അവരെ ഒതുക്കാൻ ഈ എസ് ഐ വിചാരിച്ചാൽ പറ്റില്ലേ.. ഗർഭം ഒന്നും ആയില്ലല്ലോ ഇതിപ്പോ വെറും പീഡനം അല്ലേ… ഒന്ന് പേടിപ്പിച്ചാൽ കാര്യം നടക്കുമെടോ.. വെറും സാധുക്കൾ ആണ്. “

(രചന: Prajith)

“കേസ് ഒതുക്കണം… ഇനി ഇതിന്റെ പേരിൽ ഒരു വയ്യാവേലി ഉണ്ടാകരുത്. അതിനു എത്ര കാശ് ചിലവാക്കാനും ഞാൻ തയ്യാറാണ്. ”

മാധവൻ അത് പറയുമ്പോൾ അല്പസമയം ചിന്തയിലാണ്ടു രമേശൻ.

” ചേട്ടാ സംഗതി ചെയ്യാം.. ഇവിടുത്തെ എസ് ഐ നമ്മുടെ ആളാണ്. ഇച്ചിരി കാശ് ചിലവാകും എന്നാലും കാര്യം നടക്കും. പക്ഷെ ആ പെങ്കൊച്ചിനെയും വീട്ടുകാരെയും ഒതുക്കണം. അവര് ഒതുങ്ങിയില്ലേൽ പിന്നെ കുരിശാകും.. ”

അവരെ ഒതുക്കാൻ ഈ എസ് ഐ വിചാരിച്ചാൽ പറ്റില്ലേ.. ഗർഭം ഒന്നും ആയില്ലല്ലോ ഇതിപ്പോ വെറും പീഡനം അല്ലേ… ഒന്ന് പേടിപ്പിച്ചാൽ കാര്യം നടക്കുമെടോ.. വെറും സാധുക്കൾ ആണ്. ”

മാധവൻ അത് പറയുമ്പോൾ അരികിൽ തല കുമ്പിട്ടു നിന്ന ആനന്ദിനെ ഒന്ന് നോക്കാൻ മറന്നില്ല. അവന്റെ ആ നിൽപ്പ് അയാളെ ചൊടിപ്പിച്ചു.

” കണ്ടില്ലേ ഓരോന്ന് ഉണ്ടാക്കി വച്ചിട്ട് വന്നു നിൽക്കുന്നു. നിനക്ക് അത്രക്ക് കാമം മൂത്ത് നിൽക്കുവാരുന്നേൽ എന്നോട് പറഞ്ഞൂടാരുന്നോ.. കൊള്ളാവുന്ന ഏതേലും കൊച്ചിനെ പിടിച്ചു കെട്ടിച്ചു തന്നേനെ.. അങ്ങനാരുന്നേൽ ഇത് പോലെ ചെറ്റ പൊക്കാൻ പോയി എന്റെ മാനം കൂടി കളയേണ്ടി വരില്ലായിരുന്നു.”

ആ ശകാരം കേട്ടിട്ടും മൗനമായി തന്നെ നിന്നു ആനന്ദ്.

” എന്റെ ചേട്ടാ പിള്ളേരല്ലേ… വിട്ടുകളയ് സംഗതി.. താമസം ചേരിയിലാണേലും ആ കൊച്ച് ഒരു മൊതലാണ്. അവളെ കണ്ടാൽ ഒന്ന് ഉപ്പ് നോക്കാൻ ആരും കൊതിച്ചു പോകും. നമ്മടെ ചെക്കനും അങ്ങനൊരു കൊതി വന്നു പോയി. അതൊന്നും ഒരു വലിയ തെറ്റ് അല്ല.. ”

രമേശന്റെ ന്യായീകരണം ആനന്ദിന് അല്പം ആശ്വാസം പകരാതിരുന്നില്ല.

” എന്ത് പുല്ലേലും ചെയ്യ്.. നീ പറഞ്ഞ ആ എസ് ഐ നെ വിളിച്ചിട്ട് എന്താന്ന് വച്ചാ തീരുമാനം ആക്ക്.. എന്തായാലും ഇന്നത്തോടെ തീരണം എല്ലാം.. ക്യാഷ് ഒരു പ്രശ്നം അല്ല. കാര്യം നടന്നാൽ മതി ”

അത്രയും പറഞ്ഞു മാധവൻ തിരിഞ്ഞു നടക്കുമ്പോൾ ഫോൺ കയ്യിലേക്കെടുത്തു രമേശൻ.

” ഏതാ ചേട്ടാ ആ എസ് ഐ. പുതിയ ആളാണോ.. ”

ആനന്ദിന്റെ ചോദ്യം കേട്ട് ഒന്ന് ചിരിച്ചു രമേശൻ.

” ആളൊരു വെട്ട് പോത്താണ്.. അഴിമതി കണ്ട് പിടിച്ച മൊതല്.. പേര് ആന്റണി…. ഞാൻ വിളിക്കാം എന്നിട്ട് നമുക്ക് ഒന്ന് പോയി കാണാം മോനൂടെ വാ.. ”

അത്രയും പറഞ്ഞു ഫോണുമായി രമേശൻ അല്പം മാറി നിന്ന് സംസാരിച്ചു. അത് നോക്കി നിൽക്കെ ആനന്ദിന് ചെറിയൊരു ആശങ്ക തോന്നാതിരുന്നില്ല. എന്നാൽ അവസാനം പുഞ്ചിരിയോടെ തന്നെ രമേശൻ തിരികെ വന്നു.

” മോനെ എല്ലാം സോൾവ് ആകും . പെണ്ണിനേയും വീട്ടുകാരെയും വളച്ചൊടിച്ചു നമ്മുടെ വരുതിക്ക് കൊണ്ട് വരാമെന്ന് എസ് ഐ ഏറ്റിട്ടുണ്ട്. അതിനിച്ചിരി ചിലവ് വരും പക്ഷെ അയാള് പറഞ്ഞാൽ പറഞ്ഞതാ. മോൻ വരേണ്ട ഞാൻ തന്നെ പോകാം എന്നിട്ട് കയ്യോടെ കാര്യങ്ങൾ സെറ്റ് ചെയ്ത് വൈകിട്ട് എസ് ഐ നെ കൂട്ടി ഇങ്ങട് വരാം ”

ആ മറുപടി ആനന്ദിന് ആശ്വാസമായി. രമേശന്റെ കാർ ഗേറ്റ് കടന്നു പോകുമ്പോൾ ഒരു വഷളൻ ചിരിയോടെ അവൻ തിരിഞ്ഞു. ശേഷം തന്റെ ഫോൺ കയ്യിലെക്കെടുത്തു. അതിൽ ദൃശ്യ എന്ന ആ പെൺകുട്ടിയോട് അവൻ കാട്ടിക്കൂട്ടിയ കാമകേളികൾ റെക്കോർഡ് ചെയ്ത വീഡിയോ ഉണ്ടായിരുന്നു. അതിലേക്ക് നോക്കവേ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു.

” പന്ന… മോളെ… ഒന്നിനും നീ വഴങ്ങീലേൽ അവസാന ആയുധമായി ഇത് ഞാനങ്ങ് എടുത്തിടും.. കേസ് പിൻവലിച്ചില്ലേൽ നിന്റെ വീഡിയോ നാട്ടുകാര് കാണും ”

വഷളൻ ചിരിയോടെ തന്നെ ആനന്ദ് വീടിനുള്ളിലേക്ക് കയറി പോയി.

സമയം നീങ്ങി. വൈകുന്നേരം ആയപ്പോൾ മാധവന്റെ ഫോണിൽ രമേശന്റെ കോൾ വന്നു.

” മാധവേട്ടാ.. എസ് ഐ എല്ലാം സെറ്റ് ചെയ്തു… കേസ് അവര് പിൻവലിക്കും പക്ഷെ കുറച്ചു കാശ് ചിലവാകും. ഓക്കേ ആണേൽ എസ് ഐ നെ കൂട്ടി ഞാൻ രാത്രി അങ്ങട് വരാം നമുക്ക് അവിടെ വച്ച് എല്ലാം സെറ്റ് ചെയ്യാം ”

ആ വാക്കുകൾ മാധവനിൽ ആശ്വാസമായി. അയാളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു.

” ഓക്കേ രമേശാ.. നീ അയാളെ കൂട്ടി വാ കാശ് പ്രശ്നം അല്ല എങ്ങിനേലും ഇതൊന്ന് തീർന്ന് കിട്ടിയാൽ മതി”

കോൾ കട്ട്‌ ചെയ്ത് അയാൾ നേരെ ആനന്ദിന്റെ മുറിയിലേക്ക് ആണ് പോയത്. ബെഡിൽ കിടന്നിരുന്ന ആനന്ദ് മാധവനെ കണ്ട പാടെ ചാടി എഴുന്നേറ്റു.

” മോൻ വിഷമിക്കേണ്ട.. ഒക്കെ അച്ഛൻ സോൾവ് ആക്കീട്ടുണ്ട്… ഒരബദ്ധം അതൊക്കെ ആർക്കും പറ്റും.. ”

ആ മറുപടി ആനന്ദിനും ആശ്വാസമായി.

” കോളനിയിൽ കഴിയുന്ന അവളുമാർക്കൊക്കെ ഇതൊന്നും പുത്തരി അല്ല…ഈ ഞാനും പണ്ട് കുറെ അറുമാദിച്ചിട്ടുണ്ട്.. അതുകൊണ്ട് എനിക്ക് നിന്നെ മനസിലാകും. പക്ഷെ എന്തിനും ഏതിനും ഒരു ഉറപ്പ് വേണം. ഇത്പോലെ കേസ് പൊല്ലാപ്പെന്ന് പറഞ്ഞു പോകില്ല എന്നൊരു ഉറപ്പ്.. ”

അത്രയും പറഞ്ഞു ആനന്ദിന്റെ ചുമലിൽ ഒന്ന് തട്ടി പതിയെ എഴുന്നേറ്റു പുറത്തേക്ക് പോയി മാധവൻ.
അച്ഛന്റെ വാക്കുകൾ തനിക്ക് ഇനിയും ഇത്തരം കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു ഗ്രീൻ സിഗ്നൽ ആയിട്ടാണ് ആനന്ദിനു തോന്നിയത്.

” എസ് ഐ ആന്റണി വർഗീസ്.. തന്നെ പറ്റി ഞാനൊന്ന് അന്യോഷിച്ചിരുന്നു. കേട്ടതൊന്നും നല്ലതല്ല ഇതിപ്പോ പത്താമത്തെ പണിഷ്മെന്റ് ട്രാൻസ്ഫർ അല്ലേ…. ”

മാധവന്റെ ചോദ്യം കേട്ട് ഒന്ന് ചിരിച്ചു ആന്റണി. ശേഷം മുന്നിൽ ടേബിളിൽ ഇരുന്ന ക്ലാസ്സിലെ മദ്യം പതിയെ എടുത്തു നുണഞ്ഞു.

” സത്യസന്ധത കൊണ്ട് ഈ നാട്ടിൽ ഒരു തേങ്ങയും കിട്ടാൻ ഇല്ല.. ഇച്ചിരി വെടക്ക് ആയാലേ നമ്മുടെ കാര്യങ്ങൾ നടന്നു പോകുള്ളൂ.. ചിലർക്ക് അത് അത്ര ഇഷ്ടപ്പെടില്ല. അതിന്റെ ഭാഗം ആണ് ഈ പണിഷ്മെന്റ് ട്രാൻസ്ഫേർസ്. ”

പറഞ്ഞു നിർത്തി ആ പെഗ്ഗ് ഒറ്റ വലിക്ക് അകത്താക്കി ആന്റണി.

ആ മറുപടി മാധവനു ബോധിച്ചു. അല്ലറ ചില്ലറ തട്ടിപ്പുകൾ ഒക്കെ ഉള്ള തനിക്ക് പറ്റിയ ആളാണ് ആന്റണി എന്ന് അയാൾ ഉറപ്പിച്ചു.

” ആന്റണി… എങ്ങിനാ നമ്മുടെ കാര്യങ്ങൾ.. കാശ് എത്ര വേണ്ടി വരും എല്ലാം ഒന്ന് ഒതുക്കാൻ ”

ആ ചോദ്യം കേട്ട പാടെ ആന്റണി രമേശന് നേരെ നോക്കി. പിന്നെ മറുപടി പറഞ്ഞത് രമേശൻ ആണ്.

” അത് ചേട്ടാ.. ഒരു മുപ്പത് വേണ്ടി വരും. ഇരുപത് ആ കൊച്ചിന്. പത്ത് ദേ സാറിന് ”

തുക വളരെ കൂടുതലായി തോന്നി എങ്കിലും ആവശ്യം തന്റെ ആയതിനാൽ ആ തോന്നൽ മുഖത്ത് കാട്ടിയില്ല മാധവൻ.

