ഏതോ പാവപ്പെട്ട കുടുംബത്തിലെ ആണ് കെട്ട്യോൻ ഒരു കൊച്ചിനേം ഉണ്ടാക്കി കൊടുത്തിട്ട് കളഞ്ഞേച്ചു പോയി. അതോടെ ഗതിയില്ലാത്തോണ്ട് ആകും ഇവള് ഈ പണി തുടങ്ങി.

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“ചേട്ടാ.. ഇനീപ്പോ എറണാകുളത്തേക്ക് എപ്പോഴാ ബസ്സ്‌… ഉടനെയെങ്ങാനും ഉണ്ടാകുമോ ”

” അങ്ങിനെ പ്രത്യേകിച്ച് സമയം ഒന്നും ഇല്ല മോനെ ഇച്ചിരി നേരം വെയിറ്റ് ചെയ്യ് വരും.. ”

തമ്പാനൂർ ബസ് സ്റ്റാൻഡിൽ സന്ദീപ് എത്തുമ്പോൾ സമയം രാത്രി പന്ത്രണ്ട് മണിയോളം ആയിരുന്നു.

രാത്രിയിൽ തുറന്നിരുന്ന കടക്കാരനോട് തിരക്കിയപ്പോൾ ആണ് അവന് ഇങ്ങനൊരു മറുപടി കിട്ടിയത്. കൂട്ടുകാരന്റെ പെങ്ങളുടെ വിവാഹവും റിസപ്‌ഷനും ഒക്കെ കഴിഞ്ഞു എറണാകുളത്ത്‌ വീട്ടിലേക്കുള്ള മടക്കത്തിലായിരുന്നു അവൻ. ബസ്റ്റാന്റ് വരെ വിവാഹ വീട്ടിൽ ന്ന് സുഹൃത്ത് കൊണ്ടാക്കി.

നാളെ പോയാൽ മതിയെന്ന് എല്ലാവരും നിർബന്ധിച്ചെങ്കിലും വീട്ടിൽ അമ്മ മാത്രമേ ഉള്ളു എന്നത് ഓർത്തപ്പോൾ അവിടെ നിൽക്കാൻ തോന്നിയില്ല സന്ദീപിന്. അർദ്ധരാത്രി ആയതിനാൽ തന്നെ ബസ് സ്റ്റാൻഡ് പൊതുവെ വിജനമായിരുന്നു. അങ്ങിങ്ങായി കുറച്ചു യാത്രക്കാർ മാത്രം. അതിൽ തന്നെ തലയിൽ മുല്ലപ്പൂ ചൂടി അങ്ങിങ്ങായി ഒന്ന് രണ്ട് സ്ത്രീകളും…

” മോനെ.. കൂടുന്നോ… പൈസ ഡിസ്‌കൗണ്ട് തരാം.. ”

അതിൽ ഒരാള് പതിയെ അരികിലേക്കെത്തി ശബ്ദം താഴ്ത്തി ചോദിക്കുമ്പോൾ ‘വേണ്ട’ എന്ന അർത്ഥത്തിൽ തലയാട്ടി പതിയെ തിരിഞ്ഞു നിന്നു സന്ദീപ്. അതോടെ അവർ നടന്നകന്നു.

‘ ദൈവമേ.. ഇതൊക്കെ ഇപ്പോൾ ഇത്രക്ക് ഓപ്പൺ ആയിട്ടായോ.. ‘

അറിയാതെ മനസ്സിൽ ഓർത്തു പോയി അവൻ. ബസ് ഉടൻ വരുമെന്ന പ്രതീക്ഷയിൽ അവിടുള്ള ഇരിപ്പിടത്തിലേക്കിരിക്കുമ്പോൾ ഒരു നിമിഷം സന്ദീപിന്റെ മനസ്സ് അഞ്ചു വർഷം പിന്നിലേക്ക് സഞ്ചരിച്ചു.

സർക്കാർ ജീവനക്കാരിയായിരുന്ന അമ്മ ട്രാൻസ്ഫർ കിട്ടി തിരുവനന്തപുരത്തേക്ക് വന്നതും അതിന്റെ ഭാഗമായി തന്റെ കോളേജ് പഠനം എം ജി കോളേജിൽ പൂർത്തിയാക്കിയതുമായ ആ മനോഹര വർഷങ്ങൾ.

ആ ബസ് സ്റ്റാൻഡ് ഉൾപ്പെടെ തിരുവനന്തപുരത്തെ പല മനോഹര സ്ഥലങ്ങളും കാഴ്ചകളും അവന് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. കൂടെ പഠിച്ച സുഹൃത്തുക്കളെ ഓരോരുത്തരെയായി ഓർക്കവേ മനസ്സിൽ ഒരു കുളിരു കോരുന്ന ഓർമകളുമായി ആദ്യമെത്തിയത് കാർത്തികയുടെ മുഖമാണ്.

എന്നും കുളിച്ചു മുടിയിൽ തുളസിക്കതിർ ചൂടിയെത്തുന്ന ആ തനി നാടൻ സുന്ദരി. ഒറ്റ നോട്ടത്തിൽ അവൾ സന്ദീപിന്റെ മനസ്സ് കീഴടക്കിയെങ്കിലും ക്ലാസ്മേറ്റായ അവളോട് തന്റെ പ്രണയം അവൻ തുറന്ന് പറയുന്നത് അവസാന വർഷത്തെ അവസാന കൂടിക്കാഴ്ചയിൽ ആണ്.

ഒന്ന് നടുങ്ങി മറുപടിയൊന്നും പറയാതെ കാർത്തിക നടന്നകന്നത് അവനിന്നും ഓർക്കുന്നു. മറ്റെല്ലാ സുഹൃത്തുക്കളുമായും ബന്ധം പുതുക്കുവാൻ കഴിഞ്ഞെങ്കിലും കാർത്തികയെ മാത്രം പിന്നെ കണ്ടിട്ടേയില്ല. തന്നോട് വെറുപ്പ് ആകുമോ എന്ന് തോന്നിയതിനാൽ തിരക്കി പോകുവാനും നിന്നില്ല സന്ദീപ്.

അതിനിടയിൽ അമ്മ റിട്ടയർ ആയി വീണ്ടും അവർ എറണാകുളത്തേക്ക് തന്നെ തിരികെ പോയി. പിന്നെ വർഷങ്ങൾക്ക് ശേഷമാണ് സന്ദീപ് വീണ്ടും തിരുവനന്തപുരത്ത്‌ എത്തുന്നത്.. സുഖമുള്ള ഓർമകളിൽ അവനങ്ങിനെ ഇരുന്നു അൽപനേരം. തിരുവനന്തപുരത്തേക്ക് എത്തിയത് കൊണ്ടാകണം കാർത്തികയുടെ ഓർമ്മകൾ വീണ്ടും അവന്റെ ഉള്ളിൽ പൂവിട്ടു …

” ഹലോ സന്ദീപ്… സന്ദീപ് അല്ലേ താൻ. ”

പിന്നിൽ നിന്നുള്ള ആ മധുര ശബ്ദം കേട്ടാണ് സന്ദീപ് പെട്ടെന്ന് തിരിഞ്ഞത്. കണ്മുന്നിൽ നിൽക്കുന്ന യുവതിയെ കണ്ട് ഒരു നിമിഷം നടുങ്ങി പോയി അവൻ.

” കാ.. കാർത്തിക.. ”

ചുണ്ടുകൾ അറിയാതെ മന്ത്രിക്കുമ്പോൾ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു പോയി സന്ദീപ് .

” എടാ.. എന്നെ ഓർമ ഉണ്ടോ നിനക്ക്‌.. എത്ര നാളായി കണ്ടിട്ട്.. നീ ഇപ്പോൾ എവിടാണ്. എന്താണ് ഈ നേരത്ത് ഇവിടെ. ”

കാർത്തിക വാചാലയാകുമ്പോൾ വല്ലാത്ത ആശ്ചര്യത്തിൽ മറുപടി പറയുവാൻ കഴിയാതെ അല്പസമയം അങ്ങിനെ നിന്നു അവൻ.

” എടാ… നീ ഈ ലോകത്തൊന്നുമല്ലേ.. ”

വീണ്ടുമവൾ തുറിച്ചു നോക്കവേയാണവൻ യാഥാർഥ്യത്തിലേക്ക് തിരികെയെത്തിയത്.

” കാർത്തിക.. ഞാൻ ആകെ എക്‌സൈറ്റഡ് ആണ്.. നിന്നെ പറ്റി ഓർത്തതെ ഉള്ളു അപ്പോഴേക്കും നീ ദേ കണ്മുന്നിൽ.. അതും വർഷങ്ങൾക്ക് ശേഷം.. പെട്ടെന്ന് എന്ത് പറയണമെന്ന് അറിയാൻ വയ്യാണ്ടായിപ്പോയി.. ”

സന്ദീപിന്റെ മറുപടി കേട്ട് പൊട്ടിച്ചിരിച്ചു കാർത്തിക. ആ ചിരിയും ഒരഴകായിരുന്നു.

” എടീ ഞാൻ… നമ്മുടെ പാച്ചു ന്റെ അനിയത്തിയുടെ മേരേജ് ആയിരുന്നു അതിനു പോയിട്ട് തിരികെ വീട്ടിലേക്ക് പോണ വഴിയാടി .. നീ എന്താ ഈ നേരത്ത് ഇവിടെ..”

അപ്പോഴാണ് സമയത്തെ പറ്റി അവൻ ഓർത്തത്.

” ഞാനൊരു ദൂരയാത്ര കഴിഞ്ഞു വന്നതാ ടാ ഇനീപ്പോ വീട്ടിലേക്ക് പോണം ”

കാർത്തികയുടെ മറുപടി കേട്ട് സന്ദീപിന്റെ നെറ്റി ചുളിഞ്ഞു.

” ഇനീപ്പോ എങ്ങിനാ വീട്ടിലേക്ക്.. വിളിക്കാൻ ആള് വരുമോ.. സമയം ഇത്രയും ലേറ്റ് ആയില്ലേ.. ”

” ഉവ്വ്…ഇപ്പോൾ വരുമെടാ… ഞാൻ വിളിച്ചിട്ടുണ്ട്. അതൊക്കെ പോട്ടെ.. നീ ഇപ്പോൾ എവിടാ.. എന്താണ് പരിപാടി. കല്യാണം ഒക്കെ കഴിഞ്ഞോ ”

” ഏയ് കല്യാണം ഒന്നും ആയില്ല ടീ.. ഞാനിപ്പോ ഒരു പ്രൈവറ്റ് ബാങ്കിൽ അക്കൗണ്ടന്റ് ആണ്.. എറണാകുളത്ത്. നീയോ.. എന്താണ് പരിപാടി കല്യാണം എന്തേലും ആയോ.. കോളേജ് വിട്ട് പോയെ പിന്നെ നിന്റെ മാത്രം ഒരു വിവരവും അറിയാൻ കഴിഞ്ഞില്ല. ”

ആ ചോദ്യത്തിൽ ഒരു പ്രതീക്ഷ ഒളിഞ്ഞു കിടന്നിരുന്നു. പഴയ പ്രണയം അവന്റെ ഉള്ളിൽ ചെറുതായി മൊട്ടിട്ടു തുടങ്ങിയിരുന്നു.

” അതൊക്കെ കഴിഞ്ഞെടോ.. ഒന്നും പറയേണ്ട.. കല്യാണവും കഴിഞ്ഞു അതിനേക്കാൾ വേഗത്തിൽ ഡിവോഴ്സ്സും നടന്നു.. ഒരു വലിയ കഥയാണ്. ആ കഥയൊക്കെ പിന്നീട് ഒരിക്കൽ പറയാം.. ”

ആ ചോദ്യത്തിൽ നിന്നും ഒഴുക്കൻ മട്ടിൽ കാർത്തിക വഴുതി മാറിയപ്പോൾ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല സന്ദീപ്. എങ്കിലും പെട്ടെന്ന് കേട്ടപ്പോൾ ഉള്ളിൽ എവിടെയോ ചെറിയൊരു നിരാശ തോന്നാതിരുന്നില്ല. കാരണം ഒരു കാലത്ത് അവന് അത്രമേൽ പ്രിയപ്പെട്ടവൾ ആയിരുന്നു കാർത്തിക. അപ്രതീക്ഷിതമായി വീണ്ടും കണ്ടപ്പോൾ മനസ്സിൽ എന്തൊക്കെയോ ആഗ്രഹങ്ങൾ വീണ്ടും മൊട്ടിട്ടിരുന്നു.

പിന്നെയും വിശേഷങ്ങൾ പലതും അവർ പങ്കുവെച്ചു. അന്നത്തെ പ്രണയാഭ്യർത്ഥനയും അത് കഴിഞ്ഞുള്ള സംഭവങ്ങളുമൊക്കെ അവർ പരസ്പരം പങ്കു വച്ചു

” നീ പെട്ടെന്ന് അങ്ങിനൊക്കെ പറഞ്ഞപ്പോ ഞാൻ സത്യത്തിൽ പേടിച്ചു പോയെടാ… അതാ ഒന്നും പറയാതെ പൊയ്ക്കളഞ്ഞത്. പിന്നെ അറിയാലോ അന്നെന്റെ കയ്യിൽ ഒരു ഫോൺ പോലും ഇല്ലായിരുന്നു അതുകൊണ്ട് തന്നെ നിന്റെ നമ്പറും അറിയാതെ പോയി. പിന്നെ വൈകാതെ തന്നെ കല്യാണം ഉറപ്പിച്ചു.”

വളരെ ഫ്രണ്ട്‌ലിയായി കാർത്തിക സംസാരിക്കുമ്പോൾ സന്ദീപിന് അതിശയമായിരുന്നു അവളിൽ ഒരുപാട് മാറ്റങ്ങൾ അവൻ ശ്രദ്ധിച്ചിരുന്നു. അവളുടെ പഴയ തണുപ്പൻ സ്വഭാവമൊക്കെ പൂർണ്ണമായും മാറിയിരുന്നു.

ഒപ്പം വല്ലാത്തൊരു പ്രസരിപ്പ് ഉണ്ടായിരുന്നു. മാത്രമല്ല തുളസിക്കതിര് ചൂടിയ ആ ചുരുണ്ടമുടിയൊക്കെ ആകെ മാറി സ്ട്രൈറ്റ് ചെയ്ത് കളർ തേയ്‌ച്ചിരുന്നു അവൾ. ആകെ മൊത്തത്തിൽ ഗ്രാമീണതയിൽ നിന്നും മോഡേൺ യുഗത്തിലേക്ക് ഒരു പറിച്ചു നടൽ. എങ്കിലും ആ സൗന്ദര്യം അല്പം പോലും കുറഞ്ഞിരുന്നില്ല.

” എനിക്ക് നിന്നെ മറക്കാൻ കഴിഞ്ഞിട്ടില്ല കാർത്തിക. അത്രമേൽ ഇഷ്ടപ്പെട്ടു ഞാൻ. നിന്നെ പറ്റി ഓർക്കാത്ത ദിവസങ്ങൾ ചുരുക്കമാണ്. ദേ ഇവിടെ ഇങ്ങനെ ഈ ചെയറിൽ ഇരുന്നപ്പോഴും ഞാൻ ഓർത്തത് നിന്നെ പറ്റിയായിരുന്നു. ”

സന്ദീപിന്റെ വാക്കുകൾ കേട്ട് ഒന്ന് പുഞ്ചിരിച്ചു കാർത്തിക..

” ഇനീപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ സന്ദീപ്.. എല്ലാം ഓരോ ഓർമ്മകൾ.. എനിക്കും ഇഷ്ടമായിരുന്നു. പക്ഷെ അന്നത് പറയാൻ പറ്റാതെ പോയി.. ആ അതൊക്കെ പോട്ടെ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ താൻ സത്യസന്ധമായി നീ മറുപടി പറയുമോ.. ”

ആ ചോദ്യം കേട്ട് സന്ദീപിന്റെ നെറ്റി ചുളിഞ്ഞു.

” താൻ ചോദിക്ക്.. ”

” എടോ.. സത്യത്തിൽ നീ ഞാൻ എന്ന വ്യക്തിയെയാണോ അതോ എന്റെ ശരീരത്തെയാണോ.. സ്നേഹിച്ചത് ”

അങ്ങനൊരു ചോദ്യം കാർത്തികയിൽ നിന്നും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല സന്ദീപ്. അതുകൊണ്ട് തന്നെ മറുപടി പറയുവാൻ ഒന്ന് പതറി അവൻ.

‘കാർത്തികയുടെ അഴകാണ് ആദ്യം തന്നെ ആകർഷിച്ചത് ‘എന്നത് അപ്പോഴാണ് സന്ദീപ് ഓർത്തത്. അല്പ സമയം മൗനമായി നിന്ന ശേഷം പതിയെ അവളുടെ മുഖത്തേക്ക് നോക്കി അവൻ.

” രണ്ടും.. നിന്റെ അഴക് കണ്ടാണ് ഞാൻ ആദ്യമായി നിന്നെ ശ്രദ്ധിച്ചത്… പിന്നെ നീ എന്ന വ്യക്തിയേയും ഇടപ്പെട്ടു ”

ആ മറുപടി കേട്ട് അല്പസമയം അവന്റെ മുഖത്തേക്ക് നോക്കി അങ്ങിനെ നിന്നു കാർത്തിക. ആ നോട്ടത്തിൽ അറിയാതെ സന്ദീപും ലയിച്ചു.

സമയം വീണ്ടും നീങ്ങി. അപ്പോഴേക്കും അവർക്ക് മുന്നിലായി ഒരു കാർ വന്നു നിന്നു.

” എനിക്കുള്ള വണ്ടി വന്നു”

കാർ കണ്ട മാത്രയിൽ കാർത്തിക പോകാനൊരുങ്ങി.

” സന്ദീപ് തന്റെ നമ്പർ തന്നേക്ക് ഞാൻ നാളെ പകൽ വിളിക്കാം. നമുക്ക് സംസാരിക്കാം.. ”

പോകുന്നതിനു മുന്നേയായി കാർത്തിക അവന്റെ നമ്പർ ചോദിച്ചു വാങ്ങി. ശേഷം പുഞ്ചിരിയോടെ യാത്രപറഞ്ഞു കാറിലേക്ക് കയറി. നിമിഷങ്ങൾക്കകം ആ കാർ കണ്ണിൽ നിന്നും മറഞ്ഞു. അപ്പോഴാണ് അവളുടെ നമ്പർ താൻ വാങ്ങാൻ മറന്ന കാര്യം സന്ദീപ് ഓർത്തത്.

” ശ്ശേ.. പുല്ല്. മറന്നു.. അവള് വിളിക്കോ നാളെ.. ”

സംശയത്തോടെ അല്പസമയം അവനങ്ങിനെ നോക്കി നിന്നു. സംഭവിച്ചതൊക്കെയും ഒരു സ്വപ്നമാണോന്ന് പോലും ചിന്തിച്ചു പോയി സന്ദീപ്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അവൻ ഇങ്ങനൊരു കൂടി കാഴ്ച. കാർത്തികയുടെ പുഞ്ചിരി അവന്റെ കണ്ണുകളിൽ മായാതെ നിന്നു.

ചെറിയ ദാഹം തോന്നിയതിനാൽ അവൻ പതിയെ അടുത്ത കടയിലേക്ക് ചെന്നു

” ചേട്ടാ… ഒരു കുപ്പി വെള്ളം.. ”

” അതെന്താ മോനെ അവള് നിന്നെ വെള്ളം കുടിപ്പിച്ചോ… ഇവളുമാരെയൊന്നും സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ല മോനെ.. പ്രായം കുറവും തൊലി വെളുപ്പും ഉള്ളത് കൊണ്ട് നല്ല കട്ടി റേറ്റ് ആണ്.. കണ്ടില്ലേ ഇതുപോലെ കാറിലൊക്കെ വരുന്ന വലിയ ടീംസ് ആണ് ഇവരുടെയൊക്കെ കസ്റ്റമേഴ്സ്. ”

വെള്ളം കൊടുക്കുമ്പോൾ ആ കടക്കാരൻ പറഞ്ഞ വാക്കുകൾ കേട്ട് നടുങ്ങി പോയി സന്ദീപ്.

” ങേ… എന്താ..ചേട്ടാ. എന്താ പറഞ്ഞെ… ”

അവന്റെ നടുക്കം കണ്ട് ആ കടക്കാരനും നെറ്റി ചുളിച്ചു.

” മോനോട് അവള് വന്ന് മുട്ടുന്നത് ഞാൻ കണ്ടാരുന്നല്ലോ . റേറ്റ് ഒന്നും പറഞ്ഞില്ലേ.. ഈ അടുത്തായി ഫീൽഡിൽ ഇറങ്ങിയ കൊച്ചാണ്. അടുത്തെന്ന് പറഞ്ഞാൽ ഒരു വർഷം ആകും കേട്ടോ .. വലിയ വലിയ ടീമ്സ്സുമായി ആണ് കമ്പനി. ഈസ്റ്റ് ഫോർട്ടിൽ ഉള്ളതാ..

ഏതോ പാവപ്പെട്ട കുടുംബത്തിലെ ആണ് കെട്ട്യോൻ ഒരു കൊച്ചിനേം ഉണ്ടാക്കി കൊടുത്തിട്ട് കളഞ്ഞേച്ചു പോയി. അതോടെ ഗതിയില്ലാത്തോണ്ട് ആകും ഇവള് ഈ പണി തുടങ്ങി. ഇപ്പോൾ നല്ല കാശണെന്നാ കേട്ടത്.. മോന് താത്പര്യം ഉണ്ടേൽ നമ്പർ തന്നേക്ക് ഞാൻ മുട്ടിച്ചു തരാം.. നല്ല കസ്റ്റമേഴ്സിനെ കൊടുത്താൽ എനിക്ക് അവള് ചെറിയൊരു കമ്മീഷൻ തരാറുണ്ട്. ”

കടക്കാരന്റെ ഓരോ വാക്കുകളും സന്ദീപിന് വലിയ നടുക്കമായി.

‘ കാർത്തിക അപ്പോൾ… ‘

ഉള്ളിൽ മറുപടിയില്ലാത്ത ആ നടുക്കുന്ന ചോദ്യം വീർപ്പു മുട്ടിക്കുമ്പോൾ മൗനമായി പതിയെ ഇരുപ്പിടത്തിലേക്ക് പോയി സന്ദീപ്.

‘ ഞാൻ ഒരു ദൂരയാത്ര കഴിഞ്ഞു വരുവാടാ.. വിളിക്കാൻ ആള് വരും ‘

അവൾ പറഞ്ഞ ആ വാക്കുകൾ സന്ദീപിന്റെ കാതുകളിൽ മുഴങ്ങി.

‘കാർത്തിക.. നീ…..’

“ഞാൻ എന്ന വ്യക്തിയെയാണോ അതോ എന്റെ ശരീരത്തെയാണോ.. നീ സ്നേഹിച്ചത് ”

ആ ഒരു ചോദ്യം കൊണ്ട് അവൾ എന്താകും ഉദ്ദേശിച്ചത് എന്നത് അപ്പോഴാണ് സന്ദീപ് തിരിച്ചറിഞ്ഞത്.അവളിലെ മാറ്റത്തിന്റെ കാരണവും പതിയെ പതിയെ അവൻ തിരിച്ചറിഞ്ഞു.

നടുക്കത്തോടെ അങ്ങിനെയിരിക്കുമ്പോൾ എറണാകുളം ബസ് വന്നതും യാത്രക്കാരെ കയറ്റി സ്റ്റാൻഡ് വിട്ടു പോയതുമൊന്നും സന്ദീപ് അറിഞ്ഞതേയില്ല. കാർത്തികയുടെ പുഞ്ചിരിച്ച മുഖം മാത്രമായിരുന്നു അപ്പോൾ അവന്റെ ഉള്ളിൽ..

Leave a Reply

Your email address will not be published. Required fields are marked *