ജീവിച്ചിരുന്നപ്പോൾ കണ്ണിൽ പെടാത്തതൊന്നും മരണശേഷം കാണാൻ സാധിക്കില്ല എന്ന വലിയ സത്യം ഒരു നടുക്കമായി സുരേഷിന്റെ ഹൃദയത്തിൽ പതിയവെ പെട്ടന്നൊരു നെഞ്ച് വേദനയവനെ കീഴടക്കി…

(രചന: Rajitha Jayan)

“കഴിഞ്ഞ കുറെ കൊല്ലം ഒരു നിഴലായ് നിന്റെ കൂടെയുണ്ടായിരുന്നവളാണ് നിന്റെ ഭാര്യ,
അഗ്നി സാക്ഷിയായി നീ താലിചാർത്തിയവൾ,

ആ അവളെ മനസ്സിലാക്കാൻ, അവളുടെ മനസ്സ് കാണാൻ അവൾ നിനക്കൊപ്പം കഴിഞ്ഞ ഇത്രയും കാലം നിനക്ക് സാധിച്ചിട്ടില്ലല്ലോ സുരേഷേ….?

എന്നിട്ടവൾ മരിച്ചു തലയ്ക്ക് മുകളിൽ നിൽക്കുന്ന ഈ സമയത്താണോ നിനക്ക് അവളെ പറ്റി ഓർമ്മ വന്നത്..? ചിന്തകൾ വന്നത്. ..? കഷ്ടം. ..

വായിലെ മുറുക്കാൻ ചണ്ടി മുറ്റത്തേക്ക് നീട്ടി തുപ്പി അവഞ്ജയോടെ സുരേഷിനെ നോക്കി അവന്റെ അമ്മ അമ്മിണി മെല്ലെ അകത്തേക്ക് നടന്നു

കുറെകൊല്ലം. … ??

താനും രേണുകയും ഒരുമിച്ച് ഒത്തിരി വർഷങ്ങൾ ജീവിച്ചിരുന്നൂന്നല്ലേ അപ്പോൾ അമ്മ ഈ പറഞ്ഞത്. …??

എന്നിട്ടും അവളെപറ്റി ഓർക്കാൻ ഇപ്പോഴും തന്നിലവശേഷിക്കുന്നത് തങ്ങളുടെ വിവാഹം കഴിഞ്ഞ നാളുകളിലെ ചില സ്വകാര്യ നിമിഷങ്ങൾ മാത്രം….

താൻ ഒരുപാടാഗ്രഹിച്ച് നേടിയെടുത്ത ഒന്നല്ലായിരുന്നു തനിക്ക് രേണുക… ആയിരുന്നേൽ അവളെപ്പോഴും തന്റെ മനസ്സിൽ മുൻപന്തിയിലുണ്ടാവുമായിരുന്നു….

കാരണം ആഗ്രഹിച്ചു നേടിയെടുക്കുന്ന ഏത് വസ്തുവിനും താൻ തന്റെ പ്രാണനെക്കാൾ വില നൽകിയിരുന്നു.

അതിനുദാഹരണമാണല്ലോ കാർപോർച്ചിൽ കാറുകൾക്കൊപ്പം ഇപ്പോഴും പുതിയതു പോലെ ഇരിക്കുന്ന ഹെർക്കുലീസിന്റ്റെ സൈക്കിൾ മുതൽ അകത്ത് ഷോക്കേസിൽ വരെ നിരയായിരിക്കുന്ന പല വസ്തുക്കളും..

ആഗ്രഹിച്ചു നേടിയതിനെല്ലാം പ്രാണനെക്കാൾ വില നൽകി പരിപാലിച്ച താൻ രേണുകയെ തന്റ്റെ മറവിയുടെ ചെപ്പിലേക്ക് തളളിയിട്ടത്ത് അവൾ തനിക്ക് പ്രിയങ്കരിയല്ലാത്തതുകൊണ്ടല്ലേ…..?

ആവും. ….

ആണോ…?

ഇല്ല എത്രയെല്ലാം ചിന്തിച്ചിട്ടും രേണുകയെന്ന തന്റെ ഭാര്യയെ പറ്റി കൂടുതൽ ഒന്നും അറിയാത്തവനാണ് താൻ……

വർഷങ്ങൾക്ക് മുമ്പ് ആദ്യമായി അവളെ കണ്ടപ്പോൾ തെളിഞ്ഞ ആകാശം പോലെ ശാന്തവും സുന്ദരവുമായിരുന്ന തന്റെ മനസ്സ് പിന്നീടെപ്പോഴാണ് അവളിൽ നിന്നകന്ന് കാർമേഘങ്ങളാൽ ചുറ്റപ്പെട്ടത്..??

വിവാഹത്തിന്റെ ആദ്യ നാളുകളിൽ എന്നും അവളോടൊട്ടി അവളിൽ അലിഞ്ഞു ചേർന്നിരുന്ന താൻ എന്നാണ് അവളിൽ നിന്നകന്നത്…. . ??

താൻ അവൾക്കൊപ്പം സന്തോഷത്തോടെ സ്നേഹം പങ്കിട്ടത് എന്നായിരുന്നു.?

വെളളക്കല്ലുപതിച്ച മൂക്കുത്തിയിൽ മുത്തമിട്ടവളെ നെഞ്ചോരം ചേർത്ത് വരിഞ്ഞുമുറുക്കിയതെന്നായിരുന്നു ..??

ഇല്ല ഒന്നിനും ഉത്തരങ്ങളില്ല….

മനസ്സിൽ അവശേഷിക്കുന്നത് കുറെ ചോദ്യങ്ങൾ മാത്രം. … തനിക്കാരായിരുന്നു രേണുക… തന്റെ ഭാര്യ. ..ഭാര്യ മാത്രം..

ഒരിക്കലും അവൾക്കൊരു കുഞ്ഞിനെ നൽകാൻ പോലും കഴിവില്ലാത്തവനായിരുന്നില്ലേ താൻ… എന്നിട്ടും അതിന്റെ പരാതിയോ പരിഭവമോ അവൾ തന്നോട് കാട്ടിയിട്ടില്ല….

അതോ കാട്ടിയിരുന്നോ…. പ്രതീക്ഷയോടെ എന്തോ പറയുവാനായി തനിക്കരികിലേക്ക് പലപ്പോഴും വരുന്ന ഭാര്യയുടെ മുഖം ഒരുനിമിഷം സുരേഷിന്റെ മനസ്സിലൂടെ കടന്നു പോയി. ..

ഇല്ല തന്നൊടൊന്നും പറയാൻ താനവളെ അനുവദിച്ചിട്ടില്ല… എപ്പോഴും അകലത്തിൽ നിർത്തിയിട്ടേയുളളു അവളെ….

എന്തിനായിരുന്നു താനവളെ അകലത്തിൽ നിർത്തിയത്…. താനൊരു കഴിവുക്കെട്ടവനാണെന്ന് പുറത്താരും അറിയാതിരിക്കാനായിരുന്നോ…. ആണെങ്കിൽ അതിനെന്തിന് രേണുകയെ ശിക്ഷിക്കണം…..

വയ്യ ഉത്തരങ്ങൾ കിട്ടാത്ത അനേകം ചോദ്യങ്ങൾ മനസ്സിനെ വല്ലാതെ ഞെരിക്കുന്നു….

വയ്യ …. വയ്യ… മനസ്സിന്റെ വേദനകൾ … കുറ്റബോധങ്ങൾ.. പരിഹാസങ്ങൾ …ഒന്നും താങ്ങാൻ വയ്യ ഇപ്പോൾ. ..

