രചന: Pratheesh
അഞ്ചു വർഷത്തിനു ശേഷമായിരുന്നു ആ കണ്ടുമുട്ടൽ….,
അയാൾ എന്നെ തന്നെ നോക്കി നിൽക്കുന്നതു കണ്ടപ്പോൾ എനിക്ക് ഭയമായി….,
ഇനി വീണ്ടും എന്നെ എല്ലാവർക്കും മുന്നിലിട്ടു ചീത്ത വിളിക്കാനാവുമോ….?
ഒരിക്കൽ മാത്രമേ ഞാനയാൾക്കു മുന്നിൽ പോയിട്ടുള്ളൂ,
അതും അയാളുടെ വീട്ടിൽ..!
എന്റെ പ്രാണനായിരുന്ന അയാളുടെ മകളുമായി ഞാൻ ഇഷ്ടത്തിലാണെന്നും അവളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞ്…..!
അന്നയാൾ എന്നെ പിടിച്ചു തള്ളി തല്ലുമെന്നും കൊല്ലുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി…!
എന്നിട്ടും യാതൊരു ഭാവമാറ്റവുമില്ലാതെ അവരുടെ വീട്ടുമുറ്റത്ത് തന്നെ നിന്നപ്പോൾ അയാൾ അതായത് അവളുടെ അച്ഛൻ എന്റെ കോളറിൽ കുത്തിപ്പിടിച്ച് എന്നെ വീടിന്റെ ഗെയ്റ്റിനു വെളിയിലെത്തിച്ചു…,
ആ സമയമൊക്കയും
വീടിനകത്തുണ്ടായിട്ടും അവൾ ഒന്നു പുറത്തിറങ്ങുകയോ എനിക്കുവേണ്ടി
ഒരു ചെറുവിരലക്കുകയോ ചെയ്തില്ല…,
ചുറ്റം കൂടിയവർക്കിടയിൽ അപമാനിക്കപ്പെട്ടതിലല്ല..,
അവളുടെ മൗനമാണ് എന്നെ തോൽപ്പിച്ചത്….!
ആ ധൈര്യത്തിലാവണം അവളുടെ അച്ഛൻ എന്റെ മുഖത്തു നോക്കി പറഞ്ഞു….,
ഞാൻ നട്ട ചെടിയാണ് അതിൽ തൊട്ടാൽ നിന്റെ കൈ ഞാൻ വെട്ടും നായിന്റെ മോനെ…..!!
എന്റെ മകളെ നിന്നെപ്പോലുള്ള എരപ്പാളികൾക്ക് കെട്ടിച്ചു കൊടുക്കാനുള്ളതല്ലടാ
പുല……….ടി മോനെ……!
അവൾക്ക് രാജകുമാരനെ പോലെ ഒരു ചെക്കനെ ഞാൻ കണ്ടെത്തി കൊടുക്കും….,
നിനക്കൊന്നും പെണ്ണു കിട്ടാനില്ലെങ്കിൽ വല്ല അനാഥാലയത്തിലും പോയി നോക്കടാ എരണംക്കെട്ടവനെ…..!
അതും പറഞ്ഞയാൾ എന്റെ മുന്നിൽ ഗെയ്റ്റ് കുറ്റിയിട്ടു ഉള്ളിലെക്ക് നടന്നുപ്പോയി…..!
പ്രണയിനി നിശബ്ദമായി നിരസിച്ചപ്പോൾ ഞാൻ പരാജിതനായി…..!!
മടങ്ങി പോന്നു….!
ഈ സംഭവം അവളുടെ ചുറ്റുവട്ടം മൊത്തം അറിഞ്ഞതു കൊണ്ടാവാം പിന്നെയും രണ്ടു വർഷമെടുത്തു അവളുടെ വിവാഹം കഴിയാൻ….!
അതോടെ സർവ്വ പ്രതീക്ഷകളും അറ്റ്
ആ ബന്ധം വേരോടെ പിഴുതെറിയപ്പെട്ടു……!
പിന്നീട് അവളെ കണ്ടട്ടില്ല..,
ഇതെല്ലാം ഒാർത്തെടുക്കുന്നതിനിടയിൽ അയാൾ എന്റെയടുത്തേക്ക് തന്നെ നടന്നു വന്നു…,
അയാളുടെ വരവ് എന്നെ കൂടുതൽ ഭയചിതനാക്കി…
എനിക്കെന്തോ പേടി പോലെ…,
ഇനി അവളുടെ പുതിയ കുടുംബജീവിതം മോശമാണെങ്കിൽ പോലും അതിനും ഞാൻ തന്നെ ചീത്ത കേൾക്കേണ്ടി വരും…..,
കാരണം…,
മകളുടെ കാമുകനാണല്ലെ അവളുടെ പിതാവിന്റെ ആജീവനാന്ത ശത്രൂ…….!
അയാൾ എനിക്കു മുന്നിലെത്തിയതും ഞാൻ മുഖം വെട്ടിച്ചു അതു കണ്ടതും അയാൾ എന്നെ പേരേടുത്തു വിളിച്ചു…..!
എന്റെ പേരയാൾ ഒാർത്തിരിക്കുന്നതിലെ അതിശയം കലർന്നു ഞാനയാളെ നോക്കവെ….,
എനിക്കൊരു ചായ വേണം…..!
എന്നു കൂടി അയാൾ പറഞ്ഞതോടെ എനിക്കൊരു എത്തും പിടിയും കിട്ടിയില്ല…,
അയാളുടെ ആ വാക്കുകൾ കേട്ടതും ഞാൻ തലയാട്ടി സമ്മതിച്ചു…..,
ഹോട്ടലിലെത്തിയതും അയാൾ എന്നെ തന്നെ നോക്കിയിരുന്നു…,
ചായ വന്നതും അതിൽ നിന്നും ഒരു കവിൾ മൊത്തി കുടിച്ചു കൊണ്ട് അയാൾ എന്നോട് ചോദിച്ചു…,
നീയറിഞ്ഞിട്ടില്ലാലെ….?
ഇല്ലെന്നർത്ഥത്തിൽ ഞാൻ തലയാട്ടിയതും…,
അയാൾ പറഞ്ഞു തുടങ്ങി..,
എല്ലാം അവസാനിച്ചിട്ട് ഒന്നര വർഷായി…!
എനിക്കെന്റെ മോളെ നഷ്ടപ്പെട്ടിട്ടും….!!
തൂങ്ങി മരിക്കുകയായിരുന്നു….!
അതു കേട്ടതും എന്റെ നെഞ്ചിൽ ഒരു വാൾ കുത്തിയിറങ്ങിയ പോലെ വേദന കൊണ്ടു ഞാൻ പുളഞ്ഞു….,
അതെ സമയം അമ്പരപ്പിക്കുന്ന വേഗത്തിൽ രണ്ടു വലിയ കണ്ണീർത്തുള്ളികൾ എന്റെ കണ്ണിൽ നിന്നും പൊടിഞ്ഞു…,
മറ്റു രണ്ടെണ്ണം എപ്പോൾ വേണേലും പൊഴിയാൻ തക്കം പാർത്ത് കണ്ണോരത്ത് തന്നെ തങ്ങി നിന്നു….,
ആ നിമിഷം പഴയ ആ സ്നേഹ പരിരംഭണത്തിൽ ഞാനൊന്ന് ലയിച്ചതും എന്റെ കണ്ണിൽ അത്ര നേരം തങ്ങി നിന്ന കണ്ണീർത്തുള്ളികൾ കവിളിലൂടെ ഹൃദയത്തിലെക്ക് അരിച്ചിറങ്ങി….!
അയാൾ പിന്നെയും പറഞ്ഞു തുടങ്ങി…,
എന്റെ മകൾ മരിച്ചതല്ല…,
അവൻ ആ നായിന്റെ മോൻ മാനസീകമായി പീഠിപ്പിച്ചു കൊന്നതാ….,
അവന്റെ പതിവുക്കാരികൾക്ക് കൂട്ടു കിടക്കാൻ വേണ്ടി….!
ഒന്നു നിർത്തി അയാൾ വീണ്ടും ചായ ഗ്ലാസ്സ് കൈയിലെടുത്ത് അത് കുടിക്കാൻ തുടങ്ങി…,
വീണ്ടും ഒന്നു നിർത്തി അയാൾ പറഞ്ഞു..,
എനിക്കു വേണ്ടിയ അവള് നിന്നെ വേണ്ടാന്നു പറഞ്ഞത്…,
അന്നെനിക്ക് അതൊന്നും മനസ്സിലായില്ല..,
പാവം ജീവിച്ചു കൊതി തീർന്നിട്ടുണ്ടാവില്ല എന്റെ മോൾക്ക്…,
എല്ലാം എന്റെ തെറ്റാണ്..,
എന്റെ മോളെ ഞാൻ അതിരറ്റ് സ്നേഹിച്ചു പക്ഷെ അവളുടെ ഇഷ്ടങ്ങളെ സ്നേഹിക്കാൻ മറന്നു പോയി….,
കൂടെ നിന്നെയും..,
അതു കേട്ട് നനവു പറ്റിയ കണ്ണോടെ ഞാനയാളെ നോക്കവേ അയാൾ പറഞ്ഞു..,
വീട്ടിൽ കയറി വന്ന് പെണ്ണു ചോദിക്കുന്നവനെ നമ്മൾ മനസിലാക്കാൻ ശ്രമിക്കണം
കാരണം
അവനു വേണമെങ്കിൽ അവളെ ആരും അറിയാതെ കടത്തി കൊണ്ടു പോയി വിവാഹം കഴിക്കാം എന്നിട്ടും അതിനൊന്നും മുതിരാതെ വീടിന്റെ പടി വന്ന് മകളെ ഇഷ്ടമാണെന്നു പറയാൻ കാണിക്കുന്ന
ആ മനസ്സ് പലപ്പോഴും ഒരച്ഛനും കാണാൻ ശ്രമിക്കാറില്ല…,
ഞാനും അങ്ങിനെയായി പോയി….,
അതു പറഞ്ഞു കൊണ്ട് പോക്കറ്റിൽ നിന്ന് ഒരു കടലാസ് എടുത്തു എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു
ഇതവൾ അവസാനമായി നിനക്കെഴുതിയതാണെന്ന്…,
അതു വാങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞ് കൈ വിറക്കുന്നുണ്ടായിരുന്നു കണ്ണീര് സമം ചേർത്താണത് വായിച്ചത് നാലു വരി മാത്രമെ അവളതിൽ എഴുതിയിട്ടുള്ളൂ…,
വേദനിപ്പിച്ചതിനെല്ലാം എന്നോട് ക്ഷമിക്കുക…,
അടുത്ത ജൻമത്തിലും ഇതെ കാര്യങ്ങൾക്കായി ഞാൻ വാശിപ്പിടിച്ചാലും അതൊന്നും ചെവി കൊള്ളാതെ എന്നെ സ്വന്തം ജീവിതത്തിലെക്ക് കൂട്ടണേ…..!
അവൾ അതു വരെ അനുഭവിച്ച മൊത്തം വേദനയും ആ വാക്കുകളിൽ സ്പഷ്ടമായിരുന്നു….,
കത്തു മടക്കി ഞാൻ എന്റെ നെഞ്ചോടു ചേർത്തു പോക്കറ്റിൽ വെച്ചു…,
ഹോട്ടലിൽ നിന്നിറങ്ങി അയാൾ യാത്ര പറയാൻ തുനിഞ്ഞപ്പോൾ എന്താവശ്യമുണ്ടെങ്കിലും ഏതു നേരത്താണെങ്കിലും
വിളിക്കണമെന്നു പറഞ്ഞു എന്റെ നമ്പർ അയാളുടെ ഫോണിൽ സേവ് ചെയ്തു കൊടുത്തു….,
തുടർന്ന് അതിൽ നിന്നു എന്റ ഫോണിലേക്ക് ഞാൻ ചെയ്ത മിസ്സ് കോൾ അച്ഛൻ ” എന്ന പേരിൽ എന്റെ ഫോണിൽ സേവ് ചെയ്യവേ..,
അവളുടെ അച്ഛൻ തിരിഞ്ഞു നോക്കി എന്റെ പേരു വിളിച്ചു കൊണ്ട് ചോദിച്ചു…”
” അത്രക്ക് ഇഷ്ടമായിരുന്നെങ്കിൽ നിനക്കവളെ വിളിച്ചോണ്ട് പോവായിരുന്നില്ലെ…?
എന്നാൽ ഇന്നെന്റെ മകളെ ജീവനോടെ
ഒന്ന് കാണാനെങ്കിലും എനിക്ക് കഴിയുമായിരുന്നില്ലെയെന്ന്…..???
അതും പറഞ്ഞവർ തിരിഞ്ഞു നടന്നെങ്കിലും ആയിരം ശരങ്ങൾ ഒന്നിച്ചു പതിച്ച പോലായി അതു കേട്ട എന്റെ ഹൃദയം….!!!
.
Pratheesh