എനിക്ക്… എനിക്ക് തോന്നീട്ടുണ്ട്. നീ നല്ല ടൈറ്റ് ഡ്രസ്സ്‌ ഒക്കെ ഇട്ട് ചില ദിവസങ്ങളിൽ കാണുമ്പോൾ പലപ്പോഴും എന്റെ കണ്ട്രോൾ പോയിട്ടുണ്ട്. പക്ഷെ പേടിച്ചിട്ട് പറയാത്തതാണ്. “

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“റോഷാ.. നിനക്ക് ഈ ലൈഫിൽ ഏറ്റവും ലഹരി എന്തിനോടാ.. സത്യസന്ധമായി മറുപടി പറയ്.. ”

സോനയുടെ ചോദ്യം കേട്ട് അവളുടെ മുഖത്തേക്ക് അല്പസമയം നോക്കി നിന്നു റോഷൻ. ശേഷം വിദൂരതയിലേക്ക് നോക്കി കയ്യിൽ ഇരുന്ന ബിയർ ബോട്ടിൽ വീണ്ടും ചുണ്ടോട് ചേർത്തു. ഒറ്റ വലിക്ക് രണ്ട് മൂന്ന് കവിൾ അകത്താക്കി വീണ്ടും അവൾക്ക് നേരെ തിരിഞ്ഞു.

” പെണ്ണ്.. പെണ്ണാണ് എനിക്ക് ഏറ്റവും വലിയ ലഹരി”

ആ മറുപടി തന്നെയായിരുന്നു സോനയും പ്രതീക്ഷിച്ചത്. അതുകൊണ്ട് തന്നെ ഒരു ചെറു പുഞ്ചിരി അവളുടെ മുഖത്തേക്ക് വിരിഞ്ഞു.

” എന്നിട്ട് എത്ര പെണ്ണുങ്ങളെ കിട്ടി ഇതുവരെ മോന്… ”

” എണ്ണമോ.. എന്റെ പട്ടി എണ്ണും.. കണക്കില്ല സോനാ ഒന്നിനും… എത്രയോ പേർ… ”

ബിയറിന്റെ കിക്ക് അവന്റെ തലയ്ക്ക് പിടിച്ചു തുടങ്ങിയിരുന്നു…

അല്പസമയം മൗനമായി തന്നെ നിന്നു സോന. ശേഷം തന്റെ കയ്യിൽ ഇരുന്ന ബിയർ കുപ്പി അവളും പതിയെ ചുണ്ടോടു ചേർത്തു. പക്ഷെ സോനയ്ക്ക് അത് ആദ്യത്തെ ബിയർ ആയിരുന്നെങ്കിൽ റോഷന് അത് മൂന്നാമത്തെയായിരുന്നു.

കണ്മുന്നിൽ കണ്ണെത്താ ദൂരം വരെ കടൽ ഇരമ്പി കൊണ്ടിരുന്നു. സമയം ഏകദേശം രാത്രി പതിനൊന്നു മണിയോളം ആയതിനാൽ തന്നെ വർക്കല ക്ലിഫ് ശൂന്യമായി തുടങ്ങിയിരുന്നു. അല്പസമയം ആ മൗനം തുടരവേ മൂന്നാമത്തെ ബോട്ടിലും കാലിയാക്കി കുപ്പി വലിച്ചെറിഞ്ഞു കൊണ്ട് സോനയ്ക്ക് നേരെ തിരിഞ്ഞു റോഷൻ.

” അല്ല സോനാ.. ഈ പാതിരാത്രിയ്ക്ക് എന്നെയും വിളിച്ചു ഈ കുന്നിന്റെ മണ്ടയിൽ കയറി കടല് നോക്കി ഞാൻ അറുമാദിച്ചതിന്റെ കണക്കെടുക്കാൻ ആണോ നീ വന്നേ.. ”

ആ ചോദ്യം അവൾക്ക് രസിച്ചു.

” അത് കലക്കി… നീ മാടം പൊക്കിയതിന്റെ കഥയൊന്നും എനിക്ക് കേൾക്കേണ്ട പക്ഷെ.. എന്നോട്…. എന്നോട് നിനക്ക് എപ്പോഴേലും അങ്ങനൊരു ലഹരി തോന്നിയിട്ടുണ്ടോ… അത് പറയ്.. ”

മുഖത്തേക്ക് നോക്കി അവൾ അത് ചോദിക്കുമ്പോൾ റോഷൻ ഒന്ന് പതറി..

” സോനാ.. എന്ത് ചോദ്യമാടി ഇത്. നീ.. നീ എന്റെ ചങ്ക് അല്ലേ നമ്മൾ ബെസ്റ്റീസ്‌ അല്ലേ….. ”

” ചങ്കും കരളും ഒക്കെ അവിടെ നിൽക്കട്ടെ.. മോൻ ഉള്ളത് തുറന്ന് പറയ്.. അങ്ങിനെ തോന്നിയിട്ടുണ്ടോ ഇല്ലയോ.. ”

സോന തന്റെ ചോദ്യത്തിൽ തന്നെ ഉറച്ചു നിൽക്കവേ മറുപടി പറയാതെ പറ്റില്ലെന്നായി റോഷന്.

” അത്.. അത് സത്യം പറഞ്ഞാൽ നീ എന്നോട് ഉടക്കരുത്.. എനിക്ക്… എനിക്ക് തോന്നീട്ടുണ്ട്. നീ നല്ല ടൈറ്റ് ഡ്രസ്സ്‌ ഒക്കെ ഇട്ട് ചില ദിവസങ്ങളിൽ കാണുമ്പോൾ പലപ്പോഴും എന്റെ കണ്ട്രോൾ പോയിട്ടുണ്ട്. പക്ഷെ പേടിച്ചിട്ട് പറയാത്തതാണ്. ”

അവൻ പറഞ്ഞത് കേട്ടിട്ട് പതിയെ കടലിലേക്ക് നോട്ടം തിരിച്ചു സോന. ശേഷം ഒരു കവിൾ ബീയർ കൂടി അകത്താക്കി. പതിയെ പതിയെ പൊട്ടിച്ചിരിച്ചു അവൾ.

“അതങ്ങിനാ ടാ.. ഈ കാമം ന്ന് പറയുന്നത് വല്ലാത്തൊരു ലഹരിയാണ്.. അത് തലയ്ക്ക് പിടിച്ചാൽ പിന്നെ കണ്മുന്നിൽ കാണുന്ന ആരിലും ആ ഒരു ഫീൽ തോന്നി പോകും.. നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല”

ആ മറുപടിയിൽ ഒന്ന് ചൂളി പോയി റോഷൻ.

” എടീ.. ഞാൻ അങ്ങനല്ല ഉദ്ദേശിച്ചേ.. ”

അവന്റെ പതർച്ച സോനയിൽ വീണ്ടും പുഞ്ചിരി വിടർത്തി.

” റോഷാ.. ഞാൻ നിന്റെ കോളേജിൽ വന്നിട്ട് ഒർജിനൽ വർഷം ആകുന്നു. ആ ഒരു വർഷം കൊണ്ട് തന്നെ നമ്മൾ കട്ട ചങ്ക്‌സ് ആയി. എന്തും എപ്പോഴും തുറന്ന് പറയാൻ പറ്റുന്ന നല്ലൊരു ഫ്രണ്ട് അങ്ങിനല്ലാരുന്നോ നമ്മൾ പരസ്പരം ”

ആ വാക്കുകൾ അവനെ മൗനമാക്കി. പറഞ്ഞത് തെറ്റായി പോയോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി. അല്പസമയം കടലിലേക്ക് നോക്കി നിന്നു സോന.

” സോനാ.. നീ പിണങ്ങല്ലേ.. നീ ചോദിച്ചോണ്ട് ഞാൻ ഓപ്പൺ ആയി അങ്ങ് പറഞ്ഞതാണ്. അല്ലാണ്ട് വേറൊന്നും കരുതണ്ട.. ”

ആ റോഷൻ പതിയെ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

” ഏയ് പിണക്കം ഒന്നും ഇല്ലെടാ …. നീ കാണാൻ പൊളിയാണ്.. കാശുള്ള വീട്ടിലെ ആണ്. അപ്പോ പിന്നെ ആർക്കാടാ നിന്നോട് ഒരു പൂതി തോന്നാതിരിക്കുക.. ഉള്ളത് പറയട്ടെ.. എനിക്കും അങ്ങിനൊരു പൂതി ഉണ്ട് നിന്നോട്.. അത് തോന്നീലേൽ പിന്നെ ഞാനൊന്നും ഒരു പെണ്ണല്ല.. ”

ഒറ്റ നിമിഷം കൊണ്ട് അടിച്ച ബീയറിന്റെ കിക്ക് ഇറങ്ങി പോയ അവസ്ഥയിൽ ആയിരുന്നു റോഷൻ അപ്പോൾ.. കേട്ടത് വിശ്വാസമായില്ലേലും ആ വാക്കുകൾ തനിക്കുള്ള ഗ്രീൻ സിഗ്നൽ ആണോ എന്ന് ഓർത്തു പോയി അവൻ.

” സോനാ നീ എന്താ പറഞ്ഞു വരുന്നേ.. ”

ആകാംഷയോടെ തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന റോഷന്റെ കണ്ടപ്പോൾ ചിരിച്ചു പോയി സോന. ശേഷം കയ്യിൽ ഇരുന്ന ബീയർ കുപ്പി അവൾ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു.

” എടാ ചെറുക്കാ… നല്ല നിലാവുള്ള രാത്രി സമയം പതിനൊന്ന് കഴിഞ്ഞു ഇവിടിപ്പോ നമ്മൾ രണ്ട് പേര് മാത്രം.. നിനക്കാണേൽ എന്നോട് വല്ലാത്ത കൊതി.. കാറുമുണ്ട് പോരാത്തേന് ബിയറിന്റെ കിക്കും… എന്തേലും ചെയ്യാൻ തോന്നുന്നുണ്ടോ.. അങ്ങിനെ തോന്നുന്നേൽ ധൈര്യമായി ചെയ്‌തോ. ഞാൻ നിന്നു തരാം.”

കേട്ടത് കാതിൽ മുഴക്കമായി തോന്നി അവന്. വിശ്വസിക്കാൻ കഴിയാതെ അവളെ തുറിച്ചു നോക്കി നിന്നു റോഷൻ. ഉള്ളിൽ ഇരച്ചു കയറിയ സന്തോഷം എങ്ങിനെ പ്രകടിപ്പിക്കണമെന്ന് അറിയില്ലായിരുന്നു അവന്.

” സോ.. സോനാ… സത്യമാണോ നീ പറയുന്നേ.. നിനക്ക് ഓക്കേ ആണോ.. കർത്താവേ.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. ”

മുഖം പൊത്തിക്കൊണ്ട് അവൻ കാറിന്റെ ബോണറ്റിലേക്ക് ചാഞ്ഞു. അത് കണ്ട് പതിയെ അവനരികിലേക്ക് അടുത്തു സോന.

“കാമം.. അതൊരു ലഹരിയല്ലേ റോഷാ.. ഇന്നിപ്പോൾ അതിനു പറ്റിയ സിറ്റുവേഷനും.. നീ എന്തേലും ചെയ്യുന്നേൽ ചെയ്യ് ”

വലതു കയ്യാൽ അവന്റെ നെഞ്ചിൽ തലോടിക്കൊണ്ടാണ് അവൾ അത് പറഞ്ഞത്.ആകെ കുളിരു കോരിപ്പോയി റോഷൻ അടങ്ങാത്ത ആവേശത്തോടെ അവളെ വലിച്ചു തന്നിലേക്ക് അടുപ്പിച്ചു അവൻ.

