(രചന: രുദ്ര)
എന്താടാ മഹേഷേ കുറെ നേരമായല്ലോ നോക്കി നിന്ന് വെള്ളമിറക്കാൻ തുടങ്ങിയിട്ട്…
പൊളിഞ്ഞു വീഴാറായ തട്ടുകടയുടെ മറവിൽ ചുട്ടു പൊള്ളുന്ന വെയിലിനെ സ്വന്തം സാരിത്തലപ്പ് കൊണ്ട് മറച്ചു പിടിച്ചു കൊണ്ട് തന്റെ കുഞ്ഞിന് മുലയൂട്ടുന്ന അവളെ നോക്കി നിന്നിരുന്ന എന്റെ തോളിൽ ജോജുവിന്റെ കൈ വീണത് അപ്രതീക്ഷിതമായി ആയിരുന്നു.
നോക്കി നിൽക്കാൻ പറ്റിയ സീൻ ആണല്ലോ നടക്കട്ടെ.. നടക്കട്ടെ…
എന്നെ മറി കടന്ന് അവന്റെ നോട്ടം അവളിൽ പതിഞ്ഞു. അവന്റെ ചോദ്യത്തിന് മുൻപിൽ ഞാനൊരു ചിരി മാത്രം സമ്മാനിച്ചു.
ഡാ ജോജു… അവളെ കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നുണ്ട്. അപ്പോൾ മുതൽ എന്റെ ഉള്ളിൽ ഒരാഗ്രഹം…
ആഗ്രഹവും മനസില് വെച്ചവിടെ ഇരിക്കത്തെ ഉള്ളൂ മോനെ.. ഒന്നും നടക്കാൻ പോകുന്നില്ല. കുറച്ചു നാളുകൾ മുൻപ് ഇതുപോലൊരു മോഹം എനിക്കും തോന്നിയതാ അവളോട്. പക്ഷെ ആഗ്രഹം പ്രകടിപ്പിച്ച എന്റെ മുഖത്ത് നോക്കി ഒരാട്ട് ആട്ടിയിട്ട അവള് വിട്ടത്.
എന്റെ വാക്കുകൾ മുഴുവിപ്പിക്കും മുൻപ് അവൻ ഇടക്ക് കയറി.
അത് നീയല്ലേ ജോജു… ഞാനൊരു കാര്യം ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ എത്ര റിസ്ക് എടുത്തും അത് നടത്തിയിരിക്കും.
വെല്ലുവിളിയോടെ ഞാനത് പറയുമ്പോൾ ആണാണെങ്കിൽ നടത്തി കാണിക്കേടാ എന്നൊരു ഭാവം അവന്റെ മുഖത്ത് ഞാൻ ശ്രദ്ധിച്ചു.
അല്ലേടാ.. അവൾ എങ്ങനെയാ ഇങ്ങനെ ആയത്..? ഇപ്പോഴും ചെറുപ്പമല്ലേ അവൾ? നിനക്കാവുമ്പോ സകല പെണ്ണുങ്ങളുടേം ഹിസ്റ്ററീം ജ്യോഗ്രഫിം ഒക്കെ അറിയാലോ..
അല്പം തമാശ കലർത്തി ഞാൻ ചോദിച്ചു.
നീയെന്നെ ആക്കിയതാണെന്ന് എനിക്ക് മനസിലായി. എന്നാലും അവളെ നീ നോട്ടം വെച്ചത് കൊണ്ട് മാത്രം പറയാം. അവള് ജനിച്ചതും വളർന്നതുമൊക്കെ തമിഴ് നാട്ടിലാ. അപ്പനും അമ്മേം ചത്തപ്പോ കേരളത്തിലേക്ക് വന്നതാ.
ഇവിടെ വന്നിട്ടിപ്പോ അഞ്ചു വർഷത്തോളം ആയെന്നാണ് അറിഞ്ഞത്. മലയാളമൊക്കെ നന്നായി സംസാരിക്കും. രണ്ടു വർഷം മുൻപ് ഒരു ന്യൂ ഇയർ തലേന്ന് കുടിച്ചു വന്ന ഏതോ ഒരുത്തൻ പണി കൊടുത്തതാ..
ഇവൾക്കാണേൽ വീടും കുടീം ഒന്നും ഇല്ലാലോ? കടത്തിണ്ണയിലല്ലേ കിടത്തം. അവൻ സമ്മാനിച്ചിട്ട് പോയ മൊതലാ ഇന്ന് ആ ഒക്കത്തിരിക്കുന്നെ..
ആരാ അത് ചെയ്തതെന്ന് വല്ല സൂചനയും??
ഹ ഹ ഹ ഹ
എന്റെ ചോദ്യം കേട്ടതും അട്ടഹസിച്ചു കൊണ്ട് അവൻ തുടർന്നു.
ഓ പിന്നെ ഇവളുമാരുടെ മാനത്തിനൊക്കെ എന്ത് വിലയാടാ ഉള്ളത്? ചത്താലും കൂടി വല്ലവരും തിരിഞ്ഞു നോക്കുമോ? പേരെന്താണ് എന്ന് പോലും അറിയാത്തവന്റെ വിഴുപ്പിനെ ചുമക്കുന്നവളാ എന്റെ മുന്നിൽ പുണ്യാളത്തി ചമഞ്ഞത് ക്രാ തുഫ്…
അവന്റെ വാക്കുകളിൽ അവളോടുള്ള പരിഹാസവും പുച്ഛവും ഒരുപോലെ കലർന്നിരുന്നു.
ഏതായാലും നീയിവിടെ നിക്ക് ഞാനൊന്ന് സംസാരിച്ചു നോക്കട്ടെ.. ചിലപ്പോൾ നറുക്ക് വീണാലോ?
അവനെ മാറ്റി നിർത്തി ഞാൻ നടന്നടുക്കുമ്പോൾ കുഞ്ഞിനെ സാരിത്തലപ്പ് കൊണ്ട് തന്റെ നെഞ്ചിൽ ചേർത്ത് കെട്ടി ജോലിയിൽ മുഴുകിയിരിക്കുകയായിരിന്നു അവൾ.
എന്നെ കണ്ടതും കുറച്ചു നാളത്തെ സ്ഥിരം കസ്റ്റമർക്ക് നന്ദി സൂചകമായി ഒരു ചിരി സമ്മാനിക്കാൻ അവൾ മറന്നില്ല.
ഒരു ഓംലെറ്റിന് ഓർഡർ കൊടുത്തുകൊണ്ട് ഞാൻ ദൂരെ നിൽക്കുന്ന ജോജുവിനെ ഒന്ന് നോക്കി. ഇമവെട്ടാതെ അവൻ ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ്.
അവൾ എനിക്ക് നേരെ നീട്ടിയ ആവിപറക്കുന്ന ഓംലെറ്റ് മുറിച്ചു കഴിക്കുന്നതിനിടയിലാണ് മടിച്ചു മടിച്ചു ഞാൻ കാര്യം അവതരിപ്പിച്ചത്.
കേട്ടപാടെ ആദ്യം അവൾ എതിർപ്പു പ്രകടിപ്പിച്ചുവെങ്കിലും എന്റെ നിർബന്ധത്തിനു വഴങ്ങി ഒടുക്കം അവൾക്ക് സമ്മതം മൂളേണ്ടി വന്നു. വിജയിച്ച മുഖഭാവത്തോടെ ഞാൻ ജോജുവിനോട് വരാൻ ആഗ്യം കാണിച്ചു.
അവൻ അടുത്തെത്തിയതും അവളുടെ മുഖത്ത് ഒരു കാർമേഘം വന്നടിയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
ഞാൻ തനിച്ചായിരിക്കില്ല ശാന്തി..അങ്ങനെ തന്നെ അല്ലെ പേര് പറഞ്ഞത്?
അതെ എന്നവൾ തലയാട്ടി.
ഉം… എന്റെ രണ്ടു മൂന്ന് സുഹൃത്തുക്കളും കൂടെയുണ്ടാവും പിന്നെ ദാ ഇവനും.
അത് പറയുമ്പോൾ ഒരായിരം ലഡു പൊട്ടിയ സന്തോഷമായിരുന്നു അവന്റെ മുഖത്ത്.
സാർ… ഒന്നു കൂടി ആലോചിട്ട് പോരെ..
പേടി കൊണ്ടാണോ അഭിമാനം കൊണ്ടാണോ എന്നറിയില്ല അവൾ വീണ്ടും വീണ്ടും വിയോജിപ്പ് പ്രകടിപ്പിക്കാൻ തുടങ്ങി.
ഞാൻ കുറെ വട്ടം ആലോചിച്ചതാണ്. ഇനി കൂടുതൽ ആലോചിക്കാൻ ഒന്നുമില്ല. അപ്പൊ അടുത്ത തിങ്കളാഴ്ച ഞാൻ പറഞ്ഞ സ്ഥലത്ത് എത്തിയാൽ മതി. കഴിച്ചതിന്റെ പൈസ അവളുടെ കയ്യിൽ വെച്ച് കൊടുത്ത് തിരികെ നടക്കുമ്പോൾ ആഹ്ലാദം കൊണ്ടവൻ എന്നെ വാരിപ്പുണർന്നു.
എന്റെ അളിയാ…. നീയിത് എന്നാലും എങ്ങനെ സാധിച്ചെട… പൈസ കുറെ ഇറക്കാന്ന് പറഞ്ഞു കാണുമല്ലേ കൊച്ചു കള്ളൻ.
പൈസ ഇറക്കാതെ കാര്യം നടക്കില്ലലോ? കുറെയിങ്ങനെ സമ്പാദിച്ചു കൂട്ടിയിട്ട് എന്തിനാ ഇതൊക്കെ അല്ലെ ഒരു രസം. ഒരു കള്ള ചിരിയോടെ ഞാൻ മറുപടി പറഞ്ഞു.
എന്നാലും നാലു പേരൊക്കെ കൂടുതലല്ലേ??? നമ്മൾ രണ്ടാളും മാത്രം മതിയായിരുന്നു.
അവന്റെ ആവശ്യം തികച്ചും ന്യായമാണെന്ന് എനിക്ക് തോന്നി. സാരമില്ല അവന്മാർകൂടി ഇരുന്നോട്ടെ ഒരു ബലത്തിന് അവരും ആശിച്ചു പോയതല്ലേ?
ഉം.. ഒന്ന് പെറ്റതാണെങ്കിലും ആരും കൊതിക്കുന്ന ഒരു ചരക്കാ അവള്… അവരെ പറഞ്ഞിട്ടും കാര്യമില്ല.
എങ്കിൽ ശരിയെടാ അടുത്തയാഴ്ച ഞാൻ പറഞ്ഞ സ്ഥലത്ത് വന്നാൽ മതി. ചിന്തകളാൽ അവൻ കൊട്ടാരം പണിത് തുടങ്ങിയപ്പോൾ ഞാൻ മെല്ലെ യാത്ര പറഞ്ഞിറങ്ങി.
പറഞ്ഞ സമയത്തിലും നേരത്തെ തന്നെ ജോജോ സ്ഥലത്തെത്തിയിരുന്നു. എന്നെ കണ്ടതും അവൻ ഉത്സാഹത്തോടെ അരികിലേക്ക് വന്നു.
അളിയാ സെറ്റപ്പ് കൊള്ളാലോ…. ചെറുത് ആണെങ്കിലും ഉഗ്രൻ ആയിട്ടുണ്ട്. ഇതാരുടെ വീടാ??
എന്റെ തന്നെ. ഒരിഷ്ടം തോന്നി ഞാൻ വാങ്ങിയതാ .
ആള്താമസം ഇല്ലാത്ത ഒരിടം നോക്കി എടുത്താൽ മതിയായിരുന്നു. ഇവിടെ ഇപ്പൊ സേഫ് ആണോ? സന്തോഷത്തിനിടയിലും അവൻ തെല്ലൊരു ഭയം പ്രകടിപ്പിച്ചു.
സേഫ് അല്ലെങ്കിൽ പിന്നെ ഞാൻ ഇതിനു മുൻകൈ എടുക്കുമോടാ…. നീ ടെൻഷൻ ആവാതെ…
അല്ലേടാ.. അവൾ എത്തിയില്ലേ ഇതുവരെ???
ഇപ്പോൾ വരും നീയൊന്നടങ്.. അവനെ അടക്കി നിർത്താൻ ഞാൻ നന്നേ പാട് പെട്ടു എന്ന് തന്നെ പറയാം.
അല്പസമയത്തിനകം നല്ല വൃത്തിയുള്ള ഒരു ചുവപ്പ് സാരിയുമുടുത്ത് കൈയിൽ കുഞ്ഞിനേയും പിടിച്ചു അവൾ എത്തി. ഇത്ര ഭംഗി അവൾക്കുണ്ടെന്ന് ഇപ്പോഴാണ് മനസിലാവുന്നത്.
അളിയാ അവളീ കൊച്ചിനേം കൊണ്ട് വന്നാലെങ്ങനാ അതിനെ ഇനി ആരു നോക്കും.
വീണ്ടും ഇടക്ക് കയറിയ അവനോട് ഞാൻ മിണ്ടല്ലേ എന്ന് ആംഗ്യം കാട്ടി.
അവളെ ഒരു കസേരയിൽ ആയി ഇരുത്തി ഞാൻ സുഹൃത്തുക്കൾക്ക് വേണ്ടി വെയിറ്റ് ചെയ്തു. അപ്പോഴും അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിലൂടെ ഓടിനടക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
അല്പസമയത്തിനകം അവർ എത്തി.
എങ്കിൽ പിന്നെ തുടങ്ങുവല്ലേ?
എല്ലാവരോടും ഞാൻ അനുവാദം വാങ്ങിയപ്പോൾ ജോജുവാണ് ആദ്യം ചാടി സമ്മതം മൂളിയത്.
പോക്കറ്റിൽ നിന്ന് ഒരു ചാവി എടുത്ത് ഞാൻ അവൾക്ക് നേരെ നീട്ടി. അല്പം ഭയത്തോടെ അവൾ എല്ലാവരെയും നോക്കിയശേഷം ഇരുകൈയും നീട്ടി അത് വാങ്ങിച്ചു.
ഇത് ഇനിമുതൽ നിന്റെ വീടാണ്.. ഇനി ആരെയും പേടിക്കാതെ നിനക്കിവിടെ സമാധാനമായി കഴിയാം. നിന്റെ കുഞ്ഞിനെ വളർത്താം. ആരും നിന്നെ ശല്യം ചെയ്യില്ല. ഞങ്ങളെയൊക്കെ സ്വന്തം സഹോദരന്മാരായി തന്നെ കണ്ടാൽ മതി.
അവളുടെ കവിളിൽ തട്ടി ഞാനത് പറഞ്ഞപ്പോൾ ആ കണ്ണിൽ നിന്നും ഒരിറ്റു ചുടുകണ്ണുനീർ എന്റെ കയ്യിൽ പതിച്ചിരുന്നു.
ഒന്നും മനസ്സിലാകാതെ വാ പൊളിച്ചിരുന്ന ജോജുവിനെ വിളിച്ചു കൊണ്ട് ഞാൻ അല്പം മാറിനിന്നു.
ജോജു….. അവൾ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല അവളുടെ ജീവിതം ഇങ്ങനെ ആയി തീർന്നത്. കുടിച്ച് ബോധമില്ലാതെ ഒരുത്തൻ അവളുടെമേൽ കാമം തീർത്തപ്പോൾ ഒന്ന് നിലവിളിക്കാൻ പോലുമാകാതെ പിടഞ്ഞിട്ടുണ്ടാകില്ലേ ആ പാവം….
പിന്നീട് അവൾ ആരോടെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ? ഏതോ ഒരുത്തന്റെ വിഴുപ്പ് എന്ന് നീ ആ കുഞ്ഞിനെ വിശേഷിപ്പിച്ചില്ലേ? അവൾക്ക് വേണമെങ്കിൽ ആ വിഴുപ്പിനെ വഴിയിൽ ഉപേക്ഷിക്കാമായിരുന്നു.
എന്തേ അവൾ അത് ചെയ്യാതിരുന്നത്? ഇന്ന് അവൾ അനുഭവിച്ചത് നാളെ ആ കുഞ്ഞ് അനുഭവിക്കാതെ ഇരിക്കാൻ, നീയടക്കമുള്ള കാമഭ്രാന്തൻമാരിൽ നിന്ന് ആ കുഞ്ഞിനെ മോചിപ്പിക്കാൻ.
എന്റെ വാക്കുകൾ ശരങ്ങൾ ആയി അവനുമേൽ തറയ്ക്കുന്നുണ്ടെന്ന് അവന്റെ മൗനത്തിൽ നിന്ന് തന്നെ എനിക്ക് വ്യക്തമായിരുന്നു.
എടാ… ഒരു പെണ്ണിന്റെ നിസ്സഹായ അവസ്ഥയെ ചൂഷണം ചെയ്യുന്നവനല്ല യഥാർത്ഥ ആണ് അവൾക്ക് തണൽ ആവുന്നവനാണ്.
ഇന്നവൾക്ക് വന്ന ഗതി നാളെ നമ്മുടെ പെങ്ങൾക്കോ മകൾക്കോ വരില്ലെന്ന് ഉറപ്പുണ്ടോ നിനക്ക്? അന്നും ഉണ്ടാവും പെണ്ണിന്റെ ശരീരത്തെ പിച്ചിച്ചീന്താൻ ഇതുപോലെ കുറെയെണ്ണം.
ഇനിയെങ്കിലും പഠിക്കെടാ ഒരു പെണ്ണ് തനിച്ചാകുമ്പോൾ അതൊരു അവസരമായി എടുക്കാൻ അല്ല അവളുടെ സംരക്ഷണം ഒരു കടമയായി ആക്കി മാറ്റാൻ.
പിന്നെ ഇനി മേലാൽ ഒരു പെണ്ണിന്റെ ശരീരത്തെ ചരക്ക് എന്നോ മുതൽ എന്നോ വിശേഷിപ്പിച്ചാൽ സുഹൃത്താണെന്നും നോക്കില്ല എന്റെ കൈയുടെ ചൂട് നീ അറിയും.
വാക്കുകൾ മുഴുമിപ്പിക്കും മുൻപ് അവൻ എന്നെ വട്ടം കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു.
അവളുടെ മുന്നിൽ കരഞ്ഞുകൊണ്ട് അവൻ മാപ്പ് ഏറ്റു പറയുമ്പോഴും നിറവാർന്ന കണ്ണുകളോടെ അവൾ എന്നെ ഒന്നു നോക്കി ഒരു പെങ്ങളുടെ അധികാരത്തോടെ …