(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“മോനെ കേസിൽ നിന്ന് ഊരാൻ നിന്റെ മുന്നിൽ ഈ ഒരു വഴിയേ ഉള്ളു.. നല്ലോണം ആലോചിക്ക് എനിക്ക് ഒന്ന് വഴങ്ങി ന്ന് വച്ച് നിനക്ക് ഒന്നും സംഭവിക്കില്ല. ”
എസ് ഐ അനിരുദ്ധന്റെ വാക്കുകൾ കേട്ട് ഭയന്ന് വിറച്ചു നിന്നു കാവേരി.
” സർ… ദയവു ചെയ്ത് ഇങ്ങനൊന്നും പറയരുത്. ഞങ്ങൾ പാവങ്ങളാണ്. ഏട്ടൻ മരിച്ചേ പിന്നെ വളരെ കഷ്ടപ്പെട്ടാ ഞാൻ മോനെ വളർത്തിയത്. അവൻ എങ്ങിനെയോ ഈ കേസിൽ പെട്ട് പോയതാണ് സാർ എന്നെ സഹായിക്കണം ”
തൊഴു കയ്യോടെ അവൾ കെഞ്ചുമ്പോൾ പതിയെ എഴുന്നേറ്റു അനിരുദ്ധൻ.
” ഞാൻ പറയാൻ ഉള്ളത് പറഞ്ഞ്. നീ നല്ലത് പോലെ ആലോചിക്ക്. അറിയാലോ കഞ്ചാ വ് കേസാണ്. അകത്തു പോയാൽ പിന്നെ നാട്ടിൽ തലയുയർത്തി നടക്കാൻ പറ്റില്ല നിനക്ക്. മോന്റെ ഭാവിയും തുലയും നാളെയും മറ്റന്നാളും കോടതി അവധിയാണ്. സോ നിനക്ക് രണ്ട് ദിവസം സമയം ഉണ്ട് ആലോചിക്കാൻ. ”
അത്രയും പറഞ്ഞ് അയാൾ ഓഫീസിനു പുറത്തേക്ക് നടന്നു. വാതുക്കൽ എത്തിയപ്പോൾ ഒന്ന് നിന്നു. ശേഷം കാവേരിക്ക് നേരെ വീണ്ടും തിരിഞ്ഞു.
” അതേ…രണ്ട് ദിവസം ആലോചിക്കാൻ സമയം ഉണ്ട് പക്ഷെ ഒരു കാര്യം ഒന്ന് ഓർത്തു വച്ചോ.. ചെക്കൻ കിടക്കുന്നത് പോലീസ് ലോക്കപ്പിൽ ആണ്. ഇവിടുള്ള പോലീസ് കാർക്ക് ആർക്കേലും അവനെ ഒന്ന് മേയണം ന്ന് ആഗ്രഹം തോന്ന്യാൽ എനിക്ക് എതിർക്കാൻ പറ്റില്ല കേട്ടോ അതോണ്ട് തീരുമാനം വേഗം വേണം ”
ഇത്തവണ കാവേരി തീർത്തും ഭയന്നിരുന്നു
” സർ പ്ലീസ്.. എന്റെ മോനെ ഒന്ന് വെറുതെ വിട്.. അവൻ തെറ്റൊന്നും ചെയ്തിട്ടില്ല.. ഞാൻ പകലന്തിയോളം പല പല വീടുകളിൽ ജോലി ചെയ്താണ് എന്റെ മോനെ വളർത്തുന്നത്. ദയവു ചെയ്ത് സഹായിക്കണം ”
പൊട്ടിക്കരഞ്ഞു കൊണ്ടവൾ അനിരുദ്ധന്റെ അരികിലേക്കെത്തി . എന്നാൽ അയാളുടെ മുഖത്തു അപ്പോഴും പുഞ്ചിരിയായിരുന്നു.
” പകലന്തിയോളം പണി എടുത്തിട്ട് രാത്രി നീ ഫ്രീ അല്ലേ… അതിൽ ഒരു രാത്രി അല്ലേ ഞാൻ ചോദിക്കുന്നുള്ളു.. അതെനിക്ക് താ.. എന്നാൽ എല്ലാം സോൾവ് ആകും. ”
മറുപടിക്ക് കാക്കാതെ അയാൾ പുറത്തേക്ക് പോകുമ്പോൾ നടുക്കത്തോടെ തന്നെ നിന്നു കാവേരി. ശേഷം പതിയെ പുറത്തേക്കിറങ്ങി.
” അമ്മേ.. അമ്മേ… എന്നെ ഒന്ന് രക്ഷിക്ക് അമ്മേ.. ”
സ്റ്റേഷന് അകത്തേ സെല്ലിൽ കിടന്നു മകൻ ആനന്ദ് ഉറക്കെ കരയുന്നത് കേൾക്കേ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയി അവൾ. അത് കണ്ടിട്ട് ഒരു വനിതാ കോൺസ്റ്റബിൾ പതിയെ അരികിലേക്ക് ചെന്നു.
” നീ ഇങ്ങനെ കിടന്ന് കരഞ്ഞിട്ട് കാര്യം ഇല്ല മോൻ പെട്ട് പോയതാ.. ഞാൻ അവനോട് സംസാരിച്ചു. രാത്രി സിനിമക്ക് പോയിട്ട് വന്ന സമയം വീട്ടിലേക്ക് വരാൻ ബസ് മിസ്സ് ആയപ്പോൾ ലിഫ്റ്റ് ചോദിച്ചു കേറിയതാ അവന്മാരുടെ കാറിൽ. കൃത്യം നമ്മുടെ മുന്നിൽ തന്നെ വന്ന് പെട്ടു.. ”
ആ വാക്കുകൾ കേട്ട് ദയനീയമായി ഒന്ന് നോക്കി കാവേരി
” എന്റെ ആനന്ദ് നിരപരാധിയാണ് എന്ന് അറിയാമെങ്കിൽ പിന്നെ അവനെ വെറുതെ വിട്ടൂടെ എന്തിനാ ഇവിടെ പിടിച്ചു വച്ചേക്കുന്നേ..”
ആ ചോദ്യത്തിന് മുന്നിൽ വനിതാ കോൺസ്റ്റബിൾ ഒരു നിമിഷം മൗനമായി.
“നീ സാറുമായി സംസാരിച്ചതല്ലേ അയാളുടെ മനസ്സിലിരിപ്പ് നിനക്ക് മനസിലായില്ലേ. നിന്റെ മോൻ നിരപരാധിയാണെന്ന് അയാൾക്ക് നന്നായറിയാം പക്ഷെ അയാൾ മനസ്സിൽ കണ്ടത് നടന്നില്ല എങ്കിൽ അവനെ കുരുക്കും .
കുരുക്കിയാൽ പതിനാല് ദിവസം അകത്ത് കിടന്നേ പറ്റു. അതൊഴിവാക്കണേൽ അയാൾ തന്നെ വിചാരിക്കണം. നീ ആലോചിച്ചു ഒരു തീരുമാനം എടുക്ക് ”
അവർ ഉദ്ദേശിച്ചത് എന്താണെന്ന് കാവേരിക്ക് മനസ്സിലായി നിരകണ്ണുകളോടെയാണ് അവൾ സ്റ്റേഷൻ വിട്ടിറങ്ങിയത്. എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു കുറച്ചു സമയം. അപ്പോഴേക്കും അവളുടെ ഫോണിൽ ജോലിക്ക് പോകുന്ന വീട്ടിൽ നിന്നും കോൾ എത്തിയിരുന്നു.
” കാവേരി എവിടാ നീ.. ഇന്ന് ജോലിക്ക് വരുന്നില്ലേ.. നീ വന്നിട്ട് വേണം എനിക്ക് ഓഫീസിലേക്ക് പോകാൻ ”
കോൾ അറ്റന്റ് ചെയ്ത് കാതോട് ചേർക്കവേ കേട്ട വാക്കുകൾ ഇതായിരുന്നു
” ഞാനിപ്പോൾ വരാം മേഡം ഒരു പത്തു മിനിറ്റ് ”
അത്രയും മറുപടിയായി പറഞ്ഞ് കോൾ കട്ട് ചെയ്യുമ്പോഴാണ് ഒരു ചിന്ത കാവേരിയുടെ മനസിലേക്കെത്തിയത്.
