(രചന: രജിത ജയൻ)
“ഞാനന്നേ പറഞ്ഞതല്ലേ നിങ്ങളോടെല്ലാം ഇവൾ വിനോദിനെ ഉപേക്ഷിച്ചു വന്നതവളുടെ ഇഷ്ട്ട കാരനെ കെട്ടി കൂടെ പൊറുക്കാനാണെന്ന് …
“അന്ന് നിങ്ങളെല്ലാവരും എന്നെ ചീത്ത വിളിച്ചിട്ടിവളുടെ പക്ഷം നിന്നു …
ഇപ്പോഴെന്തായീ …?
“ഞാൻ പറഞ്ഞതുപോലെ തന്നെ ആയീലേ കാര്യങ്ങൾ ..
“അന്നേ ഇവളുടെ കല്യാണം അവനുമായ് നിങ്ങൾ നടത്തീരുന്നെങ്കിൽ ഇത്രയും നാണക്കേട് ഉണ്ടാവില്ലയിരുന്നു..
“ഇതിപ്പോ ഇവളുടെ മകന് വയസ്സ് ഇരുപത്തൊന്നാണ്, നാലു കൊല്ലം കഴിഞ്ഞാൽ പെണ്ണ് കെട്ടാറായി.. അപ്പോഴാ തള്ളയ്ക്ക് രണ്ടാം കല്യാണം ..അതും പഴയ കാമുകനുമായിട്ട് …
“കൊള്ളാം ..ഇനി അമ്മയും ആങ്ങളമാരും കൂടി നടത്തി കൊട് ഇവളുടെ രണ്ടാം കല്യാണം …
ഇവളുടെ മകനെയും കൂട്ടിക്കോ..
“വയസ്സാം കാലത്തിനി ഇവൾക്ക് തുണയില്ലാന്നാരും പറയില്ലല്ലോ …?
“രാധികേ… അടച്ചു വെച്ചോ നീ നിന്റെ വായ…
ഇല്ലേൽ പല്ലൊരെണ്ണം വായിൽ ഉണ്ടാവില്ല അടിച്ചു ഞാൻ താഴെയിടും…
“പറഞ്ഞു പറഞ്ഞ് എന്തും പറയാം എന്നായോ നിനക്ക്… ?
നീ ഇത്രമാത്രം പറയാനൊന്നുമില്ല..
” ഭർത്താവ് ഉപേക്ഷിച്ച ഇവളെ ഭാര്യ മരിച്ച അവൻ വന്ന് കല്യാണം ആലോചിച്ചു ..
അതിലെന്താണ് ഇത്ര വലിയ തെറ്റ് ..?
ഇവൾക്കതിനു മാത്രം വയസ്സൊന്നും ആയിട്ടില്ലല്ലോ ..?
വേണ്ടിവന്നാൽ ഞങ്ങളിത് നടത്തും … നീ എന്തു ചെയ്യും …?
അതുവരെ ഒന്നും മിണ്ടാതെ നിന്ന അമ്മാവന്റെ ശബ്ദം ഉമ്മറത്തുയർന്നതും വിശാൽ തന്റെ മുറിയിൽ നിന്നെഴുന്നേറ്റ് ഉമ്മറത്തേക്ക് വന്നു ..
“ആ.. മോനെ.. നീയറിഞ്ഞില്ലേ, നിന്റെ അമ്മ ഒരാളെ കെട്ടാൻ പോവാണ് …
വിശാലിനെ കണ്ടതും രാധിക പരിഹാസത്തിൽ അവനോട് പറഞ്ഞു, എന്നാൽ വിശാൽ നോക്കിയതവന്റെ അമ്മയെ മാത്രമായിരുന്നു ..
കരഞ്ഞു കണ്ണുനീർ വറ്റിയെന്നവണ്ണം നിലത്തേക്ക് നോക്കി നിശബ്ദയായി ഇരിക്കുന്ന അമ്മയെ കണ്ടതും അവന്റെ ഉള്ളിലൊരു സങ്കടക്കടലിളകി …
“അമ്മേ….,,
ഇന്ദിരയ്ക്കരിക്കിൽ ചെന്നവനവളെ വിളിച്ചതും ഞെട്ടിയെന്ന പോലെ അവൾ അവനെ നോക്കി …
“ഞാൻ… ഞാനൊന്നും അറിഞ്ഞിട്ടല്ല മോനെ … ഇവിടെ എന്താ നടക്കുന്നത് എന്നു പോലും എനിക്കറിയില്ലെടാ കുഞ്ഞാ…
വിശാലിനെ കെട്ടിപിടിച്ചൊരു കുട്ടിയെ പോലെ ഇന്ദിര കരഞ്ഞതും അവന്റെ ഉള്ള് നീറി…
“നീ അറിയാതെയും പറയാതെയും ആണോ ടീ അവൻ നിന്നെ കെട്ടിച്ചു തരുമോന്ന് ചോദിച്ച് ഈ പടി കയറി വന്നത് …?
അമ്മായി വീണ്ടും അമ്മയ്ക്ക് നേരെ തിരിയുന്നത് വിശാൽ കണ്ടു
“അമ്മായീ… അവൻ ശാസനയോടെ വിളിച്ചു
“എന്താടാ ഞാൻ പറഞ്ഞതിൽ തെറ്റ്..?
” ഇവളറിയാതെ എങ്ങനെയാടാ അവനിവിടെ ഇവളെ ചോദിച്ചു വരുക ..?
“അതിനമ്മ അറിയണംന്നില്ല അമ്മായി … അമ്മയുടെ മകനായ ഞാൻ അറിഞ്ഞാലും മതി …
അവൻ ശബ്ദം താഴ്ത്തി പറഞ്ഞതും അവരെല്ലാം ഞെട്ടി ..
ഇന്ദിര പകച്ചവനെ നോക്കി
“നീ.. നീ എന്താ മോനെ ഈ പറയുന്നത് ..?
“നീ പറഞ്ഞിട്ടാണോ സതീശൻ ഇവിടെ വന്നതും ഇവളെ വിവാഹം കഴിക്കാൻ താൽപര്യം കാണിച്ചതും …?
അമ്മാവൻ വിശ്വാസം വരാതെയെന്നവണ്ണം അവനോട് ചോദിച്ചു.
“സത്യമാണ് അമ്മാവാ.. ഞാൻ പറഞ്ഞിട്ടാണ് സതീശൻ മാമ ഇവിടെ വന്നത് ..
ഇന്ദിര കേട്ടതു വിശ്വസിക്കാൻ കഴിയാതെ അവനെ പകച്ചു നോക്കി ..
അവളുടെ ഉള്ളിൽ നിന്നൊരു കരച്ചിൽ ഉയർന്നു വന്നവളുടെ തൊണ്ടയിൽ തടഞ്ഞു നിന്നു ..
“മോനെ.. കുഞ്ഞാ …നീ… നീയും വിശ്വസിക്കുന്നുണ്ടോ നിന്റെ അമ്മ അയാൾക്ക് വേണ്ടിയാണ് നിന്റെ അച്ഛനെ ഉപേക്ഷിച്ച് വന്നതെന്ന് …?
നിറകണ്ണുകളോടെ നിൽക്കുന്ന ഇന്ദിരയെ നോക്കി കൊണ്ട് അമ്മാവനത് ചോദിച്ചതും അവൻ വേദനയോടെ അവന്റെ അമ്മയെ ഒന്നു നോക്കി പിന്നെയവരെ തന്റെ നെഞ്ചോടു ചേർത്തു മുറുക്കി പിടിച്ചു…
“ഇല്ല അമ്മാവാ, ആരെല്ലാം അങ്ങനെ വിളിച്ചു പറഞ്ഞാലും ഞാനെന്റെ അമ്മയെ അവിശ്വസിക്കില്ല…
” കാരണം എന്റെ അമ്മ എന്റെ അച്ഛനോടൊപ്പം ജീവിച്ചതെങ്ങനെയാണെന്ന് നിങ്ങൾക്കെല്ലാം കേട്ടറിവ് മാത്രമേ ഉള്ളു ..
“പക്ഷെ എനിക്കത് എന്റെ കൺമുന്നിൽ ഞാൻ കണ്ടു വളർന്ന ജീവിതമാണ് .. ഒന്നും രണ്ടുമല്ല നീണ്ട പതിനെട്ടു വർഷക്കാലം എന്റെ അമ്മയുടെ കണ്ണീരു കണ്ടവനാണ് ഞാൻ …
അതു പറയുമ്പോൾ അവന്റെ കൺമുന്നിൽ അപ്പോഴുമുണ്ടായിരുന്നു അമ്മയെ ക്രൂരമായ് ഉപദ്രവിക്കുന്ന അവന്റെ അച്ഛന്റെ രൂപം ..
“അതു കൊണ്ട് തന്നെയാണ് എന്റെ അമ്മയ്ക്ക് പുതിയ നല്ലൊരു ജീവിതം വേണമെന്ന് എനിക്ക് തോന്നിയത് ..
“എന്റെ അമ്മയെ നന്നായി അറിയുന്ന, സ്നേഹിക്കുന്ന ഒരാൾ.. അതിന് സതീശ് മാമയെ പോലൊരാൾ തന്നെയാണ് നല്ലതെന്ന് എനിക്ക് തോന്നി..
” ഒന്നുമില്ലെങ്കിലും കുട്ടിക്കാലത്തെന്റെ അമ്മയെ കുറെ നെഞ്ചിലേറ്റി നടന്നയാളല്ലേ..?
“ആ ബെസ്റ്റ് …അമ്മയെ രണ്ടാം കല്യാണം കഴിപ്പിക്കാൻ നടക്കുന്ന പെറ്റ മകൻ ..
നിനക്ക് നാണമില്ലേ വിശാൽ .. ?
അമ്മായി വീണ്ടും അവനെതിരെ തിരിഞ്ഞു ..
“ഞാനെതിന് നാണിക്കണം അമ്മായി ..?
അച്ഛനെ ഉപേക്ഷിച്ച് ഞങ്ങൾ ഇവിടെ വന്നു നിന്ന ഈ രണ്ടു മൂന്ന് വർഷവും നിങ്ങളെന്റെ അമ്മയ്ക്ക് എന്തെങ്കിലുംസമാധാനം കൊടുത്തിട്ടുണ്ടോ..?
“പണം നൽകാതെ നിങ്ങളുടെ വീട്ടിലൊരു ജോലിക്കാരി …?
അതല്ലേ എന്റെ അമ്മ നിങ്ങൾക്ക് ഇതുവരെ ..
“എന്നാലിനി അതു വേണ്ട… അവൻ ഉറച്ച ശബ്ദത്തിൽ അവരോട് പറഞ്ഞു
“മോനെ.. അത്.. എനിക്ക് ..
”അമ്മ ഒന്നും പറയണ്ട ഇപ്പോൾ.. എന്റെ കൂടെ വന്നാൽ മാത്രം മതി..
ഇന്ദിര വിശാലിനോടെന്തോ പറയാനായ് ശ്രമിച്ചതും അവൻ അതിനവരെ സമ്മതിക്കാതെ അവരുമായ് മുറിയ്ക്കുള്ളിലേക്ക് നടന്നു ..
വിശാൽ അവന്റെ അമ്മയെ കൂട്ടികൊണ്ടു പോവുന്നത് കണ്ടപ്പോഴേ അമ്മാവനുറപ്പായിരുന്നു അവളെ എങ്ങനെ എങ്കിലും അവനീ കല്യാണത്തിന് സമ്മതിപ്പിക്കും എന്ന്, കാരണം അവന്റെ അമ്മയുടെ സന്തോഷം അവനെന്നും ആഗ്രഹിച്ചിരുന്നു ..
മാസങ്ങൾക്ക് ശേഷമൊരു ദിവസം പഠന സ്ഥലത്തു നിന്നുംഅമ്മയ്ക്കരികിലെത്തിയ വിശാൽ കാണുന്നത് അടുക്കള പടിയിലിരുന്ന് അമ്മയുടെ കാലിലെ നഖം ശ്രദ്ധയോടെ വെട്ടി കൊടുക്കുന്ന സതീശ് മാമയെ ആണ് ..
“മതി സതീശേട്ടാ.. ബാക്കി ഞാൻ വെട്ടിക്കോളാം ..ആരെങ്കിലും കണ്ടോട്ടു വന്നാൽ എന്തു വിചാരിക്കും എന്റെ ഈശ്വരാ ….
അമ്മ പറയുന്നത് കേൾക്കേ അവൻ കാണുകയായിരുന്നു അമ്മയുടെ സന്തോഷം നിറഞ്ഞ മുഖത്തേയും സ്നേഹം തുളുമ്പുന്ന ശബ്ദത്തെയും..
“ഇവിടെ ആരു വരാനാ ഇന്ദൂ … ഇതു നമ്മുടെ വീടല്ലേ ടീ..
സ്നേഹത്തോടെ അമ്മയുടെ കവിളിൽ നുള്ളി കൊണ്ട് സതീശൻ പറയുമ്പോൾ വിശാൽ ശ്രദ്ധിച്ചത് അമ്മയോടുള്ള അയാളുടെ സ്നേഹമാണ് ….
“അങ്ങനെ ആരും വരില്ലാന്നെന്നും നിങ്ങൾ കരുതരുത് ഞാൻ വന്നല്ലോ മാമെ.. എല്ലാം കാണുകയും ചെയ്തു..
നിറഞ്ഞ സന്തോഷത്തോടെ വിശാൽ പറഞ്ഞതും ഞെട്ടിയവർ തിരിഞ്ഞു നോക്കി..
വിശാലിനെ കണ്ടതും അവരുടെ മുഖം സന്തോഷത്താൽ തിളങ്ങി..
“നീ എപ്പോ വന്നു മോനെ..?
സതീശവനോട് ചോദിച്ചു ..
“ഞാൻ ഇപ്പോ വന്നതേയുള്ളു മാമെ…
അവൻ പറഞ്ഞതും സതീശന്റെമുഖമൊന്നു വാടി.. എങ്കിലും പുറമെ അത് കാണിക്കാതെ അയാളത് മറച്ചെങ്കിലും ഇന്ദിര കണ്ടിരുന്നു സതീശന്റെ മുഖത്തെ മാറ്റം
വിശാലിനോട് വിശേഷങ്ങൾ പറഞ്ഞു കൊണ്ട് ഇന്ദിരയും സതീശനും അവന്റെ ഇടവും വലവും നിറഞ്ഞു നിന്നു ..
പഠനാവശ്യത്തിനായ് വിശാൽ വീട്ടിൽ നിന്ന് മാറി നിന്നത് ഇന്ദിരയിൽ വലിയ വിഷമം ഉണ്ടാക്കിയത് വിശാലിന്റെ മനസ്സിലൊരു നോവായീ കിടന്നിരുന്നു
കാരണം അവന്റെ നിർബന്ധത്തിനും വാശിക്കും മുമ്പിൽ കീഴടങ്ങിയായിരുന്നു സതീശനു മുമ്പിലവൾ തല കുനിച്ചത് ..
പക്ഷെ ഇപ്പോൾ തന്റെ അമ്മയിൽ നിറഞ്ഞു നിൽക്കുന്ന ഈ സന്തോഷം അവന്റെ മനസ്സ് നിറയ്ക്കുന്ന ഒന്നായിരുന്നു
താൻ സ്വന്തം കാര്യത്തിൽ തിരക്കിലാവുമ്പോൾ തന്റെ അമ്മ ഒറ്റയ്ക്കാവരുത് എന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളു.. അതു നടന്ന സന്തോഷം അവന്റെ മനസ്സ് നിറച്ചു …
“അതേ എനിക്ക് നല്ല ക്ഷീണമുണ്ട് ഞാനൊന്ന് ഫ്രഷായിട്ട് വരാം, എന്നിട്ടൊരുമിച്ച് ഭക്ഷണം കഴിക്കാട്ടോ മാമെ .. ഒരഞ്ചു മിനിറ്റ്…
അവരോടു പറഞ്ഞു കൊണ്ടവൻ മുറിയിലേക്ക് നടന്നതും സതീശന്റെ മുഖമൊന്ന് ശ്രദ്ധിച്ച് ഇന്ദിരയും അവന്റെ പിന്നാലെ പോയ് …
”മോനെ.. കുഞ്ഞാ.. അവൾ വിളിച്ചു
“എന്താ അമ്മേ…?
തന്റെ പുറകെ വന്ന അമ്മയെ നോക്കിവിശാൽ…
“അമ്മ മോനോടൊരു കാര്യം ചോദിക്കാൻ …..
“അമ്മ ചോദിക്കമ്മേ ,അതിനെന്തിനാ ഈ മടി…
“അതു മോന് സതീശേട്ടനെ ഇഷ്ട്ടം അല്ലേ..?
മടിച്ച് മടിച്ച് ഇന്ദിര അവനോട് ചോദിച്ചു
“എന്താ അമ്മേ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം..?
“ഞാൻ പറഞ്ഞിട്ടു വേണോ അമ്മയ്ക്കതിന്റെ ഉത്തരം അറിയാൻ …?
“അതല്ലെടാ കുഞ്ഞാ.. നീ ഇപ്പോഴും സതീശേട്ടനെ വിളിക്കുന്നത് മാമാന്നല്ലേ, നീ അച്ഛാന്ന് വിളിച്ചു കേൾക്കാൻ സതീശേട്ടന് നല്ല ആഗ്രഹം ഉണ്ട്..
“ഓരോ തവണ നീ മാമാന്ന് വിളിക്കുമ്പോഴും ആ മുഖത്തെ സങ്കടം അമ്മ കാണാറുണ്ട് .. വേറെ ആരും ഇല്ലല്ലോ അങ്ങനെ വിളിക്കാൻ …
അമ്മ പറഞ്ഞതും അവനാ മുഖത്തേക്ക് തന്നെ നോക്കി നിന്നു
“അ ച്ഛൻ….
അവൻ മനസ്സിലാ വാക്ക് പറഞ്ഞതും അവന്റെ ഉള്ളിൽ എന്തെന്നറിയാതൊരു പരവേശം തിങ്ങിനിറഞ്ഞു..
തന്നെ, തന്നെ നോക്കി നിൽക്കുന്ന അമ്മയെ അവഗണിച്ചവൻ മുറിക്ക് പുറത്തേക്കിറങ്ങിയതും കണ്ടു അവിടെ ഹാളിൽ തനിക്ക് കഴിക്കാനുള്ള ഭക്ഷണ സാധനങ്ങൾ മേശമേൽ നിരത്തുന്ന സതീശനെ …
ആ കാഴ്ച അവന്റെ മനസ്സിനെ നോവിച്ചു, ഒപ്പം അവനറിയാതെ തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞു.
“മാമെ ….,,
അയാളുടെ തൊട്ടു പുറകിൽ ചെന്നവൻ വിളിച്ചതും ഞെട്ടി സതീശൻ തിരിഞ്ഞു നോക്കി
“എന്താ മോനെ..? എന്തു പറ്റി കണ്ണൊക്കെ നിറഞ്ഞല്ലോ ..?
അയാൾ പരിഭ്രമത്തോടെ അവനോട് ചേർന്നു നിന്നു ചോദിച്ചതും വിശാലയാളെ തന്റെ നെഞ്ചോരം ചേർത്ത് വരിഞ്ഞുമുറുക്കി …
അവനെന്തു പറ്റിയെന്നറിയാതെ ഇന്ദിരയും ആ കാഴ്ചകണ്ടവനെ നോക്കി നിന്നു
”എനിക്ക്… എനിക്ക് എന്നിഷ്ട്ടമാണെന്നോ എന്റെ ഈ മാമെയെ … എന്റെ അമ്മയോളം തന്നെ ഇഷ്ട്ടാ …
ഇന്ദിരയുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു
“പിന്നെ അച്ഛാന്ന് വിളിക്കാത്തത് എന്താണെന്ന് ചോദിച്ചാൽ എല്ലാവർക്കും അതൊരു സുഖമുള്ള പേരാണെങ്കിൽ എനിക്കതൊരു പേടിയുടെ, ഒരിക്കലുംമാറാത്ത ഞെട്ടലിന്റെ ഒക്കെ പേരാണ് ..
“എന്റെ മനസ്സിലെ വെറുപ്പിന്റെയും ദേഷ്യത്തിന്റെയും രൂപമാണ് അച്ഛനെന്ന പേരിന് …
“ഞാനൊരു പാട് സ്നേഹിക്കുന്ന എന്റെയീ മാമെയെ അങ്ങനെ ഒരു പേര് വിളിക്കാൻ എനിക്ക് ഇഷ്ട്ടം ഇല്ലാത്തതുകൊണ്ടാ ഞാനങ്ങനെ വിളിക്കാത്തത് …
ഒരു നൊമ്പരത്തോടെ വിശാൽ പറഞ്ഞു നിർത്തുമ്പോൾ ഇന്ദിരയും സതീശനും അറിയുകയായിരുന്നു അവരോടുള്ള അവന്റെ അടങ്ങാത്ത സ്നേഹത്തിന്റെ ആഴം..
ഒരു പേരുകൊണ്ടു പോലും അളന്ന് തിട്ടപ്പെടുത്താൻ കഴിയാത്ത സ്നേഹ കടലാണവനെന്ന് ….