(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“മോനെ… നീയൊന്ന് വേഗം വീട്ടിലേക്ക് വന്നേ… അത്യാവശ്യം ആണ് ”
” എന്താ അമ്മേ.. എന്താ പെട്ടെന്ന്… എന്തേലും പ്രശ്നം ഉണ്ടോ.. ”
വൈകുന്നേരം സമയം ഫോണിലൂടെയുള്ള അമ്മയുടെ വെപ്രാളം കേട്ടിട്ട് തെല്ലൊന്ന് ഭയന്നു രമേശൻ.
” അതൊക്കെ നേരിട്ട് പറയാം പേടിക്കാൻ ആയി ഒന്നും ഇല്ല നീ വേഗം ഇങ്ങ് വാ.. സന്തോഷം ഉള്ള കാര്യമാ മോനെ.. ”
അമ്മയുടെ ആ വാക്കുകൾ അല്പം ആശ്വാസം പകർന്നത് കൊണ്ട് തന്നെ വേഗത്തിൽ വീട്ടിലേക്ക് പാഞ്ഞു രമേശൻ.
വീട്ടിലെത്തുമ്പോൾ അമ്മയ്ക്കൊപ്പം പുറത്ത് അയൽക്കാർ ഒന്ന് രണ്ട് പേര് കൂടി ഉണ്ടായിരുന്നു .
” ദേ രമേശൻ വന്നല്ലോ.. ഇനീപ്പോ നിങ്ങൾ വീട്ടുകാര് സന്തോഷം പങ്ക് വയ്ക്ക്.ഞങ്ങൾ പോയേക്കാം ”
രമേശനെ കണ്ട പാടെ അയൽക്കാർ പതിയെ പുറത്തേക്കിറങ്ങി.
” സന്തോഷമായില്ലേ രമേശാ.. കൺഗ്രാറ്റ്സ്.. കേട്ടോ .. ”
പോകുന്നതിനിടയിൽ അവർ പറഞ്ഞത് കേൾക്കെ വീണ്ടും അതിശയമായി രമേശന്. വീട്ടിൽ അമ്മയ്ക്കൊപ്പം അമ്മാവനും അമ്മായിയും അളിയനും എല്ലാവരും ഉണ്ടായിരുന്നു.
” എന്താ അമ്മേ.. എന്താ കാര്യം ബേക്കറിയിൽ നല്ല തിരക്കുള്ള സമയം ആണ്. അമ്മേടെ വെപ്രാളം മനസ്സിലാക്കീട്ടാ ഞാൻ ഓടി വന്നേ.. ”
ആകാംഷയോടെ രമേശൻ പതിയെ വീടിനുള്ളിലേക്ക് കയറി.
” അതൊക്കെ പറയാം. ആദ്യം നീ ഇങ്ങട് വന്നേ ”
തന്റെ കൈ പിടിച്ചു ധൃതിയിൽ അമ്മ ഉള്ളിലേക്ക് നടക്കവേ ഒന്നും മനസ്സിലാകാതെ പിന്നാലെ ചെന്നു അവൻ. നേരെ രമേശനെ കൊണ്ട് സെറ്റിയിൽ ഇരുത്തി അമ്മ ഉള്ളിലേക്ക് പോയി അല്പസമയത്തിന് ശേഷം അവന്റെ ഭാര്യ സീതയ്ക്കൊപ്പം പതിയെ പുറത്തേക്ക് വന്നു. അപ്പോഴേക്കും അമ്മാവനും അമ്മായിയും അളിയനുമൊക്കെ അവിടേക്ക് എത്തിയിരുന്നു. സീതയുടെ മുഖത്തെ സന്തോഷം കാൺകെ പേടിക്കാൻ ഒന്നും ഇല്ല എന്ന് മനസ്സിലായി രമേശന്.
” എടാ മോനെ.. കല്യാണം കഴിഞ്ഞിട്ട് വർഷം നാല് ആയില്ലേ ഒരു കുഞ്ഞിക്കാല് കാണാൻ കൊതിച്ചു ചികിത്സയും പ്രാർഥനയുമൊക്കെയായി നടന്നതല്ലേ നിങ്ങൾ. ഇപ്പോൾ ദേ ദൈവം നിങ്ങടെ പ്രാർഥന കേട്ടു.. ”
അമ്മാവൻ പറഞ്ഞത് കേട്ട് അന്ധാളിച്ചു നിന്നും രമേശൻ അത് കണ്ടിട്ട് അളിയൻ പൊട്ടിച്ചിരിച്ചു.
” എന്റെ രമേശേട്ടാ ഇനിയും മനസ്സിലായില്ലേ… സീതേച്ചി പ്രഗ്നന്റ് ആണെന്ന്. ”
ഇത്തവണ അവന്റെ അന്ധാളിപ്പ് ഞെട്ടലായി മാറി.
” പ്രഗ്നന്റോ… സത്യമാണോ ഈ പറയുന്നത് ”
കേട്ടത് വിശ്വസിക്കാൻ കഴിയാതെ സീതയുടെ മുഖത്തേക്ക് തുറിച്ചു നോക്കി രമേശൻ.
” അതെ ഏട്ടാ.. സത്യം ആണ്. രാവിലെ മുതൽ സംശയം ആയിരുന്നു ഇപ്പോ ദേ മെഡിക്കൽ സ്റ്റോറിൽ ന്ന് പ്രഗ്നൻസി കിറ്റ് വാങ്ങി നോക്കി. സത്യമാ നമുക്കൊരു കുഞ്ഞ് ജനിക്കാൻ പോകുവാ.. ”
സീതയുടെ വാക്കുകളിൽ അതിയായ സന്തോഷം നിറഞ്ഞിരുന്നു.
‘ താൻ ഏറെ കേൾക്കാൻ കൊതിക്കുന്ന വാർത്ത. എന്നാൽ ഇപ്പോൾ അത് കേട്ടിട്ട് മറുപടി ഒന്നും പറയുവാൻ തോന്നിയില്ല രമേശന്.
” നീ ഇങ്ങനെ കുന്തം വിഴുങ്ങിയ പോലിരിക്കാതെ രമേശാ.. ഉള്ളിലെ സന്തോഷം പുറത്ത് കാണിക്ക്. കുറെ ആഗ്രഹിച്ചതല്ലെ ”
രണ്ടാൾക്കുമുള്ള മധുരവുമായി വന്ന അമ്മയുടെ വാക്കുകൾ കേട്ടിട്ടും എന്തുകൊണ്ടോ സന്തോഷിക്കാൻ തോന്നിയില്ല രമേശന്. അവന്റെ പെരുമാറ്റത്തിൽ അസ്വസ്ഥത സീതയും ശ്രദ്ധിച്ചിരുന്നു. അമ്മയുടെയും അമ്മാവന്റെയുമൊക്കെ വക മധുരം നൽകൽ ചടങ്ങ് ഒക്കെ കഴിഞ്ഞു രമേശനും സീതയും പതിയെ ബെഡ്റൂമിലേക്ക് കയറി. അകത്തേക്ക് കയറി ഡോർ അടച്ച പാടെ രമേശന്റെ മാറോടു ചാഞ്ഞു സീത
” സന്തോഷമായോ എന്റെ ഏട്ടന്. എത്ര നാളത്തെ നമ്മുടെ കാത്തിരിപ്പാ ഇപ്പോ സഫലമായത്. ആദ്യമായി ട്രീറ്റ് മെന്റിനു പോയപ്പോൾ പ്രശ്നം എനിക്കാണ് എന്ന് അറിഞ്ഞത് മുതൽ ഉള്ളിൽ ഒരു നീറ്റൽ ആയിരുന്നു. ഏട്ടന് ഒരു കുഞ്ഞിക്കാല് സമ്മാനിക്കാൻ പോലും കഴിവില്ലാത്തവൾ ആണല്ലോ ഞാൻ എന്നോർത്തിട്ട്. എന്നാൽ ഇന്നാണ് മനസ്സറിഞ്ഞൊന്ന് സന്തോഷിക്കാൻ തോന്നുന്നത്. ഉള്ളുരുകിയുള്ള നമ്മുടെ പ്രാർത്ഥന ഒടുവിൽ ദൈവം കേട്ടല്ലോ ”
അത്രയും പറഞ്ഞു ഇരു കരങ്ങളാൽ രമേശനെ പുണർന്നെങ്കിലും അവൻ നിശ്ചലനായി തന്നെ നിൽക്കുന്നത് വീണ്ടും സീതയെ അതിശയിപ്പിച്ചു.
” എന്താ എന്ത് പറ്റി ഏട്ടാ… എന്താ ഒരു സന്തോഷം ഇല്ലാതെ ഈ കാര്യം അറിഞ്ഞപ്പോ മുതല് ഞാൻ ഏട്ടനെ ശ്രദ്ധിക്കുവാ ഒരു സന്തോഷം ഇല്ലാതെ നിൽക്കുന്നു. എന്തെ എന്തേലും പ്രശ്നം ഉണ്ടോ.. എന്നോട് പറയ് ”
തന്റെ മുഖത്തേക്ക് തുറിച്ചു നോക്കുന്ന സീതയെ അല്പസമയം നോക്കി നിന്നു രമേശൻ ശേഷം പതിയെ സംസാരിച്ചു തുടങ്ങി.
” ശെരിയാണ് സീത.. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷങ്ങൾക്ക് ശേഷം ഇന്ന് ഏറ്റവും കൂടുതൽ സന്തോഷം ഉള്ള ദിവസം തന്നെയാണ്. പക്ഷെ ആ സന്തോഷത്തിൽ എനിക്ക് പങ്ക് ചേരാൻ കഴിയില്ലെടോ.. പകരം എനിക്ക് തന്നോട് ഒരൊറ്റ ചോദ്യം ആണ് ചോദിക്കാനുള്ളത് ”
രമേശൻ ഒന്ന് നിർത്തുമ്പോൾ സംശയത്തോടെ അവനെ തുറിച്ചു നോക്കി സീത. അത് കണ്ട് കൊണ്ട് പതിയെ തന്റെ സംശയം അവളോട് ചോദിച്ചു അവൻ .
” സീത. സത്യം പറയ്.. ആരാണ്.. ആരാണ് ഈ കുഞ്ഞിന്റെ അച്ഛൻ. ”
ആ ചോദ്യം കേട്ട് ഒരു നിമിഷം അന്ധാളിച്ചു നിന്നും പോയി അവൾ..
” ഏ.. എന്താ ഏട്ടാ ഈ ചോദിക്കുന്നെ.. ”
അവളുടെ നടുക്കം കണ്ടിട്ടും രമേശന് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമുണ്ടായില്ല.
” സീത നീ വെറുതെ നടുക്കം അഭിനയിക്കേണ്ട.. എനിക്ക് വ്യക്തമായി അറിയാം ഇതെന്റെ കുഞ്ഞല്ല എന്നത്. അപ്പോ പിന്നെ ഇതാരുടെ എന്നത് നീ തന്നെ പറഞ്ഞെ പറ്റുള്ളൂ. ”
അതോടെ ആകെ കുഴഞ്ഞു സീത..
” ഏട്ടാ.. ഇതെന്താണ് ഏട്ടൻ ഈ പറയുന്നേ.. ഏട്ടന് എന്താ വട്ടാണോ.. എന്നോട് ഇങ്ങനൊക്കെ ചോദിക്കാൻ എങ്ങിനെ മനസ്സ് വരുന്നു ”
അവളുടെ മിഴികളിൽ അതിശയം നിറയവേ പതിയെ ബെഡിലേക്ക് ഇരുന്നു രമേശൻ.
” സീതാ..നീ പ്രഗ്നന്റ് ആണ് എന്നത് സത്യമാണെങ്കിൽ എനിക്കറിയണം ഈ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന്.. അതറിഞ്ഞിട്ടേ ഞാൻ ഈ മുറിയ്ക്ക് പുറത്തേക്ക് പോകുള്ളൂ. ”
ഏറെ ഉറച്ചതായിരുന്നു ആ വാക്കുകൾ.
“ഏട്ടാ.. എന്നെ…എന്നെ അത്തരക്കാരി ആയിട്ടാണോ നിങ്ങൾ കണ്ടേക്കുന്നെ.. ദേ നിങ്ങൾ കെട്ടിയ താലിയാണ് എന്റെ കഴുത്തിൽ… ആ താലി കഴുത്തിലണിഞ്ഞു കൊണ്ട് കണ്ടിടം നിരങ്ങി നടക്കുന്നവൾ അല്ല ഞാൻ. ഇത്രയും നാൾ ഒപ്പം താമസിച്ചിട്ടും എങ്ങിനെ മനസ്സ് വന്നു എന്നോട് ഇത് ചോദിക്കാൻ ”
നിരമിഴികളോടെ അവൾ ഒപ്പം വന്നിരിക്കവേ രമേശന്റെ ക്ഷമ കെട്ടു.
” സീതാ ഈ അഭിനയം നിർത്ത് നീ.. നമുക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് നിന്റെ കുഴപ്പം കൊണ്ടല്ല.. അത്… അത്.. എന്റെ കുഴപ്പം ആണ്. എനിക്ക് ഒരു കുഞ്ഞിനെ ജനിപ്പിക്കാൻ ഉള്ള ശേഷി ഇല്ല. അത് എല്ലാവരും അറിഞ്ഞാൽ ഉള്ള നാണക്കേട് ഭയന്നിട്ടാണ് നിന്നെ ഞാൻ എന്റെ സുഹൃത്തായ ഗൈനക്കോളജിസ്റ്റിന്റെ അരികിൽ കൊണ്ട് പോയതും പ്ലാൻ പോലെ പ്രശ്നം നിനക്ക് ആണെന്ന് പറഞ്ഞതും.”
പറഞ്ഞു തീരവേ അല്പം ജാള്യത തോന്നിയെങ്കിലും അത് മറച്ചു അവൻ
“ഏട്ടാ എന്താ.. എന്താ ഈ പറയുന്നേ…. ”
ഏറെ ഞെട്ടലിൽ ആയിരുന്നു സീതയും. അത് കണ്ട് വീണ്ടും തുടർന്നു രമേശൻ
“അതെ സത്യം എനിക്ക് കുട്ടികൾഉണ്ടാകില്ല. അങ്ങിനെ ഉള്ളപ്പോ പെട്ടെന്നൊരു ദിവസം നീ ഗർഭിണി ആയി എന്ന് കേൾക്കുമ്പോ ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടണോ… പറയ്.. ഇനി പറയ് ആരാ ആള് ”
ഒക്കെയും കേട്ട് നടുങ്ങി തരിച്ചിരുന്നു പോയി സീത. താൻ പിടിക്കപ്പെട്ടു എന്ന് മനസ്സിലായതോടെ അവളുടെ കൈ കാലുകൾ വിറപൂണ്ടു.
“പറയ് സീത.. ആരാണ് ഈ കൊച്ചിന്റെ അച്ഛൻ. അത് നീ പറഞ്ഞെ മതിയാകു ഇല്ലാതെ വിടില്ല നിന്നെ ഞാൻ ”
രമേശൻ രണ്ടും കല്പിച്ചാണ് എന്ന് മനസ്സിലായതോടെ മറ്റു മാർഗങ്ങളില്ലാതെയായി സീതയ്ക്ക്.
” ഏ.. ഏട്ടാ.. എ.. എന്താ ഈ പറയുന്നേ.. ”
ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഒടുവിൽ രമേഷന്റെ ഉറച്ച ചോദ്യത്തിന് മുന്നിൽ പിടികൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല അവൾക്ക്.
” സു.. സുമേഷ്.. ഞങ്ങൾ ഇ.. ഇഷ്ടത്തിലായിരുന്നു പണ്ട് … ”
അത്രയും പറഞ്ഞത് മാത്രമേ അവൾക്ക് ഓർമയുണ്ടായിരുന്നുള്ളു. ചെകിട് പൊട്ടുമാറ് ഒരടി കിട്ടി പിന്നിലേക്ക് വേച്ചു വീണു പോയി സീത. അല്പസമയത്തേക്ക് ചുറ്റും നടക്കുന്നത് എന്തെന്ന് പോലും തിരിച്ചറിയുവാൻ പറ്റാണ്ടായി പോയി അവൾക്ക്. ഒടുവിൽ അടിയുടെ മരവിപ്പ് മാറവേ വല്ലാത്ത വേദനയിൽ പൊട്ടിക്കരഞ്ഞു സീത.
” പറ്റിപോയി ഏട്ടാ.. വർഷങ്ങൾക്ക് ശേഷം ഫേസ് ബുക്ക് വഴി അവനോട് വീണ്ടും മിണ്ടിയപ്പോൾ… പഴയ ആഗ്രഹങ്ങൾ അറിയാതെ മുളപൊട്ടി. ഏതോ ഒരു നിമിഷത്തിൽ അവനെ വീണ്ടും നേരിട്ട് കണ്ടപ്പോ മനസ്സ് പാളി പോയതാണ്… ചെയ്തത് തെറ്റാണെന്ന് അറിയാം പക്ഷെ പറ്റിപ്പോയി.”
ഒക്കെയും കേട്ട് മറുപടി പറഞ്ഞില്ല രമേശൻ. അല്പസമയം മൗനമായി തന്നെ നിന്നും അവൻ ശേഷം വീണ്ടും സീതയ്ക്ക് നേരെ തിരിഞ്ഞു.
” പറ്റിപ്പോയി അല്ലെ… എന്റെ താലിയും കഴുത്തിൽ ഇട്ടിട്ട്.. മം… വേഗം റെഡിയായിക്കോ ഞാൻ വീട്ടിലാക്കാം നിന്നെ. എന്നിട്ട് അവനെ വിളിക്ക് പൊയ്ക്കോ അവനൊപ്പം. സുഖായിട്ട് ജീവിക്ക് ഇനിയൊരു വഴക്കിനോ ബഹളത്തിനോ ഞാൻ വരില്ല . ”
സീതയ്ക്ക് വീണ്ടും നടുക്കമാണ് ആ വാക്കുകൾ സമ്മാനിച്ചത്
” ഏട്ടാ.. പ്ലീസ് ”
ഒരിക്കൽ കൂടൊന്ന് കെഞ്ചി അവൾ. പക്ഷെ ഫലമുണ്ടായില്ല.
“സീതാ വർഷം നാലായില്ലേ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയിട്ട്. എന്നിട്ട് നീ… പോട്ടെ എല്ലാം പോട്ടെ… എല്ലാം മറന്നേക്ക്.. ഒരു കുഞ്ഞിനെ പോലും തരാൻ കഴിവില്ലാത്ത എന്നേക്കാൾ നല്ലത് നിനക്ക് മറ്റവൻ തന്നെയാണ്.. നിയമപരമായി പരസ്പരം കൈ കൊടുത്തു പിരിയാം നമുക്ക്. ഒരുപക്ഷെ എന്റെ കഴിവ് കേടാകാം നിന്നെ മറ്റൊരാളിലേക്ക് ആകർഷിച്ചത്. അതുകൊണ്ട് തന്നെ ഇപ്പോ ഈ സംഭവിച്ചതൊക്കെയും ഞാൻ മറക്കുവാ. പക്ഷെ ഇനി ഒരിക്കലും നീയുമായി ഒരുമിച്ചൊരു ജീവിതം അത് എനിക്ക് പറ്റില്ല. ”
അത്രയും പറയുമ്പോൾ ഇരച്ചു കയറിയ മിഴിനീർ തടുത്തു നിർത്തുവാൻ നന്നേ പാട് പെട്ടു രമേശൻ. സീതയുടെ മുഖത്തേക്ക് പോലും നോക്കിയില്ല അവൻ. നേരെ വാതിലിനരികിലേക്ക് നടന്നു. വാതിൽ തുറക്കുന്നതിനു മുന്നേ ഒരിക്കൽ കൂടി തിരിഞ്ഞു
” ബാഗ് ഒക്കെ വേഗം പാക്ക് ചെയ്തോ നീ.. ഞാൻ ബേക്കറിയിലേക്ക് പോണ വഴിക്ക് വീട്ടിൽ ആക്കാം നിന്നെ ”
പൊട്ടിക്കരഞ്ഞു കൊണ്ട് ഒക്കെയും കേട്ടിരുന്നു സീത.
വാതിൽ തുറക്കവേ അകത്തെ ബഹളങ്ങൾ ഒക്കെയും കേട്ട് അന്ധാളിച്ചു നിൽക്കുകയായിരുന്നു അമ്മയും അമ്മാവനും അമ്മായിയും അളിയനുമൊക്കെ.
” മോനെ.. എന്താ ഇതൊക്കെ എന്തൊക്കെയാടാ ഞാൻ ഈ കേൾക്കുന്നേ ”
അമ്മയുടെ ഒച്ചയിടറുമ്പോൾ പതിയെ അവരുടെ ചുമലിൽ ഒന്ന് തട്ടി രമേശൻ
” കേട്ടത് ശെരിയാണ്.. ഞാനല്ല…. അവകാശികൾ വേറെ ഉണ്ട്.. ”
അത്ര മാത്രേ പറഞ്ഞുള്ളു രമേശൻ.
” അവളെ നീ വീട്ടിൽ കൊണ്ട് ചെന്നു വിടുവാണോ ”
അമ്മയുടെ അടുത്ത സംശയതിന് ഒരു നോട്ടം മാത്രം മറുപടിയായി നൽകി രമേശൻ.
” ഇനിയും ഇവിടെ ഒപ്പം നിർത്തണോ ”
മൗനം വെടിഞ്ഞവൻ ചോദിക്കുമ്പോൾ അമ്മയ്ക്കും മറുപടി കിട്ടിയില്ല.
” അമ്മാ.. അറിഞ്ഞ പാടെ അയൽക്കാരെ മുഴുവൻ
അറിയിച്ചത് കൊണ്ട് കുറച്ചു ദിവസത്തേക്ക് നാണക്കേട് ഉണ്ടാകും സാരമില്ല അത് നമുക്ക് സഹിക്കാം. ”
അത്രയും കൂടി പറഞ്ഞു കൊണ്ട് രമേശൻ പതിയെ പുറത്തേക്ക് നടന്നു. നീറുന്ന മനസ്സുമായി.
‘ജീവിതം അത് പലപ്പോഴും കയ്പ്പു നീരും നിറഞ്ഞതാണലോ’