കെട്ട്യോൻ പോയേ പിന്നെ നിനക്കും ആഗ്രഹങ്ങൾ ഒക്കെ കാണില്ലേ. ആരും അറിയില്ല. ഓവർ ജാഡ എടുക്കാതെ അങ്ങ് സമ്മതിക്ക് “

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“നിങ്ങടെ മകൻ ഹർഷനെ പിടിച്ചിരിക്കുന്നത് കഞ്ചാവ് കേസിലാണ്…അറിയാലോ ഈ കേസിൽ ഒക്കെ അകത്ത് പോയാൽ പിന്നെ കുറച്ചു നാള് കിടന്നേ പറ്റുള്ളൂ ”

എസ് ഐ അനിലിന്റെ സംസാരം കേൾക്കെ വിമലയ്ക്ക് തല ചുറ്റുന്നത് പോലെ തോന്നി.

” സാർ.. പ്ലീസ് ഞാൻ പറഞ്ഞില്ലേ അവൻ ഒരിക്കലും അത് ചെയ്യില്ല. ഈ പറഞ്ഞ കാറിൽ അവൻ ഒരു ലിഫ്റ്റ് ചോദിച്ച് കേറിയതാ. അവൻ ഹോസ്റ്റലിൽ നിന്നും വന്നതാണ് രാത്രി ഇച്ചിരി വൈകി പോയി. ഞാൻ സിംഗിൾ പേരെന്റ് ആണ് ഹസ്ബൻഡ് മരിച്ചിട്ട് അഞ്ചു വർഷങ്ങൾ കഴിയുന്നു.

ഒറ്റയ്ക്ക് ആയത് കൊണ്ട് പോയി വിളിക്കാനും കഴിയുമായിരുന്നില്ല. അപ്പോഴാണ് ഈ കാറ് വന്നതും കൈ കാണിച്ചപ്പോ നിർത്തിയതും. ലിഫ്റ്റ് കിട്ടിയ വിവരം മോൻ എന്നെ വിളിച്ചു പറഞ്ഞതും ആണ്. അവൻ നിരപരാധിയാണ് സാർ.. ദയവ് ചെയ്ത് വിട്ടയക്കണം ”

തൊഴുകയ്യോടെ വിമല ഇരിക്കുമ്പോൾ അവളെ അടിമുടിയൊന്ന് നോക്കി അനിൽ.

‘സിംഗിൾ പാരന്റ്ആയതിന്റെ ഗുണം ശരീരത്തിൽ കാണാനുണ്ട് ‘

ഉള്ളിലോർത്തു അയാൾ.
ആ വഷളൻ നോട്ടത്തിൽ ഒന്ന് ചൂളി പോയെങ്കിലും അത് വക വച്ചില്ല വിമല.

” അതെ… ഇനി നിങ്ങൾ പറയുന്നത് സത്യമാണ് നിങ്ങടെ മോന് ഈ കഞ്ചാവ് ടീമുമായി ഒരു ബന്ധവും ഇല്ലന്ന് തന്നെ വച്ചോ.. പക്ഷെ ഞാൻ എന്ത് എഴുതി ചേർക്കുന്നുവോ അത് പോലിരിക്കും കാര്യങ്ങൾ. ”

അനിലിന്റെ മുന്നേയുള്ള നോട്ടത്തിലും ഇപ്പോൾ പറയുന്ന വാക്കുകളിലും അയാളുടെ മനസ്സിലെ ഉദ്ദേശമെന്തെന്ന് വായിച്ചെടുക്കാൻ കഴിയുമായിരുന്നു വിമലയ്ക്ക്. ഭർത്താവ് മരിച്ചതിനു ശേഷം പലരിൽ നിന്നും ഇത്തരം അനുഭവങ്ങൾ അവൾക്കുണ്ടായിട്ടുണ്ട്. എങ്കിലും ഒന്നും മനസ്സിലാകാത്ത പോലെ വീണ്ടും അവൾ തന്റെ മകന് വേണ്ടി കെഞ്ചി.

