അശ്വതിയെ വിവസ്ത്രയാക്കി ഫാനിന്റെ ചുവട്ടിൽ ഇരുത്തി ബെഡിൽ ഇരുന്നു അവളെ കൊതി തീരെ നോക്കിയിരിക്കുക. വെളുത്തു തുടുത്ത അവളുടെ ശരീരത്തിൽ പിച്ചിയും മാന്തിയുമൊക്കെ അവളുടെ ചെറിയ

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“ഏട്ടാ.. എനിക്ക് തണുക്കുന്നുണ്ട്.. ഇനിയേലും ഞാൻ ഒന്ന് എണീക്കട്ടെ… ”

ദയനീയമായി അനീഷിനെ ഒന്ന് നോക്കി അശ്വതി.

“ഏയ് എണീക്കല്ലേ… പൊന്നെ.. കുറച്ചു നേരം കൂടി കണ്ടോട്ടെ ഞാൻ.. ഒരു വർഷമായില്ലേ നിന്നെ ഇങ്ങനെ ഒന്ന് കണ്ടിട്ട്… എത്ര കണ്ടിട്ടും കൊതി തീരുന്നില്ല.. ”

അവന്റെ മിഴികളിൽ വജ്രത്തിളക്കമാണ് അശ്വതി കണ്ടത്.

” ഏട്ടാ പ്ലീസ്.. തണുത്തിട്ട് വയ്യ.. രണ്ട് മണിക്കൂർ ആയി ഞാൻ ഈ ഫാനിന്റെ കീഴിൽ ഡ്രസ്സ്‌ ഒന്നും ഇടാണ്ട് ഇങ്ങനെ ഇരിക്കുവല്ലേ ”

ഇത്തവണ ദയനീയമായിരുന്നു അവളുടെ സ്വരം പക്ഷെ അത് അനീഷിനെ കാതുകളിൽ പതിച്ചില്ല. അശ്വതിയുടെ അഴകിൽ മതി മറന്ന് ഇമ വെട്ടാതങ്ങിനെ നോക്കിയിരുന്നു അവൻ.

പ്രവാസിയായ അനീഷ് അശ്വതിയെ വിവാഹം കഴിച്ചിട്ട് വർഷം പത്തോളം കഴിയുന്നു. എട്ടുവയസ്സുള്ള ഒരു മോളുണ്ട് അവർക്ക്. കാഴ്ചയിൽ അല്പം കറുപ്പ് നിറമാണ് അനീഷിന് എന്നാൽ അശ്വതിയാകട്ടെ ഏറെ സുന്ദരിയും.

തനിക്കു കിട്ടിയ വിലമതിക്കാനാകാത്ത നിധിയായാണ് അനീഷ് അവളെ കാണുന്നത് ഒരു വർഷത്തിലോ ഒന്നര വർഷത്തിലോ ഒക്കെയാണ് അവൻ നാട്ടിൽ ലീവിന് വരുന്നത് വന്നാൽ പിന്നെ ഇതാണ് അവസ്ഥ. അനീഷിന്റെ സ്നേഹ പ്രകടനങ്ങൾ അല്പം കടന്ന രീതിയിൽ ആണ്.

ഇതുപോലെ മണിക്കൂറുകളോളം അശ്വതിയെ വിവസ്ത്രയാക്കി ഫാനിന്റെ ചുവട്ടിൽ ഇരുത്തി ബെഡിൽ ഇരുന്നു അവളെ കൊതി തീരെ നോക്കിയിരിക്കുക. വെളുത്തു തുടുത്ത അവളുടെ ശരീരത്തിൽ പിച്ചിയും മാന്തിയുമൊക്കെ അവളുടെ ചെറിയ ചെറിയ എതിർപ്പുകളെ ആസ്വദിച്ചു ആശ തീർക്കുക.. അങ്ങിനങ്ങിനെ നീളുന്നു അവന്റെ പ്രവൃത്തികൾ.

കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോകുവാൻ ഒക്കെയും സഹിച്ചു ഒപ്പം തന്നെ നിൽക്കുകയാണ് അശ്വതിയും. പുറമെ നിന്ന് നോക്കിയാൽ സുഖമാണ് അവരുടെ ജീവിതം. ആവശ്യത്തിന് സമ്പത്ത് പുത്തൻ വീട് വാഹനങ്ങൾ അങ്ങിനെ എല്ലാം. അശ്വതിയുടെ ജീവിതം ഏറെ സുഖകരം എന്ന് തന്നെയാണ് വീട്ടുകാർ പോലും വിശ്വസിക്കുന്നത്.

” എന്താ ടാ.. ഇന്നലെയും ഉണ്ടായിരുന്നോ.. ”

പി എസ് സി കോച്ചിങ് സെന്ററിൽ ഏറെ വിഷണ്ണയായിരിക്കുന്ന അശ്വതിയെ കണ്ട് സംശയത്തോടെ അരികിലേക്ക് ചെന്നിരുന്നു സുഹൃത്ത് ശില്പ.

” ഉം.. ഉണ്ടായിരുന്നു. മൂന്ന് മണിക്കൂർ.. ഒടുക്കം തണുത്തു വിറച്ചു വല്ലാണ്ടായി പോയി ഞാൻ.. ”
ആ മറുപടി കേട്ട് അവളുടെ അവസ്ഥയിൽ ഏറെ സഹദാപം തോന്നി ശില്പയ്ക്ക്.

” എടാ നിനക്ക് തുറന്ന് പറഞ്ഞൂടെ ഇതൊക്കെ ഓവർ ആണ് ഇങ്ങനെ ഒന്നും പറ്റില്ല എന്ന്.. എത്രയെന്നു വച്ചാ ഈ സഹിക്കുന്നെ.. ”

” ഏയ് അത് വേണ്ട ടാ… ഏട്ടൻ ആകെ ഒരു മാസം ലീവിനല്ലേ വരുന്നേ.. ആ ഒരു മാസം ഞാൻ സഹിക്കാം.. സന്തോഷത്തോടെ ഏട്ടൻ തിരികെ പോയിക്കോട്ടെ.. ”

ആ മറുപടി കേട്ട് ശില്പയുടെ മുഖം കുറുകി.

” പോയിട്ടോ.. പോയാൽ തീരോ എല്ലാം.. ഫേസ് ബുക്കിൽ ഫോട്ടോ ഇടാൻ പാടില്ല.. വാട്ട്സാപ്പിൽ ഫോട്ടോ ഇടാൻ പാടില്ല.. നൈറ്റ് പത്തു മണി കഴിഞ്ഞാൽ ഓൺലൈനിൽ വന്നൂടാ.. ടൈറ്റ് ഡ്രസ്സ്‌ ഇട്ട് പുറത്ത് പൊയ്ക്കൂടാ… ഇങ്ങനെ എന്തെല്ലാം നിബന്ധനകൾ. നിന്റെ ചേട്ടൻ ഒരു അര സൈക്കോ ആണ്. പൊട്ടന് ലോട്ടറി അടിച്ച പോലെയാണ് നിന്നെപ്പോലൊരു പെണ്ണിനെ അയാൾക്ക് കിട്ടിയത്. അതോടെ പുള്ളി ടെ കിളി പറന്നു എന്ന് വേണേൽ പറയാം.. നിന്റെ വിധി. ”

അത്രയും പറഞ്ഞു പുച്ഛത്തോടെ ശില്പ പോകുമ്പോൾ ഒക്കെയും കേട്ട് മൗനമായിരുന്നു അശ്വതി.

‘ ശെരിയാണ് അവൾ പറഞ്ഞത്. പലപ്പോഴും തനിക്കും അങ്ങിനെ തോന്നിയിട്ടുണ്ട് പക്ഷെ എന്ത് ചെയ്യാൻ ‘

മൗനമായി ഡെസ്കിലേക്ക് തല ചായ്ച്ചു അവൾ.

അന്ന് ക്ലാസ്സ് കഴിഞ്ഞു ഉച്ചയ്ക്ക് വീട്ടിൽ എത്തുമ്പോൾ അശ്വതിയെ കാത്ത് പുറത്തു തന്നെ നിന്നിരുന്നു അനീഷ്.

” ഏട്ടൻ ഇതെന്താ വെളിയിൽ നിൽക്കുന്നെ.. അതും ഈ സമയത്ത് ”

അവനെ കണ്ട് അതിശയിച്ചു അവൾ. എന്നാൽ അനീഷിന്റെ മുഖത്ത് കടുപ്പമായിരുന്നു.

” ആരാ ഈ ജിതിൻ.. ജിതിൻ കെ എസ്.. ”

അവന്റെ ചോദ്യം കേട്ട് അശ്വതിയുടെ നെറ്റി ചുളിഞ്ഞു

” അവൻ എന്റെ ഫ്രണ്ട് ആണ് കോളേജിൽ ഞങ്ങൾ ഒന്നിച്ചു പഠിച്ചതാണ്.. എന്തെ എന്ത് പറ്റി ഏട്ടാ.. ”

സംശയത്തോടെ അവൾ നോക്കുമ്പോൾ തന്റെ ഫോൺ എടുത്ത് ഫേസ് ബുക്കിൽ അശ്വതിയുടെ പ്രൊഫൈൽ ഓപ്പൺ ആക്കി അതിൽ അവൾ രാവിലെ പുതിയതായി ഇട്ട പ്രൊഫൈൽ ഫോട്ടോ ഓപ്പൺ ചെയ്തു അനീഷ്

” നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ സ്വന്തം ഫോട്ടോ പ്രൊഫൈലിൽ ഇടരുതെന്നു.. എന്നിട്ട് എന്തിനാ നീ രാവിലേ നിന്റെ ഫോട്ടോ ഇട്ടത് .. എന്നിട്ടിപ്പോ കണ്ടില്ലേ ഇവൻ വന്നു അതിനിട്ടേക്കുന്ന കമന്റ്. സുന്ദരി.. എന്നിട്ട് രണ്ട് ലവ് സ്റ്റിക്കറും… എന്തിനാ ഇവനെയൊക്കെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കാൻ നിൽക്കുന്നെ.. അതോ ഇനി ഇവനുമായി എന്തേലും ബന്ധം ഉണ്ടോ നിനക്ക്. ”

ആ ചോദ്യം വല്ലാതെ നടുക്കി അശ്വതിയെ..

” ഏട്ടാ.. എന്ത് ഭ്രാന്ത്‌ ആണ് ഈ പറയുന്നേ.. അവൻ എന്റെ നല്ലൊരു സുഹൃത്താണ്… ആ ഒരു ഫ്രീഡത്തിൽ ഇട്ടതാണ്. അല്ലെങ്കിൽ തന്നെ ഈ ഒരു കമന്റിനു എന്താണ് പ്രശ്നം.. എന്തിനാണ് ഏട്ടൻ ഇങ്ങനെ ആവശ്യം ഇല്ലാതെ ചിന്തിച്ചു കൂട്ടുന്നത് ”

അവളുടെ ചോദ്യമാകട്ടെ അനീഷിനെ ചൊടിപ്പിച്ചു.

“ആവശ്യം ഇല്ലാത്തത് ചിന്തിച്ചു കൂട്ടിയെന്നോ.. ഞാനോ… ഇതാണോ ആവശ്യം ഇല്ലാത്ത കാര്യം.. എന്റെ ഭാര്യ സുന്ദരിയാണെങ്കിൽ അത് ഞാൻ പറയും. അല്ലാതെ അത് പറയാൻ അവൻ ആരാ.. അല്ലേൽ അവന് അത് പറയേണ്ട കാര്യം എന്താ.. ”

ഒച്ചയുയർന്നു അതോടെ അയൽക്കാരിൽ ആരൊക്കെയോ ശ്രദ്ധിച്ചും തുടങ്ങിയത് മനസ്സിലാക്കി അശ്വതി.