” തുക എനിക്ക് ഓക്കേ. എങ്ങിനെ വേണം അത് പറഞ്ഞാൽ മതി… ”

ചോദ്യം ആന്റണിയോട് തന്നെയായിരുന്നു. അതോടെ പതിയെ എഴുന്നേറ്റു അവൻ .

” ഞാനൊരു അക്കൗണ്ട് ഡീറ്റെയിൽസ് തരാം നാളെ. അതിലേക്ക് കാശ് ഇട്ടാൽ മതി… ”

പറഞ്ഞു നിർത്തി ഒരു പെഗ്ഗ് കൂടി ഒഴിച്ചു ഒറ്റ വലിക്കു അകത്താക്കി അവൻ.

” ഞാൻ ഇറങ്ങുവാ.. നാളെ കാണാം.. ”

മറുപടിക്ക് കാക്കാതെ തിരിയുമ്പോൾ ആണ് പിന്നിലേക്ക് മാറി നിന്നിരുന്ന ആനന്ദിനെ ആന്റണി കണ്ടത്.

” ഹാ.. ഇതാണല്ലേ കക്ഷി.. ”
ഒരു പുഞ്ചിരിയോടെ പതിയെ ആനന്ദിന്റെ അരികിലേക്ക് ചെന്നു അവൻ.

” ഞാൻ ആ കൊച്ചിനോട് സംസാരിച്ചു .. എന്തൊക്കെ വൃത്തികേടാടോ നീ അതിനെകൊണ്ട് ചെയ്യിച്ചേ.. മൂത്രം വരെ കുടിപ്പിച്ചു അല്ലേ.. ”

ആ വാക്കുകളിൽ പുച്ഛമായിരുന്നു.

” അതിനൊക്കെ ഉള്ളതല്ലേ ആന്റണി നമ്മൾ എണ്ണി കൊടുക്കുന്നെ ഇച്ചിരി മൂത്രം കുടിച്ചാൽ എന്താ രൂപ ഇരുപത് ലക്ഷം അല്ലേ ആ തെണ്ടി പരുഷകളുടെ കയ്യിലേക്ക് എത്തുന്നേ ”

ആന്റണിക്കുള്ള മറുപടി കൊടുത്തത് മാധവനാണ്. അതോടെ പിന്നെ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി അവൻ.

പിറ്റേന്ന് ആന്റണി പറഞ്ഞ പോലെ തന്നെ അക്കൗണ്ടിലേക്ക് കാശ് ട്രാൻസ്ഫർ ചെയ്തു മാധവൻ. കേസ് ഒതുങ്ങിയ ആശ്വാസത്തിൽ ആനന്ദും ഏറെ സന്തോഷിച്ചു. മാധവനും ഏറെ ആശ്വാസത്തിൽ ആയിരുന്നു.

” രമേശാ.. അവളെ കൊണ്ട് പരാതി പിൻവലിപ്പിക്കണം കേട്ടോ.. കാര്യം നടന്നു കഴിയുന്ന വരെ നിന്റെ ഒരു കണ്ണുണ്ടാകണം.. ”

നിർദ്ദേശത്തിനൊപ്പം തന്നെ നല്ലൊരു തുക രമേശനും നൽകി മാധവൻ അതോടെ അവനും ഹാപ്പിയായി. അന്നത്തെ ദിവസം പിന്നെ ആന്റണിയുടെ വിവരങ്ങൾ ഒന്നും ഇല്ലായിരുന്നു. പലവട്ടം രമേശൻ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫ്‌ ആയിരുന്നു. മാത്രമല്ല അന്നത്തെ ദിവസം ഉച്ച കഴിഞ്ഞു അവൻ സ്റ്റേഷനിലും ഇല്ലായിരുന്നു.

“അവൻ പറ്റിക്കോ.. രമേശാ ..”

ചെറിയൊരു ആശങ്ക തോന്നാത്തിരുന്നില്ല മാധവന് . അതെ ആശങ്ക രമേശനെയും അസ്വസ്ഥനാക്കി.

” ഞാൻ ആ പെങ്കൊച്ചിന്റെ വീട്ടുകാരോട് സംസാരിച്ചു ഇരുപത് ലക്ഷം അവർക്ക് കൊടുക്കാമെന്നു എസ് ഐ പറഞ്ഞിട്ടുണ്ട് അപ്പോ പറ്റിക്കൽ ഒന്നും ആകില്ല എന്തേലും അത്യാവശ്യം വന്നിട്ട് എങ്ങടേലും മാറിയതാകും. ആള് എല്ലാം സെറ്റ് ചെയ്‌തോളും .. ”

രമേശന്റെ വാക്കുകൾ മാധവനു ചെറിയ ആശ്വാസമേകി.

