കഷായം കുടിച്ചു കഴിഞ്ഞ് കുറെ സമയത്തേക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. പക്ഷേ അത് കഴിഞ്ഞപ്പോൾ മുതൽ അതിയായ രക്തപ്രവാഹം ഉണ്ടാകാൻ തുടങ്ങി.

(രചന: ശ്രേയ)

” ഇതെന്താടി ഉണ്ടാക്കി വച്ചേക്കുന്നത്..? വായിൽ വച്ചു തിന്നാൻ പാകത്തിൽ ഒന്നും ഉണ്ടാക്കാൻ അറിയില്ലെങ്കിൽ ഇനി മേലാൽ അത് ചെയ്യരുത്. വെറുതെ കുറെ സാധനങ്ങൾ മെനക്കെടുത്താൻ വേണ്ടി മാത്രം അവൾ അടുക്കളയിൽ കയറും.. ”

അമ്മായിയമ്മ ദേഷ്യത്തോടെ പറഞ്ഞപ്പോൾ മീനു തലകുനിച്ചു.

താൻ എത്രയൊക്കെ നല്ല രീതിയിൽ ഉണ്ടാക്കി കൊടുത്താലും അതിനെക്കുറിച്ച് കുറ്റം പറയാതെ ഇന്നുവരെ അമ്മായിയമ്മ ഒരു ആഹാരവും കഴിച്ച ഓർമ്മയില്ല.

” സാധനങ്ങൾ പാഴാക്കി എന്തായാലും ഉണ്ടാക്കി വച്ചതല്ലേ.. ഓരോന്നിനും തീ പിടിച്ച വിലയാണ്.. എന്റെ മോൻ കഷ്ടപ്പെടുന്ന പണം കൊണ്ടു തന്നെയാണല്ലോ ഇത് മുഴുവൻ ഉണ്ടാക്കുന്നത്..? കഴിക്കാതെ വേറെ വഴിയില്ലല്ലോ.. ”

അതും പറഞ്ഞുകൊണ്ട് അമ്മായിയമ്മ കഴിക്കാൻ തുടങ്ങുന്നത് മീനു ഒളികണ്ണിൽ കണ്ടിരുന്നു.

ഇതൊക്കെ ഇവിടെ സ്ഥിരമായി അരങ്ങേറുന്ന കാര്യങ്ങൾ ആയതുകൊണ്ട് തന്നെ മറ്റാരും ഇതിൽ തലയിടുന്നത് പോലും ഉണ്ടായിരുന്നില്ല.

അമ്മായിയമ്മയോടൊപ്പം ഡൈനിങ് ടേബിളിൽ മീനുവിന്റെ ഭർത്താവിന്റെ അനിയനും അയാളുടെ ഭാര്യയും ഒക്കെ ഉണ്ടായിരുന്നു.

” ഏട്ടത്തി കുറച്ചു കറി ഇങ്ങോട്ട് ഒഴിച്ചേ.. ”

അനിയത്തി പറഞ്ഞപ്പോൾ മീനു അവളെ ഒന്നു നോക്കി. പിന്നെ കറി അവളുടെ പ്ലേറ്റിലേക്ക് ഒഴിച്ചു.

എല്ലാവരും ആസ്വദിച്ചു കഴിക്കുന്നുണ്ട്.പക്ഷേ ഒരാൾ പോലും താൻ കഴിച്ചോ എന്ന് ഇതുവരെ അന്വേഷിച്ചിട്ടില്ല.അല്ലെങ്കിലും അങ്ങനെ ഒരു പതിവ് ഈ വീട്ടിൽ ഇല്ലല്ലോ..!

എല്ലാം വച്ചുണ്ടാക്കി സമയാസമയം ഡൈനിങ് ടേബിളിൽ എത്തിക്കുക എന്നുള്ളത് മാത്രമാണ് തന്റെ ജോലി. എല്ലാവരും കഴിച്ചു കഴിഞ്ഞതിനു ശേഷം എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ കഴിക്കാം എന്നൊരു രീതിയിലേക്ക് ഇവിടത്തെ കാര്യങ്ങൾ മാറിയിട്ടുണ്ട്.

ചിന്തിച്ച് നിൽക്കുന്നതിനിടയിൽ തന്നെ എല്ലാവരും ആഹാരം കഴിച്ച് എഴുന്നേറ്റ് പോയി കഴിഞ്ഞു. സ്വന്തമായി കഴിക്കുന്ന പാത്രം പോലും ആരും അടുക്കളയിലേക്ക് എടുത്തു വയ്ക്കാറില്ല.

അവർ കഴിച്ചതും കഴിച്ചതിന്റെ വേസ്റ്റും ഒക്കെ എടുത്തുമാറ്റേണ്ടത് തന്റെ മാത്രം ഉത്തരവാദിത്വമാണ്.

തന്നെ പോലെ തന്നെ ഇവിടെ മരുമകളായി കയറി വന്നതാണ് ദീപ്തിയും. പക്ഷേ അവളോട് അമ്മ ഒരിക്കലും തന്നോട് പെരുമാറുന്ന രീതിയിൽ പെരുമാറി കണ്ടിട്ടില്ല.

ഒരുപക്ഷേ അവൾക്ക് ജോലിയുള്ളതു കൊണ്ടായിരിക്കാം. അതോ തന്നെക്കാൾ സൗന്ദര്യം കൂടിയത് കൊണ്ടാണോ..? എന്ത് കാരണം കൊണ്ടാണെങ്കിലും അവൾ അമ്മയ്ക്ക് പ്രിയപ്പെട്ടവളാണ്.

ഇടയ്ക്കിടയ്ക്ക് അമ്മയ്ക്ക് ഓരോ സമ്മാനങ്ങൾ വാങ്ങിക്കൊടുത്ത് അമ്മയെ സുഖിപ്പിക്കാൻ അവൾ കഴിയുന്നതും ശ്രമിക്കുന്നുണ്ട്.അവൾക്ക് അതിനുള്ള വരുമാനമുള്ളതു കൊണ്ട് അതിനെക്കുറിച്ച് പേടിക്കുകയും വേണ്ട.

പക്ഷേ തന്റെ കാര്യം അങ്ങനെയല്ല. അജയേട്ടന് കൂലിപ്പണിയാണ്. അതിൽ നിന്ന് കിട്ടുന്ന പണം ഒരു രൂപപോലും കുറയാതെ അമ്മ എണ്ണി വാങ്ങാറുണ്ട്. ഓരോ ദിവസവും വണ്ടിക്കൂലിക്കുള്ള പണമല്ലാതെ ഒരു രൂപ പോലും അമ്മ അധികമായി അജയേട്ടന്റെ കയ്യിൽ കൊടുക്കാറില്ല.

എനിക്ക് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ അത് നടത്തി തരാൻ വേണ്ടി പോലും അമ്മയുടെ മുന്നിൽ ഏട്ടന് കൈ നീട്ടേണ്ടി വരും. ഏട്ടന്റെ ആ അവസ്ഥ കണ്ടതോടു കൂടിയാണ് ആവശ്യങ്ങൾ മുഴുവൻ ഞാൻ ഉള്ളിൽ അടക്കി തുടങ്ങിയത്.

പക്ഷേ എത്രയൊക്കെ ആവശ്യങ്ങൾ ഉള്ളിൽ അടക്കി വച്ചാലും മാസംതോറും സാനിറ്ററി നാപ്കിൻ വാങ്ങാനുള്ള പണം എങ്കിലും കയ്യിലുണ്ടാകേണ്ടതല്ലേ..? എല്ലാമാസവും രണ്ടു പാക്കറ്റ് സാനിറ്ററി നാപ്കിൻ വാങ്ങേണ്ടി വരാറുണ്ട്.

ഓരോ മാസവും അതിന് 90 രൂപ വരെ ചെലവ് വരും എന്ന് പറഞ്ഞുകൊണ്ട് അമ്മ ഒരിക്കൽ എന്നെ ശകാരിച്ചിട്ടുണ്ട്..

” തുണിയെങ്ങാനും ഉപയോഗിച്ചാൽ പോരെ..? ഇതുതന്നെ വയ്ക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ..? വെറുതെ പണം ചെലവാക്കാൻ വേണ്ടി ഓരോ വഴികൾ കണ്ടു പിടിക്കുന്നതാണ്.. ”

ദേഷ്യത്തോടെ അമ്മ പറഞ്ഞതിൽ പിന്നെ അതിനു വേണ്ടി പോലും ആ മുന്നിൽ ചെല്ലാതെയായി.

അനിയന് ബാങ്കിലാണ് ജോലി. അവന് മാസം നല്ലൊരു തുക ശമ്പളമായി കിട്ടുകയും ചെയ്യുന്നുണ്ട്. പക്ഷേ അതിൽ നിന്ന് ഒരു രൂപ പോലും അമ്മ വാങ്ങാറില്ല.

വീട്ടുചെലവിനെ കുറിച്ച് അവനോട് അമ്മ സംസാരിക്കാറു പോലും ഇല്ല. ആദ്യമൊക്കെ അതൊക്കെ കാണുമ്പോൾ വല്ലാത്ത വേദന തോന്നുമായിരുന്നു. ഒരിക്കൽ അതിനെക്കുറിച്ച് അജയേട്ടനോട് സംസാരിച്ചിട്ടുണ്ട്.

” താൻ ഇതൊന്നും കാര്യമാക്കണ്ട.. അവൻ ചെറിയ കുട്ടിയല്ലേ..? കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള പ്രായം ഒന്നും ആയിട്ടില്ല അവനു..!

എന്നെക്കൊണ്ട് കഴിയുന്നത് ഞാൻ ചെയ്തു കൊടുക്കുന്നു എന്ന് മാത്രം. ഇനി ഒരു സമയത്ത് എനിക്ക് ഒന്നും ചെയ്യാൻ പറ്റാതെ ആകുമ്പോൾ കുടുംബത്തിന്റെ കാര്യം അവൻ നോക്കിക്കോളും. ”

ഏട്ടൻ പ്രതീക്ഷയോടെ പറയുന്നത് കേട്ടപ്പോൾ എതിർക്കാൻ തോന്നിയില്ല. അന്ന് മുതൽ ഇന്ന് വരെയും കുടുംബത്തിന്റെ ചെലവുകളും ഒക്കെ ഏട്ടൻ തന്നെയാണ് നോക്കുന്നത്.

ഇതിനിടയിൽ അനിയൻ വിവാഹം കഴിഞ്ഞെങ്കിൽ പോലും അവൻ വീട്ടുചെലവിനായി ഒരു രൂപ പോലും തരാറില്ല.

ചിന്തകൾക്കൊടുവിൽ അടുക്കളയിൽ പണിയെടുത്ത് കൊണ്ടിരിക്കുമ്പോൾ ആണ് പെട്ടെന്ന് ഒരു തലചുറ്റൽ പോലെ തോന്നിയത്. പിന്നീട് മുഖം മുഴുവൻ വെള്ളം നിറഞ്ഞപ്പോഴാണ് കണ്ണുകൾ വലിച്ചു തുറന്നത്.

മുന്നിൽ തന്നെ അനിയത്തിയും അനിയനും അമ്മായിയമ്മയും ഒക്കെ നിൽപ്പുണ്ട്.

” എന്താ പറ്റിയത് ഏട്ടത്തീ..? ”

എഴുന്നേൽക്കാൻ സഹായിച്ചു കൊണ്ട് അനിയത്തി അന്വേഷിച്ചു.

” അറിയില്ല.. പെട്ടെന്ന് തല ചുറ്റി.. ”

പറഞ്ഞു കൊണ്ട് ക്ഷീണത്തോടെ ചാരി ഇരുന്നു.

“ഏട്ടത്തി ഫുഡ്‌ കഴിച്ചില്ലേ..?”

അനിയൻ ചോദിച്ചു. കഴിച്ചു എന്ന് തലയാട്ടി. അപ്പോഴും അമ്മായിയമ്മ തന്നെ നോക്കി നിൽക്കുന്നത് കണ്ടില്ലെന്ന് നടിച്ചു.

” ഹ്മ്മ്.. എഴുന്നേറ്റ് ബാക്കി പണി നോക്ക്.. റസ്റ്റ്‌ എടുത്തത് മതി.. ”

അതും പറഞ്ഞു അമ്മായിയമ്മ നടന്നു പോയി. അമ്മയ്ക്ക് പിന്നാലെ തന്നെ മോനും. തന്നെ ഒന്ന് നോക്കികൊണ്ട് ദീപ്തിയും..!

വൈകുന്നേരം അജയേട്ടൻ വന്നപ്പോൾ തന്നെ തനിക്കുണ്ടായ അപകടത്തിനെ പറഞ്ഞിരുന്നു. സമയത്ത് ആഹാരം കഴിക്കാതെ റസ്റ്റ് ഇല്ലാതെ പണിയെടുത്തതു കൊണ്ടാണ് എന്ന് പറഞ്ഞ് അദ്ദേഹം എന്നെ വഴക്കു പറയുകയും ചെയ്തു.

പിറ്റേന്ന് രാവിലെ പതിവില്ലാതെ അമ്മായിയമ്മ സ്നേഹം കൂടി അടുത്ത് കണ്ടപ്പോൾ തന്നെ എന്തോ അപകടം മണത്തു. എന്തോ ഒരു കഷായം കയ്യിൽ കൊണ്ടു തരികയും ചെയ്തു.

“നിനക്ക് രക്തം കുറവാണ്. അതുകൊണ്ടാണ് ഇന്നലെ തല ചുറ്റിയത്.ഒറ്റ വലിക്ക് ഈ കഷായം കുടിച്ചോ. ക്ഷീണം ഒക്കെ പമ്പ കടക്കും..”

അമ്മ സ്നേഹത്തോടെ പറഞ്ഞപ്പോൾ നിരസിക്കാൻ തോന്നിയില്ല. എന്റെ കാര്യത്തിൽ അമ്മ ഇത്രയും സ്നേഹം പ്രകടിപ്പിക്കുന്നുണ്ടല്ലോ എന്നോർത്തപ്പോൾ കണ്ണുനിറഞ്ഞു.

അമ്മ പറഞ്ഞതു പോലെ തന്നെ കഷായം കുടിക്കുകയും ചെയ്തു.

കഷായം കുടിച്ചു കഴിഞ്ഞ് കുറെ സമയത്തേക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. പക്ഷേ അത് കഴിഞ്ഞപ്പോൾ മുതൽ അതിയായ രക്തപ്രവാഹം ഉണ്ടാകാൻ തുടങ്ങി.

പീരിയഡ്സ് ഡേറ്റ് കുറച്ചു ദിവസമായി. ഒരുപക്ഷേ അതായിരിക്കും എന്നാണ് കരുതിയത്. എന്നാൽ മണിക്കൂറുകൾ പിന്നിട്ടിട്ടും രക്തം നിലക്കാതെ വന്നതോടെ താൻ വല്ലാതെ ക്ഷീണിച്ചു.

എവിടെയെങ്കിലും പിടിച്ചു നിൽക്കാൻ പോലും കഴിയാത്ത വണ്ണം ക്ഷീണിതയായി നിലത്തേക്ക് കുഴഞ്ഞു വീഴുകയും ചെയ്തു.

പിന്നീട് കണ്ണു തുറന്നത് ആശുപത്രിയിലായിരുന്നു. കലങ്ങിയ കണ്ണുകളോടെ അദ്ദേഹം മുന്നിൽ നിൽപ്പുണ്ടായിരുന്നു. തന്റെ ക്ഷീണം കണ്ടിട്ട് ആയിരിക്കാം ആ വേദന എന്നാണ് തോന്നിയത്.

പക്ഷേ അദ്ദേഹത്തിന്റെ നാവിൽ നിന്ന് കേട്ട വാക്കുകൾ തന്നെ പാടെ തളർത്തി കളഞ്ഞു.

” നിനക്ക് നിന്റെ വയറ്റിൽ വളർന്ന നമ്മുടെ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാൻ എങ്ങനെ തോന്നി..? എന്റെ കഷ്ടപ്പാടിന് ഇടയിലേക്ക് ഒരു കുഞ്ഞു കൂടി വേണ്ട എന്ന് കരുതിയിട്ടാണോ..? ”

ചോദിച്ചപ്പോൾ വല്ലാത്തൊരു അമ്പരപ്പായിരുന്നു തനിക്ക്. അദ്ദേഹത്തിനോട് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്.

താൻ ഗർഭിണിയായിരുന്നുവെന്നും അത് അലസി പോകാൻ എന്തോ ഒരു മരുന്ന് താൻ കഴിച്ചതുകൊണ്ടാണ് ഇപ്പോൾ അബോഷൻ സംഭവിച്ചത് എന്ന്. അത് കേട്ട് കഴിഞ്ഞപ്പോൾ ആദ്യം മനസ്സിലാക്കി വന്നത് അമ്മയുടെ മുഖമായിരുന്നു.

അമ്മ തന്ന മരുന്നിനെക്കുറിച്ച് അജയേട്ടനോട് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ ഏട്ടനും കാര്യങ്ങൾ മനസ്സിലായിട്ടുണ്ടാകും.

അജയൻ വീട്ടിൽ എത്തുമ്പോൾ അമ്മ ഉമ്മറത്തു തന്നെ ഇരിപ്പായിരുന്നു.

“ഞാൻ നിങ്ങളുടെ മകൻ തന്നെയല്ലേ..? എന്നിട്ടും എന്റെ ഭാര്യയുടെ വയറ്റിൽ വളർന്ന എന്റെ കുഞ്ഞിനെ ഇല്ലാതാക്കി കളയാൻ നിങ്ങൾക്ക് എങ്ങനെ തോന്നി..? ”

ദേഷ്യത്തോടെ അവൻ ചോദിച്ചപ്പോൾ ആദ്യം അവർ ഒന്ന് പതറിയെങ്കിലും പിന്നെ അവന്റെ മുന്നിൽ പിടിച്ചുനിന്നു.

” ഈ തറവാട്ടിൽ ആദ്യം ജനിക്കേണ്ടത് നിന്റെ കുഞ്ഞല്ല. അങ്ങനെയൊരു കുഞ്ഞ് ഇവിടെ ജനിക്കാത്തത് തന്നെയാണ് നല്ലത്. കാരണം നീ എന്റെ സ്വന്തം മകൻ അല്ലല്ലോ.. നിന്റെ അച്ഛന് ആദ്യ ഭാര്യയിൽ ഉണ്ടായ കുട്ടിയാണ്.

നിന്നെ സംരക്ഷിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നെങ്കിലും നിന്റെ അച്ഛൻ ഒരാളിന്റെ നിർബന്ധത്തിൽ ആണ് ഇത്രയും കാലം നീ ഇവിടെ വളർന്നത്. പിന്നെ നിന്റെ അച്ഛൻ മരിച്ചതിനുശേഷം ഇവിടത്തെ കാര്യങ്ങൾ മുഴുവൻ നീയാണല്ലോ നോക്കിയത്.

ഇനിയും നീ തന്നെ വേണം അത് ചെയ്യാൻ. ഇതിനിടയ്ക്ക് നിനക്ക് കുടുംബവും കുട്ടികളും ഒക്കെ ആയാൽ ഇവിടത്തെ കാര്യങ്ങളൊക്കെ ആര് നോക്കും..? ”

അമ്മ പറഞ്ഞത് കേട്ടപ്പോൾ ഞെട്ടി നിന്ന് പോയത് ഇത്തവണ അജയനാണ്. അമ്മയുടെ മനസ്സിൽ ഇത്രത്തോളം പൈശാചികമായ ചിന്തകളാണ് ഉണ്ടായിരുന്നത് എന്ന് അവൻ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല.

പിന്നീട് ഒരു വാക്കുപോലും അമ്മയോട് സംസാരിക്കാതെ തനിക്കായി നൽകിയിരുന്ന മുറിയിലേക്ക് കയറി തന്റേതും ഭാര്യയുടേതും ആയ എല്ലാം കെട്ടിപ്പറക്കി അവൻ പുറത്തേക്കിറങ്ങുമ്പോഴും അമ്മ അവിടെത്തന്നെ ഇരുപ്പുണ്ടായിരുന്നു.

” ഇനിയും വണ്ടികാളയെ പോലെ ഇവിടുത്തെ ഭാരം വലിക്കാൻ ഞാനില്ല. നാളെ ഒരുപക്ഷേ എന്നിൽ നിന്നുള്ള വരുമാനം നഷ്ടപ്പെടുമ്പോൾ നിങ്ങൾ എന്നെ കൊന്നു കളയാൻ പോലും മടിക്കില്ല.

ഇപ്പോൾ ഭൂമിയിലേക്ക് ജനിച്ചിട്ട് പോലുമില്ലാത്ത എന്റെ കുഞ്ഞിനെ ഇല്ലാതാക്കിയ നിങ്ങൾക്ക് അതിന് ഒരു മടിയും ഉണ്ടാകില്ല എന്നെനിക്കറിയാം. ഇനിയും ഇവിടെ നിന്ന് ആയുസ്സിന്റെ ബലം കുറയ്ക്കാൻ ഞാനില്ല.. ”

അത്രയും പറഞ്ഞു കൊണ്ട് അവൻ പടിയിറങ്ങി പോകുമ്പോൾ, നാളെ മുതൽ തനിക്കുള്ള വരുമാനം നഷ്ടമാവുകയാണല്ലോ എന്നൊരു ചിന്ത മാത്രമായിരുന്നു അമ്മയിൽ ഉണ്ടായിരുന്നത്..!

മറുവശത്ത് ഇനിയെങ്കിലും നന്നായി ജീവിക്കാമല്ലോ എന്നൊരു പ്രതീക്ഷയായിരുന്നു മീനുവിന്..!!

Leave a Reply

Your email address will not be published. Required fields are marked *