(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“എന്താ നന്ദന നീ കാണണം ന്ന് പറഞ്ഞത് ”
ബീച്ചിൽ തനിക്കായി കാത്തു നിന്നിരുന്ന നന്ദനയ്ക്കരികിൽ എത്തുമ്പോൾ അഭിഷേകിന് ചെറിയ ആകാംഷയുണ്ടായിരുന്നു.
” ഇടാ നമ്മുടെ കോളേജ് ലൈഫ് കഴിഞ്ഞിട്ട് ഇപ്പോൾ വർഷം മൂന്ന് ആകുന്നില്ലേ..”
“അതേല്ലോ.. എന്താ ഇപ്പോൾ ഇത് ചോദിക്കാൻ കാരണം ”
അഭിഷേക് നെറ്റി ചുളിക്കവേ പതിയെ പുഞ്ചിരിച്ചു നന്ദന.
” എന്ത് രസമായിരുന്നു അല്ലേ കോളേജ് ഡേയ്സ്.. ഓർക്കുമ്പോ കൊതി തോന്നുവാ… വല്ലാത്ത ഒരു മിസ്സിംഗ് ആണ് ”
“അത് സത്യം ആണ്. പക്ഷെ ഒരു റീ യൂണിയൻ പ്ലാൻ ചെയ്തപ്പോ താത്പര്യം ഇല്ല എന്ന് പറഞ്ഞ നീ ആണോ ഇപ്പോൾ ഇത് പറയുന്നേ.. ”
അഭിഷേകിന്റെ നെറ്റി ചുളിയവേ പതിയെ അവന് അഭിമുഖമായി നന്ദന.
” അതൊക്കെ അപ്പോഴത്തെ ഓരോ തോന്നൽ.. ഇപ്പോൾ എനിക്ക് എല്ലാം വല്ലാണ്ട് മിസ്സ് ആകുന്നുണ്ട് ”
” ആ.. ഇതാണ് വട്ട്.. ണാ മുഴുത്ത വട്ട്.. അല്ല ഇപ്പോൾ എന്തെ ഇതൊക്കെ തോന്നാൻ കാരണം ”
” ഒന്നുല്ലടാ.. വെറുതെ… നിനക്ക് ഓർമ ഉണ്ടോ ലാസ്റ്റ് ഇയറിൽ നീ എന്നോട് വന്ന് ചോദിച്ച കാര്യം.. നിന്നോട് ടൈം പാസ്സിന് സെ ക്സ് ഷെയർ ചെയ്യാൻ താത്പര്യം ഉണ്ടോ എന്ന് ”
ആ വാക്കുകൾ കേൾക്കെ ഒന്ന് ചൂളിപ്പോയി അഭിഷേക്.
” എടീ എന്തിനാ അതൊക്കെ ഇപ്പോൾ പറയുന്നേ അന്ന് നീ എന്നെ ചീത്ത പറഞ്ഞ് ഓടിച്ചതല്ലേ.. അതൊക്കെ കഴിഞ്ഞില്ലേ.. ”
ആ വിഷയം പതിയെ ക്ലോസ് ചെയ്യാൻ ഒരു ശ്രമം നടത്തി അഭിഷേക്. അത് മനസ്സിലാക്കി ഉറക്കെ പൊട്ടിച്ചിരിച്ചു നന്ദന.
” എടാ ഞാൻ ചീത്ത പറഞ്ഞിട്ടും നീ പിണങ്ങാതെ സോറിയൊക്കെ പറഞ്ഞ് വീണ്ടും എന്നോട് വന്ന് കൂട്ട് കൂടിയില്ലേ നീ . എന്നിട്ട് ഇന്ന് വരെയും എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ആയി എല്ലാ കാര്യത്തിനും ഒപ്പം നിന്നില്ലേ നീ….. ”
“ഇതെന്ത് ഭ്രാന്താ നന്ദനേ നീ ഈ പറയുന്നേ ഇതൊക്കെ എന്തിനാണ് ഇപ്പോൾ പറയുന്നേ ”
അഭിഷേകിന് കലി കയറവേ പതിയെ സീരിയസ് ആയി നന്ദന.
“നിനക്ക് എന്നിൽ ആ പഴേ മോഹം ഇപ്പോഴും ഉണ്ടോ”
ആ ചോദ്യം കേട്ട് അവൻ വല്ലാതെ അമ്പരന്നു.
” നീ.. നീ എന്താ നന്ദനേ ഈ ചോദിക്കുന്നെ.. എനിക്കൊന്നും മനസ്സിലാകുന്നില്ല. നിനക്ക് എന്താ പറ്റ്യേ.. ”
” ഇല്ലേ.. നിനക്ക് മനസ്സിലാകുന്നില്ലേ.. എന്റെ കണ്ണിൽ നോക്കി പറയാമോ നിനക്ക് ഒന്നും മനസ്സിലാകുന്നില്ല എന്ന് ”
ഇത്തവണ അവൻ ഒന്ന് പരുങ്ങി.
” എന്തിനാ ഇപ്പോൾ ഇങ്ങനൊരു ചോദ്യം .. വീണ്ടും എന്നെ കളിയാക്കാൻ ആണോ അതോ പിണങ്ങാൻ ആണോ. എന്താണ് നിന്റെ ഉദ്ദേശം ”
” എടാ നിന്നോട് ഒരു ചോദ്യം മാത്രേ ഞാൻ ചോദിക്കുന്നുള്ളൂ നിനക്ക് ആ പഴയ മോഹം ഇപ്പോഴും എന്നോട് ഉണ്ടോ. ഉണ്ടേൽ ഉണ്ടെന്ന് പറയ് ഇല്ലേൽ ഇല്ലെന്നും… എന്തായാലും തുറന്ന് പറയ് ”
ഇത്തവണ അഭിഷേക് തീർത്തും ആശയക്കുഴപ്പത്തിലായി. അവൻ മൗനമാകവേ പതിയെ അവന്റെ അരികിലേക്ക് ചേർന്നു നന്ദന.
” എടാ.. ഉള്ളത് തുറന്ന് പറയ് ആ ആഗ്രഹം നിനക്ക് ഉണ്ടോ ഇപ്പോൾ ”
മറുപടി പറയാൻ അവൻ ഒന്ന് മടിച്ചു.
” അത്… നിനക്ക് എന്നോട് ദേഷ്യം തോന്നരുത്. നീ ഇങ്ങനൊക്കെ ചോദിച്ചാൽ ആ പഴയ ആഗ്രഹം വീണ്ടും പൊടി തട്ടി ഉയർന്നു വന്നേക്കാം.. ബട്ട് നിനക്ക് അതിനു താത്പര്യം ഇല്ലാത്തിടത്തോളം കാലം ആ കാര്യം പറഞ്ഞ് നിന്നെ ഞാൻ ശല്യം ചെയ്യില്ല.”
നന്ദന പ്രതീക്ഷിച്ച വാക്കുകൾ ആയിരുന്നു അത്. ഒരു ചെറു പുഞ്ചിരിയോടെ അവൾ പതിയെ കടലിലേക്ക് നോക്കി
” എനിക്ക് അറിയാരുന്നു അഭിഷേക് എന്നെ കാണുമ്പോൾ ദേ ഈ ഇളകി മറിയുന്ന കടല് പോലാണ് നിന്റെ മനസ്സ് എന്ന്… പക്ഷെ എനിക്കിഷ്ടമാകില്ല എന്ന് കരുതി നീ മറച്ചു വച്ചതാ അല്ലേ.. ”
മറുപടി പറഞ്ഞില്ല അഭിഷേക്. അവന്റെ മൗനം കണ്ട് വീണ്ടും തുടർന്നു നന്ദന
” പക്ഷെ എനിക്ക് ഇപ്പോൾ സമ്മതമാണ് അഭിഷേക്… നിന്റെ ഇഷ്ടത്തിന് വഴങ്ങാൻ.. ”
അത് കേട്ട് അവൻ ഒന്ന് ഞെട്ടി.
