എന്റെ ഉറ്റ ചങ്ങാതി ആകാശ് കഴിഞ്ഞ കുറച്ചു നാളുകളായി നീയുമായി അടുപ്പത്തിൽ ആണെന്നും ഇവിടെ രാത്രി സമയങ്ങളിലും മറ്റും പോക്ക് വരവുണ്ട് എന്നും കൃത്യമായ വിവരം ലഭിച്ചിട്ടാണ് ഞാൻ നാട്ടിലേക്ക് വന്നത്

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“സാർ ഇതിപ്പോ എത്ര നാള് കഴിഞ്ഞിട്ടാ ലീവിന് നാട്ടിലേക്ക് വരുന്നേ. ”

രാത്രിയിൽ എയർപോർട്ട് ടാക്സിയിൽ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ഡ്രൈവറുടെ കുശലന്യോഷണം കേട്ട് അനീഷ് ഒന്ന് പുഞ്ചിരിച്ചു.

” ഒരു വർഷം ആകുന്നു ചേട്ടാ.. ”

” ആഹാ.. കഴിഞ്ഞ ഒരു വർഷത്തിനിടക്ക് നാട്ടിൽ ഒരുപാട് മാറ്റങ്ങൾ ആയി സാറേ… ഇത് കണ്ടില്ലേ ഹൈവേ വികസനം ന്ന് പറഞ്ഞിട്ട് റോഡിനിരുവശം മുഴുവൻ കുത്തി പൊളിച്ചിട്ടേക്കുവല്ലേ. ”

ഡ്രൈവർ അല്പം സംസാര പ്രിയനായിരുന്നു. മറുപടിയായി ഒന്ന് പുഞ്ചിരിച്ചു അനീഷ് പതിയെ പുറത്തേക്ക് നോക്കിയിരുന്നു. പെട്ടെന്ന് എന്തോ ഓർത്തിട്ട് അവൻ ഡ്രൈവറിന് നേരെ തിരിഞ്ഞു.

” ചേട്ടാ വീടെത്താറാകുമ്പോ ഞാൻ പറയാം കാറിന്റെ ഹെഡ്‌ലൈറ്റ് ഒന്ന് ഓഫ്‌ ആക്കിയേക്കണേ.. ”

” ങേ.. അതെന്താ സാറേ.. ”

” ഏയ് ഒന്നുല്ല ചേട്ടാ… ഒരു വർഷം കഴിഞ്ഞു സർപ്രൈസ് ആയുള്ള വരവാ വൈഫിനു അറിയില്ല ഞാൻ വരുന്ന കാര്യം .. അതാ എയർപോർട്ടിൽ ന്ന് ചേട്ടന്റെ ടാക്സി പിടിച്ചു വന്നേ.. വൈഫ്‌ ആണേൽ ചെറിയൊരു വെട്ടം ജനൽ വഴി കണ്ടാൽ പോലും ഞെട്ടി എണീക്കും അങ്ങിനത്തെ പ്രകൃതക്കാരി ആണ്. ”

അനീഷിന്റെ മറുപടി കേട്ട് ആ ഡ്രൈവർ പതിയെ ചിരിച്ചു.

“ആഹാ…. എന്റെ പെമ്പ്രന്നോളും അങ്ങിനെ തന്നാ സാറെ… ഞാൻ ഏറ്റു. വീടെത്താറാകുമ്പോ സാർ പറഞ്ഞാൽ മതി ”

“ഓക്കേ ചേട്ടാ….”

അയാൾക്കുള്ള മറുപടി നൽകി വീണ്ടും പുറത്തെ കാഴ്ചകളിലേക്ക് മുഴുകി അനീഷ്.

‘ ശെരിയാണ് പറഞ്ഞത്.. നാട് ആകെ മാറിയിരിക്കുന്നു. ‘

ആത്മഗതത്തോടെ അവനങ്ങിനെ ഇരുന്നു. സമയം നീങ്ങി… വീടിനടുത്തെ കവലയിൽ കാറെത്തുമ്പോൾ അഞ്ചാറു ചെറുപ്പക്കാർ അവിടെ കാത്തു നിന്നിരുന്നു. അവരെ കണ്ട പാടെ നിവർന്നിരുന്നു അനീഷ്.

“ചേട്ടാ അവരുടെ അടുത്ത് ഒന്ന് വണ്ടി നിർത്തിയേക്കണേ.. എന്റെ കൂട്ടുകാർ ആണ് ഞാൻ വിളിച്ചിട്ട് വന്ന് നിൽക്കുവാ.. ”

പറയുമ്പോൾ തന്നെ കാർ അവരുടെ അടുത്തെത്തിയിരുന്നു. വണ്ടി നിർത്തിയ പാടെ തന്നെ കൂട്ടുകാർ ഓടി അനീഷിനരികിൽ എത്തി.

” അളിയാ… എല്ലാം സെറ്റ് ആണ് ഇനി നേരെ വീട്ടിലേക്ക് ചെന്നാൽ മതി. സർപ്രൈസ് എന്ന് വച്ചാൽ ഇതൊന്നൊന്നര സർപ്രൈസ് ആകും ”

” ആകാശ് ഉണ്ടോ അവിടെ… ”

അനീഷിന്റെ ചോദ്യം കേട്ട് ഉണ്ടെന്ന് തലയാട്ടി കൂട്ടുകാരൻ.

” അളിയാ അവൻ ഉണ്ട്. ഞങ്ങൾ എല്ലാം സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്. ”

ആ മറുപടി കേൾക്കെ ഒന്ന് പുഞ്ചിരിച്ചു അനീഷ്.

” ഇന്ന് മീര ഒന്ന് ഞെട്ടും ”
വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു അവന്റെ മിഴികളിൽ.

“ഓക്കേ അളിയന്മാരെ നിങ്ങൾ ബൈക്കിൽ കാറിന്റെ ഫോളോ ചെയ്ത് വാ.. വീടെത്തുമ്പോ ഹെഡ്‌ലൈറ്റ് ഓഫ്‌ ആക്കാൻ മറക്കേണ്ട.. ”

അവർക്കുള്ള നിർദ്ദേശം നൽകി വീണ്ടും ഡ്രൈവറിനു നേരെ തിരിഞ്ഞു അനീഷ് .

” നമുക്ക് പോകാം ചേട്ടാ

അത് കേട്ടപാടെ ഡ്രൈവർ വീണ്ടും ആക്സിലേറ്ററിൽ കാലമർത്തി.
ഒക്കെയും കേട്ടിരുന്ന അയാളും എന്താണ് പരിപാടി എന്ന് അറിയാതെ സംശയിച്ചു.

” സാറേ.. ഏതാണ്ട് മുട്ടൻ സർപ്രൈസ് റെഡിയാക്കിയിട്ടുണ്ടല്ലോ കൂട്ടുകാരൊക്കെ ചേർന്നിട്ട്.. ഇന്നപ്പോ അടിച്ചു പൊളിക്കും അല്ലെ.. ”

ആ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ചു പോയി അനീഷ്.

” എന്റെ ചേട്ടാ.. ഒരു വർഷം കഴിഞ്ഞിട്ട് നമ്മള് അങ്ങട് കേറി ചെല്ലുവല്ലേ.. അതും പറയാണ്ട്.. അപ്പോ ഒരു ഗുമ്മ് വേണ്ടേ.. എല്ലാം വൻ പരിപാടികൾ ആണ്. ചേട്ടൻ വേണേൽ കൂടെ നിന്ന് കണ്ടിട്ട് തിരികെ പോയാൽ മതി ”

” അത് പിന്നെ അത്രേ ഉള്ളു സാറേ… എനിക്കിതൊക്കെ കാണുന്നതേ സന്തോഷം ആണ്.. ”

ആവേശത്തോടെ അയാൾ വണ്ടി പായിച്ചു. രണ്ട് കിലോമീറ്റർ കൂടി മുന്നിലേക്ക് പോകവേ അനീഷിന്റെ നിർദ്ദേശപ്രകാരം വണ്ടി ഒരു ചെറിയ ഇട റോഡിലേക്ക് കയറി.

” ചേട്ടാ ദേ അവിടൊരു ട്രാൻസ്‌ഫോർമർ കണ്ടോ.. അത് കഴിഞ്ഞാൽ ഉടനെ ലൈറ്റ് ഓഫ്‌ ആക്കിയേക്കണേ.. ആ വളവിൽ ഇരിക്കുന്നതാ എന്റെ വീട്. വളവായത് കൊണ്ട് വെട്ടം നേരെ വീട്ടിലേക്കാ അടിക്കുന്നെ.. ”

ആ നിർദ്ദേശം കേട്ട പാടെ ഡ്രൈവർ ജാകരൂകാനായി. പറഞ്ഞ പ്രകാരം ട്രാൻസ്‌ഫോർമർ കഴിഞ്ഞതും അയാൾ ഹെഡ് ലൈറ്റ് ഓഫ്‌ ചെയ്തു. അധികം ഒച്ചപ്പാടൊന്നുമില്ലാതെ വണ്ടി കൃത്യം ഗേറ്റിനരികിൽ നിന്നു.

പിന്നാലെ വന്ന സുഹൃത്തുക്കളും കുറച്ചകലെയായി ബൈക്കുകൾ വച്ചിട്ട് പതിയെ നടന്ന് കാരിനരികിലേക്കെത്തി. അനീഷ് ഇറങ്ങുമ്പോൾ പിന്നാലെ ഡ്രൈവറും ഇറങ്ങി. അയാളിൽ വല്ലാത്തൊരു ആകാംഷ നിറഞ്ഞിരുന്നു.

” സാറേ എന്നതാ പ്ലാൻ… ”

ആകാംഷ അടക്കാൻ ആകാതെ അയാൾ ചോദിക്കുമ്പോൾ വലതു കൈ വിരൽ ചുണ്ടോടു ചേർത്ത് ശബ്ദമുണ്ടക്കരുതേ എന്ന് ആംഗ്യം കാട്ടി അനീഷ്.

” അളിയാ ദേ പൂട്ട്… ”

കൂട്ടുകാരിൽ ഒരുവൻ വച്ചു നീട്ടിയ പൂട്ടും താക്കോലും പതിയെ കയ്യിലേക്ക് വാങ്ങി അനീഷ്. ശേഷം മറ്റൊരു സുഹൃത്തിനു നേരെ തിരിഞ്ഞു. കാര്യം എന്തെന്ന് മനസ്സിലായതോടെ അവൻ പതിയെ അനീഷിന്റെ കയ്യിൽ നിന്നും ആ പൂട്ടും താക്കോലും വാങ്ങി വീടിന് പിന്നിലേക്ക് പോയി.

” അളിയാ നീ വന്ന ദിവസം തന്നെ കൃത്യമായി എല്ലാം സെറ്റ് ആയി അതോണ്ട് ആ കാത്തിരുപ്പ് അങ്ങ് ഒഴിവായി കിട്ടി ..”

കൂട്ടുകാരിൽ ആരോ പതിഞ്ഞ സ്വരത്തിൽ അനീഷിനോട് പറയുന്നത് കേൾക്കെ ഡ്രൈവറുടെ മുഖം കുറുകി. നടക്കാൻ പോകുന്നത് എന്തോ പ്രശ്നമാണെന്ന് അയാൾ ഊഹിച്ചു. ഊഹം ശെരിയായിരുന്നു.

പെട്ടെന്ന് അനീഷ് വീട്ടിലെ കോളിങ്ങ് ബെൽ അമർത്തി. ഉള്ളിൽ ബെൽ ശബ്ദം മുഴങ്ങി കേട്ടു. എല്ലാവരും ഒരുപോലെ ആകാംഷയിൽ നോക്കി നിൽക്കേ പതിയെ വീടിനുള്ളിൽ എന്തൊക്കെയോ ചെറിയ തട്ടലും മുട്ടലുമൊക്കെ കേട്ടു.

അതോടെ അവൻ വീണ്ടും കോളിങ്ങ് ബെല്ലിൽ അമർത്തി. പതിയെ അകത്തേ ബെഡ്‌റൂമിൽ ലൈറ്റ് തെളിഞ്ഞു. നിമിഷങ്ങൾക്കകം ഹാളിലും വീടിനു പുറത്തും വെട്ടം വീണു.നിമിഷങ്ങൾക്കകം ജനൽ കർട്ടൻ മാറ്റി ഉള്ളിൽ ഒരു മുഖം തെളിഞ്ഞു. അനീഷിന്റെ ഭാര്യ മീരയുടെ മുഖമായിരുന്നു അത്. അനീഷിനെ കണ്ടമാത്രയിൽ ഒരു നടുക്കമാണ് അവളുടെ മുഖത്ത് ഉടലെടുത്തത്.

” ഞെട്ടണ്ട.. വാതിൽ തുറക്ക്.. സർപ്രൈസ് അല്ലേ… ”

അനീഷ് വിളിച്ചു പറയവേ പതിയേ വാതിൽ തുറക്കപ്പെട്ടു. ഒരു പതർച്ചയോടെയാണ് മീര പുറത്തേക്ക് വന്നത്. ഒരു വർഷത്തിന് ശേഷം തന്റെ ഭർത്താവിനെ തികച്ചും അപ്രതീക്ഷിതമായി കാണുന്ന ഒരു ഭാര്യയുടെ അതിശയ ഭാവമല്ല അവൾക്ക് എന്ന് ഡ്രൈവറും ഊഹിച്ചു. അനീഷിനൊപ്പം കൂട്ടുകാരെ കൂടി കാൺകെ അവൾ ഒരു ആപത്ത് മണക്കാതിരുന്നില്ല.

” ഏ.. ഏട്ടനോ.. ഇതെന്താ പറയാതെ പെട്ടെന്ന്… ”

ഉള്ളിലെ പതർച്ച മീരയുടെ വാക്കുകളിൽ പ്രതിഫലിക്കവേ പതിയെ അവളെ നോക്കി പുഞ്ചിരിച്ചു വീടിനുള്ളിലേക്ക് കയറി അനീഷ്.

” എവിടേ.. ആകാശ്‌ എവിടേ… അവനെ കൂടി വിളിക്ക് നീ ”

ഇത്തവണ ശെരിക്കും നടുങ്ങി വിറച്ചു പോയി മീര..

“ആ.. ആകാശോ.. എ.. എന്താ ഏട്ടാ ഈ… പറയുന്നേ… ഏത് ആകാശ്.. അതും ഇവിടെ.. ”

അവളുടെ ചുണ്ടുകൾ വിറപൂണ്ടു അതോടെ പതിയെ അവൾക്ക് അഭിമുഖമായി അനീഷ്.

” മീര അഭിനയം വേണ്ട എന്റെ ഉറ്റ ചങ്ങാതി ആകാശ് കഴിഞ്ഞ കുറച്ചു നാളുകളായി നീയുമായി അടുപ്പത്തിൽ ആണെന്നും ഇവിടെ രാത്രി സമയങ്ങളിലും മറ്റും പോക്ക് വരവുണ്ട് എന്നും കൃത്യമായ വിവരം ലഭിച്ചിട്ടാണ് ഞാൻ നാട്ടിലേക്ക് വന്നത്. എന്റെ ഭാഗ്യത്തിന് ഞാൻ വന്ന ഇന്നും അവനിവിടുണ്ട്… ദേ ഇവന്മാര് അത് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്”

ഒപ്പമുള്ള കൂട്ടുകാരെ ഒന്ന് തിരിഞ്ഞു നോക്കി വീണ്ടും തുടർന്നു അനീഷ്.

” മീര..ചുമ്മാ ഒച്ചപ്പാടുണ്ടാക്കി ഉറങ്ങി കിടക്കുന്ന മോളെ ഉണർത്തേണ്ട. നീ അവനെ കൂടി ഇങ്ങ് വിളിക്ക് ”

” എ.. എന്താ ചേട്ടാ ഈ പറയുന്നേ… ഇവിടരുമില്ല ”

മീര വല്ലാതെ നടുങ്ങുമ്പോൾ കുറച്ചു മുന്നേ പൂട്ടുമായി വീടിന് പിന്നിലേക്ക് പോയ സുഹൃത്ത്‌ അൽപം മുന്നിലേക്ക് വന്നു.

” പെങ്ങളെ ഓവർ ആക്ട് ചെയ്ത് സീൻ ആക്കേണ്ട.പിന്നിലെ വർക്ക് ഏരിയ യുടെ ഗ്രില്ല് വാതിൽ പുറത്തൂന്ന് പൂട്ടീട്ട് ഞങ്ങൾ ഇച്ചിരി അവിടെ വെയിറ്റ് ചെയ്തപ്പോ കണ്ടതാണ് വെടി കൊണ്ട പന്നിയെ പോലെ അവൻ വെപ്രാളത്തിൽ അടുക്കള വാതിൽ തുറന്നത്. പുറത്ത് ആളനക്കം തോന്നിയപ്പോ വീണ്ടും അടച്ചു കളഞ്ഞു . ”

അതോടെ കള്ളി വെളിച്ചത്തായെന്ന് ഉറപ്പിച്ചു മീര.

” ഏട്ടാ… ചുമ്മാതാ.. ഇവിടാരും ഇല്ല… എന്നെ വിശ്വസിക്ക്.. ഇതെന്തുവാ ഇങ്ങനൊക്കെ.. ഇവന്മാരൊക്കെ പറയുന്ന കേട്ടിട്ട് ആണോ ഏട്ടൻ എന്നെ വിലയിരുത്തുന്നെ ”

അവസാന ശ്രമമെന്നോണം അവൾ വീണ്ടും അനീഷിന്റെ മുന്നിൽ ഒന്ന് കെഞ്ചി. ഡ്രൈവർ ആകട്ടെ ഒക്കെയും കണ്ട് അന്ധാളിപ്പോടെ നിന്നു. അപ്പോഴേക്കും പുറത്തൊരു ഓട്ടോ വന്ന് നിൽക്കുന്ന ശബ്ദം കേട്ടു. നിമിഷങ്ങൾക്കകം മീരയുടെ അച്ഛനും അമ്മയും വീടിനുള്ളിലേക്കെത്തി

” എന്താടി മോളെ.. ഞാൻ എന്തുവാ ഈ കേൾക്കുന്നേ ”

അമ്മ ഉച്ചത്തിൽ ചോദിക്കവേ പൊട്ടിക്കരഞ്ഞു പോയി മീര..

” എനിക്കറിയില്ല അമ്മാ.. ”

മീരയുടെ മറുപടി കേൾക്കെ അരിശം കയറി അനീഷിന്.

” അളിയന്മാരെ… ഇനി അകത്തു കേറി നോക്കിക്കോ.. ചുമ്മാ സംസാരിച്ചു നിന്നിട്ട് കാര്യം ഇല്ല.. ”

ആ നിർദ്ദേശം കിട്ടിയ പാടെ സുഹൃത്തുക്കൾ വീടിനുള്ളിലേക്ക് പാഞ്ഞു. പേടിച്ചു കരഞ്ഞു കൊണ്ട് മീര ചുറ്റും നോക്കി. വൈകിയില്ല നിമിഷങ്ങൾക്കകം അകത്തു നിന്നും ആകാശ് പിടിക്കപ്പെട്ടു. അതോടെ പൊട്ടിക്കരഞ്ഞു കൊണ്ട് മീരയെ തലങ്ങും വിലങ്ങും തല്ലി അച്ഛൻ. അപമാന ഭാരത്താൽ അവൾ തലകുമ്പിട്ടു നിന്ന്. അനീഷ് അപ്പോഴും ശാന്തനായിരുന്നു മുഖത്തു നോക്കാതെ തല കുമ്പിട്ട് നിന്ന ആകാശിനോടും അവൻ ഒന്നും പറഞ്ഞില്ല.

” കൂടെ നടന്നിട്ട് ഇമ്മാതിരി പണി കാണിച്ചല്ലെടാ നാറി ”

കൂട്ടുകാരിൽ ആരോ കളിയടങ്ങാതെ ചെറിയ രീതിയിൽ ആകാശിനെ ഒന്ന് പെരുമാറി.

” ഏട്ടാ.. എന്നോട് ക്ഷെമിക്കണം.. ഒരു അബദ്ധം പറ്റിപ്പോയി. ഇനി ആവർത്തിക്കില്ല ”

പൊട്ടിക്കരഞ്ഞു കൊണ്ട് മീര കാൽക്കലേക്ക് വീഴുമ്പോൾ പതിയെ അവഗണിച്ചു പിന്തിരിഞ്ഞു പുറത്തേക്കിറങ്ങി അനീഷ്. അവന്റെ മിഴികളിൽ അപ്പോൾ നനവ് പടർന്നിരുന്നു.

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു. അയൽക്കാരൊക്കെ ഒച്ച കേട്ട് ഉണർന്നു പുറത്തിറങ്ങി. അനീഷിന്റെ സുഹൃത്ത്‌ വിളിച്ചു പറഞ്ഞതനുസരിച്ചു പോലീസ് എത്തി. ആകാശിനെ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോകാ ജീപ്പിലേക്ക് കയറ്റി. ജീപ്പിലേക്ക് കയറുന്നതിനു തൊട്ട് മുന്നേ ചെക്കിടടച്ചു ഒരെണ്ണം കൊടുത്തു അനീഷ്.

” ഇതേലും ചെയ്തില്ലേൽ ഞാൻ വെറും ഉണ്ണാക്കൻ ആയി പോകുമെടാ ”

അത്രയും പറഞ്ഞ് കൊണ്ടവൻ തിരിഞ്ഞു നടന്നു. മീരയെയും മോളെയും അവളുടെ അച്ഛനും അമ്മയും കൊണ്ട് പോയി. മോളെ തനിക്കു വേണം എന്ന ഏക ആവശ്യം മാത്രമാണ് അനീഷ് ഉന്നയിച്ചത്.

പക്ഷെ അത് തീരുമാനിക്കേണ്ടത് കോടതി ആയതിനാൽ തത്കാലം എല്ലാവരും പിരിഞ്ഞു. അനീഷും സുഹൃത്തുക്കളും പിന്നെ ടാക്സി ഡ്രൈവറും മാത്രം ബാക്കിയായി. ചങ്കു തകർന്നു നിന്ന അനീഷിന്റെ മുന്നിലേക്ക് പതിയെ ചെന്നു ആ ഡ്രൈവർ.

” സാറേ… ഇതായിരുന്നു അല്ലേ സർപ്രൈസ്. ”

വേദന നിറഞ്ഞ അയാളുടെ ആ ചോദ്യം കേട്ട് മുഖത്തു പതിയെ ഒരു പുഞ്ചിരി വരുത്തി അനീഷ്…

” എന്തായാലും ചേട്ടൻ സർപ്രൈസ് ആയില്ലേ… ഒട്ടും പ്രതീക്ഷിച്ചില്ലല്ലോ ഇങ്ങനൊന്ന്.. ഇത്രയൊക്കെ ഉള്ളു ചേട്ടാ ജീവിതം.. കണ്ടില്ലേ നാടും വീടും വിട്ട് കുടുംബത്തിന് വേണ്ടി നമ്മൾ കഷ്ടപെടുമ്പോൾ ഇവളുമാരൊക്കെ നമുക്ക് പകരം വേറെ ആൾക്കാരെ കണ്ട് പിടിക്കുവാ.. എന്ത് ലോകമാണോ എന്തോ..”

ഉള്ളിലെ നോവ് അവന്റെ വാക്കുകളിൽ പ്രതിഫലിച്ചു.

” എല്ലാരും അങ്ങിനല്ല സാറേ.. ഞാനും രാപ്പകൽ ഇല്ലാതെ വീട് വിട്ട് നിന്ന് കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുവാ… പക്ഷെ ഒരു ദിവസം സ്ഥിരം എത്തുന്ന സമയത്തിനേക്കാൾ ഞാൻ വൈകിയാൽ അത് രാവായാലും പകലായാലും അന്നേരം എന്റെ പെമ്പ്രന്നോളു വിളിച്ചിരിക്കും..

സ്നേഹം ഉള്ളവര് അങ്ങിനാ.. പണവും പത്രാസും ഒന്നുമുണ്ടായിട്ട് കാര്യമില്ല മനസ്സ് കൂടി നന്നായിട്ടെ കാര്യം ഉള്ളു.. പിന്നെ സുഖം കൂടി പോകുമ്പോഴും ചിലരുടെ മനസ്സും മാറിയേക്കും. അത്രതന്നെ ”

ആ പറഞ്ഞ വാക്കുകൾ അനീഷിന്റെ ഉള്ളിൽ തറച്ചു.

‘സത്യമാണ്. താൻ കഷ്ടപ്പെട്ടാലും കുടുംബം സുഖമായിരിക്കണം എന്ന് കരുതി എല്ലാ സൗഭാഗ്യങ്ങളും മീരയ്ക്ക് കൊടുത്തു. ഒരു കുറവും അറിയിക്കാതെ പോറ്റി. ചിലപ്പോൾ അതാകാം താൻ ചെയ്ത തെറ്റ്.. ”

മിഴികൾ തുളുമ്പവേ പതിയെ മുഖം തുടച്ചു അവൻ.

” ഞാൻ എന്നാ പോയേക്കുവാ സാറേ.. ഇന്നിനി ഓടാൻ വയ്യ. മനസ്സ് മടിച്ചു. നേരെ വീട്ടിലേക്ക് തന്നെ പോവാ. ഇനി എന്നേലും കാണാം സാറിന് നല്ലതേ വരൂ ”

യാത്രപറഞ്ഞു കൊണ്ട് കാറിലേക്ക് കയറുമ്പോ ആ ഡ്രൈവർ ഒരിക്കൽ കൂടി അനീഷിനെ ഒന്ന് നോക്കി.

‘പാവം.. ‘

ഉള്ളു നിറയെ വേദനയുമായി അയാൾ ആക്സിലേറ്ററിൽ കാലമർത്തി. കാർ അവിടെ നിന്നും പതിയെ നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *