“”എന്തിനാണ് നീ നിലവിളിച്ചത്… ഈ രാത്രിയിൽ ഈ കടൽത്തീരത്ത് ഒറ്റയ്ക്കു എന്താണ്. നീ ചെയ്യുന്നത്. ആരാണ് നീ “” റോയ് ചോദിച്ചു.

(രചന: പുഷ്യാ. V. S)

“”ആാാ… എന്നെ ഒന്ന് രക്ഷിക്കൂ”” അലറി വിളിക്കുന്ന പെൺകുട്ടിയുടെ ശബ്ദം കേട്ട ദിശയിലേക്ക് റോയ് നടന്നു. മണൽ തരികളെ ഞെരിച്ചുകൊണ്ട് അയാൾ വേഗം നടന്നു

നടക്കുംതോറും ആ സ്ത്രീ ശബ്ദം വീണ്ടും കാതിലേക്ക് തെളിഞ്ഞു വന്നു. അൽപ്പം കൂടി ചെന്നപ്പോൾ ആ രൂപം അയാളുടെ കണ്ണിൽ തറച്ചു. മെലിഞ്ഞൊരു ഒരു രൂപം.

എണ്ണമയം ഇല്ലാത്ത മുടിയിഴകൾ കാറ്റിൽ അനുസരണയില്ലാതെ പാറിപ്പറക്കുന്നു. മുഖത്തു ദയനീയ തെളിഞ്ഞു കാണാം. എങ്കിലും നയനങ്ങളിൽ ദീപനാളം പോലെ പ്രതീക്ഷ കത്തി നിൽക്കുന്നു. റോയ് ഓടി അവളുടെ അടുത്തേക്ക് പോയി.

“”എന്തിനാണ് നീ നിലവിളിച്ചത്… ഈ രാത്രിയിൽ ഈ കടൽത്തീരത്ത് ഒറ്റയ്ക്കു എന്താണ്. നീ ചെയ്യുന്നത്. ആരാണ് നീ “” റോയ് ചോദിച്ചു.

“” ഞാനിവിടെ തടവിലാണ്. എന്നെ ഒന്ന് മോചിപ്പിക്കൂ. ” ആ പെൺകുട്ടി അയാളോട് കേണു.

“” ഇതുപോലൊരു തുറസായ സ്ഥലത്ത് തടവിലാക്കപ്പെട്ട പെൺകുട്ടിയോ. ഇതെന്ത് ഭ്രാന്ത്‌ “” അയാളോർത്തു

“” എന്നെ ഒന്ന് മോചിപ്പിക്കൂ. ഈ ചങ്ങല വല്ലാതെ മുറുകുന്നു. അതൊന്ന് അഴിക്കൂ “” അവൾ തന്റെ കാലിലേക്ക് ചൂണ്ടി അയാളോട് പറഞ്ഞു

റോയ് അവളുടെ കാലിലേക്ക് നോക്കി. അതെ ചങ്ങലയുണ്ട്. നല്ല കാരിരുമ്പിന്റെ ചങ്ങല.

പക്ഷേ എവിടെയാണ് ഇത് ബന്ധിച്ചിരിക്കുന്നത്. ഇതിന്റെ അറ്റം എവിടെയാണ്. അയാൾ ചുറ്റും നോക്കി. ഇല്ല. എങ്ങും കാണുന്നില്ല. അതങ്ങനെ നീണ്ടു പോകുകയാണ്. ഒരു അവസാനം ഇല്ലാതെ.

“”എന്നെ മോചിപ്പിക്കു…”” ആ പെണ്കുട്ടി വീണ്ടും പറഞ്ഞു. അയാൾ പെട്ടന്ന് കയ്യിൽ കിട്ടിയ ഒരു കല്ല് എടുത്തു ആ ചങ്ങലയിലേക്ക് ആഞ്ഞടിച്ചു. ഇരുമ്പിലേക്ക് അടിക്കുന്ന ശബ്ദം അവിടെ ആകെ പരന്നു. അത് അയാളുടെ കാതുകളിലേക്ക് തുളഞ്ഞു കയറി.

“ആാഹ്ഹ് ”

റോയ് ആ ശബ്ദം താങ്ങാനാവാതെ കാതുകൾ പൊത്തി അടച്ചു. വീണ്ടും നോക്കുമ്പോൾ ആ പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു. തന്റെ കണ്മുന്നിൽ ഇരുന്ന പെൺകുട്ടി. ഇത്ര നേരം തന്റെ തൊട്ടടുത്തു ഉണ്ടായിരുന്ന വൾ.

ഒരു ഞൊടിയിട കൊണ്ട് എങ്ങോട്ട് പോയി. അവൻ ചുറ്റും നോക്കി. ആ ചങ്ങലയും അവിടെ കാണാൻ ഇല്ലായിരുന്നു. പക്ഷേ അടുത്ത നിമിഷം വീണ്ടും അവൻ അവളുടെ ശബ്ദം കേട്ടു. അതേ യാചന. “” എന്നെ മോചിപ്പിക്കൂ “”

റോയ് ഞെട്ടി ഉണർന്നു. അവൻ ആകെ വിയർത്തിരിക്കുന്നു. കുറച്ചു വെള്ളമെടുത്തു കുടിച്ച ശേഷം അവൻ ഫാനിന്റെ വേഗത ഒന്ന് കൂട്ടി.

സ്വപ്നം ആയിരുന്നോ. പിന്നെയും അതേ സ്വപനം. കുറെ കാലമായി ഒരേ രംഗങ്ങൾ തന്നെ ഉറക്കത്തിൽ പിന്തുടരുന്നു.””റോയ് മനസ്സിൽ ഓർത്തു. സമയം വെളുപ്പിന് രണ്ട് മണി കഴിഞ്ഞിട്ടേയുള്ളു. അവൻ വീണ്ടും ഉറങ്ങാൻ കിടന്നു.

ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് റോയ് പിറ്റേന്ന് എഴുന്നേറ്റത്. സെബിൻ ആണ്. അവന് പെണ്ണുകാണാൻ കൂട്ടു പോകാമെന്നു പറഞ്ഞിരുന്നു. റോയ് കാൾ എടുത്തു.

“” എടാ നീ ഇറങ്ങി നിന്ന മതി. ഞങ്ങൾ കാറും ആയി അത് വഴി വന്നോളാം. പിന്നെ ലേറ്റ് ആക്കല്ലേ. നിനക്ക് എപ്പോഴും ഉള്ളതാ എവിടേലും പോണ കാര്യം പറയുമ്പോൾ ഉള്ള കളിപ്പീര്.

അളിയാ ജീവിത പ്രശ്നം ആണേ. സമയത്തു വരണേ. നിന്റെ കാര്യം ആയോണ്ടാ എടുത്തു പറയുന്നേ “” സെബിൻ പറഞ്ഞു.

“” എടാ. ഞാൻ വരണോ. നിന്റെ കുടുംബക്കാർ ഒക്കെ ഉണ്ടല്ലോ. നിങ്ങള് പോയി കണ്ടാൽ പോരേ. ഞാനെന്തിനാ വെറുതെ. “”  റോയ് മടുപ്പ് പ്രകടിപ്പിച്ചു.

“” എടാ ചതിക്കല്ലേ. നിനക്കറിയാലോ ഇതെന്റെ ആദ്യത്തെ പെണ്ണുകാണാലാ. ഒരു ധൈര്യത്തിനാ നിന്നെ കൂടെ വിളിച്ചേ. നിനക്ക് ആവുമ്പോൾ ഈ പരിപാടിയിൽ വേണ്ടത്ര എക്സ്പീരിയൻസ് ഉണ്ടല്ലോ. പിന്നെ നമ്മള കൂട്ടത്തിൽ നിനക്ക് നല്ല രാശിയാ.

നിന്റെ കൂടെ ആരൊക്കെ പെണ്ണ് കാണലിനു പോയിട്ടുണ്ടോ അവൻമാർക്ക് ഒക്കെ ആ പോക്കിൽ തന്നെ പെണ്ണ് കിട്ടിയിട്ടുണ്ട്. കൂട്ടുകാരന് ഒരു ജീവിതം കിട്ടുന്ന കാര്യമല്ലേ. മുടക്ക് വർത്താനം പറയാതെ നീ വാ “” സെബിൻ പറഞ്ഞു

“” ഡാ കോപ്പേ. ശവത്തിൽ കുത്തുന്നോ. ഇതുകൊണ്ടൊക്കെ തന്നെയാ ഞാൻ ഇതിന് ഇല്ല എന്ന് പറഞ്ഞത്.ഇതിപ്പോ എനിക്കും മറ്റുള്ളവർക്കും ആയിട്ട് എത്ര വീട് കയറി ഇറങ്ങി പെണ്ണ് കണ്ട് ചായ കുടിച്ചു.

കൂടെ വന്നവരിൽ പലർക്കും പിള്ളേരായി. എന്നിട്ട് എനിക്കൊരെണ്ണം “” റോയ് പറയുന്ന കേട്ട് സെബിനു ചിരി വന്നു. അവൻ ഒരുവിധത്തിൽ റോയിയെ കൊണ്ട് സമ്മതിപ്പിച്ചു.

പെണ്ണിന്റെ വീട് എത്തി. റോയ് ആകെ താല്പര്യമില്ലാതെ ഇരിക്കുകയാണ്. സെബിനു ഒരു ചെറിയ പരിഭ്രമം ഒക്കെ ഉണ്ട്.

ഇരു പക്ഷത്തിലെയും ബന്ധുക്കൾ പരിചയപ്പെട്ടു. പെൺകുട്ടിയെ കണ്ടില്ലല്ലോ എന്ന് ആരോ പറഞ്ഞതും അവരിൽ ഒരാൾ അകത്തേക്കു ചെന്ന് പെണ്ണിനെ കൂട്ടിക്കൊണ്ട് വന്നു.

സെബിനും അവളും പരിചയപ്പെട്ടു. പേര് ജെന്ന. ആളൊരു അക്കൗണ്ടന്റ് ആണ്. ജെന്നയും സെബിനും കൂടുതൽ സംസാരിക്കാനായി അവിടെ നിന്ന് മാറി.

കുടുംബക്കാർ പരസ്പരം ഏതാണ്ടൊക്കെയോ സംസാരിക്കുന്നുണ്ട്. റോയ്ക്ക് ആകെ മുഷിച്ചിൽ തോന്നി. ഇവിടെ തനിക്ക് എന്താ റോൾ എന്ന് ആലോചിച്ചു അവൻ അവിടെ നിന്ന് മെല്ലെ എണീറ്റു.

പുറത്തേക്ക് ഇറങ്ങി അവൻ വെറുതെ അവിടെയൊക്കെ നടന്നു. ഗേറ്റിനരികിൽ എത്തിയപ്പോഴാണ് ആരുടെയോ ശബ്ദം കേട്ട് റോയ് തിരിഞ്ഞു നോക്കിയത്.

മുകളിൽ ബാൽക്കണിയിൽ ഒരു പെൺകുട്ടി. കൂട്ടിൽ കിടക്കുന്ന കിളികൾക്ക് തീറ്റ കൊടുക്കുകയാണ്. കൂടിനരികിൽ ഇരുന്ന് അവയോട് തന്നെയാണ് സംസാരവും. റോയ് അവളുടെ മുഖത്തേക്ക് നോക്കി. എവിടെയോ കണ്ട് മറന്ന പോലെ.

അവൻ ഓർക്കാൻ ശ്രമിച്ചു. കിട്ടുന്നില്ല. പക്ഷേ നല്ല മുഖപരിചയം.

അപ്പോഴേക്കും ആ പെൺകുട്ടി മുറിയിലേക്ക് പോകാനായി തിരിഞ്ഞു. അപ്പോഴാണ് അവൻ ശ്രദ്ധിച്ചത്. അവൾ വീൽ ചെയറിൽ ആണ്. ആ വീൽ ചെയർ തിരിച്ചു മെല്ലെ ഉരുട്ടി അവൾ തന്റെ മുറിയിലേക്ക് നീങ്ങി.

