കല്യാണത്തിനെന്നല്ല ഒരു കാര്യത്തിലും നീ ഈ വീടിന്റ്റെ  പടി കടക്കില്ല… പറഞ്ഞിട്ടുണ്ടല്ലോ മുമ്പും ഞാനത് പലപ്രാവശ്യം…

(രചന: Rajitha Jayan)

“” അമ്മേ….ദാ…ഇവിടെ ഒരാൾ രാവിലെ തന്നെ കുളിച്ചു സുന്ദരിയാവുണു….

കുളികഴിഞ്ഞു നീണ്ട മുടിയിഴകൾ കൈവിരലുകളാൽ കോതി ഒതുക്കുമ്പോൾ തൊട്ടു പുറക്കിൽ നിന്ന് പെട്ടെന്ന് അമ്പിളിയുടെ ഒച്ച ഉയർന്നപ്പോൾ പൗർണമി ഞെട്ടി തിരിഞ്ഞു നോക്കി…

കണ്ണിൽ നിറയെ അസൂയയോടെ പരിഹാസഭാവത്തിൽ പൗർണമിയെ നോക്കി ചുണ്ടുകൾ കൂർപ്പിച്ച് അമ്പിളി വാതിൽക്കലേക്ക് നോക്കി

അമ്പിളിയുടെ നോട്ടത്തെ പിൻതുടർന്ന പൗർണമി കണ്ടു വാതിൽക്കൽ കോപത്താൽ തിളച്ചു നിൽക്കുന്ന അമ്മായിയെ…

അവളുടെ നെഞ്ചിനുളളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയ്. ..

എങ്ങോട്ടാടീ കുളിച്ചു സുന്ദരിയായിട്ട്….??

ആരെ കാണിക്കാനാ ഈ ചമഞ്ഞൊരുക്കം….??

വിഷം ചീറ്റുന്നത് പോലെയുള്ള അമ്മായിയുടെ ചോദ്യം കേട്ട് വാക്കുകൾ തൊണ്ടയിൽ തടഞ്ഞ് പൗർണമി നിസ്സഹായതയോടെ അവരെ നോക്കി നിന്നു. .

ചോദിച്ചത് കേട്ടില്ലേടീ അസത്തേ നീ… ??

മിണ്ടാതെ നിൽക്കുന്നോ??

അത് അമ്മായീ..ഞാൻ കല്യാണത്തിന്……

ഹാ പഷ്ട്. …

അപ്പോൾ നീ കല്യാണം കൂടാൻ വേണ്ടിയുള്ള ഒരുക്കത്തിലാണല്ലേ….?

പുച്ഛവും പരിഹാസവും കലർത്തി അമ്പിളി അത് ചോദിച്ചപ്പോൾ പൗർണമി അമ്മായിയെ നോക്കി. ..

“””എന്തിനാടീ നീ എന്നെ നോക്കണത്…

കല്യാണത്തിനെന്നല്ല ഒരു കാര്യത്തിലും നീ ഈ വീടിന്റ്റെ പടി കടക്കില്ല… പറഞ്ഞിട്ടുണ്ടല്ലോ മുമ്പും ഞാനത് പലപ്രാവശ്യം…

ഇവിടെ ഈ വീടിന്റെ നാല് ചുവരുകൾക്കുളളിൽ തീരണം നീ ….

ഞാൻ …ഞാനങ്ങനെ പോണംന്ന് കരുതിയതല്ല അമമായി ….ഗീതേച്ചി അത്രയും നിർബന്ധിച്ചതോണ്ടാണ്…

പിന്നെ നമ്മുടെ തൊട്ടയൽപ്പക്കമല്ലേന്ന് കരുതി. അമ്മായിയും കുട്ടിയും പോണുണ്ടല്ലോ…അപ്പോൾ കൂടെ വരാന്ന് കരുതി. ..അതാണ്. ..

ഓ അവളൊരു കരുതൽക്കാരി… അതും ഞങ്ങളുടെ കൂടെ കല്യാണത്തിന്… എന്നിട്ടെന്തിനാടീ നിന്റ്റെ ചന്തം നാട്ടുകാരുടെ മുന്നിൽ കാണിക്കാനോ…

ഇതിനകത്തിട്ട് വളർത്തീട്ടുംകൂടി ഓരോരുത്തൻമാർ അവളെ പെണ്ണും ചോദിച്ചു വരുന്നു. അപ്പോൾ ആണ് ഇനി പുറത്തേക്കൊരു ഇറക്കം…

ഇവിടെ. ..ഈ..വീടിന്റെ നാലു ചുവരുകൾക്കുളളിൽ തീരണം നിന്റ്റെ ജീവിതം…

പുറത്തൊരു ലോകം നിനക്കില്ല…

എന്റെ മരുമകളായ് എന്റ്റെ മകന്റെ വിധവയായ് നീ കഴിയുമിവിടെ നിന്റ്റെ മരണംവരെ കേട്ടോടീ അസത്തേ…

കേട്ടാലറയ്ക്കുന്ന തെറിപദങ്ങൾ പറഞ്ഞു കൊണ്ട് അമ്മായിയും അമ്പിളിയും ഗീതചേച്ചിയുടെ മകളുടെ കല്ല്യാണത്തിന് പോകവേ ഒരു പൊട്ടികരച്ചിലോടെ പൗർണമി കിടക്കയിൽ വീണു കരഞ്ഞു…

ഇങ്ങനെ അനുഭവിക്കാൻ മാത്രം ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ ഈശ്വരൻമാരെ ….

ഇനിയുമേറെ പരീക്ഷണങ്ങൾ ഉണ്ടോ നിങ്ങൾക്കെന്റ്റെ മേലിൽ. … ആർത്തലച്ചുവന്ന കരച്ചിലും കണ്ണുനീരും അവളിൽ നിന്ന് പുറത്തേക്ക് തെറിച്ചു. ..

ചെറുപ്പത്തിലേ അമ്മ മരിച്ച തനിക്ക് അച്ഛൻ ആയിരുന്നു എല്ലാം. .. മുടി കെട്ടാനും കൂടെ കളിക്കാനും കഥകൾ പറഞ്ഞു ഉറക്കാനുമെല്ലാം അച്ഛൻ…

മുതിർന്ന പെണ്ണായ് തീർന്നിട്ടും താനച്ഛനെന്നും കൊച്ചു കുഞ്ഞായിരുന്നു….

അച്ഛന്റെ സഹോദരിയാണ് അമ്മായി. ..

അമ്പിളിയും അനൂപും രണ്ടു മക്കളാണ് അമ്മായിക്ക്… കുട്ടിക്കാലം മുതൽക്കേ ഒരുതരം കുശുമ്പാണ് അമ്പിളിക്ക് തന്നോട്. ..

അന്നച്ഛൻ പറയും അതെന്റ്റെ മോള് അവളെക്കാൾ സുന്ദരി ആയോണ്ടാണെന്ന്…

അനൂപേട്ടനാണെങ്കിൽ വളരെ മോശം സ്വഭാവത്തിനുടമയായിരുന്നു.

കള്ളും കുടിച്ച് ചീട്ടും കളിച്ചു നടക്കലാണ് പണി…

അമ്മാവൻ ഗൾഫിൽ നിന്നയക്കുന്ന പണംകൊണ്ടുളള ധാരാളിത്തമാണ് അമ്മായിക്കും മക്കൾക്കുമെന്ന് അച്ഛൻ എപ്പോഴും പറയും…

തന്നെ കാണുമ്പോളെല്ലാം ഒരുതരം വൃത്തിക്കെട്ട നോട്ടവും സംസാരവുമാണ് അനൂപിന്…പരാതി പറഞ്ഞാൽ അമ്മായി ഉടനെ പറയും അവൻ നിന്നെ കെട്ടാൻ പോണോൻ അല്ലേടീ അതോണ്ടാണെന്ന്….

തനിക്കിഷ്ടമില്ലായിരുന്നു അനൂപിനെ… അച്ഛനുമതേ….

അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ദിവസം …താനന്ന് കോളേജിൽ നിന്ന് വന്ന് ഡ്രസ് മാറുപ്പോളാണ് പ്രതീക്ഷിക്കാതെ അനൂപ് മുറിയിലേക്ക് കടന്നു വന്നത്…

നന്നായി മദ്യപിച്ചിരുന്ന അവൻ തന്നെ കീഴ്പ്പെടുത്താൻ നോക്കുന്നതിനിടയിലേക്കാണ് അച്ഛൻ ഓടികയറി വന്നത്….

തന്റെ കരച്ചിലും അച്ഛനെ കണ്ടിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാത്ത അനൂപിന്റ്റെ നിൽപ്പും അച്ഛന്റെ നിയന്ത്രണം തെറ്റിച്ചു….

പറമ്പിലെ പണികൾക്കായി കയ്യിൽ കരുതാറുളള വെട്ടുകത്തി അനൂപിന് നേരെ വീശുപ്പോൾ അച്ഛനൊരിക്കലും അവന്റെ മരണം ആഗ്രഹിച്ചിരുന്നില്ലെന്ന് തനിക്ക് ഉറപ്പാണ്. ..പക്ഷേ സംഭവിച്ചത് അതായിരുന്നു. ..

അനൂപേട്ടനെ കൊന്ന കുറ്റത്തിന് കഴിഞ്ഞ അഞ്ച് വർഷമായി അച്ഛൻ ജയിലിലാണ്. ….

ആരും തുണയില്ലാതെ പെരുവഴിയിലെന്ന പോലെ നിന്ന തന്നെ അമ്മായി ഇങ്ങോട്ടു കൂട്ടി കൊണ്ടു വന്നപ്പോഴേ അറിയാമായിരുന്നു മകന്റെ മരണത്തിന് പ്രതിക്കാരം ചെയ്യാനാണെന്ന്….

എങ്കിലും ആരും തുണയില്ലാതെ ഈ ഭൂമിയിൽ ഒരു പെൺകുട്ടി ഒറ്റയ്ക്ക് ജീവിക്കുന്നതോർത്തപ്പോൾ എല്ലാവരും പറഞ്ഞു അമ്മായിക്കൊപ്പം പോവാൻ..

മകനെ സഹോദരൻ കൊന്നതിന് പകരം ചോദിക്കുകയായിരുന്നു ഈ കഴിഞ്ഞ വർഷങ്ങളിലെല്ലാം അമ്മായി തന്നോട്. ..

അടിയുടെയും പൊളളലിന്റ്റേയും കരുവാളിച്ച പാടുകൾ ആണ് ദേഹം നിറയെ…കൂടാതെ മകന്റെ വിധവ എന്ന സ്ഥാനം നൽക്കിയുളള ഉപദ്രവങ്ങളും അനാവശ്യം പറച്ചിലുകളും വേറെയും

ഇനിയെന്നാണ് ഈശ്വരാ എനിക്ക് ഇതിൽ നിന്നെല്ലാമൊരു മോചനം…

ജീവിതം അവസാനിപ്പിക്കാൻ പലവട്ടം ചിന്തിച്ചതാണ് പക്ഷേ ശിക്ഷ കഴിഞ്ഞു അച്ഛൻ വരുമ്പോൾ കാണാൻ താനിവിടെ ഉണ്ടാവണമെന്ന് തോന്നി …

തനിക്ക് വേണ്ടി ജീവിതം നശിപ്പിച്ച അച്ഛനോട് നീതി കേട് കാണിക്കാൻ തോന്നിയില്ല..

ചിന്തകൾക്കും കരച്ചിലിനുമൊടുവിലെപ്പോഴോ ഉറക്കം കണ്ണുകളെ കീഴടക്കിയ പൗർണമി ആരുടെയോ ഉറക്കെയുളള ഒച്ച കേട്ടാണ് ഉണർന്നത്. ..

ഒരു നിമിഷം പകച്ചുപോയവൾ. ..

മുറിയ്ക്കുളളിലൊരാൾ…

അയാൾ ശബ്ദം ഉണ്ടാക്കുകയും വാതിൽ പിടിച്ചു വലിക്കുകയും ചെയ്യുന്നു. ..

ദൈവമേ ….

ആരാണ് നിങ്ങൾ. ..??

എന്താണ് നിങ്ങൾ ചെയ്യുന്നത്.??

പൗർണമിയുടെ പകച്ച മുഖത്തേക്കും അടഞ്ഞു കിടക്കുന്ന വാതിൽക്കലേക്കും ആ മനുഷ്യൻ മാറി മാറി നോക്കി. ..

കുട്ടീ ..ഞാനപ്പുറത്ത് കല്ല്യാണത്തിന് വന്നതാണ്. അവിടെ കാർ ഇടാൻ സ്ഥലം ഇല്ല. ..ഇവിടെ ഈ മുറ്റത്ത് നിർത്തിയിടാൻ അനുവാദം ചോദിക്കാൻ വന്നതാണ്. ആരെയും കണ്ടില്ല പുറത്തൊന്നും…

അപ്പോഴാണ് ഈ മുറിയിൽ ആരോ ഉണ്ടെന്നു തോന്നി ഇങ്ങോട്ടു വന്നത്…പക്ഷേ വാതിലിനടുത്ത് എത്തിയപ്പോൾ എന്നെ ആരോ ഇതിനുളളിലേക്ക് തള്ളി വാതിൽ പുറത്തുനിന്നടച്ചു…

ആരാണത്…??

എന്തിനാണത്. ….??

അയാളുടെ ചോദ്യങ്ങൾക്ക് മുന്നിൽ നിൽക്കുമ്പോൾ പൗർണമിക്കുറപ്പായിരുന്നു അത് ചെയ്തത് അമ്മായി ആയിരിക്കുമെന്ന്….

തനിക്ക് കൂടുതൽ ചീത്ത പേരുകൾ നൽക്കുവാൻ…

താനൊരഴിഞ്ഞാട്ടക്കാരിയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുളള ശ്രമം. പക്ഷേ അതിൽതനിക്കൊപ്പം കുടുങ്ങിയതീ മനുഷ്യനാണല്ലോ….ഈശ്വരാ

പെട്ടെന്നാണ് പുറത്തു നിന്നു അട്ടഹാസങ്ങൾ കേട്ടത്…അമ്മായി ആളുകളെ കൂട്ടിയെത്തിയിരിക്കുന്നു…

ഇനി. ..

തലക്കുനിച്ചൊരു തെറ്റുക്കാരിയായ് നാട്ടുകാരുടെ ഇടയിൽ നിൽക്കുമ്പോഴും പൗർണമി വേദനിച്ചത് ആ മനുഷ്യനെ ഓർത്തായിരുന്നു…

“”ഇതെത്ര കാലം ആയെടീ തുടങ്ങീട്ട് ഈ ഏർപ്പാട്.??

.എനിക്കാദ്യമേ സംശയങ്ങൾ ഉണ്ടായിരുന്നു. ..

ഇതുപോലെ വിളിച്ചു വരുത്തിയിട്ടല്ലേടീ നീയെന്റ്റെ മോനെ കൊലയ്ക്ക് കൊടുത്തത്…

പറയെടീ ഒരുമ്പട്ടോളെ…..

നാട്ടുക്കാർക്കിടയിൽ മകനെ നല്ലവനാക്കാൻ അമ്മായി ശ്രമിക്കുമ്പോൾ മറുഭാഗത്തൊരു പാവം മനുഷ്യൻ പറയുന്നത് കേൾക്കാൻ കൂടി ആരും ഉണ്ടായിരുന്നില്ല. ..

ഒടുവിലെല്ലാ വിചാരണകൾക്കുമൊടുവിൽ
പൗർണമിയെ ഒരു വ്യഭിചാരിണിയായ് മുദ്ര കുത്തി അമ്മായി വിജയിയായി നിൽക്കുന്ന സമയത്താണ്
പെട്ടെന്ന് അവിടെ ആ മനുഷ്യന്റെ ശബ്ദം അവിടെ ഉയർന്നത്….

ഈ പെൺകുട്ടി ആരെന്നോ ഇവളുടെ കഴിഞ്ഞ കാലം എന്തെന്നോ എനിക്കറിയില്ല.

.പക്ഷേ ഇപ്പോൾ ഈ നിമിഷം മുതൽ
എന്റെ പേര് ചേർത്ത് നിങ്ങൾ ഇവളെ വ്യഭിചാരിണിയാക്കിയ ഈ നിമിഷംമുതൽ ഇവളെന്റ്റെയാണ്…. .

ചെവിക്കരിക്കിൽനിന്നും കേട്ട ശബ്ദത്തിന്റ്റെ പൊരുൾ തിരിച്ചറിയാൻ പറ്റുന്നതിനു മുമ്പേ തന്നെ അയാൾ പൗർണമിയുടെ കയ്യിൽ മുറുകെ പിടിച്ചു. ..

ഞാനാരാണെന്ന് ,,,,എന്താണെന്ന്.,, നിനക്ക് മനസ്സിലാക്കാൻ പറ്റുന്ന കാലം വരെ നിനക്കെന്റ്റെ വീട്ടിൽ എന്റ്റമ്മയുടെ മകളായ് കഴിയാം..

എന്നെ നിനക്കുൾക്കൊളളാൻ പറ്റുന്ന കാലത്ത് എന്റെ ഭാര്യയായും കഴിയാം,,

അന്ന് ഞാനീ കഴുത്തിൽ ഒരു താലിയും സീമന്ദ രേഖയിലൊരു നുളള് സിന്ദൂരവും ചാർത്തി കൊള്ളാം. .ഇപ്പോൾ പോന്നോളു എനിക്കൊപ്പം എന്റ്റെ അമ്മയുടെ അടുത്തേക്ക്…

എന്റെ പേരിൽ ചീത്തയാക്കപ്പെട്ട നിന്നെ നാളെ ഇവർ വിലയിട്ട് വിൽക്കാതിരിക്കാൻ വരുക എനിക്കൊപ്പം… ഈ കല്യാണത്തിന് ഞാൻ വന്നത് എനിക്കിവിടെ ഇങ്ങനെ ഒരു നിയോഗം ഉളളതിനാലാവാം…വരൂ…

അയാൾക്കൊപ്പം അമ്പരപ്പോടെ പൗർണമി നടന്നു നീങ്ങവേ പകച്ച മുഖത്തോടെ കാര്യങ്ങൾ കൈവിട്ട് പോയതോർത്ത് അമ്മായിയും അമ്പിളിയും ആ മുറ്റത്ത് ഇനിയെന്ത് എന്നറിയാതെ നിൽക്കുന്നുണ്ടായിരുന്നു……

Leave a Reply

Your email address will not be published. Required fields are marked *