“”അതിനെങ്ങനാ മാന്നേഴ്സ് അറിയുക.. നന്നായി വളർത്തണം മക്കളെ.. ആ കള്ളപ്പണക്കാരൻ മാധവന്റെ മോളല്ലേ..”” എന്നും തന്നെ വേദനിപ്പിച്ചിരുന്ന അതേ വാക്കുകൾ ശബ്ദമായി കാതിൽ

(രചന: Rejitha Sree)

“തനിക്ക് തോന്നുന്നപോലെ വരയ്ക്കാൻ അല്ല ഞാൻ തനിക് സാലറി തരുന്നത്..””

“”ദേ.. ഇതൊന്നും ശെരിയല്ല..ഇതൊരു പ്രൊജക്റ്റ്‌ ആണോ..?
സത്യത്തിൽ താൻ എന്തേലും പഠിച്ചിട്ടാണോ ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്.. ”

ദേഷ്യം കൊണ്ട് അരുൺ പല്ല് കടിച്ചു.. ഒരു നിമിഷം നിത്യയുടെ മുഖത്തേയ്ക്ക് രൂക്ഷമായി നോക്കിയിട്ട് കയ്യിലെ ഫയൽ അവളുടെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞു…

എ സി യുടെ തണുപ്പിലും നിത്യ നിന്നു വിയർത്തു.. പറന്നു വീഴുന്ന പേപ്പറുകൾ വാരി കയ്യിൽ പിടിച്ചു നിവരുമ്പോൾ എന്നത്തേയും പോലെ നിത്യയുടെ കണ്ണിൽ തളം കെട്ടിയ കണ്ണുനീർതുള്ളികൾ പുറത്തേയ്ക്ക് പോകാതെ കാഴ്ചയെ മറച്ചു…

എപ്പോ കണ്ടാലും ഇങ്ങനെ ദേഷ്യപ്പെടാൻ താനെന്ത് തെറ്റാണ്‌ ചെയ്തത്..?

അപമാനഭാരത്താൽ അവളുടെ ഹൃദയം പിടഞ്ഞില്ലാതായി. “ഈശ്വരാ.. സത്യത്തിൽ ഇനി ഇതിലെന്തേലും തെറ്റ്….” കണ്ണുകൾ തുടച്ചുകൊണ്ട് മനസിൽ ഒരു അങ്കലാപ്പോടെ വീണ്ടും പേപ്പർ എല്ലാം മറിച്ചു നോക്കി…

“ഇല്ല.. ഇതിൽ തെറ്റൊന്നുമില്ല…പിന്നെ ഇയാൾക്കിതെന്തിന്റെ പ്രാന്താ…”

നിലയ്ക്കാത്ത പ്രശ്നങ്ങളുടെയും കടങ്ങളുടെയും ഇടയിൽ നിന്നപ്പോഴാണ് പത്രത്തിൽ ” നീലിമ” കൺസ്ട്രക്ഷൻ കമ്പനിയിലേയ്ക്ക് പ്രോഗ്രാം ഡിസൈനർ പോസ്റ്റിലേയ്ക്ക് സ്റ്റാഫിനെ ആവിശ്യമുണ്ടെന്ന് പരസ്യം കണ്ടത്…

വിളിച്ചു തിരക്കിയപ്പോൾ പിറ്റേന്ന് ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ പറഞ്ഞു.. ഓഫീസിൽ ചെന്നപ്പോൾ റിസപ്‌ഷനിലെ പെൺകുട്ടി എം ഡി വരാൻ താമസിക്കുമെന്നും അതിനാൽ അസിസ്റ്റന്റ് മാനേജരെ ക്യാബിനിൽ ചെന്ന് കാണാനും പറഞ്ഞു.

സർട്ടിഫിക്കറ്റ് എല്ലാം കൊടുത്ത് ഇന്റർവ്യൂ കഴിഞ്ഞ് വീട്ടിലേയ്ക്ക് പോയപ്പോൾ ഒരായിരം പ്രാർത്ഥനയും വഴിപാടും ആയിരുന്നു മനസ്സിൽ…

ഈ ജോലി കിട്ടിയാൽ നന്ദുന്റെ മുടങ്ങിപ്പോയ ഡിഗ്രി പഠനം തുടരാനാകുമല്ലോ ന്നുള്ള ആഗ്രഹമാണ് മനസ് നിറയെ …… ഇതിപ്പോ ഇനി ഈ ജോലി വേണ്ടാന്ന് വച്ചാൽ വീട്ടിലേയ്ക്ക് ചെല്ലുമ്പോൾ അമ്മയുടെ കടത്തിന്റേം പ്രാരാബ്ധത്തിന്റേം കഥകൾ വീർപ്പുമുട്ടിക്കാൻ തുടങ്ങും …..

പാലേരി ഫിനാൻസ് ഗ്രൂപ്പിന്റെ വളർച്ചയിൽ അച്ഛൻ , തന്റെ 16 വർഷം ബലിയർപ്പിച്ചിട്ടും ഇടയ്ക്ക് വന്ന ലക്ഷങ്ങളുടെ കൈയ്യബദ്ധം.. ആരോ എത്തിച്ച ലക്ഷങ്ങളുടെ കള്ളനോട്ടുകൾ കമ്പനി അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആയത് അച്ഛന്റെ പേരിലും..

കള്ളനോട്ടാണ് എല്ലാമെന്നറിഞ്ഞപ്പോഴേയ്ക്കും അഭിമാനവും നഷ്ടപ്പെട്ടുപോയിരുന്നു.പിന്നീട് വീടും പുരയിടവും വിറ്റു നൽകിയിട്ടാണ് കേസിൽ നിന്നും ഒഴിവായത്.. പക്ഷെ മാനക്കേടും അതുവരെ ഉണ്ടായിരുന്ന അഭിമാനം നാട്ടുകാർക്ക് മുൻപിൽ കള്ളനെന്ന പേരിൽ മുദ്രകുത്തി.

പിന്നീട് മനസിന്റെ നിയന്ത്രണം കൈവിട്ട അച്ഛനെ ഒറ്റയ്ക്കാക്കി അമ്മയും എങ്ങും പോകാറില്ല..വീട്ടിൽ ചെറിയ തയ്യലും മറ്റുമായി അമ്മ അവിടെ നിന്നും ഇത്ര വരെ തന്നെയും അനിയനെയും വളർത്താനും പഠിപ്പിക്കാനും ഒരുപാട് കഷ്ടപ്പെട്ടു..ഈ ജോലി വേണ്ടെന്നു വെച്ചാൽ അമ്മയ്ക്ക് അത് സങ്കടമാകും…

വൈകിട്ട് 5 ആയപ്പോഴേയ്ക്കും അരുൺ ക്യാബിനിൽ നിന്നും പുറത്തുപോയി. സ്റ്റാഫ്‌ എല്ലാവരും ഭയഭക്തിയോടെ അയാളെ നോക്കുന്നത് കണ്ടപ്പോൾ എന്തോ മനസ്സിൽ ദേഷ്യമാണ് ഇരച്ചു കയറിയത്..

വീട്ടിലേയ്ക്കുള്ള ബസ് യാത്രയിൽ എല്ലാം മനസ്സ് മൗനമായിരുന്നു…ഒരു മാസം പോലുമായില്ല ജോലിയ്ക്കു പോയി തുടങ്ങിയിട്ട് ഇപ്പോഴേ മനസ്സ് മടുത്തു.

മറ്റുള്ള സ്റ്റാഫിനോട് എല്ലാം മര്യാദയോടെ പെരുമാറുന്നയാൾ എന്തുകൊണ്ടാണോ ത ന്നോട് മാത്രം ഇങ്ങനെ. ഒരു പക്ഷെ തന്റെ നിറം മങ്ങിയ ചുരിദാറും എണ്ണ തേച്ചിട്ട നീളൻ മുടിയുമാകും.

അറിയാതെ കൈത്തണ്ടയിലേയ്ക്ക് നോക്കിയപ്പോൾ നാല് കുപ്പിവകൾ മാത്രം.ആളെ കുറ്റം പറയാൻ പറ്റില്ല.. . ഓഫീസിൽ എല്ലാവരും മോഡേൺ ഡ്രെസ്സും മുഖത്ത് പലതരം ചായങ്ങളും ഇട്ടാണ് വരുക. തനിക്ക് അതൊന്നും ചേരുകയുമില്ല.. അതിനൊക്കെയുള്ള പൈസ ഉണ്ടേൽ നന്ദുന് പുതിയ ഒരു ഷർട്ട്‌ വാങ്ങാം..

എന്നാണോ അയാൾ ഇറക്കി വിടുക. തന്നെ വിശ്വസിച്ചാണ് നന്ദു വീണ്ടും കോളേജിൽ പോയി തുടങ്ങിയത്…

ഓരോരോ ചിന്തകൾ മനസ്സിനെ വീർപ്പുമുട്ടിച്ചുകൊണ്ടാകാം വീട്ടിലേയ്ക്കുള്ള ബസ് യാത്രയുടെ ദൂരം കുറഞ്ഞപോലെ നിത്യയ്ക്ക് തോന്നി. സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ സൈക്കിൾ ചാരി ഇത്തിരി പച്ചക്കറിയുമായി നന്ദു തന്നെ കാത്തു നിൽപുണ്ടായിരുന്നു.

അവന്റെ മുഖം കണ്ടതും ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. പക്ഷെ.. ഒരുമിച്ചു വീട്ടിലേയ്ക്കുള്ള നടത്തത്തിൽ വിശേഷങ്ങൾ പറയാൻ ആദ്യമൊക്കെയുള്ള ആവേശം ഇപ്പൊ ഇല്ലാതായപ്പോൾ അവനെന്തോ കാര്യം മനസിലായപോലെ ചോദിച്ചു..

”’ചേച്ചിയ്ക്ക് എന്തേലും വിഷമമുണ്ടോ?”

പെട്ടെന്ന് അപ്രതീക്ഷിതമായ ആ ചോദ്യം മനസ്സിനെ ഒന്ന് ഉലച്ചെങ്കിലും

“ഇല്ലെടാ.. എനിക്കെന്ത് വിഷമമാന്നു .. ”
അവന്റെ മുഖത്ത് നോക്കാതെ മറുപടി കൊടുത്തു..

“ആട്ടെ.. നിന്റെ ക്ലാസ്സ്‌ ഒക്കെ എങ്ങനെ.. വല്ലതും തലേ കേറുന്നുണ്ടോ? ”

“എവിടുന്ന്‌.. എനിക്ക് വല്ലോം മനസിലാകാണോങ്കിൽ ഇനി ചേച്ചി വൈകിട്ട് ക്ലാസ്സെടുക്കണം..”

”ഓഹ് അപ്പൊ എന്നും ക്ലാസ്സെടുപ്പ് ഒരു ശീലമാക്കി അല്ലെ..?”

“പിന്നല്ലാതെ.. അവരൊക്കെ ക്രിക്കറ്റ് കമന്ററി പറയും പോലെ പാഞ്ഞു പോവല്ലേ.. ഇംഗ്ലീഷിന്റെ എന്തൊക്കെയോ ആണ് പറയുന്നതെന്നറിയാം. അല്ലാണ്ട് ഒന്നും മനസിലാകില്ല..”

രണ്ടുപേരും കൂടി സംസാരിച്ചു വീടെത്തിയപ്പോഴേയ്ക്കും അമ്മ കാപ്പി എടുത്തു പുറത്തേയ്ക്ക് വന്നു. രണ്ടിന്റേം സംസാരം അങ്ങ് ദൂരേന്നു കേൾക്കാം.. നന്ദു ചൂട് കാപ്പി വാങ്ങി ചേച്ചിയുടെ കയ്യിലേയ്ക്ക് കൊടുത്തു.

വിഷമങ്ങൾ കൂടുമ്പോഴാണ് സാധാരണ അച്ഛന്റെ മുഖമൊന്നു കാണാൻ കൂടുതൽ കൊതിക്കുന്നത്. എന്തോ പെണ്മക്കളുടെ എപ്പോഴത്തെയും ഹീറോ അച്ഛനായതുകൊണ്ടാണോ… എന്ത് പ്രശ്നത്തിലും അച്ഛന്റെ സാനിധ്യം മനസ്സിനെ ബലപ്പെടുത്തുന്നത്..

അച്ഛന്റെ മുഖത്തുനോക്കി അടുത്ത് വിശേഷങ്ങൾ പറഞ്ഞിരിക്കുമ്പോൾ സംസാര ശേഷി നഷ്ടപ്പെട്ടുപോയവരിൽ നിന്നും വരുന്ന ചുരുക്കം ചില വാക്കുകൾ പോലെ എന്റെ തലയിൽ തടവി അച്ഛൻ പറഞ്ഞു…

” ന്റെ… പൊന്നുമോൾ….വിഷമിക്കണ്ട..
ഈ കണ്ണ് നിറയ്ക്കാതെ വളർത്താൻ അച്ഛന് സാധിച്ചില്ല.. “”

കണ്ണുകൾ നിറയുമ്പോഴും പല്ലുകാട്ടി ചിരിക്കാൻ അപൂർവം ചിലർക്ക് കിട്ടുന്ന കഴിവ്… അത് ദൈവം തന്നിട്ടുള്ളത് എനിക്ക് പല അവസരങ്ങളിലും അനുഗ്രഹമായിട്ടുണ്ട്.. ..

അടുത്ത ദിവസം ഓഫീസിൽ ചെന്നപ്പോൾ പതിവിലും താമസിച്ചു. ഓടി കിതച്ചെത്തി സൈൻ ചെയ്യാൻ രജിസ്റ്റർ നോക്കിയപ്പോൾ കാണുന്നില്ല..

“അതേ.. അരുൺ സാറിന്റെ ക്യാബിനിലാ രജിസ്റ്റർ. താൻ വരുമ്പോ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു..” താര അത് പറഞ്ഞത് കേട്ടപ്പോൾ ഹൃദയം ഭയത്തിന്റെ പെരുമ്പറ കൊട്ടാൻ തുടങ്ങി..

ടെൻഷൻ കാരണം ക്യാബിനിലേയ്ക്ക് നേരെ അങ്ങ് കയറി ചെന്നു..

തന്റെ ലാപ്പിൽ എന്തോ നോക്കി ഇരുന്ന അരുണിന്റെ മുഖം ഉയർന്നതും പുരികങ്ങൾ ചുളിയുന്നതും ആ മുഖം നോക്കിയ തന്നിൽ ഭയം നിറച്ചു..

“നല്ല മാനേഴ്സ് ആണല്ലോ താൻ പഠിച്ചു വെച്ചിരിക്കുന്നെ.. എഹ്..? ചോദ്യോം പറച്ചിലുമൊന്നൂല്ല നേരെ ഇങ്ങു കയറി പോരുവാ..! “”

“സർ.. അത്.. പെട്ടെന്ന്..താമസിച്ചപ്പോൾ.. ”
പേടിയും വിറയലും കൊണ്ട് എന്റെ വാക്കുകൾ മുറിഞ്ഞു പോയി..

“തനിക്ക് ഒരു വർക്ക്‌ ക്ലിയർ ചെയ്യാൻ തന്നിട്ട് മാസം ഒന്നായി. വർക്ക്‌ പെർഫോമൻസ് എന്നൊന്നുണ്ട്. തനിക്ക് അത് അറിയുവോ?

“ഇന്ന് വൈകിട്ട് 5 ന് കംപ്ലീറ്റ് ആയ വർക്ക്‌ എന്റെ ടേബിളിൽ ഉണ്ടാകണം.”

ടേബിളിന്റെ മുകളിൽ ആഞ്ഞടിച്ചുകൊണ്ട് അയാൾ അത് പറഞ്ഞപ്പോൾ ഇന്നുകൊണ്ട് തന്റെ പണി തെറിച്ചുവെന്ന്‌ ഞാൻ മനസ്സിൽ ഓർത്തു.

തന്റെ നേരെ നീട്ടിയെറിഞ്ഞ രജിസ്റ്ററിൽ ഒപ്പുവെക്കുമ്പോൾ കൈത്തണ്ടയിലെ വിയർപ്പ് കടലാസ്സിനെ നനയിച്ചു..

ധൃതി പിടിച്ചു വരച്ചുകൊണ്ട് ഇരുന്നതിനാൽ ഉച്ചയ്ക്ക് എല്ലാവരും കഴിക്കാൻ പോയപ്പോഴും ഞാൻ സിസ്റ്റത്തിന്റെ മുൻപിൽ തന്നെ ഇരുന്നു.കണ്ണൊന്നു പാളിയപ്പോൾ ക്യാബിൻ തുറന്ന് ആള് പുറത്തേയ്ക്ക് പോകുന്നത് കണ്ടു.

ഓഫീസിലെ മറ്റു സ്റ്റാഫ്‌ ഒക്കെ ഉണ്ടെങ്കിലുംതൊട്ടപ്പുറത്തെ സീറ്റിൽ ഇരിക്കുന്ന താര യോട് മാത്രമേ ഇത്തിരി അടുപ്പമുള്ളൂ.

“നീ എന്താ കഴിക്കാൻ പോലും പോകാത്തേ ? ..”

“ഓഹ് ! ഇത് തീർത്തിട്ട് പോകാം. ഇല്ലെങ്കിൽ ഇനിയും സാറിന്റെ വായിലിരിക്കുന്നതൊക്കെ കേൾക്കേണ്ടി വരും..”

“ആ ശെരി നീ തീർക്കാൻ നോക്ക്. ഇല്ലെങ്കിൽ ഇനി അതിനാകും നിനക്ക് വഴക്ക്..”

വൈകിട്ട് 4 ആയപ്പോൾ അയാൾ തിരിച്ചെത്തി. നിത്യ സർവ ദൈവങ്ങളെയും വിളിച്ചുകൊണ്ടു വർക്കുമായി ഡോറിൽ മുട്ടി.

“യെസ്.. കയറിവരൂ..”

ഉള്ളിലെ ചെറിയ പേടി ആളുടെ മുഖത്തുനോക്കുമ്പോൾ മനസ്സിൽ കൂടി കൂടി വരുന്നപോലെ തോന്നി.

ഫയൽ വാങ്ങി അലസമായി മറിച്ചു നോക്കുന്നയാളെ സത്യത്തിൽ ആദ്യമായാണ് ശെരിക്കു കാണുന്നത്.. കാണാൻ സുമുഖനായ ഒറ്റനോട്ടത്തിൽ ഒരു ഒറ്റയാനെ ഓർമിപ്പിക്കുന്ന പ്രകൃതം..മുഖത്തെ കട്ടിമീശയും താടിയും വെട്ടിഒതുക്കിയ മുടിയും..ഫിറ്റ്‌ ആയ ബോഡിയിലുള്ള വസ്ത്രധാരണവും ആരുകണ്ടാലും ഒന്ന് റെസ്‌പെക്ട് ചെയ്യും…

പെട്ടെന്നാണ് അയാൾ ഫയലിലെ നോട്ടം തന്റെ മുഖത്തേയ്ക്ക് നോക്കിയത്. ആ കണ്ണുകളിൽ നിന്നും രക്ഷപെടാൻ നോട്ടം എങ്ങോട്ടേക്കൊയോ മാറ്റേണ്ടി വന്നു….

പെട്ടെന്നുള്ള ആ നോട്ടത്തിൽ തനിക്കെന്തോ …
തന്റെ ഡ്രസ്സ്‌ വള എല്ലാം അപ്പോൾ…
എല്ലാം കൂടി ഷാൾ കൊണ്ട് നന്നായി മൂടി വെക്കാൻ നന്നേ പാടുപെട്ടു.. അയാൾ ഫയൽ അടച്ചു ടേബിളിന്റെ പുറത്തേയ്ക്ക് അലസമായി എറിഞ്ഞു.

“തീർന്നു.. ഇന്നോടെ തന്റെ ജോലി പോയി.. ഇനി വരണ്ടന്നാകും…”
അത് കേൾക്കാൻ പ്രതീക്ഷിച്ചിരുന്നപ്പോൾ…

“ഇയാളുടെ പ്രൊജക്റ്റ്‌ വർക്ക്‌ ബെറ്റർ ആയിട്ടുണ്ട്… “”ചെറിയ ഒരു ചിരോയോടെ അയാളത് പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു നിത്യയുടെമുഖത്തു മാറിമറിഞ്ഞത്..

സന്തോഷത്തിൽ പെട്ടെന്നു കണ്ണുകൾ നിറഞ്ഞു പോയി..

“”ഇവിടത്തെ ഓരോ സ്റ്റാഫും ഏറ്റവും ബെറ്റർ ആകണം എന്ന്‌ എനിക്ക് നിർബന്ധമാണ്. ഒരു ചെറിയ മുറിയിൽ തുടങ്ങിയ ഈ സ്ഥാപനം ഇപ്പോൾ ഇന്ത്യയിൽ 8 ബ്രാഞ്ചുകൾ ഉള്ള ഒരു ഗ്രുപ്പ് ആയി വളർത്തിയത് എന്റെ ഒറ്റ ഒരാളുടെ അധ്വാനമാണ്. അത് ഒരിക്കലും ഒരു സ്റ്റാഫിന്റെ കഴിവില്ലായ്മ കൊണ്ട് കുറയാൻ പാടില്ല. അതാണ് തന്നെ ഞാൻ നിരന്തരം വഴക്ക് പറഞ്ഞത്. ഇപ്പോൾ താൻ ബെറ്റർ ആയി..””

എന്താണ് അപ്പോൾ ആളിനോട് പറയേണ്ടത് എന്ന്‌ അറിയാതെ ഞാനും കുഴഞ്ഞുപോയി…

ഒരു താങ്ക്സ് പറഞ്ഞു പോകാൻ എണീറ്റപ്പോൾ ആളെന്റെ നേർക്കു കൈ നീട്ടി.. ഇതുവരെ കണ്ടതിൽ നിന്നും ഒരു പ്രത്യേക ചിരിയോടെ എനിക്ക് നേരെ കൈ നീട്ടിയപ്പോൾ വേണോ വേണ്ടയോ ന്നോർത്തു ഒരു നിമിഷം…

പിന്നീട് രണ്ടും കല്പിച്ചു കൈ കൊടുത്തു…

ബലിഷ്ഠമായ ആ കൈകൾക്കുകിൽ എന്റെ വിരലുകൾ പതിയെ അമർന്നു.. അന്നത്തെ ദിവസം രാത്രി മുഴുവനും അതൊക്കെ ഓർത്തു സ്വപ്നലോകത്തിലെന്നോണം നേരം വെളുപ്പിച്ചു..

സർ തന്റെ സ്വന്തം സ്ഥലത്തൊരു വീട് പണിയുന്നുണ്ടെന്നു താര പറഞ്ഞു കേട്ടു.. ഇടയ്ക്കിടെ പുള്ളി അങ്ങോട്ടേക്കാണ് പോകുന്നത്.. അമ്മയും അച്ഛനും ചെറുതിലെ മരിച്ചുപോയതിനാൽ അപ്പച്ചിയമ്മയാണ് നോക്കിയതും വളർത്തിയതും..

ആരുമില്ലാത്തതിന്റെ ഏകന്തതയും ചെറുപ്പത്തിലേ ബിസിനസ്‌ തലയ്ക്കു പിടിച്ചതുകൊണ്ടും ആരെയും കൂസാത്ത സ്വഭാവമാണ്. പക്ഷെ എന്തോ… ഉള്ളിൽ നിന്നും വന്ന ആ ചിരിയിൽ ആളൊരു പാവമാണോ ന്ന്‌ മനസ്സ് ചോദിച്ചുതുടങ്ങി…

“അല്ല ഇപ്പൊ ഞാനെന്തിനാ ഇതൊക്കെ…””!

പിന്നീടുള്ള ദിവസങ്ങളിൽ പെട്ടെന്നായിരുന്നു എല്ലാവരുമായി ഞാനടുത്തത്. മനസ്സിലെ അപകർഷതാ ബോധം പാടെ മാറി എല്ലാവരിലും ഒരാളായി ഞാനും മാറി.

ഇടയ്ക്കൊക്കെ അയാൾ വിളിപ്പിക്കുമെങ്കിലും അന്നത്തെ പോലെ മുഖത്ത് എനിക്കായി ഒരു ചിരി പിന്നീട് വന്നിട്ടേയില്ല…

ഇടയ്ക്ക് ഒരു ദിവസം സർ ഓഫീസിൽ വന്നപ്പോൾ പ്രായമായ ഒരു സ്ത്രീയും ഒപ്പം ഉണ്ടായിരുന്നു. അയാൾക്കൊപ്പം ക്യാബിനിൽ കുറെ നേരം ഇരുന്നു സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നത് ചില്ലു ഗ്ലാസ്‌ ഡോറിന് പുറത്തുനിന്നു ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത്യാവശ്യമായി സൈൻ ചെയ്യേണ്ട ചില പേപ്പർ ആയതുകൊണ്ട് ഒന്ന് പുറത്തുനിന്നു കൊട്ടിയപ്പോൾ അകത്തേയ്ക്ക് വരാൻ പറഞ്ഞു..

ടേബിളിന്റെ മുകളിലേക്ക് ഫയൽ വച്ചപ്പോഴാണ് അറിയാതെ കണ്ണുകൾ ആ താലിയും മാലയും കണ്ടത്..പിന്നെ പേരെഴുതിയ രണ്ട് മോതിരം…പേപ്പർ സൈൻ ചെയ്യുന്ന നേരമത്രയും എന്റെ കണ്ണുകൾ ആ താലിയിലേയ്ക്കായിരുന്നു. അരുൺ ന്ന്‌ സ്വർണ്ണ ലിപികളിൽ കൊത്തിയ ആ താലി പിന്നീടുള്ള ദിവസങ്ങളിലെല്ലാം എന്തോ , എന്റെ ഉറക്കത്തിന്റെ ദിശതെറ്റിച്ചു…

“നാളെ ആണ് അച്ഛനെ കൊണ്ട് ഹോസ്പിറ്റലിൽ പോകേണ്ടത് “”

കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസ് മേശപ്പുറത്തു വച്ചു ചായ ഗ്ലാസിലേയ്ക്ക് പകർന്നുകൊണ്ട് അമ്മ പറഞ്ഞു..

കൃത്യമായ കരുതലും മരുന്നും അച്ഛനിൽ ഇപ്പോൾ നല്ല മാറ്റമുണ്ട്.പക്ഷെ ഡോക്ടറിനെ കാണാൻ പോകുമ്പോൾ ഞാനും കൂടെ ചെല്ലണം. ആദ്യമായി അമ്മയും ഞാനും കൂടി ഹോസ്പിറ്റലിൽ അച്ഛനേം കൊണ്ട് പോയപ്പോൾ അച്ഛന്റെ പേര് വിളിക്കാറായപ്പോൾ അച്ഛനെ കാണുന്നില്ല… അമ്മ തേടാവുന്നിടത്തെല്ലാം കരഞ്ഞും കൊണ്ട് ഓടി നടന്നു..

ഒടുവിൽ ഹോസ്പിറ്റലിന്റെ ബാത്‌റൂമിൽ ബോധമില്ലാതെ തറയിൽ… ദേഹം മുഴുവൻ നനഞ്ഞുകുതിർന്നു… പകുതി ബോധത്തിൽ “”പോലീസ്.. പോലീസ്…! രാധേ.. ന്റെ മക്കൾ..” “അവരേം കൊണ്ട് ഓടിക്കോ “ന്ന്‌ ഒരു കൊച്ചുകുഞ്ഞിന്റെ വിറയലോടെ പറയുന്ന അച്ഛനെ ഓർക്കുമ്പോൾ ഇപ്പോഴും കണ്ണ് നനയാറുണ്ട്..ഞാൻ കൂടെ പോകണം ഇല്ലെങ്കിൽ ചിലപ്പോൾ അമ്മയുടെ കണ്ണ് വെട്ടിച്ച്… വീണ്ടും ഒന്നും താങ്ങാൻ വയ്യ…

ഇന്ന് പോകുമ്പോൾ അരുൺ സാറിനോട് ലീവ് ചോദിക്കണം.. മനസ്സിൽ ഓരോ ചിന്തകളോടെ ഓഫീസിൽ എത്തി.

സർ ഇന്റെ ക്യാബിനിലെ ചെയർ ഒഴിഞ്ഞു കിടക്കുന്നതാണ് കണ്ടത്. അമല ചേച്ചിയോട് ചോദിച്ചപ്പോൾ ആള് ഇതുവരെ വന്നില്ല ന്ന്‌ പറഞ്ഞു. എനിക്കാണേൽ ചോദിച്ചിട്ട് വേണം ഹോസ്പിറ്റലിൽ വിളിച്ചു ബുക്ക്‌ ചെയ്യാൻ.. ഉച്ചയോട് അടുത്തപ്പോൾ ആരെയും കൂസാതെ അരുൺ സർ ക്യാബിനിലേയ്ക്ക് ഓടി കയറുന്നത് കണ്ടു..

ഇപ്പോൾ ചോദിക്കണോ അതോ..

പക്ഷെ ഹോസ്പിറ്റലിൽ പോകേണ്ടത് നമ്മുടെ ആവിശ്യമല്ലേ എന്നോർത്തപ്പോൾ.. പുറത്തുനിന്നു ചില്ലു ഗ്ലാസിൽ രണ്ടുവട്ടം മുട്ടി… ചെല്ലാൻ പറഞ്ഞപ്പോൾ അകത്തേയ്ക്ക് കയറി ചെന്നു. ഞാൻ കയറി ചെല്ലുന്നത് കണ്ടപ്പോൾ ആള് പെട്ടെന്ന് വാഷ് റൂമിലേയ്ക്ക് പോയി.

ടേബിളിന്റെ പുറത്ത് ഓപ്പൺ ആയി ഇരുന്ന ലാപ്പിൽ വെറുതെ ഒന്ന് നോക്കിയപ്പോൾ അരുൺ സാറിന്റെ കൂടെ താലിയും സിന്ദൂരവും ഇട്ട ഒരു പെൺകുട്ടി… അന്ന് ഞാൻ കണ്ട അതേ താലിമാല…!!

ഒരു നിമിഷമേ നോക്കാൻ പറ്റിയുള്ളൂ.. ഉള്ളിന്റെ ഉള്ളിൽ ഞാനറിയാത്ത ഒരു നീറ്റൽ… ഒരു നിമിഷം.. കണ്ണുകളും കാതും അടഞ്ഞപോലെ.. ഹൃദയത്തിന്റെ ഭാരം കാലുകളെ തളർത്തുന്നപോലെ…

“സാറിന്റെ ഭാര്യ “” ആരോടോ പോലെ ചുണ്ടുകൾ മന്ത്രിച്ചു.. അപ്പോഴേയ്ക്കും അയാൾ വാഷ് റൂമിൽ നിന്നും വന്ന് പിറകിൽ നിന്നത് ഞാൻ കണ്ടില്ല. പെട്ടെന്നോരു ഒരു ഉൾപ്രേരണ പോലെ വിറച്ചുകൊണ്ട് ലാപ് തിരിച്ചു പഴയപോലെ വെച്ചു.

“എന്താണ് തനിക്ക് വേണ്ടത്..?” ക്രൂരമായ ഭാവത്തോടെയുള്ള ആ ചോദ്യശരത്തിനു മുൻപിൽ മുറിവേറ്റു പിടഞ്ഞുപോയി ഞാൻ…

“നാണമുണ്ടോ തനിക്ക് ഇതൊക്കെ…?””..

“”അതിനെങ്ങനാ മാന്നേഴ്സ് അറിയുക.. നന്നായി വളർത്തണം മക്കളെ.. ആ കള്ളപ്പണക്കാരൻ മാധവന്റെ മോളല്ലേ..””

എന്നും തന്നെ വേദനിപ്പിച്ചിരുന്ന അതേ വാക്കുകൾ ശബ്ദമായി കാതിൽ മുഴങ്ങി.. മനസ്സിൽ കടലായൊഴുകിയ വേദനസഹിക്കാൻ പറ്റാത്ത പൊട്ടികരച്ചിലായി മാറി..

“എന്റച്ഛൻ കള്ളനല്ല.. “” നിയന്ത്രണം വിട്ട മനസ്സ് ഒരു പൊട്ടി പെണ്ണിനെ പോലെ സ്വയം പറഞ്ഞുകൊണ്ടിരുന്നു..വിറയാർന്ന ചുണ്ടുകൾ മന്ത്രിച്ചു..

“”എന്റച്ഛൻ കള്ളനല്ലാ…”!

അവളുടെ കറുത്ത പുരികങ്ങൾ ചുളിയുന്നതും വിരിഞ്ഞ കരിമഷി എഴുതിയ കണ്ണുകൾ കലങ്ങി അണപൊട്ടി ഒഴുകുന്നതും കണ്ടയാൾ നിശബ്ദം നിന്നുപോയി..

കരിവളയിട്ട കൈകൾ കൊണ്ട് വാ
പൊത്തി ഗ്ലാസ്‌ ഡോർ ശക്തിയായി വലിച്ചടച്ചവൾ കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി പോകുന്നത് നിശബ്ദനായി അരുൺ നോക്കി നിന്നു….

എന്തുകൊണ്ടാണ് തനിക്ക് മാത്രം ഇത്രയേറെ വേദനയും അവഗണനയും ഏൽക്കേണ്ടി വരുന്നത്.. ഹൃദയം പറിഞ്ഞുപോകുന്ന വേദന…ഇടയ്ക്കിടെ ഒഴുകിയിറങ്ങുന്ന കണ്ണുനീർ ചാലുകളെ തുടച്ചുകൊണ്ട് അവൾ ഓർത്തു…

“ടോക്കൺ നമ്പർ 14.. മാധവൻ..”

അകത്തുനിന്നും ഒരു സിസ്റ്റർ ഉച്ചത്തിൽ വിളിച്ചു.. അച്ഛനെ കൂട്ടി ഡോക്ടറിന്റെ റൂമിലേയ്ക്ക് കേറി..

”’എങ്ങനുണ്ട് നിത്യകുട്ടി അച്ഛന്..?”

Dr റോയിയുടെ ചോദ്യവും ചിരിയും പെട്ടെന്ന് നിത്യയെ മറ്റൊരാളാക്കി.. തിരികെ വീട്ടിലെത്തിയിട്ടും മനസ്സിന്റെ ഭാരം മാറാതെ നിന്നു.. കുറെ നേരമായി ഫോൺ റിങ് ചെയുന്നു.. ആരാണെന്നു നോക്കാനുള്ള മാനസിക അവസ്ഥ ഇല്ല.. അല്പസമയം കഴിഞ്ഞ് ഫോൺ കയ്യിലെടുത്തു ഓപ്പൺ ചെയ്തു നോക്കിയപ്പോൾ അരുൺ സാറിന്റെ എട്ട് മിസ്സ്ഡ് കാൾ…

എന്തിനാകും എന്നെ വിളിച്ചത്.. തിരികെ വിളിക്കണോ..?

പെട്ടെന്നു വീണ്ടും കാൾ വന്നു..
കാൾ അറ്റന്റ് ചെയ്ത് കാതിൽ വച്ചു

”’ഹലോ…”

”നിത്യ… എവിടാ താൻ..?”

“ഞാൻ അച്ഛനെക്കൊണ്ട് ഹോസ്പിറ്റലിൽ പോയി..”

“ഓക്കേ. തിരികെ എത്തിയോ വീട്ടിൽ..?

”മ്മ്…… ..”

തനിക്ക് ഇന്ന് ഓഫീസിലേയ്ക്ക് ഒന്ന് ഇറങ്ങാൻ പറ്റുവോ..??”

അവൾ ക്ലോക്കിലെ സൂചിയിലേയ്ക്ക് നോക്കി സമയം 2. മണി..

“സർ ഞാൻ… നാളെ വരാം..”

“പറ്റില്ല.. എനിക്ക് തന്നെ കാണണം..””

അയാൾ കാൾ കട്ട്‌ ചെയ്തപ്പോൾ ആ സംസാരം പാതി വഴിയിൽ മുറിഞ്ഞു…ഒരു സ്റ്റാഫിനോടുള്ള ആഞ്ജയോടെ ആയിരുന്നില്ല… എവിടെയോ ഒരു അലിവ് ആ മനസ്സിൽ നീറുന്നപോലെ… എന്നെ കണ്ടതും കാബിനിൽ നിന്ന് അയാൾ കയറിപോരാൻ ആംഗ്യം കാട്ടി.. മുഖത്ത് യാതൊരു നിറഭേദവുമില്ലാത്ത എന്റെ മുഖത്തേയ്ക്ക് ഒരു നിമിഷം അയാൾ നോക്കി…

“ഇരിക്കൂ..”

അൽപനേരം പരസ്പരം ഇരുവർക്കുമിടയിൽ ഒരു വലീയ മൗനം തളംകെട്ടി നിന്നു..

അരുൺ പതിയെ സംസാരിച്ചുതുടങ്ങി..

“ഇന്നലെ ഞാൻ… ” ഞാൻ അല്പം കടന്നുപോയി… ഞാൻ വല്ലാത്ത വിഷമത്തിലായിരുന്നു..”

“” ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകൾ സമ്മാനിച്ച ദിവസമായിരുന്നു ഇന്നലെ.. ജീവിതത്തിന്റെ പകുതി അടർന്നുപോയ ദിവസം..””

“”Anyway.. Sorry.. തനിക്കുണ്ടായ വിഷമത്തിന്… ഞാൻ ഒരിക്കലും അങ്ങനെ സംസാരിക്കരുതായിരുന്നു..””

പതിഞ്ഞ സ്വരത്തിൽ അയാൾ അത് പറഞ്ഞപ്പോഴേയ്ക്കും അവൾ കരഞ്ഞുപോയി.. ആഴ്ചകളും ദിവസങ്ങളും കഴിഞ്ഞപ്പോൾ മനസ്സ് വീണ്ടും പഴയപോലെ ആയി.. നന്ദുവിന്റെ പഠിത്തം നല്ല രീതിയിൽ പോയി. അച്ഛനും പൂർവ്വാധികം ബെറ്ററായി .. പക്ഷെ എന്റെ മനസു മാത്രം എന്തോ അപൂർണ്ണതയിൽ അലഞ്ഞു…

ആളിന്റെ ലൈഫിൽ എന്തോ വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്.. എന്താണ് എന്നു ചോദിക്കാൻ മനസ്സിൽ പലവട്ടം തോന്നിയെങ്കിലും ഇഷ്ടപെടില്ല എന്നോർത്തു വേണ്ടാന്ന് വച്ചു.

ഓരോ മാസത്തിന്റെയും ആദ്യം കമ്പനി മീറ്റിംഗ് ഉണ്ട്..ഞാനെത്തിയിട്ടുള്ള ആദ്യത്തെ മീറ്റിംഗ്.. തലേദിവസം എല്ലാവരോടും മീറ്റിംഗ് പാലേരി റിസോർട്ടിൽ വച്ചിട്ടാണ് എന്നു ഒഫീഷ്യൽ ആയി അയാൾ പറഞ്ഞു.. അത് കേട്ടിട്ട് ഞെട്ടൽ ഉണ്ടായത് എനിക്ക് മാത്രമാണ് ..

താര യോട് ഞാൻ വരുന്നില്ലെന്ന് പറഞ്ഞപ്പോൾ അവളാണ് പറഞ്ഞത് എല്ലാ മാസവും അവിടെ വച്ചിട്ടാണ് മീറ്റിംഗ്.. സാറിന്റെ കസ്സിന്റെ ആണ് റിസോർട്ട്… ആളെ വളർത്തിയ അപ്പച്ചിയുടെ…

കേട്ടതൊക്കെ സത്യമാണെങ്കിൽ അച്ഛന്റെ മാനം കളഞ്ഞ ആ കമ്പനിയുടെ ഒരു ഭാഗമാണ് “നീലിമ ഗ്രൂപ്പ് .”.

“ഈശ്വരാ.. ഇനി അവിടേക്ക് ക്ഷണിക്കുന്നത് അവിടെ മറ്റുള്ളവരുടെ മുൻപിൽ അപമാനിക്കാൻ ആകുമോ..”?

മനസ് ഒന്നും അംഗീക്കരിക്കാൻ തയ്യാറാകാതെ രാത്രി മുഴുവൻ ചിന്തകളിൽ ആയിരുന്നു.. പിറ്റേന്ന് എല്ലാവരും മീറ്റിംഗിന് പോയിട്ടും എനിക്ക് മാത്രം പോകാനുള്ള ധൈര്യമുണ്ടായില്ല.. മീറ്റിംഗ് സ്റ്റാർട്ട്‌ ടൈമിന് അര മണിക്കൂർ മുൻപ് എന്റെ നമ്പറിലേയ്ക്ക് അയാളുടെ കാൾ വന്നു..

മറുതലയ്ക്കൽ ആളിന്റെ കട്ടി ശബ്ദത്തിൽ നിന്നും ദേഷ്യം കൊണ്ട് ചുവന്ന ആ മുഖം എനിക്ക് കാണാമായിരുന്നു…

“”എന്താണ് തനിക്ക് മാത്രം മീറ്റിംഗിന് വരാൻ പറ്റാത്തത്..ഞാൻ ഇനി പ്രത്യേകം ക്ഷണിക്കണോ..??”

“ഓഫീസിലേയ്ക്ക് വണ്ടി അയച്ചിട്ടുണ്ട്.. താൻ വരണം..”

എന്തോ പറയാനായി വന്നപ്പോഴേയ്ക്കും കാൾ കട്ട്‌ ആയി…പലപ്പോഴും ആ വാശിക്ക് മുൻപിൽ തിരികെ ഒന്നും പറയാൻ പറ്റാതായി പോകുന്നത് എന്തുകൊണ്ടാണെന്ന് ഒരു നിമിഷം ഞാൻ സ്വയം ചിന്തിച്ചു..

മീറ്റിംഗ് തുടങ്ങി തീരുന്ന വരെ സ്റ്റാഫുകളുടെ കൂടെ അവരിലൊരാളായി മാറിയ അയാളെ കണ്ടപ്പോൾ സത്യത്തിൽ അത്ഭുതമാണ് തോന്നിയത്.. ഒറ്റപ്പെട്ട് നിൽക്കുന്ന എന്നെ ആളിടയ്ക്കിടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

ഉച്ചഭക്ഷണം കഴിക്കാനായി എല്ലാവരും ഓരോയിടത്തേയ്ക്ക് മാറി ഇരുന്നപ്പോൾ സാറിന് ചുറ്റും കമ്പനിയ്ക്ക് ലാഭമുണ്ടാക്കി കൊടുത്ത മാനേജർസ് ആയിരുന്നു. അവർക്കിടയിൽ ചിരിച്ചു സന്തോഷം പങ്കിടുന്ന അയാളെ കണ്ടപ്പോൾ ഞാൻ അത്ഭുതപെട്ടു. അപ്പോഴും ആളിന്റെ ഒരു നോട്ടം എന്റെമേൽ തന്നെ ആയിരുന്നു…

വേനൽ ചൂടിൽ വീഴുന്ന നീർതുള്ളികൾ പോലെ ആഴത്തിൽ പതിയുന്ന ആ കണ്ണുകളുടെ നോട്ടം… ആളെനിക്കായി നൽകിയ മനസ്സിലെ മുറിവുകളിലേയ്ക്ക് മരുന്ന് പകരും പോലെ… എന്റെ കണ്ണുകൾ അനുസരണയില്ലാതെ വീണ്ടും ആ കണ്ണുകളെ തിരഞ്ഞു…

ആ നോട്ടത്തിലെ കരുതൽ….ആ കണ്ണുകൾ ഒരു അത്ഭുതമായി സന്തോഷത്തിന്റെ ചെറിയ മുള്ളുകൾ പോലെ മനസ്സിൽ തടഞ്ഞപ്പോഴും ഉള്ളിലെവിടെയോ സാറിന്റെ ഭാര്യയുടെ മുഖംകടന്നു വന്നു ….

സാറിന്റെ ദാമ്പത്യ ജീവിതത്തിൽ എന്തോ സംഭവിച്ചിട്ടുണ്ട് .

“ഒരുപക്ഷെ അത്….. ”

പലതും ആലോചിച്ചു നിൽക്കുന്നതിനിടെയാണ് സാറിന്റെ അപ്പച്ചി വന്ന് എന്റെ നേരെ ചൂണ്ടി എന്തോ സംസാരിക്കുന്നതും രണ്ട് പേരും കൂടി ഞാൻ നിൽക്കുന്നയിടത്തേക്ക് വരുന്നതും കണ്ടത് ..

അവരുടെ അകലം കുറയുന്നതിനനുസരിച്ച് എന്റെ കാലുകൾ പുറകോട്ട് നീങ്ങി … ഒഴിഞ്ഞു മാറാനായി ഒരിടം കണ്ടെത്തും മുൻപ് ഇരുവരും എന്റെ അടുത്തേയ്ക്ക് എത്തി കഴിഞ്ഞിരുന്നു..

“നീയല്ലേ ആ മാധവന്റെ മോള്..??ഈർഷ്യയോടെ യുള്ള
ആ സ്ത്രീയുടെ ചോദ്യത്തിനു മുൻപിൽ ഞാൻ ഐസ് പോലെ തണുത്തു..

“ആ.. അതേ..”

അപ്പോഴേയ്ക്കും അരുൺ സാറും എന്റെ അടുത്തേയ്ക്ക് എത്തിയിരുന്നു.

“നിത്യ പൊയ്ക്കോളൂ.. “”

സമാധാനമാണോ സന്തോഷമാണോ അപ്പോൾ എന്റെ മനസിൽ തോന്നിയത് ന്ന് എനിക്കറിയില്ല.. ഉച്ചത്തിൽ അവർ അരുൺ സാറിനോട് എന്തൊക്കെയോ ദേഷ്യത്തോടെ പുലമ്പുന്നുണ്ടായിരുന്നു.. ഇടയ്ക്കിടെ പരിഹാസം നിറഞ്ഞ കണ്ണുകളാൽ അവരെന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…

ആളെന്നെ അപ്പോൾ അവിടെ നിന്നും രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കിൽ…. അന്ന് കമ്പനിയുടെ പുതിയ പ്രൊജക്റ്റ്‌ വർക്കിനെ കുറിച്ചുള്ള വിശേഷങ്ങളും കഴിഞ്ഞ വർക്കിൽ കമ്പനിയ്ക്ക് കിട്ടിയ അഭിനന്ദനങ്ങളും ഒക്കെയായി എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു..

“അല്ല എന്താ നിന്റെ അടുത്ത തീരുമാനം..?

രാത്രിയിൽ ജനൽ ചാരി നിലാവ് നോക്കി ഇരിക്കുന്ന തന്റെ അരികിലായുള്ള കട്ടിലിൽ അമ്മ വന്നിരുന്നു.. അമ്മയുടെ ശബ്ദം കേട്ടപ്പോൾ പെട്ടെന്ന് എന്തോ കേട്ടപോലെ ഒന്നുകൂടി എടുത്തു ചോദിച്ചു.

“എന്താ അമ്മ..”?

“അല്ല…എന്താ നിന്റെ തീരുമാനം ന്ന്??

“പഠിക്കാൻ ഇനിയും നിനക്ക് ആഗ്രഹമുണ്ടോ…?അതോ….?

“അച്ഛന്റെ കൂട്ടുകാരൻ ദാസേട്ടൻ ഒരു വിവാഹ ആലോചന പറഞ്ഞു.. ഇന്നലെ..
നല്ല കുടുംബം.. ചെക്കൻ അങ്ങ് കാനഡ യിലാണ് പോലും.. അച്ഛനുണ്ട്.. അമ്മ ചെറുപ്പത്തിലേ മരിച്ചുപോയി.. പാവം.. ഇപ്പൊ..
നിന്നെ അവൻ കണ്ടിട്ടുണ്ടെന്ന പറയണത്… ഇവിടത്തെ സാമ്പത്തിക സ്ഥിതി ഒക്കെ അറിയാം ന്ന്.. നിന്നെ മാത്രേ അവൻ ചോദിക്കുന്നുള്ളു..എന്താ മോൾടെ അഭിപ്രായം?

പെട്ടെന്നൊരു അഭിപ്രായം പറയാൻ… വിവാഹംനൊക്കെ പറയുമ്പോൾ.. പൂർണ്ണമായി അതേപറ്റി ഓർക്കുമ്പോൾ എന്റെ മനസ്സ് പതറുന്നു…

പെട്ടെന്ന് അരുൺ സാറിന്റെ മുഖം മനസ്സിലേയ്ക്ക് ഓടിമറഞ്ഞു .. തനിക്ക് ഇതെന്താണ് സംഭവിക്കുന്നത്…. തന്റെ ചിന്തകളിലേക്ക് എപ്പോഴും അനുവാദമില്ലാതെ കയറിവരാൻ അയാളെ പറ്റി ഒന്നും അറിയില്ല..എന്നിട്ടും..”

പ്രാരാബ്ധക്കാരിയായ തനിക്ക് തന്റെ നില മറന്ന് ഓർക്കാനും ചിന്തിക്കാനും പറ്റാത്ത കാര്യങ്ങങ്ങൾ… ഒരിക്കലും മോഹിക്കാനായി ഒരു നോട്ടം പോലും തനിക്ക് അയാൾ തന്നിട്ടുമില്ല. എന്നിട്ടും…

“നീ എന്താ ഇത്ര ആലോചിക്കാൻ?

“അത് പിന്നെ.. ഇപ്പോഴേ ഇതൊക്കെ കുറച്ചൂടെ കഴിയട്ടെ.. അമ്മ ഒന്ന് പോയെ എനിക്ക് ഉറക്കം വരുന്നു…” അമ്മയെ പറഞ്ഞു വിടാനുള്ള ശ്രമം പോലെ
കട്ടിലിൽ കയറി പുതച്ചുമൂടി കിടന്നു

“നാളെ എന്റെ വീടിന്റെ ഹൌസ് വാർമിങ്ങാണ്. So.. എല്ലാവരും വരണം…””

ഓഫീസിൽ എല്ലാവരോടും ഒഫീഷ്യൽ ആയി വിളിച്ചിട്ട് അരുൺ തന്റെ ക്യാബിന്റെ ഡോർ തുറന്ന് അകത്തേയ്ക്ക് കയറി.. എല്ലാവരും തങ്ങൾക്ക് കിട്ടിയ ക്ഷണക്കത്ത് തിരിച്ചും മറിച്ചും നോക്കി ഇരുന്നപ്പോഴാണ് നിത്യ ഓഫിസിലേയ്ക്ക് കയറി ചെന്നത്..

“കുറച്ചു നേരത്തെ വന്നിരുന്നെങ്കിൽ തനിക്കും കിട്ടിയേനെ.. ഇതിപ്പോ..”” കയ്യിലുള്ള ക്ഷണകത്ത് ടേബിളിന്റെ പുറത്തേയ്ക്ക് വച്ചുകൊണ്ട് താര പറഞ്ഞു.. വൈകിട്ട് പോകുന്ന നേരമത്രയും മനസ്സിൽ കാട് മൂടിയ ചിന്തകളായിരുന്നു..

“”നാളെ നീ വരുന്നില്ലേ നിത്യ.. എല്ലാവരെയും ഒരുപോലെയല്ലേ അരുൺ സർ ക്ഷണിച്ചത്..”” താരയുടെ ചോദ്യത്തിൽ ശെരിയുണ്ടെങ്കിലും എന്റെ മനസ്സ് എന്തോ അംഗീകരിക്കാൻ വയ്യാത്ത പോലെ നിന്നു..

“നിങ്ങൾ എല്ലാവരും കൂടി പോയി വാ.. വല്ലപ്പോഴും കിട്ടുന്ന ഒരു അവധിയല്ലേ വീട്ടിൽ ഇച്ചിരി പണി ഉണ്ടെന്നേ… “”വൈകിട്ട് പോകാനായി ബാഗ് എടുത്തിറങ്ങുമ്പോഴും എന്റെ മനസ്സ് ഒരു വിളിക്കായി കാതോർത്തു നിന്നു..

പിറ്റേന്നുമുതൽ എല്ലാവരുടെയും ഫ്രീടൈമിലെ സംസാരം അരുൺ സർ ഇന്റെ വീടിന്റെ വിശേഷങ്ങളായിരുന്നു.. ഇരുനിലയിലെ ഓരോ കോണുകളുടെയും ഭംഗി മറ്റുള്ളവരിൽ നിന്നും കേട്ടുകഴിഞ്ഞപ്പോൾ മനസ്സിൽ പതിയെ പറഞ്ഞത് “ആഹ് ..ഭാഗ്യവാൻ…”

മനസ്സിൽ അപ്പോൾ അച്ഛന്റെ മുറിയുടെ രൂപം ഓർമ വന്നു.. ഇടയ്ക്ക് പൊളിഞ്ഞു അടർന്നു വീഴുന്ന സിമന്റ് തുണ്ടുകളും മഴ പെയ്താൽ ചോർന്നൊലിക്കുന്ന മേൽക്കൂരയും..

അമ്മ എത്ര നാളായി വിങ്ങുന്ന വേദനയിൽ ഓരോ മഴയത്തും പറയുന്ന വാക്കുകൾ.. “”അടുപ്പിന്റെ ഭാഗമെങ്കിലും ഒന്ന് തേച്ചാൽ മതിയാരുന്നു.. മഴ വീണു നനഞ്ഞ അടുപ്പിൽ എങ്ങനെയാ വിറകിനു തീ കത്തുക…”

ഈയിടെ ആയി ഓഫീസിൽ വർക്ക്‌ കൂടി വരുന്നുണ്ട്.. നേരത്തെ എത്തിയാലും അങ്ങോട്ട് തീരാത്ത പോലെ.. കഴിഞ്ഞ വർക്കിന്റെ പേപ്പർ ഫയൽ ചെയ്യാനായി കളക്ട് ചെയ്തുവന്നപ്പോഴാണ് സർ സൈൻ ചെയ്ത പേപ്പർ കിട്ടിയില്ലെന്നോർത്തത്.

“എന്റെ കയ്യിന്നു മിസ്സായോ അത്..? ആധിയോടെ പേപ്പർ എല്ലാം ഇളക്കി മറിച്ചു തിരഞ്ഞു കഴിഞ്ഞപ്പോഴാണ് ഓർത്തത് ആളിന്റെ കയ്യിൽ ഞാനത് കൊടുത്തതാണല്ലോ..അത് തിരികെ തന്നിട്ടില്ല..

ഡോർ തട്ടി അകത്തേയ്ക്ക് ചെല്ലാൻ അനുവാദം ചോദിച്ചിട്ട് കയറി ചെന്നു..

“സർ.. കഴിഞ്ഞ വർക്കിന്റെ പേപ്പർ സൈൻ ചെയ്തത്.. തിരികെ കിട്ടിയില്ലായിരുന്നു..”

എന്തോ ആലോചിച്ചു ടേബിളിന്റെ പുറത്തെ പേപ്പർ കയ്യിൽ
മറിച്ചു നോക്കി അയാൾ..

“ഓഹ്.. അത് വീട്ടിലാണ്.. ഞാൻ അത് ചെക്ക് ചെയ്യാൻ വീട്ടിലേയ്ക്ക് കൊണ്ടുപോയിരുന്നു..”

“സർ.. അത്..ഇന്ന് വൈകിട്ട് തന്നെ HR ന് കൊറിയർ പോകേണ്ട പേപ്പേഴ്സ് ആണ്..”

ഒരു മിനിറ്റ് ആലോചിച്ചിട്ട് തന്റെ വാച്ചിലേയ്ക്ക് അയാൾ സമയം നോക്കി..

“Oh its too late.. താൻ വാ എന്റെ കൂടെ.. ഞാനത് എടുത്തു തരാം..”
ആ.. പിന്നെ.. അന്ന് ഹൌസ് വാമിംഗിന് താൻ വന്നില്ലല്ലോ..വീടൊന്ന് കാണുകയും ചെയ്യാം .”

പെട്ടെന്ന് ആളിന്റെ മുഖത്തുനിന്ന് വന്ന വാക്കുകൾ വിശ്വസിക്കാനാകാതെ ഞാൻ അയാളെ സംശയത്തോടെ ഉറ്റുനോക്കി..

“ഞാൻ ശ്രദ്ധിച്ചിരുന്നു. മറ്റ് സ്റ്റാഫ്‌ ഒക്കെ വന്നിട്ടും താൻ മാത്രം ഇല്ലായിരുന്നു..”

“അത് ഞാൻ..” പെട്ടെന്ന് എന്ത് പറയും ന്നോർത്ത് കുഴഞ്ഞപ്പോഴേയ്ക്കും…

“താൻ വാ… “”എന്തോ പറയാനായി വാ തുറന്നപ്പോഴേയ്ക്കും ആള് കാറിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങിയിരുന്നു.

വേറെയും സ്റ്റാഫ്‌ സാറിന്റെ സൈറ്റ് വിസിറ്റ് ചെയ്യാനൊക്കെ ആൾക്കൊപ്പം പോകുന്നതുകൊണ്ട്ഞാൻ ആൾക്കൊപ്പം പോകാനിറങ്ങിയപ്പോൾ മറ്റുള്ളവരുടെ മുഖത്ത് എതിർപ്പൊന്നും തോന്നിയില്ല…

അല്പനേരത്തെ യാത്രയ്ക്കൊടുവിൽ ആ മനോഹരമായ കൊട്ടാരത്തിനു മുൻപിലെത്തി.. ആശ്ചര്യം കൊണ്ട് വിടർന്ന എന്റെ കണ്ണുകൾ ആളിടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു..

അകത്തേയ്ക്ക് കയറാൻ മടിച്ച എന്നോട് “കയറി വാടോ..” ന്ന് പറഞ്ഞു ആനയിച്ചപ്പോൾ ഒരു സ്റ്റാഫും മുതലാളിയും ഒന്നും ആയിരുന്നില്ല ഞങ്ങൾ.. ആൾടെ ഏതോ അടുപ്പമുള്ള വ്യക്തിയോട് പെരുമാറുന്നപോലെ.. വീടിന്റെ ഓരോ കോണും നോക്കി കാണുന്ന എന്റെ മുഖത്തേയ്ക്ക് നോക്കി ആളൊന്നു പുഞ്ചിരിച്ചു..

“”താൻ ഇരിക്ക്.. ഞാൻ പോയി ഫയൽ എടുത്തിട്ട് വരാം..””

ആളുടെ വെട്ടിയൊതുക്കിയ താടിരോമങ്ങൾക്കിടയിലെ ചെറിയ നുണക്കുഴി ഇത്ര അടുത്ത് അന്നാദ്യമായാണ് ഞാൻ കാണുന്നത്.. മറ്റാരും ഇവിടെ ഇല്ലെന്നുള്ള ചോദ്യം എന്റെ കണ്ണുകൾ എല്ലായിടവും പരതുന്നപോലെ തോന്നിയതുകൊണ്ടാകാം ആള് പറഞ്ഞു തുടങ്ങിയത്…

“ആഹാരമുണ്ടാക്കാനും ക്ലീനിങ്ങിനും ഒക്കെയായി ഒരാൾ മാത്രമാണ് ഇവിടെയുള്ളത്..അവരുടെ ജോലി കഴിയുമ്പോൾ അവർ പോകും..””

“തനിക്ക് വിശക്കുന്നില്ലേ.. വാ നമുക്ക് ലഞ്ച് കഴിക്കാം..”

ആളിന്റെ ഒപ്പം ലഞ്ച് കഴിക്കാൻ ഇരിക്കാൻ സത്യത്തിൽ വല്ലാത്ത ജാള്യത തോന്നി..

ഞാൻ ചെയറിന്റെ ഓരം ചേർന്നു നിന്നു..

“ആഹാ.. താൻ നിൽക്കുവാണോ..”

“ഇരിക്ക്.. ഇവിടെ ഇപ്പൊ താൻ എന്റെ ഗസ്റ്റ്‌ ആണ്. താൻ ഇരിക്ക്..”

ആളിന്റെ തൊട്ടടുത്ത ചെയർ എനിക്കായി തന്നു..

പ്ലേറ്റ് നിരത്തി ഓരോന്നിലെയും കറികൾ എന്തൊക്കെയെന്നു തുറന്നു നോക്കുന്ന ആളെ കണ്ടപ്പോഈ വീട്ടിൽ ഒറ്റയ്ക്കായി പോയതിന്റെ തോന്നൽ എന്റെ മനസ്സിൽ എന്തോ നോവിന്റെ നനവ് പടർത്തി..

ഞാൻ എഴുനേറ്റു ആളിന്റെ മുൻപിൽ ഇരിക്കുന്ന പ്ലേറ്റിലേയ്ക്ക് ആഹാരം വിളമ്പി. ഇത്തിരി എന്റെ പ്ലേറ്റിലേയ്ക്കും ഇട്ടു. ജഗ്ഗിൽ നിന്നും ഗ്ലാസിലേയ്ക്ക് വെള്ളം പകർന്ന ശേഷം എന്റെ സീറ്റിൽ ഞാനിരുന്നു

ചെറിയ ആശ്ചര്യത്തോടെ എന്റെ മുഖത്തേയ്ക്കു നോക്കുന്ന ആൾടെ കണ്ണുകൾ ചെറുതായി ഒന്ന് നിറഞ്ഞുവോ.. പെട്ടെന്ന് അത് മറയ്ക്കാനായി എന്നെ നോക്കി ചിരിച്ചു ..

താഴെ നിരയിലെ ഇടമ്പല്ല് അപ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്.. ഞാനും ആ മുഖത്തുനോക്കി അറിയാതെ ഒന്ന് പുഞ്ചിരിച്ചു.. തിരികെ പോകാനായി ഇറങ്ങിയപ്പോൾ പെട്ടെന്ന് ആളിനൊരു ഫോൺകോൾ വന്നു.. മാറി നിന്ന് സംസാരിക്കുന്നതിനിടയിൽ കാറിൽ കയറിക്കോളാൻ ഒരു നോട്ടം കൊണ്ട് അനുവാദം തന്നു…

പുറത്തെ കാഴ്ചകൾ കണ്ടു നിന്നപ്പോഴാണ് മുറ്റത്തെ തെക്കു വശം ചേർന്ന് നീളത്തിൽ കെട്ടിയ ചെറിയ ഒരു പൂന്തോട്ടം കണ്ടത്..അവിടെ നിറയെ പിച്ചി മുല്ലയും റോസാപുഷ്പങ്ങളും നിറഞ്ഞു നിൽക്കുന്നു.. എന്തോ പ്രത്യേകത തോന്നിയാണ് അതിനടുത്തേയ്ക്ക് എന്റെ കാലുകൾ നടന്നു നീങ്ങിയത്..

അതിമനോഹരമായ ആ ഇത്തിരി സ്ഥലം മാത്രം ഇത്ര ഭംഗിയായി അലങ്കരിക്കാൻ… പൂക്കളുടെ മായാഗന്ധം മറ്റൊരു ലോകത്തിൽ എത്തുന്നപോലെ..ഒരു റോസാപുഷ്പ്പത്തിന് നേരെഎന്റെ കൈഅമർന്നതും…

“”നിത്യാ….നോ””

തിരിഞ്ഞു നോക്കിയപ്പോൾ…

“”തന്നോട്.. ഇപ്പൊ ആരാ ഇങ്ങോട്ട് വരാൻ പറഞ്ഞത്..”?

പെട്ടെന്നുള്ള ആളിന്റെ ഭാവമാറ്റം.. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി ആ മുഖം കോപം കൊണ്ട് ചുവന്നു.. തന്റെ നേരെ പാഞ്ഞടുത്ത ആ കൈകൾ എന്റെ കണ്ണുകളിൽ ഭീതി പടർത്തി..

എന്നെ ആയത്തിൽ പുറകോട്ടു തള്ളി മാറ്റി. ആ മുഖത്ത് നഷ്ടപ്പെട്ടതെന്തെക്കെയോ പെറുക്കിയെടുക്കാൻ വെമ്പൽ കൊള്ളുന്ന കുട്ടികളെ പോലെ.അയാൾ ആ റോസാച്ചെടിയെ പരിപാലിക്കുന്നത് കാറിലേക്ക് നടക്കുമ്പോൾ കണ്ടു . .

തിരികെയുള്ള യാത്രയിൽ പരസ്പരം ആരുമൊന്നും മിണ്ടിയില്ല. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി….എന്റെ ചിന്തകൾ പോലും ആളിനോട് മൗനമായിപോയി.. റോഡിൽ ബസ്റ്റോപ്പ് കണ്ടപ്പോൾ അവിടെ ഇറക്കിയാൽ മതീന്ന് പറഞ്ഞപ്പോൾ ഒരു യന്ത്രത്തെ പോലെ കാർ ബ്രേക്കിട്ട് നിർത്തി.

ഡോർ തുറന്ന് പുറത്തിറങ്ങിയപ്പോൾ ഗ്ലാസ്‌ മിററിലൂടെ ആ കണ്ണുകൾ രണ്ടും നിറഞ്ഞു ചുവന്നിരിക്കുന്നത് കണ്ടു.. പിറ്റേന്ന് രാവിലെ ഒരു ഫോൺ കോളിലാണ് കണ്ണ് തുറന്നത് ..

താരയുടെ..

“അരുൺ സാറിന് ഇന്നലെ എന്തോ ആക്‌സിഡന്റ് ഉണ്ടായി.. ഹോസ്പിറ്റലിലാണ്..” കേട്ട വാർത്തയിൽ കാതുകൾ അടഞ്ഞപോലെ തോന്നി. അടുത്ത നിമിഷം ഫോൺ എടുത്ത് അരുൺ സാർ എന്ന നമ്പറിൽ ട്രൈ ചെയ്തു. ആ വിളി സ്വിച്ച്ഓഫ് പറഞ്ഞു നിർത്തി.. എന്ത് ചെയ്യണം ന്നറിയാതെ കുളിച്ചു റെഡി ആയി താരയെ വിളിച്ചു. ഹോസ്പിറ്റലിന്റെ വിവരങ്ങൾ അവൾ പറഞ്ഞുതന്നത് വെച്ച് ഹോസ്പിറ്റൽ ലക്ഷ്യമാക്കി ബസ് കയറി..

റീസെപ്ഷനിനിലെ പെൺകുട്ടി തന്ന വിവരമനുസരിച്ച് ഇപ്പോൾ ആളിനെ സർജറിക്ക് കൊണ്ടുപോയി കാണും… നേരെ സർജറി ഡിപ്പാർട്മെന്റിലേയ്ക്ക് ഓടി കയറി.. ഓടി വരുന്ന എന്നെ തിയേറ്ററിൽ കയറും മുൻപ് തലചായ്ച്ചു ഒരുനോക്ക് കണ്ടു..

എന്തോ പറയാനായി വന്ന എന്റെ വാക്കുകൾ തൊണ്ടയിൽ തന്നെ കുരുങ്ങി ശ്വാസം മുട്ടി നിന്നു.. വെറുതെയെങ്കിലും മനസ്സിൽ ഒരു വേദനയും പ്രാർത്ഥനയും നിറഞ്ഞു.. ഒന്ന് മിണ്ടാൻ പറ്റാതെ പോയത്തിന്റെ നിരാശ എന്റെ മനസ്സിൽ തളം കെട്ടി നിന്നു.. പെട്ടെന്ന് പുറത്തേക്കിറങ്ങി വന്ന നഴ്സിനോട് എങ്ങനുണ്ടന്ന് ചോദിക്കാതെ ചോദിക്കുന്ന എന്റെ കണ്ണുകൾ കണ്ടിട്ടാണോ എന്തോ..

“താനാണോ നിത്യ..?

“അതേ.. ‘

“ഇത് ഇവിടെ തരാൻ പറഞ്ഞു..”

കൈകളിലേയ്ക്ക് വച്ചുതന്ന പേഴ്സും ചെയിനും മോതിരവും..

“ദേഹത്തുണ്ടായിരുന്ന ഓർണമെൻറ്സ് ആണ്. അകത്തു ചോദിച്ചപ്പോൾ ഇത് ഇവിടെ തരാൻ പറഞ്ഞു..”

പെട്ടെന്ന് എന്റെ കണ്ണുകൾ നിറഞ്ഞു..കൈകൾ വിറച്ചപോലെ.. അത്രമാത്രം.. അത്രമാത്രം.. എന്നെ ഓർത്തുവോ.. ഉള്ളിലെയ്ക്ക് സ്നേഹത്തിന്റെ കാരമുള്ളുകൾ കുത്തിക്കയറി.. ഒരു നിമിഷം എന്റെ നിറഞ്ഞുതൂവിയ മിഴികളുയർന്നപ്പോൾ അവർ പറഞ്ഞു..

“പേടിക്കാനൊന്നുമില്ല.. കൈക്ക് ഫ്രാക്ചർ ഉണ്ട് … സർജറിയാണ് .. പിന്നെ തലയ്ക്കു ചെറിയ പൊട്ടലുണ്ട്.. അത് കാര്യമാക്കാനില്ല.. മുറിവല്ലേ.. കുറച്ചു ദിവസം എടുക്കും നേരെ ആകാൻ.. ” ഒരു പുഞ്ചിരിയോടെ അവർ അവിടെനിന്നും നടന്നാകന്നപ്പോൾ icu വിന്റെ ചെറിയ ഗ്ലാസിലൂടെ ആ മുഖമൊന്നു കാണാൻ എന്റെ മനസ്സ് വല്ലാതെ വെമ്പൽ കൊണ്ടു..

പിറ്റേന്ന് ഹോസ്പിറ്റൽ റൂമിന്റെ ഡോർ തുറന്ന് മുന്നോട്ട് വച്ച കാലുകൾ ആളിന്റെ അടുത്തിരിക്കുന്ന അപ്പച്ചിയെ കണ്ടപ്പോൾ പുറകോട്ട് നീങ്ങി..

എന്നെ കണ്ടപ്പോൾ അവർ തമ്മിൽ എന്തോ സംസാരിച്ചിരുന്നതിൽ നിന്നും പെട്ടെന്ന് ആള് മുഖം തിരിച്ചെന്നെ നോക്കി… മുഖമാകെ വീങ്ങി തലയിലൊരു വലീയ കെട്ടും,സർജറി കഴിഞ്ഞ കൈയുടെ വിരൽ തുമ്പോഴികെ ബാക്കിയെല്ലാം തോളറ്റം വരെ കെട്ടിപൊതിഞ്ഞിരുന്നു. എന്നെ കണ്ടപ്പോൾ ദേഹത്തുണ്ടായിരുന്ന തോർത്ത്‌ വലിച്ചൊന്നു നേരെയിടാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു..

“ആഹ്.. താൻ വന്നോ.. ഞാൻ നോക്കി ഇരിക്കയായിരുന്നു..” ആ മുഖത്ത് പണ്ടെങ്ങോ മാഞ്ഞുപോയ അതേ ചിരി.. ഒപ്പം ആ കള്ള നോട്ടവും.. പെട്ടെന്ന് ആരാണ് ഇത്ര സന്തോഷം നൽകാൻ ന്നുള്ള മട്ടിൽ ആ സ്ത്രീ തിരിഞ്ഞു നോക്കി..

“ആഹാ നീയായിരുന്നോ..”?

നേരത്തെ ഉണ്ടായിരുന്നതിലും വ്യത്യസ്തമായി ഒരു അലിവാർന്ന നോട്ടം അവരുടെ മുഖത്ത് പ്രത്യക്ഷമായി..

“രണ്ട് ദിവസം ഹോസ്പിറ്റലിൽ ആയിട്ടും ഇവൻ ഞങ്ങളോട് ഒന്നും പറഞ്ഞില്ല. വിളിക്കുമ്പോൾ കള്ളങ്ങൾ കൊണ്ട് താജ്മഹൽ വരെ ഉണ്ടാക്കി..”

“എന്തായാലും മോളുണ്ടാരുന്നല്ലോ ഇവിടെ.. എനിക്ക് ആശ്വാസമായി.. അവരുടെ വിരലുകൾ വാത്സല്യത്തോടെ നിത്യയുടെ മുടിയിഴകളെ തലോടി..” ഒന്നും മനസിലാകാത്തപോലെ നിന്ന എന്നെ നോക്കി ആളൊന്നു മീശ പിരിച്ചു..

“ആഹ്.. നിങ്ങൾ സംസാരിച്ചിരിക്ക്.. ഞാൻ ഇപ്പോ വരാം..” ആ സ്ത്രീ പുറത്തേക്കിറങ്ങിയപ്പോൾ കട്ടിലിൽ നിന്നും നേരെ ഇരിക്കാനായി പാടുപെടുന്ന ആളിന് ഞാനും ഒരു കൈത്താങ് കൊടുത്തു..

“എങ്ങനുണ്ട്… നല്ല വേദന ഉണ്ടല്ലേ ..”?

വിക്കി വിക്കിയുള്ള എന്റെ ചോദ്യത്തിന് മുൻപിൽ ഒരു കള്ളനോട്ടം സമ്മാനിച്ചു ആളെന്റെ കൈകളിൽ പിടിച്ചു വലിച്ചു അടുത്തിരുത്തി.. ഇതുവരെ അറിയാത്ത എന്തോ ഒരു തണുപ്പ് ആ കൈകളിൽ നിന്നും എന്റെ ശരീരത്തിലേയ്ക്കും ഒരു നിമിഷം പടർന്നപോലെ…

“ഇപ്പോ കുറവുണ്ട്..” അടുത്തിരിക്കുന്ന എന്നെ നോക്കി ആളൊരു കള്ളചിരിയോടെ പറഞ്ഞു..

“ഞാൻ വന്നത്.. ഇതൊക്കെ ഇന്നലെ അവർ എന്റെ കയ്യിൽ തന്നതാണ് .. “” ശ്രദ്ധയോടെ ബാഗിൽ നിന്നും സിസ്റ്റർ കൊടുത്ത സാധങ്ങൾ എല്ലാം പുറത്തേക്കെടുത്തു.

അവളുടെ കൈകളിലേയ്ക്ക് നോക്കി ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു.. ഇതൊക്കെ തിരികെ തന്നിട്ടും കാര്യമൊന്നുമില്ല.. ഇതൊക്കെ സൂക്ഷിക്കാൻ എന്റെ ഒപ്പം വേറൊരു അവകാശി ഇല്ല..” അതുവരെ കണ്ട ആ കണ്ണുകളിലെ തിളക്കം മങ്ങി…മുഖം വല്ലാതെ ആർദ്രമായി.. വാക്കുകൾ ഇടറിയപോലെ..

“രണ്ട് വർഷം മുൻപ് ഒരുമിച്ചൊരു രാത്രിയിൽ യാത്ര പോയതാണ്.. ആ യാത്രയുടെ അവസാനം ഞാൻ മാത്രമേ തിരികെ വന്നുള്ളൂ..”

” എതിരെ വന്ന ടോറസ് വണ്ടി നിയന്ത്രണം തെറ്റി ഞങ്ങളുടെ കാറിൽ ഇടിച്ചു… ആക്‌സിസിഡന്റിൽ അവള് മാത്രം പോയി.. എന്നെ ഒറ്റയ്ക്കാക്കി.. “” ഞാൻ എങ്ങനെ ജീവിക്കും ന്ന് പോലും ഓർക്കാതെ..

” അവസാനമായി എന്റെ നീലുവിന്റെ തണുത്ത കൈകളും എന്തോപറയാനായി നിറഞ്ഞു തൂവിയ കണ്ണുകളും… “”

” തനിക്കറിയുവോ…?അവളുടെ ചിരി പോലെയായിരുന്നു അവളുടെ സ്വഭാവവും..ചെറിയ പിണക്കങ്ങളല്ലാതെ ഞങ്ങൾ ഒന്ന് നേരെചൊവ്വേ വഴക്ക് പോലുമിട്ടിട്ടില്ല… ഒരു അഞ്ചുമിനിറ്റ് പോലും ഒന്ന് പിണങ്ങി മിണ്ടാതിരുന്നിട്ടില്ല… ”

അവളുടെ കൊലുസിന്റെ താളം പോലും എന്റെ ജീവന്റെ സ്പന്ദനമായിരുന്നു..
ഞാനെന്നുമാത്രം കരുതി എനിക്കായി മാത്രം ജീവിച്ചവൾ…””

ആളിന്റെ കണ്ണുകൾ ക്ഷണ നേരം കൊണ്ട് ചുവന്നു നിറഞ്ഞു..

“എന്റെ നീലു… എന്റെ ഭാര്യ.. എന്നും എപ്പോഴും എന്റെ നിഴലായി കൂടെ നടന്ന ഒരു പാവമായിരുന്നു..പെട്ടെന്നൊരു ദിവസം എന്നെ ഒറ്റയ്ക്കാക്കി പോകുമ്പോൾ…അവൾ.. എന്നെ പറ്റി ഓർത്തോ.. ഞാൻ അവളില്ലാതെ എങ്ങനെ മുന്നോട്ട് പോകും ന്ന്.. വാക്കുകൾ കിട്ടാതെ അയാൾ കണ്ണുകൾ തുടച്ചു..

ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുള്ളികൾ തുടച്ചുകൊണ്ട് അയാൾ ചിരിക്കാൻ ശ്രമിച്ചു..

എന്ത് പറഞ്ഞിട്ട് ആളിനെ ആശ്വസിപ്പിക്കണം ന്നറിയാതെ അവൾ കയ്യിലുണ്ടായിരുന്ന സാധനങ്ങൾ അവിടെ വച്ചു..

“”ഞാൻ നാളെ വരാം.. ഇപ്പൊ കൂടുതൽ ഒന്നും ആലോചിക്കണ്ട..””

എത്രയൊക്കെ ആശ്വാസ വാക്കുകൾ പറഞ്ഞാലും ഒറ്റപ്പെടലിന്റെ വേദനയ്ക്കും മരണത്തിന്റെ കണ്ണീരിനും ഒന്നും പകരമാകില്ലെന്ന തോന്നലിൽ പറയാനായി വന്നത് പകുതി വഴിയിലാക്കി യാത്ര പോലും പറയാനാകാതെ റൂം തുറന്നവൾ ഇറങ്ങി….

മാസങ്ങൾ ഓരോന്നായി കടന്നുപോയി.. ആളുടെ കൈ ഒക്കെ ശെരിയായി. പഴയതിലും നല്ല ആക്ടിവായി.. രാവിലെ ഓഫീസിൽ വരുമ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി എന്നും തനിക്ക് മാത്രം പ്രത്യേകം സമ്മാനിക്കുന്നപോലെ.. തനിക്കായി ഹൃദയത്തിൽ നിന്നുമൊരു നോട്ടം..പലപ്പോഴും ആ മനസ്സൊന്നു വായിക്കാൻ ശ്രമിച്ചിട്ടും തോറ്റുപോകുകയാണ് ഞാൻ..പരസ്പരം അണിഞ്ഞ മുഖംമൂടിയിലൂടെ അപരിചിതരെ പോലെ സംസാരിക്കുമ്പോഴും ആ കുസൃതി കണ്ണുകൾ എന്നെ ആളിലേയ്ക്ക് പിടിച്ചുവലിച്ചു..

അന്ന് വന്ന വിവാഹലോചന എനിക്കായി വീണ്ടും വന്നു.അവരെയൊക്കെ നിരാശയോടെ പടിയിറക്കിവിടേണ്ടി വന്ന അമ്മയുടെ നീണ്ട നെടുവീർപ്പിൽ എന്നെ തന്നെ മനസിലാക്കാനാകാതെ ഞാൻ നിന്നു.ഒന്നിനും മറുപടി പറയാൻ എനിക്കാകുമായിരുന്നില്ല.. മനസ്സ് നിറയെ എപ്പോൾ മുതലാണ് ഒരാൾക്ക് മാത്രമായി ഞാൻ കാത്തിരിക്കാൻ തുടങ്ങിയത്..

ആറ് മാസങ്ങൾക്ക് ശേഷം അന്നായിരുന്നു ആള് ഓഫീസിൽ എത്തിയത്.. തിരക്കിയപ്പോൾ ഒഫീഷ്യൽ ടൂർ ആയിരുന്നെന്നാണ് അറിയാൻ കഴിഞ്ഞത് .

ഒന്ന് പറഞ്ഞില്ലല്ലോ എന്നോർത്തു
അല്ല … പറയുവാൻ മാത്രം താനാരാണ് !!
.
മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം ഒന്ന് നേരെ ചൊവ്വേ കാണാനായി അകത്തേയ്ക്ക് ചെല്ലണം എന്നുണ്ട്..

പക്ഷെ… എന്തേലും തോന്നിയാൽ.. എന്റെ മനസ്സിൽ മാത്രമുള്ള ആഗ്രഹവും ചിന്തയും ആളിന് എന്തേലും ബുദ്ധിമുട്ടാകുമോ ന്നുള്ള ആശങ്കയിൽ സീറ്റിൽ തന്നെ ഇരുന്നു.. തലച്ചോർ പറയുന്നത് പലപ്പോഴും ഹൃദയം അനുസരിക്കാറില്ല.. ഞാൻ ഒരു ഫയലെടുത്തു ആളിന്റെ റൂമിലേയ്ക്ക് നടന്നു.. പുറത്തുനിന്നു ഡോറിൽ മുട്ടി അനുവാദം വാങ്ങി..

അകത്തേയ്ക്ക് കയറിയപ്പോൾ തന്റെ വരവും പ്രതീക്ഷിച്ചു ചെയറിൽ ചാരി ഇരിക്കുന്ന ആളിന്റെ മുഖത്തേയ്ക്ക് ഒന്ന് നോക്കാനേ പറ്റിയുള്ളൂ..ഇത്ര നാൾ കാണാതിരുന്നു കാണുമ്പോഴുള്ള എന്റെ മനസിന്റെ സന്തോഷം കഴിവതും പ്രകടമാകാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു..

“ഇരിക്ക് നിത്യാ..”

ആള് കൈചൂണ്ടിയ ചെയറിൽ ഞാനിരുന്നു.. കയ്യിലെ ഫയലുകൾ മേശ പുറത്തേയ്ക് വച്ചപ്പോൾ സാറിന്റെ സീറ്റിൽ നിന്നും ആള് പതിയെ എഴുനേറ്റു.. ആള് എന്റെ അരികിലായുള്ള ചെയർ വലിച്ചിട്ടിരുന്നു.. ഇളം വൈൻ കളർ സാരിയിൽ അവളുടെ വെളുത്തുരുണ്ട ശരീരം കൂടുതൽ മിഴിവാർന്നു..

ഞാൻ പതിയെ മുഖമുയർത്തി ആ മുഖത്തേയ്ക്ക് നോക്കി.. ഒരു കള്ള ചിരി ചുണ്ടുകളിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്…കൈകൾ രണ്ടും നെഞ്ചിൽ പിണഞ്ഞു കെട്ടി തന്നെ നോക്കിയുള്ള നിൽപ്.. ശെരിക്കും ആ സാനിധ്യം തന്റെ മനസും ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് നെഞ്ചിടിപ്പിലൂടെ മനസിലായ നിമിഷം… അപ്പുറത്ത് കിടന്ന ചെയർ എന്റെ തൊട്ടരികിലായി വലിച്ചിട്ടു.. അതിലിരുന്നിട്ട് എന്റെ മുഖത്തേയ്ക്ക് നോക്കി…

“ഒന്ന് ചിരിക്കെടോ..ഇങ്ങനെ പേടിച്ചിരിക്കാതെ.. ”

എന്തോ ഞാൻ പെട്ടെന്ന് ചിരിച്ചു..

“തനിക്കറിയുവോ.. ഒരു ഗുഡ് ന്യൂസ്‌ താനുമായി ആദ്യമായി ഞാൻ ഷെയർ ചെയ്യാൻ പോവുകയാണ്..””

“”എന്റെ ലൈഫിലെ ഏറ്റവും പ്രധാനപെട്ട ഒരു കാര്യം നടക്കാൻ പോകുന്നു… അതിന്റെ ആദ്യത്തെ ഇൻവിറ്റേഷൻ തനിക്കാണ്..””

കയ്യിലെ ഇൻവിറ്റേഷൻ കാർഡ് അവളുടെ കയ്യിലേയ്ക്ക് അയാൾ വച്ചു കൊടുത്തു… താൻ തുറന്ന് നോക്ക്.. ചടങ്ങിന്റെ കൃത്യ സമയത്ത് താൻ അവിടെ ഉണ്ടാകണം.. പെട്ടെന്ന് മനസ്സിൽ ഒരു കാർമേഘം ഇരുണ്ടുകൂടി.. കണ്ണുകൾ നിറഞ്ഞു.. ഇരുന്നിടത്തു നിന്ന് പെട്ടെന്ന് എഴുനേറ്റു.മങ്ങിയ ഒരു ചിരിയിൽ ഇത്രനാളും കാത്തുസൂക്ഷിച്ചു കൊണ്ടുനടന്ന സ്വപ്‌നങ്ങൾ മനസ്സിന്റെ നിസ്സഹായതയുടെ ഒരു നോട്ടമായി മാറി…

ഞാൻ.. അല്ലെങ്കിലും.. ഒരു പൊട്ടി പെണ്ണാണ്.. ഒരാളെ ആഗ്രഹിക്കും മുൻപ് എന്റെ കുറവുകൾ ഞാൻ മനസ്സിലാകണമായിരുന്നു.. ഒരു യോഗ്യതയുമില്ല ഒരുവൾക്ക് ആഗ്രഹിക്കുന്നതിനും അപ്പുറം ഞാൻ ആഗ്രഹിച്ചു പോയി.. അത്.. അതെന്റെ മാത്രം തെറ്റാണ്..

സർ ഇന്റെ വിവാഹത്തിനുള്ള ക്ഷണക്കത്താകും.. എനിക്കറിയാം.. അത് തുറന്ന് കാണാനുള്ള ഹൃദയ വിശാലത എനിക്കില്ല.. തൊട്ടു മുൻപത്തെ നിമിഷം വരെ നെഞ്ചിൽ കൊണ്ടുനടന്ന ഒരാൾ പെട്ടെന്ന്.. കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് ഇത്രയും പറഞ്ഞവൾ പോകാനായി എഴുനേറ്റ അവളെ അയാൾ അവിടെ തന്നെ പിടിച്ചിരുത്തി..

നിഷ്കളങ്കമായ അവളുടെ കലങ്ങിയ കണ്ണുകളുള്ള ആ മുഖം തന്റെ കൈകളിയ്ക്ക് അയാൾ വാരിയെടുത്തു… സത്യമാണോ നീ ഈ പറയുന്നത്.. പെട്ടെന്ന് തന്റെ നിയന്ത്രണം വിട്ടവൾ ആ കൈകളിൽ മുറുകെ പിടിച്ചു പൊട്ടികരഞ്ഞു.. അയാൾ അവളുടെ മിഴികൾ തുടച്ചു…

”’ഞാൻ വരട്ടെ.. തന്റെ വീട്ടിലേയ്ക്ക്.. തന്റെ ഒരു സമ്മതത്തിനായി എത്ര നാളായി ഞാൻ കാത്തിരിക്കുന്നുണ്ടെന്നു അറിയുവോ പെണ്ണെ നിനക്ക്…”

”’കഴിഞ്ഞ ആറുമാസം.. എങ്ങനെ എന്റെ ദിവസങ്ങൾ തള്ളി നീക്കി ന്ന് തനിക്കറിയുവോ..”’

”ഇനി ഒരാൾക്കും പ്രവേശനമില്ലെന്നു കരുതിയ എന്റെ ഹൃദയം എപ്പോഴാണ് തന്നിലേയ്ക്ക് അടുത്തതെന്നു എനിക്ക് പോലുമറിയില്ല.. ഒറ്റപ്പെടലിന്റെ തീരങ്ങളിൽ നോവിന്റെ നീറ്റലിനു മുകളിലൂടെ നിന്റെ സ്നേഹം പകർന്നപ്പോൾ.. ഞാൻ വീണ്ടും ജീവിച്ചുതുടങ്ങി.. ഞാൻ മനുഷ്യനായി മാറി..”’

”ഇനി ഒന്നിനും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല..” ഓരോ വാക്കുകളും കുളിർമഴയായാണ് പെയ്തിറങ്ങിയത് … അയാളുടെ കൈകൾക്കുള്ളിൽ ആ ഹൃദയത്തിന്റെ ചൂടിൽ അവൾ തന്റെ കരച്ചിലടക്കി നിർത്തി..

പെട്ടെന്ന് ആളുടെ കൈകളിൽ നിന്നും അവൾ അടർന്നു മാറി.. ടേബിളിന്റെ പുറത്തെ ഇൻവിറ്റേഷൻ ലെറ്റർ ധൃതിയിൽ ഓപ്പൺ ചെയ്തു.. ഒരു നിമിഷം കൊണ്ട് ഉള്ളടക്കം വായിച്ചു.. ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പുഞ്ചിരിയിൽ അവൾ മെല്ലെ മന്ത്രിച്ചു.

”പുതിയ ഷോപ്പിന്റെ ഇനാഗുറേഷൻ
ലെറ്റർ ആയിരുന്നല്ലേ..”

“അതേല്ലോ.. മോളെന്താ കരുതിയെ.””?

അയാൾ ഒരു കള്ളചിരിയോടെ അവളുടെ മുടിയിഴകൾക്കുള്ളിലൂടെ വിരലുകൾ ചേർത്ത് അവളുടെ മുഖം തന്നിലേയ്ക്കടുപ്പിച്ചു.. പരൽമീനുകളെ പോലെ പിടയുന്ന അവളുടെ കണ്ണുകളിൽ നോക്കി നെറുകയിൽ നിറയെ ഉമ്മ വച്ചു..മിഴികളടച്ചു നിന്ന അവളുടെ കാതുകളിൽ മന്ത്രിച്ചു…

“ഇനിയുള്ള എന്റെ ഈ ജന്മം നിന്റെ നെറുകയിൽ ഞാൻ സിന്ദൂരമായി അലിയും..”

Leave a Reply

Your email address will not be published. Required fields are marked *