ജീവൻറെ പതറി പതറിയുള്ള സംസാരത്തിൽ നിന്നു തന്നെ തൻറെ വിളി കേട്ടിട്ടും മനപ്പൂർവ്വം അനു തങ്ങളെ അവഗണിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ അച്ഛൻറെ കണ്ണുകളിൽ

(രചന: രജിത ജയൻ)

” ഓ… ഈ അച്ഛനിത് എന്തിന്റെ കേടാണ്..?

” ഞാൻ ചെല്ലില്ല ആ മുറിയിലേക്ക് എന്ന് അച്ഛനറിയാം ,എന്നിട്ടും എന്തിനാ ഇങ്ങനെ വിളിച്ചു കൂവണത്..?
നാട്ടുകാരെ കേൾപ്പിക്കാനോ…?

രാവിലെ കഴിക്കാനെടുത്ത ഭക്ഷണവുമായ് മേശപ്പുറത്ത് വന്നിരിക്കാൻ തുടങ്ങുകയായിരുന്ന ജീവൻ അനുവിന്റെ ഉറക്കയുള്ള ഒച്ചപ്പാടും ബഹളവും കേട്ടതോടെ കഴിക്കാനെടുത്ത ഭക്ഷണം അവിടെ തന്നെ വെച്ച് അച്ഛന്റെ മുറിയിലേക്ക് നടന്നു.

കട്ടിലിൽ നിന്ന് ആയാസപ്പെട്ടെണീക്കാൻ ശ്രമിക്കുന്ന അമ്മുവിനെ ഒരു കൈ കൊണ്ട് താങ്ങിപ്പിടിച്ച് പ്രതീക്ഷയോടെ മുറിവാതിലിലേക്ക് നോക്കുന്ന അനുവിന്റെ അച്ഛനെ കണ്ടതും ഒരു നൊമ്പരം ജീവൻറെ മനസ്സിലുടലെടുത്തു.

” മോനെ.. ജീവാ .. അനുമോളെ ഒന്ന് വിളിക്കാമോ..?
അമ്മു മോൾക്കൊന്ന് ബാത്റൂമിൽ പോകണമെന്ന് പറയുന്നു.

മുറിയുടെ വാതിക്കൽ ജീവനെ കണ്ടതും അച്ഛൻ പ്രതീക്ഷയോടെ അവനെ നോക്കി പറഞ്ഞു

അനു അങ്ങോട്ട് വരില്ല എന്നറിയുന്നത് കൊണ്ടു തന്നെ അച്ഛനോടെന്ത് മറുപടി പറയുമെന്നറിയാതെ ജീവനൊന്ന് പതറി

“അത്… അച്ഛാ ..അനു അവിടെ എന്തോ തിരക്കിലാണ്, അവൾക്കിപ്പോൾ ഇങ്ങോട്ട് വരാൻ പറ്റില്ല..

പ്രതീക്ഷയോടെ തന്നെ നോക്കി നിൽക്കുന്ന ആ അച്ഛന്റെ മുഖത്ത് നോക്കാതെ ജീവൻ പറഞ്ഞു .

ജീവൻറെ പതറി പതറിയുള്ള സംസാരത്തിൽ നിന്നു തന്നെ തൻറെ വിളി കേട്ടിട്ടും മനപ്പൂർവ്വം അനു തങ്ങളെ അവഗണിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ അച്ഛൻറെ കണ്ണുകളിൽ നിസ്സഹായതയോടൊപ്പം കണ്ണുനീരും തിളങ്ങി

“അമ്മുവിനെ ബാത്റൂമിൽ ആക്കാൻ ഞാൻ സഹായിക്കാം അച്ഛാ…,

പറഞ്ഞുകൊണ്ട് ജീവൻ മുറിയുടെ അകത്തേക്ക് കയറാൻ ശ്രമിച്ചതും അനു എവിടെ നിന്നോ ഓടിവന്ന് ജീവനുമുമ്പിലായി തടസ്സം സൃഷ്ടിച്ചു നിന്നു

“ജീവേട്ടൻ ഇത് എന്താ ചെയ്യുന്നത്?
ഇവളെ താങ്ങിയെടുത്ത് ബാത്റൂമിൽ ആക്കാൻ പോവുകയാണോ ..?

കണ്ണിൽ എരിയുന്ന പകയോടെ ചോദിക്കുന്ന അനുവിനെ വെറുപ്പോടെ അവഗണിച്ചുകൊണ്ട് ജീവൻ മുറിയിലേക്ക് കയറി അമ്മുവിനെ കയ്യിലെടുക്കാൻ ശ്രമിച്ചെങ്കിലും അമ്മു അവനെ നോക്കി നിഷേധത്തിൽ തലയാട്ടി കൊണ്ടിരുന്നു ..

“ഓ എന്താടി ഞാനിവിടെ നിൽക്കുന്നത് കൊണ്ടാണോ നീ നിൻറെ പഴയ കാമുകൻ നിന്നെ എടുക്കാൻ വന്നപ്പോൾ തടയുന്നത്..?

“തടയണ്ടെടീ.. കുറെ നാൾ മനസ്സിലിട്ടു കൊണ്ടു നടന്നവളെ ഒന്നെടുക്കാൻ ഇയാൾക്കുമുണ്ടാവില്ലേ ആഗ്രഹം, നീയതങ്ങ് നടത്തി കൊടുക്കെ ടീ … ഇയാളൊന്ന് സംതൃപ്തി അടയട്ടെ .. വീണു കിടക്കുകയാണെങ്കിലും നിന്റെ മേനി കൊഴുപ്പിനൊന്നും ഒരു കുറവും ഇല്ലല്ലോ ഇപ്പോഴും.. അതു കണ്ട് കൊതി മൂത്ത് ഓടി വന്നതല്ലേ ഇയാള്.. ഒന്ന് സമ്മതിച്ചേക്കടീ…

അനുവിന്റെ വായിൽ നിന്നുതിരുന്ന ഓരോ വാക്കുകളും തങ്ങളിൽ പതിക്കുന്ന വിഷമായിട്ടാണ് അമ്മുവിനും ജീവനും തോന്നിയത് ..

അമ്മുവിനെ താങ്ങിയെടുക്കാൻ നീട്ടിയ കൈകൾ പിൻവലിച്ച് നിറയാനൊരുങ്ങുന്ന തന്റെ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ജീവൻ വേഗമാമുറി വിട്ടിറങ്ങി ..

അവൻ ഇറങ്ങിപോവുന്നത് ക്രൂരമായ സന്തോഷത്തോടെ ഒന്ന് നോക്കി നിന്ന അനു വീണ്ടും അമ്മുവിന് നേരെ തിരിഞ്ഞു.

“ആ ഇറങ്ങിപ്പോയവൻ എൻറെ ആണ്… എൻറെ മാത്രം…

” നേടാൻ ശ്രമിക്കരുത് നീ.. ശ്രമിച്ചാൽ ഇപ്പോഴീ കിടത്തമെങ്കിലും ബാക്കിയുണ്ട് നിനക്ക്, അതുകൂടി ഇല്ലാതാക്കും ഞാൻ… അറിയാലോ എന്നെ നിനക്ക്..

പേടിച്ചു നിൽക്കുന്ന അമ്മുവിന്റെ നേരെ വിരൽ ചൂണ്ടി അനു പറയുമ്പോൾ അവളുടെ മുഖത്ത് തെളിഞ്ഞ പൈശാചിക ഭാവത്തിലേക്ക് നോക്കി വിറച്ചു നിൽക്കുകയായിരുന്നു അച്ഛൻ.

ഇതുവരെ കാണാത്ത, കാണാൻ ശ്രമിക്കാത്ത തൻറെ മൂത്ത മകളുടെ ക്രൂരത നിറഞ്ഞ മുഖം അയാളിൽ ഞെട്ടലുളവാക്കി.. ആരൊക്കയോ പറയാൻ ശ്രമിച്ചിട്ടും താൻ തിരിച്ചറിയാൻ വൈകി പോയ തന്റെ മൂത്ത മകളുടെ യഥാർത്ഥ രൂപം അയാളിൽ പരവേശമുണർത്തി ..

തന്നെ നോക്കി പകച്ചുനിൽക്കുന്ന അച്ഛനെ പുച്ഛഭാവത്തിലൊന്നുനോക്കി അനു മുറിവിട്ട് പുറത്തേക്ക് ഇറങ്ങിയതും അച്ഛൻ അമ്മുവിനെ നോക്കി ..

നിറഞ്ഞൊഴുകുന്ന ആ കണ്ണുകൾ പറയാതെ പറയുന്നുണ്ടായിരുന്നു അച്ഛൻ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പലതും..

” നിങ്ങൾക്കിപ്പോ ഒത്തിരി സന്തോഷമായെന്നറിയാം ,മനസ്സിൽ വെച്ചാരാധിച്ചവൾ നിങ്ങളുടെ കൺമുന്നിൽ തന്നെയുണ്ടല്ലോ അതും മറ്റൊരാളുടെ സഹായം വേണം ഒന്നെഴുന്നേൽക്കാനെന്ന നിലയിൽ ,സഹായിക്കാൻ നിങ്ങളാണെങ്കിൽ മുന്നിലും ആണ് പ്രത്യേകിച്ച് അവളെ പോലെ തുടുത്തുരുണ്ട് സുന്ദരികളായവരെ .. എന്നിട്ടെങ്ങനെ ഇന്നേക്കുള്ളതായോ അവളെ പിടിച്ച വകയിൽ…?

മറ്റൊരാൾ കേട്ടാൽ അറപ്പും വെറുപ്പും തോന്നുംവിധമുള്ള വാക്കുകളാൽ അകത്ത് അനു ജീവനെ ഓരോന്നും പറയുന്നത് കേട്ടതും അമ്മു തന്റെ കൈകളാൽ ചെവി അമർത്തി പിടിച്ചു ,ഇനിയൊന്നും കേൾക്കാൻ ശക്തിയില്ലാത്തവളെ പോലെ …

“അനൂ നീയൊന്ന് നിർത്ത് പ്ലീസ്, ഞാൻ നിന്റെ കാലു പിടിക്കാം ..

അകത്ത് ജീവൻ കെഞ്ചുന്ന ശബ്ദം അവരുടെ കാതുകളിലെത്തി

“ആ.. നിങ്ങളെന്റെ കാലു മാത്രമേ പിടിക്കൂ.. എനിക്കതിനുള്ള ചന്തമല്ലേ ഉള്ളൂ .. പക്ഷെ ഒന്ന് നിങ്ങളോർത്തോ ഞാനാഗ്രഹിച്ചിട്ട് എനിക്ക് കിട്ടാത്തതൊന്നും ഒരിക്കലും ഞാനവൾക്ക് കൊടുത്തിട്ടില്ല ,ഇപ്പോ അവളീ കിടക്കുന്നതും തെക്കേ തൊടിയിലെ മണ്ണിനടിയിൽ അമ്മ കിടക്കുന്നതുമെല്ലാം അതുകൊണ്ടുതന്നെയാ.. വേണ്ടിവന്നാൽ ഇനിയും പലതും ചെയ്യാൻ എനിക്ക് പറ്റും, നിങ്ങള്ടെ കുഞ്ഞിനെ പോലും വേണോങ്കി ഞാൻ….

പ്ടേ….,,

ആക്രോശം കൂടിയ അനുവിന്റെ വാക്കുകൾക്ക് മീതെ ജീവനവളെ അടിച്ച ശബ്ദം ഉയർന്നു കേട്ടിട്ടും ആദ്യം കേട്ട വാക്കുകളുടെ ഞെട്ടലിൽ നിന്ന് ആ അച്ഛൻ മോചിപ്പിക്കപ്പെട്ടില്ലായിരുന്നു

കേട്ടാലറക്കുന്ന വാക്കുകളിലൂടെ പിന്നെയും അനു ജീവനുമായ് അങ്കം തുടരുമ്പോഴും തനിക്ക് മുമ്പിൽ വെളിവായ സത്യങ്ങളിൽ പകച്ചു നിന്നു അച്ഛൻ ,ഒപ്പം കരയാൻ കൂടി കണ്ണീർ അവശേഷിക്കാതെ അമ്മുവും..

ജീവിതത്തിന്റെ നല്ല ഭാഗങ്ങളെല്ലാം കുടുംബത്തിനും കൂടപ്പിറപ്പുകൾക്കും വേണ്ടി വിയർപ്പൊഴുക്കി തീർത്ത തന്റെ ജീവിതത്തിലെ ആകെയുള്ള സമ്പാദ്യമായിരുന്നു അനുവും അമ്മുവും പിന്നെ അവരുടെ അമ്മ മിനിയും ..

സുന്ദരിയായിരുന്നു അമ്മു, ഒരു വായാടികിലുക്കാംപ്പെട്ടി .അവളുടെ അമ്മയെ പോലെ

അനു തന്നെപ്പോലെ നിറമല്പം കുറഞ്ഞവളായിരുന്നു കുഞ്ഞിലേ മുതൽ.
അവൾക്കെന്നും പരാതികൾ മാത്രമായിരുന്നു അമ്മുവിനെ പറ്റി ,ഇതെല്ലാം കേട്ട് തങ്ങളവളെ കളിയാക്കി കാര്യങ്ങൾ പറഞ്ഞു തിരുത്തി കൊടുക്കുമായിരുന്നു

മുതിർന്നപ്പോഴും അനുവിന്റെ ഉള്ളിൽ അമ്മുവിനോട് ദേഷ്യമാണെന്ന് അവരുടെ അമ്മ മിനി പറഞ്ഞപ്പോൾ താനവളെ ചീത്ത പറഞ്ഞു അനുവിന് അങ്ങനെ ഒന്നും ഇല്ലെന്ന് പറഞ്ഞ് .

വീടിനടുത്തു തന്നെയുള്ള പയ്യനാണ് ജീവൻ, സ്കൂൾ മാഷ് .. അമ്മുവുമായിട്ട് ചെറുപ്പം മുതലേ നല്ല അടുപ്പമായിരുന്നു ജീവന്, ഒരു കിലുക്കാംപ്പെട്ടിയായ അനിയത്തി കുട്ടിയോടുള്ള വാത്സല്യം ..

അവർ തമ്മിലുള്ള
ബന്ധത്തിന്റെ ആഴവും നന്മയും തിരിച്ചറിഞ്ഞതുകൊണ്ടു അവരെ ഒരിക്കലും തങ്ങൾ അകറ്റിയില്ല.

ആയിടയ്ക്കാണ് അനു അവൾക്ക് ജീവനെ ഇഷ്ട്ടമാണെന്ന് പറഞ്ഞത് , കേട്ടപ്പോൾ സന്തോഷമാണ് തോന്നിയത് ജീവനെ പോലൊരു ചെക്കനെ മരുമകനായ് കിട്ടുന്നതിന് …

ജീവനും അനുവിനെ ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് അമ്മുമായിരുന്നു .
ഏട്ടനായ് കരുതിയവൻ എന്നും കൂടെയുണ്ടാവുമെന്ന സന്തോഷം

അനുവിന്റെ വിവാഹം നടന്നതിനു ശേഷം പലവട്ടം മിനി തന്നോടു പറയാൻ ശ്രമിച്ചിരുന്നു അനുവിന്റെ മാറ്റങ്ങളെ കുറിച്ച് ,സ്വഭാവവ്യതിയാനങ്ങളെ കുറിച്ച് ,അമ്മുവും ജീവനുമായുള്ള സൗഹൃദം നഷ്ട്ടമായതിനെ കുറിച്ചെല്ലാം .. പക്ഷെ താനത് കാര്യമാക്കിയില്ല .സത്യങ്ങൾ തിരിച്ചറിയാൻ ശ്രമിച്ചില്ല ,പക്ഷെ ഇപ്പോൾ മനസ്സിലാവുന്നുണ്ട് ഓരോന്നും …

ഇവളിത്രയ്ക്കും തരം താണിരുന്നോ ..?

സൗഹൃദങ്ങളെ പോലും തിരിച്ചറിയാൻ പറ്റാത്ത വിധം അധ:പതിച്ചിരുന്നോ ..?

അപ്പോ അവൾ നേരത്തേ പറഞ്ഞത് …?

ആ ചിന്ത വന്നതും അയാളുടെ നെഞ്ചിലൂടൊരു മിന്നൽ പാഞ്ഞു ,ഞെട്ടിയയാൾ അമ്മുവിനെ നോക്കി ഒപ്പം തന്നെ ജനലിലൂടെ തെക്കെ തൊടിയിലേക്കും കണ്ണുകൾ പാഞ്ഞു ..

“അമ്മു മോളെ സത്യം പറ, നിന്റെ സ്കൂട്ടറെ ങ്ങനെയാണ് അപകടത്തിൽപ്പെട്ടത് ..? മിനി.. മിനി .. മിനിയെങ്ങനെയാണ് മരിച്ചത് …?

പെട്ടന്നയാൾ ചോദിച്ചതും ആർത്തലച്ചൊരു പൊട്ടി കരച്ചിലായിരുന്നു അമ്മു..