” ഏട്ടാ എന്താ ഇത്.. നിങ്ങൾക്ക് എന്താ വട്ട് ആണോ.. എന്ത് ഭ്രാന്തൊക്കെയാണ് വിളിച്ചു പറയുന്നത്.. ”

” അതേ ടീ ഇനി എന്നെ ഭ്രാന്തൻ കൂടിയാക്ക്. ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും എന്തിനാ ഇന്ന് നീ സ്വന്തം ഫോട്ടോ ഫേസ് ബുക്കിൽ ഇട്ടേ.. നിനക്ക്‌ ഇവിടെ എന്തേലും ഒരു കുറവുണ്ടോ.. എന്നിട്ട് ഞാൻ പറയുന്നത് അനുസരിക്കാൻ നിനക്ക്‌ എന്താണ് മടി. അതോ ഇനി എന്നേക്കാൾ നല്ല ആരേലും കണ്ട് വച്ചിട്ടുണ്ടോ നീ.. ”

ഇത്തവണ അനീഷിന്റെ വാക്കുകൾ അതിരു കടക്കവേ മൗനമാകാൻ തോന്നിയില്ല അശ്വതിക്ക് അവളുടെ സർവ്വ നിയന്ത്രണങ്ങളും വിട്ടു പോയി.

” എന്ത് സുഖമാണ്.. എന്ത് സുഖമാണ് നിങ്ങൾ ഇവിടെ എനിക്ക് തരുന്നത്.. ”

ഒരു അലർച്ചയായിരുന്നു അത്. പെട്ടെന്നുള്ള ആ പ്രതികരണത്തിൽ ഒന്ന് നടുങ്ങി അനീഷ്. അത് മനസിലാക്കി തന്നെ തുടർന്നു അശ്വതി.

” ഒക്കെയും സഹിച്ചു.. സഹിച്ചു മടുത്തു എനിക്ക്… ശെരിയാണ് പുറത്ത് ന്ന് നോക്കുമ്പോ ഗൾഫിൽ ജോലി പുതിയ വീട് കാറ് സ്‌കൂട്ടറ് അങ്ങിനെ എല്ലാ ആഡംബരവുമുണ്ട്.

പക്ഷെ ഉള്ളിലേക്ക് കയറിയാലോ… ഇഷ്ടപെട്ട ഒരു ഡ്രസ്സ്‌ ഇടാൻ എനിക്ക് പറ്റില്ല. ഇഷ്ടപെട്ട പോലെ തല മുടി ചീകാൻ പറ്റില്ല അത് പറ്റില്ല ഇത് പറ്റില്ല രാത്രിയായാൽ നേരെ ഫോൺ ഉപയോഗിച്ചൂടാ എല്ലാം നിങ്ങടെ ഇഷ്ടം പോലെ നടക്കണം. എന്നിട്ടോ ഇതൊന്നുമല്ലല്ലോ പ്രധാന കാര്യം.. ”

അവൾ ഒന്ന് നിർത്തുമ്പോൾ അന്ധാളിച്ചു നോക്കി നിൽക്കുകയായിരുന്നു അനീഷ്.

” കിടപ്പറയിൽ എന്ത് തോന്ന്യവാസം ആണ് നിങ്ങൾ എന്നോട് ചെയ്യുന്നത്. ഞാൻ എന്താണ് കീ കൊടുക്കുന്ന പാവയാണോ.. നിങ്ങൾ പറയുന്ന പോലൊക്കെ ചെയ്യാൻ. എന്റെ ആഗ്രഹം എന്താണെന്ന് ഇതുവരെ നിങ്ങൾ തിരക്കീട്ടുണ്ടോ ഇന്നലെയും ഇരുന്നു തണുത്തു വിറച്ചു മൂന്ന് മണിക്കൂറോളം.. ”

അയൽക്കാർ നോക്കി നിൽക്കുന്നത് കൊണ്ട് കൂടുതൽ വിവരിക്കുന്നത് ശെരിയല്ല എന്ന് മനസിലാക്കി
അത്രയും പറഞ്ഞ് കൊണ്ട് നിർത്തി അശ്വതി.
മറുപടിയായി ഒന്നും പറയുവാൻ കഴിയാതെ നടുങ്ങി നിൽക്കുകയായിരുന്നു അനീഷ് അപ്പോൾ..

‘താൻ ചെയ്യുന്നതൊക്കെയും വൈകൃതങ്ങൾ ആണോ..’

ആ ചിന്ത അവനെ അലട്ടി. ആ സമയം കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ നേരെ വീടിനുള്ളിലേക്ക് കയറി അശ്വതി. മനസ്സിൽ കുന്നു കൂടിയിരുന്നു വേദനകൾ തുറന്ന് പറയവേ അല്പം ആശ്വാസം തോന്നിയിരുന്നു അവൾക്ക് എന്നാൽ അനീഷിന്റെ ഇനിയുള്ള പ്രതികരണം എന്താകുമെന്നത് അവൾക്കും ചെറിയ ആശങ്കയുണർത്തി..

ആ സമയം അയൽക്കാർക്ക് മുഖം കൊടുക്കാതെ വീടിനുള്ളിലേക്ക് കയറി ആകെ ഇളിഭ്യനായിരുന്നു അനീഷ്. വ്യക്തമായി ഒന്നും മനസിലായില്ലെങ്കിലും ചിലതൊക്കെ അയൽക്കാരും മനസിലാക്കി എന്നത് അവനിൽ വലിയ നാണക്കേട് ഉളവാക്കി.

ഒടുവിൽ തെറ്റ് തന്റെ ഭാഗത്ത്‌ ആണെന്ന് സമ്മതിച്ചു അശ്വതിയോട് മാപ്പ് ചോദിക്കുവാൻ തന്നെ തീരുമാനിച്ചു അനീഷ്. കാരണം അയൽക്കാരൊക്കെ അറിഞ്ഞ സ്ഥിതിക്ക് ഈ പിണക്കം നീണ്ടു പോയാൽ അത് കൂടുതൽ നാണക്കേട് ആകും ന്ന് മനസിലാക്കി അവൻ.

ബെഡ്റൂമിലേക്ക് ചെല്ലുമ്പോൾ അവിടെ മുഖം കുനിച്ചിരിക്കുകയായിരുന്നു അശ്വതി. അല്പസമയം അവളെ നോക്കി നിന്ന ശേഷം പതിയെ അരികിലേക്കിരുന്നു അനീഷ്

“മോളെ… സോറി.. എന്റെ തെറ്റാണ്.. ഞാൻ സമ്മതിച്ചു… പേടിയായിരുന്നു എനിക്ക്.. നിന്നെ പോലൊരു സുന്ദരി എന്നെപോലൊരു ഗ്ലാമർ ഇല്ലാത്തവന്റെ ഒപ്പം ജീവിക്കുമ്പോൾ എന്നേക്കാൾ നല്ലത് കണ്ടാൽ നീ എന്നെ വിട്ട് പോകുമോ എന്ന്…….. പേടി തോന്നി പോയി എനിക്ക് അതാണ് നിന്റെ കാര്യങ്ങളിൽ ഞാൻ അത്രയ്ക്ക് നിബന്ധനകൾ വച്ചത്. എന്നോട് ക്ഷമിക്ക് നീ..”

ദയനീയമായ ആ വാക്കുകൾ കേട്ട് അശ്വതിയുടെ മിഴികൾ നിറഞ്ഞു

“ഏട്ടൻ എന്താ കരുതിയെ.. അങ്ങിനെ സൗന്ദര്യം മാത്രം നോക്കിയാണേൽ ഏട്ടന്റെ കല്യാണലോചന വന്നപ്പോൾ തന്നെ എനിക്ക് നോ പറയാമായിരുന്നല്ലോ.. ഞാൻ സൗന്ദര്യം മാത്രമല്ല നോക്കുന്നത് ഏട്ടാ.. ഏട്ടനെ വിട്ട് ഞാൻ എവിടെയും പോവുകയുമില്ല.. ”

അത്രയും പറഞ്ഞ് കൊണ്ട് അനീഷിന്റെ ചുമലിലേക്ക് ചാഞ്ഞു അവൾ. അവളെ പതിയേ നിവർത്തി തന്റെ മാറോടു ചേർത്തു പുണർന്നു അവൻ.

