ഇരുകയ്യാലെയും അവളെ എടുത്തുയർത്തിയവൻ അവളിലേക്കാഞ്ഞതും അവളൊരു മുല്ലവള്ളി പോലെ അവനിൽ പടർന്നു കയറി .. വേർപിരിയാൻ കഴിയാത്ത ഇണ നാഗങ്ങളെ പോലെ ആ മുറിയിലവരുടെ സീൽക്കാര ശബ്ദങ്ങൾ നിറഞ്ഞു നിന്നു

ഇണ
(രചന: രജിത ജയൻ)

” ഡാ….നമ്മുക്കൊരുമിച്ച് ജീവിച്ചാലോ ?

ഇന്നലെവരെ ഇഷ്ട്ടമാണെന്ന് പറഞ്ഞു താൻ പുറകെ നടന്നപ്പോൾ തന്നെ മൈൻഡ് പോലും ചെയ്യാതെ പോയവളാണ് ഒരു സുപ്രഭാതത്തിൽ വന്നു നമ്മുക്കൊരുമിച്ച് ജീവിച്ചാലോന്ന് ചോദിക്കുന്നത് ..

കേട്ടതു വിശ്വസിക്കാൻ കഴിയാതെ ഗൗതം വീണ്ടും വീണ്ടും സയേഷയെ തന്നെ തുറിച്ചു നോക്കി …

“ഡാ …,,
നീ ഇങ്ങനെ അന്തം വിട്ടിരിക്കൊന്നും വേണ്ട ഗൗതം ,ഞാൻ കാര്യായിട്ട് പറഞ്ഞതു തന്നെയാണ് .”

ഗൗതത്തിന്റെ തോളിൽ ചെറുതായിട്ടൊന്നു തല്ലി കൊണ്ട് സയേഷ വീണ്ടും അവനോടു പറഞ്ഞു

“അല്ലെടീ. അത് .. എനിക്ക്..

വാക്കുകൾ പാതിയിൽ മുറിഞ്ഞ് മുഴുമിപ്പിക്കാൻ സാധിക്കാതെ ഗൗതം വീണ്ടും അവളെ വിശ്വാസം വരാതെ നോക്കി

“എന്താടാ ഒരു മാതിരി പൊട്ടന്മാരെ പോലെ അത് ..ഇത് എന്നൊക്കെ പറഞ്ഞോണ്ടിരിക്കുന്നെ ?

“നിനക്ക് സമ്മതമാണെങ്കിൽ പറഞ്ഞോ, നമ്മുക്കൊരുമിച്ച് ജീവിക്കാം ..”

ഇട്ടിരുന്ന ഷർട്ടിന്റെ കൈകൾ മുകളിലേക്ക് തെറുത്തു കയറ്റി ബോയ് കട്ട് ചെയ്തിട്ട മുടിയിലൂടെ വിരലോടിച്ച് സയേഷ വീണ്ടും ഗൗതത്തെ നോക്കി

“എനിക്ക് സമ്മതം ആണെടീ.. നൂറുവട്ടം സമ്മതം.”

മനസ്സിൽ നുരഞ്ഞു പൊന്തിയ സന്തോഷം വാക്കുകളായ് അവനിൽ നിന്ന് പുറത്തേക്ക് വന്നതും സയേഷ അവനെ നോക്കി ചിരിച്ചു

കഴിഞ്ഞ രണ്ടു മൂന്ന് വർഷങ്ങളായ് മനസ്സിൽ കയറി കൂടിയവൾ

ഇഷ്ട്ടമാണ് നിന്നെ എനിക്ക് ,കൂടെ കൂട്ടാൻ ആഗ്രഹമുണ്ട് എന്റെ ജീവിതത്തിലേക്കെന്ന് പലപ്രാവശ്യം പിന്നാലെ നടന്നു പറഞ്ഞിട്ടും യാതൊരു മറുപടിയും തരാതെ തന്നെ നടത്തിച്ചവൾ പെട്ടെന്നൊരു ദിവസം വന്ന് ഇഷ്ട്ടം പറഞ്ഞപ്പോൾ സത്യത്തിൽ ഗൗതം ഒന്ന് പതറിപോയിരുന്നു..

ബാംഗ്ലൂർ നഗരത്തിലെ തിരക്കുള്ള ഐ ടി പ്രൊഫഷണുകളായ ഗൗതത്തിന്റെയും കൂട്ടുകാരുടെയും ഇടയിലേക്ക് കുറച്ചു വർഷങ്ങൾക്ക് മുമ്പ് വന്നു കയറിയതാണ് സയേഷ എന്ന സായു..

ഐ ടി പ്രൊഫഷനിൽ കേമനായ ഗൗതത്തിനൊപ്പം തന്നെ കഴിവും സാമർത്ഥ്യവും സയേഷയ്ക്കും ഉണ്ടായിരുന്നതുകൊണ്ട് സയേഷ വളരെ പെട്ടന്നു തന്നെ എല്ലാവർക്കും ഏറെ പ്രിയങ്കരിയായ് തീർന്നു..

രൂപത്തിലും പെരുമാറ്റത്തിലും ഒരാൺക്കുട്ടിയെ പോലെയായിരുന്നു അവൾ ,ബുള്ളറ്റിൽ സഞ്ചരിക്കുന്ന ആരെയും ഭയക്കാത്ത എന്തിനെയും ധൈര്യത്തോടെ നേരിടുന്ന സയേഷ എപ്പോഴെല്ലാമോ ഗൗതത്തിന്റെ മനസ്സും കീഴടക്കിയിരുന്നു ..

“ഞാൻ ഇഷ്ട്ടമാണെന്നു പറഞ്ഞപ്പോഴൊന്നും നീ എന്നെ മൈൻഡു പോലും ചെയ്തില്ലല്ലോ ?
പിന്നെ പെട്ടന്നെന്താണ് ഒരു മാറ്റം?”

തനിക്ക് മുമ്പിൽ നഗരത്തിലെ തിരക്കുകളിലേക്ക് മിഴിനട്ടിരിക്കുന്ന സയേഷയോട് ചേർന്നു നിന്ന് ഗൗതം ചോദിച്ചു ..

“അത് വേറെഒന്നുമല്ലെടാ ,എന്റെ ഈ പ്രായത്തിനിടയ്ക്ക് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് നീഎന്നോടുപറഞ്ഞതുപോലെയുള്ള പൈങ്കിളി പ്രണയാഭ്യർത്ഥനകൾ ..”

“എന്റ്റേത് വെറുമൊരു പൈങ്കിളി പ്രണയമാണെന്ന് ആരാണ് സയേഷ നിന്നോടു പറഞ്ഞത് ?

ദേഷ്യവും പരിഭവവും ഇടകലർന്ന സ്വരത്തിൽ ഗൗതം ചോദിച്ചതും സയേഷ പുഞ്ചിരിച്ചു കൊണ്ടവനു നേരെ തിരിഞ്ഞവന്റെ കണ്ണിലേക്ക് നോക്കി..

അവിടെ അവൾ കണ്ടു രണ്ടു മുന്തിരി ഗോളങ്ങൾ എടുത്തു വെച്ചതു പോലെ മനോഹരമായ ഗൗതത്തിന്റെ കണ്ണുകളിൽ നിറയെ തന്നോടുള്ള പ്രണയം നിറഞ്ഞു നിൽക്കുന്നത് …
അവളാ കണ്ണുകളിലെ പ്രണയത്തിലേക്ക് നോക്കി നിന്നു അല്പനേരം..

“നിന്റേതു വെറുമൊരു പൈങ്കിളി പ്രണയമല്ലാന്ന് തിരിച്ചറിഞ്ഞതുകൊണ്ടല്ലേ ഗൗതം ഞാൻ നിന്നിലേക്ക് മടങ്ങിയെത്തിയത് ..”

അവൻ്റെ കണ്ണുകളിലേക്ക് നോക്കിയവൾ ചോദിച്ചതും അവനൊരു പുഞ്ചിരിയോടെ അവളെ തന്നിലേക്ക് ചേർത്തു നിർത്തി..

“ഏയ്.. അതു വേണ്ട മോനെ ,അതിനു സമയമായിട്ടില്ല ..”

അവന്റെ കൈകളിൽ നിന്ന് കുതറി മാറിയവൾ പറഞ്ഞു

“ഓക്കെ ശരി, ഞാനൊന്ന് തൊടുന്നു പോലും ഇല്ല ഇന്നല്ലെങ്കിൽ നാളെ നീ എന്റേതു തന്നെയല്ലേ ?

“അപ്പോ ഞാനെടുത്തോളാം നിന്നെ ..”

ഗൗതം നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞതും സയേഷയുടെ മുഖത്തെ ചിരി മാഞ്ഞു.

എന്തു പറ്റി സായൂ ..? എന്താണ് നിന്റെ മുഖം മാറിയത് ?

“അത് ഗൗതം നമ്മളൊന്നിച്ച് ജീവിക്കാമെന്നാണ് നിന്റെ ഉറച്ച തീരുമാനമെങ്കിൽ അതിനി നാളേക്ക് മാറ്റിവെയ്ക്കണ്ട.

“ഇന്ന്, ഇന്ന് മുതൽ തന്നെ നമ്മൾ ഒരുമ്മിച്ച് ജീവിക്കാൻ പോവുന്നു ..”

സയേഷ പറഞ്ഞതു കേട്ട് ഗൗതം അവളെ പകച്ചു നോക്കി …

“നീയെന്താ സായൂ തമാശ പറയുകയാണോ ?”

“അങ്ങനെ തമാശ പറയാനുള്ള കാര്യമാണോ ഗൗതം ഇത് ?

“ഞാൻ പറഞ്ഞത് സീരിയസ്സായിട്ടു തന്നെയാണ്..

“ഇതാണോ സീരിയസ്സായിട്ടു പറയുന്നത് ?

“എനിക്കും നിനക്കും ഓരോ കുടുംബമുണ്ട് ,മാതാപിതാക്കളുണ്ട് ,അവരോടു പറയണ്ടേ സായൂ?

“വേണ്ട ഗൗതം ആരോടും പറയണ്ട
ഞാനും നീയും മാത്രം അറിഞ്ഞാൽ മതി
ഇതു സമ്മതമാണെങ്കിൽ മാത്രംനമ്മുക്കൊരുമ്മിക്കാം …
ഇല്ലെങ്കിൽ ജസ്റ്റ് ഫോർഗെറ്റ് ഇറ്റ് ..”

വളരെ കൂളായി ഗൗതത്തിന്റെ മുഖത്തു നോക്കി പറഞ്ഞു കൊണ്ട് സയേഷ മറുപടി പ്രതീക്ഷിച്ചവനെ നോക്കി

അവളോട് എന്തു മറുപടി പറയണമെന്നറിയാതെ ഗൗതം കുഴങ്ങി ,അവന്റെ മനസ്സിൽ സ്വന്തം അച്ഛന്റെയും അമ്മയുടെയും മുഖങ്ങൾ തെളിഞ്ഞു വന്നു

തന്റെ നന്മയ്ക്ക് വേണ്ടി മാത്രം പ്രാർത്ഥിക്കുന്ന തനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന രണ്ടു പേർ. അവരെ ഓർത്തതും അവന്റെ കണ്ണുകൾ നിറഞ്ഞു..

“സോറി സായൂ, എനിക്ക് നിന്നെ ഇഷ്ട്ടമാണ്
ഇന്നു തന്നെ നീ പറയുന്നതുപോലെ നമ്മുക്ക് ഒരുമിച്ച് ജീവിക്കാം പക്ഷെ അതെനിക്കെന്റെ അച്ഛനോടും അമ്മയോടും ഒന്നു പറയണം ,അവരെതിരു നിൽക്കില്ല സായൂ നമ്മുടെ ബന്ധത്തിന്…”

“നടക്കില്ല ഗൗതം ,ഞാൻ പറഞ്ഞതുപോലെയാണെങ്കിൽ മാത്രം ,അതിൽ മാറ്റമൊന്നും ഇല്ല ,ഇനി നിനക്ക് അത്ര നിർബന്ധമാണെങ്കിൽ ഒന്നു രണ്ടു മാസം കഴിയട്ടെ,

നമ്മുക്ക് ഒരേ മനസ്സും ശരീരവുമായ് നമ്മുടെ ജീവിതാവസാനം വരെ ഒന്നിച്ചിരിക്കാൻ കഴിയുമെന്ന് നമ്മുക്ക്, സോറി എനിക്ക് ബോധ്യപ്പെടട്ടെ .അപ്പോ നമ്മുക്ക് രണ്ടു വീട്ടിലും അറിയിക്കാം മുറപോലെ കല്യാണം നടത്താം എനിക്ക് സമ്മതമാണ് ,പക്ഷെ ഇപ്പോ നമ്മൾ രണ്ടു പേർ മാത്രം”

ഗൗതം ഒന്നും മനസ്സിലാവാത്തതുപോലെ ഒരു നിമിഷവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു ..

അവന്റെ മനസ്സിലപ്പോഴൊരായിരം ചോദ്യോത്തരങ്ങൾ പിടിവലി നടത്തുകയാണെന്ന് സയേഷക്കു മനസ്സിലായ് അവൾ പ്രതീക്ഷയോടെ അവനെ തന്നെ നോക്കി നിന്നു

“സമ്മതം ..

ഒടുവിലൊരു ചിരിയോടെ ഗൗതം സയേഷയ്ക്ക് നേരെ കൈ നീട്ടിയതും അവൾ സന്തോഷത്തോടെ അവനെ വാരി പുണർന്നു ..

പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു ,ഗൗതത്തിന്റെ ഫ്ളാറ്റിലേക്ക് സ്വന്തം വസ്ത്രങ്ങളടങ്ങിയ ബാഗുമെടുത്ത് സയേഷ കടന്നു വന്നതും ആ ഫ്ളാറ്റൊരു ചെറിയ കുടുംബമായ് മാറി.

എത്രയൊക്കെ ചേർത്തു നിർത്താൽ ശ്രമിച്ചാലും അകന്നു പോവുന്നൊരു കണ്ണി പോലെ ഗൗതത്തിന്റെ മനസ്സിൽ എവിടെയോ ഒരു ചെറിയ ശങ്ക ബാക്കി നിന്നപ്പോഴും അവരുടെ ബന്ധത്തെ പറ്റി.

ഏസിയുടെ കുളിരിൽ നേർത്ത ഗസൽ സംഗീതം ഒഴുകി പരക്കുന്ന മുറിക്കുള്ളിൽ തലയിലൊരായിരം കടന്നലുകൾ മൂളി പറക്കുന്നതു പോലെ തോന്നി ഗൗതത്തിന്..

ഒരു ദിവസം രാവിലെ താനിഷ്ട്ടപ്പെടുന്ന പെണ്ണ് വന്ന് തന്നെ അവൾക്കും ഇഷ്ട്ടമാണെന്ന് പറയുക അന്ന് വൈകുന്നേരം തന്നെ അവൾക്കൊപ്പം ഭാര്യ ഭർത്താക്കന്മാരായി ജീവിതം തുടങ്ങുക,,

തനിക്ക് ചുറ്റും നടക്കുന്നത് സത്യമോ സ്വപ്നമോ എന്നറിയാതെ അവനൊരു നിമിഷം നിന്നു..

പെട്ടന്നാണ് ബാത്ത് റൂമിന്റെ വാതിൽ തുറന്ന് സയേഷ പുറത്തേക്കിറങ്ങിയത് ..

നനഞ്ഞദേഹം ടൗവൽ കൊണ്ടൊപ്പിയവൾ അവന്റെ മുഖത്തേക്ക് നോക്കി

കഴിവുള്ള ശില്പി കരവിരുതോടെ കടഞ്ഞെടുത്ത ശില്പം പോലെ തോന്നി ഗൗതമി നവളെ കണ്ടപ്പോൾ..

അവളുടെ വെളുത്തു തുടുത്ത കൈത്തണ്ടയിലൂടെ വെള്ള തുള്ളികൾ നിലത്തേക്കിറ്റു വീഴുന്നതവൻ ഒരു കൗതുകത്തോടെ നോക്കി നിന്നു

“എന്താണ് ഗൗതം വലിയൊരാലോചന ?

സയേഷ അവനെ നോക്കി

“ഏയ് ഒന്നൂല്ല സായൂ ,എനിക്കിപ്പോഴും ഇതൊന്നും ഉൾക്കൊള്ളാൻ പറ്റാത്ത പോലെയൊരു …

“വേണ്ട ഗൗതം നീയിനിയും പഴയതു തന്നെ പാടണ്ട..,
നമ്മളൊരുമ്മിച്ച ആദ്യദിനമാണെന്ന് . കല്യാണം കഴിച്ചു നമ്മൾ ഒന്നിച്ചിരുന്നെങ്കിൽ ഇത് നമ്മുടെ ആദ്യരാത്രിയാവും അല്ലേ ഗൗതം..?

സയേഷപറഞ്ഞതും ഗൗതമവളുടെ ചുവന്നു തുടുത്ത മുഖത്തേക്ക് നോക്കി ,നാണത്തിൽ പൊതിഞ്ഞ പുഞ്ചിരിയോടെ തന്നെ നോക്കുന്ന സയേഷയെ കണ്ടതും ഗൗതമിനുള്ളിലൊരു കുളിരു കോരി

ഇരുകയ്യാലെയും അവളെ എടുത്തുയർത്തിയവൻ അവളിലേക്കാഞ്ഞതും അവളൊരു മുല്ലവള്ളി പോലെ അവനിൽ പടർന്നു കയറി ..

വേർപിരിയാൻ കഴിയാത്ത ഇണ നാഗങ്ങളെ പോലെ ആ മുറിയിലവരുടെ സീൽക്കാര ശബ്ദങ്ങൾ നിറഞ്ഞു നിന്നു

ഒടുവിൽ തളർന്നു വികാര തീവ്രതയുടെ പൂർണ്ണ തൃപ്തിയിൽ ഗൗതം ഉറക്കത്തെ പുൽകവേ ഗൗതമിന്റെ നെഞ്ചിൽ പറ്റി ചേർന്നുറങ്ങാൻ ശ്രമിച്ച സയേഷയുടെ ഇരു കവിളിലൂടെയും കണ്ണുനീർ ധാരയായ് ഒഴുകി കൊണ്ടിരുന്നു

ദിവസങ്ങൾ വളരെ പെട്ടന്നു തന്നെ കടന്നു പൊയ്ക്കൊണ്ടിരുന്നു ,ഗൗതം ഇടയ്ക്കെല്ലാം തങ്ങളുടെ കല്യാണ കാര്യം മാതാപിതാക്കളെ അറിയിക്കുന്ന കാര്യം അവളോട് പറയുമെങ്കിലും സമയമായില്ലെന്നു പറഞ്ഞവൾ ഒഴിഞ്ഞുമാറി,

ഗൗതം ഇന്ന് ഞാൻ അല്പം നേരത്തെ ഇറങ്ങുട്ടോ ഓഫീസിൽ നിന്ന് ..

എന്തിനാ സായൂ?എന്തെങ്കിലും പർച്ചേസ് ?

അതൊക്കെയുണ്ട് ,വൈകുന്നേരം പറയാം ട്ടോ …സയേഷ അവനെ നോക്കി പറഞ്ഞു

അവളുടെ മുഖത്ത് പതിവില്ലാത്ത വിധം സന്തോഷം നിറഞ്ഞു നിൽക്കുന്നത് ഗൗതം ശ്രദ്ധിച്ചു

അപ്പോ ശരി ഗൗതം കാണാം .. പറഞ്ഞു കൊണ്ട് ഗൗതമിന്റെ നെറ്റിയിലൊരു ചുംബനം നൽകി സയേഷ പുറത്തേക്ക് നടന്നതും അവനവളുടെ കൈ പിടിച്ചു നിർത്തി ..

അതേ എങ്ങോട്ടാ ധൃതിയിൽ ?
ഞാനും വരുന്നുണ്ട്

ഇന്നൽപ്പം ധൃതി കൂടുതലുണ്ട് , ബൈ ഗൗതം

പറഞ്ഞതും സയേഷ ഓഫീസിലേക്ക് പോയി ..

ഓഫീസിലെ തിരക്കിനിടയിൽ പലവട്ടം ഗൗതം സയേഷയെ തിരഞ്ഞെങ്കിലും കണ്ടില്ല

എന്തായിരിക്കും അവൾ വൈകീട്ടു പറയാമെന്നു പറഞ്ഞത് ..?

വൈകുന്നേരം ഓഫീസ് വിട്ട് ഗൗതം ഫ്‌ളാറ്റിലെത്തുമ്പോൾ അവിടെ സയേഷ ഉണ്ടായിരുന്നില്ല ,

അവനെ കണ്ടപാടെ സെക്യൂരിറ്റി അവന്റെ കയ്യിൽ ഒരു ലെറ്റർ നൽകി

“ഞാൻ പോവുന്നു ഗൗതം എന്നെ തിരക്കരുത് ,കണ്ടെത്താൻ സാധിക്കില്ല ..

കഴിഞ്ഞു പോയ കുറച്ചു ദിവസങ്ങൾ നിന്റെ ജീവിതത്തിൽ നിനക്ക് കിട്ടിയ ഏറ്റവും സന്തോഷകരമായ നാളുകൾ ആവട്ടെ ..

സയേഷ…

കയ്യിലിരിക്കുന്ന കത്തുമായ് എന്താണ് സംഭവിച്ചതെന്നറിയാതെ ഫ്ളാറ്റിലെത്തിയ ഗൗതം ഒന്നുകൂടി മനസ്സിലാക്കി
അവളുടേതായ ഒന്നും തന്നെ അവിടെ അവശേഷിച്ചിരുന്നില്ല എന്ന സത്യം ..

എല്ലാം അവളോടൊപ്പം അപ്രത്യക്ഷമായിരിക്കുന്നു .

“തീരെ പ്രതീക്ഷിക്കാത്ത നേരത്ത് നമ്മുടെ തലയ്ക്ക് പുറകിലൊരാൾ ശക്തിയായ് അടിച്ചാൽ നമ്മുക്ക് ലഭിക്കുന്ന ആ ഷോക്ക് ഇല്ലേ, അത്തരമൊരു ഷോക്കിലായിരുന്നു ലാവണ്യ ഞാൻ കഴിഞ്ഞ കുറെ മാസങ്ങളായി ..”

തനിക്ക് മുമ്പിലിരുന്ന് തന്റെ കഴിഞ്ഞകാല അനുഭവം പറയുന്ന ഗൗതമിനെ ലാവണ്യ അനുകമ്പയോടെ നോക്കി

“വലിയൊരു ആൾ കൂട്ടത്തിനൊപ്പം ജീവിച്ച മനുഷ്യൻ പെട്ടെന്ന് ഒറ്റപ്പെട്ടതു പോലെ ,അല്ലെങ്കിൽ ശരീരത്തിൽ നിന്ന് ആത്മാവ് വേർപ്പെടുന്ന പോലെ ഒക്കെയുള്ള ഒരു വസ്ഥയിലായ് ഞാൻ”

“പെട്ടന്നെന്റെ ജീവിതത്തിലേക്ക് കടന്നു വന്നവൾ ഒരു ദിനം എങ്ങോട്ടു പോയെന്നറിയാതെ തേടുകയായിരുന്നു ഞാനവളെ ഇത്രനാളും ..”

“ഇന്നിതാ നിനക്കൊപ്പം ഇവളെ ഇവിടെ കണ്ടു കിട്ടുന്നതു വരെ..”

“ഇനിയെനിക്ക് നിന്നോടാണ് സയേഷ ചോദിക്കാനുള്ളത് ,

ലാവണ്യയുടെ മറവിൽ എന്നവണ്ണം മറഞ്ഞിരിക്കുന്ന സയേഷയെ നോക്കി ഗൗതം പറഞ്ഞതും ലാവണ്യ സയേഷയുടെ അരികിൽ നിന്നു മാറി നിന്നു.

“പെട്ടന്നൊരു നാൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് എന്നോടു പറയാതെ നീ പോയതെവിടേക്കാണ്?

“നിന്നെ തിരഞ്ഞലഞ്ഞ് ഞാൻ നഷ്ട്ടപ്പെടുത്തിയ ഈ കുറച്ചു മാസങ്ങൾ നീയെവിടെയായിരുന്നു?

“ഇട്ടെറിഞ്ഞു പോവാനാണെങ്കിൽ നീ എന്തിനെന്റെ ജീവിതത്തിലേക്ക് വന്നു ..?

“ഒരു ആണിനെ അറിയുന്നതിനുവേണ്ടി ഗൗതം..”

പതിഞ്ഞതെങ്കിലും ഉറച്ച ശബ്ദത്തിൽ സയേഷപറഞ്ഞതു കേട്ട് ഗൗതം ഞെട്ടിയവളെ നോക്കി ..

“ആണിനെ അറിയാനോ ?

“അതെ ഗൗതം എനിക്ക് നിന്നിലൂടൊരു ആണിനെ അറിയണമായിരുന്നു ..

“എന്തൊക്കെയാണ് സായൂ നീ പറയുന്നത് എനിക്കൊന്നും …

“മനസ്സിലാവുന്നില്ലാ എന്നല്ലേ ? ഞാൻ പറഞ്ഞു തരാം..

“നിങ്ങളീ കാണുന്ന സയേഷക്കുള്ളിൽ ഉള്ളത് വേറെ ഒരാൾ ആണ് ഗൗതം .

“പെണ്ണിന്റെ രൂപവും ആണിന്റെ മനസ്സുമുള്ള ഒരാൾ..

“എന്നു മുതലാണ് ഞാനിങ്ങനെ എന്നു നീ ചോദിക്കരുത് എപ്പോഴോ ഞാൻ തിരിച്ചറിഞ്ഞതാണ് അത് .”

“ഒരു പെണ്ണിന്റെ മനസ്സോടെ ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ ഞാനൊരു പാടു ശ്രമിച്ചു പറ്റിയില്ല,

നിങ്ങളുടെ കമ്പനിയിൽ ചേർന്ന് നിങ്ങൾക്കൊപ്പം ജോലി ചെയ്യുമ്പോഴും എന്റെ മനസ്സിൽ ഞാനൊരാണു തന്നെയായിരുന്നു , അതുകൊണ്ടാണ് നിന്റെ പ്രണയാഭ്യർത്ഥന പോലും ഞാൻ ശ്രദ്ധിക്കാതെയിരുന്നത് ”

“മാത്രമല്ല നിങ്ങളുടെ അടുത്ത് വരുന്നതിനും മുമ്പേ ഞാൻ ലാവണ്യയുമായ് പ്രണയത്തിലായിരുന്നു

“ആദ്യം കണ്ടപ്പോൾ തന്നെ എന്റെ മനസ്സിനുള്ളിൽ പതിഞ്ഞിരുന്നു ഇവളുടെ മുഖം ,

എനിക്കവളോടുള്ളതുപോലെ ഒരിഷ്ട്ടം അവൾക്കും എന്നോട് ഉണ്ടെന്നറിഞ്ഞപ്പോൾ ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തിരുമാനിച്ചു..

“നാളെ ഞങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് മുന്നിൽ വെറുമൊരു പ്രഹസനം മാത്രമായ് തീരരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു

അതു കൊണ്ടു തന്നെ ഒരാണിനെ ഇഷ്ട്ടപ്പെടാനോ അവനൊപ്പം ഒരു ജീവിതം ജീവിക്കാനോ സാധിച്ചാൽ ഞങ്ങൾ ഞങ്ങളുടെ ബന്ധം വേർപിരിയാൻ തീരുമാനിച്ചിരുന്നു..

“ഒരു പുരുഷനെ ഇഷ്ട്ടപ്പെടാനും അവന്റെ കൂടെ ജീവിക്കാനും ഞങ്ങൾക്ക് സാധിക്കുമോ എന്നറിയണമായിരുന്നു.ഞങ്ങളിലൊരാൾക്ക് അതിനു സാധിച്ചാൽ മറ്റെയാൾ ഒഴിഞ്ഞു പൊയ്ക്കോളാമെന്നും ഞങ്ങൾ തീരുമാനിച്ചിരുന്നു..

“ഞങ്ങൾക്ക് വേണ്ടി മാത്രമല്ല ഞങ്ങളങ്ങനെ ഒരുതീരുമാനമെടുത്തത് ,ഞങ്ങളുടെ രക്ഷിതാക്കളെ ഓർത്തുകൊണ്ടും കൂടിയാണ്..

“ലോകമെത്രപുരോഗമിച്ചാലും മാറാൻ സാധിക്കാത്ത ചിലരില്ലേ അവരിലൊരാളായിരുന്നു ഞങ്ങളുടെ മാതാപിതാക്കളും..

“ഓ.. അപ്പോ നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ഒരു ഉപകരണമായിരുന്നോ ഞാൻ ?

“അങ്ങനെ അല്ല ഗൗതം ,നിനക്കെന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞതുകൊണ്ടു മാത്രമാണ് ഞാൻ നിന്റെ അരികിലെത്തിയത് .ഞാൻ പരമാവധി ശ്രമിക്കുകയും ചെയ്തു ശരീരത്തിനൊപ്പം മനസ്സും ഒരു സ്ത്രീയുടേതാക്കാൻ ..പക്ഷെ ഓരോ തവണയും ഞാൻ പരാജയപ്പെട്ടു .. ”

“എനിക്കുള്ളിൽ ,എന്റെ ശരീരത്തിൽ എല്ലാം ലാവണ്യക്ക് മാത്രമേ സ്ഥാനമുള്ളു എന്ന തിരിച്ചറിവിലാണ് ഞാൻ തിരികെ വന്നത് ..

ലാവണ്യയും അതേ അവസ്ഥയിലായിരുന്നു ഗൗതം.

“നിങ്ങൾ നിങ്ങളെ കുറിച്ചു മാത്രം ചിന്തിച്ചപ്പോൾ എന്തേ സയേഷ എന്നെ പറ്റി ചിന്തിക്കാതിരുന്നത് ?

ഗൗതം വേദനയോടെ ചോദിച്ചു

“അതിനു ഗൗതത്തിന് നഷ്ട്ടങ്ങൾ ഒന്നും വന്നില്ലല്ലോ ? നേട്ടങ്ങൾ മാത്രമല്ലേ ഉള്ളു ..? ലാവണ്യ ചോദിച്ചു

“അതേ ഗൗതം നമ്മൾ ഒരുമിച്ചു ജീവിച്ചതു ഗൗതത്തിന്റെ വീട്ടുകാർ പോലും അറിഞ്ഞിട്ടില്ല ,മാത്രമല്ല താൻ സ്നേഹിച്ച പെണ്ണിന്റെ കൂടെ തനിക്ക് ജീവിക്കാൻ സാധിച്ചില്ലേ ?

“ഛെ.. ഇത്ര തരം താഴ്ന്ന് സംസാരിക്കരുത് സയേഷ ,

“നീ കരുതുംപോലെ ഞാൻ നിന്നെ സ്നേഹിച്ചത് നിന്റെ ശരീരം കണ്ടിട്ടല്ല അതുകൊണ്ടുതന്നെ നിന്നെ നഷ്ട്ടപ്പെട്ടപ്പോൾ എനിക്ക് നഷ്ട്ടപ്പെട്ടത് എന്നെ തന്നെയായിരുന്നു ”

“എന്തായാലും എല്ലാം ഇങ്ങനെ അവസാനിച്ചതിൽ സന്തോഷം ,നന്ദിയുണ്ട് എന്നെ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിലൊരു കോമാളി ആക്കി മാറ്റാത്തതിൽ ..

“പോട്ടെ.. വീണ്ടും കാണാതെയിരിക്കാൻ ശ്രദ്ധിക്കാം … ”

പറഞ്ഞു കൊണ്ട് ഗൗതം സയേഷക്കരികിൽ നിന്നു തിരിഞ്ഞു നടന്നപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തൂവിയത് അവളെ നഷ്ട്ടപ്പെട്ടതോർത്തല്ല ,മറിച്ച് തനിക്കവളോടുണ്ടായി ന്ന ഇഷ്ട്ടത്തെ വെറും ശരീര മോഹം മാത്രമായ് അവൾ കരുതിയല്ലോ എന്നോർത്തിട്ടാണ് ..

ശരീരത്തിനപ്പുറം മനസ്സുകൊണ്ടും സ്നേഹിക്കാൻ കഴിയുന്ന പുരുഷന്മാരുമുണ്ടെന്ന് അവർ തിരിച്ചറിഞ്ഞില്ലല്ലോന്ന് ഓർത്തിട്ടു കൂടിയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *