ആ സമയമെല്ലാം അയാളുടെ നോട്ടം മുഴുവൻ എന്റെ ശരീരഭാഗങ്ങളിൽ തന്നെയായിരുന്നു, അതോടെ കസ്റ്റമർ നല്ല ഒന്നാന്തരം കോഴിയാണെന്നെനിക്കു

(രചന: Pratheesh)

ഞാൻ നിനക്കു വേണ്ടി അഞ്ചു ലക്ഷം രൂപ നിന്റെ ബാങ്കിൽ ഒന്നോ രണ്ടോ വർഷത്തേക്ക് ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടാൽ അതിൽ എനിക്കെന്താണ് നേട്ടം ?
അതായിരുന്നു അയാൾ എന്നോടു ചോദിച്ച ചോദ്യം !

ആ സമയമെല്ലാം അയാളുടെ നോട്ടം മുഴുവൻ എന്റെ ശരീരഭാഗങ്ങളിൽ തന്നെയായിരുന്നു, അതോടെ കസ്റ്റമർ നല്ല ഒന്നാന്തരം കോഴിയാണെന്നെനിക്കു മനസിലായി, എങ്കിലും അതൊന്നും പ്രകടിപ്പിക്കാതെ തന്നെ ഞാനയാളോടു പറഞ്ഞു,

ഇന്ററസ്റ്റ് കിട്ടും സാർ എന്ന് !
അതുകേട്ട് വീണ്ടും അയാൾ എന്നോടു ചോദിച്ചു,
അതിപ്പോ ഏതു ബാങ്കിൽ ഇട്ടാലും എനിക്കു കിട്ടില്ലെയെന്ന് ?

വീണ്ടും അയാൾ എന്നോടു പറഞ്ഞു,
പൈസ അഞ്ചോ പത്തോ ഞാനിടാം പണമൊരു പ്രശ്നമല്ല പക്ഷേ ?

ആ പക്ഷേയിലുണ്ട് എല്ലാം !

ആ പക്ഷേ കേട്ടപ്പോൾ തന്നെ മനസിലായി അയാൾക്കാവശ്യം ബാങ്കിന്റെ ഇന്ററസ്റ്റല്ല അയാളുടെ ഇന്ററസ്റ്റിനോടു ഇന്ററസ്റ്റുള്ള ആളെയാണ് വേണ്ടതെന്ന്,

ഒന്നും നേരിട്ടു പറഞ്ഞില്ലെങ്കിലും അതു കേൾക്കുന്നവർക്കു എളുപ്പം മനസിലാവും വിധമായിരുന്നു അയാളുടെ മുഖവും മുഖഭാവങ്ങളും കണ്ടതോടെ

കാഴ്ച്ചയിൽ മാത്രമാണ് അയാൾ മാന്യനെന്നും കൈയ്യിലിരുപ്പ് അത്ര വെടിപ്പല്ലെന്നും മനസിലായി അതോടെ അയാളുടെ മനസിലിരുപ്പ് എനിക്കു വളരെ വ്യക്തമായി തന്നെ മനസിലായി !

ഒരു പെണ്ണായതു കൊണ്ടു തന്നെ
ഈ ചോദ്യം ഇതിനു മുന്നേയും പല പ്രാവശ്യം ഞാൻ കേട്ടിട്ടുണ്ട്,

ആദ്യം ഞാൻ ജോലി ചെയ്തിരുന്ന ഇൻഷ്വൂറൻസ് കമ്പനിയിൽ വെച്ച് ഇതേ ചോദ്യം ഒരു തുടർക്കഥയായപ്പോഴാണ് ആ ജോലി ഞാൻ മതിയാക്കിയത് !

കുറച്ചധികം ഫിനാൻഷ്യൽ ബേഗ്രൗണ്ടുള്ള പലരേയും ഇത്തരം കാര്യങ്ങൾക്കു വേണ്ടി സമീപിക്കുമ്പോൾ മിക്കവരിൽ നിന്നും ആദ്യം കടന്നു വരുന്ന ചോദ്യവും ഇതാണ് ഒപ്പം നമ്മളേ നോക്കി കാര്യങ്ങളെല്ലാം മനസിലായില്ലെ എന്ന തരത്തിൽ അവരുടെ ഒരു ചിരിയുണ്ട്,

രണ്ടു കൂടി ചേരുമ്പോൾ തന്നെ അവരുടെ ഉദ്ദേശം വളരെ വ്യക്തമായി തന്നെ നമ്മൾക്കു മനസിലാവും, അതോടെ പലപ്പോഴും അത്തരം ഉദ്യമം അവസാനിപ്പിച്ച് മടങ്ങി പോരുകയാണ് സാധാരണ പതിവ് !

എന്നാലിന്ന് ബാങ്കിൽ തന്നെ കൂടെ വർക്കു ചെയ്യുന്നവനും സുഹൃത്തുമായ കൃദ്ധാർത്ഥ് റെക്കമെന്റു ചെയ്തതിന്റെ പേരിലായിരുന്നു ഞാനയാളെ കാണാൻ പോയത്,

ആള് വമ്പൻ സ്രാവാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് പോയതും പക്ഷേ സുഹൃത്തിന്റെ റെക്കമെന്റെഷനൊന്നും അവിടെ വിലപോയില്ലെന്നു മാത്രമല്ല അയാൾ ഉദേശിക്കുന്ന കാര്യങ്ങൾ നടന്നാൽ മാത്രമേ അയാൾ ഫണ്ടു ചെയ്യു എന്നും മനസിലാതോടെ ഞാൻ അവിടം വിട്ടു പോരാൻ തീരുമാനിക്കുകയായിരുന്നു,

അയാളുടെ മനസിലിരുപ്പ് മനസിലാക്കി അവിടുന്ന് ഇറങ്ങി പോരാൻ നിൽക്കവേ അയാൾ എന്നോട് എന്റെ പേരു ചോദിച്ചു,

അയാളുടെ സ്വഭാവം വെച്ച് ആദ്യം അയാളോടു പേരു പറയേണ്ട എന്നായിരുന്നു എന്റെ തീരുമാനം പിന്നെ ഒന്നാലോചിച്ചപ്പോൾ തോന്നി ഒന്നു പേരു പറയുന്നതിൽ എന്താ ഇപ്പോ അത്ര വലിയ പ്രശ്നമെന്ന് ?

അതോടെ ഞാൻ അയാളോട് ” നിരാമയ ” എന്ന എന്റെ പേര് പറഞ്ഞു ! അതു കേട്ടതും അയാൾ എന്നെ ഒന്നു കൂടി സൂക്ഷിച്ചു നോക്കി !

എനിക്കാണേൽ അവിടുന്ന് എങ്ങിനെയെങ്കിലും പോന്നാൽ മതി എന്നായിരുന്നു അതു കൊണ്ടു തന്നെ വേഗം ഞാനവിടുന്നിറങ്ങി !

നല്ല നേരും നെറിയും ഉള്ള കസ്റ്റമേഴ്സ് വേറെയുള്ളപ്പോൾ ഇത്തരം ഒരു ഊള കസ്റ്റമറേ കണ്ടു സമയം കളയേണ്ടതില്ലെന്ന് ഞാനും തീരുമാനിച്ചു,

അതോടെ ആ സംഭവം അവസാനിക്കുകയും ഞാൻ എന്റെ മറ്റു തിരക്കുകളിൽ മുഴുകുകയും മാസങ്ങൾ പതിയേ കടന്നു പോകുകയും ചെയ്തു,

ഒരു ദിവസം ആ മാസത്തെ ടാർഗറ്റ് തികയ്ക്കാൻ പറ്റാതെ വന്നപ്പോൾ എന്തു ചെയ്യുമെന്ന ആലോചനയിൽ ഇരിക്കവേ അങ്ങോട്ടു വന്ന ഭർത്താവിനോടു അതു പറഞ്ഞപ്പോൾ അവൻ പറഞ്ഞു ഏസി റൂമിൽ തന്നെയിരിക്കാതെ ഇടക്കെ റോഡിൽ ഇറങ്ങി പണിയെടുക്കണമെന്ന് !

അവൻ ആ പറഞ്ഞത് എനിക്കത്ര ഇഷ്ട്ടപ്പെട്ടില്ല,
എന്നാലും ഞാൻ പരിഭവം കാണിച്ചില്ല,

എന്നെങ്കിലും അവനും ഇതുപോലെ ഒരു ദിവസം ഇതേ പ്രശ്നവും പറഞ്ഞു വരുമ്പോൾ അതേ നാണയത്തിൽ പകരം വീട്ടാമെന്ന് ഞാനും കരുതി !

ആ മാസവും കടന്നു പോയെങ്കിലും ടാർഗറ്റ് തികക്കാനായില്ല എന്നാൽ പ്രശ്നം അതായിരുന്നില്ല പുതിയതായി വന്ന രണ്ടു പിള്ളേര് വളരെ ഈസിയായി അവരുടെ ടാർഗറ്റ് തികക്കുകയും ആ മാസത്തെ വിജയിയാകുകയും ചെയ്തു അതോടെ എന്റെ മേലുള്ള പ്രഷർ പിന്നെയും കൂടി,

കെട്ടിയോനോടു പറഞ്ഞിട്ടു കാര്യമൊന്നുമില്ല എന്നറിയാവുന്നതു കൊണ്ട് പറഞ്ഞില്ല

അടുത്ത മാസം എങ്ങിനെയെങ്കിലും ടാർഗറ്റ് തികച്ചില്ലെങ്കിൽ അതു ചിലപ്പോൾ ജോലിയേ തന്നെ ബാധിച്ചേക്കാം എന്നു ഒാപ്പറേഷൻ ഹെഡ് പറഞ്ഞപ്പോൾ സത്യത്തിൽ ടെൻഷൻ അതിന്റെ ഉച്ചിയിലെത്തി !
എന്തു ചെയ്യുമെന്നൊരു പിടിയുമില്ല,

ആ സമയമാണ് ബാങ്കിൽ എന്നെ കാണാൻ ഒരു പെണ്ണു വന്നത് അവൾ എന്നോടു ചില കാര്യങ്ങൾ പറഞ്ഞു,

സത്യത്തിൽ അവൾ പറഞ്ഞ കാര്യങ്ങൾ എനിക്ക് വല്ലാത്ത വേദനയാണ് നൽകിയത് !
അതും കൂടി കേട്ടതോടെ എന്റെ അതുവരെ ഉണ്ടായിരുന്ന മനോബലം പോലും ആ സമയം നഷ്ടമായി,

അവൾ വന്നു പോയതോടെ എന്റെ മുഖഭാവം കണ്ട പലരും എന്നോട് എന്തു പറ്റി എന്നു ചോദിച്ചെങ്കിലും ഞാൻ ആരോടും ഒന്നും പറഞ്ഞില്ല,

എവിടെയൊക്കയോ ഒരു തോൽവി ഞാൻ മുന്നിൽ കണ്ടു, എന്നിട്ടും എന്റെ മുന്നിലുള്ള വലിയ പ്രശ്നമായി ഞാൻ ജോലിയേയും ടാർഗറ്റിനേയും തന്നെയാണ് കണ്ടത്,

