അഗ്നിശുദ്ധി
(രചന: Pushya Rukkuzz)
“ചാരു മോളേ… കുറേ നേരായല്ലോ ഇങ്ങനെ ബാൽക്കണിയിൽ വന്നു നിക്കുന്നു. വാ വന്നു വല്ലതും കഴിക്ക്..”
ഇത്തിരി നേരം കൂടെ ഇങ്ങനെ നിന്നോട്ടെ അമ്മേ…. മൂന്നു വർഷത്തിനു ശേഷം അല്ലെ ഞാൻ ഇതുപോലെ ഇവിടെ ഒന്ന് വന്നു നിൽക്കുന്നത്.
ആ പെൺകുട്ടിയുടെ വാക്കുകളെ എതിർക്കാൻ ആ അമ്മയ്ക്ക് അന്നേരം കഴിഞ്ഞില്ല. മകളുടെ മുടിയിഴകളെ വാത്സല്യപൂർവം ഒന്ന് തഴുകിയിട്ട് അവർ താഴേക്ക് പോയി.
കുറച്ചു മുന്നേ പെയ്തു തോർന്ന മഴയെ തേടിയെത്തിയ ഒരു നനുത്ത കാറ്റ് അവളെ തട്ടി കടന്നു പോയി.
കഴിഞ്ഞ മൂന്ന് വർഷങ്ങൾ…. ഒരു മഴ പെയ്തു തോർന്നത് പോലെ അവളുടെ ജീവിതത്തിൽ നിന്നും കടന്നു പോയിരിക്കുന്നു. വെയിലിനോടൊപ്പം മാനത്തു തെളിഞ്ഞു വരുന്ന മഴവില്ലിനെ അവൾ ഇമ ചിമ്മാതെ നോക്കി നിന്നു.
ജീവിതത്തിലെ മൂന്ന് വർഷങ്ങൾ ഒരു ഭ്രാന്താശുപത്രിയിലെ ഇരുട്ടറയ്ക്കുള്ളിൽ കൊഴിഞ്ഞു പോയി.
അതിന് ശേഷം ഇന്ന് വീണ്ടും ആ പഴയ ശാരിക ആയി പ്രസരിപ്പുള്ള ഒരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ് അവൾ… മഴവില്ല് പോലെ ഏഴ് വർണ്ണങ്ങൾ ചാലിച്ച ഒരു പുതിയ ജീവിതം…
മഴയുടെ തണുപ്പ് ശരീരത്തിൽ അരിച്ചിറങ്ങിയപ്പോൾ അവൾ മൂടിയിരുന്ന ആ വെൽവെറ്റിന്റെ ഷാൾ കൊണ്ട് ഒന്നുകൂടി സ്വയം പൊതിഞ്ഞു പിടിച്ചു അവൾ… ആ നിൽപ്പ് തുടരവേ അവൾ ആ പഴയ ഓർമകളിലേക്ക് ഊളിയിട്ടു.
തന്റെ സ്കൂൾ കാലഘട്ടം…അവിടെ അപ്രതീക്ഷിതമായി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന പ്രണയകാലം…
പഠനത്തിൽ നന്നായി ശ്രദ്ധിച്ചു കുഞ്ഞു കുറുമ്പുകളുമായി നടന്നിരുന്ന താൻ എല്ലാവരുടെയും പ്രിയപ്പെട്ടവൾ ആയിരുന്നല്ലോ…
അന്നേരം ഒന്നും തന്റെ മനസിലെവിടെയും പ്രണയത്തിനെക്കുറിച്ചുള്ള ഒരു ചെറു ചിന്ത പോലും ഉടലെടുത്തിരുന്നില്ല.ആദ്യമായി സച്ചു ഏട്ടന്റെ പ്രൊപോസൽ വന്നപ്പോൾ പരിഭ്രമം ആയിരുന്നു തന്നിൽ നിറഞ്ഞത്.
അധികം ആലോചിക്കാതെ തന്നെ സ്നേഹത്തോടെ താനത് നിരസിച്ചപ്പോൾ ആ കണ്ണിൽ നിറഞ്ഞ നിരാശ തന്റെ മനസിലും ഒരു നോവ് അവശേഷിപ്പിച്ചിരുന്നു.