അന്നത്തെ ദിവസവും അങ്ങിനെ കഴിഞ്ഞു.

പിറ്റേന്ന് രാവിലെ ഫോണിൽ ആന്റണിയുടെ കോൾ വന്നപ്പോൾ ആണ് മാധവൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്. സമയം രാവിലെ എട്ടു മണിയോളം ആയിരുന്നു. ഡിസ്പ്ലേ യിൽ ആന്റണിയുടെ നമ്പർ കാൺകെ വെപ്രാളത്തിൽ കോൾ അറ്റന്റ് ചെയ്ത് ഫോൺ കാതോട് ചേർത്തു അയാൾ.

” എന്നതാ.. മാധവൻ സാറേ.. രാവിലെ ഉറക്കമായിരുന്നോ ”

മറു തലയ്ക്കൽ നിന്നുമുള്ള ചോദ്യം കേട്ട് ബെഡിൽ നിന്നും പതിയെ എഴുന്നേറ്റു മാധവൻ.

” നിങ്ങൾ ഇതെവിടെയായിരുന്നു ആന്റണി. ആ കൊച്ചിനെ കൊണ്ട് കേസ് പിൻവലിപ്പിച്ചോ.. കാശ് വാങ്ങി പോയി പിന്നെ ആളെ പറ്റി ഒരു വിവരോം ഇല്ലല്ലോ.. ”

അക്ഷമയോടുള്ള ആ ചോദ്യം കേട്ട് ഒന്ന് ചിരിച്ചു ആന്റണി.

” അയ്യോ മാധവൻ സാറേ കാര്യങ്ങൾ കൈ വിട്ട് പോയത് അറിഞ്ഞില്ലേ ഇനി ഒരു അഡ്ജസ്റ്റ്മെന്റും നടക്കില്ല. സംഭവം ലീക്ക് ആയി.. ആ പെണ്ണ് ദേ ചാനലിൽ കേറി ഇരുന്ന് നിങ്ങടെ മോന്റെ പേര് വിളിച്ചു പറഞ്ഞു.. ഇനീപ്പോ എന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല.”

ഒരു നിമിഷം കേട്ടത് കാതുകളിൽ ഒരു മുഴക്കമായി മാധവന് . വെപ്രാളത്തിൽ ടേബിളിൽ ഇരുന്ന റിമോട്ട് എടുത്ത് ബെഡ്‌റൂമിലെ ടീവി ഓൺ ആക്കി അയാൾ.. ആന്റണി പറഞ്ഞത് സത്യമായിരുന്നു. ദൃശ്യ എന്ന ആ പെൺകുട്ടി ചാനൽ വാർത്തയിൽ ലൈവ് ആയി ഇരുന്ന് നടന്ന കാര്യങ്ങൾ വിവരിക്കുന്നുണ്ടായിരുന്നു. അത് കാൺകെ മാധവനെ വിഴികൾ രോഷത്താൽ ചുവന്നു.

“പന്ന.. %#%# മോനെ.. അപ്പൊ നീ ചതിച്ചു അല്ലേ.. ”

എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി മനസിലാക്കി അയാൾ. ആ ചോദ്യം കേട്ട് ആദ്യമൊന്ന് പുഞ്ചിരിച്ചു ആന്റണി.

” എന്റെ മാധവൻ സാറേ.. അമ്മാതിരി പോക്രിത്തരം ആണ് നിങ്ങടെ ചെറുക്കൻ ആ കൊച്ചിനോട് ചെയ്തത് അതങ്ങിനെ വിടാൻ പറ്റില്ല.. ”

ആ മറുപടി മാധവനിൽ കൂടുതൽ രോഷം ജനിപ്പിച്ചു.

“എടാ പര നാറി അപ്പോ നീ എന്റേന്ന് വാങ്ങിയ കാശ്. അത് തിരിച്ചു തന്നില്ലേൽ നീ വിവരം അറിയും.. ”

ആ ഭീഷണിയുടെ സ്വരവും ആന്റണിയിൽ ചിരിയാണ് ഉണർത്തിയത്.

” എന്റെ പൊന്ന് മാധവോ ആ മുപ്പത്തിൽ ഇരുപത് ഞാൻ ആ കൊച്ചിന് കൊടുക്കും. അത് നിങ്ങടെ മോൻ അവളോട് കാട്ടിയ പോക്രിത്തരത്തിനുള്ള പ്രായശ്ചിത്തമായി കണ്ടാൽ മതി.. ബാക്കി പത്തു ഞാൻ എടുത്തു. അത് സ്വന്തം മോൻ ഇമ്മാതിരി ഒരു പോക്രിത്തരം കാട്ടിയിട്ടും അതിനെ സപ്പോർട്ട് ചെയ്തതിന് തനിക്കുള്ള ചെറിയൊരു ശിക്ഷ. ഇനീപ്പോ ചാനൽ വാർത്ത ആയ സ്ഥിതിക്ക് ചെറുക്കൻ അകത്താകും. അത് അവനുള്ള ശിക്ഷ ആ പെൺകൊച്ചു വിധിക്കുന്നത്… അങ്ങിനെ മൊത്തം കണക്ക് അങ്ങ് ക്ലോസ് ആയി.. ചെറുക്കനെ റെഡി ആക്കി നിർത്തിക്കോ പോലീസ് ഇപ്പോ വരും.. ”

ആകെ മൊത്തത്തിൽ നടുങ്ങി പോയി മാധവൻ.

” ടാ.. ടാ നീ എന്നോട് കളിക്കല്ലേ.. ”

അടങ്ങാത്ത കലിയിൽ അയാൾ ചാടി എഴുന്നേറ്റു. എന്നാൽ ആന്റണിയിൽ പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഉണ്ടായില്ല.

” എടോ മാധവാ.. ഞാൻ അഴിമതിക്കാരൻ തന്നെയാ.. പക്ഷെ പെണ്ണ് കേസിനു ഒത്താശ ചെയ്യില്ല.. അത് കുടുംബത്തിൽ പിറന്നോർക്ക് പറ്റിയ പണി അല്ല…. പാവം കൊച്ചല്ലേ ടോ അത്. അതിനോട് ഈ ക്രൂരത കാട്ടീട്ട് ഒരു തരി കുറ്റബോധം പോലും തന്റെ മോനോ തനിക്കോ ഇല്ലല്ലോ.. അങ്ങിനെയുണ്ടായിരുന്നേൽ ചിലപ്പോ ഞാൻ തന്നെ സപ്പോർട്ട് ചെയ്തേനെ.. പക്ഷെ അവരോട് ഇപ്പോഴും പുച്ഛം ആണ് തനിക്കൊക്കെ.. പിന്നെ.. ഇനീപ്പോ പ്രതികാരത്തിനു നിൽക്കേണ്ട.. തന്റെ തലേൽ തന്നെ വരും കാരണം കൊച്ച് ചാനലിൽ എല്ലാം ഇതിനോടകം വിളിച്ചു പറഞ്ഞു കഴിഞ്ഞു.”

അത്രയും പറഞ്ഞു കൊണ്ട് ആ കോൾ കട്ട് ആയി

” ഹലോ.. ഹലോ.. ”

കലി മൂത്ത് കയ്യിൽ ഇരുന്ന ഫോൺ നിലത്തേക്കെറിഞ്ഞു പൊട്ടിച്ചു മാധവൻ.. ആ സമയം ചാനൽ വാർത്ത കണ്ട് ഞെട്ടിത്തരിച്ചു ഓടിയെത്തിയിരുന്നു ആനന്ദും. അവന്റെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി മാധവൻ.

” അച്ഛാ.. അവൾ.. ”

വാക്കുകൾ ആനന്ദിന്റെ തൊണ്ടയിൽ ഉടക്കി. അപ്പോഴേക്കും മുറ്റത്ത് പോലീസ് ജീപ്പ് എത്തിയിരുന്നു… മാനം കപ്പലേറി എന്ന് മനസിലാക്കി ആകെ തകർന്ന് ബെഡിലേക്ക് ഇരുന്നു പോയി മാധവൻ. നിസ്സഹായനായി നോക്കി നിൽക്കെ ചെയ്ത തെറ്റിൽ ആ നിമിഷം ഒരു കുറ്റബോധം തോന്നി പോയി ആനന്ദിനും..

Leave a Reply

Your email address will not be published. Required fields are marked *