താനറിയാതെ തന്നെ തനിക്കിത്രയേറെ പ്രിയപ്പെട്ടവളായിരുന്നോ അവൾ….

അതോ ഇനിയൊരിക്കലും തിരിച്ചു വരാത്തൊരു ലോകത്തിലേക്ക് മരണത്തിലൂടെ നടന്നു പോയ അവളോടുളള സഹതാപമാണോ തന്റ്റെ മനസ്സിൽ… ഒരു പക്ഷേ അവളുടെ മരണം പോലും ഒരു ആത്മഹത്യ ആവാം ….

റോഡ് മുറിച്ചു കടക്കുമ്പോൾ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നവളെ.അതും ഈ വീടിന് മുന്നിൽ വെച്ച്. ….എത്രയോ വർഷങ്ങളായി അവൾക്ക് ചിരപരിതമാണീ വീടും റോഡുമെല്ലാം…. എന്നിട്ടും… അപ്പോൾ അവൾ മനപ്പൂർവം ചെയ്തതാവുമോ….

മരിക്കുന്ന അന്ന് രാവിലെ അവൾ തന്നോട് എന്തോ പറയാൻ തുടങ്ങീരുന്നല്ലോ…?
എന്തായിരുന്നു അത്….? ഇല്ല അറിയില്ല… അറിയാൻ ശ്രമിക്കാതെ അവഗണിച്ചൂ താനവളെ അന്നും. …

എന്തായിരിക്കാം അവൾ പലപ്പോഴായി തന്നോടു പറയാൻ ശ്രമിച്ചിട്ടുണ്ടാവുക…അതറിയാനൊരു വഴിയുമില്ലല്ലോ ഈശ്വരൻമാരെ

ഇനിയൊന്നു കണ്ടു ചോദിക്കാൻ,,,. ചെയ്ത തെറ്റുകളെല്ലാം ഏറ്റുപറഞ്ഞു മാപ്പ് ചോദിക്കാൻ ഇനിയീ ജന്മത്തിൽ തനിക്ക് കഴിയില്ലല്ലോ. …..

ശൂന്യമായ മനസ്സോടെ വീടിനുളളിൽ പലസ്ഥലത്തും സുരേഷ് എന്തോ തിരഞ്ഞെന്ന പോലെ പരതി നടന്നു. …

നീ എന്താണ് സുരേഷേ ഈ തിരഞ്ഞോണ്ട് നടക്കുന്നത്. …നിന്റ്റെ എന്തെങ്കിലും സാധനം നീ എവിടേലും മറന്നു വെച്ചോ…??

അമ്മേ ഞാൻ രേണുവിന്റ്റെ വസ്തുക്കൾ എന്തെങ്കിലും ഇവിടെ ഉണ്ടോന്ന് നോക്കുവായിരുന്നു….

ആ…പഷ്ട്….ഇത്രയും കാലം നിന്റെ മുന്നിൽ ജീവനോടെ ഉണ്ടായിരുന്ന അവളെ നിനക്ക് ആവശ്യം ഉണ്ടായിരുന്നില്ലല്ലോ….ഇപ്പോൾ പിന്നെ എന്തിനാണ് അവളുടെ വസ്തുക്കൾ. … ??

അത്….അത്…

ഇല്ല… ഇവിടെ നിന്ന് അവളുടേതായി ഇനി ഒന്നും കണ്ടെത്താൻ നിനക്ക് സാധിക്കില്ല .. അവളില്ലാത്ത ഈ വീടിപ്പോൾ ആകെ ശൂന്യതയാണ്….

അവളുടേതായ യാതൊന്നും തന്നെ ഇപ്പോൾ ഇവിടെ എവിടെയും അവശേഷിക്കുന്നുമില്ല…

നമ്മുടെ വിശ്വാസ പ്രകാരം ഒരാൾ ഈ ഭൂമി വിട്ട് പോവുന്നതോടെ അവരുടേതായി യാതൊന്നും തന്നെ ആ വീട്ടിൽ അവശേഷിക്കാൻ പാടില്ല എന്നല്ലേ….