സഞ്ജീവ് എന്ന സച്ചു ഏട്ടനെ തനിക്ക് ഓർമ വച്ച നാൾ മുതൽ അറിയാമായിരുന്നു.തന്നെക്കാൾ ആറ് വയസിനു മുതിർന്നത് ആണെങ്കിലും ഒരു കളിക്കൂട്ടുകാരൻ ആയി കൂടെ ഉണ്ടായിരുന്നു കുഞ്ഞിലേമുതൽക്കേ.
എന്റെ ചേച്ചി ശരണ്യയുടെ അതേ പ്രായമാണ് സച്ചു ഏട്ടനും. അയലത്തെ വീട്ടിലേ ആയതുകൊണ്ട് തന്നെ ഞങ്ങൾ മൂന്നാളും എപ്പോഴും ഒന്നിച്ചായിരുന്നു.
ചേച്ചിയുടെ കല്യാണം കഴിഞ്ഞതിനു ശേഷം ഞങ്ങൾ രണ്ടാളും ആയി… സച്ചു ഏട്ടൻ കോളേജിലും ഞാൻ പത്താം ക്ലാസിലും…ചേച്ചി പോയതോടെ ഞങ്ങളും കുട്ടിക്കളി ഒക്കെ മാറ്റി വച്ചു. സച്ചു ഏട്ടനും കോളേജിന്റെ തിരക്കുകളിലേക്ക് ചേക്കേറി.
അതിനിടയിൽ ആണ് എന്നോട് പ്രണയം ആണെന്ന് ഏട്ടൻ തുറന്നു പറഞ്ഞത്.
പ്രണയം എന്ന് കേട്ടപ്പോൾ കൗതുകം ആയിരുന്നു ആദ്യം തോന്നിയത്. കൂട്ടുകാരിൽ പലരും പറഞ്ഞു കേട്ടെങ്കിലും പ്രണയിക്കാൻ ഉള്ള പ്രായം ഒക്കെ തനിക്കുണ്ടോ എന്നായിരുന്നു അന്നേരത്തെ ചിന്ത.
പക്ഷേ സച്ചു ഏട്ടനോടുള്ള കുഞ്ഞിലേ മുതലേയുള്ള അടുപ്പം… അത് എന്റെ മനസ്സിൽ പ്രണയം നാമ്പിടാൻ ഹേതുവായി… ആ പ്രണയഭ്യർത്ഥന ഒരു കടം പോലെ എന്നും മനസ്സിൽ നിറഞ്ഞു നിന്നു.
കോഴ്സ് തീരുന്നതിനു മുന്നേ തന്നെ കല്യാണം കഴിച്ചു വിട്ട ചേച്ചി പഠനം ഇനി തുടരുന്നില്ല എന്ന് കേട്ടപ്പോഴും തനിക്കൊപ്പം കളിച്ചു നടന്ന ചേച്ചിയുടെ ജീവിതം പ്രതീക്ഷിച്ച പോലെ നല്ല നിലയ്ക്ക് അല്ല പോകുന്നത് എന്ന് അറിഞ്ഞപ്പോഴും താൻ ആകെ ഉലഞ്ഞു.
സച്ചു ഏട്ടനെ ആണ് കല്യാണം കഴിക്കുന്നതെങ്കിൽ തനിക്ക് ഒരിക്കലും ഈ അവസ്ഥ ഉണ്ടാവില്ല എന്ന ചിന്ത ആവണം തന്നിൽ ഏട്ടനോട് പ്രണയം തോന്നിച്ചത്.
പിന്നീടങ്ങോട്ട് ചില കൂട്ടുകാർ പറഞ്ഞും സിനിമയിൽ കണ്ടും മാത്രം അറിഞ്ഞ പ്രണയം എന്ന അനുഭൂതി ആസ്വദിക്കുകയിയിരുന്നു ഞങ്ങൾ രണ്ടാളും. ഒന്നിച്ചു സ്വപ്‌നങ്ങൾ നെയ്തു പറന്നു ഞങ്ങൾ.
ആ നിറമുള്ള ദിനങ്ങൾ അധികനാൾ നീണ്ടുനിന്നില്ല. തന്റെ അച്ഛനും അമ്മയും പുറത്തു പോയ ഒരു ദിവസം വീട്ടിൽ തനിച്ചിരുന്നു മുഷിഞ്ഞിട്ടാണ് സച്ചു ഏട്ടന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയത്.
അവിടെ ഏട്ടന്റെ അമ്മ ഹേമ ആന്റിക്ക് തന്നെ ജീവൻ ആണ്. ആന്റിയോട് സ്കൂളിലെ കഥ ഒക്കെ പറഞ്ഞു ഇരിക്കാൻ നല്ല രസം ആണ്.
കൂട്ടത്തിൽ സച്ചു ഏട്ടനേം കാണാം… ഇങ്ങനെ ഒക്കെ കരുതി ആണ് അന്ന് താൻ അവിടേക്ക് ചെന്നത്… പക്ഷേ കണ്ട കാഴ്ച… സ്വന്തം മുറിയിൽ കട്ടിലിന്റെ ഓരത്തായി വായിൽ നിന്ന് നുര വന്നു മരിച്ചു കിടക്കുന്ന സച്ചു ഏട്ടൻ…
കണ്ട കാഴ്ച വിശ്വസിക്കാനാവാതെ ഒരു നിമിഷം തറഞ്ഞു നിന്നു. ശേഷം ആർത്തലച്ചു കരഞ്ഞു. തന്റെ നിലവിളി കേട്ട് ഹേമ ആന്റി ഓടി എത്തിയത് വരെയേ ഓർമ ഉള്ളു. ഒരു ഏങ്ങലോടെ ബോധം മറഞ്ഞു അവരുടെ കൈകളിലേക്ക് വീണു.
“ചാരൂ… മതി മോളേ… നല്ല തണുപ്പ് ആണ്.അകത്തേക്ക് വാ. ദേ ചായ തണുക്കാറായി ” അമ്മയുടെ വിളി ആണ് ശാരികയെ ഓർമകളിൽ നിന്ന് ഉണർത്തിയത്. അവൾ അമ്മയുടെ അരികിലേക്ക് പോയി.
ചൂട് ചായ മെല്ലെ കുടിച്ചിറക്കവേ അവളെ പൊതിഞ്ഞിരുന്ന തണുപ്പ് വിട്ടുമാറാൻ തുടങ്ങി. അവൾ തെല്ലു നേരം എന്തോ ആലോചിച്ചിരുന്നു…
” അമ്മേ ഹേമ ആന്റി ഇപ്പൊ ഇങ്ങോട്ടൊന്നും വരാറില്ലേ ” പെട്ടന്നാണവൾ അത് ചോദിച്ചത് ”
” ഇല്ല മോളേ. പഴയ പോലെ ഒന്നും വരാറില്ല. സച്ചുവിന്റെ മരണശേഷം അവർ മുറിക്കുള്ളിൽ ഒതുങ്ങിക്കൂടി.
ഞങ്ങൾ ഇടയ്ക്ക് അങ്ങോട്ട് ചെല്ലും. പഴയ പ്രസരിപ്പ് ഒന്നും അവർക്ക് ഇല്ല മോളേ. സ്വന്തം മോൻ അല്ലെ വിഷം കഴിച്ച്… ” അവർ അത്രയും പറഞ്ഞു ശാരികയുടെ മുഖത്തേക്ക് നോക്കി… പിന്നെ ബാക്കി പറയാതെ നിറുത്തി.
“പാവം ഹേമ ആന്റി ” അത്രയും പറഞ്ഞു അവൾ അവിടുന്ന് എഴുന്നേറ്റു ” തിരികെ മുറിയിലേക്ക് പോയ അവൾ മൂന്ന് വർഷങ്ങൾക്ക് മുമ്പ് എപ്പോഴോ ഒരു ഡയറിയിൽ സൂക്ഷിച്ചു വച്ചിരുന്ന സഞ്ജീവിന്റെ ഒരു ഫോട്ടോ കയ്യിലെടുത്തു…
അതിലേക്ക് നോക്കി ഇരിക്കവേ വീണ്ടും പഴയ ഓർമയുടെ ബാക്കി ഭാഗങ്ങൾ മനസിലേക്ക് അവളുടെ മനസിലേക്ക് കടന്നു വന്നു.
സഞ്ജീവിന്റെ മരണം അറിഞ്ഞു കുഴഞ്ഞു വീണ അവളുടെ മനസിന്റെ നില തെറ്റിയിരുന്നു.
വയലന്റ് ആയി വിളിച്ചു പറയുന്ന കാര്യങ്ങളും സഞ്ജീവിനെ വിളിച്ചുള്ള അലറിക്കരച്ചിലും ഒക്കെ കണ്ട ശാരികയുടെ വീട്ടുകാർക്ക് അവൾ അവനുമായി ഒരു പ്രണയബന്ധത്തിൽ ആയിരുന്നു എന്ന് മനസിലായി.
ശേഷം തീർത്തും ഒരു ഭ്രാന്തിയായി മാറിയ മകളെ അവർ നൈർമല്യ മെന്റൽ ഹെൽത്ത് കെയറിൽ അഡ്മിറ്റ് ചെയ്തു. മൂന്ന് വർഷത്തെ ട്രീറ്റ്മെന്റിന് ശേഷം ചാരുവിന്റെ മനസിന്റെ താക്കോൽ പൂർണമായും ഡോക്ടർ അവളുടെ കയ്യിലേക്ക് വച്ചു നൽകി.
എങ്കിലും പഴയ പ്രസരിപ്പോടെ സാധാരണ ജീവിതത്തിലേക്ക് തിരികെ പോകാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. കളിചിരികൾ മാഞ്ഞു തികച്ചും ഏകാന്തതയിൽ മുഴുകി കഴിയാൻ ആയിരുന്നു അവൾ ആ ദിവസങ്ങളിൽ ഒക്കെയും ആഗ്രഹിച്ചിരുന്നത്.
കുറച്ചു കൗൺസിലിങ് ഒക്കെ കഴിയുമ്പോൾ പഴയ പടി ആവും എന്ന് ഡോക്ടർമാർ അവളുടെ അച്ഛനമ്മമാർക്ക് ഉറപ്പ് നൽകി. അങ്ങനെ ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു.
ഒരു ദിവസം ഹേമ ചാരുവിനെ കാണാൻ ഹോസ്പിറ്റലിൽ എത്തി. ഒരു മുറിയിൽ ഒറ്റയ്ക്ക് ഇരിക്കുന്ന ചാരുവിന്റെ അടുത്തേക്ക് ഡോക്ടർ ഹേമയെ കൊണ്ടു ചെന്നു.
ഹേമയെ കണ്ടതും ചാരു ആ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു. അതുവരെ അടക്കി വച്ചിരുന്ന സങ്കടം മുഴുവൻ അവൾ ആ ഹൃദയത്തിൽ പെയ്തു തീർത്തു.
ചാരുവിനെയും കൊണ്ട് ഹേമ ഹോസ്പിറ്റലിന്റെ വശത്തുള്ള പൂന്തോപ്പിലേക്ക് പോയി. രോഗികൾക്ക് മനസിന് കുളിർമയേകുന്ന അന്തരീക്ഷം ആയിരുന്നു അവിടെ. അവർ അവിടെ ഒരു ബെഞ്ചിൽ ഇരുന്നു.
” മോളോട് കുറച്ചു സംസാരിക്കാൻ വേണ്ടി ആണ് ആന്റി വന്നേ.മോള് ഇപ്പൊ കേൾക്കാൻ പറ്റിയ മാനസികാവസ്ഥയിൽ ആണോ. ” അവർ ചാരുവിനെ നോക്കി. അവളും എന്തെന്ന ഭാവത്തിൽ ഹേമയെ തന്നെ നോക്കി ഇരുന്നു.
“പറയാൻ പോകുന്നത് എന്റെ സച്ചുവിന്റെ മരണത്തെ പറ്റി ആണ്. അതൊക്കെ കേൾക്കാൻ മോൾക്ക് ഇപ്പൊ കഴിയുമോ. മാനസികമായി ഒത്തിരി അനുഭവിച്ചതല്ലേ എന്റെ കുട്ടി.” അവർ ചാരുവിന്റെ മുടിയിൽ തലോടി. അതിൽ ഒരു അമ്മയുടെ വാത്സല്യം നിറഞ്ഞിരുന്നു.
” ആന്റി പറഞ്ഞോളൂ. എനിക്കിപ്പോ എന്തും സഹിക്കാൻ ത്രാണി ഉണ്ട്. ഏട്ടന്റെ ജീവനറ്റ ശരീരം കണ്ട് പകച്ചു നിന്നവൾ ആണ് ഞാൻ.
അതിലും വലിയ എന്ത് വിഷമം ആണ് ഞാൻ ഇനി നേരിടേണ്ടത്… സച്ചു ഏട്ടന്റെ മരണത്തെ പറ്റി …… എന്താ ആന്റി… എന്താണേലും പറഞ്ഞോളൂ. ഞാൻ കേൾക്കാൻ തയ്യാറാണ്. അവൾ പറഞ്ഞു നിറുത്തി.
“മോളോട് ഒരിക്കലും പറയരുത് എന്ന് കരുതിയ കാര്യം ആണ്. മോളോട് എന്ന് അല്ല. ആരോടും ഇതുവരെ പറഞ്ഞിട്ടില്ല… എന്റെ മകൻ… അവൻ വിഷം കഴിച്ചു ആത്മഹത്യ ചെയ്തു എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്…
അതല്ല സത്യം… അവനെ… ഞാൻ… ഞാൻ കൊന്നതാണ് മോളേ ” ഒരു നടുക്കത്തോടെ ആണ് ചാരു അത് കേട്ടത്. അവൾക്ക് കേട്ടത് വിശ്വസിക്കാൻ ആയില്ല. അവൾ ഇരിക്കുന്ന ബെഞ്ചിന്റെ വശത്തു മുറുകെ പിടിച്ചു.
“അതേ മോളേ… എനിക്ക് അത് ചെയ്യേണ്ടി വന്നു. നീ എനിക്ക് സ്വന്തം മോളെ പോലെ ആണ്. ജനിച്ചു വീണപ്പോ മുതൽ കാണുന്നത് അല്ലേ ഞാൻ. എന്റെ സച്ചുവിന് ഒപ്പം വളർത്തിയതല്ലേ ഞാൻ നിന്നെ…
ആ നിന്നെ എന്റെ മകൻ നശിപ്പിക്കുന്നത് കാണാൻ എനിക്ക് കഴിയില്ല മോളേ. എന്റെ കുഞ്ഞിന്റെ മേലേ അവന്റെ തെറ്റായ കണ്ണ് പതിഞ്ഞു എന്ന് അറിഞ്ഞ നിമിഷം എനിക്ക് വേറെ വഴി ഇല്ലായിരുന്നു…
ഊട്ടി വളർത്തിയ കൈ കൊണ്ട് തന്നെ ഞാൻ അവനു അവസാനമായി വിളമ്പിയ ഊണിൽ വിഷം ചേർത്തു.
” അമ്മേ… ” ചാരു അലറി വിളിച്ചുകൊണ്ട് എഴുന്നേറ്റു. ” എനിക്ക് കേൾക്കണ്ട… സച്ചു ഏട്ടൻ എന്നെ സ്നേഹിച്ചിരുന്നു. അത്… അത് എനിക്ക് മാത്രേ അറിയൂ. ആ ഏട്ടൻ എന്നെ നശിപ്പിക്കുമെന്നോ… അമ്മ എന്താ ഈ പറയണേ ” അവൾ അണച്ചുകൊണ്ട് പറഞ്ഞു നിർത്തി
“അവൻ നിന്നെ പ്രണയിച്ചിരുന്നില്ല…. അങ്ങനെ സ്ഥാപിച്ചു നിന്നെ പറ്റിക്കുവായിരുന്നു എന്റെ മകൻ. നിന്നോടൊപ്പം കളിച്ചു വളർന്ന അവനിൽ എപ്പോഴാ മാറ്റങ്ങൾ വന്നു തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല…
നിന്നെ അവൻ മറ്റൊരു കണ്ണിൽ കാണാൻ തുടങ്ങിയത് ഞാൻ അറിയാൻ ഒത്തിരി വൈകിപ്പോയി. അവിടെ ആണ് ഒരു അമ്മ എന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു തുടങ്ങിയതും.
കോളേജിൽ പോയി അവിടുത്തെ കൂട്ടുകെട്ടിൽ വന്ന മാറ്റങ്ങൾ ആണോ… അതോ അതിനു മുന്നേ തന്നെ അവൻ വഴി തെറ്റാൻ തുടങ്ങിയോ… അതൊന്നും എനിക്ക് അറിയില്ല. എനിക്ക് തെറ്റുപറ്റിപ്പോയി അവന്റെ കാര്യത്തിൽ ”
അവർ അതും പറഞ്ഞു നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു. ചാരു ഇതൊക്കെ വിശ്വസിക്കണോ വേണ്ടയോ എന്ന് അറിയാതെ സ്തംഭിച്ച അവസ്ഥയിൽ ആണ്.
” അന്ന് സച്ചു മരിച്ച ദിവസം മോള് വീട്ടിൽ തനിച്ചായത് കൊണ്ട് അല്ലേ ഞങ്ങളുടെ വീട്ടിലേക്ക് വന്നത്. അതിന്റെ തലേ ദിവസം റൂമിലേക്ക് ചെന്നപ്പോൾ അവൻ അവന്റെ കൂട്ടുകാരോട് ഫോണിൽ പറയുന്നത് ഞാൻ കേട്ടു.
(ഫ്ലാഷ് ബാക്ക് )
“ആഹ് അളിയാ… നീ കുറേ നാളായല്ലോ വല്ലതും നടക്കോ നടക്കോ എന്ന് ചോദിച്ചു കളിയാക്കാൻ തുടങ്ങിയിട്ട്. എന്നാ കേട്ടോ മോനേ നാളെ തന്നെ നടന്നിരിക്കും.
എന്റെ പെണ്ണ് നാളെ വീട്ടിൽ തനിച്ചാ. അപ്പൊ ഞാൻ പോണ്ടേ അവൾക്ക് കൂട്ടിരിക്കാൻ.പിന്നെ നീയും ഒത്തിരി കൊതിച്ചതല്ലേ അവളുടെ ഫോട്ടോ കണ്ട്. നാളെ നീയും പോരേ.
ഇത്രേം നല്ലൊരു ചാൻസ് കിട്ടുമ്പോ നിന്നെ മറന്നാൽ ഞാൻ പിന്നെ എന്ത് സുഹൃത്ത് ആണ് ഡാ…”സഞ്ജീവ് ഒരു വഷളൻ ചിരിയോടെ പറഞ്ഞു ” അവൾ ബഹളം ഒന്നും ഉണ്ടാക്കില്ല മോനേ… അതിനുള്ള മരുന്ന് ഒക്കെ എന്റെ കയ്യിൽ ഉണ്ട്…”
സഞ്ജീവ് തന്റെ ലാപ്ടോപ്പിൽ ചാരുവിന്റെ മോശപ്പെട്ട ചില ഫോട്ടോകൾ മാറ്റി മാറ്റി നോക്കിക്കൊണ്ട് പറഞ്ഞു.
ഇതൊക്കെ കേട്ട് വിറങ്ങലിച്ചു നിൽക്കുകയായിരുന്നു ഹേമ മുറിക്കു പുറത്ത്. അവൻ കുഞ്ഞിലേ മുതൽ തോളത്തെടുത്തു നടന്ന…
പിച്ചവച്ചു നടത്തിയ കുഞ്ഞിനെ കൂട്ടുകാരന് പങ്ക് വയ്ക്കുന്ന കാര്യം ആണോ തന്റെ മകന്റെ നാവിൽ നിന്ന് താൻ ഇപ്പോൾ കേട്ടത്… അവർ എന്ത് ചെയ്യണം എന്ന് ആലോചിച്ചു തിരികെ നടന്നു… അവരുടെ കണ്ണുകൾ അനുസരണ ഇല്ലാതെ പെയ്യുന്നുണ്ടായിരുന്നു.
താഴത്തെ നിലയിലേക്ക് കോണിപ്പടി ഇറങ്ങവേ സ്റ്റെപ് തെറ്റി അവർ ചെറുതായി വീണു. അമ്മയുടെ കരച്ചിൽ കേട്ട് സഞ്ജീവ് തന്റെ മടിയിൽ ഇരുന്ന ലാപ്ടോപ് കട്ടിലിൽ ഇട്ടിട്ട് വെപ്രാളത്തോടെ ശബ്ദം കേട്ട ഇടത്തേക്ക് ഓടി.
അവൻ അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു ഇരുത്തി ” നിന്നെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നതാ… കാലു ഒന്ന് തെറ്റി. ” അത്രയും പറഞ്ഞു അവർ എഴുന്നേറ്റു. ” കൈ ചെറുതായ് ഒന്ന് തട്ടിയതെ ഉള്ളു…
നീ പോയി ചോറ് വിളമ്പി കഴിക്ക്. ഞാൻ ഒന്ന് കിടക്കട്ടെ ” അത്രയും അവന്റെ മുഖത്തേക്ക് നോക്കാതെ ആണ് അവർ പറഞ്ഞു ഒപ്പിച്ചത്. സഞ്ജീവിന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അവൻ ആഹാരം കഴിക്കാൻ താഴേക്ക് പോയി.
ഹേമ നേരെ പോയത് സഞ്ജീവിന്റെ മുറിയിലേക്ക് ആണ്. അവിടെ അവൻ അലക്ഷ്യമായി വച്ചിരുന്ന ലാപ്ടോപ്പിൽ അവർ കണ്ടു ചരുവിനോപ്പം പല പെൺകുട്ടികളുടെയും ഫോട്ടോസ്..
ഒരു അമ്മ മകനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിൽ ഉള്ളവ… അവനും കൂട്ടുകാരും ചേർന്ന് പല പെൺകുട്ടികളെയും നശിപ്പിച്ചു രസിക്കുന്ന വീഡിയോസ്…
അവർക്ക് താങ്ങാവുന്നതിലപ്പുറം ആയിരുന്നു അത്.അവർ ആ ലാപ്ടോപ് അതേപടി അവിടെ വച്ചതിനു ശേഷം തന്റെ റൂമിലേക്ക് പോയി.
ഉറങ്ങാൻ കിടക്കുമ്പോൾ അവരുടെ മനസിലൂടെ പല ചിന്തകൾ കടന്നു പോയി. ഭർത്താവ് മരിച്ച ശേഷം മകനെ കഷ്ടപ്പെട്ടു വളർത്തിയത്… അവനെ ലളിച്ചത്… സ്നേഹിച്ചത്… ഒക്കെ ഇപ്പോൾ സ്വന്തം മകന്റെ പ്രവർത്തി ഓർത്തു ചൂളിപ്പോകുന്നു. നേരത്തെ താൻ വീണപ്പോൾ അവൻ പിടിച്ചു എഴുന്നേൽപ്പിച്ചത്….
അന്നേരം അവൻ തന്നെ സ്പർശിച്ചപ്പോൾ തനിക്ക് അറപ്പ് തോന്നിയിരുന്നോ… അവൻ തന്റെ മകൻ ആയിരുന്നിട്ടും തനിക്ക് എന്തെ ആ കൈ തട്ടി മാറ്റാൻ തോന്നിയത്…ഹേമയ്ക്ക് സ്വയം പുച്ഛം തോന്നി.അന്ന് രാത്രി തീരുന്നതിനു മുമ്പ് ഒന്നുറപ്പിച്ചു…
താൻ ജന്മം കൊടുത്ത സന്തതി കാരണം ഇനി ഒരു പെൺകുട്ടിയുടെയും ജീവിതം നശിക്കില്ല. ഒരു അമ്മയും തന്റെ മകനെ ശപിക്കില്ല. തന്റെ വളർത്തുദോഷം എന്ന് പഴിക്കില്ല… അത് ഉറപ്പിച്ചുകൊണ്ട് അവർ നാളത്തെ പുലരി കാത്തു കിടന്നു.
പിറ്റേന്ന് ഭക്ഷണത്തിൽ വിഷം കലർത്തി സ്വന്തം മകന് വിളമ്പിയപ്പോൾ ആ അമ്മയുടെ കൈ വിറച്ചില്ല. അത് അവരുടെ മാത്രം ശെരിയായിരുന്നു.
താൻ ചെയ്ത ഒരു വലിയ തെറ്റ് തിരുത്തുന്നതിന്റെ സംതൃപ്തി ആയിരുന്നിരിക്കണം ആ മുഖത്ത്.പക്ഷേ
ഉള്ളിൽ ചെന്ന വിഷം തന്റെ കുഞ്ഞിനെ കാർന്ന് തിന്നുന്നത് കാണാൻ ഉള്ള ത്രാണി ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല…
അവർ മകന്റെ പിടച്ചിൽ കാണാൻ വയ്യാതെ മാറി നിന്നു. ചാരുവിന്റെ നിലവിളി കേട്ടപ്പോൾ ആണ് അവർ മനഃശക്തി വീണ്ടെടുത്തു അവന്റെ മുറിയിലേക്ക് ചെന്നത്. അവിടെ ചേതനയറ്റു കിടക്കുന്ന തന്റെ മകനെ കണ്ടപ്പോൾ സർവ്വ നിയന്ത്രണവും വിട്ട് അവർ കരഞ്ഞുപോയി.
