരിച്ചു….

ലാസ്റ്റ് സ്റ്റോപ്പിൽ ഇറങ്ങി…പിന്നീട് ആശ്രമത്തിന് അടുത്തുള്ള പുഴയുടെ തീരത്തെത്തി…. ആശ്രമത്തിലെ ഒരു അന്തേവാസിക്ക് എന്തോ സംശയം തോന്നി തന്നെ നിർബന്ധപൂർവം ഇവിടെ എത്തിക്കുക ആയിരുന്നു……

തിരിച്ചു പോകാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞത് കൊണ്ട് ആ യോഗിനി തന്നെ ഇവിടെ താമസിപ്പിക്കാൻ തയ്യാറാവുക ആയിരുന്നു….

പിന്നീട് മറ്റുള്ള അന്തേവാസികളിൽ ചിലർ ആശ്രമം സെക്രെട്ടറിക്കു സൂചന കൊടുത്തതിനെ തുടർന്നു അദ്ദേഹം പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു…. എന്ന് പോലീസിന് അവൾ മൊഴി നൽകി….

“നിന്നെ സ്നേഹിക്കുന്നവരോട് കുറച്ചെങ്കിലും ആത്മാർത്ഥ ഉണ്ടെങ്കിൽ ഈ പണിയാണോ നീ കാണിക്കേണ്ടത് “എന്ന് ചോദിച്ചു കരണം പുകച്ചൊരു അടിയായിരുന്നു ഋതുവിനെ കണ്ടയുടനെ പാർത്ഥി കൊടുത്തത്….

ഒരു പകപ്പോടെ പേടിച്ചു പിന്നിലേക്ക് വേച്ചുപോയ അവളെ കൈകളിൽ പിടിച്ചുവലിച്ചു തന്റെ നെഞ്ചോട് ചേർത്തു ഇറുകെ പുണർന്നു…..കരച്ചിലോടെ അവളും ആ നെഞ്ചിൽ തലചായ്ച്ചു നിന്നു…..ഒരു സാന്ത്വനം കിട്ടിയ പോലെ…

സന്തോഷശ്രുക്കളോടെ അവന്റെ അധരങ്ങൾ അവളുടെ മൂർദ്ധാവിൽ പതിപ്പിച്ചു….. ആശ്വസിപ്പിക്കാൻ എന്നപോലെ അവളുടെ മുടിയിഴകളിൽ മെല്ലെ തലോടി….കണ്ടുനിന്നവരുടെ കണ്ണുകളും ഈറനായി……

“ഞാൻ ഉണ്ടായിരുന്നല്ലോ… നിനക്ക് എന്ത് വിഷമം ഉണ്ടായിരുന്നെങ്കിലും എന്നോട് പറയാമായിരുന്നില്ലേ..???.”

ഒന്ന് നിർത്തി അവൻ തുടർന്നു…..
“അപ്പോഴത്തെ ദേഷ്യത്തിന് തല്ലിപൊയതാ… എന്നാലും ഇത്രയും ധൈര്യമേ ഉണ്ടായിരുന്നുള്ളു……”

‘നീ തനിച്ചല്ല ‘എന്ന് പറയുന്ന പോലെ അവളുടെ കരം കവർന്നു തന്റെ കൈക്കുള്ളിലൊതുക്കി… നഷ്ടപെട്ടെന്ന് കരുതിയ വിലപിടിപ്പുള്ള എന്തോ ഒന്ന് തിരിച്ചു കിട്ടിയ കുട്ടിയുടെ മുഖത്തെ സന്തോഷം ആയിരുന്നു അപ്പോൾ അവന് ….

ആറുമാസങ്ങൾക്ക് ശേഷം ഓപ്പൺ ഡിഫെൻസിൽ ഡോക്ടറേറ്റ് ലഭിക്കുമ്പോൾ ആ നിമിഷം നേരിട്ടു കാണാൻ..അവളെ ഓർത്തു അഭിമാനിക്കാൻ എല്ലാരും ഉണ്ടായിരുന്നു അവിടെ….

“ഇനി ഞാൻ പറഞ്ഞത് പോലെ മോൾക്ക് ഒരു നല്ല പയ്യനെ കണ്ടുപിടിക്കണം…”
അരുന്ധതി മകനെ ഒന്ന് പാളിനോക്കികൊണ്ട് പറഞ്ഞു…

അതുകേട്ടു ഞെട്ടലോടെ മുഖമുയർത്തി അമ്മയെ ഒന്ന് തറപ്പിച്ചു നോക്കി അവൻ… അവന്റ ദേഷ്യം കണ്ടു അവനെ നോക്കി എല്ലാരും ചിരിച്ചപ്പോൾ ചമ്മലോടവൻ ഋതുവിനെ നോക്കി……

കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു അവനു മാത്രമായി പ്രണയം സൂക്ഷിക്കുന്ന ആ കണ്ണുകളുമായി ഇടഞ്ഞപ്പോൾ അവന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു….മനസും ഒരായിരം വസന്തകാലത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *