(രചന: അംബിക ശിവശങ്കരൻ)
“ഷാൾ ഇടാതെയാണോ വേല പറമ്പിലേക്ക് പോകുന്നത്?”
ഭർത്താവായ അനീഷിന്റെ കൂടെ അമ്പലത്തിൽ വേല കാണാൻ പുറപ്പെട്ടു ഇറങ്ങിയ മരുമകളോട് കാൽ നീട്ടിയിരുന്ന് വെറ്റില ചവച്ച് കൊണ്ട് അവർ ചോദിച്ചു.
“ഇതിന് ഷാൾ വേണ്ട അമ്മേ ഈ ഡ്രസ്സിന് ഷാൾ ഇടാറില്ല.”
“കല്യാണം കഴിഞ്ഞ പെൺകുട്ടികൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്. നിങ്ങളുടെ നാട്ടിൽ പല പരിഷ്കാരങ്ങളും ഉണ്ടാകും.
താലി അഴിച്ചു വെച്ചാലും സിന്ദൂരം തൊട്ടില്ലെങ്കിലും ഒന്നും അവിടെ ആരും ചോദിക്കാൻ ഉണ്ടാവില്ല…
പക്ഷേ ഇവിടെ അങ്ങനെയല്ല മരിക്കുവോളം താലി കഴുത്തിൽ നിന്ന് അഴിക്കാൻ പാടില്ല സിന്ദൂരം കുറിയും നിർബന്ധമാണ് അതുപോലെ തന്നെയാണ് ഈ മാറും കാണിച്ചു നടക്കുന്ന ശീലം ഒഴിവാക്കുക എന്നതും.”
അത് കേട്ടതും അവൾക്ക് ദേഹമാസകലം ചൊറിഞ്ഞു വന്നു. ഇത്രയും ഇടുങ്ങിയ ചിന്താഗതിയൊക്കെ ഇവരെപ്പോലെ ഒരു പണിയുമില്ലാതെ ഇരിക്കുന്നവർക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ..
വസ്ത്ര സ്വാതന്ത്ര്യം എന്നത് ഒരു വ്യക്തിയുടെ അടിസ്ഥാന സ്വാതന്ത്ര്യമാണ് അതുപോലുമില്ലെങ്കിൽ പിന്നെ ജീവിച്ചിരിക്കുന്നതിന് തന്നെ എന്ത് അർത്ഥമാണുള്ളത്?
അവൾ തന്നെ ഉപദേശിക്കുന്ന തന്റെ അമ്മായിയമ്മയുടെ വേഷവിധാനങ്ങളിലൂടെ ഒന്ന് സാവധാനം കണ്ണോടിച്ചു.
കാൽ നീട്ടിയിരിക്കുമ്പോഴും സാരി മുട്ടുകാലിനു മുകളിൽ വരെ കയറ്റി വച്ചിട്ടുണ്ട് ഇപ്പോൾ തന്നോട് മറക്കാൻ പറഞ്ഞ കാര്യങ്ങളൊക്കെയും അല്പം പോലും മറയാത്ത രീതിയിലാണ് കിടക്കുന്നത്.
ഇത് എപ്പോഴും ഇങ്ങനെ തന്നെയാണ് അപ്പോൾ പിന്നെ ഇവർക്ക് ഉപദേശിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത്? ചിലപ്പോഴൊക്കെ വെറും മുണ്ടും ജാക്കറ്റ് മാത്രമാണിഞ്ഞു നിൽക്കാറുള്ള ഇവർക്ക് ഇത്ര മാന്യമായി വസ്ത്രം ധരിച്ച തന്നെ കുറ്റപ്പെടുത്തേണ്ട കാര്യം എന്താണ്?
അമ്മായിയമ്മയ്ക്ക് അടുപ്പിലും ആകാം എന്ന ചൊല്ല് പണ്ടേ ആരോ അറിഞ്ഞു ഉണ്ടാക്കിയതാണ്..അതോ ഒരു പ്രായപരിധിവരെ മാത്രമേ ഈ നിബന്ധനകൾ ഉള്ളൂ എന്നാണോ? അതുകഴിഞ്ഞാൽ ഈ പ്രദർശനം ഒരു പ്രശ്നമേ അല്ല എന്നാണോ?
അവരുടെ ആജ്ഞ കേട്ട് അവൾ അത് അനുസരിക്കുമെന്ന് അനീഷും കരുതിയെങ്കിലും പോയി വരാം എന്ന് യാത്ര പറഞ്ഞ് അവൾ വണ്ടിയിൽ കയറി.
രാത്രി വേല കഴിഞ്ഞു വന്നപ്പോൾ അവരുടെ മുഖം തെളിഞ്ഞില്ലെങ്കിലും അവൾ അത് കാര്യമാക്കി എടുത്തില്ല.
“താൻ എന്തിനാടോ അമ്മയോട് തർക്കിച്ചു സംസാരിക്കാൻ നിന്നത്? പ്രായമായവരല്ലേ അവരുടെ ഇഷ്ടത്തിന് നിന്നു കൊടുത്താൽ പോരെ?”
മുറിയിൽ വന്നു അനീഷ് പറഞ്ഞത് കേട്ട് അവൾ അവനെ രൂക്ഷമായി നോക്കി.
“നമ്മുടെ കല്യാണം കഴിഞ്ഞിട്ട് മൂന്നുമാസമായില്ലേ? ഞാൻ ഇന്നുവരെ അമ്മയുടെയോ അനീഷേട്ടന്റെയോ മറ്റാരുടെയെങ്കിലും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ടിട്ടുണ്ടോ?”
“ഇവിടെ വന്ന് കയറിയ അന്നുമുതൽ ഞാൻ മനസ്സിലാക്കിയതാണ് ഇവിടെ ഒരുപാട് മാറ്റങ്ങൾ വരാനുണ്ട്.. ഒരുപാട് ചിന്താഗതികൾ മാറാനുണ്ട്.
തലമുറകളായി കൊണ്ട് നടക്കുന്ന മണ്ടൻ ചിന്താഗതികൾ ഇനിയെങ്കിലും മാറണം. അല്ലേൽ വരും തലമുറകളും ഇങ്ങനെ ലോകം കാണാത്ത വെറും പൊട്ടക്കിണറ്റിലെ തവളകൾ ആയി മാറും.”
“അമ്മ പറഞ്ഞല്ലോ ഈ മാറും കാണിച്ചു നടക്കുന്നത് നിർത്താൻ… ഞാൻ എന്താ ഇത് പുറത്തിട്ടുകൊണ്ടാണോ അനീഷേട്ടാ നടക്കുന്നത്?കല്യാണം കഴിക്കുന്നതിനു മുന്നേ ഞാൻ പുറത്തു പോയിരുന്നത് ഇങ്ങനെയാണ് സ്വന്തം ഇഷ്ടങ്ങളും വ്യക്തിത്വവും മാറ്റിയെഴുതാൻ അല്ല ഞാൻ വിവാഹം കഴിച്ചത്.
ഒന്ന് ഷാൾ ഇടാതെ പുറത്തു പോകുമ്പോഴേക്കും തുറിച്ചു നോക്കാൻ കാത്തുനിൽക്കുന്ന ആണുങ്ങളാണോ ഈ നാട്ടിൽ ഉള്ളത്? എന്നാൽ തിരുത്തേണ്ടത് ഞങ്ങൾ പെൺകുട്ടികളെ അല്ല. ഒരു സ്ത്രീ എന്താണെന്ന് പറഞ്ഞു പഠിപ്പിച്ചു വളർത്താൻ പോലും കഴിയാതെ പോയ കഴിഞ്ഞ തലമുറയിലെ അമ്മമാരെയാണ്..”
“എടോ താൻ ഇതിത്രയ്ക്ക് സീരിയസായി എടുക്കേണ്ട…. ഞാൻ പറഞ്ഞെന്നേയുള്ളൂ.”
” അങ്ങനെ എഴുതി തള്ളേണ്ട അനീഷേട്ടാ.. ഇത്തരം ചെറിയ കാര്യങ്ങളിൽ സ്വന്തം ഇഷ്ടങ്ങൾ കോംപ്രമൈസ് ചെയ്തു തുടങ്ങുന്നതാണ് പലരും…..
ചെന്ന് കയറിയ കുടുംബത്തിൽ ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി ഒന്നും പറയാതെ എല്ലാം അവർ പറയുന്ന പോലെ അനുസരിച്ച് ഒടുക്കമില്ലാതെ ആകുന്നത് സ്വന്തം വ്യക്തിത്വം തന്നെയാണ്. ”
“അമ്മ ഇങ്ങനെയൊക്കെ സംസാരിക്കുമ്പോൾ അനീഷേട്ടന് ഒരു വാക്ക് പറയാമായിരുന്നില്ലേ അവൾക്ക് ഇഷ്ടമുള്ളത് ഇട്ടോട്ടെ എന്ന്… ഭർത്താവിന്റെ സപ്പോർട്ട് കൂടി ഇല്ലാതാകുമ്പോഴാണ് പല പെൺകുട്ടികൾക്കും കയറിച്ചെന്ന് വീട് നരകമായി മാറുന്നത്.
അവൾ അവിടെ തന്റെ വ്യക്തിത്വം പണയം വെച്ച് ജീവിക്കുന്നുണ്ടെങ്കിൽ അത് ഭർത്താവിന്റെ മാത്രം പരാജയമാണ്. ഏതായാലും എന്നെ അതിന് കിട്ടില്ല വ്യക്തിത്വം പണയം വെച്ച് ജീവിക്കേണ്ടി വന്നാൽ ഇവിടെ നിന്ന് ഇറങ്ങേണ്ടി വന്നാലും സന്തോഷമേയുള്ളൂ…”
“എടോ താൻ ഇത് എന്തൊക്കെയാണ് പറയുന്നത്?”
“പറയാനുള്ളത് തുറന്നു പറഞ്ഞാണ് ശീലം അനീഷേട്ട…ഒരു ചെറിയ കരട് മനസ്സിൽ വന്ന് കൂടിയാൽ പോലും എനിക്ക് അത് തുറന്നു സംസാരിച്ചു ക്ലിയർ ചെയ്യണം.
അമ്മയോട് എനിക്ക് സ്നേഹവും ബഹുമാനവും തന്നെയാണ്. പക്ഷേ അമ്മ മരുമകളായി കയറി വന്ന കാലവും ഞാൻ മരുമകളായി കയറി വന്ന കാലവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.”
“അമ്മ ജീവിച്ച സാഹചര്യങ്ങൾ അല്ല എന്റേത് അത് അമ്മ കൂടി മനസ്സിലാക്കണം.
ഇനി അടുത്ത തലമുറയിലെ ഒരു കുട്ടി ഈ വീട്ടിൽ വന്നു കയറുമ്പോൾ എന്റെ ശരികൾ ഞാൻ ആ കുട്ടിയുടെ മേൽ അടിച്ചേൽപ്പിക്കുന്നത് എത്ര തെറ്റായ കാര്യമാണ്. നമ്മുടെ ശരികൾ നമ്മുടെ മാത്രം ശരികളല്ലേ? മറ്റുള്ളവർക്ക് അങ്ങനെയാവണമെന്നുണ്ടോ?”
അവൻ ഒന്നും തന്നെ മിണ്ടിയില്ല.
“ഒരു പെൺകുട്ടി മരുമകളായി കയറി വരുമ്പോൾ പിന്നെ എല്ലാ ജോലിഭാരവും അവളുടെ മാത്രമായി. മുറ്റമടിക്കുന്നത് മുതൽ കക്കൂസ് വൃത്തിയാക്കുന്നതുവരെ…
എവിടെയെങ്കിലും ഒരല്പം വൃത്തികേടായി കിടന്നാൽ അത് അവളുടെ മാത്രം കുറ്റമാണ്. എന്തേ വേറെ ആർക്കും അതിൽ പങ്കില്ലാത്തത്?
കൂലി കൊടുക്കാതെ നിർത്താൻ വേണ്ടിയുള്ള വേലക്കാരികൾ മാത്രമായി ഒതുങ്ങരുത് അനീഷേട്ടാ മരുമക്കൾ.”
“അവൾക്ക് ഇരുപത്തിയഞ്ചു വയസ് ആണെങ്കിൽ അവളെ ഒരിക്കലും മുപ്പത്തിയഞ്ചു വയസ്സുകാരിയായി കണക്കാക്കാതിരിക്കുക.
അവളെ അവളായി അംഗീകരിക്കുക. സ്വന്തം വീട്ടിലെ പോലെ കേറി ചെല്ലുന്ന വീട്ടിലും അവൾക്ക് ജീവിക്കാൻ കഴിയുമ്പോഴേ ഭർത്താവ് എന്ന നിലയിൽ ഒരാൾ വിജയിക്കുകയുള്ളൂ…”
അതും പറഞ്ഞവൾ തിരിഞ്ഞു കിടക്കുമ്പോൾ അവളുടെ വാക്കുകൾക്ക് നല്ല മൂർച്ചയുള്ളത് പോലെ അവന് തോന്നി.
ശരിയാണ് മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. അവൾ പറഞ്ഞതുപോലെ വരും തലമുറയെങ്കിലും ബന്ധനങ്ങൾ ഇല്ലാതെ വളരട്ടെ.
ഇത്തരം സംഭവങ്ങൾ ഇപ്പോഴും ഉണ്ടോ എന്ന് ചോദിക്കുന്നവരോട് നിസംശയം പറയട്ടെ… തീർച്ചയായും ഇപ്പോഴും ഉണ്ട്.