” വെറും മൂന്ന് വർഷമോ.. അതെങ്ങിനെ ശെരിയാകും. കൊച്ച് നോക്കി നിൽക്കെ കെട്ട്യോനെ വെട്ടി കൊന്നവൾക്ക് വെറും മൂന്ന് വറ്ച്ചം ആണോ നമ്മുടെ കോടതി ശിക്ഷ കൊടുക്കേണ്ടത്. കഷ്ടം തന്നെ.. “

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

” അതേ.. ആ ഇന്ദുവിന്റെ വിധി വന്നു. മൂന്ന് വർഷം തടവ് ശിക്ഷ മാത്രേ ഉള്ളു. ”

ചായക്കടയിൽ ഇരുന്നവരെയെല്ലാം ഒരുപോലെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു അത്.

” വെറും മൂന്ന് വർഷമോ.. അതെങ്ങിനെ ശെരിയാകും. കൊച്ച് നോക്കി നിൽക്കെ കെട്ട്യോനെ വെട്ടി കൊന്നവൾക്ക് വെറും മൂന്ന് വറ്ച്ചം ആണോ നമ്മുടെ കോടതി ശിക്ഷ കൊടുക്കേണ്ടത്. കഷ്ടം തന്നെ.. ”

“പറഞ്ഞിട്ട് കാര്യം ഇല്ലെടോ നമ്മുടെ നിയമങ്ങൾ ഒക്കെ അങ്ങിനെയാണ്. മാത്രമല്ല അവള് ജഡ്ജിക്ക് രഹസ്യ മൊഴി നൽകി എന്നാ കേൾക്കുന്നേ. അത് കേട്ടെ പിന്നേ ആണ് അങ്ങേരു ശിക്ഷ പറഞ്ഞത്. ”

” ആ അപ്പോ സംഗതി പിടി കിട്ടി. ശിക്ഷ കൊറച്ചാൽ അങ്ങേർക്കൊപ്പം കെടക്കാമെന്ന് ലവള് രഹസ്യമായി പറഞ്ഞ് കാണും അത് കേട്ട് കണ്ണ് മഞ്ഞളിച്ചു ജഡ്ജി ശിക്ഷ കുറച്ചു..

അല്ല ജഡ്ജിക്ക് എന്നല്ല അവളെ ഒന്ന് കണ്ടാൽ ആർക്കായാലും കണ്ണ് മഞ്ഞളിച്ചു പോകില്ലേ. അത്രക്ക് കൊഴുത്ത ശരീരം അല്ലേ.. കേസന്യോഷിച്ച സി ഐ ഒന്ന് കേറി മേഞ്ഞിട്ടുണ്ടെന്നും കരക്കമ്പി ഉണ്ട് ”

സംഭാഷണങ്ങൾ വീണ്ടും അങ്ങിനെ നീണ്ടു.

അന്നത്തെ ചർച്ചാ വിഷയമായ ഇന്ദു… മുപ്പത്തഞ്ചു വയസ്സ് പ്രായം. കാണാൻ അതി സുന്ദരി.

പണ്ടും ഇപ്പോഴും അവളെ കണ്ടാൽ ഒന്ന് നോക്കി നിൽക്കാത്തവരായി ആ നാട്ടിൽ ആരും തന്നെയില്ല എന്ന് തന്നെ പറയാം. ഇരുപത്തി ആറാം വയസ്സിൽ ആണ് പെയിന്റ് വർക്ക്‌ കോൺട്രാക്ടർ ആയ രാജീവ്‌ അവളെ വിവാഹം കഴിക്കുന്നത്.

കാണാൻ സുമുഖനാണെങ്കിലും കടുത്ത മദ്യപാനിയായ രാജീവ്‌ പൊന്നും പണവും ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാതെ അവളെ വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു ഇന്ദുവിന്റെ അച്ഛൻ.

‘ കൊച്ചിനെ പുളിങ്കൊമ്പിൽ തന്നെ കേട്ടി വിട്ടു അല്ലേ.. ‘

അക്കാലത്ത് നാട്ടുകാരുടെ അസൂയ നിറഞ്ഞ ചോദ്യങ്ങൾ കേട്ട് ഞെളിഞ്ഞു നടന്നു അയാൾ. എന്നാൽ ആദ്യമൊക്കെ സന്തോഷകരമായിരുന്ന ഇന്ദുവിന്റെയും രാജീവിന്റെയും ജീവിതം പതിയെ പതിയെ താളം തെറ്റി തുടങ്ങി.

