(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“അളിയാ സംഗതി സിമ്പിൾ ആണ് സ്ക്രിപ്റ്റ് ഒക്കെ ഞാൻ ആൾറെഡി തയ്യാറാക്കി വച്ചേക്കുവാ.. നീയും മാളുവും ഒന്ന് അഭിനയിച്ചു തന്നാൽ മതി. വിജയിച്ചാൽ പൊളി സംഭവം ആകും റൂമിൽ ക്യാമറ വച്ച് ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആക്കാം ”
ജീവൻ പറയുന്നത് കേട്ട് ശബരിക്കും മാളുവിനും ആകാംഷയായി.
” എന്താ ജീവാ പ്ലാൻ. അത് പറയ് താൻ ആദ്യം. ”
മാളുവിമായിരുന്നു കൂടുതൽ ആകാംഷ.
” പറയാം… പതിവ് പോലെ അഞ്ചു മണി ആകുമ്പോ ചിഞ്ചു ഓഫീസിൽ നിന്നും എത്തും.
പുറത്ത് എന്റെ ബൈക്ക് കാണുമ്പോഴേ അവൾക്ക് സംശയം ആകും കാരണം വൈകുന്നേരം സമയങ്ങളിൽ തിരക്ക് കൂടുതൽ ആയത് കൊണ്ട് ബേക്കറിയിൽ ഉണ്ടാകാറുള്ള ഞാൻ പതിവില്ലാതെ എന്താ ആ നേരത്ത് വീട്ടിൽ എന്ന് അവൾ ചിന്തിക്കും. വീടിന്റെ ഫ്രണ്ട് ഡോർ ചാരിയിട്ടേ ഉണ്ടാകുള്ളൂ. പുറത്ത് ആണേൽ ഒരു ലേഡീസ് ചെരുപ്പും. ”
ഇത്രയും പറഞ്ഞു കൊണ്ട് മാളുവിനെയും ശബരിയേയും മാറി മാറി നോക്കി ജീവൻ.
” എങ്ങിനുണ്ട് പ്ലാൻ…. തുടക്കം തന്നെ ഒരു സംശയത്തിന്റെ ഒരു തരി വീഴില്ലേ.. ”
” സംഭവം കൊള്ളാം നീ ബാക്കി പറയ് ”
ബാക്കി അറിയാൻ ശബരിക്കും ആകാംഷയേറി. അത് കണ്ട് ആവേശത്തോടെ വീണ്ടും തുടർന്നു ജീവൻ
” സംശയത്തോടെ അവള് നേരെ ബെഡ്റൂമിലേക്ക് വരും. അവിടാണ് ട്വിസ്റ്റ്. ”
“എന്ത് ട്വിസ്റ്റ്.. ”
സംശയത്തോടെ നോക്കി മാളു..
“വേറൊന്നുമല്ല റൂമിൽ ബെഡിൽ ഞാനും നീയും…അതും ഒരു പുതപ്പിനടിയിൽ. എങ്ങിനുണ്ട് ചിഞ്ചുവിന്റെ കിളി പോകാൻ ഇത്രേം പോരെ.. ”
ജീവൻ രണ്ട് പേരെയും മാറി മാറി നോക്കുമ്പോൾ. വാ പൊളിച്ചു നിൽക്കുകയായിരുന്നു ശബരിയും മാളുവും.
” അളിയാ ഇത്രക്കൊക്കെ വേണോ.. കൂടി പോയില്ലേ ഇത്.. ”
ശബരിയുടെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ചു ജീവൻ.
” എടാ ഇത് അഭിനയം അല്ലെ.. നമ്മൾ നാലുപേരും ചങ്കുകൾ അല്ലെ അപ്പോ അതിൽ പെട്ടെന്ന് എന്നേം മാളൂനേം ഒരുമിച്ച് ബെഡിൽ കണ്ടാൽ എന്തായാലും ചിഞ്ചുവിന്റെ കിളി പോകും. പ്രാങ്ക് ചെയ്യുന്നേ ഇങ്ങനൊക്കെ അല്ലെ ചെയ്യേണ്ടേ. ഇതല്ലേ പൊളി. വെഡിങ് അണിവേഴ്സറി ആയിട്ട് അവളെ ഒന്ന് ഞെട്ടിക്കേണ്ടേ ”
അത് കേൾക്കെ പതിയെ ശബരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
“സംഭവം പൊളി… ആയിട്ട് ചിഞ്ചു നു തലക്ക് ഭ്രാന്ത് പിടിക്കും അത് ഉറപ്പ് ”
” എന്നാലും ഓവർ ആകോ ജീവൻ.. അവളിനി തെറ്റിദ്ധരിച്ചാലോ.. പ്രാങ്ക് ആണെന്ന് പറഞ്ഞാൽ വിശ്വസിച്ചില്ലേലോ”
മാളു വീണ്ടും സംശയത്തോടെ ജീവനെ നോക്കി എന്നാൽ അപ്പോഴും അവൻ പുഞ്ചിരിച്ചു.
” എടീ മണ്ടി അതിനല്ലേ നിന്റെ കെട്ട്യോൻ ഈ ശബരി. അവൻ അടുത്ത റൂമിൽ മാറി നിന്നാൽ പോരെ… ഇച്ചിരി നേരം ചിഞ്ചുവിനെ ഒന്ന് വട്ടെടുപ്പിച്ചിട്ട് നമുക്ക് എല്ലാവർക്കും കൂടി ഒന്നിച്ചു പറയാം പ്രാങ്ക് ആയിരുന്നെന്നു. അന്നേരം അവള് വിശ്വസിച്ചോളും..
പിന്നെ കേക്ക് കട്ടിങ് ഒക്കെ ആയി പൊളിക്കാം കേക്ക് ഞാൻ രാവിലെ വാങ്ങി ഫ്രിഡ്ജിൽ വച്ചിട്ടുണ്ട്. റൂമിൽ ഫോൺ സെറ്റ് ചെയ്ത് വച്ച് വീഡിയോ എടുക്കാം. അത് സോഷ്യൽ മീഡിയയിൽ ഇട്ടാൽ എന്തായാലും വൈറൽ ആകും ഉറപ്പ്. എല്ലാം കഴിഞ്ഞു നൈറ്റ് നമുക്ക് ഒന്ന് കറങ്ങാം പൊളിക്കാം..”
എല്ലാം വ്യക്തമായി തന്നെ പ്ലാൻ ചെയ്തിരുന്നു ജീവൻ. അതോടെ അവർ ഒന്നിച്ചു ചിഞ്ചുവിന്റെ വരവിനായി കാത്തിരുന്നു.
സമയം ഏകദേശം അഞ്ചു മണി ആയതും ചിഞ്ചുവിന്റെ സ്കൂട്ടി ഗേറ്റിനു വെളിയിൽ എത്തി. അതോടെ ജീവൻ വേഗം ബെഡ്റൂമിലേക്ക് ഓടി.
” അളിയാ ശബരി. നീ അടുത്ത റൂമിലേക്കു മാറിക്കോ.. ചിഞ്ചു വന്നു ”
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വെപ്രാളത്തിൽ അവൻ ഫോൺ വീഡിയോ റെക്കോർഡിങ് ഓൺ ആക്കി ഷെൽഫിൽ കാണാൻ പറ്റാത്ത രീതിയിൽ വച്ചു. പ്ലാൻ പ്രകാരം മാളു അപ്പോഴേക്കും ബെഡിലേക്ക് കയറി കിടന്നു. ജീവന്റെ വക പൊടിക്കൈകൾ വേറെയും ഉണ്ടായിരുന്നു.
അലമാരയിൽ നിന്നും ഒരു ടീഷർട്ടും അവന്റെ തന്നെ ഒരു ബോക്സറും ഒരു ഷോർട്സും എടുത്ത് ഡോറിന്റെ ഭാഗത്തായി നിലത്തേക്ക് ഇട്ടു. അത് കണ്ടിട്ട് മാളു അമ്പരന്നു
” ഇതെന്തുവാ ജീവാ ഈ കാണിക്കുന്നേ. ”
” എടീ.. ഞാനും നീയും ബെഡിൽ കിടക്കുന്നത് കണ്ടിട്ട് ഒറ്റനോട്ടത്തിൽ ചിഞ്ചുന് സംശയം തോന്നണമെങ്കിൽ ഇതൊക്കെ കാണണം…”
അത്രയും പറഞ്ഞു അവൻ ബെഡിലേക്ക് കയറി കിടന്ന് പുതപ്പ് എടുത്ത് രണ്ടാളുടെയും കഴുത്തോളം മൂടി.
“കണ്ണടച്ചു ഉറങ്ങുന്ന പോലെ കിടന്നോ.. ഞാൻ ചെറുതായി നിന്നെ ഒന്ന് കെട്ടിപ്പിടിക്കും കേട്ടോ ഒരു ഒർജിനാലിറ്റിക്ക് ”
പറഞ്ഞു തീരുന്നെന്നു മുന്നേ തന്നെ ചെയ്യുകയും ചെയ്തു ജീവൻ. എതിർത്ത് ഒന്നും പറയാൻ മാളുവിനും പറ്റിയില്ല. പിന്നെ പ്രാങ്ക് ആണെന്നതോർത്തു അവളും അനങ്ങാതെ കിടന്നു.
ജീവൻ പറഞ്ഞത് പോലെ തന്നെ വീട്ടുമുറ്റത്ത് അവന്റെ ബൈക്ക് കണ്ട് ഒരു നിമിഷം നിന്നു ചിഞ്ചു.
” ഇതെന്താ ഇന്ന് ബേക്കറിയിൽ പോയില്ലേ.. ”
അല്പസമയം നോക്കി നിന്ന ശേഷം വീട്ടിലേക്ക് കയറാൻ തുനിയവേ വീണ്ടും മാളുവിന്റെ ചെരുപ്പുൾ അവളുടെ ശ്രദ്ധയിൽ പെട്ടു.
” ഇത് മാളുവിന്റെ ആണല്ലോ.. അപ്പോ ശബരി വന്നില്ലേ.. ”
ഒറ്റ നോട്ടത്തിൽ അത് മനസിലാക്കി പതിയെ വീടിനുള്ളിലേക്ക് കയറി ചിഞ്ചു. മാളുവിനെ ഹാളിലൊക്കെ നോക്കിയെങ്കിലും കണ്ടില്ല. പിന്നെ അവൾ നേരെ പോയത് ബെഡ് റൂമിലേക്ക് ആണ്. അടുത്ത മുറിയിൽ കതകിനു പിന്നിൽ നിന്ന് ശബരി ഒക്കെയും വീക്ഷിക്കുന്നുണ്ടായിരുന്നു. ബെഡ്റൂമിന്റെ വാതിൽ തുറന്ന് ചിഞ്ചു അകത്തേക്ക് കയറിയതും വല്ലാതെ ആകാംഷയിൽ ആയി അവൻ.
റൂം തുറന്ന് അകത്തേക്ക് കയറുമ്പോൾ ബെഡിൽ ആള് കിടക്കുന്നത് കണ്ടെങ്കിലും ചിഞ്ചു ആദ്യം ശ്രദ്ധിച്ചത് നിലത്തു കിടന്നിരുന്ന ജീവന്റെ ടീഷർട്ടും ഷോർട്സും ഇന്നർ വെയറുമാണ്.
‘ഇതെന്നതാ എല്ലാം ഊരിക്കളഞ്ഞിട്ട് ഒരു കിടത്തം ‘
പതിയെ തലയുയർത്തി ബെഡിലേക്ക് നോക്കവേ നടുങ്ങി പോയി അവൾ.
” മാ… മാളു.. ”
കണ്ട കാഴ്ച അത്രമേൽ അവളെ ഞെട്ടിച്ചു. രണ്ടാളും പറ്റിച്ചേർന്ന് ഒരു പുതപ്പിൻ കീഴിൽ.. ജീവൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ എല്ലാം നിലത്ത്… എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം നടുങ്ങി തരിച്ചു നിന്നും പോയി ചിഞ്ചു.
” ഇവര് തമ്മിൽ… ”
നടുക്കത്തോടെ അവൾ അടുത്തുള്ള ടേബിളിലേക്ക് ചാരി പോയി. ഉറക്കം നടിച്ചു കിടന്ന ജീവൻ ഇടയ്ക്കിടക്ക് ഒളി കണ്ണിട്ട് ചിഞ്ചുവിനെ നോക്കാൻ മറന്നില്ല. അവളുടെ ഭാവമാറ്റം കാൺകെ പ്ലാൻ വിജയിച്ചു തുടങ്ങി എന്ന് മനസ്സിലാക്കി അവൻ. മാളുവാകട്ടെ കണ്ണുകൾ ഇറുക്ക് അടച്ചു തന്നെ കിടന്നു. അകത്തെ മുറിയിലെ സംഭവവികാസങ്ങൾ പുറത്ത് നിന്ന് ശബരിയും ആകാംഷയോടെ നോക്കി കണ്ടു.
കണ്മുന്നിൽ കാണുന്നത് വിശ്വസിക്കുവാൻ കഴിയാതെ അങ്ങിനെ നിന്നു ചിഞ്ചു.അവളുടെ മിഴികൾ തുളുമ്പി.
‘എന്നാലും മാളു.. കൂടെപ്പിറപ്പിനെ പോലെ കണ്ടിട്ട്… നീ.. ‘
മനസ്സിൽ ഓർക്കവേ അവളുടെ വേദന ഇരട്ടിയായി. അല്പസമയം അങ്ങിനെ നോക്കി നിന്നു പോയി അവൾ.ജീവന്റെ മുഖത്തേക്ക് നോക്കവേ ആ വേദന പതിയെ രോഷമായി മാറി തുടങ്ങിയിരുന്നു.
‘ എന്നെ ചതിക്കുവാരുന്നോ നിങ്ങൾ… ‘
നിറഞ്ഞു തുളുമ്പിയ അവളുടെ മിഴികളിൽ കനലെരിഞ്ഞു തുടങ്ങി. ടേബിളിൽ ചാരി നിന്ന അവളുടെ കൈകളിൽ പതിയെ എന്തോ തടഞ്ഞു. തിരിഞ്ഞു നോക്കവേ മിഴികൾ വിടർന്നു. ചിഞ്ചുവിന്റെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും ഉണ്ടാകാതെ വന്നപ്പോൾ പതിയെ ഒന്ന് തിരിഞ്ഞു നോക്കിയ ജീവൻ തന്റെ തലയ്ക്ക് നേരെ വരുന്ന എന്തോ ഒന്ന് മാത്രമാണ് കണ്ടത്…
” അയ്യോ.. അടിക്കല്ലേ ചിഞ്ചു ”
റൂമിനു വെളിയിൽ നിന്നിരുന്ന ശബരി വേഗത്തിൽ അകത്തേക്ക് ഇടിച്ചു കയറി. പക്ഷെ വൈകിപ്പോയി ഭാരമേറിയത് എന്തോ തന്റെ തലയിൽ വന്നടിക്കുന്നത് മാത്രമേ ജീവന് ഓർമയുണ്ടായിരുന്നുള്ളു. പിന്നെ ആകെ മൊത്തത്തിൽ ഒരു മരവിപ്പ് ആയിരുന്നു. ഒപ്പം ചിഞ്ചുവിന്റെ അലർച്ചയും ഞെട്ടി തിരിഞ്ഞ മാളു കണ്ടത് തെറിച്ചു വീഴുന്ന ചോരത്തുള്ളികളെ ആണ്.
” അയ്യോ.. ”
അവളും അലറി വിളിച്ചു പോയി.
“ദൈവമേ…. കൊല്ലല്ലേ..”
അലറി വിളിച്ചു അപ്പോഴേക്കും ജീവന്റെ ബോധം പോയി. ശബരി ഓടി അരികിലെത്തുമ്പോൾ കലി തുള്ളി നിന്നിരുന്ന ചിഞ്ചുവിന്റെ കൈകളിൽ നിന്നും ആ അയൺ ബോക്സ് നിലത്തേക്ക് വീണിരുന്നു.
” എന്റെ ചിഞ്ചു എന്ത് പണിയാ നീ കാണിച്ചേ. ”
പേടിച്ചു നിൽക്കുന്ന ശബരിയെ കണ്ട് ഒരു നിമിഷം അന്ധാളിച്ചു പോയി ചിഞ്ചു.
“ചിഞ്ചു.. ടീ.. ഇതൊരു പ്രാങ്കായിരുന്നു ടീ.. വെഡിങ് അണിവേഴ്സറി ആയിട്ട് നിന്നെ ഒന്ന് പറ്റിക്കാൻ ജീവൻ പ്ലാൻ ചെയ്തതാ.”
മാളുവിന്റെ വാക്കുകൾ അവളുടെ ചെവിയിൽ മുഴക്കമായി. ശബരിയെയും മാളുവിനെയും കണ്മുന്നിൽ ചോര ഒലിപ്പിച്ചു കിടക്കുന്ന ജീവനെയും ഒരുമിച്ചു കാൺകെ ഒന്നും മനസിലാകാതെ ബെഡിലേക്കിരുന്നു പോയി ചിഞ്ചു .
“ദൈവമേ പണി പാളി ”
തലയിൽ കൈ വച്ച് നിലത്തേക്കിരുന്നു പോയി ശബരി.
രാത്രി പത്തു മണിയോളം ആയി ജീവനെ ഹോസ്പിറ്റലിൽ നിന്നും തിരികെ കൊണ്ട് വന്നപ്പോൾ. അഞ്ചു സ്റ്റിച്ചുണ്ടായിരുന്നു തലയിൽ.കാറിൽ നിന്നും ചിഞ്ചുവും മാളുവും കൂടി ചേർന്ന് അവനെ പുറത്തേക്കിറക്കി. ആകെ അവശനായിരുന്നു ജീവൻ.
” നല്ലൊന്നാന്തരം ഒരു സർപ്രൈസ് ആയി പോയി അല്ലെ അളിയാ.. നീ പറഞ്ഞപോലെ ചിഞ്ചു മാത്രം അല്ല നമ്മൾ എല്ലാവരും ഞെട്ടി.. രാത്രിയിൽ പ്ലാൻ ചെയ്ത കറക്കവും കഴിഞ്ഞു ഇനീപ്പോ ആ കേക്ക് കൂടി കട്ട് ചെയ്താൽ മതി ”
ശബരിയുടെ വാക്കുകൾ കേട്ട് ദയനീയമായി അവനെ ഒന്ന് നോക്കി ജീവൻ.
” എന്റെ ചിഞ്ചു.. ഇതൊരു ഒന്നൊന്നര അടിയായി പോയി.. ദൈവമേ ആ സൈഡിൽ കിടക്കാൻ തോന്നാത്തത് എന്റെ ഭാഗ്യം അല്ലാരുന്നേൽ എന്റെ തല പൊളിഞ്ഞേനെ ”
മാളുവിന്റെ കമന്റ് കേട്ട് ശബരി പൊട്ടിച്ചിരിച്ചു പോയി.
” ശവത്തിൽ കുത്താതെടി ദുഷ്ടേ.. അന്നേരം നിങ്ങളെ അങ്ങിനെ കണ്ടപ്പോ എന്റെ കൺട്രോൾ വിട്ട് പോയി. കാലമാടന്റെ ഒടുക്കത്തെ ഒരു പ്രാങ്ക്.. അതും ജെട്ടി വരെ നിലത്തേക്കിട്ടിട്ട് ഒടുക്കത്തെ ഒരു ഒറിജിനാലിറ്റി ”
ചിഞ്ചു പല്ലിറുമ്മി കൊണ്ട് ജീവനെ ഒന്ന് പാളി നോക്കി.
” പറ്റിപ്പോയി എന്റെ ചിഞ്ചു.. ഇനി മേലിൽ പ്രാങ്ക് എന്നൊരു വാക്ക് ഞാൻ മനസിൽ പോലും ഓർക്കില്ല…അമ്മേ… ”
പതിയെ ഹാളിലെത്തി സെറ്റിയിലേക്കിരുന്നു ജീവൻ. ആ അവസ്ഥയിലും ജീവന്റെ മറുപടി എല്ലാവരിലും പൊട്ടിച്ചിരി ഉണ്ടാക്കി.
“സോറി ചേട്ടാ… സ്നേഹം ഉള്ളത് കൊണ്ടല്ലേ അങ്ങിനെ കണ്ടപ്പോൾ വിഷമം തോന്നിയത് ”
സങ്കടത്തോടെ അരികിലേക്കിരുന്നു ചിഞ്ചു.
” അമ്മോ.. ഇത്രക്ക് സ്നേഹം നിനക്ക് എന്നോട് ഉണ്ടാരുന്നു അല്ലേ.. അറിഞ്ഞിരുന്നില്ല ഞാൻ..”
വേദനയ്ക്കിടയിലും തഗ്ഗ് അടിച്ച് എല്ലാവരേയും ചിരിപ്പിച്ചു ജീവൻ
” അപ്പോ അളിയാ.. ഞങ്ങൾ അങ്ങട് പോവാണേ.. ഒരിക്കൽ കൂടി ഹാപ്പി വെഡിങ് ആനിവേഴ്സറി ”
ശബരിയുടെ വാക്ക് കേട്ട് ദയനീയമായി നോക്കി ജീവനും ചിഞ്ചുവും.. അത് കണ്ട് പൊട്ടിച്ചിരിച്ചു ശബരിയും മാളുവും.