” സാർ.. പ്ലീസ് അവനെ വെറുതെ വിടണം. എന്റെ മോന് ഇവരുമായി ഒരു ബന്ധവും ഇല്ല.അവൻ ഒരു എഞ്ചിനീയറിങ് സ്റ്റുഡന്റ് ആണ്. ഹോസ്റ്റലിൽ നിന്ന് പഠിക്കുവാണ്. ദയവ് ചെയ്ത് അവന്റെ ഭാവി കളയരുത്. ”

ഇത്തവണ പതിയെ എഴുന്നേറ്റു അനിൽ. ശേഷം വിമലയ്ക്ക് അരികിൽ ടേബിളിൽ ചെന്നിരുന്നു.

” ഇനിയിപ്പോ ഞാൻ നിങ്ങടെ മോനെ ഈ കേസിൽ നിന്നും ഊരി ന്ന് തന്നെ ഇരിക്കട്ടെ.. എനിക്കെന്താ നേട്ടം.. അതൂടെ പറയ്. ഒരാളെ സഹായിക്കുമ്പോ എന്തേലും പ്രത്യുപകാരം ഒക്കെ വേണ്ടേ.. ”

വഷളൻ ചിരിയോടുള്ള ആ ചോദ്യം കേട്ടിട്ട് പതിയെ എഴുന്നേറ്റു വിമല.

” സാർ.. എന്താ ഉദ്ദേശിക്കുന്നത് ”

സംശയത്തോടെ അവള് നോക്കുമ്പോൾ പതിയെ പുഞ്ചിരിയോടെ ടേബിളിൽ നിന്നും അനിലും എഴുന്നേറ്റു.

” കെട്ട്യോള് പ്രസവത്തിനു നാട്ടിൽ പോയേക്കുവാ. അതിൽ പിന്നെ ഒരു ഏകാന്തത. ഗസ്റ്റ് ഔസ് ആണേൽ കാലിയും ഈ പകൽ നീയെന്നോടൊന്ന് സഹകരിച്ചാൽ ഉച്ച കഴിഞ്ഞു വന്നു മോനെയും കൂട്ടി രണ്ടാൾക്കും ഒന്നിച്ചു വീട്ടിൽ പോകാം. എന്ത് പറയുന്നു.”

വഷളത്തരം പ്രതീക്ഷിച്ചെങ്കിലും പെട്ടെന്ന് കേട്ടപ്പോ ഒരു നിമിഷം ഒന്ന് നടുങ്ങി വിമല

” സാർ എന്ത് വൃത്തികേട് ആണ് ഈ പറയുന്നത്. നിയമപാലകർ ഇങ്ങനാണോ സാധാരണക്കാരോട് പെരുമാറേണ്ടത്. ദയവ് ചെയ്ത് എന്റെ മോനെ വിട്ട് തരണം. പ്ലീസ് ”

അവളുടെ ആ മറുപടി കേട്ടത്തോടെ അനിലിന്റെ ഭാവം മാറി തുടങ്ങിയിരുന്നു.

” പിന്നേ.. നീ വല്യ പതിവ്രത ചമയണ്ട. ഇതൊക്കെ ഇപ്പോ സ്വാഭാവികം ആണ്. കെട്ട്യോൻ പോയേ പിന്നെ നിനക്കും ആഗ്രഹങ്ങൾ ഒക്കെ കാണില്ലേ. ആരും അറിയില്ല. ഓവർ ജാഡ എടുക്കാതെ അങ്ങ് സമ്മതിക്ക് ”

ചെറിയൊരു ഭീക്ഷണി ആ വാക്കുകളിൽ നിഴലിച്ചിരുന്നു. അതോടെ വിമലയുടെ മുഖം കുറുകി.

” പറ്റില്ല സാർ ഇത്തരം വൃത്തികേട് അംഗീകരിക്കാൻ പറ്റില്ല. എന്റെ മോനെ വിട്ട് തരണം. ഇല്ലെങ്കിൽ നിങ്ങടെ ഈ നെറികെട്ട പെരുമാറ്റം ഞാൻ മുകളിൽ ഉള്ളവരെ അറിയിക്കും ”

അത് കേട്ടിട്ട് പൊട്ടി ചിരിച്ചു അനിൽ.

” നീയെന്താ പോലീസുകാരെ പറ്റി വിചാരിച്ചേക്കുന്നേ.. ഞങ്ങൾ വെറും ഉണ്ണാക്കൻമാരാണെന്നോ.. ഇങ്ങനൊരു കാര്യം ഞാൻ നിന്നോട് ആവശ്യപ്പെടണമെങ്കിൽ എത്രത്തോളം അതിനു പിന്നിലുള്ള കാര്യങ്ങൾ പ്ലാൻ ചെയ്‌തിട്ടാകും ന്ന് ഒന്ന് ഓർത്തു നോക്ക്യേ”

ഒന്ന് നിർത്തി വിമലയ്ക്ക് അഭിമുഖമായി ചെന്ന് നിന്നു അനിൽ.

” നോക്ക്.. നിങ്ങടെ മോന്റൊപ്പം പിടിച്ച ആ രണ്ട് പേര് ഞങ്ങടെ സ്ഥിരം കക്ഷികളാണ്. എനിക്കറിയാം ചെറുക്കന് അവരുമായി ഒരു ബന്ധവും ഇല്ല പക്ഷെ നീ വിളച്ചിൽ എടുത്താൽ ചെറുക്കനെ ഞാൻ പൂട്ടും അവർക്കൊപ്പം ജയിലിലേക്ക് വിടും. പിന്നെ അവന്റെ ഭാവി സ്വാഹാ.. ”

ഇത്തവണ പൂർണ്ണമായും ഭീഷണിയുടെ സ്വരമായിരുന്നു. അതോടെ ഒന്ന് പരുങ്ങി പോയി വിമല.

‘മകന്റെ ജീവൻ അപകടത്തിൽ ആണെന്ന് അറിഞ്ഞാൽ ഏത് അമ്മയാണ് പേടിക്കാത്തത്. ഉറപ്പായും തന്റെ ആവശ്യത്തിന് വിമല വഴങ്ങും. ‘

ഇതായിരുന്നു അനിലിന്റെ പദ്ധതി. വിമല അല്പസമയം മൗനമായി. അതോടെ വീണ്ടും തിരികെ ചെന്ന് തന്റെ ചെയറിലേക്ക് ഇരുന്നു അയാൾ.

” വിമല പതിയെ ആലോചിച്ചു പറഞ്ഞാൽ മതി മകന്റെ ഭാവിയാണ് എന്റെ കയ്യിൽ അത് മാത്രം മറക്കേണ്ട. ഇന്ന് എനിക്കൊന്ന് വഴങ്ങിയാൽ അത് നിനക്ക് ഗുണം ചെയ്യുകയേ ഉള്ളു. ഒരു പോലീസുകാരനുമായുള്ള സൗഹൃദം ഭർത്താവില്ലാതെ ജീവിക്കുന്ന നിനക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്.

ഓർത്തു നോക്ക്.. പിന്നെ പരാതിയുമായി എനിക്ക് മുകളിലോട്ട് പോകാനാണ് പ്ലാൻ എങ്കിൽ എഫ് ഐ ആറ് ഞാനങ്ങ് ഇടും ചെറുക്കൻ അകത്ത് പോകും.. നല്ല ഒന്നാന്തരം ക്രിമിനലുകൾ ആണ് അകത്ത്. അറിയാലോ ചെറുക്കന്റെ നെയ്യെടുക്കും അവർ..”

എല്ലാ പഴുതുകളും അടച്ചു അനിൽ ചിരിക്കുമ്പോൾ aമറുപടിയില്ലാതെ അൽപനേരം നടുങ്ങി നിന്നു വിമല. ശേഷം വീണ്ടുമവൾ അയാളോട് കെഞ്ചി.

” സാർ പ്ലീസ്.. എന്നോട് ഇങ്ങനെ പെരുമാറരുത്… ദയവ് ചെയ്ത് മോനെ വിട്ടു തരണം.. ”

തൊഴു കയ്യോടെ അവൾ അപേക്ഷിക്കുമ്പോൾ പതിയെ ഫോൺ കയ്യിലെക്കെടുത്തു അനിൽ

” ദേ നോക്ക് പുറത്ത് ആളുണ്ട്. ഒരൊറ്റ കോൾ മതി എഫ് ഐ ആർ ഇടും ഇപ്പോ പിന്നെ നിങ്ങടെ മാനം കപ്പലേറും അറിയാലോ കഞ്ചാവ് കേസാണ്.

നിനക്ക് നിന്റെ മോൻ ആണ് വലുത് എങ്കിൽ നൈസിനു വെളീൽ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു തോപ്പും പടിയിൽ ഞങ്ങടെ ഗസ്റ്റ്ഹൗസിന്റെ മുന്നിൽ ഇറങ്ങി നിൽക്ക്. ഞാൻ അങ്ങ് എത്തിക്കോളാം. ഉച്ച കഴിഞ്ഞു നേരെ ഇവിടെ തിരിച്ചു വന്നു മോനേം കൂട്ടി ഹാപ്പി ആയി വീട്ടിലേക്കും പോകാം എന്താണെന്ന് വച്ചാൽ വേഗം ആലോചിച്ചു പറയ്.”

ഇത്തവണ അറുത്തു മുറിച്ചു തന്നെ പറഞ്ഞു അനിൽ മകന്റെ ഭാവിക്കായി തനിക്ക് മുന്നിൽ വഴങ്ങുകയല്ലാതെ വിമലയ്ക്ക് മറ്റൊരു വഴിയില്ല എന്നത് അയാൾക്ക് ഉറപ്പായിരുന്നു. അല്പസമയം കൂടി മൗനമായി ഇരുന്നിട്ട് പതിയെ അനിലിന് നേരെ നോക്കി വിമല.

” ശെരി സർ… പക്ഷെ ഇവിടുന്ന് ഇറങ്ങുന്നേനു മുന്നേ എനിക്ക് മോനെ ഒന്ന് കാണണം.. അതിനു അനുവദിക്കണം ”

ആ ആവശ്യം സന്തോഷത്തോടെയാണ് അനിൽ സ്വീകരിച്ചത്. വിമലയുടെ തീരുമാനം അയാളെ അത്രമേൽ സന്തോഷിപ്പിച്ചു. നിമിഷങ്ങൾക്കകം ഹർഷനെയും കൊണ്ട് കോൺസ്റ്റബിൾ അവർക്ക് മുന്നിൽ എത്തി. അമ്മയെ കണ്ട പാടെ പൊട്ടിക്കരഞ്ഞു ഹർഷൻ.

” അമ്മേ എന്നെ രക്ഷിക്ക് അമ്മേ.. ഞാൻ ഒന്നും ചെയ്‌തിട്ടില്ല. അവര് ആരാണെന്നും എനിക്ക് അറിയില്ല.. ”

മകന്റെ മിഴികൾ തുളുമ്പുന്നത് കണ്ട് വിമലയുടെ ഉള്ളൊന്ന് വിങ്ങി.

” കരയണ്ട ടാ മോനെ. ഉച്ച കഴിഞ്ഞിട്ട് അമ്മ വരും നിന്നെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാൻ അതുവരെ നീ ഇവിടിരുന്നു എൻജോയ് ചെയ്യ് ”

അനിലിന്റെ കമന്റ് കേട്ട് അയാളെ ഒന്ന് നോക്കിയ ശേഷം പതിയെ എഴുന്നേറ്റ് ഹർഷനരികിലേക്ക് ചെന്നു വിമല ശേഷം കയ്യിൽ ഇരുന്ന ഫോൺ അവന് നേരെ നീട്ടി.

” മോനെ ദേ അമ്മ ഇതിൽ ഒരു വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ട്. അത് റെക്കോർഡ് ആയോ ന്ന് ഒന്ന് നോക്ക്യേ.. ”

ഒന്നും മനസിലാകാതെ ഹർഷൻ ഫോൺ കയ്യിലേക്ക് വാങ്ങുമ്പോൾ അപകടം മണത്തു കൊണ്ട് ഒരു നടുക്കത്തോടെ അറിയാതെ എഴുന്നേറ്റു പോയി അനിൽ. അത് കണ്ടിട്ട് ചെറു പുഞ്ചിരിയോടെ അയാൾക്ക് നേരെ തിരിഞ്ഞു വിമല

” എനിക്ക് ഈ കുന്തം കയ്യിൽ കൊണ്ട് നടക്കാൻ അല്ലാണ്ട് വേറൊന്നും അറില്ല സാറേ.. പിന്നേ കുറച്ചു കുറച്ചായി ഇവനാണ് എനിക്ക് ഓരോന്ന് പറഞ്ഞു തരുന്നത്. സാറ് പ്രശ്നക്കാരൻ ആണെന്ന് അറിഞ്ഞു കൊണ്ടാ ഞാൻ ഇങ്ങട് വന്നു കേറിയേ..

ഇവനെ വിട്ടു തരാൻ ഇമ്മാതിരി ചെറ്റത്തരം നിങ്ങൾ ആവശ്യപ്പെടുമെന്നും ഊഹിച്ചു. അത് കൊണ്ട് നിങ്ങൾ ഇവിടെ നടത്തിയ പ്രസംഗം മുഴുവൻ ഞാൻ അങ്ങ് റെക്കോർഡ് ചെയ്ത്. നല്ല പോലൊന്നും കിട്ടിക്കാണില്ല പക്ഷെ നിങ്ങൾ പറയുന്നത് എല്ലാം അതിൽ കാണും. തെളിവിനു ഇതൊക്കെ മതി ബാക്കി ചാനലുകാര് നോക്കിക്കോളും ”

അവൾ പറഞ്ഞു നിർത്തുമ്പോൾ അറിയാതെ വിയർത്തു പോയി അനിൽ.

” അമ്മാ.. വീഡിയോ റെക്കോർഡ് ആയിട്ടുണ്ട്.. ഞാൻ കയ്യോടെ വാട്ട്സാപ്പിൽ കുഞ്ഞയ്ക്കു അയച്ചിട്ടുണ്ട് . ”

ഹർഷന്റെ വാക്കുകൾ കേൾക്കെ അല്പം ആത്മവിശ്വാസം കൂടി വിമലയ്ക്ക്. അനിൽ ആകട്ടെ കടുത്ത അമർഷത്താൽ പല്ലിറുമ്മി.

” എടീ.. മറ്റേ മോളെ.. നിനക്ക് എന്നെ അറില്ല വിളച്ചിൽ എടുത്താൽ രണ്ടിനേം തൂക്കി അകത്തിടും ഞാൻ. ”

ആ ഭീക്ഷണി കേട്ടിട്ട് പൊട്ടിച്ചിരിച്ചു വിമല. ആ ചിരി വീണ്ടും അനിലിന്റെ രോഷം കെടുത്തി.

“എന്റെ പൊന്ന് സാറേ.. കുഞ്ഞയ്ക്ക് വീഡിയോ വാട്ട്സാപ്പിൽ അയച്ചു ന്ന് മോൻ പറഞ്ഞത് കേട്ടില്ലേ ഈ കുഞ്ഞ ന്ന് പറഞ്ഞത് എന്റെ അനിയത്തിയെ ആണ്. അവള് വക്കീലാ.. ഇപ്പോ സ്ഥലത്ത് ഇല്ലാതായി പോയി അതാ ഞാൻ ഒറ്റയ്ക്ക് വരേണ്ടി വന്നേ… വാശി കാണിച്ചു ഞങ്ങളെ ദ്രോഹിക്കാൻ നിന്നാൽ എന്താകും സ്ഥിതി ന്ന് ഇനി കൂടുതൽ സാറിനു വിശദീകരിക്കേണ്ട കാര്യം ഇല്ലല്ലോ അല്ലെ. ”

ഇത്തവണ താൻ ശെരിക്കും പെട്ടു ന്ന് മനസ്സിലായി അനിലിന്. നിരാശയിൽ അയാൾ തന്റെ ചെയറിലേക്ക് ഇരുന്നു.

“വിളിച്ചോണ്ട് പോടീ നിന്റെ മോനെ.. ”

തല കുമ്പിട്ടിരുന്ന് മുരണ്ടു അയാൾ. അതോടെ വിമലയുടെ മിഴികൾ വിടർന്നു.

” സാറേ.. വേറെ ദേഷ്യം ഒന്നും തോന്നിയേക്കരുത് ഗതികേട് കൊണ്ടാ.. മാനത്തിനൊക്കെ വിള പറഞ്ഞാൽ എങ്ങിനാ കേട്ടോണ്ട് നിൽക്കുന്നെ.. കെട്ട്യോൻ ഒപ്പം ഇല്ലേലും ദേ അങ്ങേരു കെട്ടിയ താലി ഇപ്പോഴും പൊന്ന് പോലെ കൊണ്ട് നടക്കുവാ ഞാൻ. ആ ഞാൻ എങ്ങിനാ ഈ വഷളത്തരത്തിനൊക്കെ കൂട്ട് നിൽക്കുക…

സാറിനു ഒരു ദോഷത്തിനും വരില്ല ഞങ്ങൾ. അതുപോലേ വാശി തോന്നി ഞങ്ങളെ ദ്രോഹിക്കാനും വരരുത്. ആ വീഡിയോ കളയില്ല ഞാൻ. ഒരു ഉറപ്പിനു വേണ്ടി കയ്യിൽ തന്നെ വച്ചേക്കും. പേടിയില്ലാതെ ജീവിച്ചു പോണ്ടേ ”

മറുപടി പറഞ്ഞില്ല അനിൽ. വാശി കാണിച്ചാൽ അത് തനിക്ക് ദോഷം ചെയ്തേക്കും എന്നത് വ്യക്തമായി അറിയാമായിരുന്നു അയാൾക്ക്.

ഹർഷനെ ചേർത്ത് പിടിച്ചു നെറുകയിൽ ഒരു മുത്തം നൽകി പതിയെ പുറത്തേക്ക് നടന്നു വിമല.

” സാറിനെ കെണി വച്ചിട്ടിട്ടു പോണ പോക്കാ.. ഇഞ്ചിയായി അകത്തു ഇരിപ്പുണ്ട് അനിൽ സാർ.. ”

എസ് ഐ യുടെ റൂമിൽ ന്ന് പുറത്തേക്കിറങ്ങുമ്പോൾ വനിതാ കോൺസ്റ്റബിൾ മാരുടെ അടക്കം പറച്ചിൽ കേട്ട് ഒന്ന് നിന്നു വിമല.

” എന്റെ പൊന്ന് സാറന്മാരെ… അകത്തിരിക്കുന്ന ആള് കേൾക്കേ ഇങ്ങനൊന്നും പറയല്ലേ നിങ്ങൾ .. അങ്ങേർക്ക് വാശി തോന്നി ഞങ്ങടെ പിന്നാലെ വന്നാൽ പിന്നെയും ബുദ്ധിമുട്ട് ഞങ്ങൾക്കാ.. വെറും സാധാരണക്കാരാണ്.. അകത്ത് വല്യ വായിൽ പറഞ്ഞു ന്ന് അല്ലാണ്ട് വഴക്കിനും വാശിക്കുമൊന്നും ഞങ്ങൾ ഇല്ല.. ജീവിച്ചു പോയിക്കോട്ടെ ”

തൊഴു കയ്യോടെ വിമല നടന്നകലുമ്പോൾ ആ കോൺസ്റ്റബിൾ മാരുടെയും വായടഞ്ഞു.

“ഇന്നത്തെ കണി ആരാണോ ന്തോ നാശം.. ”

വിമലയും ഹർഷനും നടന്നകലുന്നത് ജന്നലിലൂടെ നോക്കി നിന്ന് പല്ലിറുമ്മി അനിൽ.

Leave a Reply

Your email address will not be published. Required fields are marked *