ശിക്ഷ
(രചന: Revathy Jayamohan)
“എന്നെ തൊടരുത്… എനിക്ക് നിങ്ങളെ പേടിയാ…”
ലച്ചു അയാളുടെ കൈ തട്ടി മാറ്റി ഓടി മുറിയിലേക്ക് കേറി വാതിൽ അടച്ച് കുറ്റിയിട്ടു…
അവളുടെ പെട്ടെന്ന് ഉള്ള ആ പ്രവർത്തിയിൽ രാമനുണ്ണി ആകെ വല്ലാതായി… ആദ്യമായി ആണ് അയാൾ അവളിൽ ഇങ്ങനെ ഒരു ഭാവം കാണുന്നത്…
“ലച്ചു…. മോളെ… നിനക്ക് എന്ത് പറ്റി? മോൾ വാതിൽ തുറക്ക്…”
രാമനുണ്ണി വാതിലിൽ തട്ടികൊണ്ട് പറഞ്ഞു….
“ഇല്ല.. എനിക്ക് നിങ്ങളെ പേടി ആണ്… അമ്മ വരാതെ ഞാൻ വാതിൽ തുറക്കില്ല ….”
അവളുടെ വാക്കുകൾ അസ്ത്രങ്ങൾ കണക്കെ അയാളുടെ ഉള്ളിൽ തറഞ്ഞു കേറി …
“മോളെ നീ എന്തൊക്കെയാ പറയുന്നേ….?”.
അയാൾ വിറയാർന്ന സ്വരത്തിൽ ചോദിച്ചു, എങ്കിലും അവൾ മറുപടി പറഞ്ഞില്ല….
കൈകുഞ്ഞായിരുന്നപ്പോൾ മുതൽ തന്റെ നെഞ്ചിൽ കിടന്ന് വളർന്നവൾക്ക് ഇന്ന് തന്നെ പേടി ആണെന്ന് കേട്ടതും അയാൾ ആകെ തളർന്നു പോയി….
ഇതുവരെ അവളുടെ എന്ത് കാര്യത്തിനും അച്ഛനായി ഞാൻ തന്നെ വേണമായിരുന്നു പക്ഷേ ഇപ്പോൾ….
വയസ്സ് പതിനാർ ആയിട്ടും ഒന്ന് വീണാലോ, ആരെങ്കിലും വഴക്ക് പറഞ്ഞാലോ ഒക്കെ അച്ഛാ എന്ന് വിളിച്ച് ഓടി വന്നിരുന്നവൾക്ക് തന്നെ ഇന്ന് പേടി ആണത്രേ…..
ഇന്ന് വരെ ഒന്ന് നുള്ളി നോവിച്ചിട്ട് പോലുമില്ല എന്നിട്ടും….
അയാളുടെ ഉള്ളം വല്ലാതെ പിടഞ്ഞു…
പുറത്ത് ഗേറ്റ് തുറക്കുന്ന സൗണ്ട് കേട്ടപ്പോൾ ആണ് അയാൾ ചിന്തകളിൽ നിന്നും മുക്തനായത് ….
ചിത്രയെ കണ്ടതും അയാൾക്ക് അല്പം സമാധാനം ആയി….
“ചിത്രേ, നമ്മുടെ മോൾ… അവൾ എന്നോട് എന്തൊക്കെയോ പറഞ്ഞ്, വാതിൽ അടച്ച് അകത്ത് ഇരിക്കുവാ.. നീ ഒന്ന് അവളോട് വാതിൽ തുറക്കാൻ പറ… ”
അയാൾ അത് പറയുമ്പോൾ കരച്ചിലിന്റെ വക്കത്ത് എത്തിയിരുന്നു … പക്ഷേ ചിത്ര അയാളോട് ഒന്നും മിണ്ടാതെ മകളുടെ മുറിക്ക് അരികിൽ പോയി വാതിൽ തട്ടി…
“മോളെ, ഇത് ഞാനാ വാതിൽ തുറക്ക്….”
ചിത്രയുടെ ശബ്ദം കേട്ടതും ലച്ചു വാതിൽ തുറന്നു…. ലച്ചുവിന്റെ കണ്ണുകൾ രണ്ടും കരഞ്ഞു കലങ്ങിയിരുന്നു…
ചിത്ര അകത്തേക്ക് കേറിയതും ലച്ചു വാതിൽ അടച്ച് കുറ്റിയിട്ട ശേഷം ചിത്രയേ കെട്ടിപിടിച്ചു കരഞ്ഞു ….
ചിത്രയുടെയും ലച്ചുവിന്റെയും വിചിത്രമായ പെരുമാറ്റം രാമനുണ്ണിയെ ആഴത്തിൽ മുറിവേല്പിച്ചു …. കാര്യം എന്താണെന്നു അറിയാതെ അയാൾക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി….
അല്പസമയം കഴിഞ്ഞ് കൈയിൽ ഒരു ബാഗുമായി ചിത്രയും ലച്ചുവും മുറിയിൽ നിന്നും പുറത്തേക്ക് വന്നു …
“നിങ്ങൾ ഇത് എങ്ങോട്ടാ…. എന്താ ഇവിടെ നടക്കുന്നത് …?”. അയാൾ ഒരു ഭ്രാന്തനെ പോലെ അലറി ….
“ഒച്ച വക്കണ്ട … അത് നിങ്ങൾക്ക് തന്നെ ആണ് നാണക്കേട് …..
സ്വന്തം മകളുടെ പ്രായം ഉള്ള പെൺകുട്ടിക്ക് നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ അയക്കുകയും അവളുടേത് എങ്ങനെ ആണെന്ന് ചോദിക്കുകയും ചെയ്ത ആൾക്ക് ഒപ്പം എന്ത് വിശ്വസിച്ചു ഞാൻ ജീവിക്കും….
ലച്ചുന്റെ പ്രായം അല്ലേ അവൾക്കും ഒള്ളു… നാളെ നിങ്ങൾക്ക് ഈ വികാരങ്ങൾ ശമിപ്പിക്കാൻ ലച്ചുനെ വേണമെന്ന് തോന്നിയാലോ…?”
ചിത്ര അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു എങ്കിലും അവരുടെ വാക്കുകൾ ഉറച്ചതും ശക്തവും ആയിരുന്നു…
“ചിത്രേ ഞാൻ….”
അയാൾ ഒരു കുറ്റവാളിയെ പോലെ തലകുനിച്ചു നിന്നു…
” എനിക്ക് ഒന്നും കേൾക്കണമെന്നില്ല… ആ കുട്ടി മോൾടെ സ്കൂളിൽ ആണ് പഠിക്കുന്നത്… അവൾ ഇത് ഇവളോട് പറയുമ്പോൾ ഇവളുടെ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാൻ പോലും പറ്റില്ല….
ലച്ചു ആദ്യം അതൊന്നും വിശ്വസിക്കാതെ വന്നപ്പോൾ ആണ് ആ കുട്ടി നിങ്ങളുടെ വൃത്തികെട്ട ചാറ്റ് കാണിച്ചു കൊടുത്തത് ….
ഇവിടെ എത്തിയ ശേഷം ലച്ചു എന്നെ വിളിച്ച് എല്ലാം പറഞ്ഞിരുന്നു….
നിങ്ങളെ എന്റെ മകൾക്ക് പേടി ആണ്, എനിക്കും…. ഞങ്ങൾ ഇറങ്ങുന്നു… ദയവായി പുറകെ വരരുത്….”
അത്രയും പറഞ്ഞ് ചിത്ര ലച്ചുവിനെയും കൂട്ടി ആ പടി ഇറങ്ങുമ്പോൾ ഒന്ന് തടയാൻ പോലും അയാൾക്ക് ആയില്ല….
ഫേസ്ബുക്കിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ടപ്പോൾ അവൾക്ക് മകളുടെ പ്രായം മാത്രേ ഒള്ളു എന്ന് ചിന്തിക്കാതെ മെസ്സേജ് അയക്കാൻ തോന്നിയ ആ നശിച്ച നിമിഷത്തെ അയാൾ ശപിച്ചു…..
പെട്ടെന്ന് ആണ് അയാളുടെ മെസ്സേഞ്ജർൽ മെസ്സേജ് വന്നു എന്ന് അറിയിക്കാൻ ഫോൺ വൈബ്രേറ്റ് ആയത്….
“നിങ്ങളെ പോലെ ഉള്ളവർക്ക് ഇതിൽ കുറഞ്ഞൊരു ശിക്ഷ ഇല്ല….”
അത് അവളുടെ മെസ്സേജ് ആയിരുന്നു…. ആദ്യമായും അവസാനമായും അവൾ അയാളുടെ മെസ്സേജിന് നൽകിയ റിപ്ലൈ…..