“നിന്നെ സ്വന്തമായി കിട്ടിയപ്പോൾ എനിക്ക് ലോട്ടറി അടിച്ച പോലെയാണ് തോന്നിയത്. എത്ര കണ്ടാലും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെടോ നിന്നെ പോലൊരു സുന്ദരിയെ എനിക്ക് കിട്ടി എന്നത്. അത് കൊണ്ടാ ഇങ്ങനെ മതിവരുവോളം കണ്ടിരിക്കുന്നത്. ഇനി നിബന്ധനകൾ വയ്ക്കില്ല ഞാൻ. ബെഡ് റൂമിലും നിന്റെ ഇഷ്ടങ്ങൾ മനസിലാക്കും ഞാൻ. നല്ലൊരു ഭർത്താവ് ആയിരിക്കും ”

ആ വാക്കുകൾ കേൾക്കെ അറിയാതെ അവനിൽ നിന്നും അടർന്നു അശ്വതി. ആ മുഖത്തേക്ക് നോക്കവേ അവളുടെ മിഴികൾ വീണ്ടും തുളുമ്പി.

” ഈ ഏട്ടനെ ആണ് എനിക്ക് വേണ്ടത്. ഞാൻ സ്നേഹിക്കുന്നത് പോലെ എന്നെയും സ്നേഹിക്കുന്ന കെയർ ചെയ്യുന്ന ഒരേട്ടനെ.. ”

അനീഷിന്റെ നെറുകയിൽ ഒരു മുത്തം നൽകി വീണ്ടും അവന്റെ മാറിലേക്ക് ചാഞ്ഞു അശ്വതി. അവളെ ചേർത്തു പുണർന്നങ്ങനെ ഇരുന്നു അനീഷ്. ആ സമയം പതിയെ അവന്റെ നോട്ടം മറ്റൊന്നിൽ പതിച്ചു.

അശ്വതിയുടെ ഫോണിലേക്ക്.. അവളറിയാതെ ഇടതു കയ്യാൽ അവളെ തന്നോട് ചേർത്തു പിടിച്ചു വലതു കൈ നീട്ടി ആ ഫോൺ എടുത്തു അവൻ. ശേഷം നേരെ പോയത് ഫേസ് ബുക്കിലേക്ക്. ജിതിൻ കെ എസ്. ആ പ്രൊഫൈൽ കണ്ടെത്തി പതിയേ ബ്ലോക്ക് ബട്ടൺ അമർത്തി.

‘ എന്റെ ഭാര്യയെ അങ്ങിനെ നീ വളയ്ക്കാൻ നോക്കേണ്ട ടാ നാറി .. അവൾക്ക് ഞാൻ ഉണ്ട്. ‘

ആത്മഗതതോടെ നേരെ വാട്സാപ്പിൽ കേറിയും ജിതിൻ എന്ന് സേവ് ചെയ്തിരുന്ന നമ്പർ ബ്ലോക്ക് ചെയ്തു. ശേഷം പെട്ടെന്ന് ഫോൺ വീണ്ടും ബെഡിലേക്കിട്ട് ഇരുകയ്യാലും അവളെ വാരി പുണർന്നു.

വലിയൊരു വിഷമത്തിൽ നിന്നും മുക്തി നേടിയ ആശ്വാസത്തിൽ ഏറെ സന്തോഷവതിയായി അനീഷിന്റെ മാറിൽ തല ചേർത്തിരിക്കവേ അശ്വതി അറിഞ്ഞിരുന്നില്ല അവനിൽ പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല എന്നത്..

Leave a Reply

Your email address will not be published. Required fields are marked *