ജീവേട്ടനും താനും തമ്മിലുള്ള സൗഹ്യദത്തെ തെറ്റായി കണ്ട് അനു ജീവന്റെ വീട്ടിലും അവരുടെ ജീവിതത്തിലും ഉണ്ടാക്കിയ വഴക്കുകൾ ജീവൻ പറഞ്ഞറിഞ്ഞപ്പോൾ ഞെട്ടി പോയിരുന്നു മിനിയെന്ന അമ്മ, അതിനെക്കാൾ അവരെ തകർത്തത് ജീവനോടുള്ള ദേഷ്യം കൂടിയിട്ട് ഒരു വയസ്സു പോലും തികയാത്ത സ്വന്തം കുഞ്ഞിനെ പോലും അനു ശ്രദ്ധിക്കുന്നില്ലാന്ന അറിവായിരുന്നു ..

അന്ന് അമ്മുവിനും അമ്മയ്ക്കും അപകടമുണ്ടായ ദിവസം അനുവീട്ടിൽ വന്ന് അനാവശ്യം പറയുകയും അമ്മുവിനെ ഉപദ്രവിക്കുകയും ചെയ്തതിനിടയിൽ പെട്ടന്നാണ് മിനിക്ക് ഒരു തളർച്ച തോന്നിയത് …

ഹോസ്പിറ്റലിലേക്ക് ജീവന്റെ വണ്ടിയിൽ കൊണ്ടുപോവാൻ നോക്കിയെങ്കിലും വണ്ടിയുടെ താക്കോൽ അനു എടുത്തു മാറ്റി വെച്ചു .. എന്നും അമ്മുവിനെ സപ്പോർട്ടു ചെയ്യുന്ന അമ്മയോട് ദേഷ്യമായിരുന്നു അനുവിന് മനസ്സ് നിറയെ

ഒടുവിൽ
അമ്മയേയും കൊണ്ട് സ്കൂട്ടറിൽ പോവുന്നതിനിടയിലാണ് അപകടമുണ്ടായതും അമ്മ മരിച്ചതും അമ്മു ഈ അവസ്ഥയിലായതും …

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ മനസ്സിലാകയൊരു മരവിപ്പ് മാത്രം അവശേഷിക്കുന്നതു പോലെ തോന്നി അച്ഛന്, മക്കളുടെ നന്മയെ കരുതി അന്യ നാട്ടിൽ പോയ് കഷ്ട്ടപ്പെടുന്നതിനിടയിൽ സ്വന്തം മകളെ മനസ്സിലാക്കുന്നതിൽ താൻ പരാജയപ്പെട്ടല്ലോ എന്ന ചിന്ത ഒപ്പം തന്നെ അവൾ മൂലം ഉരുകിയുരുകി തീരുന്ന വേറെ കുറെ ജന്മങ്ങളെ പറ്റിയുള്ള ആധിയും അയാളെ മഥിച്ചു …

പിറ്റേന്ന് പുലർച്ചെ നേരം വെളുത്തപ്പോൾ ആ വീടും നാടും ഉണർന്നത് അനുവെന്ന മൂത്ത മകളെ വെട്ടി കൊലപ്പെടുത്തി പോലീസിനു മുമ്പിൽ കുറ്റമേറ്റു പറഞ്ഞ ഒരച്ഛന്റെ വാർത്തയുമായിട്ടായിരുന്നു

സഹോദരിയായവളെ സ്വന്തം ഭർത്താവിനൊപ്പം ചേർത്ത് കഥകൾ മെനഞ്ഞവൾക്ക് നാളെ സ്വന്തം കുഞ്ഞിനെ ചേർത്തും കഥകൾ മെനയാൻ വലിയ പ്രയാസമില്ലായെന്ന തിരിച്ചറിവായിരുന്നു ഇതിനെല്ലാം പുറകിൽ അതിനുമപ്പുറം അമ്മുവെന്ന തന്റെ മകൾ ജീവനെന്ന സഹോദരനിൽ സുരക്ഷിതയായിരിക്കുമെന്ന ഉത്തമ ബോധ്യവും ആ അച്ഛനുണ്ടായിരുന്നു ..

പുറത്തെ ജനങ്ങൾ തങ്ങളാലാവും വിധം അനുവിനെ പറ്റി കഥകൾപറഞ്ഞു പരത്തുമ്പോൾ മോർച്ചറിയിലെ തണുത്ത നിലത്ത് ആരെയോ പ്രതീക്ഷിച്ചെന്ന പോലെ അവൾ കിടന്നിരുന്നു ,തികച്ചും അനാഥയായ് ….

Leave a Reply

Your email address will not be published. Required fields are marked *