വിവാഹ ശേഷം കുറച്ചു നാൾ മദ്യപാനം നിർത്തി വച്ചിരുന്ന രാജീവ്‌ വീണ്ടും പതിയെ പതിയെ പുനരാരംഭിച്ചു. ആദ്യമൊക്കെ ജോലി കഴിഞ്ഞു വല്ലപ്പോഴുമൊക്കെ മദ്യപിച്ചെത്തിയിരുന്ന അവൻ പിന്നീട് അത് സ്ഥിരമാക്കി.

അതോടെ ചെറിയ രീതിയിൽ ദേഹോപദ്രവങ്ങളും ആരംഭിച്ചിരുന്നു. എല്ലാം സഹിച്ചു ആ വീട്ടിൽ ഒതുങ്ങി കൂടി ഇന്ദു. അതിനിടയിൽ അവർക്ക് ഒരു മകൾ പിറന്നു. ലക്ഷ്മി. പേര് പോലെ തന്നെ ഐശ്വര്യമുള്ള ഒരു പെൺകുട്ടി.

അവൾ വളർന്നു വലുതാകുമ്പോഴെങ്കിലും രാജീവിൽ മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിച്ച ഇന്ദുവിനു കടുത്ത നിരാശയായിരുന്നു ഫലം. ഒടുവിൽ കുടിച്ച് കുടിച്ച് കയ്യിൽ കാശില്ലാതായപ്പോൾ ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ വച്ചിരുന്ന കാശ് പോലും എടുത്ത് കുടി ആരംഭിച്ചു.

അതോടെ ശമ്പളമില്ലാതെ ജോലി ചെയ്യാൻ താത്പര്യമില്ല എന്ന് പറഞ്ഞു ജോലിക്കാർ പിരിഞ്ഞു പോയി ജോലിയും ഇല്ലാതായി. വീട്ടിൽ ദാരിദ്യം അറിഞ്ഞു തുടങ്ങി. വീട്ടിൽ ഇത്രയും അക്രമങ്ങളാണെങ്കിലും രാജീവ്‌ നാട്ടിൽ മാന്യനായതിനാൽ ആരും ഈ പ്രശ്നങ്ങളിൽ ഇടപെട്ടുമില്ല.

അങ്ങിനെ പോകുമ്പോഴാണ് പെട്ടെന്ന് ഒരു ദിവസം രാവിലെ ആ നടുക്കുന്ന വാർത്ത നാട്ടുകാർ അറിഞ്ഞത്. രാജീവിനെ ഇന്ദു വെട്ടി കൊലപ്പെടുത്തി. അതും ഏക മകളുടെ കണ്മുന്നിൽ വച്ച്.

കേട്ടവർ കേട്ടവർ അവരുടെ വീട്ടിലേക്ക് പാഞ്ഞെത്തുമ്പോൾ ഇന്ദു അറസ്റ്റ് ചെയ്യപ്പെട്ടു. കുടുംബ കലഹവും ഉപദ്രവങ്ങളുമൊന്നും നാട്ടുകാർക്ക് വിഷയമല്ലായിരുന്നു. ഭർത്താവിനെ നിഷ്കരുണം കൊലപ്പെടുത്തിയ കൊലപാതകിയായി തന്നെ അവർ ഇന്ദുവിനെ കണ്ടു.

അതിനിടയിൽ ഇന്ദുവിന്റെ അവിഹിത ബന്ധം മനസിലാക്കി രാജീവ്‌ പ്രശ്നമുണ്ടാക്കിയതാണ് കൊലപാതക കാരണമെന്നും ഏതോ ഒരു വിരുതൻ പറഞ്ഞുണ്ടാക്കി. കുറ്റക്കാരി ഇന്ദു തന്നെയാണെന്ന് ഉറപ്പിച്ചതിനാൽ തന്നെ ഈ കോടതി വിധി പലർക്കും അംഗീകരിക്കാൻ കഴിഞ്ഞില്ല.

” ഇതെന്ത് നീതിയാണ്. ഒരു ക്രൂര കൊലപാതകം നടത്തിയവൾക്ക് വെറും മൂന്ന് വർഷം മാത്രം തടവോ ”

“നമുക്ക് പ്രതിക്ഷേധം സംഘടിപ്പിക്കണം വൈകിട്ട് യോഗം ചേരാം ഇങ്ങനെ വിട്ടാൽ പറ്റില്ല. ”

“വല്ലാത്ത കഷ്ടം തന്നെ എന്തായാലും ഈ കൃത്യം നേരിട്ട് കണ്ട ആ കൊച്ച് ഇപ്പോൾ ആകെ തകർന്ന അവസ്ഥയിലാണെന്നാ പറഞ്ഞ് കേൾക്കുന്നേ.. ”

നാട്ടുകാർക്കിടയിലെ പലപല അഭിപ്രായങ്ങൾ ഇതൊക്കെയായിരുന്നു.

ഈ സമയം കോടതിയിൽ വളപ്പിൽ വലിയൊരു ആൾക്കൂട്ടം തന്നെയുണ്ടായിരുന്നു. വിധി വന്നതിനു പിന്നാലെ ഇന്ദുവിനെ കോടതിക്ക് പുറത്തേക്കിറക്കുമ്പോൾ മീഡിയാക്കാർ അവൻ വളഞ്ഞു.

” പറയൂ ഇന്ദു.. സ്വന്തം ഭർത്താവിനെ തന്നെ കൊലപ്പെടുത്തുവാൻ ഉണ്ടായ സാഹചര്യം എന്താണ്… പോലീസ് ദേഹോപദ്രവം എല്പിച്ചുവോ.. തുറന്നു പറയു..”

ചോദ്യങ്ങൾക്കൊന്നും മറുപടി നൽകിയില്ല ഇന്ദു. അതോടെ നിരാശരായ മീഡിയാ പ്രവർത്തകൻ തസ്ത്സമയം വാർത്ത ചാനലുകളിൽ എത്തിക്കുവാനുള്ള തിരക്കുകളിലേക്ക് മുഴുകി.

‘ സ്വന്തം ഭർത്താവിനെ മകളുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ ഇന്ദുവിന് മൂന്നു വർഷം മാത്രം ശിക്ഷ വിധിച്ച കോടതിയിൽ ജഡ്ജിക്ക് എതിരെ കടുത്ത പ്രതിക്ഷേധമാണ് ഇവിടെയാകമാനം കണ്ട് വരുന്നത് എന്നാൽ ഇന്ദു നൽകിയ രഹസ്യമൊഴി എന്തെന്നുള്ളതും ആർക്കും വ്യക്തമല്ല.

ആ മൊഴി പ്രകാരം ഇന്ദു മറ്റേതേലും സാഹചര്യങ്ങളുടെ സമ്മർദ്ദത്തിലാകാം ഈ കൊല നടത്തിയതെന്നും ആ സാഹചര്യം മനസിലാക്കിയാകണം കോടതിയിൽ ശിക്ഷയും ഇളവ് നൽകിരിക്കുന്നത് എന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. ‘

‘ കോടതി വളപ്പിൽ ഇന്ദുവിനെതിരെയുള്ള പ്രതിക്ഷേധവുമായി ജനാവലി തടിച്ചു കൂടുമ്പോൾ തന്നെ മറുവശത്ത് ഇന്ദുവിനു പിന്തുണയുമായി സ്ത്രീ സംഘടനകളും കുടുംബ ശ്രീ പ്രവർത്തകരും തടിച്ചു കൂടിയിട്ടുണ്ട് ‘

ചൂടുള്ള വാർത്തകൾ വേഗത്തിൽ ജനങ്ങളിലെത്തിക്കുവാനുള്ള മത്സരത്തിലായിരുന്നു മീഡിയ പ്രവർത്തകർ.

കൈ വിലങ്ങുമായി പോലീസിനൊപ്പം കോടതിക്ക് പുറത്തേക്കെത്തിയ ഇന്ദുവിന്റെ മിഴികൾ മകൾ ലക്ഷ്മിക്കായി പരതുകയായിരുന്നു. ഒടുവിൽ ആ മിഴികൾ ആൽക്കൂട്ടത്തിന് മുന്നിൽ പ്രിയ സുഹൃത്ത് നളിനയ്ക്കൊപ്പം പേടിച്ചരണ്ടു നിൽക്കുന്ന മകൾ ലക്ഷ്മിയെ കണ്ടെത്തി.

” മാഡം എന്റെ മകൾ.. അവളെ ഒന്ന് കാണാൻ അനുവദിക്കുമോ.. ഒന്ന് സംസാരിച്ചോട്ടെ ഞാൻ.. ”

ദയനീയമായ ആചോദ്യത്തിന് മുന്നിൽ മുഖം തിരിക്കുവാൻ ആ പോലീസ് ഉദ്യോഗസ്ഥയ്ക്കും കഴിഞ്ഞില്ല.

” വേഗമായിക്കോട്ടെ.. ആൾക്കൂട്ടം നിനക്കെതിരെയാണ്. അക്രമമാകുന്നതിനു മുന്നേ നമുക്ക് ഇവിടെ നിന്നും പോകണം”

അനുമതി നൽകിയതിനൊപ്പം തന്നെ ആ പോലീസ് ഉദ്യോഗസ്ഥ നളിനയെയും ലക്ഷ്മിയേയും അരികിലേക്ക് വിളിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ലക്ഷ്മി ഓടി ഇന്ദുവിനരികിലേക്കെത്തിയത്.

” അമ്മേ..”

അടുത്ത് വന്നപാടെ തന്നെ ചുറ്റിപ്പിടിച്ചു കരയുന്ന മകളെ വേദനയോടെ പുണർന്നു ഇന്ദു.

” നോക്ക് മോളെ.. അമ്മ പറഞ്ഞത് മറന്നോ നീ.. ഇങ്ങനെ കരയാൻ പാടില്ല മോള് കരഞ്ഞാൽ കണ്ട് നിൽക്കുന്നവർ സംശയിക്കും പിന്നെ..

അവരുടെ ചോദ്യങ്ങൾ ഇനി ഒരുപാട് മോളെ തേടിയെത്തിയേക്കും അവിടൊക്കെ പതറാതെ നിന്നോണം. നീ ഒന്ന് പതറിയാൻ അന്ന് നടന്നതൊക്കെ പുറംലോകം അറിഞ്ഞാൽ പിന്നെ അമ്മ ഈ കഷ്ടപ്പെടുന്നതിനൊന്നും ഒരു വിലയില്ലാതാകും ”

അമ്മയുടെ വാക്കുകൾ കേട്ട് എങ്ങലടക്കി ലക്ഷ്മി

” ഇല്ലമ്മേ എന്റെ വായിൽ നിന്നും ആരും ഒന്നും അറിയില്ല.. പക്ഷെ അമ്മേ എല്ലാരും അമ്മയെ കുറ്റക്കാരിയാക്കുവാണ്. കേട്ടിട്ട് എനിക്ക് സഹിക്കുന്നില്ല. ഞാൻ പറഞ്ഞിട്ട് അല്ലേ അമ്മ അച്ഛനെ.. ”

ബാക്കി പറയുവാണ് ഇന്ദു അനുവദിച്ചില്ല. ഇരു കൈകളാകും ലക്ഷ്മിയുടെ വായ് പൊത്തിപ്പിടിച്ചു അവൾ.

“ഒന്നും പറയല്ലേ മോളെ.. ചുവരിന് പോലും കാതുകളാണ് ഒക്കെയും ആരേലും അറിഞ്ഞാൽ നിന്റെ ജീവിതം എന്താകും ‘ഇര’ എന്ന വിളിപ്പേര് മോൾക്ക് വരാതിരിക്കുവാൻ ആണ് അമ്മ ഈ കഷ്ടപ്പെടുന്നത്. അത് മറക്കരുത്.. ”

അവളുടെ മിഴികൾ തുളുമ്പുമ്പോൾ പതിയെ അരികിലേക്ക് അടുത്തു നളിന.

” ഏയ്…താൻ വിഷമിക്കേണ്ട ഇന്ദു…. താൻ തിരികെ വരുന്നത് വരെ മോള് എനിക്കൊപ്പം തന്നെയുണ്ടാകും എന്റെ മകളായി. ഒന്നും ആരും അറിയാതെ ഞാൻ ശ്രദ്ധിച്ചോളാം.. ഞാൻ മാറ്റിയെടുത്തോളാം ഇവളെ ”

ആ വാക്കുകൾ ഏറെ ആശ്വാസമായി ഇന്ദുവിന് .

” നളിനാ.. ഞാൻ ചെയ്തത് തെറ്റായിപോയി എന്ന് നിനക്ക്‌ തോന്നുന്നുണ്ടോ.. ”

“ഇല്ലെടോ.. എനിക്കറിയാലോ കാര്യങ്ങൾ.. പിന്നെങ്ങിനെ ഞാൻ നിന്നെ കുറ്റക്കാരി ആക്കും ”

നളിനയുടെ മറുപടി ഇന്ദുവിന്റെ ഉള്ളം തണുപ്പിച്ചു.

“എനിക്ക് നേരെ ഉള്ള അയാളുടെ ഉപദ്രവങ്ങൾ എല്ലാം ഞാൻ സഹിച്ചു. പക്ഷെ കുടിച്ച് ലക്ക് കെട്ട് ബോധമില്ലാതെ വന്ന് മോളോട് കാട്ടിക്കൂട്ടിയതോ.. പിച്ചി ചീന്തിക്കളഞ്ഞില്ലേ എന്റെ കുഞ്ഞിനെ അയാൾ.. ഒരച്ഛന് അങ്ങിനെ ചെയ്യാൻ കഴിയുമോ..

എന്നിട്ടും അയാൾ.. കുടിച്ചാൽ ഒരു മൃഗമാണ് അയാൾ.. എങ്ങിനെ സഹിക്കും ഞാൻ ഇത് .. അയാളെ ഇനി എങ്ങനെ എന്റെ കുട്ടി അച്ഛാ എന്ന് വിളിക്കും. അതാണ് പൊട്ടിക്കരഞ്ഞു കൊണ്ട് ‘കൊന്ന് കളയ് അമ്മേ’ എന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ വാക്കത്തിയെടുത്തത് ”

പറഞ്ഞവസാനിപ്പിക്കുമ്പോൾ പൊട്ടിക്കരഞ്ഞു പോയി അവൾ. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്ന് അറിയാതെ നളിനയും കുഴഞ്ഞു.

“അവൻ ചാവേണ്ടവൻ തന്നെയാണ് ഇന്ദു. നീ അതിനൊരു നിമിത്തമായി എന്ന് മാത്രം.. ഇപ്പോൾ ഇനി ഒന്നും ഓർത്തു വിഷമിക്കുവാൻ നിൽക്കേണ്ടാ എല്ലാം നല്ലതിന് അങ്ങിനെ മാത്രം കരുതു.. ”

” അതേ പോകാം കേട്ടോ.. സമയം വൈകുന്നു.”

പോലീസ് ഉദ്യോഗസ്ഥ അരികിലേക്കെത്തിയതോടെ ലക്ഷ്മിയെ ഒരിക്കൽ കൂടി വാരി പുണർന്നുകൊണ്ട് പുറത്തേക്ക് നടന്നു ഇന്ദു.

” അതേ.. ഇച്ചിരിയേലും ഉളുപ്പ് ഉണ്ടേൽ ചത്ത് കളയെടി സ്വന്തം കെട്ട്യോനെ കൊന്നിട്ട് വന്ന് നിന്നേക്കുന്നു. ”

” നിന്റെ രഹസ്യക്കാരൻ ആരാ ടി.. അവനെ കൂടി അകത്താക്ക് ”

കൂടി നിന്ന നാട്ടുകാരുടെ പുച്ഛത്തോടെയുള്ള കമന്റുകൾ അവഗണിച്ചു കൊണ്ട് തന്നെ ജീപ്പിലേക്ക് കയറി ഇന്ദു. പതിയെ തലയുയർത്തി ലക്ഷ്മിയെ ഒരിക്കൽ കൂടി നോക്കുമ്പോൾ അവളുടെ ഉള്ള് പിടഞ്ഞു.

ലക്ഷ്മിയെ ചേർത്ത് പിടിച്ചു നിന്ന നളിന ‘ഞാൻ ഉണ്ട് ‘ എന്ന അർത്ഥത്തിൽ നെഞ്ചിൽ കൈ വയ്ക്കുമ്പോൾ ചെറിയൊരു ആശ്വാസത്തോടെ മിഴികൾ തുടച്ചു ഇന്ദു.

ജീപ്പ് പതിയെ നീങ്ങി കോടതി വളപ്പിന് വെളിയിലേക്ക് പോയപ്പോഴാണ് ലക്ഷ്മിയെ മീഡിയക്കാർ ശ്രദ്ധിക്കുന്നത്. കടന്നൽ കൂട് ഇളകിയപോലെ എല്ലാവരും തനിക്കു ചുറ്റും കൂടിയപ്പോൾ ആദ്യമൊന്ന് ഭയന്നു ലക്ഷ്മി എന്നാൽ ഇന്ദുവിന്റെ മുഖം മനസ്സിൽ ഓർക്കവേ മനസ്സിൽ ധൈര്യം സംഭരിച്ചു അവൾ.

” പറയ് മോളെ.. കണ്മുന്നിൽ അച്ഛന്റെ കൊലപ്പെടുത്തിയ അമ്മയാണ് ഇപ്പോൾ ജയിലിലേക്ക് പോയിരിക്കുന്നത്. ഈ കോടതി വിധിയിൽ മോള് തൃപ്തയാണോ.. ”

പ്രതീക്ഷിച്ച ചോദ്യം തന്നെയായിരുന്നു അതിനാൽ ധൈര്യത്തോടെ തന്നെ ലക്ഷ്മി മറുപടി നൽകി.

“അമ്മയ്ക്ക് വിധിച്ച ശിക്ഷയിൽ ഞാൻ തൃപ്തയല്ല.. കാരണം എന്റെ പാവം അമ്മ അർഹിക്കാത്ത ശിക്ഷയാണ് ഇത്. ”

ആ വാക്കുകൾ മീഡിയക്കാർക്ക് വീണു കിട്ടിയ തുറുപ്പു ചീട്ടായിരുന്നു.

” പറയു മോളെ അപ്പോൾ അമ്മ കുറ്റക്കാരി അല്ല എന്നാണോ മോള് പറഞ്ഞു വരുന്നത് ”

“അതേ.. എന്റെ അമ്മ ഒരു പാവം ആണ്. അത്രത്തോളം അച്ഛൻ അമ്മയെ ഉപദ്രവിച്ചപ്പോൾ ഗതികെട്ടാണ് അമ്മയ്ക്ക് അത് ചെയ്യേണ്ടി വന്നത്.. അമ്മയെ കുറ്റപ്പെടുത്തുന്നവർ ഒരു കാര്യം മാത്രം ഓർക്കണം.

താലി കെട്ടിയവന് നേരെ ഒരുവൾ വാക്കത്തിയെടുത്തു എങ്കിൽ അവളുടെ അവസ്ഥ ഇത്രത്തോളം മോശമായിരുന്നിരിക്കണം. എന്റെ അമ്മ ക്രൂരയല്ല എന്റെ അമ്മയെ കൊലപാതകിയായി കാണുവാൻ എനിക്ക് കഴിയുകയുമില്ല. ഈ മരണം അച്ഛൻ അർഹിച്ചതാണ്.”

ആ ഉറച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി.

‘രാജീവിന്റെ കൊലപാതകത്തിൽ വഴിത്തിരിവ്… അച്ഛന്റെ ഉപദ്രവം സഹിക്കുവാൻ കഴിയാതെ അമ്മ ഗതികെട്ട് ചെയ്തുപോയതാണെന്ന് മകൾ ലക്ഷ്മി.. ‘

എല്ലും കഷ്ണം കിട്ടിയ നായയുടെ അവസ്ഥയായിരുന്നു മീഡിയക്കാർക്ക് അവർ പരമാവധി ഈ വിഷയത്തിൽ ഊഴ്ന്നിറങ്ങി. കുറ്റം പറഞ്ഞവർ പലരും പിന്നീട് ഇന്ദുവിനെ അനുകൂലിച്ചു സംസാരിച്ചു തുടങ്ങി.

അതേ സമയം ഒന്നുമറിയാത്ത അപ്പോൾ ജയിലഴിക്കുള്ളിലേക്ക് കയറിയിരുന്നു ഇന്ദു.
ലക്ഷ്മിയുടെ കരഞ്ഞു കലങ്ങിയ മുഖം അതായിരുന്നു അവളുടെ ഉള്ളിലെ നോവ്.

അന്ന് മുതൽ ജയിലഴിക്കുള്ളിൽ അവിടെ കാത്തിരുന്നു തുടങ്ങി മൂന്ന് വർഷങ്ങൾ തികയുന്ന ആ ദിവസത്തിനായി.. അതേ സമയം തന്നെ പുറത്ത് നളിനയ്ക്ക് ഒപ്പം ലക്ഷ്മിയും കാത്തിരുന്നു തുടങ്ങി ഇന്ദുവിന്റെ തിരിച്ച് വരവിനായി…

Leave a Reply

Your email address will not be published. Required fields are marked *