” എ.. എന്താ നീ പറഞ്ഞെ”
” ഹാ… സത്യമാടോ നീ അന്ന് ചോദിച്ച കാര്യത്തിന് എനിക്കിപ്പോൾ സമ്മതമാണെന്ന്. പക്ഷെ ഫോണിലൂടെയോ വീഡിയോ കോളോ ഒന്നുമല്ല നേരിട്ട്.. അതിനുള്ള സ്ഥലം നീ കണ്ടെത്തണം. ഞാൻ വന്നോളാം ”
ഇത്തവണ ഞെട്ടൽ മാത്രമല്ല വല്ലാതെ പതറി പോയി അഭിഷേക്.
” നന്ദന.. നീ… നീ പറയുന്നത്.. ”
കേട്ടത് വിശ്വസിക്കാൻ കഴിയാതെ കുഴഞ്ഞു അവൻ.
” എടാ.. സത്യമാടാ ഞാൻ പറഞ്ഞത്. ഇത്രയും നാളും എന്റെ എല്ലാ സുഖ ദുഖങ്ങളിലും ഒപ്പം നിന്ന ആളല്ലേ നീ. അപ്പോ നിനക്ക് അങ്ങിനെ ഒരു ആഗ്രഹം ഉണ്ടേൽ അത് നിറവേറ്റി തരാൻ ഞാൻ ബാധ്യസ്തയാണ് എന്ന് തോന്നി.അതാ പറഞ്ഞത്. ”
അഭിഷേക് മറുപടി ഒന്നും പറഞ്ഞില്ല. അവന്റെ ഞെട്ടൽ മാറിയിട്ടില്ല എന്ന് മനസിലാക്കി പതിയെ ചുമലിൽ കൈ വച്ചു നന്ദന.
” നീ വിളിക്ക്..നീ പറയുന്നിടത്ത് വന്ന് കിടന്നു തരാം ഞാൻ ഇഷ്ടമുള്ളതൊക്കെയും കൊതി തീരുവോളം ചെയ്തോ നീ ”
അവളുടെ മുഖത്തേക്ക് അല്പസമയം നോക്കി നിന്നു അവൻ.
” എന്താടാ ചെക്കാ നീ ഇങ്ങനെ നോക്കുന്നേ.. ”
നന്ദനയുടെ മാറ്റം അവനെ വല്ലാതെ അത്ഭുതപ്പെടുത്തി.
” എടോ.. എന്താ തനിക്കു പറ്റിയെ … ഞാൻ അറിയുന്ന നന്ദന ഒരിക്കലും എന്നോട് ഇത് പറയില്ല. സോ എന്താ തന്റെ പ്രശ്നം അത് തുറന്ന് പറയ്.”
തന്റെ ചോദ്യം കേട്ട് അവൾ മൗനമാകവേ പതിയേ അവളുടെ നെറുകയിൽ ഒന്ന് തലോടി അഭിഷേക്.
” പണ്ട് എനിക്ക് അങ്ങനൊരു ആഗ്രഹം തോന്നി ഞാൻ വന്ന് നേരിട്ട് ചോദിച്ചു. പക്ഷെ അതിനു ശേഷം ആണ് നമ്മുടെ സൗഹൃദം ഇത്രത്തോളം ദൃഢമായത്. ഇപ്പോൾ അങ്ങിനെ ഒരു ആഗ്രഹം ഇല്ലെടോ മനസ്സിൽ.
പകരം തന്നെ താലി കെട്ടി ഒപ്പം കൂട്ടിയാലോ ന്ന് പലപ്പോഴും തോന്നീട്ടുണ്ട്. കാരണം തന്നോളാം എന്നെ മനസ്സിലാക്കിയ വേറൊരാളില്ല. പക്ഷെ അതും ചോദിക്കാൻ മടി ആണ്. കാരണം താൻ വീണ്ടും ചീത്ത പറഞ്ഞാലോ.. ”
ഇത്തവണ ശെരിക്കും ഞെട്ടിപോയത് നന്ദന ആയിരുന്നു.
” അഭിഷേക്.. എന്താ നീ ഈ പറയുന്നേ ചുമ്മാ ഭ്രാന്ത് പറയല്ലേ.. ”
” ഭ്രാന്ത് അല്ലടോ. സത്യം ആണ് പറഞ്ഞത്.. ഇപ്പോൾ എന്റെ ഉള്ളിലെ ആഗ്രഹം ഇതാണ് താൻ സമ്മതിച്ചാൽ ആ ആഗ്രഹം നടപ്പിലാക്കാം… എന്റെ വീട്ടുകാരെ കൊണ്ട് തന്റെ വീട്ടിൽ പെണ്ണ് ചോദിപ്പിക്കട്ടെ ഞാൻ. ”
അഭിഷേകിന്റെ വാക്കുകൾ നന്ദനയുടെ മുഖത്തെ പുഞ്ചിരി മാച്ചു. ക്ഷണനേരം കൊണ്ട് അവളുടെ മുഖം കുറുകുന്നത് കണ്ട് അവനൊന്നു പതറാതിരുന്നില്ല.
” എനിക്ക് സമ്മതം അല്ല. നിന്നെ കെട്ടാൻ എനിക്ക് ഇഷ്ടമല്ല. ഞാൻ പറഞ്ഞ പോലൊരു ആഗ്രഹം നിനക്ക് ഉണ്ടേൽ അത് സാധിച്ചു തരാൻ ഞാൻ റെഡിയാണ് അല്ലാതെ അതിനപ്പുറം ഒരു വിവാഹത്തിലേക്ക് എനിക്ക് താത്പര്യം ഇല്ല ”
അറുത്തു മുറിച്ചവൾ പറയുമ്പോൾ പെട്ടെന്ന് അഭിഷേകിന്റെ മുഖം വാടി
” എടോ താൻ ഒന്ന് ആലോചിച്ചു നോക്ക്.. നമ്മൾ പെർഫെക്ട് മാച്ച് അല്ലേ തന്നെ ഇത്രയും മനസിലാക്കിയ വേറെ ആളെ കിട്ടോ അത് പോലെ തന്നെ എന്നെ മനസ്സിലാക്കിയ വേറൊരാളെ എനിക്ക് കിട്ടില്ല അതാ ഞാൻ പറഞ്ഞെ.. താൻ ഇങ്ങനെ ചാടിക്കേറി നോ പറയാതെ ഒന്ന് ആലോചിച്ചു മറുപടി പറയ്. നമുക്ക് ഒന്നിക്കാം സുഖമായി ജീവിക്കാം ”
ഇത്തവണ ശെരിക്കും ദേഷ്യം വന്നിരുന്നു നന്ദനയ്ക്ക്.
“അഭിഷേക് ഈ സംസാരം ഇവിടെ നിർത്താം. ഞാൻ നിന്നെ ഇങ്ങട് വിളിച്ചിട്ടും ഇല്ല ഒന്നും പറഞ്ഞിട്ടും ഇല്ല. നീ പൊയ്ക്കോ അതാ നല്ലത്. ”
മറുപടി പറയാതെ ഒരു നിമിഷം അവളെ നോക്കി നിന്നു അഭിഷേക്.
” എടോ എന്നെ ഇങ്ങനെ ശല്യം ചെയ്യാതെ ഒന്ന് പോകാമോ.. നിന്നെ കെട്ടാൻ എനിക്ക് താത്പര്യം ഇല്ല. ”
നന്ദനയുടെ ശബ്ദമുയർന്നപ്പോൾ വല്ലാത്ത അമർഷം തോന്നി അവന്. പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല തന്റെ ബൈക്ക് സ്റ്റാർട്ട് ആക്കി അവിടെ നിന്നും പോയി അഭിഷേക്. ഒന്ന് തിരിഞ്ഞു നോക്കുവാണോ യാത്ര പറയുവാനോ പോലും മുതിർന്നില്ല അവൻ.
അഭിഷേക് കണ്ണിൽ നിന്നും മായുന്നത് വരെ നോക്കി നിന്നു നന്ദന. അവളുടെ ഉള്ളം വിങ്ങുകയായിരുന്നു മിഴികളിൽ അപ്പോൾ നീർച്ചാലുകൾ തെളിഞ്ഞിരുന്നു. അവളുടെ ഉള്ളിൽ അപ്പോൾ മുഴങ്ങിയത് രാവിലെ ഹോസ്പിറ്റലിൽ വച്ച് ഡോക്ടർ പറഞ്ഞ വാക്കുകൾ ആയിരുന്നു
” സോറി നന്ദന.. ക്യാൻസർ തന്നെയാണ്.. നമ്മൾ ഒരുപാട് വൈകിപോയി . ശ്വാസകോശത്തിൽ പൂർണ്ണമായും ബാധിക്കപ്പെട്ടു. ഇനി ഒരു ചികിത്സ സാധ്യമല്ല… താൻ നല്ല ബോൾഡ് ആകണം. വീട്ടിൽ വിവരം അറിയിക്കണം ഇനി അവരുടെ സപ്പോർട്ട് നിനക്ക് അത്യാവശ്യം ആണ്. ”
ആ വാക്കുകൾ വീണ്ടും ഓർക്കവേ. വല്ലാത്ത വേദനയോടെ നിന്നുപോയി അവൾ. അഭിഷേകിന്റെ മുഖം നന്ദനയുടെ ഉള്ളിൽ ഒരു നോവായി മാറി.
‘ ഒരു നൂറുവട്ടം സമ്മതമാണ് അഭിഷേക് നിന്റെ ഭാര്യ ആകുവാൻ. പക്ഷെ വിധി എന്നെ അതിനു സമ്മതിക്കില്ല. ക്യാൻസറിന്റെ പിടിയിൽ പെട്ടുപോയി ഞാൻ.
എന്റെ മുന്നിൽ ഇനി കുറച്ചു മാസങ്ങൾ മാത്രമാണുള്ളത്. ഈ വിവരം വീട്ടിൽ അറിഞ്ഞാൽ പാവം എന്റെ അച്ഛനും അമ്മയും തകർന്നു പോകും. എന്നെ ഇത്രയേറെ സ്നേഹിച്ച സപ്പോർട്ട് ചെയ്ത നിന്റെ മനസ്സിലെ ആ പഴയ ആഗ്രഹം അത് ബാക്കിയുണ്ടേൽ നിറവേറ്റി തന്ന ശേഷം ആ ത്മഹ ത്യ…
അതായിരുന്നു എന്റെ തീരുമാനം. ആ ആഗ്രഹം നിന്നിൽ ഇപ്പോൾ ഇല്ലാത്തതിനാൽ മറ്റൊന്നിനും സപ്പോർട് ചെയ്യാതെ.. മരണത്തെ കാത്തിരിക്കുവാ വയ്യാത്തത്തിനാൽ മരണത്തെ തേടി ഞാൻ പോവുകയാണ്. എന്നോട് ക്ഷമിക്ക് നീ.. ‘
ആത്മഗതത്തോടെ പതിയെ ആർത്തിരമ്പുന്ന കടലിനരികിലേക്ക് നടന്നു അവൾ.
‘അച്ഛാ..അമ്മാ.. ഒരു രോഗിയായി ഞാൻ കിടന്ന് പോയാൽ നിങ്ങൾക്ക് അത് താങ്ങില്ല. എന്നെനിക്കറിയാം മാത്രമല്ല ഒരു രോഗിയായി നിങ്ങളോടൊപ്പം ജീവിക്കാനും എനിക്ക് കഴിയില്ല. ഞാൻ പോവുകയാണ്. ഇനിയൊരു ജന്മമുണ്ടെങ്കിൽ നിങ്ങളുടെ തന്നെ മകളായി ജനിക്കാൻ ഭാഗ്യമുണ്ടാകണേ എന്നൊരു പ്രാർത്ഥന മാത്രമേ ഉള്ളു മനസ്സിൽ ‘
ഉള്ളു നീറുമ്പോഴും തന്റെ തീരുമാനത്തിൽ ഉറച്ചു തന്നെ നിന്നു നന്ദന. ആ സമയം അകലെ നിന്നും വലിയൊരു തിരമാല തനിക്കരികിലേക്ക് വരുന്നത് കണ്ടു അവൾ.
‘യാത്രയാകുവാൻ സമയമായി..’
മനസ്സിൽ ഉറപ്പിച്ചു കൊണ്ട് കൂടുതൽ ഉള്ളിലേക്ക് നടന്നു നന്ദന…