അപ്പോഴാണ് റോയ്ക്ക് അവളെ എവിടെയാണ് കണ്ട് മറന്നത് എന്ന് ഓർമ വന്നത്. സ്വപ്നത്തിൽ ഇടയ്ക്കിടെ വന്നു ഉറക്കം കെടുത്തുന്ന പെൺകുട്ടി. അതേ അവൾ തന്നെ.

കാലുകൾ ചങ്ങലയിൽ കുരുങ്ങി സഹായത്തിനായി എന്നും തന്നോട് കേഴുന്ന അവൾ തന്നെ അല്ലേ ഇത്. അവന് ആ കാഴ്ച വിശ്വസിക്കാൻ കഴിഞ്ഞില്ല.

വിവാഹം ഒക്കെ എത്താണ്ട് ഉറപ്പിച്ചു സെബിനും വീട്ടുകാരും അവിടെ നിന്ന് ഇറങ്ങി. പിന്നീട് സെബിൻ വഴി ആ പെൺകുട്ടിയെ പറ്റി റോയ് അന്വേഷിച്ചു.

ജെന്നയുടെ അമ്മയുടെ ആദ്യ വിവാഹത്തിൽ ഉള്ള കുട്ടി ആണ്. കാലിന് സ്വാദീനക്കുറവ് ഉണ്ട്. ആ വീട്ടിൽ തഴയപ്പെട്ടൊരു ജന്മം ആയി ജീവിച്ചു തീർക്കുകയാണ് ആള്. പേര് ദിയ.

ശേഷം റോയ് ഒരു തവണ കൂടെ ആ വീട്ടിലേക്ക് പെണ്ണുകാണലിന് വേണ്ടി പോയി. ഇത്തവണ ദിയയ്ക്ക് വേണ്ടി അവൻ സ്വന്തം വീട്ടുകാരോടൊപ്പം ആണ് പോയത്.

കാല് വയ്യാത്ത ഒരു കുട്ടിയെ സ്വീകരിക്കുന്നതിനെ പറ്റി വീട്ടുകാർ ഉൾക്കൊള്ളാൻ കുറച്ചു പ്രയാസപ്പെട്ടെങ്കിലും ഒടുവിൽ അവർക്കും അത് സ്വീകാര്യമായി.

ഒരേ ദിവസം തന്നെ ഇരു വിവാഹവും നടത്താൻ ഉറപ്പിച്ചു . പല സ്വപ്നങ്ങളിൽ പാതി കണ്ട് ഉണർന്ന ആ രംഗങ്ങളുടെ അർത്ഥം ദിയയെ നേരിൽ കണ്ട അന്നാണ് അവന് മനസിലായത്.

കാലുകൾക്ക് ഒപ്പം മനസിനെ കൂടെ ബന്ധിച്ചു ആരുമില്ലാത്തവളെപ്പോലെ ആ മുറിയിൽ മാത്രമായി ഒരു ലോകം തീർത്തു ജീവിച്ചിരുന്നവളെ ആ തടവിൽ നിന്ന് ആണ് അവൻ ഇപ്പോൾ മോചിപ്പിച്ചിരിക്കുന്നത്.

കാലുകൾ അല്ല അവളുടെ സ്വപ്‌നങ്ങൾ ആയിരുന്നു യഥാർത്ഥത്തിൽ അവിടെ ബന്ധിക്കപ്പെട്ടിരുന്നത്.

ഇന്നവൾ മോചിതയായിരിക്കുന്നു. അവളുടെ സ്വപ്നത്തിലും ഇടയ്ക്കിടെ വന്നു തന്നെ രക്ഷിക്കാൻ ശ്രമിക്കാറുള്ള ആ യുവാവ്. അയാൾ തന്നെയാണ് തന്റെ കഴുത്തിൽ ഇപ്പോൾ മിന്ന് കെട്ടുന്നത് എന്നത് അവൾക്കും ഒരു അതിശയം ആണ്.

Leave a Reply

Your email address will not be published. Required fields are marked *