” ഈ ഒരു നിമിഷം ഞാൻ ഒരുപാട് കൊതിച്ചതാണ് സോനാ.. പക്ഷെ ഒരു ബെസ്റ്റിയോട് എങ്ങിനെ ഞാനത് പറയും പക്ഷെ ഇപ്പൊ എന്റെ മനസ്സ് കണ്ടു നീ.. ”

ആ വാക്കുകൾ കേട്ട് പതിയെ തലയുയർത്തി സോന.

” എന്നാലും ഒരു കണക്ക് പറയാൻ പറ്റോ നിനക്ക് ഞാൻ എത്രാമത്തെ പെണ്ണാ ”

മറുപടി പറഞ്ഞില്ല റോഷൻ പകരം അവളെ വാരിയെടുത്തു ഒന്ന് കറങ്ങി.

” കണക്കിൽ അല്ല പെണ്ണെ കാര്യം കയ്യൂക്കിൽ ആണ്. ആ കാര്യത്തിൽ ഞാൻ ഇപ്പോഴും ഫ്രഷ് പോലെ ആണ്.. അത് നിനക്ക് പതിയെ മനസിലാകും.”

ബീയറിന്റെ കിക്ക് ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഒന്ന് കറങ്ങി നിന്നപ്പോൾ അവന്റെ നില തെറ്റിയിരുന്നു പക്ഷെ വീഴാതെ അവനെ പിടിച്ചു നിർത്തി സോന.

” ഓക്കേ ശെരി… ഞാൻ എത്രാമത്തെ എന്ന് പറയണ്ട.. പക്ഷെ ക്ലാര…. അവള് എത്രാമത്തെയായിരുന്നു ന്ന് പറയാൻ പറ്റോ നിനക്ക്… ”

അപ്രതീക്ഷിതമായി ആ പേര് കേൾക്കെ ഒന്ന് നടുങ്ങിപ്പോയി റോഷൻ. ആ നടുക്കം കാൺകെ സോനയുടെ മിഴികൾ കുറുകി.

“എന്താ ഡാ .. ആ പേര് കേട്ടപ്പോ നിനക്ക് ഒരു ഞെട്ടൽ.. ഓർമയുണ്ടോ അവളെ.”

” നീ.. നിനക്ക് എങ്ങിനെ അറിയാം അവളെ. നീ.. അവളുടെ ആരാ.. ”

അവന്റെ വാക്കുകൾ പതറുന്നുണ്ടായിരുന്നു. ആ പതർച്ച സോനയുടെ മുഖത്തേക്ക് ഒരു തെളിച്ചമായി.

” അനിയത്തി.. ”

അത്ര മാത്രേ പറഞ്ഞുള്ളു അവൾ. അതോടെ റോഷന്റെ നടുക്കം പൂർണ്ണമായി.

” എടാ നിനക്ക് കാര്യങ്ങൾ വ്യക്തമായി മനസിലായി കാണുമല്ലോ.. കൂടുതൽ വിശദീകരിക്കുന്നില്ല.. എല്ലാം പ്ലാൻഡ് ആയിരുന്നു നിന്റെ കോളേജിലേക്ക് ഞാൻ വന്നതും അങ്ങട് വന്നു കൂട്ട് കൂടിയതും ഇപ്പോ ഇവിടെ കൊണ്ട് വന്നതും എല്ലാം…

മനസ്സിൽ ഒരു ഉദ്ദേശം ഉണ്ട്..അതിപ്പോൾ ആണേൽ മാത്രേ നടക്കു കാരണം നീ ഇപ്പോൾ ആകെ ഒരു ഞെട്ടലിൽ ആണ് അതിൽ നിന്നും നീ മുക്തനായാൽ പിന്നെ എന്റെ ഉദ്ദേശം നടക്കില്ല. ”

ഒന്നും മനസിലാകാതെ തുറിച്ചു നോക്കി നിന്നു റോഷൻ.

” എന്താ .. എന്താ നീ ഈ പറയുന്നേ സോന.. ക്ലാര.. അവള്.. അവളെ ഞാൻ ഒന്നും ചെയ്തില്ല.. ഞങ്ങൾ തമ്മിൽ. അങ്ങനൊന്നും ഇല്ലാരുന്നു.. ”

ആ മറുപടി കേൾക്കെ സോനയുടെ മിഴികളിൽ രോഷം ഇരച്ചു കയറി.

” നീ ഒന്നും ചെയ്തില്ലേ.. പ്രേമം നടിച്ചു കൂടെ കൊണ്ട് നടന്നു പിഴപ്പിച്ചില്ലേ എന്റെ ക്ലാരയെ നീ.. എന്നിട്ട് കറിവേപ്പില പോലെ വലിച്ചെറിഞ്ഞു അടുത്ത പെണ്ണിന്റെ പിന്നാലെ പോയി. മാനം പോയ പെണ്ണിന്റെ വേദന നിനക്ക് മനസിലാകില്ല റോഷാ.. ട്രെയിനിന്റെ മുന്നിൽ ചാടി ജീവനൊടുക്കുമ്പോൾ എന്റെ ക്ലാര ഗർഭിണിയായിരുന്നു.

പക്ഷെ അത് ഞങ്ങൾ പുറത്ത് പറഞ്ഞില്ല. ഒന്നും ആരും അറിയേണ്ട എന്ന് കരുതി… എന്നാൽ നിന്റെ കാര്യം അങ്ങനല്ലല്ലോ.. ഒരുത്തിയെ കൊലയ്ക്ക് കൊടുത്തിട്ടും ഒരു മാറ്റവും ഇല്ലാതെ ഒരു കൂസലും ഇല്ലാതെ നീ വീണ്ടും അറുമാദിച്ചു നടക്കുവല്ലേ..”

കേട്ടതൊക്കെയും വലിയ നടുക്കമാകവേ.. വിളറി വെളുത്തു നിന്നു റോഷൻ.

” സോനാ.. പ്ലീസ്.. ഞാൻ.. മനപ്പൂർവം അല്ല.. ക്ഷമിക്ക് നീ.. ”

പരമാവധി കെഞ്ചി അവൻ.

അത് കണ്ട് സോന തുടർന്നു .

” ക്ഷമിക്കാനോ… അതെങ്ങിനെ പറ്റും.. നിന്നെ വെറുതെ വിടാൻ എനിക്ക് തോന്നിയില്ല ഡാ .. അതുകൊണ്ടാ.. ഇച്ചിരി പണിപ്പെട്ട് ആയാലും നിന്റെ കോളേജിലേക്ക് ഞാൻ വന്നു ചേർന്നത്. അങ്ങട് വന്നു മിണ്ടി നിന്റെ ബെസ്റ്റി ആയത്. ഒരു വർഷം അതിനു വേണ്ടി നന്നേ പണിപ്പെട്ടു ഞാൻ.

പക്ഷെ ഇപ്പോൾ ഞാൻ വിജയിച്ചു. നല്ല പോലൊന്ന് മൂപ്പിച്ച ശേഷം ഇതെല്ലാം പറഞ്ഞപ്പോ എന്റെ മുന്നിൽ നീ നിന്നുരുക്കുന്നത് കാണാൻ ഒരു വല്ലാത്ത ഹരമാണ് റോഷാ.. നീ ഇനി ജീവനോടെ വേണ്ട.. നിന്റെ കാമകേളികൾ ഇന്നിവിടെ തീരട്ടെ… ഈ നടുക്കം മാറുന്നേനു മുന്നേ തന്നെ പൊയ്ക്കോ… ”

ഉള്ളിൽ ഭയം ഇരട്ടിക്കവേ ഒന്നും മനസിലാകാതെ ആകെ ഞെട്ടിത്തരിച്ചു നിന്നിരുന്ന
റോഷന്റെ പെട്ടെന്ന് ബലമായി പിന്നിലേക്ക് തള്ളി അവൾ. അപ്രതീക്ഷിത നീക്കമായിരുന്നതിനാൽ തന്നെ എവിടെയും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല അവന്. വലിയൊരു നിലവിളിയോടെ റോഷൻ താഴേക്ക് വീഴവേ വല്ലാത്തൊരു കൊലവെറിയോടെ അത് നോക്കി നിന്നു സോന.

എല്ലാം മുന്നേ പ്ലാൻ ചെയ്തിരുന്നത് ആയതിനാൽ തന്നെ ശബ്ദം കേട്ട് നൈറ്റ് പെട്രോളിംഗ് പോലീസുകാരോ അല്ലെ ലൈഫ് ഗർഡുകളോ എത്തുമെന്ന് അവൾക്കറിയാമായിരുന്നു അതുകൊണ്ട് തന്നെ മുകളിൽ നിന്നും ഉച്ചത്തിൽ അവളും നിലവിളിച്ചു. പ്രതീക്ഷ തെറ്റിയില്ല.

താഴെ ബീച്ചിനരികിൽ ഉണ്ടായിരുന്ന നൈറ്റ് പെട്രോളിംഗ് പോലീസുകാർ ആ ഒച്ച കേട്ട് ഓടിയെത്തി. താഴെ പാറക്കെട്ടുകൾക്കിടയിലേക്ക് വീണതിനാൽ. തന്നെ റോഷന്റെ മരണം തത്ക്ഷണം സംഭവിച്ചിരുന്നു. ഞെട്ടൽ അഭിനയിച്ചു പൊലിപ്പിച്ച് തളർന്നു വീണ സോനയെ ആരൊക്കെയോ ഓടിയെത്തി ഹോസ്പിറ്റലിൽ എത്തിച്ചു.

പിറ്റേന്നത്തെ പ്രധാന വാർത്ത അതായിരുന്നു

‘ വർക്കല ക്ലിഫിൽ സുഹൃത്തുമായി ആഘോഷിനെത്തിയ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വർക്കല സ്വദേശി റോഷൻ ആണ് മരണപെട്ടത്. മദ്യലഹരിയിൽ ആയിരുന്ന റോഷൻ കാലു തെന്നി താഴേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സോന ഇപ്പോൾ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്. കണ്മുന്നിൽ സുഹൃത്തിന്റെ മരണം കണ്ട ഷോക്കിൽ നിന്നും ആ കുട്ടി റിക്കവർ ചെയ്ത് വരുന്നതായി ഹോസ്പിറ്റലിൽ അധികൃതർ അറിയിച്ചു. ‘

വാർത്ത വൈറൽ ആയി. പല. പല അഭിപ്രായങ്ങൾ ഉയർന്നു. പാതി രാത്രി മദ്യപിച്ചു രണ്ട് പേരും എന്തിനാകും ക്ലിഫിൽ ഒറ്റയ്ക്ക് പോയത് എന്ന ചോദ്യവുമായി ഒരു കൂട്ടർ എത്തിയപ്പോൾ രാത്രി സമയങ്ങളിൽ ഇത്തരം സ്ഥലങ്ങളിൽ എന്ത് കൊണ്ട് സെക്യൂരിറ്റിയെ നിർത്തിയില്ല എന്ന ചോദ്യവുമായി മറ്റൊരു വിഭാഗം എത്തി.

ആ സമയം അത്രയും ഉള്ളിൽ ചിരിച്ചു കൊണ്ട് തന്നെ ആത്മ മിത്രത്തിന്റെ വിയോഗം ഏൽപ്പിച്ച ആഘാതം വളരെ ഗഭീരമായി അഭിനയിച്ചു ഫലിപ്പിച്ചു കൊണ്ടിരുന്നു സോന..

Leave a Reply

Your email address will not be published. Required fields are marked *