വീണ്ടും സ്വബോധം വീണ്ടെടുത്ത് കൈയ്യിലുള്ള കസ്റ്റമർ ലീസ്റ്റിലെ കോൺഡാക്ക്റ്റിലേക്ക് മുഴുവൻ വിളിച്ചെങ്കിലും പ്രതീക്ഷിക്കതക്ക രീതിയിലൊരു ഗുണവും അതു കൊണ്ടുണ്ടായില്ല,
അതോടെ അതുവരെയും കൈമുതലായിരുന്ന ഊർജ്ജവും പതിയേ ചോർന്നു പോകാൻ തുടങ്ങി,

മാസാവസാനത്തിനു നാലു ദിവസം കൂടിയേ അവശേഷിക്കുന്നുള്ളൂ എന്നത് എന്നെ ആകെ അസ്വസ്ഥതയാക്കി,

ടാർഗറ്റ് തികയാൻ ഇനിയും ആറു ലക്ഷം കൂടി വേണം !

അങ്ങിനെ ആകെ പ്രാന്തു പിടിച്ചിരിക്കുന്ന അവസ്ഥയിലാണ് കൃദ്ധാർത്ഥ് അവന്റെ ഫോൺ എന്റെ നേരെ നീട്ടിയത്,

ഫോണിലേക്ക് നോക്കിയതും ഫോണിലെ പേരു കണ്ടപ്പോൾ തന്നെ മനസിലായി പഴയ ആ കോഴി കസ്റ്റമറാണ് !

അതു കണ്ടതും ഞാനെന്റെയുള്ളിലെ സർവ്വദേഷ്യവും കൊണ്ടവനെ രൂക്ഷമായി ഒന്നു നോക്കി,

അതു കണ്ടവൻ പേടിച്ചു പിൻമാറും എന്നു കരുതിയെങ്കിലും സംഭവിച്ചത് തിരിച്ചായിരുന്നു പെട്ടന്നവൻ കോൾ അറ്റന്റ് ചെയ്ത് ഇപ്പോൾ കൊടുക്കാം എന്നു പറഞ്ഞു കൊണ്ട് ഫോൺ എന്റെ മുന്നിലേക്ക് നീട്ടി വെച്ച് എന്നെ നോക്കാതവൻ മറുവശത്തേക്ക് തിരിഞ്ഞു നടന്നു പോയി,

ഫോണിൽ അയാൾ ഹലോ ” ഹലോ ” എന്നു പറയുന്നത് എനിക്കും കേൾക്കുന്നുണ്ടായിരുന്നു,
അയാളോടു സംസാരിക്കാൻ എനിക്കും താൽപ്പര്യമില്ലായിരുന്നു,

എന്തു ചെയ്യണം എന്നു സംശയിച്ചു നിന്നെങ്കിലും പെട്ടന്നു തന്നെ ഫോൺ എടുത്ത് അയാൾ എന്നോടെന്തെങ്കിലും പറയും മുന്നേ ഞാനയാളോടു പറഞ്ഞു,

” നിങ്ങൾ വിചാരിക്കുന്ന തരത്തിലുള്ള ഒരാളല്ല ഞാൻ എനിക്കു നിങ്ങളോടു ഒന്നും പറയാനുമില്ല എനിക്ക് നിങ്ങളുടെ ബിസിനസ്സും വേണ്ട !”

അതും പറഞ്ഞു ഞാൻ വേഗം തന്നെ ഫോൺ കട്ടാക്കി,

എന്നാൽ അതിനടുത്ത നിമിഷം അയാൾ ചിരിച്ചു കൊണ്ട് എന്റെ മുന്നിലേക്ക് കയറി വന്നു തുടർന്ന് എന്നോടായി പറഞ്ഞു,

ഇവിടെയുണ്ടോ എന്നറിയാനാണു ഫോൺ ചെയ്തത് ഞാൻ ബാങ്കിനു പുറത്തു തന്നെയുണ്ടായിരുന്നു,

പിന്നെ ഞാൻ പണ്ടു പറഞ്ഞതുമായി ബന്ധപ്പെടുത്തി ഒരു ബിസിനസ്സ് സംസാരിക്കാനല്ല ഇപ്പോൾ ഇങ്ങോട്ടു വന്നത്,
അതൊന്നും മനസിൽ വെക്കേണ്ട,

അതും പറഞ്ഞയാൾ ബാഗു തുറന്ന് കാണിച്ച് അയാൾ എന്നോടു വീണ്ടും പറഞ്ഞു,
ഇത് നാൽപ്പതു ലക്ഷമുണ്ട് എനിക്കൊരു ഡിപ്പോസിറ്റ് വേണം !

അതും പറഞ്ഞയാൾ എന്റെ മുന്നിലിരുന്നു,
അയാളോടെന്തു പറയണമെന്നു ആലോജിച്ചു കൺഫ്യൂഷനായി ഇരിക്കുന്ന എന്നെ നോക്കി,

” ഒരു ഫോം തരൂ ഞാൻ ഫില്ലപ്പ് ചെയ്തു തരാം എന്നു കൂടി പറഞ്ഞതോടെ ചുറ്റിലുമുള്ളവർ എന്നെ നോക്കാൻ തുടങ്ങി അവർക്കു സംശയം തോന്നാതിരിക്കാൻ ഞാൻ വേഗം ഫോമെടുത്ത് അയാൾക്കു നൽകി,

അയാൾ അതു ഫിൽ ചെയ്തു പണം കൗണ്ടറിലടച്ച് എന്നാ ശരിയെന്നും പറഞ്ഞു പെട്ടന്നു തന്നെ മടങ്ങി പോകുകയും ചെയ്തു,

സത്യത്തിൽ അവിടെ എന്താണു സംഭവിച്ചതെന്ന് എനിക്കു തന്നെ മനസിലായില്ല, എന്നാലും അതോടെ മൂന്നു കാര്യങ്ങൾ എനിക്കു മനസിലായി

ഒന്ന് ആ മാസത്തെ ടാർഗറ്റ് ഞാൻ അച്ചീവ് ചെയ്തിരിക്കുന്നു എന്നും രണ്ട് ദൈവം എല്ലാ വഴികളും ഒന്നിച്ചടക്കില്ലായെന്നും, മൂന്ന് നമ്മൾ കരുതി വെച്ചിരിക്കുന്നതിനെ മറി കടന്ന് ഒരാളിൽ എപ്പോൾ വേണമെങ്കിലും ഒരു മാറ്റം സംഭവിക്കാമെന്നും !

കുറച്ചൊരു സമാധാനമായാണ് അന്നു വീട്ടിലെത്തിയതെങ്കിലും രണ്ടു കാര്യങ്ങളിൽ എനിക്കു വ്യക്തതയുണ്ടായിരുന്നില്ല അതിലൊന്ന് കൃദ്ധാർത്ഥിന് എന്തു കൊണ്ടയാൾ ആ ഡിപ്പോസിറ്റ് കൊടുത്തില്ല എന്നത്,
രണ്ട് അയാളിൽ ആ മാറ്റം എങ്ങിനെ സംഭവിച്ചു എന്നത് !

കൃദ്ധാർത്ഥിന്റെ കാര്യം ഞാനവനുമായി ഫോണിൽ സംസാരിച്ചപ്പോൾ അവൻ പറഞ്ഞു അയാൾ ഒരു പ്രത്ര്യേക തരക്കാരനാണെന്നും

മുന്നേ ഒരിക്കൽ അവനുമായുണ്ടായ ഒരു ഡീലിൽ എന്തോ നഷ്ടം വന്നതിൽ പിന്നെ അവനുമായി നേരിട്ടയാൾ ബിസിനസ്സ് നടത്തിയിട്ടില്ലായെന്ന് അതോടെ ആ സംശയം അവസാനിച്ചു,
അപ്പോഴും മറ്റെ സംശയം അപ്പോഴും ബാക്കി നിന്നു,

ആ സംഭവതിനു ശേഷവും അയാൾ എന്നേ വിളിക്കുകയോ സംസാരിക്കുകയോ കാണുകയോ ഒന്നും തന്നെ ഉണ്ടായില്ല,

മാസം പിന്നെയും മൂന്നു കഴിഞ്ഞു വലിയ പ്രശ്നങ്ങളില്ലാതെ ഞാനും മുന്നോട്ടു പോകവേ മറ്റൊരു ദിവസം അതേ ബാഗുമായി അയാൾ പിന്നെയും എന്നെ കാണാൻ ബാങ്കിൽ വന്നു

അന്നും അയാൾ എനിക്ക് മുപ്പതു ലക്ഷത്തിന്റെ ഡിപ്പോസിറ്റ് തന്നു കൊണ്ട് മറ്റൊരു കാര്യങ്ങളെ കുറിച്ചും ഒരക്ഷരം പോലും പറയാതെ തന്നെ മടങ്ങി പോയി,

അതോടെ അയാളെക്കുറിച്ച് ശരിക്കും എനിക്കത്ഭുതമായി, അന്നു വൈകിട്ട് ഒരു ഉപകാരസ്മരണയെന്നോണം ഞാനയാൾക്ക് താങ്ക്യൂ ” എന്നു മാത്രം എഴുതി കൊണ്ട് ഒരു വാട്ട്സാപ്പ് മെസേജ് അയച്ചു

അതിനയാൾ ഇറ്റ്സ് ഒാക്കെ ” എന്നൊരു റിപ്ലേ മാത്രമാണ് തന്നത് !
അവിടെയും എന്റെ കണക്കു കൂട്ടലുകളെ മുഴുവൻ അയാൾ പിന്നെയും തകർത്തു,

ഒരു മാസത്തിനു ശേഷം പിന്നെയും അയാൾ എന്നെ തേടി വന്നു അന്നയാൾ വീണ്ടും എനിക്ക് അറുപതു ലക്ഷത്തിന്റെ ഡിപ്പോസിറ്റ് തന്ന ശേഷം പഴയ പോലെ മടങ്ങി പോയി,

അതോടെ അയാളെക്കുറിച്ച് കൂടുതലായി അറിയാനുള്ള ഒരു ത്വര എന്നിലുണർന്നു, അതയാളിൽ നിന്നു തന്നെ അറിയണമെന്നൊരു വാശിയും എനിക്കുണ്ടായിരുന്നു അതു കൊണ്ടു തന്നെ രണ്ടും കൽപ്പിച്ച് നേരിട്ട് ഞാനയാളെ ഫോണിൽ വിളിച്ചു,

അയാൾ എന്നോടു വളരെ ബഹുമാനത്തോടും സൗഹൃദത്തോടുമാണ് സംസാരിച്ചത് അവിടെ ഞാനയാളുടെ വേറൊരു മുഖമാണ് കണ്ടത് !

എന്നോടു തോന്നിയ താൽപ്പര്യത്തിനു അയാൾ ഉത്തരമായി പറഞ്ഞത് എന്റെ പേരിനോടുള്ള അയാളുടെ ഇഷ്ടമായിരുന്നു എന്നാണ് !

നിരാമയ” എന്ന എന്റെ പേരയാൾ ആദ്യമായി കണ്ടത് ഒരു ഡോക്ടറുടെ വീടിനായിരുന്നത്രേ അതും അയാളുടെ ചെറുപ്പത്തിൽ അന്നതിന്റെ അർത്ഥം ഡോക്ടറോടു ചോദിച്ചപ്പോൾ ഡോക്ടർ പറഞ്ഞു രോഗമില്ലാത്ത”
ദു:ഖമില്ലാത്ത ”

ആപത്തില്ലാത്ത ” എന്നൊക്കെയാണന്ന്
അതോടെ ആ പേരയാളുടെ മനസിനെ വല്ലാതെ സ്വാധീനിച്ചുവത്രേ എന്നലത് കാലങ്ങൾ കഴിഞ്ഞതോടെ മനസിൽ നിന്നു മാഞ്ഞു പോവുകയും ചെയ്തു,

എന്നാൽ ആ പേരിനോടയാൾക്ക് അന്നു തൊട്ടെ വല്ലാത്തൊരടുപ്പം തോന്നിയിരുന്നത്രേ
പിന്നീട് ഞാനെന്റെ പേരു പറഞ്ഞപ്പോഴാണ് ആ പേര് ഒാർമ്മിച്ചതെന്നും ഒപ്പം അതേ പേരുള്ള എന്നോടും അയാൾക്ക് എന്തോ ഒരിഷ്ടം തോന്നിയതെന്നും !

അല്ലെങ്കിലും ചിലതങ്ങിനയാ ഉള്ളിൽ ഉണ്ടാവുമെങ്കിലും ഒാർമ്മയിൽ തെളിയില്ല, ”
അതോടെ എന്റെ പേരിനോടു എനിക്കും വല്ലാത്തൊരിഷ്ടമായി,

അയാളുമായുണ്ടായ ആ സംസാരം നൽകിയ ധൈര്യം പിന്നീട് അതു നല്ല ബന്ധമായി വളർന്നു,

അയാളുമായി സംസാരിച്ചതിൽ നിന്ന് അയാൾ ഒരു ഇന്റെർനാഷ്ണൽ ലെവൽ ബ്രോക്കറാണെന്നും ലക്ഷങ്ങൾ വാടകയിനത്തിൽ മാസവരുമാനമുള്ള നാട്ടിലെ ബിൽഡിങ്ങുകൾ ഗൾഫിലും മറ്റുമുള്ള ബിസിനസ്സ് മലയാളികൾക്ക് കച്ചവടം ചെയ്യുന്നതാണ് അയാളുടെ ജോലിയെന്നും

ഒരോ കച്ചവടം കഴിയുമ്പോഴും അതിൽ നിന്നു ബ്രോക്കറേജായി കിട്ടുന്ന പണമാണ് അയാൾ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യുന്നതെന്നും മനസിലായി,

അതോടൊപ്പം മുന്നേ ഞങ്ങൾ തമ്മിൽ അദ്യമായി കണ്ട അന്ന് അയാൾ അന്നെനോടു അത്തരത്തിൽ സംസാരിക്കാനുണ്ടായതിന്റെ കാരണവും ഒരു ദിവസം അയാൾ എന്നോടു പറഞ്ഞു,

ജോലിയുടെ ഭാഗമായി അയാളുടെ പണം അവർക്ക് അനുകൂലമായ നിലയിൽ ഇൻവെസ്റ്റ് ചെയ്യിക്കുക എന്ന ഉദ്ദേശത്തോടെ അയാളെ തിരഞ്ഞു വരുന്ന പല പെണ്ണുങ്ങളും

അയാളുടെ പണം കൊണ്ട് അവർക്കുണ്ടാകുന്ന ബിസിനസ്സിനും കാര്യലാഭത്തിനും ജോലിയുടെ നിലനിൽപ്പിനും വേണ്ടി എളുപ്പവഴി എന്ന നിലയിൽ അവരിൽ പലരും തന്നെ അവരെ സ്വയം കാഴ്ച്ചവെക്കാൻ തയ്യാറാവാറുണ്ടെന്നും,

അയാൾ ഏതെങ്കിലും കാരണം പറഞ്ഞ് ഒഴിവാകാൻ ശ്രമിച്ചാൽ പോലും പ്രലോഭനത്തിന്റെ ഭാഷയിലും മുഖഭാവത്തിലും ശബ്ദത്തിലും തികഞ്ഞ വ്യത്യാസം വരുത്തി
” സാറെ നമുക്കൊരു ബിസിനസ്സ് ടൂർ പോയാലോന്ന് ” അങ്ങോട്ടു ചോദിക്കുകയും

ചുമ ഒരു ചോദ്യമല്ലാതെ കൂടെ ചെല്ലാൻ തയ്യാറാവുകയും ചെയ്യുന്നതോടെ അയാളിലും അതൊരു ആശയായി കയറാറുണ്ടായിരുന്നെന്നും അങ്ങിനെ ചിലതെല്ലാം സംഭവിച്ചിട്ടുണ്ടെന്നും,

അതിന്റെ രസം അറിഞ്ഞേ പിന്നേ കുറച്ചധികം പണം കൈയ്യിൽ വരുമ്പോൾ ആദ്യം ചിന്തിക്കുക ഈ കാര്യമാണെന്ന നിലയിലേക്ക് അതെല്ലാം പലപ്പോഴും മാറി പോയിട്ടുണ്ടെന്നും,

ഇത്തരം കാര്യങ്ങൾക്ക് അവർ തന്നെ മുൻകൈയ്യെടുത്ത് നിർബന്ധിക്കാറുള്ളതു കൊണ്ടാണു പല ഇൻവെസ്റ്റുമെന്റും നടന്നതെന്നും,

അതിന്റെ ഭാഗമായി ഞാനും അത്തരത്തിൽ പെട്ടതായിരിക്കുമോ എന്നു കരുതിയാണ് എന്നെയും അന്നയാൾ കണ്ടതെന്നും എന്നോടു പറഞ്ഞു,

ആദ്യമെല്ലാം ഈ പെണ്ണുങ്ങളെല്ലാം എന്താണ് ഇങ്ങനെയെന്നുള്ള സംശയം അയാൾക്കും ഉണ്ടായെങ്കിലും അപ്പോഴൊന്നും അയാൾക്കതിനുള്ള ഉത്തരം കിട്ടിയില്ല

പിന്നീട് അത്തരത്തിൽ വന്ന ഒരു പെണ്ണു തന്നെയാണ് അയാൾക്ക് അതിനുള്ള ഉത്തരം കൊടുത്തതെന്നും അതെന്തായിരുന്നെന്നു കൂടി അയാൾ എന്നോടു പറഞ്ഞു,

പല കമ്പനികളുടെയും തലപ്പത്തിരിക്കുന്നവന്മാർ
അവരാണ് കസ്റ്റമേഴ്സിന്റെ ഇത്തരം ബലഹീനതകളെ മുതലെടുത്ത് ബിസിനസ്സ് കൂട്ടാമെന്നും കമ്പനി ടാർഗറ്റ് ഈസിയായി മറികടക്കാമെന്നും മനസിലാക്കി

ഇൻവെസ്റ്ററുടെ ഇത്തരം ആവശ്യങ്ങൾക്ക് വഴങ്ങി കൊടുത്തു കൊണ്ട് ബിസിനസ്സ് ഉണ്ടാക്കാൻ താൽപ്പര്യമുള്ള പെണ്ണുങ്ങളെ കണ്ടെത്തി അതേ സ്ഥാപനത്തിൽ തന്നെ അവരെപ്പോലുള്ളവരെ ജോലിക്കാരികളാക്കി വെച്ച് അവർ വലിയ ബിസിനസ്സ് തരപ്പെടുത്താൻ തുടങ്ങിയപ്പോൾ

അവർ ഉണ്ടാക്കിയെടുത്ത ആ പ്രവണതയുടെ ഫലമായി അതിനൊട്ടും താൽപ്പര്യം ഇല്ലാത്തവർ പോലും ആ രീതിയിൽ വിലയിരുത്തപ്പെടുന്ന രീതിയിലേക്ക് ഇതെല്ലാം മാറ്റി മറിച്ചിരിക്കുന്നു എന്നു കൂടി പറഞ്ഞപ്പോൾ അതു ശരിയായിരിക്കാമെന്ന് എനിക്കും തോന്നി !

നോർത്ത് ഇന്ത്യയിൽ നിന്നൊക്കെ ട്രാൻസ്ഫറായി വന്നവരാണ് ഇതാദ്യം തുടങ്ങി വെച്ചതെന്നും മറ്റൊരു നാട്ടിൽ നിന്നു ഈ നാട്ടിലെത്തി ഇവിടെയുള്ളവരുമായി പെട്ടന്ന് ബിസിനസ് ഉണ്ടാക്കുക എന്നു വെച്ചാൽ അവർക്കത് അത്ര എളുപ്പമല്ലായിരുന്നതു കൊണ്ട് അവർ കണ്ടെത്തിയ എളുപ്പവഴി ആയിരുന്നു പോലും അത്,

തുടർന്നതു മനസിലാക്കിയ ഇവിടെയുള്ളവരും അതേറ്റെറ്റെടുക്കുക
ആയായിരുന്നെന്നുമാണ് ആ പെണ്ണയാളോടു പറഞ്ഞത് !

കേട്ടപ്പോൾ എന്റെ ജീവിതത്തിൽ തന്നെ ഉണ്ടായ ചില കാര്യങ്ങളെയും കൂടി അതുമായി ചേർത്തു വെച്ചു മനസിലാക്കാൻ ശ്രമിച്ചതോടെ അതിലെവിടയോ ചില സത്യങ്ങൾ ഒളിഞ്ഞിരിക്കുന്നതായി എനിക്കും തോന്നി,

അയാളുമായുള്ള സംസാരവും സൗഹൃദവും പുരോഗമിച്ചപ്പോൾ ഒരു പ്രതിഫലവും മോഹിക്കാതെ തന്നെ എപ്പോൾ എനിക്കൊരു അത്യവശ്യം വരുമ്പോഴും അയാളെന്നെ സഹായിച്ചു കൊണ്ടെയിരുന്നു,

അതോടെ ആ ബന്ധവും അയാളോടുള്ള എന്റെ വിശ്വാസവും വല്ലാതെ എന്നിൽ ദൃഢമായി,

ഒരു ദിവസം സംസാരത്തിനിടയിൽ എന്റെ ഒരു ആഗ്രഹത്തെക്കുറിച്ച് ഞാനയാളോടു പറഞ്ഞു ഭർത്താവിനോട് അത് പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും പണചിലവുള്ളതു കൊണ്ടും രണ്ടു മൂന്നു ദിവസമെങ്കിലും വേണ്ടി വരുമെന്നതു കൊണ്ടും അങ്ങേരത് അതത്ര ഗൗരവമായി എടുത്തതേയില്ല,

ഞാനതു പറഞ്ഞതും അയാളെന്നോട് ഒരു ദിവസം ലീവെടുക്കാമോ എന്നു ചോദിച്ചു,
ഒരു ദിവസം ലീവെടുത്താൽ അതു സാധിക്കുമോ എന്ന എന്റെ സംശയത്തിനു അയാൾ ശരിയാക്കാമെന്നു പറഞ്ഞു,

അരമണിക്കൂറിനു ശേഷം അയാൾ എന്നെ വിളിച്ച് നാലു ഡേയ്റ്റ് പറഞ്ഞു തന്നു കൊണ്ട് അതിൽ ഏതു ദിവസമാണ് സൗകര്യമെന്നു ചോദിച്ചപ്പോൾ സാധ്യമാകും എന്നു തോന്നിയ ഒരു ദിവസം പറഞ്ഞതോടെ കാര്യങ്ങൾ ആ ദിവസത്തിലേക്കെത്തി !

അങ്ങിനെ വിമാനത്തിൽ കയറണമെന്ന എന്റെ ആഗ്രഹത്തോട് ഞാൻ അടുത്തു,
കരിപ്പൂരിൽ നിന്ന് ബാഗ്ലൂരിലേക്കായിരുന്നു ഞങ്ങൾ അന്നു പോയത് രാവിലെ ഒൻപതു മണിക്ക് ഫ്ലൈറ്റ് കയറിയ ഞങ്ങൾ ഒൻപതേമുക്കാലിന് മുക്കാൽ മണിക്കൂർ കൊണ്ട് ബാഗ്ലൂരിലെത്തി,

മടക്കഫ്ലൈറ്റ് ഉച്ചക്ക് മൂന്നു മണിക്കായിരുന്നു അതു കൊണ്ടു തന്നെ ബാഗ്ലൂർ ഹെലാങ്ക എയർപ്പോർട്ടിനടുത്തു തന്നെ ഞങ്ങൾ റൂമെടുത്തു,

എന്നാൽ മുറിയിലെത്തിയതോടെ അതുവരെ അയാളോട് ഉണ്ടാവാതിരുന്ന വല്ലാത്തൊരു ഫിസിക്കൽ അറ്റ്റാക്ഷൻ എനിക്കപ്പോൾ ഉണ്ടാവാൻ തുടങ്ങി അത് ഒരോ നിമിഷവും കൂടി കൂടി വന്നു കൊണ്ടെയിരുന്നു

അവസാനം അതിന്റെ ഭാഗമായി രണ്ടും കൽപ്പിച്ച് അയാൾക്കരുകിലേക്ക് ചെന്ന് ഞാനയാളോടു ചേർന്നു നിന്ന് ഞാനയാളെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു അതിനൊക്കെയുള്ള ധൈര്യം എങ്ങിനെ വന്നുവെന്ന് എനിക്കറിയില്ല എങ്കിലും അതു സംഭവിച്ചു,

എന്റെ ആ പ്രവർത്തിയുടെ ഭാഗമായി അയാളിലും അതെ ആശ ജനിക്കുകയും അതേ തുടർന്ന് അവിടെ വെച്ച് ശാരീരികമായി എല്ലാതരത്തിലും ഞങ്ങൾ ഒന്നായി തീരുകയും ചെയ്തു !

മൂന്നു മണിയുടെ ഫ്ലൈറ്റിൽ ഞങ്ങൾ തിരിച്ചു പോരുകയും ചെയ്തു, വിമാനയാത്രക്ക് അന്നു പോയാൽ അന്നു തന്നെ തിരിച്ചു വരവ് നടക്കില്ലെന്നായിരുന്നു ഞാൻ അതുവരെ കരുതിയിരുന്നത്,

എന്റെ മനസിൽ വിമാനയാത്രയെന്നത് രണ്ടും മൂന്നും മണിക്കൂറൊക്കെ എടുത്തുള്ള യാത്രമാത്രമായിരുന്നു ഉണ്ടായിരുന്നത് അതു കൊണ്ടു തന്നെ ഏറ്റവും അടുത്തുള്ള ഒരു സ്ഥലം തിരഞ്ഞെടുത്തും ഇങ്ങനെ പോകാം എന്ന ഒരു ചിന്ത എന്റെ മനസിൽ കടന്നു വന്നതുമില്ല,

ബാഗ്ലൂർ എന്നു കേൾക്കുമ്പോഴും ബസോ ട്രെയിനോ മറ്റോ മാത്രമേ ഒാർമ്മയിലും വരാറുള്ളൂ ഇതറിയാമായിരുന്നെങ്കിൽ നേരത്തെ തന്നെ ഞാൻ പോകുമായിരുന്നു,

ഫ്ലൈറ്റിൽ വെച്ചുള്ള ആലോചനയിൽ മറ്റൊരു കാര്യമാണ് എനിക്ക് ബോധ്യപ്പെട്ടത് ഒരേ കാര്യത്തിൽ എല്ലാ ആണുങ്ങളും ഒന്നല്ല എന്ന വസ്തുത, ആവശ്യത്തിനു ഉപയോഗപ്പെടുത്തുന്നു എന്നതിൽ നിന്ന് ആവശ്യങ്ങൾ അറിഞ്ഞ് പ്രാവർത്തികമാകുന്നതിലെ വ്യത്യസ്ഥത ഞാൻ ശരിക്കും അയാളിലൂടെ തിരിച്ചറിഞ്ഞു,

കൃത്യമായ ഇടപെടലുകൾ തമ്മിലുണ്ടായാൽ ഒട്ടും ഇഷ്ടമില്ലാതിരുന്ന ഒരാളിൽ നിന്ന് ഒരുപാട് ഇഷ്ടം തോന്നുന്ന ഒരാളിലേക്കുള്ള ദൂരം വളരെ ചെറുതാണെന്ന് എനിക്കന്നാണ് മനസിലായത്!

എന്തു കൊണ്ടാണ് അന്നത് സംഭവിച്ചതെന്ന് നിങ്ങൾക്കു സംശയം തോന്നിയേക്കാം, അത്രയും കാലമായി തന്നെ സഹായിക്കുന്ന ഒരാളോടുള്ള ആരാധനയുടെ പുറത്ത് സംഭവിച്ചതാണോ ?

അതോ തന്റെ പേരിനെ സ്നേഹിക്കുന്ന ഒരാളോടുള്ള ഇഷ്ടം കൊണ്ടാണോ ?
അതോ ഒരവസരം കിട്ടിയപ്പോൾ അതു താൻ മുതലെടുത്തതാണോ ?
എന്നോക്കെ,

എന്നാൽ സത്യം വേറേയായിരുന്നു,
അയാളോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു എന്നതു ശരി തന്നെയാണ് അതും അതിനു വഴി തെളിയിച്ചിട്ടുണ്ടാകാമെങ്കിലും അതിന്റെ ശരിയായ കാരണം വേറെയാണ് !

ഞാൻ നേരത്തേ പറഞ്ഞില്ലെ ഒരിക്കൽ ഒരു പെൺകുട്ടി എന്നെ കാണാൻ ബാങ്കിൽ വന്നതും അവൾ പറഞ്ഞതു കേട്ട് എനിക്ക് വലിയ സങ്കടവും ദേഷ്യവും ഒക്കെ വന്നു എന്നതും ?

ആ പെൺകുട്ടി എന്റെ ഭർത്താവിന്റെ ഒാഫീസിൽ ജോലി ചെയ്തിരുന്നവളായിരുന്നു അവളോട് എന്റെ ഭർത്താവ് പറഞ്ഞു അവളുടെ ജോലി സ്ഥിരമായി നിൽക്കണമെങ്കിൽ

ടാർഗറ്റ് അച്ചീവ് ചെയ്തെ പറ്റുവെന്നും അതിന് നേരായ മാർഗ്ഗത്തിൽ സാധിക്കുന്നില്ലെങ്കിൽ പുറത്തിറങ്ങി കാണേണ്ടവരേ കാണേണ്ട രീതിയിൽ കണ്ട് കൊടുക്കേണ്ടത് കൊടുത്ത് കാര്യങ്ങൾ നേടിയെടുക്കേണ്ടി വരും എന്നും,

നിങ്ങൾ ആരുടെ കൂടെപോയി കിടന്നിട്ടായാലും വേണ്ടില്ല എനിക്ക് ബിസിനസ്സ് കിട്ടിയേ തീരു !
ചെറിയ രീതിയിലൊക്കെ അഡ്ജസ്റ്റ് ചെയ്യാതെ ശീലാവതി ചമഞ്ഞിരുന്നതു കൊണ്ടു കാര്യങ്ങൾ മുന്നോട്ടു പോകില്ലായെന്നും അവളുടെ മുഖത്തു നോക്കി പച്ചക്ക് പറഞ്ഞുവത്രേ !

” ചേച്ചി സൂക്ഷിച്ചോ ബിസിനസ്സിനു വേണ്ടി അയാൾ ചിലപ്പോൾ നിങ്ങളേയും വിൽക്കും ”

എന്ന ചാട്ടുളി പോലുള്ള ഒരു വാക്കും കൂടി പറഞ്ഞാണ് അവളന്ന് മടങ്ങി പോയത് !
അതു കേട്ടപ്പോൾ എനിക്കുണ്ടായ വിഷമവും സങ്കടവും വേദനയും നിങ്ങൾക്കൂഹിക്കാവുന്നതേയുള്ളൂ,

ഒരിക്കൽ ഭർത്താവ് എന്നോടും ഇതു പറഞ്ഞിട്ടുണ്ട് പുറത്തിറങ്ങി പണിയെടുക്കണമെന്ന് അത് ഈ അർത്ഥത്തിലാണോ എന്നെനിക്ക് നിശ്ചയമില്ല

എങ്കിലും എനിക്കു തോന്നുന്നത് ആ പെൺകുട്ടിയോടുള്ള അവന്റെ സമീപനത്തോടും പെരുമാറ്റത്തോടും പൊരുത്തപ്പെടാൻ മനസ്സിന് സാധിക്കാതെ വന്നതിന്റെ പ്രതികാരമാകാമെന്നാണ് !

അതല്ലെങ്കിൽ പിന്നെ എന്റെ ഉള്ളിൽ ഞാൻ പോലും അറിയാതെ ഉറങ്ങി കിടന്ന എന്റെ ആഗ്രഹങ്ങളുടെ സാഫല്യത്തിനു അനുകൂലമായ ഒരു സാഹചര്യം കൈവന്നപ്പോൾ ഉണ്ടായ ഉൾപ്രേരണയോ ആകാം ഇതു സംഭവിക്കാൻ കാരണമെന്നാണ് !

അല്ലെങ്കിലും ചിലതെല്ലാം അങ്ങിനെയാണ് കാരണങ്ങൾ പലതാണെങ്കിലും തെറ്റോ ശരിയോ എന്നതിനേക്കാൾ ഒരിഷ്ടം മനസിൽ കയറിയാൽ തടസ്സങ്ങൾ എന്നു കരുതിവെച്ചിരിക്കുന്ന പലതും നമ്മൾ മറന്നു കളയും…

Leave a Reply

Your email address will not be published. Required fields are marked *