ഒഴിവാക്കി എന്റെ കുട്ടിയുടെ എല്ലാ വസ്തുക്കളും… ഇനി കുറച്ചു ഓർമ്മകൾ ഉണ്ട് എന്റെ മോളെ പറ്റി എന്റെ മനസ്സിൽ…. അവയൊന്നും തന്നെ നിനക്ക് പ്രിയപ്പെട്ടതല്ല….

അമ്മേ ഞാൻ. …

വേണ്ട സുരേഷേ. ..നീ കൂടുതൽ ഒന്നും പറയണ്ട… നിന്റെ ഭാര്യയായിരുന്നു നിനക്കവളെങ്കിൽ എനിക്കവൾ എന്റെ മരുമകളായിരുന്നില്ല… മകളായിരുന്നു….

എന്തായാലും ഇപ്പോൾ എനിക്കേറെ സന്തോഷം ഉണ്ടെടാ….എന്തിനാണെന്നറിയുമോ….ഓരോ പ്രാവശ്യവും നിന്റെ അവഗണകൾ ഏറ്റുവാങ്ങി നെഞ്ച് പൊട്ടിയവളീ അടുക്കള പുറത്തിരുന്ന് കരയും…

എന്നിട്ടൊടുവിൽ പറയും ഞാൻ ഉളളപ്പോൾ സുരേഷേട്ടനെന്നെ മനസ്സിലായില്ലെങ്കിലും എന്റെ മരണശേഷമെങ്കിലും ഞാൻ അദ്ദേഹത്തിന് ആരായിരുന്നെന്ന് അദ്ദേഹം മനസ്സിലാക്കുമെന്ന്….

ആ വാക്കുകൾ എത്ര വലിയ സത്യം ആണെന്ന് നിന്റ്റെ ഈ പ്രവർത്തികൾ എനിക്ക് മനസ്സിലാക്കി തരുന്നുണ്ടെടാ….കയ്യിലെ മാണിക്യത്തിന്റ്റെ വിലയറിയാതെ അതിനെ നശിപ്പിച്ച അവനിപ്പോൾ അവളുടെ ഓർമ്മകൾ കൊണ്ട് അലയുന്നു….

അവൾ പറയാൻ മാറ്റിവെച്ചതിനെ പറ്റി ചിന്തിക്കുന്നു…. കഷ്ടം… …പോയി ചാവെടാ…. അപ്പോൾ കാണാം നിനക്കവളെ അങ്ങേ ലോകത്ത് വെച്ച്. …അപ്പോൾ ചോദിച്ചാൽ മതി എന്തായിരുന്നു പറയാൻ ബാക്കി വെച്ചതെന്ന്….

പുച്ഛത്തോടെ മകനെ നോക്കി പിറുപിറുത്ത് കൊണ്ട് അമ്മിണി അമ്മ പറഞ്ഞു. …

അമ്മയുടെ വാക്കുകൾ തീഗോളമായ് കാതിൽ പതിയുമ്പോഴും സുരേഷിന്റെ കണ്ണുകൾ രേണുകയുടെ ഏതെങ്കിലും വസ്തുക്കൾ തിരഞ്ഞു നടന്നു. ..

അവന്റെ മനസ്സ് അപ്പോൾ അവളുടെ ഗന്ധം കൊതിക്കുകയായിരുന്നു…പലപ്പോഴും അടുത്ത് വരുമ്പോൾ കനത്ത മണമെന്ന് പറഞ്ഞാട്ടിയോടിച്ചിരുന്ന അവളുടെ മുടിയിലെ കാച്ചെണ്ണമണമൊന്ന് നുകരാനവൻ അപ്പോൾ വല്ലാതെ കൊതിച്ചൂ…..

ഇല്ല ഒന്നും ഇനിയില്ല….

ജീവിച്ചിരുന്നപ്പോൾ കണ്ണിൽ പെടാത്തതൊന്നും മരണശേഷം കാണാൻ സാധിക്കില്ല എന്ന വലിയ സത്യം ഒരു നടുക്കമായി സുരേഷിന്റെ ഹൃദയത്തിൽ പതിയവെ പെട്ടന്നൊരു നെഞ്ച് വേദനയവനെ കീഴടക്കി…

അമ്മേ എന്ന വിളി പാതിയിലവസാനിപ്പിച്ചവൻ നിലത്തേക്കൂർന്നുവീണു……ആ വീഴ്ചയിൽ പാതിയടഞ്ഞ കണ്ണുകളിലൂടവനപ്പോൾ കണ്ടു അവനരികിലേക്കോടിയണയുന്ന രേണുകയുടെ രൂപം. ….

അമ്മേ……

ആകെ വിയർത്തുക്കുളിച്ചലറി വിളിച്ചുകൊണ്ട് സുരേഷ് പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു…..

മങ്ങിയ ബെഡ്റൂം ലാമ്പിന്റ്റെ വെളിച്ചത്തിൽ ആ മുറിയിലാകെ പകച്ചു നോക്കി ഒരു നിമിഷം അവനിരുന്നു…. പിന്നെ മെല്ലെ എഴുന്നേറ്റ് അപ്പുറത്തേ മുറിക്കുളളിലേക്ക് നടന്നു. …

അവിടെ കിടക്കയിലവൾ, രേണുക ഉറങ്ങുന്നുണ്ടായിരുന്നു…..

കഴിഞ്ഞുപോയ കുറെ വർഷങ്ങളുടെ അവഗണനകൾ ഏറ്റുവാങ്ങി തളർന്നുറങ്ങുന്ന അവളുടെ കൈക്കളിലപ്പോൾ അമ്മിണി അമ്മയുടെ വലിയ ഒരു ഫോട്ടോ ഉണ്ടായിരുന്നു…

ഏതു ദുഖങ്ങളും അവളിറക്കിവെച്ചിരുന്നത് ആ മടിയിലായിരുന്നല്ലോ….?

ഉറങ്ങുന്ന രേണുകയുടെ കാലുകളിൽ ചുറ്റിപിടിച്ചൊരു കുട്ടിയെ പോലെ സുരേഷ് ആർത്തുകരയവെ ഉറക്കം ഞെട്ടിയുണർന്ന രേണുക പകച്ചു ഭർത്താവിനെ നോക്കി എന്തോ ചോദിക്കാനൊരുങ്ങവെ

ശക്തമായൊരാലിംഗനത്തിലൂടെ സുരേഷവളെ നെഞ്ചോട് ചേർത്തമർത്തി വെളളകല്ലു പതിപ്പിച്ചവളുടെ മൂക്കുത്തിയിലമർത്തി ചുംബിച്ചൂ….

കാര്യം മനസ്സിലാതൊരു കുറുകലോടെ രേണുക അവനിലേക്കൊട്ടി ചേരവെ മേശപ്പുറത്ത് കിടന്ന പത്രതാളുകളിലൊന്നിലെ ഫോട്ടോയിലിരുന്ന് അമ്മിണി അമ്മ ഒന്ന് ചിരിച്ചുവോ…..??

സഞ്ചയനം ഇന്ന് എന്ന വാർത്തയോടൊരു പത്രം അമ്മിണിയമ്മയുടെ ഫോട്ടോയുമായാ മേശപ്പുറത്തപ്പോൾ കിടന്നിരുന്നു..

സ്വന്തം മരണത്തിനപ്പുറമെങ്കിലും മകനിലെ നല്ല മാറ്റം കണ്ട സംതൃപ്തിയോടെ…..

Leave a Reply

Your email address will not be published. Required fields are marked *