അല്പസമയം ആലോചിച്ചു നിൽക്കവേ അവളുടെ മിഴികളിൽ പ്രതീക്ഷയുടെ കണികകൾ തെളിഞ്ഞു. വേഗത്തിൽ അവൾ റോഡിലേക്കിറങ്ങി ആദ്യം കണ്ട ഓട്ടോയിൽ തന്നെ കൈകാണിച്ചു. കാവേരിയുമായി ആ ഓട്ടോ എവിടേക്കോ പാഞ്ഞു.
വൈകുന്നേരത്തോടെ കാവേരി വീണ്ടും സ്റ്റേഷനിലേക്കെത്തി. എസ് ഐ അനിരുദ്ധൻ അപ്പോൾ അവിടെ ഇല്ലായിരുന്നു. മോനെ കണ്ട് സമാധാനിപ്പിച്ച ശേഷം അയാൾക്കായി അവൾ അവിടെ കാത്തിരുന്നു.
” നീ തീരുമാനം എടുത്തോ.. സാർ ഇപ്പോൾ വരും ”
രാവിലെ കണ്ട വനിതാ കോൺസ്റ്റബിൾ വീണ്ടും അവളുടെ അരികിലേക്കെത്തി. ഇത്തവണ ധൈര്യം സംഭരിച്ചു കാവേരി.
” തീരുമാനിച്ചു ചേച്ചി.. മോനെ രക്ഷിക്കണം. അതിനായി എന്തും ചെയ്യും ഞാൻ. ”
“നന്നായി നമ്മൾ പെണ്ണുങ്ങൾ ഒന്ന് കണ്ണടച്ച് കൊടുത്താൽ ഇങ്ങനെ പല സഹായങ്ങളും ലഭിക്കും. സാറിന് ഒന്ന് വഴങ്ങി ന്ന് വച്ച് നിനക്ക് ഒരു ദോഷവും വരില്ല… മോനെ രക്ഷിക്കേണ്ടേ.. അതല്ലേ വലുത്. ”
അവരുടെ മറുപടിക്ക് ഒന്ന് മൂളുക മാത്രമാണ് കാവേരി ചെയ്തത്.
സമയം പിന്നെയും നീങ്ങി. വൈകാതെ പോലീസ് ജീപ്പ് സ്റ്റേഷനു മുന്നിൽ വന്നു നിന്നു അതിൽ നിന്നും അനിരുദ്ധൻ ഇറങ്ങി.
അകത്തേക്ക് കയറുമ്പോൾ തന്നെ അയാൾ കാവേരിയെ കണ്ടിരുന്നു.
” ആഹാ നീ ഇവിടുണ്ടോ… മോനെ കണ്ടോ…എന്തായി തീരുമാനം.. അകത്തേക്കു വാ.. ”
അത്രയും പറഞ്ഞ് കൊണ്ടയാൽ ഓഫീസ് മുറിയിലേക്ക് കയറവേ പിന്നാലെ ചെന്നു കാവേരി.
” സാറിന് പുതിയ ഇരയെ കിട്ടി കേട്ടോ.. പാവം അവൾ അറിയുന്നില്ലല്ലോ.. ഒരു വട്ടം കൂടെ കിടന്ന് സുഖം പിടിച്ചാൽ പിന്നെ ജീവിതാവസാനം വരെ അങ്ങേരു വിടില്ല എന്നത് ”
ആ വനിതാ കോൺസ്റ്റബിൾ അടക്കം പറയുമ്പോൾ കേട്ട് നിന്ന പോലീസുകാരൻ ഒന്ന് ചിരിച്ചു.
” അനുഭവം ആണല്ലേ… ”
അതിനു മറുപടി പറയാതെ മുഖം കറുപ്പിച്ചവർ പുറത്തേക്ക് പോയി.
ഓഫീസിൽ തന്റെ ചെയറിലേക്കിരിക്കുമ്പോൾ വല്ലാത്ത ഉന്മേഷം ആയിരുന്നു അനിരുദ്ധന്.
” എന്തായെടോ തീരുമാനം. സമ്മതമാണോ.. ഇന്ന് വരുന്നോ ക്വാർട്ടേർസിലേക്ക്.. വൈഫ് നാട്ടിൽ പോയേക്കുവാ.. നമുക്ക് പൊളിക്കാം.. മോനെ രാവിലെ തന്നെ വിടേം ചെയ്യാം. ”
കുസൃതി ചിരിയോടെ അയാൾ ചോദിക്കവേ തൊഴു കയ്യോടെ മുന്നിലേക്ക് ചെന്നു കാവേരി.
” സാർ പ്ലീസ്… എന്നോട് ഇങ്ങനെ പറയരുത്. ഹസ്ബൻഡ് മരിച്ചേ പിന്നെ മോൻ മാത്രമാണ് എന്റെ ലോകം. പലരും പലതും പറഞ്ഞ് എന്റെ പിന്നാലെ കൂടിയിട്ടുണ്ട് അവരിൽ നിന്നെല്ലാം അകലം പാലിച്ചു കഷ്ടപ്പെട്ടാണ് ഞാൻ മോനെ വളർത്തുന്നത്.
സാർ പറഞ്ഞപോലെ സാറിന്റെ കിടക്ക പങ്കിടാൻ എന്നെ കൊണ്ട് കഴിയില്ല. എന്റെ മോൻ നിരപരാധിയാണ് അത് സാറിനറിയാം ദയവു ചെയ്ത് അവനെ വെറുതെ വിടണം ”
ആ മറുപടി കേട്ട് അനിരുദ്ധന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. അമർഷത്തോടെ പല്ല് ഞെരിച്ചു അയാൾ.
” ദേ നോക്ക് പെണ്ണേ.. ശെരിയാണ് നിന്റെ മോൻ നിരപരാധിയാണ് അതെനിക്കും അറിയാം അവൻ ലിഫ്റ്റ് ചോദിച്ചു ആ കഞ്ചാ*വ് കടത്ത് ടീമിന്റെ കാറിൽ ചെന്ന് കേറി പോയതാ. പക്ഷെ നിന്നിൽ ഒരു മോഹം തോന്നിപ്പോയി എനിക്ക്. ഇനി ആ മോഹം നിറവേറ്റിയില്ലേൽ ഉറക്കം കിട്ടില്ല…
വഴങ്ങുന്നതാണ് നിനക്ക് നല്ലത്.. ഒരു രാത്രി മതി കൊതി തീരെ നിന്നെ ഒന്ന് അനുഭവിക്കണം എനിക്ക്. സമ്മതിച്ചില്ലേൽ നിന്റെ മോനെ പ്രതി ചേർത്ത് നേരെ റിമാന്റിൽ വിടും ഞാൻ. അവിടെ അവന് നല്ല സ്വീകരണവും ഒരുക്കും. പതിനാല് ദിവസം കഴിഞ്ഞു ജീവനൊടുണ്ടേൽ അവന് ജാമ്യം എടുക്കാൻ ശ്രമിക്കാം നിനക്ക്. ”
ആ വാക്കുകൾക്ക് ഭീക്ഷണിയുടെ ഗന്ധം പരന്നിരുന്നു.
” സാർ പ്ലീസ്….അധികാരം ഉണെന്ന് കരുതി ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കാതിരിക്കു. ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് കാവൽ ആകേണ്ടവർ അല്ലേ നിങ്ങൾ ”
ഇത്തവണ കാവേരിയുടെ മറുപടി അനിരുദ്ധനെ നല്ലത് പോലെ ചൊടിപ്പിച്ചു.
” പന്ന %#@ മോളെ.. നിനക്ക് കാര്യം പറഞ്ഞാൽ മനസിലാകില്ലേൽ കാണിച്ച് തരാം ഞാൻ.. ”
കലി തുള്ളിക്കൊണ്ടയാൾ ചാടി എഴുന്നേറ്റു.
” ടോ.. രമേശാ.. ആ ചെക്കനെ ഇങ്ങട് പുറത്തേക്കിറക്കിയേ… അവനെ ഒന്ന് ചോദ്യം ചെയ്യട്ടെ ഞാൻ… ”
കയ്യിലെ വാച്ച് അഴിച്ചു ടേബിളിലേക്ക് വച്ച് കൈ മുഷ്ടി ചുരുട്ടി കാത്ത് നിന്നു അനിരുദ്ധൻ. അയാളുടെ ഉദ്ദേശം മനസിലാക്കവേ ഒന്ന് ഭയന്നു കാവേരി. നിമിഷങ്ങൾക്കകം ഓഫീസിനുള്ളിലേക്ക് കയറാനുള്ള ചെറിയ വാതിൽ തുറക്കപ്പെട്ടു.
എന്നാൽ ഉള്ളിലേക്ക് കയറിയ ആളെ കണ്ട് ഒരു നിമിഷം ഒന്ന് പരുങ്ങി അനിരുദ്ധൻ.
കേരളാ വനിതാ കമ്മീഷൻ ആദ്യക്ഷ അരുന്ധതിയായിരുന്നു അത്.
” മേ.. മേഡം എന്താ ഇവിടെ.. ഇരിക്കു മേഡം. ”
അനിരുദ്ധന്റെ പതർച്ച കണ്ട് ചെറു പുഞ്ചിരിയോടെ ഓഫീസിലേക്ക് കയറി വിസിറ്റേർസ് ചെയറിലേക്കിരുന്നു അരുന്ധതി. അപ്പോഴേക്കും രമേശൻ ആനന്ദിനെയും കൊണ്ട് ഓഫീസ് മുറിയിലേക്ക് എത്തി. കണ്ണ് കൊണ്ട് ‘പൊയ്ക്കോ ‘എന്ന് അനിരുദ്ധൻ ആംഗ്യം കാണിക്കവേ പതിയേ തിരിഞ്ഞു അരുന്ധതി.
” പോകേണ്ട.. ആ മോനെ ദേ അവന്റെ അമ്മയുടെ അടുത്തേക്ക് നിർത്തിക്കോ.. ”
ആ വാക്കുകൾ കേൾക്കെ അവരുടെ സന്ദർശനം വെറുതെ അല്ല എന്ന് ഉറപ്പിച്ചു അനിരുദ്ധൻ മാത്രമല്ല. ചെറിയൊരു അപകടം മണത്തു അയാൾ.
” അത് മേഡം.. സംശയാസ്പതമായി പിടിച്ചതാ.. കഞ്ചാ*വ് കേസാണ് ചോദ്യം ചെയ്തു ആള് നിരപരാധിയാണ് ഇപ്പോൾ തന്നെ വിട്ടയക്കും”
“ഏയ്.. ഇപ്പോൾ വിടേണ്ട നിങ്ങൾ… ഡി വൈഎസ് പിയും എസ്പിയും മീഡിയാസും ഒക്കെ വരുന്നുണ്ട് അവരൂടെ എത്തിയിട്ട് വിട്ടാൽ മതി. മാത്രമല്ല ഈ മോനെ വിടണേൽ ഇവള് തനിക്കൊപ്പം കിടക്കണ്ടേ.. അത് നടക്കാതെ കൊച്ചിനെ വിടോ നിങ്ങൾ ”
അരുന്ധതിയുടെ വാക്കുകൾ കേൾക്കെ ശെരിക്കും പണി മനസ്സിലാക്കി അനിരുദ്ധൻ. ഒന്ന് പാളി കാവേരിയെ നോക്കുമ്പോൾ അവളുടെ മിഴികളിൽ കനലെരിയുന്നത് കണ്ടു അയാൾ.
” മേ.. മേഡം എന്തൊക്കെയാണ് ഈ പറയുന്നത്.. ഇവള് ചുമ്മാ പറയുവാ.. ”
അയാളുടെ പതർച്ച കണ്ട് പുഞ്ചിരിച്ചു അരുന്ധതി.
” അതിനു അവൾ എന്തേലും പറഞ്ഞ് എന്ന് തന്നോട് പറഞ്ഞോ ഞാൻ.. പിന്നെ കാര്യങ്ങൾ ഉള്ളതാണോ കള്ളമാണോ എന്നതിനൊക്കെ വ്യക്തമായ തെളിവ് ഉണ്ടല്ലോ.. എല്ലാം റെക്കോർഡ് ആയില്ലേ കാവേരി.. ”
ആ ചോദ്യം കേട്ട് കാവേരി പതിയെ മുന്നിലേക്ക് ചെന്ന് കയ്യിൽ ഇരുന്ന പേന അരുന്ധതിയുടെ കയ്യിലേക്ക് കൊടുത്തു.
” ആയിട്ടുണ്ടാകും മേഡം ”
മറുപടി പറയുമ്പോൾ അവൾ അനിരുദ്ധനെ ദഹിക്കുമാറ് ഒന്ന് നോക്കി. വിറളി വെളുത്തു നിൽക്കുകയായിരുന്നു അയാൾ അപ്പോൾ. അത് കണ്ടിട്ട് വീണ്ടും ഒന്ന് പുഞ്ചിരിച്ചു അരുന്ധതി.
” പെൻ ക്യാമറയാ. ഞാനാ ഇവളുടേൽ കൊടുത്തയച്ചേ. തനിക്കൊക്കെ ഇത് തന്നെ ധാരാളം.. സസ്പെൻഷൻ ഇപ്പോൾ തന്നെ കിട്ടും പിന്നെ ഇവളുടെ പരാതിയിൽ കുറച്ചു ദിവസം അകത്ത് കിടക്കാം ജയിൽ ജീവിതം എന്താണ് ന്ന് പോലീസുകാര് ഒന്നറിഞ്ഞിരിക്കണമല്ലോ ”
അതൂടെ കേൾക്കവേ അനിരുദ്ധന്റെ പതനം പൂർണ്ണമായി അപ്പോഴേക്കും സ്റ്റേഷനിൽ ഉള്ളവരും കാര്യങ്ങൾ അറിഞ്ഞിരുന്നു. വൈകാതെ തന്നെ ഡിവൈഎസ്പി യും എസ്പിയും ഒക്കെ എത്തി. പുറത്ത് മീഡിയാസ് തിരക്ക് കൂട്ടി. കാവേരിയും അനിരുദ്ധനും തമ്മിലുള്ള സംഭാഷനങ്ങളുടെ വീഡിയോസ് കണ്ട് കാര്യങ്ങൾ വിലയിരുത്തി വേണ്ട നടപടികൾ സ്വീകരിക്കപ്പെട്ടു.
അതോടെ ആനന്ദ് മോചിതനായി . അവനെ നിറകണ്ണുകളോടെ വാരി പുണർന്നു കാവേരി. പുറത്തേക്കിറങ്ങിയ അരുന്ധതി മീഡിയാസിനോട് കാര്യങ്ങൾ വിവരിച്ചു. വീട്ടിലേക്ക് പോകുന്നതിനു മുൻപ് കാവേരി ഒരിക്കൽ കൂടി അനിരുദ്ധന്റെ അരികിലേക്ക് ചെന്നു.
” സാറേ.. പാവപ്പെട്ടവരെ ഇങ്ങനെ ദ്രോഹിക്കുമ്പോ ഓർക്കണം. അവരെ സഹായിക്കാനും ആരേലും ഒക്കെ ഉണ്ടാകും എന്നത്.
ഞാൻ ഒരുപാട് വീടുകളിൽ ജോലി ചെയ്താണ് കുടുംബം പോറ്റുന്നത് എന്ന് രാവിലെ പറഞ്ഞില്ലേ അതിൽ ഒരു വീട് ഈ അരുന്ധതി മാഡത്തിന്റെ ആണ്. രാവിലെ ജോലിക്ക് ചെല്ലാൻ ലേറ്റ് ആയപ്പോൾ മാഡം എന്നെ വിളിച്ചു. ആ ഒരു കോൾ ആണ് എന്റെ മോനെ ഇപ്പോൾ രക്ഷിച്ചത്. സാറ് ചെയ്ത തെറ്റിനുള്ള ശിക്ഷ സാറിന് കിട്ടിക്കോളും ”
രോഷത്തോടെ അയാളെ ഒന്ന് നോക്കി പുറത്തേക്ക് നടന്നു അവൾ . അവൾക്ക് മുഖം കൊടുക്കാതെ ഒളിച്ചു ആ വനിതാ കോൺസ്റ്റബിൾ. നടുങ്ങി തരിച്ചു വിറളി വെളുത്തങ്ങിനെ തന്നെ നിന്നു അനിരുദ്ധൻ.
” എട്ടിന്റെ പണി ആയിപോയി.. സാറിന്റെ പണി പോയി ”
സ്റ്റേഷനിലെ സഹപ്രവർത്തകരുടെ അടക്കം പറച്ചിലുകൾ അനിരുദ്ധന്റെ കാതുകളിൽ പതിഞ്ഞിരുന്നു.
‘ശെരിയാണ്.. ഇത് എട്ടിന്റെ പണി ആയി പോയി ‘
വേദനയോടെ അയാളുടെ മനസ്സ് മന്ത്രിച്ചു.