വിവാഹ മോചനം
(രചന: Rajitha Jayan)
വിവാഹ മോചനം കഴിഞ്ഞ് തനിക്കു നേരെ പരിഹാസത്തിലൊരു ചിരിയും സമ്മാനിച്ചു നടന്നു നീങ്ങുന്ന ടോണിയെ നിറകണ്ണുകളോടെയാണ് നീന നോക്കി നിന്നത്. …
പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതം ഒരൊപ്പിലവസാനിപ്പിച്ച് ഇത്ര ലാഘവത്തോടെ ഒരാൾക്ക് നടന്നു പോവാൻ കഴിയുമോ..
നടന്നു നീങ്ങുന്ന ടോണിയെയും നിറകണ്ണുമായ് നിൽക്കുന്ന അമ്മയെയും മാറി മാറി ശ്രദ്ധിച്ച് നാലുകണ്ണുകൾ ആ കോടതിവളപ്പിൽ വേറെയുണ്ടായിരുന്നു…
ടോണിച്ചാ. ….
നീനയുടെ പതിഞ്ഞ ശബ്ദത്തിലുളള വിളി കേട്ട് തിരിഞ്ഞു നോക്കുമ്പോഴും ടോണിയുടെ മുഖത്താ പരിഹാസ ചിരി നിറഞ്ഞു നിന്നിരുന്നു. …
ടോണിച്ചാ… കോടതി വേർപ്പെടുത്തിയത് നമ്മൾ തമ്മിലുള്ള ബന്ധം മാത്രമാണ്… ..നമ്മുടെ മക്കളും നിങ്ങളും തമ്മിലുള്ള ബന്ധം അതിൽ പെടില്ല. ….
ചാച്ചന്റ്റെ ഒരു നോട്ടത്തിനും തലോടലിനുമായ് ആ രണ്ടു പെൺകുട്ടികൾ എത്ര ആശിക്കുന്നെണ്ടെന്നറിയാമോ… അതുകൊണ്ട് എന്നോടുളള വിരോധം ഒരിക്കലും ടോണിച്ചൻ അവരോട് കാണിക്കരുത്. …
നീ പോടി. …നിന്നെ ഒഴിവാക്കിയപ്പോൾ അതിന്റെ കൂടെ ഞാൻ ഒഴിവാക്കിയാതാണ് അവരെയും… ഒരപ്പൻ മക്കൾക്ക് നൽകേണ്ട സ്നേഹമൊന്നും അവർക്കു നൽക്കാൻ എനിക്കാവില്ല…
പകരം നിനക്കു അവർക്കും ഈ ജന്മം സുഖമായി കഴിയാനുളള പണവും താമസിക്കാൻ നല്ലൊരു വീടും ഞാൻ നിന്റെ പേരിൽ തന്നിട്ടില്ലേ. …
അതുമതിയിനി തളളയ്ക്കും മക്കൾക്കും… അതല്ലാതെ രക്തബന്ധ കണക്കും പറഞ്ഞ് എന്റെ മുന്നിലേക്ക് അവളുമാരെയും കൂട്ടി വന്നാൽ… ഞാൻ ജനിപ്പിച്ചതാണ് അതുങ്ങളെയെന്നു ഞാനങ്ങ് മറക്കും… അറിയാമല്ലോ എന്റെ സ്വഭാവം നിനക്ക്. ..
കഴിഞ്ഞ പതിനെട്ട് വർഷവും അതെന്താണെന്ന് അനുഭവിച്ചറിയുന്നവളല്ലേ നീ… ചെയ്യിക്കരുത് നീ എന്നെക്കൊണ്ട്….
ഒരുനിമിഷം നീനയുടെ മനസ്സിലൂടെ ആ രംഗങ്ങൾ കടന്നുപോയി… ദിവസേന രാത്രികളിൽ വീട്ടിലേക്ക് തെരുവ് പെണ്ണുങ്ങളെ കൂട്ടിവരുന്ന ടോണി….
ഇരുട്ടിന്റ്റെ മറവിൽ നീല ചിത്രങ്ങൾ ആസ്വദിക്കുന്ന ടോണി. … പിന്നീടവയെല്ലാം പരീക്ഷിച്ചറിയാൻ കിടപ്പറ യുദ്ധ കളമാക്കുന്ന ടോണി…
ഹോ…ആ ഓർമ്മകൾ പോലും നീനയെ ഞെട്ടിച്ചു. ..
അവളിലെ ഞെട്ടൽ കണ്ട് ചിരിച്ചു കൊണ്ട് നിൽക്കുന്ന ടോണിയെ നീന വെറുപ്പോടെ നോക്കി. …
നീ പേടിക്കണ്ടെടീ…..ഇനിയൊരിക്കലും നീയോ നിന്റ്റെ മക്കളോ എന്നെ കാണില്ല. ഞാൻ പോവുകയാണ്…അങ്ങ് ജർമ്മനിയിലേക്ക്…..എന്റെ രാഖിയുടെ കൂടെ സ്വർഗീയ ജീവിതം ജീവിക്കാൻ. …
ഈ പുരുഷായുസ്സിൽ ഇനിയെനിക്ക് നേടാനുളള സുഖങ്ങളത്രെയും എനിക്കായ് ഒരുക്കി എന്റ്റെ രാഖി എനിക്കായവിടെ കാത്തു നിൽക്കാടീ… അവളെ സ്വന്തമാക്കാൻ വേണ്ടിയാണ് നീയെന്ന ജന്മത്തെ ഞാനിപ്പോൾ ഒഴിവാക്കിയത്….
അല്ലെങ്കിൽ കഴിഞ്ഞുപ്പോയ വർഷങ്ങളിൽ എന്നിൽ നിന്നും രക്ഷപ്പെടാൻ നീയാവശ്യപ്പെട്ട ഈ ബന്ധം വേർപ്പെടുത്തൽ ഞാനിപ്പോഴും നിനക്ക് അനുവദിക്കില്ലായിരുന്നു…
ചവിട്ടിയരച്ച് രസിച്ചേനെ നിന്നയെന്റ്റെ കാൽചുവട്ടിൽ… പക്ഷേ എന്റെ രാഖി….അവളെ നേടാൻ എനിക്കുനീയൊരു തടസ്സമാണ്…
എനിക്കറിയാം ടോണിച്ചാ ഞാൻ മുമ്പ് പലവട്ടം പറഞ്ഞിട്ടും വിവാഹമോചനത്തിന് തയ്യാറാവാത്ത നിങ്ങൾ ഇപ്പോൾ അത് ചെയ്തത് നിങ്ങളുടെ ഫെയ്സ് ബുക്ക് സുഹൃത്തായ രാഖിയെ കെട്ടാനാണ് എന്ന്…എല്ലാംഅറിയാമെനിക്ക്..
നീനയുടെ തുറന്നു പറച്ചിൽ കേട്ട് അന്തംവിട്ടു നിൽക്കുന്ന ടോണിയെ ശ്രദ്ധിക്കാതെ നീന തുടർന്നു… നിങ്ങളെപ്പോലൊരു വൃത്തിക്കെട്ടവന്റ്റെ കൂടെ രണ്ട് പെൺകുട്ടികളുമായ് താമസിക്കാൻ ഏതൊരമ്മയും ഭയക്കും. ..ആ ഭയം എനിക്കുമുണ്ടായിരുന്നു…
അതോണ്ടാണ് നിങ്ങളിൽനിന്ന് ഞാൻ വിവാഹ മോചനം ആഗ്രഹിച്ചത്….ഏതൊരു സ്ത്രീക്കും അറപ്പോടെയും വെറുപ്പോടെയും മാത്രമേ നിങ്ങളെ സമീപിക്കാൻ കഴിയൂ..അത്തരമൊരു മാനസീക രോഗിയാണ് നിങ്ങൾ. …
അതോണ്ട് എന്നെ നിങ്ങളൊഴിവാക്കിയെന്ന സന്തോഷത്തിൽ നിങ്ങൾ ഇനി ജീവിക്കണ്ട മറിച്ച്
നിങ്ങളെന്നെയല്ല ഞാൻ നിങ്ങളെയാണ് ഒഴിവാക്കിയത്…..
ഭർത്താവിനെ ഉപേക്ഷിച്ചൊരു സ്ത്രീയായ് ഞാൻ ചെന്നാൽ ഈ സമൂഹവും വീട്ടുകാരും നാളെയൊരു പക്ഷേ എന്റെ മക്കളും എന്നെ കുറ്റപ്പെടുത്തും… ഒറ്റപ്പെടുത്തും…
അതോണ്ടാണ് ഞാൻ നിങ്ങളെകൊണ്ട് അത് ചെയ്യിപ്പിച്ചത്…പിന്നെയീ കണ്ണുനീർ അതെന്നിലെ സ്ത്രീയുടെ ഉള്ളിൽനിന്നു വരുന്നതാണ്. ..
നീനയുടെ സംസാരംകേട്ട് കാര്യം മനസ്സിലാവാതെ നിന്ന ടോണിയുടെ കൈകളിലേക്ക് നീന ഒരു മൊബൈൽ ഫോൺ വച്ചു കൊടുത്തു. ഇതാ… ഇതാണ് നിങ്ങളുടെ രാഖി……കുറെ വർഷങ്ങളായില്ലേ.. എന്റെ ശബ്ദം ഫോണിലൂടെ കേട്ടിട്ട്…
അതാവും രാഖിയാണെന്നു പറഞ്ഞൊരു പെണ്ണു വിളിച്ചപ്പോൾ എന്നെ നിങ്ങൾ സംശയിക്കാതിരുന്നത്… അവളെ സ്വന്തമാക്കാനായി എന്നെ നിങ്ങൾ ഉപേക്ഷിച്ചപ്പോൾ രക്ഷപ്പെട്ടത് ഞങ്ങൾ മൂന്ന് ജന്മങ്ങളും..
നിങ്ങളിൽ നിന്നു രക്ഷ നേടാൻ നിങ്ങളുടെ മൊബൈൽ ഫോൺ ബന്ധം തന്നെ ഉപയോഗിക്കേണ്ടി വന്നു എനിക്ക്. ..
അപ്പോൾ ശരി ടോണിച്ചാ..ഇനിയൊരിക്കലുമൊരു കണ്ടുമുട്ടൽ ഉണ്ടാവരുതേ എന്ന പ്രാർത്ഥനയോടെ പോവുകയാണ് ഞങ്ങൾ. …
തലയുയർത്തിപിടിച്ച് മക്കൾക്കൊപ്പം നീന നടന്നു മറയവെ ഒരു വിഡ്ഡിയായ് ആ മൊബൈലും പിടിച്ച് ടോണി ആ കോടതി വരാന്തയിൽ നിൽപ്പുണ്ടായിരുന്നു.. സംഭവിച്ചതെന്തന്ന ഉൾബോധത്തോടെ….