(രചന: Pratheesh)
എന്തു ഉദ്ദേശത്തോടു കൂടിയാണ്
നമ്മൾ തുടങ്ങുന്നത് എന്ന് നമുക്ക് തന്നെ തിരിച്ചറിയാൻ കഴിയാത്ത
ചില ബന്ധങ്ങളുണ്ട്, പ്രണയമെന്നോ,
കാ മമെന്നോ വേർതിരിച്ചറിയാനാവാത്ത ചില ബന്ധങ്ങൾ, ചുറ്റുപാടുകളും, സാഹചര്യങ്ങളും, സന്ദർഭങ്ങളും ഒക്കെ ആയിരിക്കും ചിലപ്പോൾ അവയെ നമ്മൾക്ക് പോലും മനസിലാക്കി തരുക!
ദലജ് ശ്രീവർണ്ണികയെ പരിചയപെടുമ്പോഴും അവളുമായി അടുക്കുമ്പോഴും ദലജിന് ആ ബന്ധം അത്തരത്തിൽ ഒന്നായിരുന്നു,
പക്ഷേ ശ്രീവർണ്ണികക്ക് തന്റെ നിലവിലെ ദാമ്പത്യപ്രശ്നങ്ങളിൽ നിന്നു ഒരു രക്ഷ തേടിയുള്ള ബന്ധമായിരുന്നു ദലജുമായുണ്ടായിരുന്നത്,
ഭർത്താവിൽ നിന്നു വലിയ തോതിലുള്ള അവഗണനകൾ ഒരു തുടർക്കഥയായപ്പോൾ,
എന്തിലും ഏതിലും സംശയം മാത്രം കണ്ടെത്താൻ തുടങ്ങിയപ്പോൾ,
ചുറ്റിലുമുള്ള ഒരാണുങ്ങളോടും സംസാരിക്കാൻ പാടില്ലന്നു നിർബന്ധം വെച്ചപ്പോൾ,
മറ്റ് പല ആണുങ്ങളുമായി തനിക്ക് രഹസ്യബന്ധമുണ്ടെന്നുള്ള തരത്തിലുള്ള കുറ്റപ്പെടുത്തലുകൾ കൊണ്ട് അസഹ്യമായപ്പോൾ ഒക്കെ ഒരു അത്താണി ആയാണ് ശ്രീവർണ്ണിക തുടക്കത്തിൽ ആ ബന്ധത്തെ നോക്കി കണ്ടത്,
എന്നാൽ അവൾ പോലും അറിയാതെ അവളുടെ മനസിന്റെ സകല ചിന്താമണ്ഡലങ്ങളെയും മറികടന്ന് ആ ബന്ധം നാൾക്കു നാൾ വളരുകയായിരുന്നു,
അതല്ലെങ്കിലും ബന്ധങ്ങളെല്ലാം ഒന്നു തുടങ്ങി കിട്ടാനെ ഒരു പ്രയാസമുള്ളൂ പിന്നെ വാക്കുകളുടെ സമൃതി വളമാക്കിയതു വളരുക പെട്ടന്നായിരിക്കും !
എന്തെങ്കിലും കൊണ്ട് ആരേയെങ്കിലും ഒന്നു പരിചയപ്പെടണമെന്നോ അവരോടോന്ന് സംസാരിക്കണമെന്നോ തോന്നിയാൽ പോലും സ്വന്തം മനസിന്റെ ഒരായിരം സംശയങ്ങൾക്ക് ശരിയുത്തരം ലഭിച്ചാൽ മാത്രമേ ഒരു ഹായ് എങ്കിലും മറ്റുള്ളവരിലേക്ക് കടന്നു ചെല്ലൂ,
എന്നാൽ പരിചയപ്പെടൽ എന്ന വലിയ കടമ്പ കടന്നാൽ ജന്മജന്മാന്തരമായി പരിചിതരാം വണ്ണം ഒരു മൂല്യവും നോക്കാതെ അവർ അടുക്കുകയും ചെയ്യുന്നു,
ശ്രീവർണ്ണികയും തുടക്കത്തിൽ അങ്ങിനെ തന്നെയായിരുന്നു ദലജുമായുള്ള ബന്ധം തുടങ്ങാൻ അവളും വളരെ സമയമെടുത്തിരുന്നു
എന്നാൽ ആ ബന്ധം വെറും നാലു ദിവസം കൊണ്ടാണ് എല്ലാം പരസ്പരം തുറന്നു സംസാരിക്കാം എന്ന നിലയിലേക്ക് വളർന്നത് ഇപ്പോൾ ഈ കണ്ടുമുട്ടലിനു വേണ്ടി വന്നതും ഒന്നരമാസത്തേ സമയവും,
ആ അടുപ്പത്തിന്റെ ഫലമായാണ് അവൾ അവനെ കാണാൻ തീരുമാനിച്ചതും അവൾ തന്നെയാണ് തമ്മിൽ കാണാം എന്നാ ആ ആശയം ആദ്യം മുന്നോട്ടു വെച്ചതും!
അവൾ നിർബന്ധിച്ചു വിളിച്ചപ്പോൾ ദലജും അതിനു സമ്മതിച്ചു അല്ലങ്കിലും ഒരു പെണ്ണിനെ കാണാൻ പോകുന്നതിനു അവനു വലുതായോന്നും ഭയപ്പെടേണ്ട കാര്യവും ഇല്ലായിരുന്നു,
എങ്കിലും അവനു ചെറിയൊരു സംശയമുണ്ടായിരുന്നു, അവളുടെ വാക്കുകളിലും സംസാരങ്ങളിലും മിക്കപ്പോഴും നിറഞ്ഞു നിന്നിരുന്നത് ഭർത്താവിന്റെ അവഗണനകളും,
കുറ്റപ്പെടുത്തലുകളും അതുവഴി അവൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷമങ്ങളും തന്നെയായിരുന്നു,
അതു കൊണ്ടു തന്നെ അവനെ കാണുമ്പോൾ അവൾ ഇനിയെങ്ങാനും അവനോട് പ്രണയം ആണെന്ന് പറയുമോ എന്നൊരു സംശയവും അവനുള്ളിലുണ്ടായിരുന്നു,
പരസ്പരം ഒന്നും വിട്ടു പറഞ്ഞിട്ടില്ലെങ്കിലും അത്രത്തോള്ളം ആഴത്തിൽ അതു ചെന്നെത്തി നിന്നിരുന്നു എന്നു ഇരുവർക്കും അറിയാമായിരുന്നു,
എന്നാലവന്റെ ആ സംശയങ്ങളെയെല്ലാം മറി കടക്കും വിധം അവളെ കാണണമെന്നും അവളോടു നേരിൽ സംസാരിക്കണമെന്നും അവനും ഒരുപാട് ആഗ്രഹമുണ്ടായിരുന്നു,
പരസ്പരമുള്ള സംസാരത്തിലൂന്നി പലപ്പോഴും അവളോട് അതിരുകടന്ന ഒരു ഇഷ്ടം തോന്നിയിട്ടും അവൾ വിവാഹിതയാണെന്ന ചിന്ത അവനെ അതിൽ നിന്നെല്ലാം മാറി സഞ്ചരിക്കാൻ മനസു പ്രേരിപ്പിച്ചിരുന്നു എന്നതും അവനു സ്വയം അറിയാമായിരുന്ന ഒരു സത്യമായിരുന്നു,
അവിടെയും ഒരിക്കലെങ്കിലും ഒന്നു തമ്മിൽ കാണുകയെന്നത് അതിലും വലുതായി അവനനുഭവപ്പെട്ടിരുന്നു അതു കൊണ്ടണ് അവൾ അവശ്യപ്പെട്ടപ്പോൾ മുൻപിൻ നോക്കാതെ അവളെ കാണാൻ ഇറങ്ങി പുറപ്പെട്ടത്,
കണ്ടുമുട്ടൻ കൊച്ചിയാണവർ തിരഞ്ഞെടുത്തത് അതിന്റെ ഒരു കാരണം ഇരുവർക്കും വന്നു ചേരാൻ തുല്യ അകലം കൊച്ചിയായിരുന്നു,
രണ്ടാമത് കൊച്ചി മറ്റുള്ളവരുടെ കാര്യങ്ങളിൽ അങ്ങിനെ ഇടപ്പെടാറില്ല എന്നതു കൊണ്ടാണ്, വരുന്നവർ ആരായിരുന്നാലും അവരുടെ ആഗ്രഹങ്ങൾക്ക് കൂട്ടു നിൽക്കാൻ പലപ്പോഴും കൊച്ചിക്ക് കഴിയാറുമുണ്ട് !
രാവിലെ ഒൻപതു മണിയോടെ തന്നെ പറഞ്ഞ അതേ സമയത്തു അവളും വന്നു അവർ മെട്രോ ട്രെയ്നിൽ വെച്ചാണ് കണ്ടുമുട്ടിയത്
വൈറ്റിലയിൽ നിന്ന് ആലുവക്ക് ഏകദേശം ഒരു മണിക്കൂർ വേണമെന്നുള്ളതു കൊണ്ട് പരസ്പരം ഒന്ന് അടുത്തിടപഴകാൻ അവർ മെട്രോയെയാണ് തിരഞ്ഞെടുത്തത്,
ആദ്യമായി പരസ്പരം നേരിൽ കാണുന്നതിന്റെയും തമ്മിൽ നേരിട്ട് സംസാരിക്കുന്നതിന്റെയും ഒരു ചമ്മൽ അവർക്കിടയിൽ ഉണ്ടായിരുന്നെങ്കിലും ആദ്യത്തെ പത്തു മിനുട്ടു കൊണ്ടു തന്നെ അവരതിനെ മറികടന്നു,
പിന്നെ ആ ഒരു മണിക്കൂർ കൊണ്ട് അവർ മനസിൽ കരുതിയതിലും കൂടുതൽ വേഗത്തിലും ഒന്നുകൂടി ആഴത്തിലും അവർ പെട്ടന്നടുത്തു അടുത്തു ഇരിക്കുമ്പോൾ തമ്മിലുണ്ടായിരുന്ന ഗ്യാപ്പ് പോലും പിന്നീടില്ലാതായി !
റിട്ടേൺ ടിക്കറ്റും ഒപ്പം എടുത്തിരുന്നതു കൊണ്ട് അതേ ട്രെയ്നിൽ തന്നെ അവർ ആലുവയിൽ നിന്നു നേരെ തിരിച്ച് പിന്നെയും ലുലുവിലെത്തി,
കുറച്ചു നേരം മാളിൽ ചുറ്റി കറങ്ങിയ ശേഷം അവർ ലുലുവിലെ സൂപ്പർ മാർക്കറ്റിൽ നിന്നു ഫുഡ് എല്ലാം വാങ്ങി നേരെ മുകളിലെ ഫുഡ് കോർട്ടിൽ എത്തി സംസാരം തുടർന്നു കൊണ്ട് അവിടെ വെച്ച് ഭക്ഷണമെല്ലാം കഴിച്ചു,
ഭക്ഷണശേഷം അവർ കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ചു,
ഇനിയവളെയും കൊണ്ട് മെറൈൻഡ്രൈവിൽ പോയാലോ എന്നു ദലജ് ആലോജിച്ചു നിൽക്കവേയാണ് അവൾ പെട്ടന്ന് അവനോടു ചോദിച്ചത്,
“നമുക്കൊരു റൂം എടുത്ത് വൈകുന്നേരം വരെ നിന്നാലോന്ന് ?
അതു കേട്ടതും പെട്ടന്നൊരു ഞെട്ടൽ അവനുണ്ടായെങ്കിലും അവനതു പുറത്തു കാണിച്ചില്ല,
അവൾ അങ്ങിനൊരാവശ്യം ഇങ്ങോട്ടു പറഞ്ഞതും അവനും അതിനെതിരു പറയാൻ ശ്രമിച്ചില്ല, തുടർന്ന് അവനും അവൾ പറഞ്ഞതിനു തലയാട്ടിയതും അവൾ ഉടൻ തന്നെ ഇരിക്കുന്നിടത്തു നിന്ന് നിന്നെഴുന്നേറ്റു
അതു കണ്ടതോടെ അവനും അവൾക്കൊപ്പം എഴുന്നേറ്റു !
ലുലുവിൽ നിന്നിറങ്ങിയ അവർ റെയിൽവേ സ്റ്റേഷനു അടുത്തായി തന്നെയാണ് റൂം എടുത്തതും ഇനി ഒരൽപ്പം നേരം വൈകിയാലും പെട്ടന്നു നടന്നെത്താം എന്ന ചിന്തയോടെ,
മുറിയിലെത്തിയതോടെ വാക്കുകളും ശബ്ദങ്ങളും കൊണ്ടുള്ള സംസാരം വഴിമാറി ശരീരം കൊണ്ടവർ സംസാരിക്കാൻ ആരംഭിച്ചു,
ആ കാര്യങ്ങളിലും അവൾ തന്നെയായിരുന്നു മുൻകൈയ്യെടുത്തിതത് !
കുറച്ചധികം സമയം അവർ ശരീരങ്ങളിലൂടെ സംസാരിച്ചു !
എന്നാൽ തമ്മിൽ ഒന്നു കണ്ടു സംസാരിച്ചു മടങ്ങാം എന്നു പറഞ്ഞു വന്ന അവൾ ഇത്തരം ഒരു കാര്യത്തിലേക്ക് ഇത്ര പെട്ടന്നവനെ കൂട്ടികൊണ്ടു പോകുമെന്നവൻ തീരേ കരുതിയിരുന്നില്ല അതു കൊണ്ട് തന്നെ ശരീരസംസാരത്തിനു ശേഷം അവൻ അവളോടു ചോദിച്ചു,
” പെട്ടന്നു എന്താ ഇങ്ങനെ ഒരു തോന്നൽ ഉണ്ടാവാൻ കാരണമെന്ന് ? ”
അതിനവൾ പറഞ്ഞു, ” ഇതിനുള്ള മറുപടി പോകാൻ നേരം പറയാം എന്ന് ! ”
അതോടെ പിന്നെയവൻ അതിനെ കുറിച്ചൊന്നും അവളോടു ചോദിച്ചതുമില്ല ! സമയം ധാരാളം ഉണ്ടായിരുന്നതു കൊണ്ട് അവർ പിന്നെയും അതുപയോഗപ്പെടുത്തി,
മൂന്നുമണിയോടെ റൂം വെക്കേറ്റ് ചെയ്ത് പിന്നെയും അവർ നഗരത്തിലൂടെ നടക്കാൻ ആരംഭിച്ചു,
അവൾ ആ സമയം തീർത്തും സന്തോഷവതിയായിരുന്നെന്ന് അവളുടെ മുഖഭാവങ്ങളും ചേഷ്ടകളും അവനോടു വിളിച്ചു പറഞ്ഞു,
അവൾക്കു വാങ്ങാനുണ്ടെന്നു പറഞ്ഞ ചില മേക്കപ്പു സാധനങ്ങൾ വാങ്ങാൻ അവർ ഒരോരോ ഷോപ്പുകളായി കയറി ഇറങ്ങി നടന്നു അവൾക്കിഷ്ടപ്പെട്ട ചിലതെല്ലാം അവൾ വാങ്ങുകയും അവനതെല്ലാം കൗതുകത്തോടെ നോക്കി നിൽക്കുകയും ചെയ്തു,
നാലുമണിയോടെ അവർ റെയിൽവേ സ്റ്റേഷനിലെത്തി നാലേകാലിനായിരുന്നു അവളുടെ മടക്കട്രെയിൻ, അവിടുന്ന് പുറപ്പെടുന്ന ട്രെയിനായിരുന്നതു കൊണ്ട് ട്രെയിൻ മൊത്തം കാലിയായിരുന്നു,
അതോടെ അവർ ട്രെയിനിൽ കയറി കുറച്ചു നേരം കൂടി അവിടെയിരുന്ന് സംസാരിച്ചു,
ട്രെയിൻ വിടാൻ അനോൺസ്മെന്റ് മുഴങ്ങിയതും അവൻ ട്രെയിനിൽ നിന്നിറങ്ങാനായി എഴുന്നേറ്റതും
അവളും അവന്റെ കൂടെ വന്നു അവൻ ഫ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി നിന്നെങ്കിലും അവൾ പക്ഷേ ട്രെയിൻ വിട്ടിറങ്ങിയില്ല,
അതു കണ്ടതും അവൻ അവളോടു പിന്നേയും ചോദിച്ചു ഞാൻ നേരത്തേ ചോദിച്ച ചോദ്യത്തിനു മറുപടി തന്നില്ലല്ലോയെന്ന് ?
അതു കേട്ടതും അവളൊന്നു ചിരിച്ചു കൊണ്ട് അവനെ നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല,
എന്നാൽ ട്രെയിൻ പോകാനായി ഇളകി നീങ്ങി തുടങ്ങിയതും ശ്രീവർണ്ണിക അവനോടു പറഞ്ഞു, ” ഇനിയും ചെയ്യാത്ത കാര്യത്തിന് വേണ്ടി കുറ്റപ്പെടുത്തലുകൾ കേൾക്കാൻ ഞാൻ തയ്യാറല്ലായെന്ന്”
അതു കേട്ടതും ദലജിനും മനസിലായി ചില ബന്ധങ്ങളുടെ ഉദ്ദേശങ്ങൾ നമുക്ക് മനസിലാകാത്തതു പോലെ ചില മനസും അവയുടെ ഉദ്ദേശലക്ഷ്യങ്ങളും അതു സംഭവിച്ചു കഴിയുന്നതു വരെ മനസിലാക്കുക പ്രയാസമായിരിക്കുമെന്ന്…