ഹേമയിൽ നിന്നും ഇത്രയും കേട്ട ചാരു ഒരു തരം നിർവികരതയോടെ ഇരിക്കുകയാണ്. ശ്യാമയുടെ കണ്ണിൽ നിന്നും ധാരയായി ഒഴുക്കുന്നുണ്ട് കണ്ണുനീർ.
“മോളോട് ഇത് ഒന്നും പറയരുത് എന്ന് കരുതിയിട്ടും ഞാൻ ഇപ്പോൾ വന്നത്… മോള് റിക്കവർ ആയിട്ടും എന്റെ മകനോട് തോന്നിയ പ്രണയത്തിന്റെ പേരിൽ വേദന തിന്ന് കഴിയുക ആണെന്ന് ഞാൻ അറിഞ്ഞത് കൊണ്ട് ആണ്.
അവൻ നിന്നെ പ്രണയിച്ചിട്ടില്ല. നിന്നെ ചതിക്കാൻ നോക്കിയ ഒരു ദുഷ്ടന് അർഹതപ്പെട്ട ശിക്ഷ കിട്ടി. ഒത്തിരി പെൺകുട്ടികളുടെ കണ്ണുനീരിനും ശാപത്തിനും ഫലം ഉണ്ടായി.
അത്രേ ഉള്ളു. മോള് എല്ലാം മറന്ന് പഴയ ജീവിതത്തിലേക്ക് തിരിച്ചു വരണം. എന്റെ അപേക്ഷ ആണ്. മോള് സ്വയം നീറി ജീവിതം നശിപ്പിച്ചാൽ നിനക്ക് വേണ്ടി ഞാൻ എന്റെ സ്വന്തം മകനോട് ചെയ്തത് പോലും പാഴായിപ്പോകും.”
അത്രയും പറഞ്ഞപ്പോഴേക്കും ചാരു ഹേമയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു ” ഇല്ല ആന്റി… ഇനി ഞാൻ അയാൾക്ക് വേണ്ടി കരയില്ല.
ഒരു അമ്മയും ചെയ്യാത്ത കാര്യം ആണ് ആന്റി ചെയ്തത്…ഇല്ലായിരുന്നെങ്കിൽ അന്ന് സച്ചു ഏട്ടന് പകരം… ശേ… ഏട്ടൻ എന്ന് വിളിക്കാൻ പോലും അറപ്പ് തോന്നുന്നു. അയാൾക്ക് പകരം ഞാൻ ആയിരുന്നേനെ ഈ ലോകത്തോട് വിട പറയുന്നത്.
ഞാൻ മരിച്ചു കളഞ്ഞേനെ. ആന്റിയുടെ ത്യാഗം ആണ് എന്റെ ഈ രണ്ടാം ജന്മം. ഇത് ഞാൻ ഇനി ആർക്ക് വേണ്ടിയും പാഴാക്കില്ല. ” ചാരു ഹേമയുടെ കൈ പിടിച്ചു വാക്ക് കൊടുത്തു.
സഞ്ജീവിന്റെ ഫോട്ടോ കയ്യിൽ പിടിച്ചു ഇരുന്ന ചാരു ഓർമകളിൽ നിന്ന് ഉണർന്നു. ഇനി പഴയ ഓർമ്മകൾ ഇല്ല.മുന്നിൽ പുതിയൊരു ജീവിതം മാത്രം. അവൾ മേശയുടെ മുകളിൽ ഇരുന്ന ഒരു ലൈറ്റർ എടുത്തു കയ്യിലിരുന്ന ആ ഫോട്ടോയുടെ അറ്റത്തു ഒന്ന് കൊളുത്തി.
ആ തീനാളം അതിലാകെ പടരുന്നത് അവൾ ഒരു പുഞ്ചിരിയോടെ നോക്കി. സഞ്ജീവിന്റെ ആ ഫോട്ടോ കത്തി തീരുന്നതിനൊപ്പം ശാരികയുടെ പുതിയ ജീവിതവും തുടങ്ങും.