ഒരു നിമിഷം എന്നെ പറ്റി ചിന്തിച്ചിരുന്നോ . നമ്മുടെ മോളെ പറ്റി ചിന്തിച്ചോ. എന്തിന് മരിച്ചുപോയ മനുവിനെ പറ്റി എങ്കിലും ചിന്തിച്ചു കൂടായിരുന്നോ”

സപത്നി
(രചന: രാജീവ്‌ രാധാകൃഷ്ണ പണിക്കർ)

“നീലു നീ മറുപടി ഒന്നും പറഞ്ഞില്ല”

ചുവന്നു തുടുത്ത പടിഞ്ഞാറൻ ചക്രവാളത്തിലേക്ക്‌നോക്കി നിസ്സംഗയായി ഇരുന്നിരുന്ന നീലിമയുടെ ചുണ്ടുകളിൽ നിഖിലിന്റെ ചോദ്യം ചെറിയൊരു പുഞ്ചിരി വിരിയിച്ചു.

സന്ധ്യ മയങ്ങിയിരിക്കുന്നു. ആളുകൾ
ഒന്നൊന്നായി കടൽക്കരയിൽ നിന്നും ഒഴിഞ്ഞു പോകാൻ തുടങ്ങിയിരുന്നു.

കരയെ പുണരാൻ വെമ്പുന്ന തിരകൾ മാത്രം തങ്ങളുടെ ശ്രമം അക്ഷീണം തുടർന്നു കൊണ്ടിരുന്നു.

എത്ര നേരമായി ഈ ഇരിപ്പ് തുടരുന്നു എന്നോർമയില്ല. സാധാരണ നിഖിലി നോടൊപ്പം ഈ ബീച്ചിൽ വന്നിരുന്നാൽ സമയം പോകുന്നതറിയാറില്ല.

ഈ നഗരത്തിൽ വന്നതിനു ശേഷം എത്രയോ തവണ ഇവിടെ വന്നിട്ടുണ്ട് പക്ഷെ ഇപ്പോൾ തോന്നുന്ന അരക്ഷിതത്വബോധം, അതൊരിക്കലും ഇതിനുമുമ്പ് അനുഭവിച്ചിട്ടില്ല.

“അങ്ങിനെയാണെങ്കിൽ എന്നെ ഉപേക്ഷിച്ചിട്ട് നിഖിലിന് മരിയയെ സ്വീകരിച്ചു കൂടെ”

അവളുടെ വാക്കുകൾക്ക് പതിവിലേറെ ദൃഢതയുണ്ടെന്നവന് തോന്നി.

“നീലു നീ എന്താണീ പറയുന്നത്.
നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ”

“ഇതു തന്നെയല്ലെ നിഖിൽ മരിയ ഇപ്പോൾ നിന്നോടും പറഞ്ഞിട്ടുണ്ടാവുക”

“നീലു എനിക്കൊരു തെറ്റുപറ്റി. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. എനിക്ക് ആ തെറ്റ് തിരുത്തണമെന്നേ ഉദ്ദേശമുള്ളു”

“നിഖിൽ പറയാൻ എന്തെളുപ്പമാണ്. നീ ഒരു നിമിഷം എന്നെ പറ്റി ചിന്തിച്ചിരുന്നോ . നമ്മുടെ മോളെ പറ്റി ചിന്തിച്ചോ. എന്തിന് മരിച്ചുപോയ മനുവിനെ പറ്റി എങ്കിലും ചിന്തിച്ചു കൂടായിരുന്നോ”

“നിനക്കറിയാമല്ലോ നീലു മനുവിന്റെ മരണശേഷം മരിയ ആകെ ഡിപ്രെസ്സ്ഡ് ആയിരുന്നു. ജോലിപോലും നഷ്ടപ്പെടും എന്ന ഒരു ഘട്ടം വന്നുചേർന്നു.

കുറച്ചൊക്കെ നിനക്കും അറിയാവുന്നതല്ലേ. വീട്ടുകാരെ ധിക്കരിച്ചു മനുവിനോടൊപ്പം ഇറങ്ങിപോന്ന അവൾക്ക് ഇവിടെ മറ്റൊരാശ്രയവും ഇല്ലാ യെന്നറിയാമല്ലോ.

അവളെ പഴയ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരാൻ നല്ലൊരു ഫ്രണ്ട്ഷിപ്. അതിൽ കൂടുതൽ ബന്ധമൊന്നും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല.
ഞങ്ങൾ ആഗ്രഹിച്ചിരിന്നുമില്ല.

പക്ഷെ ഞാൻ എന്നും മറക്കാൻ ശ്രമിക്കുന്ന ആ നശിച്ച ദിവസം മ ദ്യ ത്തിന്റെ ലഹരിയിൽ ഞാൻ എന്നെ തന്നെ മറന്നു.

അതിന്റെ പ്രതിഫലം അവളുടെ ഉദരത്തിൽ വളരുന്നു എന്നറിഞ്ഞപ്പോൾ അവൾ ആ ത്മഹത്യക്കൊ രുങ്ങിയതാണ്.

കഷ്‌ടിച്ചാണ് രക്ഷപ്പെട്ടത്. അ ബോ ർഷനു മരിയ ശ്രമിച്ചതാണ്.

പക്ഷെ അവളുടെ ആരോഗ്യം ഇപ്പോൾ ഒരു അ ബോ ർഷൻ അനുവദിക്കുന്നില്ല. ഈ അവസ്ഥയിൽ ഞാൻ കൂടി കൈവിട്ടാൽ അവൾക്കു മുന്നിൽ വീണ്ടും ആ ത്മഹത്യ മാത്രമേ വഴിയുള്ളൂ. ഞാൻ എന്താണ് ചെയ്യേണ്ടത്”

“നിഖിൽ എന്താണ് നീ ഉദ്ദേശിക്കുന്നത്?”

“എനിക്കറിയില്ല”

അവൻ കാൽ മുട്ടുകളുടെ ഇടയിലേക്ക് മുഖം താഴ്ത്തി ഏങ്ങി കരഞ്ഞു

“നിഖിൽ ഞാൻ നിന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകാം. മറ്റേതെങ്കിലും നാട്ടിലേക്കൊരു ട്രാൻസ്ഫർ .

വിചാരിച്ചാൽ നടക്കാവുന്നതെയുള്ളൂ. നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം. മോൾക്ക് അറിയാനുള്ള പ്രായമാവുമ്പോൾ എല്ലാം പറഞ്ഞു മനസ്സിലാക്കാം”

“നീലിമ ഞാൻ ചെയ്ത തെറ്റിനു നീയും മോളും ഒരിക്കലും ശിക്ഷിക്കപ്പെടരുത്.. നിങ്ങളില്ലാത്ത ഒരു ജീവിതം അതൊരിക്കലും എനിക്ക് താങ്ങാനാവില്ല”

“ഞാൻ മരിയയെ എന്റെ സപത്നിയായി സ്വീകരിക്കണമെന്നാണോ നീ പറയുന്നത്?”

“നീലു അത്‌…. എനിക്കൊന്നും അറിയില്ല. എനിക്ക് എല്ലാവരും വേണം”

“അതു നിന്റെ വ്യാമോഹം മാത്രമാണ് നിഖിൽ. നമ്മൾ തമ്മിൽ പിരിഞ്ഞു എന്നു കരുതി ഞാൻ ആ ത്മഹത്യ ചെയ്യാനൊന്നും പോകുന്നില്ല.

മറ്റൊരു വിവാഹത്തെ കുറിച്ചും ചിന്തിക്കില്ല. മംഗല്യഭാഗ്യം അത്രയേ വിധിച്ചിട്ടുള്ളൂ എന്നു സമാധാനിക്കും.

ഒരു പെണ്ണും തന്റെ പുരുഷനെ പകുത്തു നൽകാൻ ഇഷ്ടപ്പെടില്ല. അങ്ങനെയാരെങ്കിലും ചെയ്താൽ അത് മറ്റു പല സമ്മർദങ്ങൾ കൊണ്ടായിരിക്കാം”

“നീലിമ നീ പറയുന്നത്?”

“അതേ നമുക്ക് പിരിയാം. ഇപ്പോഴത്തെ അവസ്ഥയിൽ നീ മരിയയെ കൈവിട്ടാൽ അവൾ ആ ത്മഹത്യ ചെയ്തേക്കാം.

അതു ഒരു കരടായി ജീവിതകാലം മുഴുവൻ നിന്റെ മനസ്സിൽ നില നിൽക്കും. പോരാത്തതിന് അതിന്റ കോൺസിക്യുവെൻസെസ്. അതെവിടെ വരെ പോകുമെന്നറിയില്ല.

അറിയാതെയാണെങ്കിലും അറിഞ്ഞു കൊണ്ടാണെങ്കിലും നീയെന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ്. ഒരു ഭർത്താവും ഒരു ഭാര്യയോടും ചെയ്യാൻ പാടില്ലാത്ത തെറ്റ്. പെണ്ണിന് ശരീരം മാത്രമല്ല മനസ്സുമുണ്ട്.

മനസ്സിനേൽക്കുന്ന മുറിവുകൾ ഉണങ്ങാൻ കാലമേറെ പിടിക്കും ഇനി എനിക്ക് നിന്നോട് പഴയപോലെ ഇടപെടാൻ കഴിയുമെന്ന് നിനക്കു തോന്നുന്നുണ്ടോ.

ആറു വർഷങ്ങൾക്കു മുൻപ്
വീട്ടുകാരെയു മുപേക്ഷിച്ചു നിന്റെ കൂടെ ഇറങ്ങിത്തിരിക്കുമ്പോൾ ഒരിക്കലും ഇതുപോലൊരു അവസ്‌ഥ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

ഒരു പക്ഷെ അതുവരെ വളർത്തി വലുതാക്കിയ അച്ഛനമ്മമാരുടെ ശാപമാകാം.

നിനക്കെന്തോ ചുറ്റിക്കളിയുണ്ടെന്നു കുറച്ചു നാളുകളായി എന്റെ മനസ്സു പറഞ്ഞിരുന്നു. പക്ഷെ അതിത്രത്തോളമെത്തുമെന്നു ഒരിക്കലും കരുതിയില്ല.

ഏതൊരു പെണ്ണും തന്റെ മനസ്സും ശരീരവും തന്റെ പുരുഷന് പൂർണമനസ്സോടെ സമർപ്പിക്കും. പക്ഷെ അതിനിടയിൽ വിശ്വാസവഞ്ചന വന്നാൽ അവളുടെ മനസ്സിലുള്ള വിഗ്രഹം തകർന്നുടയും.

അതു പിന്നെ പൂർവസ്ഥിതിയിൽ ആവുക എളുപ്പമല്ല. പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമാകും എന്റെ മനസ്സിൽ നിന്നും നീ മെല്ലെ മായുകയാണ് നിഖിൽ”

“നമ്മുടെ മോൾ. അവളെ എനിക്ക് പിരിയാനാവില്ല നീലു”

“കാലം എല്ലാ മുറിവുകളും ഉണക്കും നിഖിൽ. നിനക്ക് എപ്പോൾ വേണമെങ്കിലും മോളെ വന്നു കാണാം. അതിനു ഞാൻ ഒരിക്കലും തടസ്സമാകില്ല.

കാരണം ഞാൻ അത്രയേറെ നിന്നെ സ്നേഹിച്ചിരുന്നു. നേരം രാത്രിയാവുന്നു. ഞാൻ പൊയ്ക്കോട്ടെ. ഇനിയും ഇവിടെ നിന്നാൽ ഞാൻ പൊട്ടിക്കരഞ്ഞു പോകും”

അവൾ മെല്ലെ എഴുന്നേറ്റ് മുന്നോട്ടു നടന്നു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ അവൻ നിറഞ്ഞ മിഴികളോടെ ഒരു ഭ്രാന്തനെ പോലെ അവളെ നോക്കി യിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *