“ഹരിക്കുട്ടാ, പന്തലിലെ സാധനം തീർന്നു. മോന്റെ കയ്യില്, വേലായുധേട്ടനു അടിയ്ക്കാനുള്ള രണ്ടു പെഗ് ഉണ്ടാകുമോ ? ഉണ്ടെങ്കിൽ മതി; നിർബ്ബന്ധല്യാ…”

ആദ്യരാത്രി
രചന: രഘു കുന്നുമ്മക്കര പുതുക്കാട്

രാത്രി, പുത്തൻ ചായം തേച്ച ചുവരുകൾ, ഫ്ലൂറസെന്റ് വെട്ടത്തിൽ ഒന്നുകൂടി മിന്നിമിനുങ്ങി നിന്നു.

വിസ്താരം കുറഞ്ഞ അകത്തളത്തിൽ, അതിനുതകുന്ന രീതിയിൽ തന്നെയാണ് പുതിയ സോഫാസെറ്റിയും അനുബന്ധ ഇരിപ്പിടങ്ങളും ടീപ്പോയിയുമെല്ലാം ക്രമീകരിച്ചിരിക്കുന്നത്.

മുറിയകത്തിന്റെ വലതുമൂലയിൽ, തട്ടിൻപുറത്തേക്കു നീളുന്ന കുത്തനേയുള്ള മരഗോവണി.
വീട്ടിയുടെ നിറമുള്ള തട്ടിൻമേൽ തൂങ്ങിയ ഫാൻ, മുഴുവേഗത്തിൽ കറങ്ങുന്നു.

അകായിൽ നിന്നും, ഇടനാഴി നീണ്ടു തിരിയുന്നത് അടുക്കളയിലേക്കായിരിക്കാം.
അലുമിനിയം പാത്രങ്ങളുടെ കലമ്പലുകൾ വ്യക്തമായി കേൾക്കാനാകുന്നുണ്ട്.
പാചകത്തിന്റെ തിരക്കുകളിലലിഞ്ഞ് മൂന്നുനാലു പെൺപ്രജകൾ അടുക്കളയിലുണ്ടെന്നു തീർച്ചയാണ്.

വറുത്ത മസാലയുടെയും,
മാംസം വേവുന്നതിന്റെയും ഗന്ധം അകത്തളത്തിലേക്കു അനുവാദം ചോദിയ്ക്കാതെ കടന്നുവരുന്നു.
ഇടനാഴിയിലൂടെ അതിദ്രുതം നടക്കുന്ന പെണ്ണുങ്ങളുടെ രാത്രിയുടുപ്പുകളുടെ സീൽക്കാരങ്ങൾ;
പാദസരക്കിലുക്കങ്ങൾ.
അമർത്തിയ ചെറുചിരികൾ.

സോഫായിലമർന്നിരുന്ന്, ഹരിദേവ് ചുവരിലെ ക്ലോക്കിലേക്കു നോക്കി.
സമയം ഒമ്പതരയാകാറായിരിക്കുന്നു.
നോക്കിയിരിക്കേ, ക്ലോക്കിനു പുറകിലൂടെ നൂഴ്ന്നുവന്നൊരു പല്ലി,
ഒരു ചെറുപ്രാണിയ്ക്കു മോക്ഷം നൽകി.
ഇര വിഴുങ്ങിയ പല്ലി, മിഴികൾ വലുതായൊന്നു തുറന്നടച്ചു.

അഭിമുഖമായിരുന്ന്, ഹേമയുടെ വലിയച്ഛൻ അടുത്ത പഴമ്പുരാണത്തിന്റെ വാമൊഴികൾ നൽകാൻ അത്യുത്സാഹത്തോടെ തയ്യാറെടുക്കുകയാണ്.
എട്ടരയ്ക്കു കുളി കഴിഞ്ഞു വസ്ത്രം മാറി അകത്തളത്തിലെത്തിയപ്പോൾ മുതൽ, കൂടെക്കൂടിയതാണു വലിയച്ഛൻ.

തറവാട്, കാരണവന്മാർ, ജീവിതവഴികളിലെ ഉയർച്ചതാഴ്ച്ചകൾ;
അങ്ങനെ ഹേമയുടെ അഞ്ചു പരമ്പരയുടെ കഥകൾ കേട്ടുകഴിഞ്ഞു.
“ഇതിനിയും തീരണില്ലല്ലോ ദൈവമേ”
ഹരിദേവ്, മനസ്സിൽ പിറുപിറുത്തു.

ഹേമ, എവിടെയായിരിക്കും?
അവളും അടുക്കളയിലുണ്ടാകും.
തന്നെ ഈ വലിയച്ഛനു വലിച്ചുകീറി തിന്നാൻ വിട്ടുകൊടുത്ത്,
അവൾ ഏതോ വിഭവത്തിന്റെ ഒരുക്കങ്ങളിൽ മറ്റുള്ളവർക്കു കൂട്ടാവുകയായിരിക്കും.
തുറന്നിട്ട ജാലകത്തിലൂടെ കടന്നുവന്ന കാറ്റിൽ ഒരു സദ്യയുടെ മത്തുപിടിപ്പിയ്ക്കുന്ന ഗന്ധം ഇടകലരുന്നു.

സാമ്പാറിന്റെ, കാളന്റെ, സ്റ്റ്യൂവിന്റെ, കാച്ചിയ പപ്പടത്തിന്റെ; അങ്ങനെ വൈവിധ്യമുള്ള ഗന്ധങ്ങൾ.
ഉമ്മറത്തേ പന്തലിലിരുന്നാരോ കവിത ചൊല്ലുന്നു;
ആരൊക്കെയോ അതേറ്റുപാടുന്നു.
കൈത്താളം മുഴങ്ങുന്നു.

ഒന്നിലധികം നാൾ നീണ്ട, സദ്യയൊരുക്കങ്ങളുടെ വിജയകരമായ പരിസമാപ്തി ആഘോഷിക്കുകയായിരിക്കും അവർ.
ഹേമയുടെ പ്രിയബന്ധുക്കളായ ചെറുപ്പക്കാരുടെ ഘോഷമാകാം.
പന്തലിലെ ഒഴിഞ്ഞ മേശയിൽ, ലഹരി നുരയുന്നുണ്ടായിരിക്കാം.
കവിതയുടെ താളം മുറുകുന്നു.
ആർപ്പുകളുയരുന്നു.

വിവാഹത്തിന്റെ ആദ്യനാൾ ഭാര്യാഗൃഹത്തിൽ അന്തിയുറങ്ങുന്നതാണല്ലോ നാട്ടുനടപ്പ്.
അതുകൊണ്ട്, അതിൽ ഭാഗമാവുകയല്ലാതെ നിവർത്തിയില്ല.

കല്യാണത്തലേന്നു, ഒന്നു സ്വസ്ഥമായി ഉറങ്ങാൻ കഴിഞ്ഞില്ല.
കൂട്ടുകാരുടെ ലഹരിമേളങ്ങളും, കളിചിരികളും കഴിഞ്ഞ് ഉറങ്ങാൻ പോയപ്പോൾ രാത്രി പന്ത്രണ്ടര കഴിഞ്ഞിരുന്നു.
ഉമ്മറത്തേ സ്വന്തം മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു.

ഏതോ, ഉറ്റബന്ധുക്കൾ മുറിയകം സ്വന്തമാക്കിയിരിക്കുന്നു.
സ്വയം ശപിച്ച്, ഇറയത്തു കിടന്നു ഒന്നു കണ്ണടച്ചതായിരുന്നു.
അന്നേരത്താണ്, ആരോ ചുമലിൽ പിടിച്ചു കുലുക്കിയെഴുന്നേൽപ്പിച്ചത്.
ഞെട്ടിയുണർന്നു നോക്കുമ്പോൾ, പടിഞ്ഞാറെയിലെ വേലായുധൻ ചേട്ടനാണ്.

“എന്തേ, വേലായുധേട്ടാ…”

ചോദ്യത്തിൽ മയം പുരട്ടാനുള്ള ശ്രമം, ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ വിഫലമായി.

“ഹരിക്കുട്ടാ, പന്തലിലെ സാധനം തീർന്നു.
മോന്റെ കയ്യില്, വേലായുധേട്ടനു അടിയ്ക്കാനുള്ള രണ്ടു പെഗ് ഉണ്ടാകുമോ ?
ഉണ്ടെങ്കിൽ മതി; നിർബ്ബന്ധല്യാ…”

ഉടലിൽ വിറഞ്ഞു കയറിവന്ന കലിയെ പറഞ്ഞൊതുക്കി, സംയമനത്തിൽ പറഞ്ഞു.

“എന്റെ കയ്യില് ഇല്ല്യാ, വേലായ്ധേട്ടാ;
ഇനി നാളെയാകട്ടേ,
നമുക്കു നോക്കാം”

സുഖകരമല്ലാത്ത ഭാഷയിൽ എന്തോ പിറുപിറുത്ത്, വേലായ്ധേട്ടൻ നടന്നകന്നു.
വീണ്ടും, ഉറക്കത്തിലേക്കു സഞ്ചരിച്ചു.
ഉറങ്ങാൻ ഇനിയൊട്ടും നേരമില്ല.
അതിരാവിലെയുണർന്നു ക്ഷേത്രത്തിലേയ്ക്കു പോകണം.

കെട്ട്, മുപ്പതുകിലോമീറ്റർ അകലെയുള്ള ശ്രീകൃഷ്ണക്ഷേത്രത്തിലാണ്.
ഹേമയുടെ അമ്മയുടെ വഴിപാടാണത്രേ അത്.
ഭാഗ്യം; എല്ലാം സമംഗളം കഴിഞ്ഞിരിയ്ക്കുന്നു.

പുലരിയിലെ എഴുന്നേൽപ്പ്, ക്ഷേത്രത്തിലേയ്ക്കും ഹേമയുടെ വീട്ടിലേയ്ക്കുമുള്ള സഞ്ചാരങ്ങൾ.
വീഡിയോഗ്രാഫർമാരുടെയും, ശാന്തിക്കാരന്റെയും ആജ്ഞകൾക്ക് വിനീതവിധേയമായ അനുസരണകൾ.

സദ്യയും കഴിഞ്ഞ്, ഹേമയേയും കൂട്ടി സ്വന്തം വീട്ടിലേയ്ക്കുള്ള സഞ്ചാരം.
ഹേമയുടെ ഗൃഹപ്രവേശവും, അതിനോടനുബന്ധിച്ച വിരുന്നുസൽക്കരവും മറ്റു ചടങ്ങുകളും.
തിരികേ ഭാര്യാഗൃഹത്തിലേക്ക്.

ആരൊക്കെയോ വന്നു പരിചയപ്പെട്ടു.
ആരും മനസ്സിൽ തങ്ങിയില്ല.
സത്യത്തിൽ വല്ലാത്തൊരു വീർപ്പുമുട്ടലാണു തോന്നുന്നത്.
നാളെ, ഏറ്റവും നേരത്തേ ഇവിടെ നിന്നും സ്ഥലം വിടാൻ നോക്കണം.
സ്വന്തം മുറിയകവും, ശുചിമുറിയും മാത്രം ശീലിച്ച ഒരാളുടെ പൊരുത്തക്കേടുകൾ, ഹരിയെ അലട്ടിക്കൊണ്ടിരുന്നു.

ഭാഗ്യം,
അത്താഴം ശരിയായി.
ഹരിയെത്തേടി ഹേമ അരികിൽ വന്നു.
അവർ ഒന്നിച്ചാണ് ഭക്ഷണം കഴിക്കാനിരുന്നത്.
ചോറും കറികളുമെല്ലാം ഒരുവിധത്തിൽ കഴിച്ചു എന്നു വരുത്തി.
ഗോവണിപ്പടവുകൾ കയറി, ഹേമയ്ക്കു പുറകിലൂടെ മണിയറയിലേക്കു നടന്നു.
അകത്തു പ്രവേശിച്ചു.

പഴയകാലത്തെ അകമുറിയുടെ വിസ്താരം, നന്നേ ലോപിച്ചതായിരുന്നു.
ചന്തം ചമഞ്ഞ മുറിയകം.
കമനീയമായ കട്ടിലും ശയ്യയും.
കട്ടിലിനു താഴെ അസംഖ്യം സമ്മാനപ്പൊതികൾ.
വലിപ്പം കുറഞ്ഞ ജാലകങ്ങൾ തുറന്നിട്ടിട്ടുണ്ട്.
കാറ്റിൽ, നീലനിറമുള്ള കർട്ടനുകൾ ഉലയുന്നു.
അതിവേഗമില്ലാതെ മച്ചിലെ പങ്ക കറങ്ങുന്നു.

“ഹരിയേട്ടൻ ഇരിക്കൂ,
ഞാനിതാ വരണു”
എന്നും പറഞ്ഞ്, ഹേമ പടവുകളിറങ്ങി താഴേക്കു പോയി.
മുറിയകത്ത്, ഹരിയും മൗനവും ശേഷിച്ചു.
പൊടുന്നനേ, സെൽഫോണിൽ ഒരു വാട്സ് ആപ്പ് മെസ്സേജു വന്നു.
ഹരി, മെസേജിലേക്കു മിഴികൾ പായിച്ചു.
കൂട്ടുകാരനാണ്.

“തുടങ്ങ്യോ?”
ഒറ്റവാക്കിലുള്ള ചോദ്യവും കണ്ണിറുക്കങ്ങളുടെ ഇമോജികളും.
വെറുതെ പുഞ്ചിരിച്ച്, സെൽഫോൺ സൈലന്റു മോഡിലാക്കിയിട്ടു.
നേരം പതിനൊന്നു കഴിഞ്ഞിരിയ്ക്കുന്നു.
ഇവളിതെവിടെപ്പോയി. കലശലായി ഉറക്കം വരണുണ്ട്.

“അയ്യോ, ഈ മുറിയ്ക്കു അറ്റാച്ച്‌ഡ് ബാത്ത്റൂം ഇല്ലേ?”

ഹരി പിറുപിറുത്തു.
ഒന്നുറങ്ങിയെണീറ്റാൽ ഒന്നിനു പൂവ്വാണ്ട് ഉറങ്ങാൻ പറ്റില്ല.
താഴെ, ഹാളിനോടു ചേർന്ന ബാത്ത്‌റൂം ആണ് വന്നപ്പോൾ ഉപയോഗിച്ചത്.
അസ്സലായി കാര്യങ്ങൾ.

ഹേമ, മുറിയകത്തേയ്ക്കു വന്നു.
സാധാരണ കോട്ടൺ വസ്ത്രം ധരിച്ച്‌, മുടി മേലേയ്ക്കു കെട്ടിവച്ചായിരുന്നു വരവ്.
എല്ലാ മേയ്ക്കപ്പും പോയ്മറഞ്ഞപ്പോൾ, ഇവളുടെ നിറവും പോയോ ഈശ്വരാ.
ചുണ്ടിനൊക്കെ ഇപ്പോൾ, നേർത്ത ഇരുളിമയാണ്.

പുട്ടുകുറ്റി കണക്കേ, രാവിലെ ഇരുകൈത്തണ്ടകളിലും വളകളുണ്ടായിരുന്നു.
ആഭരണങ്ങൾ ഒഴിഞ്ഞപ്പോൾ അവ തീരെ മെല്ലിച്ചപോലെ തോന്നിച്ചു.
പാലു കൊണ്ടുവന്നിട്ടുണ്ട്.
അതു കുടിച്ചാൽ, കുലുക്കുഴിയാൻ വീണ്ടും താഴേയ്ക്കു പോകണം.
നല്ലോണം പറഞ്ഞ്, പാൽ നിരസിച്ചു.

കട്ടിലിന്റെ തലയ്ക്കലായി ഇരുവരും ചേർന്നിരുന്നു.
ഹരി, ഓർത്തു;

പൂച്ചയ്ക്കു ഉണക്കമാന്തൾ കിട്ടിയ കണക്കാവരുത് ആദ്യരാത്രിയെന്നു പലയിടത്തും വായിച്ചിട്ടുണ്ട്.
രണ്ടു വ്യത്യസ്തതലങ്ങളിൽ നിന്നും ഒഴുകിയെത്തിയ നദികൾ ഇവിടെ ഒന്നുചേർന്ന് ഒരു മഹാപ്രവാഹമാവുകയാണ്.
ദാമ്പത്യജീവിതമെന്ന അണമുറിയാ പ്രവാഹം.
പരസ്പര സംഭാഷണങ്ങളിലൂടെയും, പരിചയപ്പെടലുകളിലൂടെയും ഈ രാത്രി അനശ്വരമാക്കാം.

അവർ, പരസ്പരം വിശേഷങ്ങൾ പറയാൻ തുടങ്ങി.
തെല്ലുനേരം കഴിയുമ്പോഴേയ്ക്കും, ഹേമ ഉറക്കം തൂങ്ങാൻ തുടങ്ങി.
ഹരിയ്ക്കും അതേ അനുഭവം തന്നെയായിരുന്നു.

“ഹേമയ്ക്കു നല്ല ക്ഷീണമുണ്ട്, ഉറങ്ങിക്കോളൂ,
ഇനിയെല്ലാം നാളെയാകാം”

ഹരി പറഞ്ഞു തീർന്നതും, ഹേമ ചുവരരികു ചേർന്നുറങ്ങാൻ തുടങ്ങി.
ഹരിയും, പതുക്കേ നിദ്രയിലേക്കു സഞ്ചരിച്ചു.
അപരിചിതമായ ഇടത്തിന്റെ അസ്വസ്ഥതയാകാം, ഹരി ഉറക്കത്തിലെപ്പോഴോ ഞെട്ടിയുണർന്നു.
കട്ടിൽത്തലയ്ക്കൽ നിന്നും ഫോണെടുത്തു സമയം നോക്കി.

പുലരിയായിട്ടില്ല.
മൂന്നര മണി.
ഹരി, കയ്യെത്തിച്ച് മേശവിളക്കിന്റെ സ്വിച്ച് ഇട്ടു.
ഹേമ, നല്ല ഉറക്കമാണ്.

ഭംഗിയായി കെട്ടിവച്ച മുടിയെല്ലാം ഉലഞ്ഞു ചിതറി മുഖത്തേ മൂടിയിരിക്കുന്നു.
ഒരുവശം ചരിഞ്ഞാണു കിടപ്പ്.
തുറന്ന വായിലൂടെ ഉമിനീരൊഴുകിപ്പടർന്ന്, തലയിണയിൽ ഒരു ഭൂഖണ്ഡത്തിന്റെ ചിത്രവും, കീഴ്ത്താടിയിൽ ഒരു തേറ്റയും രൂപാന്തരപ്പെട്ടിട്ടുണ്ട്.
വയനാടു താമരശ്ശേരി ചുരത്തിന്റെ ആറാംവളവും കയറുന്ന ചരക്കുലോറിയുടെ ശബ്ദം കണക്കുള്ള കൂർക്കംവലി.

ഹരി, എഴുന്നേറ്റ് കട്ടിലിന്നപ്പുറത്തേ മേശയോടു ചേർന്ന കസേരയിൽ ചെന്നിരുന്നു.
ഹേമ, വായിച്ച പുതിയൊരു വനിതാമാസിക മേശമേൽ കിടപ്പുണ്ടായിരുന്നു.
അതിന്റെ മുഖച്ചിത്രത്തിലെ സുന്ദരിയേ നോക്കി വെറുതെയിരുന്നു.

അന്നേരത്താണ്, ഹേമ ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റ് കട്ടിലിലിരുന്നത്.
പേൻ ശല്യമുള്ളവർ ചെയ്യും കണക്കേ അവൾ തലമുടിയിഴകൾ ചിക്കിമാന്തി ഉച്ചത്തിൽ പുലമ്പി.

“ഈശ്വര പെരപെര പേ
ഈശ്വര പെരപെര പേ”

എന്നിട്ടു വീണ്ടും ചുവരരികിലേക്കു തിരിഞ്ഞു കിടന്നു.
കൂർക്കം വലിയാരംഭിച്ചു.

“എന്റീശ്വരാ, ഇവൾക്കു സോംമ്നാംബുലിസവുമുണ്ടോ?”
ഹരി പിറുപിറുത്തു.
അറ്റാച്ച്‌ഡ് ബാത്ത്റൂം ഉണ്ടായിരുന്നുവെങ്കിൽ ഒന്നു ഒന്നിനു പൂവ്വായിരുന്നു.
ഇനി, ഗോവണിയിറങ്ങാൻ വയ്യ.

ഹരി, വനിതാ മാഗസിൻ എടുത്തു താളുകൾ മറിച്ചു.
സ്പെഷ്യൽ പ്രോഗ്രാമായി ഉള്ള പംക്തിയുടെ തലക്കെട്ടു വായിച്ചു.

‘ആദ്യരാത്രി എങ്ങനെ അനശ്വരമാക്കാം’
ഹരിയ്ക്കു ചിരി വന്നു.
വായനക്കാരുടെ കത്തുകളും, പാചകക്കുറിപ്പുകളും, നക്ഷത്രഫലവും പരസ്യങ്ങളുമെല്ലാം വള്ളിപുള്ളി വിടാതെ വായിച്ചു തീർത്തു.
നേരമപ്പോൾ, നന്നായി പുലരാൻ തുടങ്ങിയിരുന്നു.

കട്ടിലിൽ നിന്നും, അപ്പോഴും ഹേമയുടെ കൂർക്കം വലി കേൾക്കാമായിരുന്നു.
പുറത്തുനിന്നും, കിളിയൊച്ചകളും.
ഹരി, കാത്തിരിപ്പു തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *