(രചന: ഋതു)
ഹലോ….. ആരാ…..
ഞാൻ…. ഉമയുടെ ക്ലാസ് ടീച്ചർ ആണ്…. ഇത് ഉമയുടെ അമ്മയല്ലേ…. സ്കൂളിൽ ഒന്ന് വരാമോ… മോൾക്ക് ഒരു വയ്യായ്മ…..
അയ്യോ ടീച്ചറെ എന്റെ കുഞ്ഞിന് എന്തുപറ്റി .. മിനി ഫോണിലൂടെ അലറി വിളിക്കുകയായിരുന്നു….
നിങ്ങൾ സമാധാനമായിരിക്കു എത്രയും പെട്ടെന്ന് സ്കൂളിലെത്തിയാൽ മതി..
മിനി വേഗം ഫോൺ എടുത്തു … മുരളിയുടെ നമ്പറിലേക്ക് വിളിച്ചു.
എന്താടി ഈ സമയത്ത് ഒരു വിളി ഫോണെടുത്തപ്പോൾ തന്നെ മുരളി ദേഷ്യപ്പെട്ടു….
അയ്യോ മുരളിയേട്ടാ ഒന്ന് പെട്ടെന്ന് ഇവിടേക്ക് വരുമോ സ്കൂളിൽ നിന്നും ടീച്ചർ വിളിച്ചിരുന്നു മോൾക്ക് എന്തോ സുഖമില്ലെന്ന്…
മോൾക്ക് സുഖമില്ലെന്നോ എന്താടി എന്താ നീ പറയുന്നത്…
എനിക്കൊന്നും അറിയാൻ മേല നിങ്ങൾ പെട്ടെന്ന് ഇങ്ങോട്ട് വരാൻ നോക്ക്…
മുരളി വേഗം ഫോണെടുത്ത് ഉഷ എന്നു സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് വിളിച്ചു.
ഹലോ ടീച്ചർ ഞാൻ ഉമയുടെ അച്ഛനാണ്. എന്താ ടീച്ചർ എന്റെ കുഞ്ഞിന് എന്താ പറ്റിയത്…
ഉമയ്ക്ക് എന്തോ സാരമായ പ്രശ്നം പറ്റിയിട്ടുണ്ട് നിങ്ങൾ കൂടി വന്നാൽ മാത്രമേ ആ കുട്ടിയെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പറ്റുകയുള്ളൂ.. ഈ സംസാരിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ് ഒന്ന് വേഗം വരാൻ നോക്കൂ…
മുരളി ബൈക്കിൽ പായുകയായിരുന്നു വീടെത്തി മിനിയേയും വിളിച്ചുകൊണ്ട് അയാൾ നേരെ സ്കൂളിലെത്തി..
ബാത്റൂമിന്റെ ഭാഗത്തേക്ക് ചെല്ലുമ്പോൾ തന്നെ അവിടെ അത്യാവശ്യം പിള്ളേരെയും ടീച്ചേഴ്സിനെയും കൊണ്ട് നിറഞ്ഞിരുന്നു..
ബാത്റൂമിനുള്ളിൽ നിന്ന് നനഞ്ഞു കുഴഞ്ഞ് തുണിയുമായി ക്ഷീണിച്ച് അവശയായ നിലയിൽ എടുത്തു കൊണ്ടുവരുന്ന മകളെ കണ്ടപ്പോൾ മിനി നിലവിളിയോടുകൂടി അടുത്തേക്ക് ഓടിച്ചെന്നു…
എന്തുപറ്റി ടീച്ചർ എന്റെ പൊന്നുമോൾക്ക്..
മിനി …..
,മോൾ ബാത്റൂമിലേക്ക് വന്നിട്ട് ഏറെ നേരമായി.. ഇന്റർവെൽ കഴിഞ്ഞിട്ടും കാണാത്തതുകൊണ്ട് കൂട്ടുകാരി അന്വേഷിച്ചു വന്നപ്പോഴാണ് അവശനിലയിൽ കിടക്കുന്ന മിനിയെ കണ്ടത്.
അപ്പോൾ തന്നെ നിങ്ങളെ വിവരം അറിയിക്കുകയായിരുന്നു എത്രയും പെട്ടെന്ന് നമുക്ക് ഹോസ്പിറ്റലിൽ എത്തിക്കണം…
സ്കൂളിൽ തന്നെയുള്ള ഏതോ ടീച്ചേഴ്സിന്റെ കാറിൽ കയറ്റി മിനിയ ഹോസ്പിറ്റലിൽ എത്തിച്ചു.
ആദ്യഘട്ട പരിശോധനയിൽ നിന്ന് തന്നെ കുട്ടി ലഹരിക്ക് അടിമയാണെന്ന് ഡോക്ടേഴ്സ് മനസ്സിലായി. പ്രാഥമിക പരിശോധനകൾക്ക് വേണ്ടിയുള്ള നടപടിക്രമങ്ങൾ എല്ലാം തന്നെ ചെയ്തു.
ഇതിനിടയിൽ കാഷ്വാലിറ്റിയിൽ നിന്നും പുറത്തേക്ക് വന്ന ഡോക്ടർ സ്കൂൾ പ്രിൻസിപ്പലിനെയും കൂടെ വന്ന ടീച്ചേഴ്സിനേയും മിനിയുടെ മാതാപിതാക്കളോടും കാര്യങ്ങൾ ഒന്ന് ധരിപ്പിച്ചു…
ഞാൻ പറയാൻ പോകുന്നത് കേട്ട് ദയവുചെയ്ത് നിങ്ങൾ ബഹളം ഉണ്ടാക്കരുത്. നിങ്ങളുടെ മകൾ ലഹരിക്ക് അടിമയാണ്.
ഈ കുട്ടിക്ക് ഇത്രയും ചെറിയ പ്രായത്തിൽ ഇത് എങ്ങനെ കിട്ടുന്നു എന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ആ കുട്ടിയുടെ ശരീരം വളരെ വീക്കാണ്.
ഈ ചെറിയ പ്രായത്തിലുള്ള കുട്ടിക്ക് എങ്ങനെ ലഹരി കിട്ടുന്നു എന്നത് വളരെ അതിശയകരമായ കാര്യമാണ്.
സ്കൂളുകൾ കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് വളരെ നാളുകളായി കേൾക്കുന്ന ഒരു ന്യൂസ് ആണ്…
ആ കുട്ടി മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട് എന്തായാലും പോലീസിൽ വിവരമറിയിക്കണം.അവർ വന്ന് വ്യക്തമായ രീതിയിൽ അന്വേഷണം നടത്തിയാൽ മാത്രമേ ഇതിനൊക്കെ ഒരു പരിഹാരം ആവുകയുള്ളൂ….
എന്തായാലും 24 അവേഴ്സ് വെയിറ്റ് ചെയ്യൂ അതിനുശേഷം നമുക്ക് അടുത്ത നടപടി എന്താണെന്ന് നോക്കാം…
കേട്ടത് വിശ്വസിക്കാനാവാതെ ക്ലാസ് ടീച്ചേഴ്സും പ്രിൻസിപ്പലും ഉമയുടെ അച്ഛനും വായിൽ കൈവെച്ചു പോയി…
എന്നാലും ഞങ്ങളുടെ കുഞ്ഞിനോട് ഈ ദ്രോഹം ചെയ്യാൻ ആർക്കു കഴിഞ്ഞു..
ഇതെന്തായാലും കണ്ടുപിടിക്കണം സാറേ. ഇനി ഒരു കുട്ടികൾക്കും ഇതുപോലെ സംഭവിക്കാൻ പാടില്ല.
ഏകദേശം ഉച്ചയോടു കൂടി . ഹോസ്പിറ്റലിൽ നിന്നും വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയിരുന്നു.
ഉമയുടെ അച്ഛനോട് അമ്മയോടും എന്തൊക്കെയോ ചോദ്യങ്ങൾ ചോദിച്ച് ക്ലാസ് ടീച്ചറിനോടും സ്കൂൾ പ്രിൻസിപ്പാളിനോടും സംസാരിച്ചു എസ് ഐ മടങ്ങി…
അടുത്ത ദിവസം ഏകദേശം വൈകുന്നേരത്തോടുകൂടി ഉമയെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി….
പോലീസുകാർ വന്ന് ഉമയെ കണ്ടു സംഭവിച്ചതിന്റെ സത്യാവസ്ഥയെ കുറിച്ച് അന്വേഷിച്ചു.
കൈകളിലും കാലിലും ധാരാളം മുറിപ്പാടുകൾ ഉണ്ടായിരുന്നു.
തീരെ ചെറിയ പ്രായത്തിലുള്ള ആ പെൺകുട്ടിയോട് കേസന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥന് പോലും സഹതാപം തോന്നിയിരുന്നു.
മോൾക്ക് എവിടെ നിന്നാണ് ഈ ലഹരി കിട്ടിയത്…
ആദ്യമൊക്കെ അവൾ ഭയന്ന് മറുപടി പറയാൻ വിസമ്മതിച്ചു എങ്കിലും. അയാളുടെ തന്ത്രപൂർവ്വമായ ഇടപെടലിലൂടെ അവൾ പതിയെ പതിയെ കാര്യങ്ങൾ പറഞ്ഞു തുടങ്ങി.
സ്കൂളിന് അടുത്തായി അടുത്തകാലത്ത് തുടങ്ങിയ സ്റ്റേഷനറി കടയിൽ ഉദ്ഘാടനത്തിന്റെ അന്നും അടുത്ത ദിവസങ്ങളിലുമായി കളർ പേപ്പറിൽ പൊതിഞ്ഞ മിട്ടായി വിതരണം ചെയ്തു.
സ്കൂളിൽ ആദ്യമാദ്യം എത്തുന്ന നാലഞ്ചു കുട്ടികൾക്ക് അവർ സ്ഥിരമായി മിട്ടായി നൽകിയിരുന്നു.
ഒന്ന് രണ്ട് ദിവസങ്ങളിൽ എനിക്കും ആ മിട്ടായി കിട്ടിക്കൊണ്ടിരുന്നു. അത് കഴിക്കുമ്പോൾ ഒരു പ്രത്യേക ഉന്മേഷം ആയിരുന്നു.
അതുകൊണ്ടുതന്നെ പിന്നീടുള്ള ദിവസങ്ങളിൽ ആ മിട്ടായി അന്വേഷിച്ച് കടയിൽ ചെല്ലുമ്പോൾ ഇല്ല അതിനുപകരം മറ്റൊരു സാധനം തരാം എന്ന് പറഞ്ഞു….
പക്ഷേ അത് ഇവിടെ ഇല്ലെന്നും ഈ കടയുടെ കുറച്ച് അപ്പുറത്തായി മറ്റൊരു കടയുണ്ടെന്നും അവിടുന്ന് വാങ്ങി തരാം എന്നും പറഞ്ഞ് ആ കടക്കാരൻ അങ്കിൾ അയാളോടൊപ്പം കൂട്ടിക്കൊണ്ടുപോയി.
അവിടെ ഒരു ജ്യൂസ് പാർലർ ആണ്. ഒന്ന് രണ്ട് ചേച്ചിമാർ അവിടെകാണും അവർ ആദ്യം ഒരു മിട്ടായി തന്നു. അതിനു ശേഷം ഒരു വെള്ള കളറിലെ പൊടി മണക്കാൻ തരും … അതൊക്കെ മണക്കുമ്പോൾ ഭയങ്കര ഉന്മേഷം തോന്നും….
മോളുടെ കയ്യിൽ എന്താണ് ഈ അടയാളം…
അത് ഇഞ്ചക്ഷൻ എടുക്കുന്നതിന്റെ ആണ്.അവര് തന്നെയാണ് കയ്യിൽ മരുന്ന് കുത്തിവയ്ക്കുന്നത്.അത് വെച്ച് കഴിഞ്ഞാൽ പിന്നെ ഒന്നും ഓർമ്മ കാണില്ല.
ബോധം കെടുത്തി സ്വന്തം ശരീരത്തെ ഉപയോഗിക്കുന്നതുപോലും മനസ്സിലാക്കാൻ ആ കുഞ്ഞിന് കഴിയാതെ പോയി…
ഒടുവിൽ പൊടിയും മിട്ടായിയും കിട്ടാതെ വരുമ്പോൾ തല പൊട്ടിപൊളിയും. തലമുടി വലിച്ചു പിന്നിൽ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കാൻ തോന്നും….
കുട്ടിയുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ ഒക്കെ ശ്രദ്ധിച്ചിരുന്നു. മുറിയടച്ച് സദാസമയം അകത്തിരിക്കുകയും ആരോടും ഒന്നും സംസാരിക്കാൻ താല്പര്യം ഇല്ല കൃത്യമായി ഭക്ഷണം കഴിക്കില്ല.
അങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ അതിനൊക്കെ കാരണം ഇതാണ് എന്ന് അറിയാൻ പറ്റിയില്ല.
കൃത്യമായി മരുന്ന് കിട്ടാതെ ആകുമ്പോൾ അവരെന്തു പറയുന്നു അതെല്ലാം അനുസരിക്കേണ്ട അവസ്ഥയായി.
അബോധാവസ്ഥയിൽ ആരൊക്കെയോ ശരീരത്തിൽ തൊടുന്നപോലെ തോന്നാറുണ്ട് പക്ഷേ എഴുന്നേറ്റ് തടയുന്നതിനോ പ്രതികരിക്കുന്നതിനും പറ്റിയിട്ടില്ല….
ഒടുവിൽ അവർ പറയുന്നത് അനുസരിച്ച് പല സ്ഥലങ്ങളിലും സ്കൂൾ യൂണിഫോമിൽ മരുന്ന് കൊണ്ട് എത്തിക്കേണ്ടതായി വന്നിട്ടുണ്ട്.
അപ്പോഴൊക്കെ വീട്ടിൽ നിന്ന് ദൂരസ്ഥലങ്ങളിൽ പോകുമ്പോൾ കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നു എന്ന് കള്ളം പറഞ്ഞാണ് പലപ്പോഴും പോകാറുള്ളത്……
കേസന്വേഷണം പുരോഗമിച്ചു… മറ്റ് ചില കുട്ടികൾക്ക് കൂടി ഈ അവശതകളൊക്കെ ഉണ്ടായിരുന്നെങ്കിലും വീട്ടുകാർ പറയാത്തതാണ് എന്ന് നടത്തിയ പരിശോധനയിൽ മനസ്സിലായി.
ലഹരിമയായ കുട്ടികളെ ഹോസ്പിറ്റലിൽ എത്തിച്ച് വേണ്ടാ ചികിത്സ നൽകി…
ലഹരി വില്പന നടത്തിയ ആൾക്കാരെ കണ്ടുപിടിച്ച് നിയമനടപടികളുമായി മുന്നോട്ടു പോയി. കുട്ടികളിൽ ലഹരിയുടെ ഉപയോഗം ക്രമാതീതമായി കുറയ്ക്കുന്നതിന് വേണ്ടി വിവിധ ക്യാമ്പയിനുകൾ നടത്തി. ബോധവൽക്കരണ ക്ലാസുകൾ എടുത്തു.
ആറുമാസത്തെ നിരന്തരമായ ചികിത്സയ്ക്കുശേഷം ഉമ ഇന്ന് പഴയ അവസ്ഥയിലോട്ട് മാറിയിട്ടുണ്ട്… ഇപ്പോൾ അവൾ പൂർണമായി ലഹരിയിൽ നിന്ന് മുക്തയായിട്ടുണ്ട്…
നമ്മുടെ കുട്ടികൾക്കിടയിലും ഇതുപോലുള്ള ഉമമാർ ഉണ്ടാകാതിരിക്കട്ടെ….. കുഞ്ഞുങ്ങൾക്ക് വേണ്ടി നമ്മളുടെ കണ്ണും മനസ്സും എപ്പോഴും തുറന്നിരിക്കട്ടെ..
അവരുടെ ചെറിയ ചെറിയ മാറ്റങ്ങൾ പോലും നമുക്ക് ഒപ്പിയെടുക്കാൻ കഴിയട്ടെ……,.. വളർന്നുവരുന്ന അവരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കണ്ടെത്താൻ നമ്മൾ ഓരോരുത്തരും ശ്രമിക്കണം….